ആബേലച്ചന്റെ കൊച്ചിന്‍ കലാഭവന്‍. പേരുപോലെത്തന്നെ സകലജനപ്രിയകലയുടെയും മലയാളത്തിലെ പ്രഭവകേന്ദ്രമായിരുന്നു കലാഭവന്‍. കെ.എസ് പ്രസാദും ലാലും സിദ്ധിക്കും എന്‍.എഫ് വര്‍ഗീസും ജയറാമും തുടങ്ങി അനേകമനേകം പ്രതിഭകള്‍മാറ്റുരച്ച വേദികള്‍, സ്‌കിറ്റുകള്‍, ഹാസ്യത്തിന്റെ ഉല്‍പ്പത്തികള്‍... പേരിനു മുന്നില്‍ ഡോക്ടറേറ്റുപോലെ കലാഭവന്‍ ചേര്‍ത്തുനിര്‍ത്തുന്നതില്‍ അഭിമാനം കൊണ്ട ഒരു തലമുറയുണ്ടായിരുന്നു. മിമിക്രിക്കാര്‍ക്ക് കലാഭവനിലേക്കും കലാഭവനിലുള്ളവര്‍ക്ക് സിനിമയിലേക്കുമുള്ള പാലം എക്കാലവും തുറന്നുകിടന്നു. കലാഭവനിലൂടെ തന്റെ കലാജീവിതമാരംഭിച്ച് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ താണ്ടിയ ജീവിതയാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍. പംക്തി 'കലാഭവന്‍ ഡയറീസ്' ആരംഭിക്കുന്നു.

To advertise here,

ലുവയില്‍നിന്നും പെരുമ്പാവൂര്‍ക്കുള്ള വഴിയിലാണ് പെരിയാറിനോടു ചേര്‍ന്നുള്ള തോട്ടുമുഖം എന്ന ഗ്രാമം. പെരിയാറിന്റെ തീരത്തുതന്നെയുള്ള പുരാതനമായ തറക്കണ്ടത്തില്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പലചരക്ക് ഹോള്‍സെയില്‍ വ്യാപാരിയായിരുന്ന വലിയ കോഴക്കാട്ട് അഹമ്മദിന്റെ മകന്‍ അബൂബക്കറായിരുന്നു വാപ്പ. വടക്കന്‍ പറവൂരില്‍ ചേന്ദമംഗലത്തെ അഞ്ചാംപരത്തി എന്ന പുരാതനകുടുംബത്തില്‍ ജനിച്ച കുഞ്ഞു ബിറാച്ചി എന്നു വിളിപ്പേരുള്ള കൊച്ചു റാബിയ ആയിരുന്നു ഉമ്മ. വാപ്പയ്ക്ക് റൈസ് മില്‍ ബിസിനസായിരുന്നു. അബൂബക്കറിന്റെയും കുഞ്ഞു ബിറാച്ചിയുടെയും അഞ്ചു മക്കളില്‍ ഇളയവനായി ആണ് മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ എന്നു വിളിപ്പേരിട്ട ഞാന്‍ ജനിച്ചത്. മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദ്, രണ്ടാമത്തെ ആള്‍ അബ്ദുള്ള ജീവിച്ചിരിപ്പില്ല, മൂന്നാമത്തെയാള്‍ സഹോദരി ഫാത്തിമ, നാലാമത്തെ സഹോദരി ഐഷയും ഇന്ന് ഞങ്ങളെവിട്ട് യാത്രയായിക്കഴിഞ്ഞിരിക്കുന്നു.

വീടിന്റെ തൊട്ടു മുമ്പിലുള്ള തോട്ടുമുഖം വൈ.എം.സി.എ. ക്യാമ്പ് സൈറ്റായിരുന്നു എന്റെയും കൂട്ടുകാരുടെയും കുട്ടിക്കാലത്തെ മറ്റൊരു വിഹാരകേന്ദ്രം. രണ്ട് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന ക്യാമ്പ് സൈറ്റില്‍ എത്തി അവിടെ ലഭിച്ച സ്വാതന്ത്ര്യം ആവോളം ഞങ്ങള്‍ ആസ്വദിച്ചിരുന്നു. വൈ.എം.സി.എയുടെ ക്യാമ്പസിന്റെ പിന്നിലായി ഒഴുകുന്ന പെരിയാര്‍ പുഴയിലിറങ്ങി കുളിക്കുന്നതും അന്നത്തെ പ്രധാന വിനോദമായിരുന്നു. അക്കാലത്ത് വൈ.എം.സി.എ.യില്‍ ബാലജനസഖ്യത്തിന്റെ പരിപാടികള്‍ സംഘടിക്കപ്പെട്ടിരുന്നു. പക്കാര്‍ സാഹിബ് രക്ഷാധികാരിയായിരുന്ന ആ കൂട്ടായ്മകളില്‍ ഞാനും സജീവമായി പങ്കെടുത്തിരുന്നു. മുരളി, രാമചന്ദ്രന്‍, റോയി, പേള്‍, കരീം, കുഞ്ഞുമോന്‍, ഇസ്മയില്‍ കുട്ടി തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ കളിക്കൂട്ടുകാരായിരുന്നു. വൈ.എം.സി.എയുടെ ക്യാമ്പില്‍ ഒരുപാട് നാടകങ്ങളുടെ റിഹേഴ്സലുകള്‍ നടക്കാറുണ്ടായിരുന്നു. അവിടെ നടന്ന പി.ജെ. ആന്റണി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നു.

ഒന്നു മുതല്‍ മൂന്നു വരെ തുടര്‍ച്ചായി മൂന്നു വര്‍ഷം അദ്ധ്യാപകനെ വീട്ടില്‍ വരുത്തിയാണ് വാപ്പ എന്നെ പഠിപ്പിച്ചത്. തന്റെ നേരിട്ടുള്ള കരുതലും ശ്രദ്ധയും ലഭിക്കണമെന്ന ചിന്തയിലാകണം വാപ്പ അങ്ങനെ ഒരു ഗൃഹവിദ്യാഭ്യാസരീതി നടപ്പിലാക്കിയതെന്ന് തോന്നിയിരുന്നു. 

അതിനുശേഷം തറവാടുവീട്ടില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള കുട്ടമശ്ശേരി യു.പി. സ്‌കൂളില്‍ നാലാം ക്ലാസില്‍ വാപ്പ തന്നെ കൊണ്ടുപോയി ചേര്‍ത്തു. ഇന്നത് കുട്ടമശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പഠനത്തിലും മുന്നിലായിരുന്നു. യു.പി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എട്ടാം ക്ലാസ് മുതല്‍ ആലുവ സെന്റ് മേരീസ് സ്‌കൂളിലാണ് പഠിച്ചത്. ആലുവയിലെ ഏറ്റവും പഴക്കമുള്ള സെന്റ് മേരീസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ പഠനം ഉഴപ്പും കളിയുമൊക്കെ ഇടകലര്‍ന്ന കാലമായിരുന്നു. വാപ്പയുടെ നേരിട്ടുള്ള നിയന്ത്രണങ്ങളില്‍നിന്ന് ഒരയവ് വന്നതിന്റെയാകാം അക്കാലം അങ്ങനെ കടന്നുപോയത്.

യു.സി. കോളേജില്‍ പഠനം ആരംഭിച്ചുകഴിഞ്ഞാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് കോളേജിലെ പ്രധാന കലാകാരന്മാരായ, നാടകാഭിനയത്തില്‍ തിളങ്ങിനിന്നിരുന്ന സത്താര്‍ (നടന്‍ സത്താര്‍) എം.എ. ഹിസ്റ്ററി ഫൈനല്‍ വിദ്യാര്‍ത്ഥിയും സൈനുദ്ദീന്‍ ബി.എ. ഇക്കണോമിക്സ് ഒന്നാം വര്‍ഷവും മിമിക്രിയില്‍ സ്റ്റാറായിരുന്ന സി.പി. പ്രതാപന്‍ ബി.എ. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു. അന്നൊക്കെ സി.പി. പ്രതാപന്‍ പല സിനിമാനടന്മാരുടെയും ശബ്ദം അസ്സലായി അവതരിപ്പിക്കുന്നതു കണ്ട് അദ്ഭുതംകൂറി നോക്കിനിന്നിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ പ്രതാപന്റെ ആരാധകനായി മാറിയിരുന്നു.

ഒരിക്കല്‍ കോളേജ് ആര്‍ട്സ് ഫെസ്റ്റിവലിന്റെ സമയത്ത് പ്രതാപന്‍ എന്നെ തിരഞ്ഞെത്തി.

'നമ്മള് ഒരു നാടകം ചെയ്യുന്നുണ്ട്. അതിലൊരു നക്സലൈറ്റിന്റെ വേഷമുണ്ട്. ആളെ കിട്ടിയിട്ടില്ല. നിനക്കതു ചെയ്യാമോ?'

പ്രതാപന്റെ ചോദ്യത്തിനു 'ചെയ്യാം' എന്ന് ധൈര്യത്തോടെ ഒറ്റയടിക്ക് മറുപടി നല്‍കി. എനിക്കാണെങ്കില്‍ അഭിനയവുമായി അന്നുവരെ ഒരു ബന്ധവുമില്ല. പക്ഷേ, എവിടുന്നോ ലഭിച്ച ഒരു ധൈര്യത്തിന്റെ പുറത്താണ് എടുത്തുചാടി അനുകൂല മറുപടി നല്‍കിയത്. പക്ഷേ, പിന്നീടാ എടുത്തുചാട്ടം കലാജീവിതത്തിലെ ആദ്യ ഏണിപ്പടിയായിമാറി എന്നത് കാലം തെളിയിച്ച ചരിത്രം.

മഹാരാജാസ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ച ഭരതന്‍ സാര്‍ രചിച്ച നാടകത്തിന്റെ പേര് 'ഡബ്രയുടെ പ്രേതം' എന്നായിരുന്നു.
അങ്ങനെ പ്രതാപനൊപ്പം നക്സലൈറ്റ് കഥാപാത്രമായി അഭിനയിച്ച ആ നാടകത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത് സൈനുദ്ദീനായിരുന്നു. സൈനുവുമായുള്ള ഗാഢബന്ധം ആരംഭിച്ചതും ആ സ്റ്റേജില്‍നിന്നാണ്. അന്ന് യു.സി. കോളേജില്‍ പഠിപ്പിച്ചിരുന്ന പോള്‍ സുന്ദര്‍ സാറും എന്‍.സി. ചാക്കോ സാറും കലാരംഗത്ത് എനിക്കു നല്‍കിയ പ്രോത്സാഹനം മറക്കാന്‍ കഴിയില്ല. നിനക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിക്കും എന്നു പറഞ്ഞ് ആത്മവിശ്വാസം നല്‍കിയ പോള്‍ സുന്ദര്‍ സാര്‍, നാടകം കണ്ടുകഴിഞ്ഞ് കൊള്ളാം നന്നായിട്ടുണ്ടെന്നും അഭിപ്രായം പറഞ്ഞു. പിന്നീട് കലാരംഗത്തു പിടിച്ചുനില്‍ക്കാന്‍ പ്രചോദനമായതും ആ വാക്കുകളായിരുന്നു. ആ പ്രകടനത്തെ തുടര്‍ന്ന് സമുച്ചയം, സര്‍പ്പക്ഷേത്രം തുടങ്ങിയ നിരവധി നാടകങ്ങളില്‍ വേഷമിട്ടു.

പ്രീഡിഗ്രിക്കു ശേഷം ബിരുദപഠനത്തിന് എറണാകുളം മഹാരാജാസില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും യു.സി. കോളേജ് തന്നെയാണ് തിരഞ്ഞെടുത്തത്. ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിനാണ് അഡ്മിഷന്‍ ലഭിച്ചതെങ്കിലും, ബി.എ. ഹിസ്റ്ററിയിലേക്ക് മാറ്റം വാങ്ങിച്ചിരുന്നു. അന്ന് രാഷ്ട്രീയപ്രവര്‍ത്തനവും അഭിനയവും മിമിക്രിയും പിന്നെ അല്ലറചില്ലറ അടിപിടി, പ്രേമം, പെണ്‍കുട്ടികളുമായി പ്രണയസല്ലാപങ്ങള്‍ തുടങ്ങിയ ക്രിയകള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വന്നിരുന്നതിനാല്‍ ക്ലാസില്‍ കയറാന്‍ സമയം കിട്ടാറില്ലായിരുന്നു. ഹിസ്റ്ററി എടുത്താല്‍ അവസാനം പരീക്ഷസമയത്ത് പഠിച്ചാല്‍ മതിയല്ലോ എന്നു കരുതിയാണ് ആ കോഴ്സ് തിരഞ്ഞെടുത്തത്. ആ സമയത്ത് പ്രതാപന്റെ മിമിക്രിയില്‍ ആകൃഷ്ടനായി ഞാനും നടന്മാരെയൊക്കെ അനുകരിച്ചുകാട്ടി കൈയടി വാങ്ങിത്തുടങ്ങിയിരുന്നു.

ബി.എ. അവസാനവര്‍ഷം പഠിക്കുമ്പോഴാണ് കാര്‍ത്തികേയന്‍ പടിയത്ത് എഴുതിയ പ്രശസ്ത നാടകമായ ശാന്തിപര്‍വ്വം ഞങ്ങള്‍ അവതരിപ്പിക്കുന്നത്. പി.ആര്‍. രവി, ജയരാജ്, വിജു, അലോഷ്യസ്, ഞാനുമടക്കം അഞ്ചു പേരായിരുന്നു ആ നാടകത്തിലെ അഭിനേതാക്കളായി വന്നത്. കേരളത്തിലെ ഒട്ടുമിക്ക ഇന്റര്‍ കോളജ് മത്സരങ്ങളിലും പങ്കെടുത്ത് ശാന്തിപര്‍വ്വം ഒന്നാം സമ്മാനം നേടിയിരുന്നു. അക്കാലത്ത് മിക്കവാറും മത്സരങ്ങളില്‍ രണ്ടാം സ്ഥാനം മുകേഷി (നടന്‍ മുകേഷ്) ന്റെ നേതൃത്വത്തില്‍ കൊല്ലം എസ്.എന്‍. കോളേജ് അവതരിപ്പിച്ച ശവംതീനികള്‍ എന്ന നാടകത്തിനായിരുന്നു ലഭിച്ചിരുന്നത്. പല മത്സരങ്ങളിലും ശാന്തിപര്‍വ്വത്തിലെ അഭിനയത്തിന് എനിക്കു മികച്ച നടനുള്ള അംഗീകാരങ്ങളും ലഭിച്ചു. അതേ വര്‍ഷം തന്നെ ടി.എം. എബ്രഹാം എഴുതിയ പെരുന്തച്ചന്‍ എന്ന നാടകം ആലുവ യു.സി. കോളേജിനുവേണ്ടി ഞങ്ങള്‍ അവതരിപ്പിച്ച്, കേരള യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ രണ്ടാം സമ്മാനം ലഭിച്ചിരുന്നു. അന്ന് പി. ബാലചന്ദ്രന്‍ എഴുതിയ മകുടി എന്ന നാടകാവതരണത്തിന് ശാസ്താംകോട്ട ഡി.ബി. കോളേജിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ആ നാടകത്തിലെ അഭിനയത്തിന് അഹമ്മദ് മുസ്ലിമിന് മികച്ച നടനുള്ള പുരസ്‌കാരവും നേടാനായി.

1979ല്‍ ഫൈനല്‍ ഇയര്‍ ബി.എയ്ക്ക് പഠിക്കുമ്പോഴാണ് ആലുവ യു.സി. കോളേജിനെ പ്രതിനിധീകരിച്ച് കേരള യൂണിവേഴ്സിറ്റിയിലെ മിമിക്രി മത്സരത്തില്‍ പങ്കെടുക്കുന്നത്. കോട്ടയം തിരുനക്കര മൈതാനിയിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. സിദ്ദിഖ്, മുകേഷ്, കെ.എസ്. പ്രസാദ് തുടങ്ങിയവരും മത്സരിച്ചിരുന്നു. അന്ന് മിമിക്രി അവതരണത്തിനു ലഭിച്ച സമ്മാനമാണ് പിന്നീട് കലാഭവനിലേക്കു വഴിതുറന്നത്.

ഈ സാഹചര്യങ്ങള്‍ക്കിടയിലും ആദ്യതവണതന്നെ ബി.എ. ഹിസ്റ്ററി പാസായി. എന്തുകൊണ്ടും യു.സി. കോളേജിലെ പഠനകാലം എന്നെ സംബന്ധിച്ച് ഇന്നും നല്ല ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന പൂമരക്കാടാണ്. ആര്‍ട്സ് ഫെസ്റ്റിവല്‍, കോളേജ് ഡേ, മനോരമ ട്രോഫിക്കുവേണ്ടിയുള്ള ബാസ്‌കറ്റ് ബോള്‍ മത്സര ദിവസങ്ങള്‍ ഇവ വരാനായി കാത്തുകാത്തിരുന്ന് പ്രോഗ്രാം അവതരിപ്പിച്ചുകഴിഞ്ഞ് ലഭിക്കുന്ന കൈയടിയും അഭിനന്ദനങ്ങളും മറക്കാന്‍ കഴിയില്ല.
യു.സി. കോളേജില്‍ ഒപ്പം പഠിക്കുകയും കലാമേഖലയില്‍ പിന്തുണയ്ക്കുകയും ചെയ്ത ഒട്ടേറെ സുഹൃത്തുക്കളുണ്ട്. നല്ല ഗായകനായിരുന്ന ശ്രീകുമാറും കോളേജ് കാലം കഴിഞ്ഞും ഒപ്പമുണ്ടായിരുന്ന ജിന്നിയും ഇന്നു ജീവിച്ചിരിപ്പില്ല. യു.സിയിലെ പച്ചമരത്തണലില്‍ നിരന്തരം വെടിവട്ടവും സൗഹൃദക്കൂട്ടായ്മകളുമായി ഒത്തുചേര്‍ന്നിരുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നാടകത്തില്‍ കൂടെ അഭിനയിച്ച വിജു എസ്. ജോര്‍ജ്, പി.ആര്‍. രവി, അലോഷ്യസ്, എന്നിവരും ഗായകനായ അജിത്ത്, അഡ്വ. ശാസ്തമംഗലം അജിത്ത്, കെ.എന്‍. ഷാജി, പട്ടാളം വേണു, വേണു വി. ദേശം, രമണന്‍ മേനോന്‍, ചാക്കോ ഈപ്പന്‍, ബിജു ഐസക്, വെടിമറ സലീം, ഗായികയായ ഷീല, ലത ജോര്‍ജ്, വത്സ വര്‍ഗീസ്, ലളിത, ഹോക്കി പ്ലെയറായിരുന്ന റാണി, ജോമിനി, സോമ തുടങ്ങിയവരുമായി ഇന്നും സൗഹൃദം സൂക്ഷിക്കുന്നുണ്ട്.

യു.സി. കോളേജിലെ ഒന്നരവര്‍ഷത്തെ ബിരുദപഠനത്തിനുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് എറണാകുളം മഹാരാജാസ് കോളേജിലേക്ക് തുടര്‍പഠനത്തിനായി പോയപ്പോഴും ഞങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായി തുടര്‍ന്നു. സമയം ലഭിക്കുമ്പോഴെല്ലാം മഹാരാജാസിലെത്തി ബാലനുമായുള്ള സൗഹൃദം ആഘോഷിച്ചിരുന്നു. ബാലനും വിജയലക്ഷ്മിയുമായുള്ള പ്രണയം കൊടുമ്പിരികൊണ്ടു നില്ക്കുന്ന സമയമാണത്. വിജയലക്ഷ്മി അയച്ചിരുന്ന പ്രണയാതുരമായ കത്തുകളില്‍ ചിലത് വായിക്കാനിടയായിട്ടുണ്ട്. കവിതയുടെ പ്രണയാത്മാക്കളായ ഇണക്കുരുവികളുടെ കത്തുകളിലെ വരികളില്‍ നിറയെ ആത്മാര്‍ത്ഥസ്നേഹത്തിന്റെ ഉറവ വായിച്ചെടുക്കാമായിരുന്നു.

ആലുവ യു.സി. കോളേജില്‍ ബിരുദപഠനം പൂര്‍ത്തീകരിച്ചതിനുശേഷം എം.എ. സോഷ്യോളജി പഠിക്കാനായി രവിപുരത്തുള്ള യുവഭാരത് കോളേജില്‍ ചേര്‍ന്നു. പഠനത്തോടൊപ്പം സ്ഥിരം കലാപരിപാടികളായ മിമിക്രി, നാടകാഭിനയവുമൊക്കെയായി നാട്ടിലെ സ്റ്റേജുകളിലും സജീവമായിരുന്നു. യു.സി. കോളേജില്‍നിന്ന് ഇറങ്ങിയതിന്റെ ഒരു വിഷമം മനസ്സില്‍ എവിടെയോ തങ്ങിനില്‍പ്പുണ്ടായിരുന്നെങ്കിലും കലാപ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തട്ടകത്തില്‍ എത്തിപ്പെടണമെന്ന അതിയായ ആഗ്രഹം മനസ്സിനുള്ളില്‍ വേരൂന്നിയിരുന്നു.

രവിപുരത്തെ കോളേജില്‍ എം.എയ്ക്ക് അവസാനവര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം യാദൃച്ഛികമായി എറണാകുളം എം.ജി. റോഡില്‍ വെച്ച് കെ.എസ്. പ്രസാദിനെ കണ്ടുമുട്ടി. മിമിക്രി, മോണോ ആക്ട് വേദികളില്‍ പരസ്പരം മത്സരിക്കുകയും, കണ്ടുമുട്ടുകയും ചെയ്തിട്ടുള്ള പ്രസാദിനെ എനിക്കു നേരത്തേതന്നെ അറിയാമായിരുന്നു.
കണ്ടപാടെ പ്രസാദ് എന്നോടു ചോദിച്ചു:
'ഇപ്പോള്‍ എന്താ പരിപാടി?'
'എം.ഏയ്ക്ക് പഠിച്ചോണ്ടിരിക്കുന്നു.'
മറുപടി കേട്ട് ഒന്നാലോചിച്ച് പ്രസാദ് എന്റെ തോളത്തു കൈവെച്ച് ചോദിച്ചു: 'അങ്ങനെയാണെങ്കില്‍ റഹ്‌മാന് കലാഭവന്‍ വരെ വരാമോ? ഒരു പ്രോഗ്രാം പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണലായിത്തന്നെ ചെയ്യാനാണ്.'

കലാഭവനെക്കുറിച്ച് ധാരാളം കേട്ടിരുന്ന എനിക്ക് 'ഞാന്‍ വരാം,' എന്നു മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പിറ്റേ ദിവസം രാവിലെതന്നെ എത്തണമെന്നു നിര്‍ദ്ദേശിച്ച് പ്രസാദ് പോയി.

പിറ്റേ ദിവസം കൃത്യസമയത്തുതന്നെ എത്താനായി കലാഭവനിലേക്കു പുറപ്പെട്ടു. ആദ്യത്തെ കലാഭവന്‍ യാത്ര! ബസ്സിറങ്ങി നോര്‍ത്ത് ടൗണ്‍ ഹാളിന്റെ വശത്തുകൂടിയുള്ള വഴിയിലൂടെ (ഇന്നത് കലാഭവന്‍ റോഡ് എന്നാണ് അറിയപ്പെടുന്നത്) വലിയൊരു കലാസാംസ്‌കാരിക കേന്ദ്രത്തിലേക്കു നടന്നടുക്കുന്നതിന്റെ ആഹ്ലാദവും ഒപ്പം അല്‍പ്പം ടെന്‍ഷനും എനിക്കുണ്ടായിരുന്നു. കുറച്ചകലെ കലാഭവന്റെ നാലുനില കെട്ടിടം കണ്ടുതുടങ്ങി. വ്യത്യസ്ത വാദ്യോപകരണങ്ങളുടെ ഇമ്പമേറിയ ശബ്ദങ്ങള്‍ കാതില്‍ പതിച്ചുതുടങ്ങി. ഹാര്‍മോണിയം, വയലിന്‍, വീണ, തബല തുടങ്ങിയ സംഗീത വാദ്യോപകരണങ്ങളുടെ ശബ്ദം കേട്ടുകൊണ്ടുതന്നെ ഞാന്‍ കലാഭവന്റെ തുറന്നുകിടന്ന മുറ്റത്തേക്ക് നടന്നുകയറി. കെ.എസ്. പ്രസാദ് മുന്‍വശത്തുതന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. സിദ്ദിഖും അവിടെതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ വെച്ചുതന്നെ സിദ്ദിഖിനെ കണ്ടു പരിചയമുണ്ട്. അവിടെയുണ്ടായിരുന്ന അന്‍സാറിനെയും നേരത്തേതന്നെ അറിയാമായിരുന്നു. അന്‍സാര്‍ എന്നെയും കൂട്ടി അവിടെ നിന്ന മറ്റു രണ്ടുപേരുടെ അടുത്തെത്തി പരിചയപ്പെടുത്തി. അത് ലാലും വര്‍ക്കിച്ചന്‍ പേട്ടയുമായിരുന്നു. കലാഭവന്റെ മുറ്റത്തു കണ്ടുമുട്ടിയ ആ അഞ്ചുപേര്‍ക്കൊപ്പം വലിയൊരു കലായാത്രയിലെ സന്തതസഹചാരിയായി മാറുമെന്ന് സ്വപ്നത്തില്‍പോലും അന്നു കരുതിയില്ല.

അല്‍പ്പസമയം കഴിഞ്ഞ് ആബേലച്ചന്റെ മുറിയിലേക്ക് ഞങ്ങളെ വിളിച്ചു. അന്നാണ് ആദ്യമായി നേരില്‍ ആബേലച്ചനെ കാണുന്നത്. ആലുവ യു.സി. കോളേജില്‍ പഠിച്ചതാണെന്നും കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മിമിക്രിയില്‍ സമ്മാനം ലഭിച്ച ആളാണെന്നും പ്രസാദ് എന്നെ അച്ചനു പരിചയപ്പെടുത്തി.

എല്ലാവരെയും വിശദമായി പരിചയപ്പെട്ടുകഴിഞ്ഞ അച്ചന്‍ ഞങ്ങളെ വിളിച്ചുവരുത്തിയതെന്തിനാണെന്ന് വിശദീകരിച്ചു. 
'ഒരു പ്രൊഫഷണല്‍ ചിരി പരിപാടിക്ക് കലാഭവന്‍ രൂപം കൊടുക്കുകയാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമിനായി യൂണിവേഴ്സിറ്റി വിന്നര്‍മാരെയാണ് വേണ്ടത്.'
എല്ലാവരെയും ആബേലച്ചന്‍ തന്റെ കട്ടിഫ്രയിമുള്ള കണ്ണടയിലൂടെ സൂക്ഷിച്ചുനോക്കി.
'താല്‍പ്പര്യമുണ്ടോ..?'
താല്‍പ്പര്യമുണ്ട് എന്നു ഞങ്ങള്‍ ആറുപേരും തലയാട്ടിയതു കണ്ട് മുഖത്തു ചിരി വിരിഞ്ഞെങ്കിലും അച്ചന്‍ പെട്ടെന്നുതന്നെ ഗൗരവഭാവത്തിലേക്കു തിരിച്ചെത്തി നിന്നു.
ഏതായാലും ആ സമ്മതം പറച്ചിലിലൂടെ ഞാനും കലാഭവന്റെ ഭാഗമായി മാറി.

പിന്നെ പ്രസാദിനൊപ്പം കലാഭവന്റെ വലിയ കെട്ടിടത്തിലെ ഓരോ മുറികളും നടന്നു കണ്ടു. പല നിലകളിലായുള്ള മുറികള്‍ കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് തിരിച്ചിട്ടുണ്ടായിരുന്നു. ഓരോ മുറികളിലും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സംഗീത ഉപകരണങ്ങളുടെ ക്ലാസുകള്‍ എടുക്കുന്ന കാഴ്ചയും കൗതുകത്തോടെ കണ്ടു. ലാലിന്റെ പിതാവ് പോള്‍ മാഷ് കലാഭവനിലെ തബല പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു.

ഏറ്റവും മുകള്‍ നിലയിലെ കലാഭവന്റെ ഓഡിറ്റോറിയവും റിക്കാര്‍ഡിങ് സ്റ്റുഡിയോയും കണ്ട് അദ്ഭുതത്തോടെ നിന്നു. മനസ്സില്‍ വലിയ സന്തോഷം തോന്നി. അന്ന് ബാക്കി അഞ്ചുപേരോടൊപ്പം കലാഭവന്റെ കോംപൗണ്ടിനുള്ളില്‍ കുറെ സമയം ചെലവിട്ടു. അന്നവിടെ ആബേലച്ചനൊപ്പം കലാഭവന്റെ സെക്രട്ടറിയായിരുന്ന അഡ്വ. കെ.വി. പ്രകാശും ഉണ്ടായിരുന്നു. 

പിറ്റേന്നു മുതല്‍ കൃത്യസമയത്തുതന്നെ ഞങ്ങള്‍ ആറുപേരും കലാഭവനിലെത്താന്‍ തുടങ്ങി. അവിടെ വെച്ച് കോമഡി സ്‌കിറ്റുകള്‍ ചര്‍ച്ച ചെയ്യുകയും അവയുടെ റിഹേഴ്സലുകള്‍ നിരന്തരം നടത്തുകയും ചെയ്തു. എല്ലാത്തിനും ആബേലച്ചന്റെ നിരന്തര ഇടപെടലുകളും നേതൃത്വവും ഉണ്ടായിരുന്നു. ആബേലച്ചനുമായി കൂടുതല്‍ സംസാരിക്കുകയും അതുവഴി ഞങ്ങളെല്ലാവരും അദ്ദേഹവുമായി മാനസ്സിക അടുപ്പത്തിലുമായി. ഞാനും അന്‍സാറും കെ.എസ്. പ്രസാദും വര്‍ക്കിച്ചന്‍ പേട്ടയും സിദ്ദിഖും ലാലും തമ്മിലുള്ള സൗഹൃദവും ഒപ്പം വളര്‍ന്നു. ഞങ്ങള്‍ ആറുപേരും നല്ല മാനസിക ഐക്യത്തില്‍തന്നെ, റിഹേഴ്സല്‍ സമയത്തെ ചെറിയ തെറ്റുകള്‍ പോലും മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ മിമിക്സ് പരേഡ് ടീം ഏതാണ്ട് ട്രാക്കിലായെന്നു ബോദ്ധ്യപ്പെട്ട ആബേലച്ചന്‍ അടുത്ത സെപ്റ്റംബര്‍ മാസം ആദ്യം അവതരണം നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ ലൈറ്റ് ആന്‍ഡ് സൗണ്ട് ക്രമീകരണങ്ങളും പരിപാടിക്കായുള്ള പ്രോപ്പര്‍ട്ടികളും സംഘടിപ്പിച്ചു.

കലാഭവന്‍ മിമിക്സ് പരേഡിന്റെ ആദ്യ പോസ്റ്റര്‍ അച്ചടിക്കുവാനായി എന്തെങ്കിലും വ്യത്യസ്തത വേണമെന്നുളള ചിന്തയില്‍ അന്ന് വളരെ അമൂല്യമായി കണ്ടിരുന്ന റൂഫ് ഓപ്പണ്‍ കാര്‍ അന്വേഷിച്ച് എല്ലാവരും ഇറങ്ങി. ഞാന്‍ ആലുവയില്‍നിന്ന് ഡോ. തരകന്റെ വീട്ടില്‍ ചെന്ന് കാര്യം അവതരിപ്പിച്ചു. സന്തോഷത്തോടെ അദ്ദേഹം കാര്‍ വിട്ടുനല്‍കി. 

1981 ഓഗസ്റ്റ് 15. എറണാകുളം ടി.ഡി.എം. ഹാളിന്റെ പുറകുവശത്തുള്ള വിമന്‍സ് ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കലാഭവന്റെ മിമിക്സ് പരേഡ് ഞങ്ങള്‍ ആദ്യമായി അവതരിപ്പിച്ചു.

ഇത്തരത്തിലൊരു ലൈവ് ഹാസ്യപരിപാടി കേരളത്തില്‍ ഇതാദ്യമായിരുന്നു. എത്തിച്ചേര്‍ന്ന അതിഥികള്‍ക്ക് പ്രോഗ്രാം നന്നായി ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആബേലച്ചനും ഞങ്ങള്‍ക്കും ആശ്വസമായി. ഈ പ്രോഗ്രാമില്‍ വന്ന ടൈമിങ് പിഴവുകളും അവതരണപ്രശ്നങ്ങളും ഞങ്ങള്‍ കൂട്ടായിത്തന്നെ പിന്നീട് നടന്ന റിഹേഴ്സലുകളില്‍ പരിഹരിച്ചെടുത്തു.

ഒരു മാസം കഴിഞ്ഞ് 1981 സെപ്റ്റംബര്‍ 21ന് വൈകിട്ട് 6.30ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു കലാഭവന്റെ 'മിമിക്സ് പരേഡ്' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്വന്തമായി കൊണ്ടുവന്ന കറുത്ത പാന്റ്സും കലാഭവന്‍ നല്‍കിയ കാവി നിറമുള്ള ജൂബയും അണിഞ്ഞായിരുന്നു ആദ്യ പ്രോഗ്രാമിനായി ഞങ്ങള്‍ അണിനിരന്നത്. ആ പരിപാടി കാണാന്‍ പല പ്രശസ്തരും ഫൈന്‍ ആര്‍ട്സ് ഹാളില്‍ എത്തിച്ചേര്‍ന്നിരുന്നു. രണ്ടു മണിക്കൂറും നിറഞ്ഞ സദസ്സില്‍നിന്ന് ഒന്നിച്ചുയര്‍ന്ന ചിരി അലയൊലികളുടെയും കൈയടികളുടെയും മുന്നില്‍ കണ്ണും മെയ്യും മറന്ന് യുവാക്കളായ ഞങ്ങള്‍ ആറുപേരും പരേഡിന്റെ അരങ്ങുതകര്‍ത്ത് വാണു എന്നു പറയാം. മിമിക്സ് പരേഡ് വന്‍ വിജയമായതോടെ ആബേലച്ചനും ഞങ്ങളും വലിയ ആഹ്ലാദത്തിലായി.

placeholder
കലാഭവന്‍ റഹ്‌മാന്‍, ആബേലച്ചന്‍

എറണാകുളത്ത് അന്ന് ഷേണായീസ് തിയേറ്ററിനടുത്ത് പ്രശസ്തമായ റെഡിമെയ്ഡ് വസ്ത്രസ്ഥാപനമായിരുന്ന 'സുനൈന' ഞങ്ങള്‍ ആറുപേര്‍ക്കും പുതുവസ്ത്രം സമ്മാനമായി എത്തിച്ചിരുന്നു. അന്നവിടെ വിശിഷ്ടാതിഥികളായി പ്രശസ്ത നടന്‍ ശ്രീനിവാസനും ആയിടെ ഇറങ്ങിയ എം.ടി. വാസുദേവന്‍ നായര്‍ എഴുതി ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'മേള' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ മുഹമ്മദ് കുട്ടിയും (മമ്മൂട്ടി) എത്തിച്ചേര്‍ന്നിരുന്നു. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഞങ്ങള്‍ ആറുപേര്‍ക്കും ആ വസ്ത്രങ്ങള്‍ സമ്മാനിച്ചത്. അതും മറക്കാനാവാത്ത അനുഭവമായി ഇന്നും ചങ്കില്‍ നിറഞ്ഞിരിപ്പുണ്ട്.

അന്ന് മിമിക്സ് പരേഡിന്റെ ഉദ്ഘാടന പ്രോഗ്രാം കാണാനായി ഫൈന്‍ ആര്‍ട്സ് ഹാളില്‍ എത്തിയ ടി.കെ. രാജീവ്കുമാര്‍ (സംവിധായകന്‍ രാജീവ്കുമാര്‍), തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഇതേ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളെ ബുക്ക് ചെയ്തു. തിരുവനന്തപുരത്തു നടന്ന ആ പരിപാടിയും വന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരന്തരം പ്രോഗ്രാമുകളുടെ പ്രളയമായിരുന്നു.

കലാഭവന്റെ 'മിമിക്സ് പരേഡ്' ഹിറ്റായി മാറിയപ്പോള്‍ അവതരിപ്പിച്ച കലാകാരന്മാരും മലയാളികള്‍ക്കിടയില്‍ പെട്ടെന്നുതന്നെ പ്രിയങ്കരരായി മാറി.
ഞങ്ങള്‍ ആറുപേരും സൗണ്ട് ഓപ്പറേറ്റര്‍ വര്‍ഗീസ് ചേട്ടനും വെളിച്ച സംവിധാനമൊരുക്കിയിരുന്ന ശൈലനും കലാഭവന്റെ മറ്റഡോര്‍ ടെംപോയില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ സഞ്ചരിച്ച് മിമിക്സ് പരേഡ് അവതരിപ്പിച്ചുതുടങ്ങി.

അക്കാലത്ത് കേരളത്തിലെമ്പാടും ഫൈന്‍ ആര്‍ട്സ് സൊസൈറ്റികള്‍ (FAS) മികച്ച പ്രവര്‍ത്തനംകൊണ്ട് ശ്രദ്ധനേടിയിരുന്നു. ആബേലച്ചനാണെങ്കില്‍ കലാരംഗത്ത് നല്ല ബന്ധമുള്ള വ്യക്തിയായിരുന്നു. ആ ബന്ധങ്ങള്‍ വെച്ചുതന്നെ കേരളത്തിലെ ഒട്ടുമിക്ക കലാസാംസ്‌കാരിക സമിതികളിലും ക്രൈസ്തവദേവാലയ പെരുന്നാളുകളിലും, ഹൈന്ദവക്ഷേത്ര ഉത്സവങ്ങളിലും മിമിക്സ് പരേഡ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. അന്ന് ഞങ്ങളോടൊപ്പമുള്ള ഗാനമേളയിലെ കലാകാരന്മാര്‍ക്കുപോലും അസൂയ ജനിപ്പിക്കും വിധമായിരുന്നു കലാഭവന്റെ മിമിക്സ് പരേഡിന്റെ അദ്ഭുതകരമായ പ്രകടനം.

കലാഭവന്റെ മിമിക്സ് പരേഡ് ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ ആറു പേരായിരുന്നല്ലോ ഉണ്ടായിരുന്നത്. മിമിക്രിയിലും മോണോ ആക്ടിലും കേരളത്തിലെ വ്യത്യസ്ത യൂണിവേഴ്സിറ്റിമത്സരങ്ങളില്‍ അംഗീകാരം നേടിയവരായിരിക്കണം മിമിക്സ് പരേഡില്‍ പങ്കെടുക്കേണ്ടതെന്ന് ആബേലച്ചനും കലാഭവന്‍ സെക്രട്ടറിയായ അഡ്വ. കെ.വി. പ്രകാശിനും നിര്‍ബ്ബന്ധമുണ്ടായിരുന്നു.

തൃക്കാക്കര ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മിമിക്രിയില്‍ സര്‍വ്വകലാശാല അംഗീകാരം നേടിയിട്ടുള്ള ആളായിരുന്നു വര്‍ക്കിച്ചന്‍ പേട്ട. അദ്ദേഹം കലാഭവന്‍ വിട്ടുപോയപ്പോള്‍ പകരമെത്തിയ എന്‍.എഫ്. വര്‍ഗീസും സൈനുദ്ദീനും ഞാനും ആലുവ യു.സി. കോളേജ് പഠനകാലത്ത് സര്‍വ്വകലാശാല മത്സരങ്ങളില്‍ മിമിക്രിക്കും മോണോ ആക്ടിനും സമ്മാനം നേടിയവരായിരുന്നു. കെ.എസ്. പ്രസാദും അന്‍സാറും സിദ്ദിഖും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികളായിരിക്കെ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പുരസ്‌കാരം വാങ്ങിയവരാണ്.

ഇങ്ങനെ പല കോളേജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഞങ്ങള്‍ തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നുവെങ്കിലും ഒറ്റ വേദിയില്‍ ഒത്തുചേരുന്നത് കലാഭവന്‍ വഴിയാണ്. നല്ലൊരു കൂട്ടായ്മ പെട്ടെന്നുതന്നെ അവിടെ രൂപംകൊണ്ടു. ടൈമിങ്ങും നര്‍മ്മബോധവും ഏതൊരു സ്‌കിറ്റും പൊലിപ്പിച്ചെടുക്കാനുള്ള കഴിവും എല്ലാറ്റിനും ഉപരി മാനസിക ധാരണയും ഞങ്ങളുടെ ഉള്ളില്‍ ഒരുപോലെ ഉണ്ടായിരുന്നതുകൊണ്ടാണ് കലാഭവന്റെ മിമിക്സ് ട്രൂപ്പ് പെട്ടെന്നുതന്നെ സെറ്റായതെന്ന് ഉറപ്പിച്ചുപറയാം. അതോടൊപ്പംതന്നെ പരസ്പരധാരണയും ഉറ്റ സൗഹൃദവും ഞങ്ങളെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരുന്നു. കലാഭവന്‍ മിമിക്സ് പരേഡിന്റെ തുടക്കം പരാമര്‍ശിക്കുമ്പോള്‍ ആദ്യമായി പങ്കെടുത്ത കലാകാരന്മാരെക്കുറിച്ചും ഓര്‍ക്കാന്‍ ഏറെയുണ്ട്.

 ഞങ്ങള്‍ ആറുപേരില്‍ ഏറ്റവും ശാന്തസ്വഭാവിയായിരുന്നു സിദ്ദിഖ്. പുല്ലേപ്പടി ദാറുല്‍ ഉലും സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന സമയത്ത് കലാഭവനില്‍ എത്തിച്ചേര്‍ന്ന സിദ്ദിഖിന് മറ്റ് ദുസ്സ്വഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. മികച്ച നര്‍മ്മബോധമുണ്ടായിരുന്ന സിദ്ദിഖ് പറയുന്ന കൗണ്ടറുകള്‍ നിലവാരം പുലര്‍ത്തുന്നതായിരുന്നു. പ്രോഗ്രാമിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകാന്‍ ശ്രമിച്ചിരുന്ന സിദ്ദിഖ് അക്കാര്യത്തില്‍ കണിശക്കാരനായിരുന്നു. ഒപ്പം ദേഷ്യക്കാരനും. പരിപാടി നന്നാക്കാനായാണ് സിദ്ദിഖ് ദേഷ്യപ്പെടുന്നതെന്ന് ഞങ്ങള്‍ക്കു തിരിച്ചറിയാമായിരുന്നു. മിമിക്സ് പരേഡില്‍ ഞാനും സിദ്ദിഖും ലാലും പ്രസാദും അവതരിപ്പിക്കുന്ന ഒരു കഥാപ്രസംഗമുണ്ടായിരുന്നു. ഒരു ദിവസം രണ്ട് പ്രോഗ്രാമുകളുണ്ടെങ്കില്‍ അതിനു രണ്ടിനും മുമ്പായി റിഹേഴ്സലുകള്‍ നടത്തണമെന്ന് സിദ്ദിഖ് ശഠിക്കുമായിരുന്നു. പരിപാടിക്കുമുമ്പ് 'നമുക്കൊന്നുകൂടി നോക്കാം,' എന്ന് സിദ്ദിഖ് പറയുമ്പോള്‍ തെല്ല് മുഷിച്ചിലോടെ 'ഇതെന്തിനാ വീണ്ടും വീണ്ടും ചെയ്തുനോക്കുന്നത്? നമുക്കറിയാമല്ലോ,' എന്ന് ഞാനൊക്കെ പരിഭവം പറയാറുണ്ടായിരുന്നു. 'നമുക്കിത് പക്കാ പെര്‍ഫക്ഷനില്‍ത്തന്നെ സ്റ്റേജില്‍ അവതരിപ്പിക്കണം. ഇങ്ങനെ റിഹേഴ്സല്‍ ചെയ്ത് കയറിയാലേ സ്റ്റേജില്‍ ബോംബിടൂ' (ബോംബിടുക = വിജയിക്കുക) എന്ന നിലപാടില്‍ സിദ്ദിഖ് ഉറച്ചുനില്‍ക്കും. പ്രോഗ്രാം വിജയിച്ചുകഴിയുമ്പോള്‍ സിദ്ദിഖ് പറഞ്ഞതാണ് ശരിയെന്ന് ഞങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടിരുന്നു. ഈ ഒരു അച്ചടക്കവും കാഴ്ചപ്പാടുമാണ് പില്‍ക്കാലത്ത് സിദ്ദിഖിനെ മികച്ച സംവിധായകനാക്കിയത് എന്നു തോന്നിയിട്ടുണ്ട്.

 അടിസ്ഥാനപരമായി ലാല്‍ മികച്ച ഒരു ബില്‍ഡിങ് ഡിസൈനറായിരുന്നു. നന്നായി പ്ലാന്‍ വരയ്ക്കുന്ന ലാലിന്റെ കൈയക്ഷരവും ആരെയും കൊതിപ്പിക്കുന്നതായിരുന്നു. സ്‌കിറ്റ് എഴുതിയിരുന്ന ലാലിന് അസാമാന്യ നര്‍മ്മബോധവും കൈമുതലായിരുന്നു. കണ്ടാല്‍ പരുക്കനെന്നു തോന്നുമെങ്കിലും സൗമ്യനും ക്ഷമാശീലനുമാണ് ലാല്‍. കലാഭവനില്‍ എത്തുമ്പോള്‍ മിമിക്സ് പ്രോഗ്രാമുകള്‍ക്ക് ഓര്‍ഡര്‍ ഉണ്ടാക്കി സ്‌ക്രിപ്റ്റ് തലത്തില്‍ ഉയര്‍ത്തിയതും ലാലും ചേര്‍ന്നാണ്. അനൗണ്‍സ് ചെയ്യുന്നയാളിന്റെ മുകളില്‍ ടോപ് ലൈറ്റ് കത്തിനില്‍ക്കണമെന്നും ലൈറ്റ് ഓഫ് ആയി വീണ്ടും തെളിയുമ്പോള്‍ ക്യാരക്ടര്‍ ആയി മാറണമെന്നുമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ സിദ്ദിഖും ലാലുമാണ് നല്‍കിയത്. എല്ലാവരുടെയും അഭിപ്രായസമന്വയത്തിലൂടെ രണ്ടു മണിക്കൂര്‍ നീളുന്ന മിമിക്സ് പരേഡ് ഗംഭീര വിജയമായി. സാധാരണ നിലയില്‍നിന്നും കടന്നുവന്ന ലാല്‍ ഇന്ന് മലയാളസിനിമയിലെ പ്രശസ്ത നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍, സ്റ്റുഡിയോ ഉടമ, നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചുകഴിഞ്ഞത് കഠിനപ്രയത്നവും കഴിവുംകൊണ്ടുതന്നെയാണ്.

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ 1980ല്‍ കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയത് പ്രസാദായിരുന്നു. മിമിക്സ് പരേഡില്‍ ബാക്കിയുള്ളവര്‍ നര്‍മ്മപ്രധാനമായ സ്‌കിറ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ പ്രസാദ് ചെയ്തിരുന്നത് പ്രകൃതിയിലെ വിവിധ ശബ്ദാനുകരണമായിരുന്നു. പരേഡിന്റെ തുടക്ക ഐറ്റമായി അവതരിപ്പിച്ച് ഹിറ്റായിത്തീര്‍ന്ന തൃശ്ശൂര്‍ പൂരത്തിന്റെ പിന്നിലെ പ്രധാനി പ്രസാദായിരുന്നു. വെടിമരുന്നിന് തീപിടിക്കുന്നത്, പടക്കങ്ങള്‍, അമിട്ടുകള്‍, വാണം ഇവയുടെയൊക്കെ ശബ്ദം പ്രസാദിന്റെ തൊണ്ടയില്‍ നിന്നുമാണ് നിര്‍ഗ്ഗമിച്ചത്. പ്രസാദ് അവതരിപ്പിച്ച പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു ഇനമായിരുന്നു ഇംഗ്ലീഷ് സിനിമയുടെ ട്രെയ്ലര്‍ ശബ്ദാനുകരണം. ഞങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റുകള്‍ക്കു പരിപൂര്‍ണ്ണത നല്‍കിയിരുന്ന എഫക്ട്സ് ശബ്ദങ്ങള്‍ നല്‍കിയിരുന്നതും പ്രസാദായിരുന്നു. തൃശ്ശൂര്‍ പൂര അവതരണം കഴിഞ്ഞാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഐറ്റമായിരുന്നു യന്ത്രമനുഷ്യനും ഓപ്പറേറ്ററും. ലാല്‍ യന്ത്രമനുഷ്യനായും സിദ്ദിഖ് ഓപ്പറേറ്ററുമായി വരുന്ന സ്‌കിറ്റില്‍ കേടായ യന്ത്രമനുഷ്യനെ ശരിയാക്കിക്കഴിയുമ്പോള്‍ ഓപ്പറേറ്ററെ യന്ത്രമനുഷ്യന്‍ ചുരുട്ടി എറിയും. പ്രേക്ഷകര്‍ക്കു വലിയ ചിരി സമ്മാനിച്ച ഈ സ്‌കിറ്റിനു മൊത്തം എഫ്ക്ട് നല്‍കി കൊഴുപ്പിച്ചതിന് പ്രസാദിനു വലിയ പങ്കുണ്ട്. എല്ലാവരുടെയും നല്ലൊരു സുഹൃത്താണ് കെ.എസ്. പ്രസാദ്.

ഞങ്ങള്‍ ആറുപേരില്‍ ഏറ്റവും സിനിമാഭ്രാന്തുണ്ടായിരുന്നത് അന്‍സാറിനായിരുന്നു. സിനിമയില്‍ നടനായി എത്തണമെന്ന ആഗ്രഹം അന്‍സാറില്‍ എപ്പോഴും പ്രകടമായിരുന്നു. ജ്യേഷ്ഠന്‍ ഷറഫുദ്ദീന്റെ സുഹൃത്തായിരുന്നു മമ്മൂട്ടി എന്നതിനാല്‍ അവിടെനിന്നും ലഭിക്കുന്ന സിനിമാവിശേഷങ്ങള്‍ അന്‍സാര്‍, ഞങ്ങള്‍ക്കിടയില്‍ സ്ഥിരം പങ്കുവെക്കുമായിരുന്നു. ഒരു സന്ധ്യാസമയത്ത് മഹാരാജാസ് കോളേജിനു മുമ്പില്‍വെച്ച് സൈനുദ്ദീനാണ് അന്‍സാറിനെ പരിചയപ്പെടുത്തിത്തന്നത്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടന്ന മിമിക്രി മത്സരത്തില്‍ ഞാനും അന്‍സാറും ഒന്നിച്ച് പങ്കെടുത്തെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. അന്ന് ജഡ്ജായി വൈക്കം ചന്ദ്രശേഖരന്‍നായര്‍ എത്തിയിരുന്നു. അന്നു തുടങ്ങിയ ആത്മബന്ധം ഇന്നും ഞാനും അന്‍സാറും തമ്മിലുണ്ട്. വര്‍ക്കിച്ചന്‍ പേട്ട പോയതിനു ശേഷം കലാഭവന്റെ മിമിക്സ് പരേഡില്‍ അനൗണ്‍സ് ചെയ്തിരുന്നത് അന്‍സാറാണ്. നന്നായി സ്‌കിറ്റുകള്‍ ചെയ്തിരുന്ന അന്‍സാര്‍ ആത്മാര്‍ത്ഥമായ സൗഹൃദം എല്ലാവരോടും കാത്തുസൂക്ഷിച്ചിരുന്നു.

 പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന മാസ്മരിക ശബ്ദത്തിനുടമയായിരുന്ന വര്‍ക്കിച്ചന്‍ പേട്ട മിമിക്സ് പരേഡില്‍ ശബരിമലയുമായി ബന്ധപ്പെട്ട കമന്ററിയായിരുന്നു ഹൈലൈറ്റായി അവതരിപ്പിച്ചിരുന്നത്. നല്ല ഭാഷാസ്വാധീനവും അക്ഷരസ്ഫുടതയുമുണ്ടായിരുന്ന വര്‍ക്കിച്ചന്‍ പേട്ട ഒരു പക്കാ ജെന്റില്‍മാന്‍ ആണ്. പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വര്‍ക്കിച്ചന്‍ പേട്ട കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിലെ MSW ഫൈനല്‍ പരീക്ഷയില്‍ വര്‍ക്കിച്ചന് ഒന്നാം റാങ്ക് കിട്ടിയതിനു പിന്നാലെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. അങ്ങനെ വര്‍ക്കിച്ചന്‍ പേട്ട ജോലിസ്ഥലമായ ഇടമലയാറിലേക്കു യാത്രയായി. പകരം കലാഭവനിലേക്ക് സൈനുദ്ദീനും എന്‍.എഫ്. വര്‍ഗീസും എത്തിച്ചേര്‍ന്നു. 

 വര്‍ക്കിച്ചന്‍ പേട്ട കലാഭവന്‍ വിട്ട് പോയതിനുശേഷം ആബേലച്ചന്‍ പുതിയ ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുതുടങ്ങിയപ്പോള്‍ സൈനുദ്ദീനെ വിളിക്കാന്‍ ഞാനാണ് താത്പര്യം കാട്ടിയത്. എനിക്കു സൈനുവിനെ കോളേജ് പഠനകാലത്തുതന്നെ അറിയാമായിരുന്നു. ഒരുമിച്ച് നാടകങ്ങളിലും ഞങ്ങള്‍ അഭിനയിച്ചിരുന്നുവല്ലോ. കോളേജ് കാലത്തിനു ശേഷം ഒട്ടനവധി മാട്ടപരിപാടികള്‍ക്ക് ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇത്രയും നര്‍മ്മബോധവും ഉടനടിയുള്ള കൗണ്ടറുകളും നിറഞ്ഞ സൈനുവിനെ എന്നു കണ്ടാലും പൊട്ടിച്ചിരിക്കാതെ തിരികെ പോരാന്‍ കഴിയാറില്ലായിരുന്നു. തമാശകളുടെ തമ്പുരാന്‍ ആയിരുന്നു പ്രിയപ്പെട്ട സൈനു. കലാഭവനില്‍ ഏറ്റവും കൂടുതല്‍കാലം പരിപാടികളില്‍ പങ്കെടുത്തതും ഞാനും സൈനുദ്ദീനുമാണ്.

 ജീവിതത്തില്‍ വളരെ അടുക്കും ചിട്ടയുമുണ്ടായിരുന്ന എന്‍.എഫ്. വര്‍ഗീസിന്റെ ഏറ്റവും വലിയ പ്ലസ്പോയിന്റ് ഘനഗാംഭീര്യം നിറഞ്ഞ അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. ചെറുപ്പകാലത്തുതന്നെ എന്‍.എഫ്. വര്‍ഗീസിന്റെ പേര് നാടകങ്ങളിലൂടെ കേട്ടിട്ടുണ്ട്. കോളേജ് പഠനകാലത്ത് സി.പി. പ്രതാപന്‍ വിളിച്ചുകൊണ്ടുപോയി എന്നെ അഭിനയിപ്പിച്ച നാടകത്തില്‍ സ്റ്റേജ് ചലനങ്ങള്‍ പഠിപ്പിച്ചുതന്നത് അവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്ന എന്‍.എഫ്. ആയിരുന്നു. ആ അര്‍ത്ഥത്തില്‍ എനിക്ക് ഗുരുതുല്യനാണ് എന്‍.എഫ്. വര്‍ഗീസ്. കലാഭവന്റെ പ്രോഗ്രാമുകള്‍ കളിക്കാനായി കൃത്യസമയത്ത് ഒരു സ്യൂട്ട്കേസുമായി എത്തുന്ന എന്‍.എഫ്. ഇന്നും ഓര്‍മ്മയിലുണ്ട്. പള്ളിമുക്കിലെ ജെയംസ് എന്‍ജിനീയറിങ് കമ്പനിയില്‍ സ്റ്റാഫായി ജോലിയുണ്ടായിരുന്ന എന്‍.എഫ്. അവിടെനിന്നാണ് സ്ഥിരമായി പരിപാടിക്ക് എത്തിയിരുന്നത്. തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്ന എന്‍.എഫ്. വര്‍ഗീസ് ഹൃദയം നിറയെ സ്നേഹം സൂക്ഷിച്ച വ്യക്തിയായിരുന്നു. 

ഒരിക്കല്‍ തൃശ്ശൂര്‍ റേഡിയോ നിലയത്തില്‍ ശ്രീമൂലനഗരം പൊന്നന്‍ എഴുതിയ സാഗരരാജകുമാരി എന്ന നാടകം അവതരിപ്പിക്കാനായി ക്ഷണം ലഭിച്ച് ചെന്നു. എന്‍.എഫ്. വര്‍ഗീസ്, ബാലകൃഷ്ണപിള്ള (നടന്‍ ബിജു മേനോന്റെ പിതാവ്), ടി.ജി. രവി, മഞ്ജു വാര്യര്‍, ഫിലോമിന, ബീന ആന്റണി എന്നിവരോടൊപ്പം ഞാനും ശബ്ദം നല്‍കിയ നാടക റിക്കാര്‍ഡിങ് വൈകിട്ട് ഏഴുമണിയോടെ അവസാനിച്ചു. തിരികെ ഞാനും എന്‍.എഫ്. വര്‍ഗീസും ഒന്നിച്ചാണ് കാറില്‍ യാത്ര തിരിച്ചത്. യാത്രയ്ക്കിടെ അങ്കമാലി ടൗണില്‍ ചായ കുടിക്കാനായി ഞങ്ങള്‍ ഇറങ്ങി. അപ്പോഴാണ് എന്‍.എഫ്. എന്നോട് ഒരു കാര്യം സൂചിപ്പിച്ചത്. 'നിനക്കു വേറൊരു കാര്യമറിയാമോ? നീ ഇന്നു ചെയ്ത ക്യാരക്ടറില്ലേ, അത് വേറൊരു ആര്‍ട്ടിസ്റ്റിന് പറഞ്ഞുവെച്ചതായിരുന്നു. ഞാനാ പറഞ്ഞത് കലാഭവനില്‍ റഹ്‌മാനെന്ന ആര്‍ട്ടിസ്റ്റ് ഉണ്ടെന്ന്. അങ്ങനെയാണ് നിന്നെ വിളിപ്പിച്ചത്.' ഇതു കേട്ട എന്റെ ഉള്ളം സന്തോഷംകൊണ്ടു നിറഞ്ഞുപോയി. എന്‍.എഫിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം എന്നെ തളര്‍ത്തിയിരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ എത്രയോ വ്യത്യസ്ത കഥാപാത്രങ്ങള്‍ മലയാളസിനിമയ്ക്കു നല്‍കാന്‍ പ്രാപ്തനായ കലാകാരനായിരുന്നു എന്‍.എഫ്. വര്‍ഗീസ് എന്ന കാര്യത്തില്‍ സംശയമില്ല.

വീണ്ടും മിമിക്സ് ടീം സെറ്റായി പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കെ സിദ്ദിഖും കലാഭവന്‍ വിട്ടുപോയി. ആ സമയത്ത് അശോകന്‍ (ഹരിശ്രീ) പകരം എത്തി. സിദ്ദിഖ് പോയി ഒരു വര്‍ഷം കഴിഞ്ഞ് ലാലും ട്രൂപ്പ് വിട്ട് തട്ടകം മാറി. 

ഇനി എന്തു ചെയ്യും? എന്ന അച്ചന്റെ ചോദ്യത്തിന് വഴിയുണ്ടെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. യു.സി. കോളേജില്‍ ഒപ്പം പഠിച്ച പട്ടര് പയ്യന്‍ വെങ്കിട്ടരാമന്റെ പെരുമ്പാവൂരിലെ വീട്ടിലേക്കാണ് ഞാന്‍ പോയത്. വെങ്കിടിയുടെ അനിയനെ അന്വേഷിച്ചാണ് അവിടെ ചെന്നത്. വെങ്കിടിയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. വെങ്കിടിയുടെ അനിയന്‍ ട്യൂഷനു പോയതാണെന്ന് അവന്റെ അമ്മ പറഞ്ഞു. ഞാന്‍ നേരെ യെസ്ഡി ബൈക്കില്‍ ട്യൂഷന്‍ സെന്ററില്‍ എത്തി വെങ്കിടിയുടെ അനിയന്‍ ജയറാമിനെ കണ്ടു. ലാല്‍ കലാഭവന്റെ മിമിക്സ് ട്രൂപ്പില്‍നിന്നു പോയെന്നും പകരം വിളിക്കാനായി എത്തിയതാണെന്നും അറിയിച്ചു. അതു കേട്ടപ്പോള്‍ ജയറാമിന്റെ മുഖത്തു വന്ന സന്തോഷഭാവം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. ഇന്നത്തെ മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ ആഗ്രഹം സിനിമയില്‍ എത്തുക എന്നതാണെങ്കില്‍ അന്നൊക്കെ ആഗ്രഹം കലാഭവന്റെ ട്രൂപ്പില്‍ എത്തുക എന്നതായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കലാഭവനിലേക്കുള്ള റോഡരികിലുള്ള പെട്ടിക്കടയ്ക്കടുത്ത് എത്താന്‍ ജയറാമിനോട് ആവശ്യപ്പെട്ട് ഞാന്‍ മടങ്ങി. മൂന്നുമണിക്ക് എത്തിയപ്പോള്‍ കണ്ടത് വിയര്‍ത്തുകുളിച്ച് അവിടെ നില്‍ക്കുന്ന ജയറാമിനെയാണ്. കക്ഷി ഉച്ചയ്ക്ക് 12.30 മുതല്‍ എന്നെ കാത്ത് അവിടെ നില്‍പ്പാണ്. ജയറാമിനെ നേരെ ആബേലച്ചന്റെ മുറിയിലെത്തിച്ച് പരിചയപ്പെടുത്തി. അച്ചന് വലിയ സന്തോഷമായി. കാരണം ലാല്‍ അവതരിപ്പിച്ചിരുന്ന പ്രേംനസീറിനെയും മറ്റ് നടന്മാരെയും ജയറാം ഗംഭീരമായി കാണിക്കുന്നുണ്ട്. പോരെങ്കില്‍ നല്ല ഉയരവും സുന്ദരനും. എല്ലാംകൊണ്ടും അച്ചന്‍ തൃപ്തനായിരുന്നു. നേരത്തെ കലാഭവന്റെ മിമിക്സ് പരേഡ് അവതരണവുമായി ബന്ധപ്പെട്ട് കാലടി ശ്രീ ശങ്കരാ കോളേജില്‍ എത്തിയപ്പോള്‍, അന്ന് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ജയറാമിന്റെ ഒറ്റയാള്‍ പ്രകടനം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലാല്‍ കലാഭവനില്‍ ചെയ്തിരുന്ന പല ഐറ്റങ്ങളും ഒറ്റയ്ക്കു ചെയ്തിരുന്ന ജയറാമിനെ അന്നേ നോട്ടമിട്ടിരുന്നു. 

ജയറാമും സിനിമാ അഭിനയവുമായി കലാഭവന്‍ വിട്ടുപോയപ്പോള്‍ ആബേലച്ചന്‍ വീണ്ടും ഇനിയെന്തു ചെയ്യും? എന്ന ചോദ്യവുമായെത്തി. ആ സമയങ്ങളില്‍ യു.സി. കോളേജില്‍ എന്നോടൊപ്പം പഠിച്ചിരുന്ന പ്രിയ കൂട്ടുകാരന്‍ ശ്രീകുമാറിന്റെ സഹോദരിയുടെ പുത്രന്‍ സുനിലും അവന്റെ സുഹൃത്ത് ഗോപാലകൃഷ്ണനും ചാന്‍സ് ചോദിച്ച് സ്ഥിരം വീട്ടില്‍ വരുമായിരുന്നു. ഒപ്പം കുറേ നടന്മാരുടെ ശബ്ദാനുകരണവും ഇരുവരും ചെയ്തുകാണിക്കുമായിരുന്നു. ഞാന്‍വഴി കലാഭവനിലേക്കെത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുപേരും വീട്ടില്‍ വന്നിരുന്നത്. സുനിലിനെക്കാളും കൂടെ വന്നിരുന്ന ഗോപാലകൃഷ്ണന്റെ പ്രകടനമായിരുന്നു എന്നെ ആകര്‍ഷിച്ചിരുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഇന്നസെന്റ് തുടങ്ങിയവരുടെയൊക്കെ ശബ്ദം ഗോപാലകൃഷ്ണന്‍ നന്നായി അനുകരിക്കുമായിരുന്നു. ഗോപാലകൃഷ്ണനെ ആബേലച്ചന്റെ മുന്നിലെത്തിച്ച് പരിചയപ്പെടുത്തി. ഗോപാലകൃഷ്ണന്റെ മിമിക്രി അച്ചന് ഇഷ്ടമായി. അങ്ങനെ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കലാഭവന്റെ ആര്‍ട്ടിസ്റ്റായി മാറി. കുറഞ്ഞത് 50 സ്റ്റേജിലെങ്കിലും ദിലീപ് കലാഭവന്‍ ട്രൂപ്പിനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചു. ജയറാമിനെ അവിടെവച്ചാണ് ദിലീപ് പരിചയപ്പെടുന്നത്. ആ പരിചയമാണ് സംവിധായകന്‍ കമലിന്റെ സഹായിയായി ദിലീപിനെ ജയറാം ശുപാര്‍ശ ചെയ്യാന്‍ കാരണമായത്.
 
പിന്നീട് ദിലീപ് ഹരിശ്രീയിലേക്ക് ചേക്കേറിയപ്പോഴാണ് ഷിയാസ് സാഗറും, അബിയും കലാഭവനില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ വന്നത്. അവരോടൊപ്പം ബഷീര്‍ മൂവാറ്റുപുഴയും ഇടുക്കി രാജനും എത്തിച്ചേര്‍ന്നു. പലരും കലാഭവന്‍ വിട്ടുപോയി, മറ്റു കലാകാരന്മാര്‍ എത്തിയപ്പോഴും കലാഭവന്റെ പ്രോഗ്രാമുകള്‍ മികച്ച അഭിപ്രായവുമായി മുന്നോട്ടുതന്നെ അശ്വമേധം തുടര്‍ന്നു. 1987-88ലാണ് ഞങ്ങള്‍ ആദ്യമായി പ്രോഗ്രാമുകളുമായി വിദേശയാത്ര നടത്തുന്നത്. യു.എ.ഇ., ഖത്തര്‍, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒട്ടനവധി സ്റ്റേജുകളില്‍ കലാഭവന്റെ മിമിക്സ് പരേഡ് വിജയകരമായി അവതരിപ്പിച്ചു. 
കലാഭവന്റെ ഗാനമേള, മിമിക്സ് ടീമുകള്‍ക്കൊപ്പം ആബേലച്ചന്‍ മുന്‍കൈയെടുത്ത് ഡാന്‍സ് ട്രൂപ്പും രൂപം കൊടുത്തു. കൊച്ചിയില്‍നിന്നുമുള്ള മജീഷ്യനായ അലിഖാന്റെ മകളായ ഒരു മിടുക്കി പെണ്‍കുട്ടിയും കലാഭവന്റെ ഡാന്‍സ്ട്രൂപ്പിലെത്തി. തെസ്നിഖാന്‍ എന്നായിരുന്നു ആ ഡാന്‍സറുടെ പേര്. കലാഭവന്‍ ഡാന്‍സ് ട്രൂപ്പിന്റെ പ്രധാന നര്‍ത്തകിയായി മാറിയ തെസ്നിഖാനോടൊപ്പം നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനായി ഞങ്ങള്‍ യാത്രചെയ്തിട്ടുണ്ട്. എം.ജി. സോമന്‍ നേതൃത്വം നല്‍കിയ ഗള്‍ഫ് ട്രിപ്പിലാണ് തെസ്നിഖാന്‍ ആദ്യമായി വിമാനയാത്ര നടത്തുന്നത്. 1988ല്‍ ഡെയ്സി എന്ന സിനിമയിലൂടെ തെസ്നിഖാന്‍ ചലച്ചിത്ര അഭിനയരംഗത്തും ഹരിശ്രീ കുറിച്ചു. മിടുക്കിയായ ഡാന്‍സര്‍ എന്നതിലുപരി സ്‌കിറ്റും ഹാസ്യരസപ്രധാനമായ വേഷങ്ങളും ഏറെ മികവോടെ ചെയ്യുന്ന തെസ്നിഖാന്‍ സിനിമയിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നിരവധി കാസറ്റ് പരിപാടികളിലും തെസ്നിഖാന്‍ എന്നോടൊപ്പം പങ്കെടുത്തു. എന്തുകൊണ്ടും കലാഭവന് അഭിമാനിക്കാവുന്ന കലാകാരിയാണ് തെസ്നിഖാനെന്ന് നിസ്സംശയം പറയാം.

1989-ലാണ് ഞാന്‍ വിവാഹിതനായത്. ഗുരുവായൂരിലായിരുന്നു പെണ്‍കുട്ടിയുടെ വീട്. പെണ്ണുകാണാന്‍ ചെന്നപ്പോള്‍, പെണ്ണും വീട്ടിലെ ചിലരും ഒരു പ്രത്യേക ചിരിയോടെ വരവേറ്റത് എന്നില്‍ ഒരു കണ്‍ഫ്യൂഷനുണ്ടാക്കി. ആ ചിരിയുടെ കാര്യം എന്താണെന്ന് കല്യാണം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഭാര്യ എന്നോടു പറഞ്ഞത്. വേറൊന്നുമല്ല, ഫാറൂഖ് കോളേജിലെ പി.ജി. പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളുമൊത്താണ് പുള്ളിക്കാരി കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമ കണ്ടത്. പാവം രേവതിയെ മുറിയില്‍ കയറ്റിയ ചെറുക്കനെ നേരില്‍ കണ്ടപ്പോഴുള്ള ചിരിയായിരുന്നു അന്നു കണ്ടത്. 1989 ജനുവരി 16നാണ് ഗുരുവായൂര്‍ തൈക്കാട് മരട്ടിക്കല്‍ വീട്ടില്‍ ബാപ്പുട്ടിയുടെയും കുഞ്ഞുമോളുടെയും ഇളയ മകളായ റെജൂലയെ ഗുരുവായൂര്‍ മഹാരാജാ ഓഡിറ്റോറിയത്തില്‍ വെച്ച് ഞാന്‍ നിക്കാഹ് ചെയ്തത്. വിവാഹത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ദൗത്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാന്‍ കര്‍ണ്ണാടകയിലെ ഒഗനക്കല്‍ വനത്തിലായിരുന്നു. നിക്കാഹ് പ്രമാണിച്ച്, മോഹന്‍ലാല്‍ എന്നെ കൊല്ലുന്ന രംഗം പെട്ടെന്ന് ചിത്രീകരിച്ച് സംവിധായകന്‍ അനില്‍ സഹായിച്ചു. വിവാഹദിവസമായിരുന്നു പ്രേനസീറിന്റെ മരണവാര്‍ത്ത എത്തിയതെന്നും മറ്റൊരു മറക്കാനാവാത്ത ഓര്‍മ്മയാണ്. 

ഞങ്ങളുടെ മൂത്ത മകള്‍ തന്‍വി ഫാത്തിമ കുസാറ്റിലെ ഓഷ്യാനിക് എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. തന്‍വിയുടെ ഭര്‍ത്താവ് ഹാഷ്മി താജ് ഇബ്രാഹിം 24 ന്യൂസ് ചാനലിലെ സീനിയര്‍ എഡിറ്ററാണ്. തന്‍വിയുടെയും ഹാഷ്മിയുടെയും മകള്‍ ഏഴു വയസ്സുകാരി ദുഅ ആണ് എന്റെയും റെജൂലയുടെയും ജീവിതത്തിലെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി.

ഇളയ മകന്‍ ഫാഹിം റഹ്‌മാന്‍ അബുദാബിയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. ഫാഹിം വിവാഹം ചെയ്തിരിക്കുന്നത് ഫാംഡി കഴിഞ്ഞ് അബുദാബിയില്‍ ജോലി ചെയ്യുന്ന തമന്നയെ ആണ്.

1981-ല്‍ കലാഭവന്റെ തിരുമുറ്റത്തെത്തിയ ഞാന്‍ 1991 വരെ പത്തു വര്‍ഷം മിമിക്സ് പരേഡിന്റെ ഭാഗമായിരുന്നു. അതില്‍ത്തന്നെ ആറേഴു വര്‍ഷം ഞാന്‍ കലാഭവന്‍ മിമിക്സിന്റെ ട്രൂപ്പ് ലീഡറുമായിരുന്നു.

ആബേലച്ചന്‍ ഞാന്‍ എന്നും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തില്‍നിന്നും പലതും പഠിക്കാനായിട്ടുണ്ട്. അച്ചന്റെ സമയകൃത്യത സ്വന്തം ജീവിതത്തിലും പകര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. ഒരാളെ കാണാനുള്ള സമയം ഉറപ്പിച്ചാല്‍ അല്‍പ്പം നേരത്തെതന്നെ ആ സ്ഥലത്തെത്തി കാത്തിരിക്കാറുണ്ട്. വളരെ അപൂര്‍വ്വമായേ വൈകിയെത്താറുള്ളൂ. വാക്കു പറഞ്ഞ സമയത്ത് കൃത്യമായി എത്തുക എന്ന പാഠം മനസ്സില്‍ എത്തിച്ചത് ആബേലച്ചനായിരുന്നു. കേരളം കണ്ട മികച്ച സംഘാടകരില്‍ പ്രമുഖനായിരുന്നു ആബേലച്ചന്‍. കലാഭവന്‍ എന്ന പ്രസ്ഥാനത്തെ എത്ര ദീര്‍ഘവീക്ഷണത്തോടുകൂടിയാണ് അദ്ദേഹം പടുത്തുയര്‍ത്തിയത് എന്നു ശ്രദ്ധിച്ചാല്‍ ആ സംഘാടക മികവ് തിരിച്ചറിയാനാകും. ആബേലച്ചന്‍ മികച്ച കവികൂടിയായിരുന്നു. അച്ചന്‍ രചിച്ച് ആന്റണി മാഷ് ഈണം നല്‍കി യേശുദാസ് പാടിയ മിക്ക ഭക്തിഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. 'ഈശ്വരനെ തേടി ഞാന്‍ നടന്നു,' 'പരിശുദ്ധാത്മാവേ,' 'ഗാഗുല്‍ത്താമലയില്‍നിന്നും' തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റി സ്വീകരിച്ചവയാണ്.
ഏതു പ്രശ്നത്തെയും അഭീമുഖീകരിക്കാനും ഉത്തമമായ തീരുമാനത്തിലൂടെ പരിഹരിക്കാനുമുള്ള അച്ചന്റെ കഴിവ് പലവട്ടം നേരില്‍ കണ്ടിട്ടുണ്ട്.
കലാഭവനിലെ ആര്‍ട്ടിസ്റ്റുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായെന്നറിഞ്ഞാല്‍, രണ്ടുപേരെയും ഒരേസമയത്ത് വിളിച്ച് അച്ചന്‍ സംസാരിക്കില്ലായിരുന്നു. പകരം ആദ്യം ഒരാളെ അകത്തു വിളിച്ച് സംസാരിക്കുമ്പോള്‍ മറ്റയാളെ പുറത്തു നിര്‍ത്തും. അകത്തുള്ള ആര്‍ട്ടിസ്റ്റ് പുറത്തിറങ്ങിക്കഴിഞ്ഞ് പുറത്തു നിര്‍ത്തിയ ആളെ അകത്തു വിളിച്ച് സംസാരിക്കും. രണ്ടുപേരും മാറിമാറി ആബേലച്ചനോട് സംസാരിച്ച് പുറത്തിറങ്ങിക്കഴിയുമ്പോള്‍ അവരുടെ പ്രശ്നം തീര്‍ന്നിരിക്കും.

കലാഭവന്‍ മിമിക്സ് ട്രൂപ്പിന്റെ പ്രോഗ്രാം നടക്കുന്ന ചില സ്ഥലങ്ങളില്‍ ആബേലച്ചനും എത്തിച്ചേരാറുണ്ടായിരുന്നു. സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്ന് സശ്രദ്ധം പരിപാടി കണ്ട് വിലയിരുത്തുകയും ചെയ്യുമായിരുന്നു. ഗംഭീര വിജയമായ കലാഭവന്റെ പല ലൈവ് മിമിക്സ് ഷോകളും അച്ചന്‍ ഇത്തരത്തില്‍ കണ്ടിട്ടുണ്ട്. പിന്നണിയിലെ കര്‍ട്ടന്‍ ചെറുതായൊന്നു നീക്കി ആരും കാണാതെ ഞങ്ങള്‍ അച്ചനെ ശ്രദ്ധിക്കുമായിരുന്നു. പ്രോഗ്രാമിലെ സ്‌കിറ്റുകള്‍ കണ്ട് ആബേലച്ചന്‍ ചിലപ്പോഴൊക്കെ കൈയിലുള്ള തൂവാലയെടുത്ത് മൂക്കും വായും പൊത്തിപ്പിടിച്ച് പൊട്ടിച്ചിരിക്കുന്ന കാഴ്ച ഞങ്ങള്‍ ഒളിഞ്ഞുനിന്നു കണ്ടിട്ടുണ്ടായിരുന്നു. ഗംഭീര വിജയമായ പ്രോഗ്രാം കഴിഞ്ഞ് അച്ചനും ഞങ്ങളെ കാണാന്‍ ഗ്രീന്‍ റൂമിലെത്തും. അന്നത്തെ പരിപാടിക്കിടയിലെ ആരും കാണാതെ പോയ കുറ്റവും കുറവും എടുത്തുപറഞ്ഞ്, ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്നും പ്രോഗ്രാം കുറേക്കൂടി മെച്ചപ്പെടുത്തണമെന്നും ഗൗരവത്തോടെ നിഷ്‌കര്‍ഷിക്കുകയും ചെയ്യും. ഇതു കേള്‍ക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകളായ ഞങ്ങള്‍ക്ക് ആബേലച്ചനോട് ദേഷ്യം തോന്നാറുണ്ടായിരുന്നു. വിജയിച്ച പരിപാടി മുന്‍നിരയിലിരുന്നു കണ്ട് പൊട്ടിച്ചിരിച്ച് ആസ്വദിച്ച അച്ചന്‍ ഇങ്ങനെ മറ്റൊരഭിപ്രായം പറഞ്ഞാല്‍ ആര്‍ക്കാണെങ്കിലും ബുദ്ധിമുട്ടു തോന്നുമല്ലോ.

ഒരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ ആബേലച്ചനോടു ചോദിച്ചു: 'അച്ചന്‍ നമ്മുടെ മിമിക്സ് പരിപാടി ശരിക്കും എന്‍ജോയ് ചെയ്യുന്നില്ലേ?'
'ഉണ്ടല്ലോ.'
'പിന്നെ പരിപാടി കഴിഞ്ഞ് ഇനിയും ശരിയാകാനുണ്ട് എന്ന് അച്ചന്‍ മോശം അഭിപ്രായം പറയുന്നത് എന്തിനാണ്?'
അച്ചന്‍ ശബ്ദം താഴ്ത്തി പറഞ്ഞു: 'അതേ... താനിത് ആരോടും പറയണ്ട. ഞാനൊരു കാര്യം പറയാം.'
'ഞാന്‍ വന്ന് പ്രോഗ്രാം നല്ലതായിരുന്നു എന്നു പറഞ്ഞൂന്ന് കരുതുക. നിങ്ങളൊക്കെ ചെറുപ്പക്കാര് പിള്ളേരാ. ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ അഹങ്കരിക്കും. അഹങ്കരിച്ചാല്‍ ദൈവകോപംവരും. പിന്നെ പരിപാടി നന്നാവൂല്ല. പ്രോഗ്രാം നന്നാവാന്‍ വേണ്ടിയാ ഞാന്‍ ഇങ്ങനെ പറയുന്നത്.' എനിക്ക് അച്ചനോട് ഒന്നും മറിച്ച് പറയാനുണ്ടായിരുന്നില്ല.

1985ല്‍ അച്ചന്‍ എന്നെയും കൂട്ടി സിങ്കപ്പൂരിലേക്ക് യാത്ര നടത്തി. എന്റെ ആദ്യ വിദേശയാത്രയും അതായിരുന്നു. കലാഭവന്‍ സ്റ്റുഡിയോയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായിരുന്നു ആ യാത്ര.

1991ല്‍ കലാഭവന്‍ വിട്ടുപോരുമ്പോഴും അതിനു ശേഷവും ഞാന്‍ അച്ചനുമായി നല്ല സ്നേഹത്തിലും സൗഹൃദത്തിലുംതന്നെയായിരുന്നു. 'ജോക്സ് ഇന്ത്യ' തുടങ്ങിയ ശേഷവും അദ്ദേഹത്തിന്റെ മരണം വരെയും ആ നല്ല ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ആബേലച്ചന്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പല കാര്യങ്ങളും എന്നോടു പറഞ്ഞിരുന്നു. ഇഷ്ടമുള്ള ശിഷ്യനായതിനാലാകാം എന്നെ മാത്രം സിങ്കപ്പൂര്‍ യാത്രയില്‍ അദ്ദേഹം ഒപ്പം കൂട്ടിയത്. കലാഭവനില്‍ നടന്നിരുന്ന പല പരിപാടികള്‍ക്കും പിന്നീടും ഞാന്‍ ഗസ്റ്റായി പോകുമായിരുന്നു. ആബേലച്ചന്റെ 'റയിമാനേ...' എന്ന വിളി ഉള്ളില്‍ ഇന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. 

കലാഭവനില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിദേശമലയാളിയായ സുഹൃത്ത് കരീം, എന്നെയും സൈനുദ്ദീനെയും മാത്രമായി ഗള്‍ഫ് പരിപാടിക്കായി ക്ഷണിച്ചു. അങ്ങനെയാക്കേണ്ടന്നും കലാഭവന്റെ ഫുള്‍ ട്രൂപ്പിനെ ഗള്‍ഫ് യാത്രയ്ക്കായി കൊണ്ടുപോകാമെന്നും ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ തുകയുടെ കാര്യത്തിലൊക്കെ കരീമിന് ആശങ്കയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചാണ് 1987ല്‍ കലാഭവന്റെ ആദ്യ വിദേശയാത്ര ഗള്‍ഫിലേക്ക് നടത്തിയത്. ആ പ്രോഗ്രാമിന്റെ വീഡിയോ കാസറ്റ് കണ്ടാണ് പത്മരാജന്റെ അപരന്‍ സിനിമയിലേക്ക് ജയറാം തിരഞ്ഞെടുക്കപ്പെടുന്നത്. 

ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം ഏതെന്നു ചോദിച്ചാല്‍ കലാഭവനില്‍ മിമിക്സ് കളിച്ചുകൊണ്ടിരുന്ന കാലമെന്ന് ഒട്ടും ആലോചിക്കാതെതന്നെ പറയാന്‍ സാധിക്കും. 

കലാഭവന്റെ മിമിക്സ് പരേഡിനു തുടക്കമിട്ട ഞങ്ങള്‍ ആറു പേര്‍ഞാന്‍, അന്‍സാര്‍, വര്‍ക്കിച്ചന്‍ പേട്ട, കെ.എസ്. പ്രസാദ്, ലാല്‍, സിദ്ദിഖ്...സ്ഥിരമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ എവിടെയെങ്കിലും കൂടാറുണ്ടായിരുന്നു. കലാഭവന്‍ മിമിക്സ് പരേഡ് ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികദിനത്തില്‍ ഞങ്ങള്‍ ആറുപേരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. ഇനി ആ ഒത്തുചേരലിന് പ്രിയപ്പെട്ട സിദ്ദിഖ് മാത്രം ഇല്ലല്ലോ എന്ന ദുഃഖം എന്റെയുള്ളില്‍ ഒരു വല്ലാത്ത നോവ് സൃഷ്ടിക്കുന്നുണ്ട്. ഞങ്ങള്‍ ആറുപേരും ഒന്നിച്ചുള്ള ഫോട്ടോകള്‍ അമൂല്യ നിധിയായി ഞാന്‍ സൂക്ഷിക്കുന്നു. കലാഭവനില്‍ തുടരുമ്പോഴാണ് ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതും. കലാഭവന്റെ ആര്‍ട്ടിസ്റ്റുകള്‍ സിനിമയില്‍ അഭിനയിക്കുന്നത് ആബേലച്ചന് ഇഷ്ടമായിരുന്നു. പക്ഷേ, സിനിമയിലെ തിരക്ക് കൂടുമ്പോള്‍ മിമിക്സ് പരേഡിനു വരാതിരിക്കുന്നത് അച്ചന് ഒട്ടും താത്പര്യമുള്ള കാര്യവുമായിരുന്നില്ല.

1991 കാലത്ത് എനിക്ക് സിനിമയില്‍ അത്യാവശ്യം തിരക്കായി. കലാഭവന്‍ മിമിക്സ് പരേഡില്‍ പലപ്പോഴും പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടി. പല പരിപാടികള്‍ക്കും എത്താനായില്ല. ഇതറിഞ്ഞ ആബേലച്ചന്‍ എന്നെ വിളിച്ച് ഇങ്ങനെ കളിക്കാന്‍ പറ്റില്ല എന്ന കര്‍ശന നിലപാടെടുത്തു. കുറേ പ്രോഗ്രാമുകള്‍ ബുക്കിങ് ചെയ്തതിനാല്‍ അച്ചന്‍ അത്തരമൊരു നിലപാട് എടുത്തതില്‍ കുറ്റം പറയാനാവില്ല. അങ്ങനെയാണ് കലാഭവന്‍ വിട്ട് 'ജോക്സ് ഇന്ത്യ' എന്ന ട്രൂപ്പ് സ്വന്തമായി തുടങ്ങാന്‍ തീരുമാനമെടുത്തത്.

1991ല്‍ സ്വന്തം ട്രൂപ്പ് തുടങ്ങാനായി കലാഭവന്‍ വിട്ടുപോന്നു. ഇടുക്കി രാജനും സാഗര്‍ ഷിയാസും ബഷീര്‍ മൂവാറ്റുപുഴയും അന്നത്തെ സൗണ്ട് ഓപ്പറേറ്റര്‍ വര്‍ഗീസും വെളിച്ച സംവിധാനമൊരുക്കുന്ന ശൈലനും എന്നോടൊപ്പം കലാഭവനില്‍നിന്നും പുറത്തെത്തി. എറണാകുളം അമ്മന്‍ കോവില്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത് സ്ഥിതിചെയ്ത മലേഷ്യ ടൂറിസ്റ്റ് ഹോമില്‍ റൂമെടുത്ത് എന്റെ നേതൃത്വത്തില്‍ പ്രതീക്ഷയോടെ 'ജോക്സ് ഇന്ത്യ' എന്ന മിമിക്സ് ട്രൂപ്പ് ആരംഭിച്ചു.

പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പ്പായിരുന്നു 'ജോക്സ് ഇന്ത്യ'യ്ക്ക് കലാകേരളം നല്‍കിയത്. ഈ ട്രൂപ്പ് തുടങ്ങിയപ്പോള്‍ രാജേഷ് കെ. പുതുമന എന്ന മിമിക്രി കലാകാരനും ഞങ്ങളോടൊപ്പം ഒത്തുചേര്‍ന്നു. മിമിക്രി ലോകത്ത് ആദ്യമായി രാഷ്ട്രീയ നേതാക്കളെ അനുകരിച്ചതും രാജേഷാണ്. കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, മന്ത്രിമാരായ കൃഷ്ണകുമാര്‍, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവരെയെല്ലാം അനുകരിച്ച് ജോക്സ് ഇന്ത്യയുടെ വേദികളില്‍ രാജേഷ് കെ. പുതുമന കൈയടി നേടി. 'മിമിക്സ് വാര്‍' എന്ന പേരിലായിരുന്നു ആദ്യകാലത്ത് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. രണ്ടു കൊല്ലം കഴിഞ്ഞ് ജോക്സ് ഇന്ത്യ, പ്രോഗ്രാമുകളുമായി ഗള്‍ഫിലെങ്ങും പര്യടനം നടത്തി.

1993ലാണ് ജോക്സ് ഇന്ത്യ ഗള്‍ഫ് ടൂറിനു പോയത്. ചങ്ങനാശ്ശേരി കണ്ണന്‍, ജാഫര്‍ ഇടുക്കി, ബഷീര്‍ മൂവാറ്റുപുഴ, രാജന്‍ ഇടുക്കി, സാഗര്‍ ഷിയാസ്, രാജേഷ് കെ. പുതുമന തുടങ്ങിയവരും എന്റെ നേതൃത്വത്തിലുണ്ടായിരുന്ന സംഘത്തില്‍ അണിനിരന്നിരുന്നു.  കുറച്ചുകാലം കഴിഞ്ഞ് സാഗര്‍ ഷിയാസും, മൂവാറ്റുപുഴ ബഷീറും ജോക്സ് ഇന്ത്യ വിട്ടുപോയപ്പോഴാണ് ഷാജോണും, ജാഫര്‍ ഇടുക്കിയും ട്രൂപ്പിലേക്ക് പകരക്കാരായി എത്തിയത്.

ജോക്സ് ഇന്ത്യ ട്രൂപ്പിന്റെ മിമിക്സ് പരിപാടികള്‍ നന്നായി കളിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ജാഫര്‍ ഇടുക്കിയെ കാണുന്നത.് ഞങ്ങളുടെ ടീമംഗമായ രാജന്‍ ഇടുക്കിയുടെ കൂടെ പരിപാടികള്‍ നടക്കുന്ന സ്ഥലത്തെത്തിയിരുന്ന പൊക്കം കുറഞ്ഞ ചെറുപ്പക്കാരനെ എനിക്കറിയാമായിരുന്നു. മെലിഞ്ഞ ശരീരമുള്ള ജാഫര്‍ മുണ്ടും സൈസ് ചേരാത്ത ഷര്‍ട്ടും ധരിച്ചാണ് എത്തുക. 40 സൈസിനു പകരം 44 സൈസ് ഹാഫ് ഷര്‍ട്ടും ധരിച്ചെത്തുന്ന ജാഫര്‍ നന്നായി തമാശ പറയുന്നതിനൊപ്പം തന്നെ സ്റ്റേജ് സജ്ജീകരിക്കാനും ഞങ്ങളെ സഹായിച്ചിരുന്നു. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ജാഫറിനെ ഇഷ്ടപ്പെട്ട് ഒപ്പം കൂട്ടി. അക്കാലത്ത് ജാഫര്‍ ചില നടന്മാരുടെ ശബ്ദാനുകരണം നടത്തുന്നതിനൊപ്പം നന്നായി പാടുകയും ചെയ്യുമായിരുന്നു. മിമിക്സ് ഗാനമേളയില്‍ ജാഫര്‍ ഗംഭീരമായി ആലപിച്ചിരുന്ന 'പള്ളിക്കെട്ട് ശബരിമലയ്ക്ക്...' എന്ന ഭക്തിഗാനം അന്നേ പ്രോഗ്രാമില്‍ ഹിറ്റായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന ജാഫര്‍ എന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനുമായിരുന്നു. വീട്ടിലെ ഉപയോഗശൂന്യമായ ഒട്ടുമിക്ക ഇലക്ട്രിക് ഉപകരണങ്ങളും ജാഫര്‍ സമയമെടുത്ത് നന്നാക്കിത്തരുമായിരുന്നു. പിന്നീട് ജാഫര്‍ ഇടുക്കി എന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി മാറി.

'ഇക്ക എന്നെ എന്ന് പറഞ്ഞുവിടുന്നോ, അന്നേ ഞാനീ ട്രൂപ്പ് വിട്ടു പോകൂ...'ഏതായാലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നന്നായി മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന ജോക്സ് ഇന്ത്യ 1997ല്‍ നിര്‍ത്തുന്നതുവരെയും ജാഫര്‍ വാക്ക് തന്നപോലെ എന്റെയൊപ്പം നിന്നു. ജാഫര്‍, അബിയുടെ 'സാഗര്‍' എന്ന ട്രൂപ്പിലേക്കു ചേക്കേറി. കുറച്ചുനാള്‍ കഴിഞ്ഞ് കലാഭവനില്‍ ചേരണമെന്ന ആഗ്രഹം ജാഫര്‍ എന്നോടു പ്രകടിപ്പിച്ചു. ഞാന്‍ അപ്പോള്‍തന്നെ ആബേലച്ചനെ വിളിച്ച് വിവരം പറഞ്ഞു. എന്റെ ട്രൂപ്പില്‍ കളിച്ചിരുന്ന പയ്യനാണെന്നും ആള് മിടുക്കനാണെന്നും ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ ഒരാളുടെ ചാന്‍സുണ്ടെന്നും കക്ഷിയെ ഇന്നുതന്നെ കലാഭവനിലേക്കു പറഞ്ഞുവിടാനും ആബേലച്ചന്‍ അറിയിച്ചു. അന്നുച്ചയ്ക്ക് രണ്ടുമണിക്കുതന്നെ ജാഫര്‍ കലാഭവനിലെത്തി. പ്രകടനം വിലയിരുത്തി അച്ചന്‍ ജാഫറിനെ കലാഭവന്റെ ട്രൂപ്പിലെടുത്തു. ഏതാണ്ട് അഞ്ചുമണിയോടെ എന്റെ ലാന്‍ഡ് ഫോണില്‍ ഒരു കോള്‍ എത്തി. ശബ്ദം കടുപ്പിച്ച്, 'ഹലോ, കലാഭവന്‍ റഹ്‌മാനാണോ?' എന്ന ചോദ്യത്തിന് ആരാണെന്നു മനസ്സിലാകാതെ 'അതെ. ആരാണ്?' എന്നു ഞാന്‍ മറുചോദ്യവും ചോദിച്ചു. ഉടന്‍ മറുപടി വന്നു: 'എന്നെ മനസ്സിലായില്ലേ, ഞാന്‍ കലാഭവന്‍ ജാഫര്‍...' 

(തയ്യാറാക്കിയത്: ശ്രീകാന്ത് പങ്ങപ്പാട്ട്‌)