കലാഭവൻ റഹ്‌മാൻ എഴുതുന്ന പംക്തി കലാഭവൻ ഡയറീസ്
ആലുവ യു.സി. കോളേജിൽ ബി.എ. അവസാനവർഷം പഠിക്കുന്ന സമയത്താണ് കോട്ടയം തിരുനക്കര മൈതാനത്തു നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്തത്. അവിടെ മിമിക്രിക്ക് സമ്മാനം ലഭിച്ച പുറകെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ജീവിതത്തിൽ വലിയ സന്തോഷവും സംതൃപ്തിയും തോന്നിയ നിമിഷങ്ങളിലൂടെയാണ് അന്നു ഞാൻ കടന്നുപോയത്. കഴിവു തിരിച്ചറിഞ്ഞ് ഒറ്റയ്ക്കൊരു പരിപാടി നടത്താനായി ലഭിച്ച ക്ഷണം ഞാൻ മനസ്സാലെ സ്വീകരിച്ചു.
അങ്ങനെയാണ് കുറവിലങ്ങാട് ദേവമാതാ കോളേജിലെത്തുന്നത്. കോളേജിന്റെ വാർഷികാഘോഷപരിപാടികളുടെ ഭാഗമായി മിമിക്രിയും മോണോ ആക്ടും നടത്താനായി അരമണിക്കൂർ സമയമാണ് എനിക്കു ലഭിച്ചത്. തിങ്ങിനിറഞ്ഞ വിദ്യാർത്ഥീവിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ ചെറിയ കോമഡി സ്‌കിറ്റുകളും താരങ്ങളുടെ ശബ്ദാനുകരണവുമൊക്കെയായി ഞാൻ പ്രോഗ്രാം അവതരിപ്പിച്ചു. അന്നവിടെ അരങ്ങേറിയ പരിപാടി വൻവിജയമായിരുന്നു. ആത്മവിശ്വാസം നന്നായി ഉയർത്തിയ പ്രോഗ്രാം കൂടെയായിരുന്നു അന്ന് ദേവമാതാ കോളേജിൽ അരങ്ങേറിയത്. കോളേജ് അധികൃതർ കുറച്ച് കാശ് പ്രതിഫലമായി തരികയും ചെയ്തു.
വലിയ സന്തോഷത്തോടെ സ്റ്റേജിൽനിന്നു തിരികെ പോരാനായി നടന്നിറങ്ങുമ്പോൾ സുന്ദരിയായ ഒരു വിദ്യാർത്ഥിനി മുന്നിലേക്കു വന്നു. ഒരൽപ്പം ഹീറോ പരിവേഷത്തോടെ ഞാൻ ചെറുചിരിയോടെ ആ കുട്ടിയുടെ മുഖത്തേക്കു നോക്കി. ആ പെൺകുട്ടി മെല്ലെ പറഞ്ഞുതുടങ്ങി.
'നിങ്ങളുടെ ശബ്ദം നടൻ എം.ജി. സോമന്റേതുമായി സാമ്യമുണ്ട്. നിങ്ങൾക്ക് പുള്ളിയെ നന്നായി അവതരിപ്പിക്കാൻ പറ്റും.'
ആരാധികയുടെ അഭിപ്രായം പെട്ടെന്ന് എന്റെ മനസ്സിൽ കയറി. ഒന്നാമത് എം.ജി. സോമൻ എന്ന നടനോട് എനിക്ക് വലിയ ആരാധനയായിരുന്നു. 1979-ൽ പ്രേംനസീറിനെക്കാളും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച് സൂപ്പർ താരപദവി നേടിയ താരമായിരുന്നു എം.ജി. സോമൻ.
വീട്ടിലെത്തി ടേപ്പ് റിക്കാർഡറുമെടുത്ത് മുറിയിൽ കയറി കതകുകൾ ചാരി. മേശമേൽ റിക്കാർഡർ വെച്ച് കണ്ണുകളടച്ച് ഒരു നിമിഷം നിന്നു. എന്നിട്ട് ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലെ എം.ജി. സോമന്റെ ഒരു ഡയലോഗ്, റിക്കാർഡ് ബട്ടൻ ഓൺചെയ്ത് അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് പറഞ്ഞുനോക്കി. എന്നിട്ട് റിക്കാർഡ് ചെയ്ത കാസറ്റെടുത്ത് സുഹൃത്തിനെ കേൾപ്പിച്ചു. അവനും പച്ചക്കൊടി കാട്ടിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലായി.
ആയിടയ്ക്ക് ഞാനും സൈനുദ്ദീനും ചേർന്ന് ചില ചെറിയ 'മാട്ട പരിപാടികൾ' പോകാറുണ്ടായിരുന്നു. മിക്കവാറും സൈനുദ്ദീനാണ് മാട്ട പരിപാടികൾ പിടിച്ചിരുന്നത്. അങ്ങനെ ഒന്നിച്ചു പോകുന്ന വഴി ഇതാ ഇവിടെ വരെ എന്ന പ്രശസ്ത ചിത്രത്തിലെ എം.ജി. സോമൻ അവതരിപ്പിച്ച വിശ്വനാഥൻ എന്ന കഥാപാത്രം പറയുന്ന ഡയലോഗ്, ശബ്ദാനുകരണം നടത്തി സൈനുവിനെ കേൾപ്പിച്ചു. 'കുഴപ്പമില്ലെടാ, മൈക്കിൽ വരുമ്പോൾ കറക്ടായിരിക്കും,' എന്നു സൈനുകൂടി അഭിപ്രായം പറഞ്ഞതോടെ എനിക്കു മനസ്സമാധാനമായി. അങ്ങനെ അന്നത്തെ ചെറിയ പരിപാടികൾക്കൊക്കെ പോകുമ്പോൾ എം.ജി. സോമന്റെ ശബ്ദാനുകരണത്തിന് എനിക്കു നല്ല കൈയടിയും പ്രോത്സാഹനവും ലഭിച്ചു. ഒപ്പം പലപ്രാവശ്യം പരിശീലനം നടത്തി ശബ്ദം കൂടുതൽ മെച്ചപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു.
പിൽക്കാലത്ത് കലാഭവന്റെ മിമിക്സ് പരേഡിൽ പ്രധാനമായും ഞാനും അൻസാറും ലാലും സിദ്ദിഖുമായിരുന്നു താരങ്ങളുടെ ശബ്ദം അനുകരിച്ചിരുന്നത്.
ഞാൻ എം.ജി. സോമനെയും മധുവിനെയും അൻസാർ മാള അരവിന്ദനെയും പൂജപ്പുര രവിയെയും ലാൽ പ്രേംനസീറിനെയും പി.കെ. എബ്രാഹാമിനെയും സിദ്ദിഖ് കുതിരവട്ടം പപ്പുവിനെയും കെ.പി. ഉമ്മറെയും ആയിരുന്നു സ്ഥിരമായി അവതരിപ്പിച്ചിരുന്നത്. റിച്ചാർഡ് അറ്റൻബറോ എന്ന ബ്രിട്ടീഷ് സംവിധായകൻ ഗാന്ധി എന്ന സിനിമ ചിത്രീകരിക്കാൻ കേരളത്തിലെത്തി, ഇവിടെയുള്ള പല താരങ്ങളെയും ഡയലോഗ് പറഞ്ഞു പരിശീലിപ്പിക്കുന്നതരത്തിലായിരുന്നു ഞങ്ങൾ ശബ്ദാനുകരണം നടത്തിയിരുന്നത്.
കലാഭവന്റെ മിമിക്സ് പരേഡിൽ എം.ജി. സോമന്റെ നടത്തവും ചലനങ്ങളും ഞാൻ അനുകരിക്കുമായിരുന്നു. അദ്ദേഹം സ്റ്റേജിലൂടെ നടന്നുവന്ന് മൈക്കിന്റെ മുന്നിലെത്തി നിൽക്കുന്ന രീതിയിലാണ് ഞാൻ പരിപാടി അവതരിപ്പിച്ചിരുന്നത്. ആ നടപ്പിനുതന്നെ കാണികളുടെ കൈയടി വീഴുമായിരുന്നു. ആ കൈയടി തീരാൻ സമയം കൊടുത്തുകഴിഞ്ഞാണ് എം.ജി. സോമന്റെ ഡയലോഗ് ആരംഭിച്ചിരുന്നത്. ഡയലോഗിനിടയിലും തിരിച്ച് നടന്നുപോകുമ്പോഴും പ്രേക്ഷകർ വലിയ കരഘോഷം നൽകി ആഘോഷമാക്കാറുണ്ടായിരുന്നു. മലയാളികൾക്ക് എം.ജി. സോമനെന്ന നടനോടുള്ള ഇഷ്ടമാണ് കൈയടിയായി ലഭിച്ചിരുന്നത്. എന്റെ എം.ജി. സോമൻ അനുകരണം കലാഭവൻ മിമിക്സ് പരേഡിന്റെ ഹൈലൈറ്റായി മാറി.
അതോടൊപ്പം എം.ജി. സോമനെ നേരിൽ കാണണം എന്ന ആഗ്രഹവും ഉള്ളിൽ ശക്തിപ്രാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാവവും ശബ്ദവും മിമിക്സ് പരേഡിൽ അവതരിപ്പിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ വലിയ ആരാധനയോടെയാണ് കണ്ടിരുന്നത്.
ഒരു ദിവസം ആലുവ പെരിയാർ ഹോട്ടലിന്റെ റിസപ്ഷനിൽ ഒരു സുഹൃത്തിനെ പ്രതീക്ഷിച്ച് ഞാനിരിക്കുകയായിരുന്നു. പൊടുന്നനെ ഹോട്ടലിന്റെ മുന്നിലെത്തിയ മാരുതി കാറിൽനിന്നും ഇറങ്ങി എം.ജി. സോമനും ഭാര്യയും റിസപ്ഷനിലേക്കു വേഗം നടന്നുവരുന്ന കാഴ്ച കണ്ട് ഒരു നിമിഷം അദ്ഭുതവും പിന്നീട് ആഹ്ലാദവും നിറഞ്ഞ മനസ്സോടെ ഞാൻ എഴുന്നേറ്റുനിന്നു. കാണാനും പരിചയപ്പെടാനും ആഗ്രഹിച്ച നായകനിതാ കൺമുന്നിൽ നിൽക്കുന്നു. ആവേശഭരിതനായി ഞാനോടിച്ചെന്ന് പ്രതീക്ഷയോടെ 'സോമേട്ടാ' എന്നു വിളിച്ചു. പെട്ടെന്ന് അദ്ദേഹം തിരിഞ്ഞുനിന്ന് പരുക്കൻ മുഖഭാവത്തോടെ എന്നെ നോക്കി, 'ഹ്... എന്താ?' എന്നു ചോദിച്ചു. ഞാനാകെ ചമ്മി വിളറി നിറം മാറിയ മുഖവുമായി ആ റിസപ്ഷൻ കൗണ്ടറിൽ നിന്നു. റിസപ്ഷനിൽ നിന്ന പലരും ഈ സംഭവം ഒളികണ്ണിട്ടു നോക്കുന്നതുകൂടി കണ്ടതോടെ എനിക്കു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. ഞാൻ റിസപ്ഷന്റെ ഒരു കോണിലേക്കു മാറിനിന്നു. പക്ഷേ, എന്നെ കണ്ടപ്പോൾ സോമേട്ടന്റെ ഭാര്യ സുജാതച്ചേച്ചി പരിചയഭാവം കാണിച്ചിരുന്നു. മിമിക്സ് പരേഡിൽ സോമേട്ടനെ അനുകരിക്കുന്നതു ചേച്ചി കണ്ടിട്ടുണ്ടാവാം എന്നു ഞാൻ ഊഹിച്ചു. നടന്ന് ലിഫ്റ്റിലേക്കു പോകുന്നവഴി സുജാതച്ചേച്ചി സോമേട്ടനോട് എന്തോ സംസാരിക്കുന്നതും ഞാൻ കണ്ടു.
കലാഭവൻ റഹ്‌മാൻ, എം.ജി സോമൻ
പെട്ടെന്ന് സോമേട്ടൻ തിരികെ നടന്നുവന്ന് സൗഹൃദഭാവത്തിൽ എന്റെയടുത്തെത്തി പറഞ്ഞു,
'എനിക്കു പെട്ടെന്നു മനസ്സിലായില്ല. കലാഭവനിലെ ആർട്ടിസ്റ്റാണ് അല്ലേ?'
പരുക്കൻഭാവത്തിൽനിന്നും പരിചയഭാവത്തിലേക്കു മാറിയ സോമേട്ടൻ എന്നോടു വേറെയും വിശേഷങ്ങൾ ചോദിച്ചു. എനിക്ക് ശ്വാസം നേരെ വീണു. എന്റെ തോളിൽതട്ടി അദ്ദേഹം പറഞ്ഞു:
'ഞാൻ എറണാകുളം വരുമ്പോൾ ബന്ധപ്പെടണം. നമുക്കിനിയും കാണാം.'
കൈ തന്ന് നടന്നുപോയ സോമേട്ടനെ നേരിൽ പരിചയപ്പെടാൻ സാധിച്ച സന്തോഷത്തിൽ ഞാനവിടെ നിന്നു.
അക്കാലത്ത് പലപ്പോഴും സോമേട്ടൻ എറണാകുളത്ത് എത്തുമ്പോൾ താമസിച്ചിരുന്നത് വെജിറ്റേറിയൻ ഹോട്ടലും ബാറുമുണ്ടായിരുന്ന ദ്വാരകയിലായിരുന്നു. പരിപൂർണ്ണ വെജിറ്റേറിയനായിരുന്ന അദ്ദേഹം, മദ്യപിക്കുമ്പോൾ ടച്ചിങ്സ് ആയി ഉഴുന്നുവടയും മസാലദോശയും കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഉന്നത റാങ്കിലുള്ള ധാരാളം പോലീസ് സുഹൃത്തുക്കൾ സോമേട്ടനുണ്ടായിരുന്നു. ഈ സദസ്സിലെല്ലാം എന്നെയും വിളിച്ചിരുത്തി അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലമായിരുന്ന ദ്വാരക ഹോട്ടലിലെത്തി സോമേട്ടനെ സ്ഥിരം കാണാറുണ്ടായിരുന്നു. ദീർഘനേരം പല കാര്യങ്ങളും സംസാരിച്ച് ആ മുറിയിൽ ഞങ്ങൾ ചെലവഴിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സോമേട്ടനുമായി അടുത്ത ആത്മബന്ധം സ്വാഭാവികമായിത്തന്നെ എനിക്കുണ്ടായിരുന്നു.
1992- ൽ ജോക്‌സ് ഇന്ത്യയുടെ മിമിക്സ് പരേഡ് കളിച്ചുകൊണ്ടിരിക്കെ ഒരു ദിവസം നിർമ്മാതാവായ ദിനേശ് പണിക്കർ എന്നെ ഫോണിൽ വിളിച്ചു. അദ്ദേഹവും ശശി പരവൂരും ചേർന്ന് സംഘടിപ്പിക്കുന്ന ഗൾഫ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് വിളിച്ചത്. എം.ജി. സോമന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് ദിനേശ് പണിക്കർ ഗൾഫ് പ്രോഗ്രാമിനു വിളിച്ചതെന്ന് മനസ്സിലായി.
എറണാകുളം രാജാജി റോഡിലെ ഹോട്ടൽ സൺ ഇന്റർനാഷണലിൽ എത്തി സോമേട്ടനെ കണ്ടു. ഗൾഫ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ചർച്ചയുമായി അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവിട്ടു. എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന റിഹേഴ്സലിനുശേഷം സോമേട്ടന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ടീം ഗൾഫിലേക്കു യാത്രതിരിച്ചു.
സായികുമാർ, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഹരിശ്രീ അശോകൻ, സുനിത, തെസ്നിഖാൻ, ചിത്ര, ഗായകരായ പി. ജയചന്ദ്രൻ, മിൻമിനിയുടെ സഹോദരി ഗ്രേസി, മേഴ്സി, ജാൻസി തുടങ്ങിയവരെല്ലാം ട്രൂപ്പിലുണ്ടായിരുന്നു.
പ്രോഗ്രാമിൽ ഞാനും സോമേട്ടനും ഒന്നിച്ച് പങ്കെടുക്കുന്ന സ്‌കിറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. സോമേട്ടൻ സ്റ്റേജിൽ വന്ന് നിൽക്കുമ്പോൾ അതേ രീതിയിൽ നടന്നുവന്ന് ഞാൻ അദ്ദേഹത്തോട് അതേ ശബ്ദത്തിൽ ചോദിക്കും: 'നിങ്ങളാരാ?'
'സോമൻ.'
'അല്ല ഞാനാണ് സോമൻ.'
ഞങ്ങൾ തമ്മിലുള്ള ഒരേ ശബ്ദത്തിലുള്ള സംസാരം കേട്ട് കാണികൾ ഒന്നടങ്കം കൈയടിച്ച് ആർത്തുചിരിച്ചു. ബഹറിൻ, ദുബായ്, ഷാർജ, അബുദാബി, ഒമാൻ, തുടങ്ങി ഏതാണ്ട് ഗൾഫ് രാജ്യങ്ങൾ മുഴുവൻ ഒരുമാസം നീണ്ടുനിന്ന പരിപാടിയുമായി ഞങ്ങൾ കറങ്ങി. സോമേട്ടനുമായുള്ള അടുപ്പം കൂടുതൽ ദൃഢമായി.
ഒട്ടേറെ സുഹൃത്തുക്കളുള്ള സോമേട്ടന്റെ മുറിയിൽ എപ്പോഴും ആഘോഷരാവുകളായിരുന്നു. വൻ വിജയമായിത്തീർന്ന ഈ ഗൾഫ് പരിപാടിക്കുശേഷം തിരികെ നാട്ടിലെത്തിക്കഴിഞ്ഞും സോമേട്ടനുമായുള്ള സൗഹൃദം നല്ല രീതിയിൽ തുടർന്നിരുന്നു.
1994-ൽ ഞാനും ബൈജു സന്തോഷും കോട്ടയം നസീറും നായകരായി വരുന്ന സ്റ്റാർട്ട്, ആക്ഷൻ, ക്യാമറ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോഴിക്കോട് ഹോട്ടൽ മഹാറാണിയിലെത്തി. ജോൺ കിഴിപ്പള്ളി സംവിധാനവും സിദ്ദിഖ്ഹംസ തിരക്കഥയുമൊരുക്കിയ ഈ സിനിമയിൽ രാജൻ പി. ദേവ്, ഇന്ദ്രൻസ്, സിദ്ദിഖ്, ബോബി കൊട്ടാരക്കര, ഫിലോമിനച്ചേച്ചി തുടങ്ങിയ നിരവധി നടീനടന്മാരും ഉണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാവരും ഈ സിനിമയുടെ ചിത്രീകരണത്തിൽ സജീവമായി പങ്കെടുത്തത്. എന്നാൽ ഈ സിനിമ വെളിച്ചം കണ്ടില്ല.
അന്ന് ഞങ്ങളെല്ലാവരും ഹോട്ടൽ മഹാറാണിയിൽ താമസിക്കുമ്പോൾ നിരവധി രസമുഹൂർത്തങ്ങൾ അരങ്ങേറാറുണ്ടായിരുന്നു. കോട്ടയം നസീർ നിരവധി നടന്മാരുടെ ശബ്ദം അനുകരിച്ച് പലരെയും ഒരു രസത്തിനു കളിപ്പിക്കാറുണ്ടായിരുന്നു. നടന്മാരുടെ ശബ്ദത്തിൽ അടുത്ത മുറിയിലേക്ക് ഇന്റർകോമിലൂടെ വിളിച്ച് താഴെ റിസപ്ഷനിൽ എത്താൻ ആവശ്യപ്പെടുന്നതായിരുന്നു നസീറിന്റെ സ്ഥിരം പരിപാടി.
ഞാനൊരു ദിവസം മുറിയിൽ ഉച്ചയുറക്കത്തിലായിരിക്കുമ്പോൾ മുറിയിലേക്ക് ഇന്റർകോം കോൾ വന്നു.
'ആ നീ എവിടാ...' പരിചയമുള്ള ശബ്ദത്തിലാണ് ചോദ്യം.
'ഞാനെന്റെ മുറീല്. ആരാ?'
'ഞാൻ സോമനാടാ...'
സോമേട്ടന്റെ ശബ്ദത്തിലാണ് മറുപടി. എനിക്കു ശരിക്കും ദേഷ്യം വന്നു.
'നസീറേ നീയെന്നെ കളിയാക്കാതെ.'
കോട്ടയം നസീറിന്റെ വേലയാണെന്നു മനസ്സിലാക്കിയ ഞാൻ ഫോൺ കട്ടാക്കി. വീണ്ടും കോൾ വന്നു.
'നീയെന്താ കട്ട് ചെയ്തേ? ഞാൻ എം.ജി. സോമനാടാ...'
'നസീറെ നീ എല്ലാവരെയും കളിപ്പിക്കുന്നതുപോലെ എന്റടുത്ത് വിളച്ചിലെടുക്കാൻ വരണ്ട. കൈയിൽ വെച്ചാൽ മതി,' ഞാൻ ഇതും പറഞ്ഞ് വീണ്ടും ഫോൺ കട്ട് ചെയ്തു.
പിന്നെയും പലവട്ടം ഇന്റർകോം ഫോൺ ബെല്ലടിച്ചെങ്കിലും ഞാൻ എടുത്തില്ല. കുറച്ചു കഴിഞ്ഞ് മുറിയുടെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് കതകു തുറന്നു. ഞാൻ ഞെട്ടിപ്പോയി. മുന്നിൽ സാക്ഷാൽ എം.ജി. സോമൻ നിൽക്കുന്നു!
'നീയെന്തിനാ ഞാൻ വിളിച്ചപ്പോൾ കട്ട് ചെയ്തത്?'
തെല്ല് നീരസത്തോടെ സോമേട്ടൻ എന്നോടു ചോദിച്ചു.
'ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ ഏതൊക്കെ ആർട്ടിസ്റ്റുകൾ ഉണ്ടെന്നു ചോദിച്ചു. അപ്പഴാ നീ ഇവിടെ ഉണ്ടെന്നറിഞ്ഞ് വിളിച്ചത്...'
കുറ്റബോധത്തോടെ ഞാൻ സോമേട്ടന്റെ മുന്നിൽ നിന്നു. നസീറിന്റെ കോളാണെന്നു തോന്നി ഞാൻ ചിലപ്പോൾ മോശം വാക്കുകൾ വല്ലതും ഉപയോഗിച്ചിരുന്നെങ്കിലോ എന്നോർത്ത് ഒന്നുകൂടി ഞെട്ടി. സോമേട്ടനോട് ഒന്നും പറയാനാവാതെ നിന്ന എന്റെ വെപ്രാളം അദ്ദേഹത്തിനു തിരിച്ചറിയാനായി. എന്നെയും കൂട്ടി സോമേട്ടൻ അദ്ദേഹത്തിന്റെ മുറിയിലേക്കു നടന്നു. വലിയൊരു അമളിയുടെ ആ ഷോക്കിൽനിന്നു കരകയറാൻ എനിക്കു കുറച്ചു ദിവസം വേണ്ടി വന്നു.
1997-ലെ ഡിസംബർ മാസത്തിൽ അൻസാർ സംവിധാനം ചെയ്യുന്ന മന്ത്രിമാളികയിൽ മനസ്സമ്മതം എന്ന സിനിമയിൽ അഭിനയിക്കാൻ ഞാൻ കോതമംഗലത്തെ ഹോട്ടലിൽ എത്തി. അവിടെവെച്ച് നരേന്ദ്രപ്രസാദ് സാറിനെ കണ്ടു. ഞാനും സോമേട്ടനുമായുള്ള ബന്ധം നരേന്ദ്രപ്രസാദ് സാറിന് അറിയാമായിരുന്നു.
'സോമേട്ടനെ പി.വി.എസ്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതി അൽപ്പം ഗുരുതരമാണ്.'
വിവരം കേട്ട് ഒന്നും പറയാനാവാതെ സ്തബ്ധനായി ഞാൻ നിന്നു.
'പി.വി.എസ്സിലെ ഡോക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. മെഡിക്കൽ സയൻസിൽ എന്തെങ്കിലും അദ്ഭുതം സംഭവിച്ചാലേ രക്ഷപ്പെടൂ എന്നാണ് അദ്ദേഹവും പറയുന്നത്. നീ പോയി ഒന്നു കണ്ടോളൂ.'
കണ്ണുനിറഞ്ഞ് നരേന്ദ്രപ്രസാദ് സാറിന്റെ വാക്കുകൾ ഞാൻ കേട്ടു.
തിരക്കഥാകൃത്ത് റഫീക്ക് സീലാട്ടുമൊന്നിച്ച് പ്രത്യേക അനുമതി വാങ്ങി ഹോസ്പിറ്റലിൽ ഐ.സി.യുവിൽ കയറി സോമേട്ടനെ കണ്ടു. മുഖത്തു കരിവാളിപ്പോടെ വീർത്ത വയറോടെ കിടന്ന സോമേട്ടൻ വല്ലാതെ ക്ഷീണിതനായിരുന്നു. കണ്ടപാടെ എന്റെ കൈയിൽ കയറി പിടിച്ചു.
'നിന്നെ വിളിക്കാൻവേണ്ടി ഇരിക്കുകയായിരുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ 25ാം വാർഷികാഘോഷം തിരുവല്ലയിൽവെച്ച് പ്ലാൻ ചെയ്യുകയാണ്. നീ മുഴുവൻ സമയവും പ്രോഗ്രാമിൽ ഉണ്ടാകണം.'
തുടർന്ന് കുറേ കാര്യങ്ങൾ സോമേട്ടൻ എന്നോടു സംസാരിച്ചുകൊണ്ടിരുന്നു. അസുഖത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല എന്നും ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന നല്ല പ്രതീക്ഷയിലാണ് സോമേട്ടൻ സംസാരിക്കുന്നതെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞു. അദ്ദേഹം പിടിച്ച എന്റെ കൈ വിടാതെയാണ് സംസാരിച്ചിരുന്നത്. ഒടുവിൽ സോമേട്ടന്റെ മകൻ സജി ഇറങ്ങാമെന്ന് എന്നെ കണ്ണു കാണിച്ചു. അധികം സംസാരിക്കാൻ പാടില്ല എന്ന് ഡോക്ടറുടെ കർശന നിർദ്ദേശമുണ്ടെന്ന് സജി ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു. ഒരുവിധത്തിൽ സോമേട്ടന്റെ കൈ വിടുവിച്ച് അദ്ദേഹത്തിന്റെ മുടിയിൽ തലോടി മനസ്സില്ലാ മനസ്സോടെ ചങ്കു തകർന്ന് ഐ.സി.യുവിൽനിന്നും പുറത്തിറങ്ങി. പിറ്റേന്ന് 1997 ഡിസംബർ 12ന് സോമേട്ടൻ ഈ ലോകം വിട്ടുപോയി. എന്റെ കലാജീവിതത്തിലെ സ്വകാര്യനഷ്ടമായി ഞാനാ വേർപാടിനെ വിലയിരുത്തുന്നു. ഇപ്പോഴും തിരുവല്ല വഴി പോകുമ്പോൾ സോമേട്ടന്റെ ആ വീട്ടിൽ ഞാൻ എത്താറുണ്ട്. സുജാതച്ചേച്ചിയെയും മകൻ സജിയെയും കണ്ട് സംസാരിക്കാറുമുണ്ട്. സജിയുമായി ഉറ്റസൗഹൃദം ഇന്നും തുടരുന്നു. ചേച്ചിയുടെ ഉടമസ്ഥതയിൽ നന്നായി മുന്നോട്ടുപോകുന്ന ഭദ്രാ കറിപൗഡർ കമ്പനിയും നിലവിലുണ്ട്.
Content Highlights: kalabhavan rahman column kalabhavan diaries memoir on actor mg soman
Published: 23 Oct 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented