
1984- ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മിമിക്സ് പരേഡുമായി കലാഭവനോടൊപ്പമുള്ള യാത്രയ്ക്കിടയിലും ഞങ്ങളുടെയെല്ലാം ആഗ്രഹം സിനിമയിലെത്തുക എന്നതുതന്നെയായിരുന്നു.
1982ല്‍ റിലീസ് ചെയ്ത ജി. അരവിന്ദന്‍ സംവിധാനം ചെയ്ത പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ അന്‍സാറും പി.എ. ബക്കര്‍ സംവിധാനം ചെയ്ത ചാപ്പയിലൂടെ സൈനുദ്ദീനും അതിനോടകംതന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ഒരു ദിവസം സൈനുദ്ദീന്‍ പറഞ്ഞു: 'എടാ എന്റെ രണ്ടു കൂട്ടുകാര്‍ ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ പടം വരുന്നുണ്ട്. നിനക്കായി ഞാനൊരു വേഷം പറഞ്ഞുവെച്ചിട്ടുണ്ട്. അവര് നിന്നെ വിളിക്കും.'
സന്തോഷത്തില്‍ മതിമറന്ന ഞാന്‍ സൈനുദ്ദീനെ കെട്ടിപ്പിടിച്ചു. ആഗ്രഹിച്ചപോലെ സിനിമയില്‍ ഒരു വേഷം വന്നിരിക്കുകയാണ്. അതു നേടിത്തന്ന പ്രിയ കൂട്ടുകാരന്‍ സൈനുവിനോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടവും കടപ്പാടും തോന്നി.
ഏതാനും ദിവസം കഴിഞ്ഞ് നിര്‍മ്മാതാക്കളില്‍ ഒരാള്‍ വിളിച്ച് ഒക്ടോബര്‍ 29ന് പാലക്കാട് എത്താന്‍ നിര്‍ദ്ദേശിച്ചു. വിവരമറിഞ്ഞ് കലാഭവനിലും എല്ലാവര്‍ക്കും സന്തോഷമായി. ഒരാള്‍കൂടി സിനിമാതാരമാകാന്‍ പോകുന്നുവെന്ന ശുഭവാര്‍ത്തയറിഞ്ഞ് മിമിക്സ് പരേഡിലെ സഹതാരങ്ങളും എന്നെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. പിന്നീട് ഒക്ടോബര്‍ 29ാം തീയതിക്കായുള്ള കാത്തിരിപ്പിന് നീളം കൂടുതല്‍ തോന്നിച്ചിരുന്നു.
അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന ഒക്ടോബര്‍ 29ാം തീയതി വന്നെത്തി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും യാത്രയാക്കാനായി സൈനുദ്ദീനും ജയറാമും പ്രസാദും നാരായണന്‍കുട്ടിയും ഒപ്പം എത്തിയിരുന്നു. ട്രെയിന്‍ പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ നിര്‍മാതാവ് പറഞ്ഞയച്ച ഒരാള്‍ എന്നെ തേടി പ്ലാറ്റ് ഫോമിലെത്തി. ഒരു ടെക്സ്റ്റയില്‍ കവറില്‍ കട്ടിയുള്ള ഒരു പൊതിയുമായാണ് അയാളെത്തിയത്. ആ കവര്‍ കൈയില്‍ ഏല്‍പ്പിച്ച് പാലക്കാട് ഹോട്ടലിലുള്ള പ്രൊഡക്ഷന്‍ മാനേജര്‍ ശിവരാമനെ ഏല്‍പ്പിക്കണം എന്ന് അയാള്‍ നിര്‍ദ്ദേശിച്ചു. ബാഗിനോടൊപ്പം ഞാനാ കവര്‍ സൂക്ഷിച്ച് കൈയില്‍തന്നെ വെച്ചു.
വൈകുന്നേരം അഞ്ചുമണിയോടെ എത്തിയ ട്രെയിനില്‍ കയറി പാലക്കാട്ടേക്കു യാത്രയായി. ഒരു സിനിമാസെറ്റിലേക്കുള്ള ആദ്യയാത്രയില്‍ സന്തോഷത്തോടൊപ്പം എന്തായിരിക്കും കഥാപാത്രം? നന്നായി അഭിനയിക്കാന്‍ സാധിക്കുമോ? എന്നുള്ള ആശങ്കകളും ഉള്ളില്‍ നിറഞ്ഞിരുന്നു.
രാത്രി ഒമ്പതുമണിയോടെ ട്രെയിന്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. നിര്‍ത്തിയ ട്രെയിനില്‍നിന്നും സ്റ്റെപ്പിറങ്ങവേ മുന്നോട്ട് ബാഗുമായി ഓടിയ ഒരു പോര്‍ട്ടറുടെ കൈ എന്റെ തോളില്‍ ശക്തമായി തട്ടി. കൈയില്‍ സുരക്ഷിതമായി ഇരുന്ന കവര്‍ പ്ലാറ്റ് ഫോമിലേക്ക് തെറിച്ചുവീണു. ശക്തമായി തറയില്‍ പതിച്ച കവറിനുള്ളില്‍നിന്നും ചില്ലുകുപ്പി പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ഞാന്‍ അമ്പരന്നു. ടെക്സ്‌റ്റൈല്‍ കവറിനുള്ളിലിരുന്നു പൊട്ടിയ കുപ്പിയില്‍നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം പ്ലാറ്റ്ഫോമിലെങ്ങും പരന്നു. ചുറ്റുമുള്ള യാത്രക്കാരെല്ലാം പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ഒട്ടും സമയം കളയാതെ നിലത്തു കുനിഞ്ഞിരുന്ന് ആ കവറോടെ ഞാന്‍ കൈയിലെടുത്ത് പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചിരുന്ന വേസ്റ്റ് വീപ്പയില്‍ നിക്ഷേപിച്ചു. സത്യത്തില്‍ ആ കവറില്‍ മദ്യമായിരുന്നുവെന്ന് അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. പ്ലാറ്റ്ഫോമില്‍ നടന്ന സംഭവത്തിന്റെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ച് ഞാന്‍ റെയില്‍വേസ്റ്റേഷനു പുറത്തെത്തി.
അവിടെനിന്നും ഒരു ഓട്ടോറിക്ഷയെടുത്ത് റൂം പറഞ്ഞിരുന്ന പാലക്കാട്ടെ ദേവപ്രഭ ഹോട്ടലിലെ റിസപ്ഷനിലെത്തി പേരു പറഞ്ഞു. അവിടെ എന്നെ പ്രതീക്ഷിച്ചു നിന്ന പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്നെത്തിയ മാനേജരുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി ഞാന്‍ നിന്നു.
'നിങ്ങളുടെ കൈയില്‍ തന്നുവിട്ട കവറെവിടെ?'
പോര്‍ട്ടറുടെ കൈ തട്ടി കവര്‍ പ്ലാറ്റ്ഫോമില്‍ വീണെന്നും അതിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിയതിനാല്‍ വേസ്റ്റ് ബോക്സില്‍ ഉപേക്ഷിച്ചുവെന്നും വിഷമത്തോടെ ഞാന്‍ അറിയിച്ചു. പറഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാതെ പ്രൊഡക്ഷന്‍ മാനേജര്‍ സംശയത്തോടെ ദേഷ്യത്തില്‍ വഴക്കു പറഞ്ഞു:
'ശ്ശെ... നിങ്ങളിതെന്തു പരിപാടിയാ കാണിച്ചത്. ഒരു ഗസ്റ്റിനായി പ്രത്യേകം സംഘടിപ്പിച്ച കുപ്പിയായിരുന്നു അത്.'
അയാള്‍ അനിഷ്ടം വലിയ ഉച്ചത്തില്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. റിസപ്ഷനിലുണ്ടായിരുന്നവരുടെ നോട്ടത്തിനുമുമ്പില്‍ അപമാനിതനായി കുറ്റവാളിയെപ്പോലെ തലകുനിച്ച് ഞാന്‍ നിന്നു. കുപ്പി അടിച്ചുമാറ്റി നുണപറയുന്നതാണോ എന്ന സംശയവും പ്രൊഡക്ഷന്‍ മാനേജര്‍ക്കുള്ളതായി തോന്നി. ഒരു കള്ളന്റെ അവസ്ഥയിലേക്ക് നിരപരാധിയായ എന്നെ സാഹചര്യം മാറ്റിയല്ലോ എന്ന വ്യഥയില്‍ വിഷമത്തോടെ ഹോട്ടല്‍മുറിയിലെത്തി കതകടച്ചു കിടന്നു. അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല.
ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ രാത്രി വൈകി ഹോട്ടല്‍ കോറിഡോറില്‍ വലിയ ഒച്ചയും ബഹളവും കേട്ട് പതിയെ കതകു തുറന്ന് പുറത്തേക്കു ശ്രദ്ധിച്ചു. കോറിഡോറിന്റെ അങ്ങേ തലയ്ക്കലെ മുറിയില്‍നിന്നും പുറത്തെത്തിനിന്ന പ്രശസ്ത നടന്‍ കെ.പി. ഉമ്മര്‍, പ്രൊഡക്ഷന്‍ മാനേജരെ ശകാരിക്കുന്ന കാഴ്ച കണ്ടു. 'അവനാരാ എന്റെ കുപ്പി കളയാന്‍? അതോ അവന്റെ കൂട്ടുകാര്‍ക്കു കൊടുത്തോ? ഒന്നാമത് സ്‌കോച്ച് ഇവിടെ കിട്ടില്ല.' പൊട്ടിത്തെറിച്ച ഉമ്മറിനെ സമാധാനിപ്പിക്കാന്‍ പ്രൊഡക്ഷന്‍ മാനേജര്‍ ശ്രമിച്ചുകൊണ്ടിരുന്ന കാഴ്ച കണ്ട് ഞാന്‍ വേഗം തന്നെ കതകടച്ചു. ആ പാക്കറ്റ് കെ.പി. ഉമ്മറിനു വേണ്ടിയായിരുന്നു എന്നറിഞ്ഞ എന്റെ മനോവിഷമം ഇരട്ടിച്ചു.
അടുത്ത ദിവസം ഒക്ടോബര്‍ 31ന് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് വിക്ടോറിയ കോളജിലേക്ക് ചെന്നു. കോളജ് വിദ്യാര്‍ത്ഥികളുടെ വേഷമായിരുന്നു നായകനായി അഭിനയിക്കുന്ന ദേവനും എനിക്കും. അല്‍പ്പം വില്ലത്തരമുള്ള എന്റെ കഥാപാത്രം ദേവനുമായി ഉടക്കുകയും തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. മാനസിക സമ്മര്‍ദമുണ്ടായിരുന്ന എന്നെ ദേവന്‍ സമാധാനിപ്പിച്ചു.
'നിങ്ങള്‍ സ്റ്റേജ് പെര്‍ഫോര്‍മറല്ലേ? ഒട്ടും പേടിക്കേണ്ട. ടെന്‍ഷനില്ലാതെ അഭിനയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.'
നായകനായ ദേവന്റെ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസം പകര്‍ന്നു. ടേക്കെടുക്കാനായി ദേവന്‍ പതുക്കെ കാമറയ്ക്കുമുമ്പിലേക്കു നടക്കവേയാണ് ആ സംഭവം നടന്നത്. അങ്ങോട്ടേക്ക് ഓടി വരുന്ന ജനക്കൂട്ടത്തെ കണ്ട് ഞാന്‍ അമ്പരന്നു.
'ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു' എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ് ആളുകള്‍ എത്തിയത്. ആ വാര്‍ത്ത ഷൂട്ടിങ് ലൊക്കേഷനിലെങ്ങും തീപോലെ പടര്‍ന്നു. അതോടെ സിനിമാ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പല കാരണങ്ങള്‍കൊണ്ടും ആ സിനിമ പൂര്‍ത്തിയായില്ല.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം
കലാഭവന്റെ മിമിക്സ് പരേഡ് നല്ല രീതിയില്‍ പ്രേക്ഷക പ്രശംസ നേടി കളിച്ചുകൊണ്ടിരിക്കുന്ന 1984-85 സമയത്ത് രാജീവ്കുമാര്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന, സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. നവോദയ ഫിലിംസിന്റെ പ്രൊഡക്ഷനില്‍ രഘുനാഥ് പലേരി സംവിധാനം ചെയ്യുന്ന ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രമായിരുന്നു അത്.
രാജീവ്കുമാര്‍ വിളിച്ചതനുസരിച്ച് ആലുവാ പാലസിലെ ലൊക്കേഷനിലേക്ക് കൗതുകത്തോടെയും ഭയാശങ്കയോടെയും ഞാന്‍ ചെന്നു. ധാരാളം സ്റ്റേജനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ക്യാമറയ്ക്കു മുമ്പില്‍ സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് ഈ വാക്കുകള്‍ക്കിടയില്‍ ധാരാളം ആളുകള്‍ നോക്കിനില്‍ക്കെ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുക എന്ന പുതിയൊരു കലാനുഭവത്തിലേക്കു കാല്‍വെക്കുന്നതിന്റെ പരിഭ്രാന്തി ഉള്ളിലുണ്ടായിരുന്നെങ്കിലും ഞാനതു പുറത്തുകാട്ടിയില്ല.
സംവിധായകനായ രഘുനാഥ് പലേരിക്ക് കലാഭവനിലെ എല്ലാ കലാകാരന്മാരെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഐസ്‌ക്രീം പാര്‍ലറില്‍ ഒരു പയ്യനെ കാണാനെത്തുന്ന നായികയായ ആശാ ജയറാമും ശാരിയും ഞാനും ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ രംഗമാണ് അന്ന് ഷൂട്ടുചെയ്യേണ്ടിയിരുന്നത്. ഐസ്‌ക്രീം പാര്‍ലറിലെ വെയിറ്ററുടെ വേഷമായിരുന്നു ലഭിച്ചത്. ഒറ്റ സീന്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അത്യാവശ്യം ഡയലോഗ് ഉള്ള ഒരു തമാശരംഗമായിരുന്നു അത്.
ഐസ്‌ക്രീം പാര്‍ലറിന്റെ കൗണ്ടറില്‍നിന്ന് ഞാന്‍ പൊങ്ങി എഴുന്നേറ്റ് നില്‍ക്കുന്ന രംഗമായിരുന്നു അന്നവിടെ ആദ്യം ചിത്രീകരിച്ചത്. ചെയ്യേണ്ട സീനിന്റെ സാഹചര്യം സംവിധായകനായ രഘുനാഥ് പലേരി വിശദമായി പറഞ്ഞുതന്നിട്ടും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലായിരുന്നു. ഒന്നുരണ്ട് ടേക്ക് പോയിട്ടും ആ രംഗം സംവിധായകന്റെ മനസ്സിലുള്ളതുപോലെ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ അല്‍പ്പം നിരാശയോടെ ഇനി എന്തുചെയ്യുമെന്ന ആധിയോടെ ഞാന്‍ ലൊക്കേഷനില്‍ നിന്നു. ആ ചിത്രത്തിന്റെ മറ്റൊരു അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചത് നവോദയ അപ്പച്ചന്‍ സാറിന്റെ മകന്‍ ജിജോ പുന്നൂസ് ആയിരുന്നു. അക്കാലത്ത് പടയോട്ടം പോലെയുള്ള ബ്രഹ്‌മാണ്ഡചിത്രവും ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനുമൊക്കെ സംവിധാനം ചെയ്ത് പ്രതിഭ തെളിയിച്ച ജിജോ, അന്നും ഇന്നും ലാളിത്യമാര്‍ന്ന വ്യക്തിത്വത്തിനുടമയാണ്. സീന്‍ ശരിയാക്കാന്‍ കഴിയാതെ ഗതികേടില്‍ നിന്ന എന്റെ അരികിലേക്ക് ജിജോ നടന്നുവന്നു. ഒറ്റ മുണ്ടും സാധാരണ അര കൈയ്യന്‍ ഷര്‍ട്ടും തലയില്‍ ഒരു കര്‍ചീഫും കെട്ടിയ ജിജോ എന്റടുത്തെത്തി ശാന്തനായി പറഞ്ഞു. 'റഹ്‌മാന്‍ ടെന്‍ഷനടിക്കേണ്ട. ഞാന്‍ കാണിച്ചുതരാം.'
ജിജോ പതുക്കെ കൗണ്ടറിനു പിന്നില്‍നിന്നും നിവര്‍ന്ന് എഴുന്നേറ്റു നില്‍ക്കുന്നത് എങ്ങനെയെന്ന് ക്ഷമയോടെ എനിക്കു കാണിച്ചുതന്നു. എന്താണെന്നറിയില്ല, അദ്ദേഹം അതു കാണിച്ചുതന്നപ്പോള്‍ എനിക്കതു പെട്ടെന്നു മനസ്സില്‍ കയറി. അടുത്ത ഷോട്ടില്‍ത്തന്നെ ആ രംഗം അഭിനയിച്ചുതീര്‍ക്കാന്‍ കഴിഞ്ഞു. ഇതാണ് സിനിമയിലെ ആദ്യത്തെ അരങ്ങേറ്റം. 1986-ലാണ് എന്റെ ആദ്യചിത്രം ഒന്നുമുതല്‍ പൂജ്യംവരെ റിലീസായത്.
പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞാണ് രണ്ടാം ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കൈവരുന്നത്. കോളേജില്‍ വെച്ച് എന്റെ നാടകങ്ങള്‍ കണ്ടിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് എന്നെ വിളിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി നേരത്തേതന്നെ അടുത്ത സൗഹൃദമുണ്ടായിരുന്നു. പിറ്റേന്നുതന്നെ, ഇന്നത്തെ കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലിന്റെ മുന്‍വശത്തുള്ള എറണാകുളം കല്‍പ്പക ടൂറിസ്റ്റ് ഹോമില്‍ എത്തണമെന്നായിരുന്നു ബാലന്‍ ആവശ്യപ്പെട്ടത്. അക്കാലത്തെ സിനിമാക്കാരുടെ താവളമായിരുന്നു കല്‍പ്പക ടൂറിസ്റ്റ് ഹോം. പ്രതീക്ഷയോടെ പറഞ്ഞ സമയത്തുതന്നെ ഞാനവിടെ ചെന്നു. താനെഴുതുന്ന തിരക്കഥ ജാലകം എന്ന പേരില്‍ സിനിമയാക്കുന്നത് സംവിധായകന്‍ ഹരികുമാറാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് അറിയിച്ചു. പിന്നീട് ഹരികുമാറിന്റെ മുറിയിലെത്തി എന്നെ പരിചയപ്പെടുത്തി. സംസാരിക്കുന്നതിനിടെ എന്നെ അടിമുടി സംവിധായകന്‍ ശ്രദ്ധിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് താടിയൊക്കെ വളര്‍ത്തി അല്‍പ്പം പരുക്കന്‍ ലുക്കിലായിരുന്നു. ജാലകം സിനിമയിലെ നന്ദന്‍ എന്ന കഥാപാത്രത്തിന് ഞാന്‍ അനുയോജ്യനാണെന്ന് ഹരികുമാര്‍ വിലയിരുത്തിയതോടെ രണ്ടാമത്തെ ചിത്രത്തിലഭിനയിക്കാന്‍ നറുക്കുവീണു.
അശോകനും പാര്‍വ്വതിയും നായകനും നായികയുമായ, കാമ്പസ് രാഷ്ട്രീയം ശക്തമായി ചര്‍ച്ച ചെയ്ത ജാലകത്തില്‍ ഇന്നസെന്റ്, എം.ജി. സോമന്‍, മുരളി, ശ്രീവിദ്യ, കെ.പി.എ.സി. ലളിത, ജഗദീഷ് തുടങ്ങിയവരോടൊപ്പം കഥയുമായി ബന്ധമുള്ള ശ്രദ്ധേയമായ വേഷത്തില്‍ ഞാനും അഭിനയിച്ചു. മഹാരാജാസ് കോളേജ് അങ്കണത്തിലായിരുന്നു അഭിനയിച്ച മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. ഇടതുപക്ഷ അനുഭാവിയായ, വില്ലത്തരങ്ങളുള്ള നന്ദന്‍ എന്ന എന്റെ കഥാപാത്രവും അപ്പു എന്ന ക്യാരക്ടര്‍ അഭിനയിച്ച അശോകനുമായുള്ള സംഘര്‍ഷരംഗങ്ങളും ജാലകത്തിലുണ്ടായിരുന്നു. ഞങ്ങള്‍ കലാഭവന്റെ മിമിക്സ് അവതരിപ്പിക്കാനായി ദുബായില്‍ എത്തിയ ദിവസമായിരുന്നു ജാലകം കേരളത്തില്‍ റിലീസ് ചെയ്തത്. നാട്ടിലുള്ള സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു ചോദിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം തിരക്കിയത്. വേഷം നന്നായിട്ടുണ്ടെന്നും, പ്രേക്ഷകശ്രദ്ധ നേടിയെന്നുമുള്ള വാര്‍ത്ത ഉള്ളം കുളിര്‍പ്പിച്ചു. സിനിമാഭിനയത്തില്‍ ശ്രദ്ധിക്കപ്പെടുക എന്ന വലിയൊരു മോഹംകൂടിയാണ് അന്നു പൂവണിഞ്ഞത്. എന്റെ മുഖത്തു ചായമിട്ട ചമയം രാമുവും കലാസംവിധായകന്‍ റോയ് പി. തോമസും ഷൂട്ടിങ് സമയത്ത് 'താങ്കളീ ചിത്രത്തോടെ തിരക്കിലാവും,' 'നല്ല ശ്രമം തുടരണം' എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സൈനുദ്ദീനും ജയറാമും ഗള്‍ഫില്‍ വെച്ച് ജാലകം സിനിമയുടെ പേരില്‍ ചെലവൊക്കെ ചെയ്യിച്ചതും ഓര്‍മകളില്‍ നിറയുന്ന രസച്ചരടുകളാണ്.
2015ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും കോണ്ടാക്ട് അവാര്‍ഡും 'നോട്ടീസുവണ്ടി' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് എനിക്കു ലഭിച്ചിരുന്നു. ഡഫേദാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡും, ബിനുലാല്‍ ഉണ്ണി എഴുതി, സുജിത് ലാല്‍ സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. രണ്ടിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഏതായാലും സിനിമയെന്ന കലാമേഖലയില്‍ ഞാന്‍ തൃപ്തനാണ്. ഇക്കാലത്ത് സിനിമയിലെത്താന്‍ എളുപ്പമാണ്. എന്നാല്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അതു വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ട സെല്‍ഫ് മാര്‍ക്കറ്റിംഗ് ബിസിനസ്സുകൂടിയാണ്. എനിക്കാണെങ്കില്‍ പണ്ട് മുന്‍കോപം കൂടുതലും ക്ഷമ കുറവുമായിരുന്നു. ഇപ്പോള്‍ മുന്‍കോപം മാറി എനിക്ക് കൂടുതല്‍ പക്വത വന്നിട്ടുണ്ടെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്.
അടിസ്ഥാനപരമായി മിമിക്രി ലോകത്തുനിന്നും സിനിമയിലെത്തി യതുകൊണ്ട് ആദ്യകാലത്ത് ഹ്യൂമര്‍ കഥാപാത്രങ്ങളായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ കാത്തിരിക്കുന്നത് ശക്തമായ അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ക്കായാണ്. ചില സിനിമകളില്‍ അത്തരം വേഷങ്ങള്‍ ആഗ്രഹംപോലെ ലഭിക്കാറുമുണ്ട്. ഏതൊക്കെയോ എഴുത്തുകാര്‍ തന്റെ പേനത്തുമ്പിലൂടെ ഞാനവതരിപ്പിക്കേണ്ട നല്ല വേഷങ്ങള്‍ എവിടെയോ ഇരുന്ന് എഴുതുന്നുണ്ടെന്നു വിശ്വസിക്കുന്നു. എല്ലാം ദൈവനിശ്ചയംപോലെ നടക്കും.
Content Highlights: kalabhavan rahman column kalabhavan diaries the existance of a film actor
Published: 27 Sept 2024, 06:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented