കലാഭവന്‍ റഹ്‌മാന്‍ എഴുതുന്ന കലാഭവന്‍ ഡയറീസ്

To advertise here,

1990-91 കാലത്താണ് സീരിയല്‍ അഭിനയരംഗത്തേക്കും ഞാന്‍ ചുവടുവെക്കുന്നത്. 1985ല്‍ ആരംഭിച്ച ദൂരദര്‍ശനില്‍ 13 എപ്പിസോഡുകള്‍ വരുന്ന ഒട്ടനവധി സീരിയലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ആ സീരിയലുകള്‍ക്കെല്ലാം പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. ആദ്യസമയത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റും പിന്നീട് കളറിലും ടിവി കേരളത്തില്‍ പ്രചാരമേറിവന്നിരുന്നു. ഉയരമുള്ള മരങ്ങളുടെ മുകളില്‍ സ്ഥാപിതമായ ആന്റിനകളും കേബിളുകളും വഴി സീരിയലുകളും ടെലിഫിലിമുകളും മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയിരുന്നു.

ടി.എസ്. സജി സംവിധാനം ചെയ്ത പണിക്കേഴ്സ് ആണ് ആദ്യമായി അഭിനയിച്ച ടി.വി. പരമ്പര. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ആ സീരിയലില്‍ കലാഭവന്‍ മിമിക്സ് ട്രൂപ്പില്‍നിന്നും സൈനുദ്ദീനും നാരായണന്‍കുട്ടിയും വേഷമിട്ടിരുന്നു.

പി.ആര്‍. നാഥന്‍ തിരക്കഥയെഴുതി പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്റെ പ്രധാന അസോസിയേറ്റ് ഡയറക്ടറായിരുന്ന ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത സ്‌കൂട്ടര്‍ എന്ന പരമ്പരയില്‍ അഭിനയിക്കാനായി ക്ഷണം ലഭിച്ചു. ദൂരദര്‍ശനുവേണ്ടി നിര്‍മ്മിച്ച 13 എപ്പിസോഡ് വരുന്ന ആ സീരിയലില്‍ കുമരകം രഘുനാഥ് നായകനായും ശാന്തികൃഷ്ണ നായികയായും അഭിനയിച്ചിരുന്നു. ശാന്തികൃഷ്ണയുടെ സഹോദരനായി സ്‌കൂട്ടര്‍ പരമ്പരയില്‍ മുഴുനീളവേഷം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്ന് ഈ സീരിയലിന്റെ രണ്ടാം ഭാഗമായ സീമന്തത്തിലും നല്ലൊരു കഥാപാത്രം ലഭിച്ചു. അതിനുശേഷം 13 എപ്പിസോഡുകളുള്ള നിരവധി ദൂരദര്‍ശന്‍ പരമ്പരകളില്‍ അഭിനയിച്ചു. 

1993-ല്‍ മലയാള ചാനല്‍ മാദ്ധ്യമരംഗത്തു ഏഷ്യാനെറ്റ് നിലവില്‍ വന്നു. ദൂരദര്‍ശനിലെ 13 എപ്പിസോഡ് പരമ്പരകളില്‍നിന്നു വ്യത്യസ്തമായി ഏഷ്യാനെറ്റില്‍ മെഗാ സീരിയലുകളും സംപ്രേഷണം ചെയ്തുതുടങ്ങിയിരുന്നു. അങ്ങനെ 1994-ല്‍ ഏഷ്യാനെറ്റിലെ ആദ്യത്തെ സൂപ്പര്‍ മെഗാസീരിയലായ മുഖങ്ങളിലും എനിക്കു പ്രധാനപ്പെട്ട ഒരു വേഷം ലഭിച്ചു. കോഴിക്കോട് ബാബുരാജ് ആയിരുന്നു സംവിധായകന്‍. മധുസാര്‍ പ്രധാന റോള്‍ ചെയ്ത ഈ മെഗാ പരമ്പരയില്‍ ഞാനും ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അക്കാലത്ത് ഈ സീരിയല്‍ കണ്ട പ്രേക്ഷകര്‍ നേരില്‍ വന്ന് പരിചയപ്പെടുമ്പോള്‍ മുഖങ്ങള്‍ സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് എടുത്തുപറയാറുണ്ടായിരുന്നു. 

സിനിമകളില്‍ അഭിനയിക്കുമ്പോഴും ശ്രദ്ധിക്കപ്പെട്ട കുറേ കഥാപാത്രങ്ങള്‍ സീരിയലുകളില്‍നിന്നും എനിക്കു ലഭിച്ചു. സിനിമയെ സ്റ്റുഡിയോ ഫ്‌ളോറുകളില്‍നിന്നു പുറത്തെത്തിച്ച പ്രശസ്ത സംവിധായകന്‍ പി. എന്‍. മേനോന്റെ കാഴ്ചകള്‍ എന്ന വ്യത്യസ്തമായ പരമ്പരയിലും മുഖത്തു ചായമിടാനുള്ള ഭാഗ്യം എനിക്കു വന്നുചേര്‍ന്നതു മറക്കാനാവില്ല.

ചാനലുകളിലെ ഹിറ്റ് സീരിയല്‍ സംവിധായകനായ എ. എം. നസീറിന്റെ മകള്‍ മരുമകള്‍, ഭാര്യ, മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത സര്‍ക്കാര്‍ സഹായം ഡ്രൈവിങ് സ്‌കൂള്‍ എന്നീ പരമ്പരകള്‍ തുടങ്ങി ഓര്‍മ്മകളില്‍ തെളിയാത്ത ഒട്ടേറെ സീരിയലുകളിലൂടെ മലയാളി വീടുകളിലെ അകത്തളങ്ങളിലെ ടിവികളില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടു. 

സാജന്‍ സംവിധാനം ചെയ്ത് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ചേച്ചിയമ്മ എന്ന പരമ്പരയില്‍ സായികുമാറിനും റിസബാവയ്ക്കും ഒപ്പം അഭിനയിച്ചു. 

പ്രശസ്ത ക്യാമറാമാനായിരുന്ന മങ്കട രവിവര്‍മ്മ ഒരുക്കിയ കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലും നല്ലൊരു കഥാപാത്രം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ബാലന്‍ കെ. നായര്‍ പ്രധാന വേഷം ചെയ്ത 'കുഞ്ഞിക്കൂന'ന്റെ കഥാപാത്രമാകാനായി തല മൊട്ടയടിച്ചാണ് ഞാന്‍ ക്യാമറയ്ക്കുമുന്നിലെത്തിയത്.
ഹരിശ്രീ അശോകന്‍ നായകനായും കാളവണ്ടിക്കാരനായി ഞാനും ബാക്കിയുള്ള റോളുകളില്‍ രാജന്‍ പി. ദേവും കെ.പി.എ.സി. അസീസും സുബൈറും ദേവിചന്ദനയും അഭിനയിച്ച് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കാള എന്ന സീരിയലും മിനിസ്‌ക്രീനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2007-ല്‍ ശ്രീ മൂവീസ് നിര്‍മ്മിച്ച് അഖിലേഷ് സംവിധാനം ചെയ്ത സമദൂരം പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്.

placeholder
കലാഭവന്‍ കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ലാല്‍

മരുപ്പച്ച തേടി

വഴിമാറി സഞ്ചാരങ്ങള്‍ പല കലാകാരന്മാരുടെയും ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ജീവിതത്തില്‍ പലപ്പോഴും കരയോടടുപ്പിച്ച് സുരക്ഷിതമായി തുഴയാനുള്ള ആഗ്രഹമാണ് എല്ലാവരെയുംപോലെ ഞങ്ങള്‍ക്കുമുള്ളത്. കല വിട്ട് മറ്റൊരു പന്ഥാവിലേക്കു തിരിയുന്ന കാര്യം സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനാവില്ല എങ്കിലും പല സമയങ്ങളിലും വിധി എന്നെ വഴി തിരിച്ച് മറ്റു പല ബിസിനസ്സുകളിലേക്കും വഴിനടത്തിയിട്ടുണ്ടെങ്കിലും, ഭിത്തിയിലടിച്ച റബ്ബര്‍പന്തുകണക്കെ തിരികെ അഭിനയലോകത്തേക്കുതന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ

 2003 വര്‍ഷങ്ങളില്‍ സിനിമകളിലെ അവസരങ്ങള്‍ കുറവുവന്ന സമയം ഞാന്‍ സീരിയല്‍ അഭിനയരംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. കുറെ നാള്‍ സീരിയലുകളില്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഭാവി ലക്ഷ്യമാക്കി മറ്റെന്തെങ്കിലും ബിസിനസ്സുകൂടി ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കൂടുതലായി ബലപ്പെട്ടുവന്നു. അക്കാലത്ത് പിതൃസഹോദരപുത്രരായ സക്കീറും അസീറും മറ്റൊരു പാര്‍ട്ണറുമായി ചേര്‍ന്ന് ഗള്‍ഫില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങിയിരുന്നു. ദുബായ്ഷാര്‍ജ ബോര്‍ഡറില്‍ കാറ്റര്‍ പില്ലര്‍ റൗണ്ട് എബൗട്ടിലായിരുന്നു ആ ഹോട്ടല്‍ സംരംഭം എന്നു കേട്ടറിഞ്ഞിരുന്നു. അവരുമായി ഹോട്ടല്‍ ബിസിനസ്സില്‍ ഞാനും പങ്കാളിയായി ചേര്‍ന്നാലോ എന്നൊരു ഗൗരവമായ ചര്‍ച്ചയും വീട്ടില്‍ നടന്നു. അഭിനയത്തിരക്ക് കുറവാണെങ്കില്‍ കുറച്ചുനാളത്തേക്ക് പുതിയൊരു സംരംഭത്തില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചാല്‍ കുറച്ചു കാശൊക്കെ സമ്പാദിച്ച് തിരിച്ചു നാട്ടിലെത്താമെന്നും പിന്നീട് സിനിമാഭിനയം തുടരാമല്ലോ എന്നൊരു ചിന്തയും ഉയര്‍ന്നുവന്നു.

അതിനു മുമ്പില്‍ നാട്ടില്‍ത്തന്നെ ചില ബിസിനസ്സൊക്കെ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയകരമല്ലാത്ത മുന്‍ അനുഭവങ്ങളും എനിക്കുണ്ടായിരുന്നതിനാല്‍ പുതിയ സംരംഭത്തിലും താത്പര്യമില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. നാട്ടില്‍ നടത്തിയ കച്ചവടപരിപാടിപോലെയല്ല ഗള്‍ഫിലെ ഹോട്ടല്‍ ബിസിനസ്സെന്നും അവിടെ സാദ്ധ്യത കൂടുതലാണെന്നും എല്ലാവരും തുടരെ നിര്‍ബ്ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. കലാപ്രവര്‍ത്തനമല്ലാതെ മറ്റൊന്നും മനസ്സിലില്ലാതിരുന്ന ഉള്ളില്‍ വിങ്ങലോടെയാണ് ഗള്‍ഫിലേക്കു വിമാനം കയറിയത്. തിരുവനന്തപുരത്ത് അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ അവസാനരംഗവും ഷൂട്ടുചെയ്തുതീര്‍ത്താണ് ഞാന്‍ യാത്രയായത്. അന്ന് വിസിറ്റിങ് വിസയെടുത്ത്, പങ്കാളിത്തമെടുത്ത ഗള്‍ഫിലെ ഹോട്ടലിലെത്തി. പുതിയ ചുറ്റുപാടുകളുടെയും ആളുകളുടെയും നടുവില്‍ കലുഷിതമായ മനസ്സോടെ ഞാന്‍ ഒറ്റപ്പെട്ടു നിന്നു. ഹൃദയത്തില്‍ അഭിനയം മാത്രം കൊണ്ടുനടന്നിരുന്ന എനിക്ക് ബിസിനസ്സിന്റെ തന്ത്രങ്ങളും കണക്കുകളും പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടുതന്നെ ശരീരമങ്ങും മനസ്സിങ്ങും എന്ന അവസ്ഥയിലായിരുന്നു. പക്ഷേ, ഗള്‍ഫിലേക്ക് എത്തപ്പെട്ട സാഹചര്യം ഓര്‍ത്തപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി ബിസിനസ്സില്‍ ശ്രദ്ധിക്കാന്‍ പരമാവധി ശ്രമിച്ച് കുറേനാള്‍ അവിടെ ജീവിതം തുടര്‍ന്നു. ആ ഹോട്ടലിലെ കച്ചവടം പതിയെ കുറഞ്ഞുവന്നുകൊണ്ടിരുന്നു. നഷ്ടത്തിലേക്കു കൂപ്പുകുത്തും മുമ്പ് പങ്കാളികളെല്ലാം ചേര്‍ന്ന് ആ ഹോട്ടല്‍ വില്‍ക്കാമെന്നു തീരുമാനിച്ചപ്പോള്‍ വേറെ നിവൃത്തിയില്ലാതെ ഞാനും ഒപ്പം നിന്നു. അങ്ങനെ ഗള്‍ഫിലെ ബിസിനസ്സിന്റെ ഒരദ്ധ്യായം അവിടെ അവസാനിച്ചു.

പിന്നെയാണ് ചിന്തകള്‍ കാടുകയറിത്തുടങ്ങിയത്. ഈ സ്ഥിതിയില്‍ തിരിച്ച് നാട്ടിലേക്കു പോകാനും മനസ്സനുവദിക്കുന്നില്ലായിരുന്നു. അഭിനയം നിര്‍ത്തി വിദേശത്തു ബിസിനസ് തുടങ്ങാന്‍ പോയതറിയാവുന്ന മറ്റുള്ളവരുടെ മുഖത്തുനോക്കാനാവില്ല എന്ന വികാരം മനസ്സില്‍ തിരയടിച്ചുനിന്നു.
പിന്നെ ഒരു വാശിയായി അതു ഹൃദയത്തില്‍ പടര്‍ന്നുകയറി. ഏതായാലും ഗള്‍ഫിലെത്തി. ഇനി രണ്ടു കാശുണ്ടാക്കി ആ സമ്പാദ്യവുമായി നാട്ടില്‍ പോയാല്‍ മതിയെന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നു. നാട്ടിലെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും സിനിമാഭിനയവും മറ്റു കലാപ്രവര്‍ത്തനങ്ങളും തുടരാമല്ലോ. അതിനുള്ള ബന്ധങ്ങളും ധാരാളമുണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഗള്‍ഫില്‍ത്തന്നെ പുതിയൊരു ബിസിനസ് കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. അങ്ങനെ നാട്ടിലേക്ക് കുറച്ചു ദിവസം വന്നുനിന്ന് കുറച്ചു ഫണ്ടുകൂടി സ്വരൂപിച്ച് വീണ്ടും തിരിച്ച് അറബിപ്പൊന്നിന്റെ നാട്ടിലേക്കു വിമാനം കയറി.
ഗള്‍ഫിലുള്ള പലരുടെയും ശുപാര്‍ശയും പിന്തുണയുമായി പറ്റിയ ബിസിനസ് കണ്ടെത്താന്‍ സജീവമായി ഇറങ്ങിത്തിരിച്ചു. അങ്ങനെ ഷാര്‍ജയിലെ ഗോള്‍ഡ് സെന്ററിന്റെ അടുത്തായി ഒരു കഫറ്റീരിയ കണ്ടെത്തി. ചുറ്റുവട്ടമെല്ലാം നല്ല കച്ചവടമുള്ള ധാരാളം കടകളുള്ള സ്ഥലത്തുതന്നെ ഒരു കഫറ്റീരിയ വാടകയ്ക്കു ലഭിച്ചതില്‍ സന്തോഷവാനായിരുന്നു. വേറെ പങ്കാളിത്തമൊന്നുമില്ലാതെ ഞാന്‍ പ്രതീക്ഷയോടെ ആരംഭിച്ച കഫറ്റീരിയയില്‍ ജീവനക്കാരനായി ഒരു മലപ്പുറംകാരന്‍ ഇക്ക മാത്രമാണ് ഉണ്ടായിരുന്നത്. ജ്യൂസുകള്‍, ബര്‍ഗര്‍, ഷവര്‍മ, സാന്‍ഡ്വിച്ച് അങ്ങനെയുള്ള വിഭവങ്ങളായിരുന്നു ചെറിയ കഫറ്റീരിയയില്‍ ഉണ്ടാക്കിയിരുന്നത്. കാഷ്യറുടെ കസേരയില്‍ അഭിമാനത്തോടെ ഞാന്‍ കയറിയിരുന്ന് കച്ചവടം ആരംഭിച്ചു. ഷാര്‍ജയില്‍ ഒറ്റയ്ക്ക് ഒരു ബിസിനസ് ആരംഭിച്ചതിന്റെ ആത്മാഭിമാനം മനസ്സില്‍ മുളപൊട്ടിയിരുന്നു. 'ഡെല്‍മണ്‍ കഫറ്റീരിയ' എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.

ഇടയ്ക്ക് കഫറ്റീരിയയുടെ പുറത്തിറങ്ങി നില്‍ക്കും. റോഡിലൂടെ നടന്നുപോകുന്ന പല മലയാളികളും എന്നെ തിരിച്ചറിയുന്നുണ്ട്. പലരും ആകാംക്ഷയോടെ അടുത്തെത്തി 'എന്താ ഇവിടെ എന്നു ചോദിക്കുമായിരുന്നു.' 'ഇവിടെ പ്രോഗ്രാമുണ്ടോ?' 'എവിടെയാണ് പ്രോഗ്രാം?' എന്നും ചിലര്‍ സ്നേഹത്തോടെ അന്വേഷിക്കുമ്പോള്‍ പ്രോഗ്രാമുണ്ട് എന്നൊക്കെ അഴകൊഴമ്പന്‍ മറുപടി നല്‍കി ഒഴിഞ്ഞുമാറുമായിരുന്നു.

സ്വന്തം കഫറ്റീരിയയില്‍ കാഷ്യറായി ഇരിക്കുമ്പോഴും ചിലര്‍ വന്നു പരിചയപ്പെടാറുണ്ടായിരുന്നു. ഇപ്പോള്‍ കലാപരിപാടിയൊക്കെ നിര്‍ത്തിയോ ഇതാണിപ്പോള്‍ ജോലിയല്ലേ? എന്നൊക്കെ പറഞ്ഞ് കാശു നല്‍കി, ചെറിയൊരു പുച്ഛത്തോടെയാണ് പലരും ഇറങ്ങിപ്പോയിരുന്നത്. പലപ്പോഴും ഇതെല്ലാം അനുഭവിച്ചറിഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നിയിരുന്നു. ഗള്‍ഫില്‍ ആരംഭിച്ച സ്വന്തം സ്ഥാപനമാണല്ലോ എന്ന ആത്മവിശ്വാസത്തില്‍ വിഷമമെല്ലാം ഉള്ളിലൊതുക്കി ഞാന്‍ ഇരിക്കും. 

ഒരു ദിവസം ഭര്‍ത്താവും ഭാര്യയും ചെറിയ കുട്ടിയുമടങ്ങുന്ന ഒരു കുടുംബം ഭക്ഷണം കഴിക്കാന്‍ കഫറ്റീരിയയില്‍ എത്തി. അവരെന്നെ ശ്രദ്ധിക്കാതെ ടേബിളിനരികെ പോയി ഇരുന്നു. ബര്‍ഗറാണ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവും ഭാര്യയും എന്നെ കണ്ട് തിരിച്ചറിഞ്ഞതായി തോന്നി. പുരുഷന്‍ എഴുന്നേറ്റ് അരികിലെത്തി പരിചയഭാവത്തില്‍ ചോദിച്ചു: 'എന്താ ഇവിടെ?'

'എന്റെയാണീ കട' എന്നു പറഞ്ഞതും പരമപുച്ഛത്തോടെ ഒന്നു ചിരിച്ചിട്ട് അയാള്‍ തിരികെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിനടുത്തേക്കു നടന്നുപോയി. ഞാന്‍ കടയുടെ പിന്നിലെ ക്യാബിനിലെത്തി ആളുകളുടെ ഇത്തരം കാഴ്ചപ്പാടുകളെ ഓര്‍ത്ത് തെല്ലൊരു വിഷമത്തോടെ അല്‍പ്പനേരം ഇരുന്നു. പിന്നീട് കൗണ്ടറില്‍ തിരികെ വന്നിരുന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് കാശുതരാനായി എത്തിയപ്പോള്‍ വീണ്ടും അയാള്‍ ചോദിച്ചു: 'നിങ്ങളൊരു ആക്ടര്‍ അല്ലേ? കുറേ സിനിമകളിലൊക്കെ അഭിനയിച്ചതല്ലേ? എത്ര പ്രോഗ്രാമുകള്‍ ഞങ്ങള്‍ കണ്ടിരിക്കുന്നു. നാണമാവൂലേ നിങ്ങള്‍ക്ക്?'
ഇതു കേട്ട് ഒപ്പമുള്ള സ്ത്രീ ചിരിക്കുന്നുണ്ട്.

'ഇവിടെ ഈ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചില മലയാളികളൊക്കെ വന്ന് ചെയ്യണ പരിപാടിയല്ലേ ഇത്? ശ്ശെ...'
കടയില്‍ വന്ന് ഭക്ഷണവും കഴിച്ച് എന്റെ മുഖത്തു നോക്കി പരമപുച്ഛത്തില്‍ ഇതും പറഞ്ഞ് അയാളും ഒപ്പം കുടുംബവും ഇറങ്ങിപ്പോയി. എനിക്കത് മാനസികമായി വല്ലാത്ത ഷോക്കായിരുന്നു.

ഒരു കലാകാരന്‍ എന്ന രീതിയില്‍ എന്നോടുള്ള ഇഷ്ടംകൊണ്ട് ആ ഗൃഹനാഥന്‍ മനസ്സിലുള്ളതു തുറന്നു പറഞ്ഞു. ഇതിനുമുമ്പ് കടയില്‍ എന്നെ കണ്ടിരുന്ന പലരുടെയും മനസ്സില്‍ ഇതൊക്കെത്തന്നെയല്ലേ തോന്നിയിട്ടുണ്ടാവുക. അവര്‍ എന്നോടൊന്നും പറയാതെ പോയി. അയാള്‍ തുറന്നടിച്ചപോലെ പറഞ്ഞു. അതേയുണ്ടായിരുന്നുള്ളൂ വ്യത്യാസം. മാനസികമായി തളര്‍ന്ന് ഞാന്‍ ആ കഫറ്റീരിയ കൗണ്ടറില്‍ ഇരുന്നു.

ആ കഫറ്റീരിയ ബിസിനസും നഷ്ടത്തില്‍ കലാശിച്ചു. കിട്ടിയ തുകയ്ക്ക് ആ കച്ചവടവും മറ്റൊരാള്‍ക്കു വില്‍ക്കേണ്ടിവന്നു. അതിനുശേഷം നാട്ടിലെത്തി വീണ്ടും കലാപ്രവര്‍ത്തനങ്ങളും സിനിമാഭിനയവും തുടര്‍ന്നു.