ലേവര്‍ഷം പ്രീഡിഗ്രി പരീക്ഷ എഴുതിയ ജെസി ഇംഗ്ലീഷിന് വിജയിച്ചിരുന്നില്ല. പഠനം അവസാനിപ്പിക്കാന്‍ ജെസി ആലോചിച്ചെങ്കിലും ഇംഗ്ലീഷ് ഒരു പ്രാവശ്യം കൂടി പഠിച്ചെഴുതാന്‍ അമ്മ അവളെ നിര്‍ബന്ധിച്ചു. യൂണിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ ജെസിക്ക് സെന്റര്‍ കിട്ടിയത് കോതമംഗലത്തിന് അടുത്തായിരുന്നു. വാടാട്ടുപാറയിലുള്ള ഒരു വീട്ടില്‍ താമസിച്ചായിരുന്നു അവള്‍ പരീക്ഷ എഴുതിയത്. തലേവര്‍ഷവും അവിടെത്തന്നെ ആയിരുന്നു പരീക്ഷാകേന്ദ്രം. അവിടെ വച്ച് അവള്‍ പ്രായമേറെ ആയ ഒരപ്പച്ചനെ പരിചയപ്പെട്ടു.

To advertise here,

ഇംഗ്ലീഷ് പരീക്ഷ രണ്ടാമതും എഴുതിയ ശേഷം ജെസി വീട്ടില്‍ മടങ്ങിയെത്തി ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ വാടാട്ടുപാറയിലുള്ള ആ അപ്പച്ചന്‍ ഒരു വൈകുന്നേരം വീട്ടില്‍ വന്നു. അമ്മയും ലാലിയും പണി കഴിഞ്ഞ് മടങ്ങി വന്നിരുന്നില്ല.
'അപ്പച്ചന്‍ പൊയ്ക്കോളൂ. അമ്മക്ക് ഇതൊന്നും ഇഷ്ടമാകില്ല...' ജെസി അല്‍പ്പം പരിഭ്രമത്തോടെയാണ് പറഞ്ഞത്.
'മോള്‍ ഞങ്ങളോട് പറഞ്ഞതനുസരിച്ചു, ജെസിമോളുടെ അമ്മക്ക് എന്റെ അവസ്ഥ മനസ്സിലാകും... മേരിയെ ഒന്നു കണ്ടിട്ട് ഞാന്‍ പൊയ്ക്കോളാം...'
എഴുപതിലേറെ വയസ്സുണ്ടായിരുന്ന ആ അപ്പച്ചന്‍ അത് പറയുമ്പോഴും എനിക്കും ബിന്ദുവിനും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. വാടാട്ടുപാറ അടുത്തു താമസിച്ചിരുന്ന അപ്പച്ചന് മൂന്നു പെണ്‍മക്കളാണ്. ആ അപ്പച്ചന്റെ മൂത്ത മകളെ കെട്ടിച്ചു വിട്ടുവെങ്കിലും പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുക കൊടുക്കാത്തതിനാല്‍ അവരെയും രണ്ടു കുട്ടികളെയും ഭര്‍ത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കിയത്രെ. അപ്പച്ചന് ഒരു മകന്‍ കൂടി ഉണ്ടായിരുന്നു. അയാള്‍ ഒരപകടത്തില്‍ മരിച്ചപ്പോള്‍ ആ കുടുംബം ഒന്നടങ്കം ദാരിദ്ര്യത്തിലായി. പറഞ്ഞു വെച്ചിരുന്ന സ്ത്രീധനം കൊടുക്കാന്‍ മാര്‍ഗമില്ലാതായി. അങ്ങനെ മൂന്നു പെണ്‍മക്കളും അതിലൊരാളുടെ രണ്ടു കുട്ടികളും പ്രായമായ കാര്‍ന്നവന്മാരും പട്ടിണിയിലായി. ഇളയ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമൊക്കെ ആയെങ്കിലും കെട്ടിച്ചയക്കാന്‍ പണമില്ലാത്തതിനാല്‍ ആലോചനകള്‍ പോലും അവരെ തേടിയെത്തിയില്ല.

പാറത്തോട്ടിൽ നിന്ന് പാരീസിലേക്ക് കോളത്തിന്റെ മുൻ ഭാ​ഗങ്ങൾ വായിക്കാം

വീട്ടിലെത്തിയ എഴുപതിലേറെ പ്രായംവരുന്ന അപ്പച്ചന്‍ ജെസിയോടുള്ള പരിചയം വച്ച് ഞങ്ങളെ കാണാന്‍ വന്നതൊന്നും ആയിരുന്നില്ല. കോതമംഗലത്തു നിന്നും ദൂരെ മാറി ഏതെങ്കിലുമൊക്കെ പ്രദേശങ്ങളില്‍ പോയി ഒന്നിടവിട്ട ആഴ്ച്ചകളില്‍ അദ്ദേഹം ഭിക്ഷയെടുത്തു കിട്ടുന്ന പണവുമായി വാടാട്ടുപാറയില്‍ ചെന്ന് ഒരാഴ്ച ജീവിച്ചിട്ട് വീണ്ടും ഭിക്ഷയെടുക്കാനായി മറ്റൊരു പ്രദേശത്ത് പോകും. അങ്ങനെ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ നാട്ടിലും വന്നു. ജെസി ഭയപ്പെട്ടതുപോലെ അമ്മ ആ മനുഷ്യനോട് ദേഷ്യപ്പെട്ടില്ല. ഭിക്ഷയെടുക്കാന്‍ അദ്ദേഹം കമ്പിളികണ്ടത്ത് എത്തുന്ന ആഴ്ചകളില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങാന്‍ അമ്മ അദ്ദേഹത്തെ അനുവദിച്ചു. അങ്ങനെ രണ്ടു മാസം കൂടുമ്പോള്‍ ഒരാഴ്ചത്തേക്ക് സ്ഥിരംവരുന്ന ഒരതിഥി ഞങ്ങള്‍ക്കുണ്ടായി. അമ്മ വൈകുന്നേരങ്ങളില്‍ അദ്ദേഹത്തിന് അത്താഴം നല്‍കി. ഒരു വര്‍ഷക്കാലം അദ്ദേഹം കമ്പിളികണ്ടത്ത് വന്നുപോയി. പിന്നീട് ഞങ്ങള്‍ അദ്ദേഹത്തെ കുറേക്കാലം കാത്തിരുന്നെങ്കിലും അദ്ദേഹം മടങ്ങിവന്നില്ല.

രണ്ടാംവട്ടം പ്രീഡിഗ്രി ഇംഗ്ലീഷ് പരീക്ഷ എഴുതിയ ജെസി ഇക്കുറിയും വിജയിച്ചില്ല. കന്യാസ്ത്രീ ആകണമെന്നും കോട്ടയത്ത് മഠത്തില്‍ ചേരണമെന്നുമൊക്കെ ജെസി അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അമ്മ സമ്മതിച്ചില്ല. സ്ട്രോക്ക് വന്ന് സ്ഥലം മാറിപ്പോയ ജോസച്ചന് ജെസി തന്റെ ആഗ്രഹം പറഞ്ഞ് കത്തയച്ചു. കുറേ ദിവസങ്ങള്‍ക്കു ശേഷം കോട്ടയത്തെ ഏതോ ആശ്രമത്തില്‍ വിശ്രമത്തില്‍ ആയിരുന്ന ജോസച്ചന്റെ മറുപടി വന്നു. അമ്മയുടെ കയ്യിലാണ് കത്ത് കിട്ടിയത്.
'നീ ഇത് പൊട്ടിച്ച് ഉറക്കെ വായിച്ചേ...' വൈകുന്നേരം അത്താഴം കഴിഞ്ഞ് പതിവുപോലെ തിണ്ണയിലിരുന്നപ്പോള്‍ അമ്മ ജെസിയോട് ആവശ്യപ്പെട്ടു. ജോസച്ചന്‍ ജെസിക്കയച്ച കത്ത് വായിച്ചു കേള്‍ക്കുമ്പോള്‍ അമ്മയുടെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി. ആ വര്‍ഷത്തെ മഠത്തില്‍ ചേരാനുള്ള സമയം കഴിഞ്ഞുവെന്നും തൊട്ടടുത്ത വര്‍ഷത്തില്‍ കോട്ടയത്ത് തന്നെ ചേരാനുള്ള കാര്യങ്ങള്‍ ചെയ്തു കൊള്ളാമെന്നും ജോസച്ചന്‍ കത്തില്‍ എഴുതിയിരുന്നു. അതുമല്ലെങ്കില്‍, വടക്കേ ഇന്ത്യയിലെ ഏതെങ്കിലും സന്യാസ സമൂഹത്തില്‍ ചേരാന്‍ താത്പര്യം ഉണ്ടെങ്കില്‍ അച്ചന്‍ ഉടന്‍ തന്നെ അതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുമെന്നും കത്തില്‍ എഴുതിയിരുന്നു. അങ്ങനെ ചെയ്യണമെങ്കില്‍ എത്രയും നേരത്തെ മറുപടി കത്തെഴുതുവാനും അച്ചന്‍ ജെസിയോട് ആവശ്യപ്പെട്ടു. കത്ത് വായിച്ചു നിര്‍ത്തിയപ്പോള്‍ അമ്മ ജെസിയെ തറപ്പിച്ചൊന്നു നോക്കി.
'കന്യാസ്ത്രീ ആകാന്‍ പോകാന്‍ നീ തന്നെ അങ്ങ് തീരുമാനിച്ചാല്‍ മതിയോ? ഞാന്‍ വിട്ടില്ലെങ്കിലോ?''
ദേഷ്യപ്പെട്ടുള്ള അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും ഇല്ലാതെ ജെസി വിഷമിച്ചു.
'മഠത്തില്‍ വിടാനല്ല നിന്നെ ഞാന്‍ വളര്‍ത്തിയത്. എനിക്ക് നിന്നെ നല്ല ഒരു ചെറുക്കനെക്കൊണ്ട് കെട്ടിക്കണം. എന്റെ മാന്‍ കന്യാസ്ത്രീ ആകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട.''

എന്റെ നോട്ടുബുക്കുകളില്‍ ഒന്നിന്റെ നടുവിലത്തെ പേജില്‍ ഒന്നു കീറിയെടുത്ത് ജെസി അമ്മ പറഞ്ഞു കൊടുത്ത വരികള്‍ കുറിച്ചു. താന്‍ മഠത്തില്‍ പോകുന്നില്ലന്ന് പറഞ്ഞുള്ള ജോസച്ചനുള്ള ജെസിയുടെ കത്ത് പാറത്തോട്ടിലെ പോസ്റ്റ് ഓഫീസില്‍ നിന്നു പിറ്റേന്ന് സ്റ്റാമ്പ് ഒട്ടിച്ചയച്ചത് അമ്മതന്നെയാണ്. അങ്ങനെ കന്യാസ്ത്രീ ആകാനുള്ള ജെസിയുടെ മോഹം അമ്മ മുളയിലേ നുള്ളി. തുടര്‍ന്നു വന്ന ആഴ്ച, അമ്മ ജെസിയെ തയ്യല്‍ പഠിക്കാനായി കമ്പിളികണ്ടത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ അടുത്തുള്ള ഒരു ചേച്ചിയുടെ അടുക്കല്‍ ചേര്‍ത്തു. സഹോദരിയെന്നു വിളിപ്പേരുണ്ടായിരുന്ന അമ്മയോടൊപ്പം പണി ചെയ്തുകൊണ്ടിരുന്ന ചേച്ചിയുടെ മകളാണ് ജെസിയെ തയ്യല്‍ പഠിപ്പിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ആ തയ്യല്‍ പഠനത്തിനിടയിലാണ് ദൈവവിളി മുടങ്ങിയ ജെസിക്ക് വിവാഹവിളിക്ക് സമയമായി എന്ന് അമ്മവീട്ടില്‍ നിന്ന് അറിയിപ്പ് കിട്ടിയത്.

അമ്മയേയും ലാലിയേയും കൂടാതെ അമ്മയുടെ കൂടെ പണിയെടുക്കാന്‍ പത്തോളം സ്ത്രീകളും ഒന്നോ രണ്ടോ പുരുഷന്മാരും ആക്കാലത്തുണ്ട്. പാറത്തോട്ടിലെ തോട്ടിലെ മണല് വാരല്‍ കൊന്നത്തടി പഞ്ചായത്തില്‍ നിന്ന് ലേലം വിളിച്ച് എടുക്കുന്നതു കൂടാതെ കമ്പിളികണ്ടത്തും പാറത്തോട്ടിലും പുല്ലുകണ്ടത്തുമൊക്കെ കല്ലുചുമടും മണ്ണുപണിയുമൊക്കെ അമ്മ കരാര്‍ വ്യവസ്ഥയില്‍ എടുത്തു. ഞങ്ങളുടെ വീട്ടില്‍ മൂന്നുനേരവും ആഹാരം ഉണ്ടായി എന്നു മാത്രമല്ല, അമ്മയ്ക്ക് തോമാക്കുട്ടി ചേട്ടന്റെ പണയക്കടയില്‍ നിന്ന് തീറായിപ്പോയ ഒരു മൊട്ടുകമ്മലും വാങ്ങി. അക്കാലമത്രയും കാതിന്റെ തുള അടഞ്ഞു പോകാതിരിക്കാന്‍ ഇടയ്ക്കിടെ ഈര്‍ക്കിലി കുത്തിക്കയറ്റി വച്ചിരുന്ന അമ്മയ്ക്ക് സ്ഥിരമായി ഒരു ജോഡി സ്വര്‍ണക്കമ്മലായി. ആ നാളുകളില്‍ സ്വരുക്കൂട്ടിവെച്ച പണം കൊടുത്ത് സുപ്രന്‍ ചേട്ടന്റെ കമ്പിളികണ്ടത്തെ ശ്യാമാ ജ്വല്ലറിയില്‍ നിന്ന് ജെസിയുടെ കാത്കുത്തി അമ്മ ജിമിക്കിക്കമ്മല്‍ വാങ്ങിക്കൊടുത്തു. വിലാസിനിചേച്ചി തോമാക്കുട്ടി ചേട്ടന്റെ പണയക്കടയില്‍ വെച്ച്, പലിശപോലും അടയ്ക്കാന്‍ കഴിയാതിരുന്ന, കുടിശ്ശികയായ ഒരു പറ്റക്കെട്ട് മാല ജെസിക്കായി വാങ്ങിയത് ഞാന്‍ എട്ടില്‍ പഠിക്കുമ്പോഴാണ്. തോമാക്കുട്ടി ചേട്ടന്റെ കടയില്‍ മൊതലായും പലിശയായും അടക്കാനുള്ള തുകക്ക് പുറമേ വിലാസിനി ചേച്ചിക്ക് നൂറു രൂപകൂടി കൊടുത്താണ് മൂന്നു പതക്കങ്ങളുള്ള ആ പറ്റക്കെട്ട് മാല അമ്മ ജെസിക്ക് വാങ്ങി കൊടുത്തത്.
'ഇങ്ങനെ കമ്മലും മാലയും വളകളുമൊക്കെ അണിയിച്ചു നിന്നെ സുന്ദരിയായി കെട്ടിച്ചയക്കണം എനിക്ക്...'
മാലയും കമ്മലുമൊക്കെ അണിഞ്ഞ ജെസിയെ നോക്കി കാറ്റത്തും കെടാതെ നിന്ന ഓട്ടുവിളക്കിന്റെ വെളിച്ചത്തില്‍ അമ്മ പറയുമ്പോള്‍ ആ മുഖത്ത് തന്റെ സ്വപ്നങ്ങളിലേക്ക് ബോധ്യങ്ങളോടെ നടന്നടുക്കുന്ന ആത്മവിശ്വാസിയായ ഒരു സ്ത്രീയുടെ ഭാവം തന്നെ ആയിരുന്നു.

ഒരു വെള്ളിയാഴ്ച വൈകുന്നേരം, അമ്മ പണി കഴിഞ്ഞ് വരുന്നതിനു മുന്നേ കൊച്ചമ്മാവന്‍ വീട്ടിലെത്തി. വൈകുന്നേരം പാറത്തോട്ടിലെ ചായക്കടകളില്‍ പാല്‍ കൊടുക്കാന്‍ വന്ന അമ്മാവന്‍ അമ്മയെ കാണാനായി വീട്ടില്‍ വന്നതായിരുന്നു. ജെസി ചായയൊക്കെ കൊടുത്ത് അമ്മാവനെ സത്കരിച്ചിരുത്തിയപ്പോഴേക്കും അമ്മയും ലാലിയും പണി കഴിഞ്ഞെത്തി.
'നീയെന്നാ പതിവില്ലാതെ ഈ വഴിക്കൊക്കെ...?''
നിറയെ പൂത്തുനിന്ന ഗന്ധരാജന്റെ ചുവട്ടില്‍ എത്തിയ അമ്മ കൊച്ചമ്മാവനോട് ചോദിച്ചു.
'വെറുതെ വരിയേല എന്ന് കൂട്ടിക്കോളൂ...'
ഗൗരവം ഒട്ടും വെടിയാതെ കൊച്ചമ്മാവന്‍ കയ്യിലിരുന്ന കാലിഗ്ലാസ് തിണ്ണയില്‍ വച്ചുകൊണ്ട് പറഞ്ഞു. പുളിക്കക്കണ്ടംകാരുടെ തൊടിയിറങ്ങി അമ്മ വരുന്നത് കണ്ടതേത്തന്നെ ചായ ഉണ്ടാക്കിയ ജെസി തിണ്ണയില്‍ തളര്‍ന്നിരുന്ന അമ്മയ്ക്കും ലാലിക്കും ചായ കൊടുത്തു.
'ഞാന്‍ ഒരു കല്യാണക്കാര്യം പറയാനാ വന്നത്....''
അമ്മ ചായ ഊതിയൂതി കുടിക്കുമ്പോള്‍ മുഖവുരയുടെ അകമ്പടിയൊന്നും ഇല്ലാതെ കൊച്ചമ്മാവന്‍ പറഞ്ഞു.
'ആര്‍ക്ക്? നിനക്കാണോ..?''
ഭാവവ്യത്യാസം ഒന്നും ഇല്ലാതെ അമ്മ ചോദിച്ചു...
'ഞാനാണോ ഇപ്പൊ ഇവിടെ പെര നറഞ്ഞു നിക്കുന്നെ...'
കൊച്ചമ്മാവന്റെ ഉത്തരം ചോദ്യ രൂപത്തിലായിരുന്നു.
'അതിനിപ്പം ആരാ ഇവിടെ പെര നറഞ്ഞു നിക്കുന്നെ...'
ചായ കുടിച്ചു തീര്‍ത്ത് മട്ട് മുറ്റത്തേക്കി നീട്ടി ഒഴിച്ചുകൊണ്ട് അമ്മ ചോദിച്ചു.
'ഈ പെണ്ണിനെ എന്നാ കാണിക്കാനാ നിന്റെ പ്ലാന്‍?''
കട്ടിളപ്പടിയില്‍ ചാരിനിന്നിരുന്ന ജെസിയെ നോക്കി കൊച്ചമ്മാവന്‍ പറഞ്ഞു. പത്തൊന്‍പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ജെസി ആ കട്ടിളപ്പടി പോലും നിറഞ്ഞല്ല നിന്നിരുന്നത് എന്നത് എന്നിലെ പതിമൂന്നുകാരനെ വല്ലാതെ ആശ്ചര്യപ്പെടുത്തി. അല്ലങ്കില്‍ തന്നെ എന്നിലെ കുട്ടി, പുരനിറയുംവിധം വളരാന്‍ ജെസിക്ക് യാതൊരു സാധ്യതയും കൽപിച്ചുമില്ല.
'അതിന് അവള് കൊച്ചല്ലേ. ഇപ്പളേ എങ്ങനാ അവളെ കെട്ടിച്ചയക്കുന്നത്...?''
ജെസിയുടെ വളര്‍ച്ചയെക്കുറിച്ച് അല്‍പ്പം സംശയം ഉണ്ടായിട്ടെന്നപോലെ അവളെ ഒന്നുരണ്ടു വട്ടം നോക്കിയിട്ടാണ് അമ്മ കൊച്ചമ്മാവന് മറുപടി നല്‍കിയത്.

'കൊച്ചൊക്കെ നിനക്ക്. അവളിപ്പോ വലിയ പെണ്ണായില്ലേ. ഇപ്പൊ നീയാണേല്‍ അവളെ തയ്യല്‍ പഠിപ്പിക്കാന്‍ ആണെന്നും പറഞ്ഞു, കമ്പിളികണ്ടത്ത് ടൗണിലേക്ക് ദിവസോം വിടുവല്ലേ.... കടിച്ചാ പൊട്ടുന്ന പ്രായവാ. കെട്ടിയോന്‍ പോലും ഇല്ലാതെ നീ ജീവിക്കുന്നതാണ് എന്ന് മറക്കണ്ട...'
കൊച്ചമ്മാവന്റെ ദീര്‍ഘ പ്രഭാഷണത്തിന് മറുപടിയൊന്നും ഇല്ലാത്തതുകൊണ്ടാണോ അമ്മ നിശബ്ദത പാലിച്ചതെന്ന് എനിക്കറിയില്ല.
'വല്ലവന്മാരും കയ്യും കാലും കാണിച്ചാല്‍ മതി. പിന്നെ പെണ്ണങ്ങ് പെറും. കുടുംബത്തിന് ഇനി ആ ഒരു നാണക്കേടും കൂടിയേ ഉണ്ടാകാനുള്ളു.''
കൊച്ചമ്മാവന്‍ അസ്തമിക്കാന്‍ മടിച്ചുനിന്ന സൂര്യനെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.
'പേറും മറുപിള്ള എടുക്കലും ഒന്നും നീ പറയണ്ട.... എന്റെ പിള്ളേരെയൊക്കെ എനിക്ക് നന്നായി അറിയാം. ആരെങ്കിലും കയ്യും കാലും കാണിക്കുന്നതേ പെറാന്‍, ഈ പേറെന്താ ചെപ്പടിവിദ്യയോ? നീ പേറിന്റെ കണക്ക് എടുക്കല്‍ നിര്‍ത്തിയിട്ട് വന്ന കാര്യം പറ...'
അമ്മയുടെ സ്വരം അല്പം കൊടുത്തപ്പോള്‍ കൊച്ചമ്മാവന്‍ കുറേ നേരം മിണ്ടാതെയായി.
'തന്തയില്ലാതെ വളരുന്ന പിള്ളേരല്ലേ. അതുകൊണ്ട് നാട്ടുകാര്‍ അതുമിതും പറയും മുന്‍പ് കെട്ടിച്ചു വിടണം. അതേ ഞാന്‍ പറഞ്ഞുള്ളു..''
തന്റെ വര്‍ത്തമാനത്തിന്റെ ഗതി ഒന്നു മയപ്പെടുത്തി കൊച്ചമ്മാവന്‍ പറഞ്ഞു. കുറച്ചു നേരം അമ്മ എന്തോ ആലോചിച്ചുകൊണ്ട് മുറ്റത്തുകൂടി നടന്നു. പേറിന്റെ കണക്കെടുപ്പില്‍ അസ്വസ്ഥയായ ജെസി കാലിയായ ഗ്ലാസുകളും എടുത്ത് അടുക്കളയിലേക്ക് പോയി. കൊച്ചമ്മാവന്റെ വഴിവിട്ട വര്‍ത്തമാനം പിടിക്കാത്ത മട്ടില്‍ ലാലി തൊഴുത്തിന് അപ്പുറം നിന്ന കടപ്ലാവിന്റെ ചുവട്ടിലേക്ക് നടന്നു.
'നാട്ടുകാര്‍ പറയുന്നത് കേട്ടിട്ട് പേടിച്ചു കെട്ടിച്ചു വിടാന്‍ എനിക്ക് നേരമില്ല. എന്റെ പ്രശ്നം അതല്ല. ജെസിയുടെ കാതിലും കഴുത്തിലുമായി രണ്ടു പവന്റെ സ്വര്‍ണമേ ഉള്ളൂ. ഒരു കല്യാണം എന്നൊക്കെ പറയുമ്പോള്‍ സ്വര്‍ണവും പണവുമൊക്കെ വേണ്ടേ....''
അല്‍പ്പം അസ്വസ്ഥതയോടെയാണ് അമ്മ പറഞ്ഞത്.

'ഒരു നല്ല ആലോചന വന്നിട്ടുണ്ട്. രാജാക്കാട് അടുത്ത് മുല്ലക്കാനത്ത് നിന്നാ. നമ്മുടെ കൂട്ടരാ. ഇഷ്ടം പോലെ പറമ്പ്. പണിതീര്‍ന്ന വാര്‍ക്ക വീട്. അവരുടെ കുടുംബക്കാര് ആ നാട്ടിലെ പ്രമാണികളാ. നല്ല കുടുംബക്കാര്. അവര്‍ക്ക് വലിയ ഡിമാന്‍ഡ് ഒന്നും ഇല്ല. അഞ്ച് പവന്റെ സ്വര്‍ണ്ണം. പിന്നെ ഒരിച്ചിരെ പൈസ എന്തേലും സ്ത്രീധനമായിട്ട് കൊടുക്കണം. അവര്‍ക്ക് പാവപ്പെട്ട വീട്ടിലെ ഒരു പെങ്കൊച്ചിനെ മതി. വീട്ടിലെ പണികളൊക്കെ ചെയ്യണം. അത്രയേ ഒള്ളു. അവരുടെ പറമ്പില്‍ ദിവസവും പത്തു പണിക്കാരേലും ഒണ്ട്. അവര്‍ക്കൊക്കെ വച്ച് വെളമ്പി കൊടുക്കണം.... ഇതിലും നല്ല ഒരാലോചന ജെസിക്ക് സ്വപ്നം കാണാന്‍ പറ്റത്തില്ല....''
വിവാഹാലോചനക്കാര്യം ഏറെ നാടകീയമായി അവതരിപ്പിച്ച ശേഷം കൊച്ചമ്മാവന്‍ വീടിനു താഴെയുള്ള തെങ്ങിന്‍ ചുവട്ടില്‍ പോയി മൂത്രമൊഴിച്ചു വന്നിട്ടും അമ്മ മറുപടി ഒന്നും പറഞ്ഞില്ല.
'നിനക്ക് സമ്മതമാണേല്‍ നാളെ കഴിഞ്ഞ് ഞായറാഴ്ച അവര് പെണ്ണ് കാണാന്‍ ഇങ്ങോട്ട് വരും.''
ജെസിയുടെ കല്ല്യാണക്കാര്യം പ്രതീക്ഷിച്ചതിലും വേഗത്തില്‍ നീങ്ങി. എന്ത് പറയണം എന്നറിയാതെ അമ്മ അസ്വസ്ഥയായിത്തന്നെ തിണ്ണയിലിരുന്നു.
'ഞാന്‍ ഇപ്പം തയ്യല് പഠിക്കുവല്ലേ അമ്മേ. ഇപ്പൊ കല്യാണമൊന്നും വേണ്ട...'
അടുക്കളയില്‍നിന്ന് തല വാതില്‍ക്കലേക്ക് നീട്ടി ജെസി പറഞ്ഞു.
'അകത്തു കേറിപ്പോടി. കല്യാണക്കാര്യമൊക്കെ കാര്‍ന്നവന്മാരാ തീരുമാനിക്കുന്നത്. നിന്നോടാരാ ഇവിടെ അഭിപ്രായം ചോദിച്ചത്...?''
അമ്മാവന്‍ സ്വരം ഉയര്‍ത്തി പറഞ്ഞു.
'മക്കള് പേടിക്കണ്ട. ഏതായാലും ആ ചെറുക്കന്‍ വന്ന് പെണ്ണ് കാണട്ടെ. എന്ന് കരുതി കല്ല്യാണം നടത്തണമെന്നൊന്നും ഇല്ലല്ലോ.''
അമ്മ അവളോട് പറയുമ്പോള്‍ ജെസിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അമ്മയുടെ അനുവാദം ലഭിച്ച സന്തോഷത്തില്‍ കൊച്ചമ്മാവന്‍ പൂതാളിക്കുള്ള വഴി പിടിച്ചു. പിറ്റേന്ന് ജെസി തനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു കുറേ കരഞ്ഞുവെങ്കിലും അമ്മ ഞായറാഴ്ചത്തെ പെണ്ണുകാണല്‍ ചടങ്ങ് നിലനിര്‍ത്തി.
'എന്റെ മാന് ചേരുന്നതാണേല്‍ മാത്രമേ അമ്മ ഈ കല്യാണം നടത്തൂ. എന്റെ മക്കള് വെഷമിക്കാതെ...'
അമ്മ ജെസിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

പിറ്റേന്ന് ഞങ്ങള്‍ എല്ലാവരും ഏഴരയുടെ കുര്‍ബാനക്കാണ് പോയത്. പതിനൊന്നു മണിക്ക് മുല്ലക്കാനത്ത് നിന്ന് ചെറുക്കന്‍ കൂട്ടര് വരും. ജെസി പള്ളിയില്‍ പോയപ്പോള്‍ അണിഞ്ഞിരുന്ന പച്ചയില്‍ വലിയ പൂക്കളുള്ള വലിയ ഫ്ളീറ്റുള്ള പാവാടയും വലിയ ബ്ലൗസുമാണ് ഇട്ടിരുന്നത്. പത്തു മണിയായപ്പോഴേക്കും കൊച്ചമ്മാവനും കുഞ്ഞമ്മാവനുമെത്തി. ചെമ്പകപ്പാറയില്‍നിന്ന് കുഞ്ഞമ്മ ഇളയ കുട്ടിയേയുമായി തലേന്ന് എത്തിയിരുന്നു.
അയല്‍വീടുകളില്‍ നിന്ന് തത്കാലത്തേക്ക് കടമായി എടുത്ത നാലഞ്ച് കസേരകളും ഒരു ചെറിയ മേശയും തിണ്ണയില്‍ മേനിനടിച്ചു കിടന്നു. തിണ്ണയുടെ ഭിത്തിയില്‍ തൂങ്ങിയാടിയിരുന്ന കാരിക്കുഴിയില്‍ ടെക്സ്റ്റൈല്‍സ് എന്നെഴുതിയ കലണ്ടറില്‍ തൂങ്ങിക്കിടന്ന കുരിശില്‍ തറച്ച കര്‍ത്താവ് കുഞ്ചിരക്കാട്ട് പാറയിലേക്ക് നോട്ടമെറിഞ്ഞു. നിരന്നു കിടന്ന കസേരകളില്‍ ഒന്നില്‍ ഇരുന്നുകൊണ്ട് കൊച്ചമ്മാവന്‍ അകത്തേക്ക് നീട്ടി വിളിച്ചു.
'ജെസിയേ... നീ ഇങ്ങ് ഇറങ്ങി വന്നേ...' അടുക്കളയിലെ തിരക്കിട്ട പണികള്‍ക്കിടയില്‍നിന്ന് ജെസി തിണ്ണയിലേക്ക് വന്നു.
'ഇതെന്തു വേഷവാടി? പള്ളിക്കൂടത്തില്‍ പോകുന്ന പോലെ... പെണ്ണുകാണാന്‍ നിക്കുന്ന വേഷമേ.... വലിയ പാവടേം ബ്ലൗസും. നിനക്ക് നാണമാകുന്നില്ലേ ജെസി...' കൊച്ചമ്മാവന്‍ കടമെടുത്ത മേശപ്പുറത്ത് ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.
'വേഗം അകത്തുപോയി അമ്മേടെ ഒരു പോളീസ്റ്റര്‍ മുണ്ടും ഉടുത്തു അമ്മേടെ ഒരു അര ബ്ലൗസും ഇട്ടോണ്ട് വാ...'
മടികൊണ്ടാണോ പേടി കൊണ്ടാണോ എന്നറിയില്ല. ജെസി കുറേനേരം അവിടെത്തന്നെ നിന്നു.
'ചെറുക്കന്‍ കൂട്ടര് ഇപ്പൊ വരും. അവര് വലിയ കുടുംബക്കാരാ. നിനക്കൊന്നും സ്വപ്നം കാണാന്‍ പറ്റാത്തവര്‍... വേഗം പോയി തുണി മാറി വാ...'

അമ്മയുടെ ഒരു മുണ്ട് മുന്നോട്ടുടുത്ത്, മുന്‍പില്‍ കൊളുത്തു വച്ച ഒരു അര ബ്ലൗസും അണിഞ്ഞു, നീലം മുക്കിയ ഒരു തോര്‍ത്തും തോളത്തിട്ടു ജെസി കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തേക്കു വന്നു. പെട്ടന്ന് സ്ത്രീയായി രൂപാന്തരപ്പെട്ട ജെസിക്ക് അകമ്പടി എന്നോണം കുഞ്ഞമ്മ പിന്നില്‍ നിന്നിരുന്നു. മുല്ലക്കാനത്തെ വലിയ കുടുംബത്തില്‍ യോഗ്യതയുള്ള ഒരു പണിക്കാരിയുടെ വേഷമണിഞ്ഞ ജെസി ആ വിവാഹ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ ഒരുങ്ങി നിന്നു. ഞങ്ങളുടെ മരുഭൂമികളില്‍ പുതിയ പിശാചുക്കള്‍ പരീക്ഷിക്കാനായി കൂട്ടമായി വന്ന ദിവസങ്ങളായിരുന്നു പിന്നീട് വന്നത്. തുടര്‍ന്നുവന്ന ശൈത്യം ഇലകളൊന്നും ബാക്കിവച്ചില്ല. മുണ്ടും ബ്ലൗസുമണിഞ്ഞു തോര്‍ത്തുമിട്ട ജെസി മുല്ലാക്കാനത്തെ പ്രമാണി കുടുംബത്തിലെ പണിക്കാരിയായ ഭാര്യയാകാന്‍ യോഗ്യത നേടി. തൊട്ടടുത്ത ആഴ്ച കല്യാണം ഉറപ്പിക്കാന്‍ ചെറുക്കന്‍ വീട്ടിലേക്ക് ക്ഷണവും നല്‍കി അവര്‍ മടങ്ങുമ്പോള്‍, കട്ടിലിന്റെ ഒരു കോണിലിരുന്നു ജെസി തന്റെ മുഖം കാല്‍മുട്ടുകളില്‍ അമര്‍ത്തി തേങ്ങുന്നുണ്ടായിരുന്നു.

(തുടരും...)

പാറത്തോട്ടിൽ നിന്ന് പാരീസിലേക്ക് മുൻ ഭാ​ഗങ്ങൾ വായിക്കാം