
ഞാനന്ന് ഏഴാം ക്ലാസ്സിലായിരുന്നു. അധ്യയനവര്‍ഷത്തിന്റെ അവസാനത്തിനു മുമ്പേ തന്നെ കുഞ്ഞമ്മയുടെ വീട്ടിലെ താമസം മതിയാക്കി മടങ്ങി. മാര്‍ച്ച് പകുതിയായപ്പോള്‍, പതിവുപോലെ വെള്ളിയാഴ്ച വീട്ടിലെത്തിയ ഞാന്‍ ഞായറാഴ്ച കുര്‍ബാനയും സണ്‍ഡേ സ്‌കൂളും കഴിഞ്ഞ് ചെമ്പകപ്പാറയിലെ കുഞ്ഞമ്മയുടെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മ വന്നു തടസ്സം നിന്നു.
''കൊച്ചിനി അമ്മയുടെ കൂടെത്തന്നെ നിന്നാല്‍ മതി. എങ്ങോട്ടും പോകണ്ട...'
ഞായറാഴ്ച്ച കുഞ്ഞമ്മയുടെ വീട്ടില്‍ ഇറച്ചിക്കറി ഉള്ളത് എനിക്ക് വലിയ പ്രചോദനമായിരുന്നു. വീട്ടിലെ സാഹചര്യങ്ങളില്‍ സാരമായ മാറ്റം വന്നിരുന്നു. ഈസ്റ്ററിനും ക്രിസ്മസിനും മാത്രം ഇറച്ചിക്കറി വെച്ചിരുന്ന വീട്ടില്‍ അന്ന് പതിവ് തെറ്റി. ഏഴരയുടെ ആദ്യത്തെ കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോള്‍ കുഞ്ചിരക്കാട്ടു പാറയോട് ചേര്‍ന്നുണ്ടായിരുന്ന കുമാരന്‍ ചേട്ടന്റെ കശാപ്പുകടയില്‍നിന്ന് അമ്മ ഒരു കിലോ ഇറച്ചി വാങ്ങി വന്നിരുന്നു. ഞങ്ങള്‍ നാലു മക്കളും ഉച്ച കുര്‍ബാന കഴിഞ്ഞ്, വേദപാഠവും കൂടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ഇറച്ചിക്കറിയും ചോറുമൊക്കെ തയ്യാറാക്കിയിരുന്നു. പുളിക്കണ്ടംകാരുടെ കവുങ്ങിന്‍തോപ്പിലൂടെയുള്ള നടവഴിയിറങ്ങി, തോടു കടന്ന്, കുന്ന് കയറി, മഞ്ഞക്കശുമാവിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ത്തന്നെ വറത്തരച്ചുവച്ച കറിയുടെ മണം മൂക്കില്‍ തുളച്ചുകയറി. കൈപിടിച്ച് നടന്ന ബിന്ദുവിനെയും വലിച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി. പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ ലാലി ആരോടും സംസാരിച്ചില്ല. അവളുടെ മുഖത്ത് കനമുള്ള, എനിക്ക് പേരറിയാത്ത എന്തൊക്കയോ വികാരങ്ങള്‍ തളംകെട്ടി നിന്നു. ആരോടൊക്കയോ ഉള്ള വെറുപ്പ് അവളുടെ മുഖത്തുണ്ടെന്ന കാര്യം ഉറപ്പായിരുന്നു.
ബിന്ദുവുമായി തിണ്ണയില്‍നിന്ന് വീടിനുള്ളിലേക്ക് കടക്കുമ്പോള്‍ അമ്മ അലുമിനിയം ചരുവത്തിലേക്ക് ചോറ് വാര്‍ക്കുകയായിരുന്നു. തൊട്ടടുത്ത അടുപ്പില്‍ ആളിക്കൊണ്ടിരുന്ന കോഞ്ഞാട്ടയും ചുള്ളിവിറകുകള്‍ക്കും മുകളില്‍ തിളച്ചുകൊണ്ടിരുന്ന ഇറച്ചിക്കറി. ആ ചട്ടിയുടെ വലിപ്പത്തില്‍ എന്റെ കണ്ണു തുറന്നു. മൂടപ്പാത്രത്തിനു മുകളിലുണ്ടായിരുന്ന ചിരട്ടത്തവിയെടുത്ത് കറിയൊന്നു രുചിച്ചു നോക്കാന്‍ നോക്കിയപ്പോള്‍ അമ്മ തവിക്ക് പിടുത്തമിട്ടു.
''നീ രണ്ടു മിനുട്ടാ തിണ്ണയില്‍ പോയിരുന്നേ. നിനക്ക് വയറു നിറച്ചു കഴിക്കാനുണ്ട്. ആര്‍ത്തി പിടിക്കേണ്ട...'
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. തലേ ഞായറാഴ്ച്ച വീടുകയറി പാത്രം വിറ്റിരുന്ന ആളുടെ കയ്യില്‍നിന്ന് അമ്മ അഞ്ച് സ്റ്റീല്‍ കിണ്ണങ്ങള്‍ വാങ്ങിയിരുന്നു. വലിയ വല്ലത്തിന് മുകളില്‍ പ്ലാസ്റ്റിക് നെറ്റ് കെട്ടി കലങ്ങളും പാത്രങ്ങളുമായി തെള്ളിത്തോട്ടിലെ കുന്നുകള്‍ കയറി വീടുകള്‍തോറും പാത്രങ്ങള്‍ വിറ്റിരുന്ന ആ ചേട്ടന്‍ നല്ല കച്ചവടം നടന്ന സന്തോഷത്തിലായിരുന്നു മടങ്ങിയത്.
അഞ്ചു പാത്രങ്ങളും ജെസി തിണ്ണയിലേക്ക് കൊണ്ടുവന്നു. കൊതി അടക്കിപ്പിടിച്ച് ബിന്ദുവിനോടൊപ്പം തിണ്ണയിലിരുന്ന ഞാന്‍ പൂത്തുനിന്ന ഗന്ധരാജനെ നോക്കാനൊന്നും മിനക്കെട്ടില്ല. തൊടിയുടെ താഴെ വാകമരം പൂക്കാതെ നിന്നു. കുര്യാക്കോ ചേട്ടന്റെ പറമ്പിനോട് ചേര്‍ന്നുനിന്ന വെള്ളപ്പൊട്ടാമയുടെ ശിഖരങ്ങള്‍ കാറ്റിലാടി. ഉണ്ടക്കലം നിറയെ കുത്തരിച്ചോറുമായി അമ്മ തിണ്ണയിലേക്ക് വന്നു. കലത്തിലേക്കും അതില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ ആവിയിലേക്കും കണ്ണുംനട്ടിരുന്ന എന്റെ മുന്നിലേക്ക് തിളച്ചുകൊണ്ടിരുന്ന ഇറച്ചിക്കറി അമ്മ കൊണ്ടുവെച്ചു. ലാലി അപ്പോഴും ഒരു മൂലയില്‍ അകലേക്ക് നോക്കിയിരുന്നു. അവളുടെ മുഖത്ത് നിറഞ്ഞുനിന്ന വിഷാദം അമ്മ കണ്ടിരുന്നു.
''മാനേ ലാലാ, കൊച്ചിനെന്നാ പറ്റിയെ?''
അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവള്‍ അകലേക്കുള്ള നോട്ടം പറിക്കാതെ തന്നെ ഇരുന്നു.
ജെസി എല്ലാവരുടെയും പാത്രങ്ങളിലേക്ക് ചോറും ഇറച്ചിക്കറിയും വിളമ്പി. അമ്മ പൊതുവേ ഞങ്ങള്‍ക്കു ഭക്ഷണം വിളമ്പിത്തരുന്ന പതിവില്ല. എപ്പോഴും ജെസിയായിരുന്നു അത് ചെയ്തത്. വിളമ്പിക്കിട്ടിയതേ ഞാന്‍ കഴിക്കാന്‍ തുടങ്ങി.
''എന്റെ മാനെന്നാ കഴിക്കാത്തെ?''
ലാലിയുടെ അടുക്കല്‍ ചെന്നിരുന്ന് അമ്മ ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി.
''കൊച്ച് കരച്ചില് നിര്‍ത്തിയിട്ട് എന്താണെന്ന് പറഞ്ഞേ...' അമ്മ ലാലിയുടെ തോളില്‍ ഒരു കയ്യിട്ട് അവളോട് ചേര്‍ന്നിരുന്നു.
''ഒന്നുവില്ല അമ്മേ...' കരച്ചിലടക്കി ലാലി പറയുമ്പോഴും അവള്‍ എങ്ങലടിച്ചു.
''ഒന്നുമില്ല എന്നൊന്നും പറയണ്ട. കാര്യമെന്താണെന്ന് എനിക്കിപ്പോ അറിയണം....'' അമ്മയുടെ സ്വരം അല്‍പ്പം മടുത്തു.
''ഇന്ന് വേദപാഠ ക്ലാസ്സില്‍ വച്ച്, ഞാന്‍ പണിയാന്‍ പോകുന്നതാണെന്നും പറഞ്ഞു പിള്ളേരെല്ലാം എന്നെ കളിയാക്കി. ടീച്ചറും അവരുടെ കൂടെക്കൂടി. '
ലാലി പറഞ്ഞു നിര്‍ത്തുമ്പോളും കരയുന്നുണ്ടായിരുന്നു. ലാലിയെ വേദപാഠം പഠിപ്പിച്ചിരുന്നത് അപ്പന്റെ കുടുംബത്തില്‍പ്പെട്ട ഒരാന്റി ആയിരുന്നു.
''ഞാന്‍ ഇനി വേദപാഠം പഠിക്കാനും പോകുന്നില്ല അമ്മേ. ഞാന്‍ അമ്മയുടെ കൂടെ കുര്‍ബാനക്ക് വന്നിട്ട് അമ്മയുടെ കൂടെത്തന്നെ വീട്ടിപ്പോരും... അമ്മ ഒന്നും പറയരുത്...'
കുറച്ചുനേരം നിശബ്ദയായിരുന്നിട്ട് അമ്മ ലാലിയെ ചേര്‍ത്തുപിടിച്ചു. അവളുടെ മുടിയിഴകളിലൂടെ കുറേനേരം കയ്യോടിച്ചു. ബിന്ദുവും ജെസിയും കഴിക്കുന്നത് നിര്‍ത്തി അമ്മയെത്തന്നെ നോക്കിയിരുന്നു. ഇറച്ചിക്കറിയുടെ മണവും രുചിയും എന്നെ കീഴടക്കിക്കഴിഞ്ഞിരുന്നു. പാത്രത്തിലേത് തീര്‍ന്നപ്പോള്‍ ഞാന്‍ ജെസിയെ നോക്കി. അവള്‍ കണ്ടില്ലന്നു നടിച്ചപ്പോള്‍ ഞാന്‍ തന്നെ ചോറും കറിയും വീണ്ടും വിളമ്പിക്കഴിച്ചു.
''ആരെങ്കിലും കളിയാക്കുമ്പോഴൊക്കെ കരയാന്‍ തുടങ്ങിയാല്‍ നിനക്ക് എന്നും കരഞ്ഞോണ്ടിരിക്കാനെ പറ്റൂ. കൊച്ചിനി വേദപാഠം കൂടാന്‍ പോകണ്ട. ഞാന്‍ ജോസച്ചനോട് പറഞ്ഞോളാം. നീ കൂലിപ്പണിയാണ് ചെയ്യുന്നത്. അതിന് നാണക്കേട് തോന്നേണ്ട കാര്യമൊന്നും ഇല്ല. നമ്മളെ ആളുകള്‍ കളിയാക്കുമ്പോള്‍ നമ്മള്‍ തളരുന്നു എന്ന് കണ്ടാല്‍ അവര്‍ പിന്നേം നമ്മളെ കളിയാക്കും. നമ്മുക്ക് അതൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ചു നിന്നാല്‍ പിന്നെ നിന്നോട് എന്നാ പറയേണ്ടതെന്ന് അവര്‍ക്ക് അറിയാതെ വരും...അതിരു കടക്കുമ്പോള്‍ നിര്‍ത്തടാ എന്ന് ഏത് വലിയവനോടും പറയാന്‍ കഴിഞ്ഞാലേ നമുക്കിവിടെ ജീവിക്കാന്‍ പറ്റത്തൊള്ളൂ....''
ലാലിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറയുമ്പോള്‍ ഞാന്‍ രണ്ടാമത് വിളമ്പിയ പാത്രവും കാലിയാക്കിയിരുന്നു.
''കൊച്ചു കഴിച്ചേ...' പാത്രം ലാലിയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അമ്മ പറയുമ്പോഴും ലാലി തേങ്ങുന്നുണ്ടായിരുന്നു... തിണ്ണയില്‍ കിടന്ന സ്റ്റൂള്‍ മുറ്റത്തേക്കിട്ട് അമ്മ അതില്‍ ഇരുന്നു.
''കരഞ്ഞോണ്ടിരിക്കാനല്ല പെമ്പിള്ളേര് നോക്കേണ്ടത്. മര്യാദക്ക് ജീവിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടുകാരാ നമ്മടെ ചുറ്റും. അപ്പോ കരഞ്ഞോണ്ടിരിക്കുന്ന പെണ്ണുങ്ങളെ എല്ലാരും കൂടെ ചവുട്ടിത്തേക്കുകയേ ഉള്ളൂ...' അമ്മ ലാലിയെ നോക്കിപ്പറഞ്ഞു.
''നീ കരയുമെന്ന് കണ്ടാല്‍ ചുറ്റും ഉള്ളോര്‍ നിന്നെ കരയിക്കാനുള്ള കാരണങ്ങള്‍ മുന്നിലേക്കിടും... അതിനൊന്നും നിന്നുകൊടുക്കാതെ തലയുയര്‍ത്തി തന്റേടത്തോടെ നിക്കാന്‍ നീ പഠിക്കണം. അല്ലേല്‍ കൊറേ കഴിയുമ്പോള്‍ നീ വേറൊരു വീട്ടില്‍ ചെല്ലുമ്പോ അവരുടെ ഒക്കെ അടിമയായി നില്‍ക്കണ്ടി വരും. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു മുന്നില്‍ കരയുന്ന പെണ്ണ് വലിയ പ്രശ്നങ്ങക്ക് മുന്നില്‍ എന്നാ ചെയ്യുന്നേ.... നിന്നെ ഞാന്‍ കരയാനല്ല വളര്‍ത്തുന്നത്... വേഗം കഴിച്ചിട്ട് മുഖവും കഴുകി വാ. മേലില്‍ ആരേലും എന്തേലും പറഞ്ഞു എന്ന് പറഞ്ഞു കരഞ്ഞോണ്ട് എന്റെ കണ്‍മുന്നില്‍ വന്നാല്‍ അടി മേടിക്കും. ഇത് ലാലിയോട് മാത്രം പറഞ്ഞതല്ല. എല്ലാരോടും കൂടി പറഞ്ഞതാ...'
അമ്മ അന്ന് ഭക്ഷണം കഴിച്ചില്ല. അമ്മയ്ക്കായി വിളമ്പിയ പാത്രത്തിലെ ചോറും കറിയും ജെസി അടുക്കളയിലേക്ക് കൊണ്ടുപോയി. അവളുടെ പിറകെ പോയി പാത്രത്തില്‍ കയ്യിട്ട് ഇറച്ചിക്കഷണങ്ങള്‍ വാരിക്കഴിച്ചിട്ട് ബിന്ദുവിനെയും കൂട്ടി ഞാന്‍ തൊടിയുടെ താഴെയുള്ള കശുമാവിന്റെ ചുവട്ടിലേക്കു പോയി. അരിവയും കയറുമെടുത്ത് അമ്മ വീടിനു മുകളിലുള്ള പറമ്പിലേക്കു പോയി. ആരോടോ പക തീര്‍ക്കും പോലെ അമ്മ പുല്ലു ചെത്തിക്കൂട്ടി. കായ്ക്കാതെ നിന്ന കുടംപുളി മരത്തിന്റെ അഹങ്കാരം മുറ്റിയ ചില്ലകള്‍ മാനത്തെ വെല്ലുവിളിച്ചു. അമ്മ പോയതിന് പിറകെ അരിവാളുമെടുത്ത് ജെസിയും മുകളിലേക്കു പോയി. മുഖമൊക്കെ കഴുകി അവളുടെ സങ്കടങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി ലാലിയും അമ്മയുടെ അടുത്തേക്ക് പോയി.
ആ വര്‍ഷം പാറത്തോട്ടില്‍ പുതിയതായി വന്ന ഗ്രാമസേവകന്‍ കമ്പനിക്കാരുടെ കെട്ടിടത്തില്‍ വാടകയ്ക്ക് എടുത്ത ആപ്പീസില്‍ പലവട്ടം കയറിയിറങ്ങിയ അമ്മക്ക് ആറു മാസത്തെ കാലയളവില്‍, നിയമങ്ങളൊക്ക അല്‍പ്പം വളച്ചൊടിച്ചെങ്കിലും രണ്ട് എരുമകളെ വാങ്ങാനുള്ള ലോണ്‍ നല്‍കി. പകുതി സബ്‌സിഡി കൊടുത്ത് തൊഴുത്തുവയ്ക്കാനുള്ള പണവും നല്‍കി. അങ്ങനെ അമ്മയുടെ ദിവസക്കൂലിയും ലാലിയുടെ കൂലിയും കറവയുള്ള രണ്ട് എരുമകളില്‍നിന്നുള്ള വരുമാനവും കൂടിയായപ്പോള്‍ വീട്ടില്‍ ഭക്ഷണത്തിനു മുട്ടില്ലാതായി. ദിവസവും രണ്ടുനേരം ഭക്ഷണമുള്ള നല്ല കാലമായിരുന്നു അത്. സമ്പന്നരൊന്നും ആയില്ലെങ്കിലും വിശപ്പ് വിടപറഞ്ഞ നാളുകൾ.
ജോസച്ചന് ഭക്ഷണം ഉണ്ടാക്കാനായി തലേവര്‍ഷം മുതല്‍ പൂതാളിക്കാരന്‍ ജെയിംസ് തെള്ളിത്തോട്ടില്‍ വന്നു. എന്നെക്കാള്‍ ഒരു വയസ് കൂടുതലുള്ള ജെയിംസ് എട്ടാം ക്ലാസ്സിലായിരുന്നു. പാറത്തോട്ടിലെ പള്ളിവകയായി നടത്തിയിരുന്ന സെന്റ് സേവിയര്‍സ് കോളേജില്‍ ഇംഗ്ലീഷ് മാഷ് കൂടിയായിരുന്ന ജോസച്ചന്റെ കൂടെനിന്ന് തങ്ങളുടെ മകന്‍ പഠിച്ചു മിടുക്കനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍ധനരായ ജെയിംസിന്റെ മാതാപിതാക്കള്‍ അവനെ വികാരി അച്ചന്റെ കുശിനിക്കാരനായി തെള്ളിത്തോട്ടിലേക്ക് അയച്ചത്. അച്ചന്റെ വെപ്പുകാരന്‍ എന്ന പദവി കൂടാതെ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ കാപ്യാര് കൂടിയായിരുന്നു ജെയിംസ്. പള്ളിയിലെ അള്‍ത്താരബാലന്മാരുടെ ഗണത്തില്‍പ്പെട്ട ഞാന്‍ ജെയിംസിനെയും അവന്റെ പദവികളെയും അസൂയയോടെയാണ് കണ്ടത്.
ആ ദിവസങ്ങളില്‍ ഒന്നില്‍, ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്നതിന് മുന്‍പ് ജെയിംസ് അവന്റെ ഒരു നിക്കര്‍ എനിക്ക് തന്നു. നിലവില്‍ ഉണ്ടായിരുന്ന മൂട് കീറിയ, ഉണങ്ങി നരച്ച എന്റെ നിക്കറുകള്‍ക്ക് പകരം അവന്‍ തന്ന നിക്കര്‍ വലിയ സന്തോഷം നല്‍കി. ബട്ടന്‍സൊന്നും പോകാതെ, കൊളുത്തു പൊട്ടാത്ത ആ നിക്കര്‍ അവന്‍ തന്നതിന് പിന്നിലും വലിയൊരു കഥ ഉണ്ടായിരുന്നു. ആ നിക്കറിന്റെ പിറകില്‍ എന്തോ കറ പറ്റിയതിനാല്‍ സോഡാപ്പൊടിയും ബ്ലീച്ചിങ് പൗഡറും തേച്ചു കഴുകിയെടുത്തപ്പോള്‍ ദീര്‍ഘവൃത്താകൃതിയിലുള്ള രണ്ട് വെളുത്ത പാടുകള്‍ വന്നു. കറ പോയെങ്കിലും ആ കറുത്ത നിക്കറിട്ട് ഞാന്‍ പള്ളിക്കൂടത്തില്‍ പോയപ്പോള്‍ പിറകിലെ വെളുത്ത പാടുകള്‍ കണ്ട് മറ്റു കുട്ടികള്‍ ഞാന്‍ നിക്കറില്‍ തൂറിയതാണെന്ന് പറഞ്ഞുകൊണ്ട് എന്നെ കളിയാക്കി. കൂട്ടുകാരായ രാജനും ഷിബുവും ബിജുവും അന്നുച്ചയ്ക്കു ഞങ്ങളുടെ പള്ളിക്കൂടത്തിലെ കെട്ടിടത്തിന്റെ മുറ്റത്തുവച്ച് എന്നെ കളിയാക്കിയവരെ ഇടിച്ചെങ്കിലും പെണ്‍കുട്ടികള്‍ പോലും അടക്കിപ്പിടിച്ചു ചിരിച്ചുകൊണ്ട് മുന്നിലൂടെ പോയപ്പോള്‍ പിറ്റേന്ന് മുതല്‍ ജെയിംസ് തന്ന നിക്കര്‍ ഇടേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.
ജോസച്ചന് എന്തോ അസുഖമാണെന്നും ജീപ്പില്‍ കയറ്റി കോട്ടയത്തെ ഏതോ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അന്ന് വൈകിട്ട്, വീട്ടില്‍ വന്നപ്പോളാണ് അറിഞ്ഞത്. ഞങ്ങള്‍ക്കും അമ്മയ്ക്കും പള്ളിയില്‍ ഒരു പരിഗണന ഒക്കെ തന്ന ജോസച്ചന് സ്ട്രോക്ക് ഉണ്ടായി എന്നും കുറേ കാലത്തേക്ക് വിശ്രമമാണെന്നും അറിഞ്ഞപ്പോള്‍ വലിയ സങ്കടമായി. അച്ചന് പകരക്കാരനായി വന്ന വൈദികന്‍ മൂന്നു മാസത്തെ താല്‍ക്കാലിക സേവനത്തിനു ശേഷം വികാരിയായി ഉയര്‍ത്തപ്പെട്ടു. പുതുതായി വന്ന അച്ചന്റെ വെപ്പുകാരനായും പള്ളിയിലെ കപ്യാരായും ജെയിംസ് സേവനം തുടര്‍ന്നു.
മാര്‍ച്ച് മാസം അവസാനം പള്ളിക്കൂടം അടച്ചു കഴിഞ്ഞുള്ള വേനലവധിക്കാലത്താണ് ഞങ്ങളുടെ നാട്ടില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം നടന്നത്. പോട്ടയില്‍നിന്ന് വന്ന ഒരു ടീമാണ് ആ ധ്യാനം നടത്തിയത്. തെള്ളിത്തോട്ടിലും പാറത്തോട്ടിലും മുക്കുടത്തും പൂതാളിയിലുമുള്ള പള്ളികളിലും ചിന്നാര്‍ നിരപ്പില്‍ അക്കാലത്തുണ്ടായിരുന്ന കുരിശുപള്ളിയിലുമാണ് ധ്യാനം നടത്തിയത്. പോട്ടയില്‍നിന്ന് വന്ന വൈദികരുടെ നേതൃത്വത്തിലുള്ള ധ്യാനക്കാര്‍ കരിസ്മാറ്റിക് ധ്യാനം ആദ്യമായി ഞങ്ങളുടെ നാട്ടില്‍ അവതരിപ്പിച്ചു. കൊന്ത ചൊല്ലിയും കുര്‍ബാന കൂടിയും അത്ഭുതങ്ങള്‍ തേടിയിരുന്ന ഹൈറേഞ്ചിലെ വിശ്വാസികള്‍ക്ക് ധ്യാനത്തിലൂടെ അത്ഭുതങ്ങളുടെ വലിയൊരു വാതില്‍ തുറന്നത് ആ ധ്യാനം വഴി ആയിരുന്നു.
വൈകുന്നേരം ആറുമണിക്കാണ് ധ്യാനം തുടങ്ങുക. കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്ന ആളുകള്‍ ജോലിയൊക്കെ കഴിഞ്ഞു കുളിച്ചു ജപമാലയും ബൈബിളുമൊക്കെ പിടിച്ച്, വൈകുന്നേരം ഒന്‍പതു മണിവരെ ബൈബിള്‍ പ്രസംഗങ്ങളും രോഗശാന്തി ശുശ്രൂഷയുമൊക്കെ കൂടാന്‍ വന്ന നീണ്ട ഒരാഴ്ച്ച. തെള്ളിത്തോട്ടിലെ ഞങ്ങളുടെ പള്ളിയില്‍ ഒരു വൈദികനും രണ്ട് അൽമായരുമാണ് ബൈബിള്‍ പ്രസംഗങ്ങള്‍ നയിച്ചിരുന്നത്. അതിലൊരാൾ വികാരിയച്ചന്റെ ബന്ധുവായിരുന്നു. ഉച്ചത്തിലുള്ള സ്തുതിപ്പുകള്‍ക്കും ഹാലേലൂയ്യാകള്‍ക്കും അകമ്പടിയായി ഓര്‍ഗന്‍ വായിച്ചുകൊണ്ടുള്ള പുതിയ കരിസ്മാറ്റിക് പാട്ടുകളും ഉണ്ടായിരുന്നു. പാട്ടും കൈകൊട്ടും ഉച്ചത്തില്‍ അലറിക്കൊണ്ടുള്ള സ്തുതിപ്പുകളുമായി തുടര്‍ന്ന ആ വൈകുന്നേരധ്യാനം പല ദിവസങ്ങളിലും രാത്രി പതിനൊന്നു മണിവരെ നീണ്ടു
ധ്യാനിപ്പിക്കുന്ന ടീമിനുള്ള ഭക്ഷണം ഉണ്ടാക്കാനായി പുതിയ വികാരിയച്ചന്‍ അമ്മയോട് ആവശ്യപ്പെട്ടു. അഞ്ചുമണി വരെയുള്ള പണി കഴിഞ്ഞു അമ്മ വീട്ടില്‍ വന്ന് എന്നേയും കൂട്ടിയാണ് ഭക്ഷണം ഉണ്ടാക്കാനായി പള്ളിയില്‍ പോയിരുന്നത്. കാപ്യാര് കൂടിയായിരുന്ന ജെയിംസ് ആ ദിവസങ്ങളില്‍ അമ്മക്ക് വേണ്ടി അടുക്കളയിലെ അരങ്ങൊഴിഞ്ഞുകൊടുത്തു. ധ്യാനത്തിന് വേണ്ട എല്ലാ കാര്യങ്ങളും അവനാണ് ചെയ്തിരുന്നത്. കുര്‍ബാനയും ആരാധനയും അതിനുവേണ്ടി അള്‍ത്താരയില്‍ വേണ്ട കാര്യങ്ങളും അവന്‍ ചെയ്തു. അമ്മയോടൊപ്പം ആ ദിവസങ്ങളില്‍ പുസ്തകങ്ങളുമായി വന്ന ഞാന്‍ അടുക്കളയില്‍തന്നെ ഒരു സ്റ്റൂളിട്ടിരുന്ന് ഹോം വര്‍ക്ക് ചെയ്തു. മുഴങ്ങിക്കേള്‍ക്കുന്ന സ്തുതിപ്പുകള്‍ക്കും പാട്ടുകള്‍ക്കും ഇടയില്‍പ്പെട്ട ഞാന്‍ മിക്കവാറും അടുക്കളയിലെ മേശയില്‍ ചാരിയിരുന്നുറങ്ങി.
ധ്യാനത്തിന്റെ അവസാനദിവസം ആന്തരിക സൗഖ്യപ്രാര്‍ഥനകള്‍ ഉണ്ടെന്നും അതിനായി എല്ലാവരും പ്രാര്‍ഥിച്ചും കുമ്പസരിച്ചും ഒരുങ്ങണമെന്ന് ധ്യാനിപ്പിക്കാന്‍ വന്ന വൈദികനും വികാരി അച്ചനും മൈക്കിലൂടെ പലവട്ടം വിളിച്ചു പറഞ്ഞു. ധ്യാനം തീരുന്നതിന്റെ തലേന്ന് കുമ്പസരിച്ചവര്‍ക്കാണ് അവസാന ദിവസത്തെ ആന്തരിക സൗഖ്യശുശ്രൂഷയില്‍ കൃപ ലഭിക്കുക. അവസാന ദിവസത്തെ ധ്യാനം വൈകുന്നേരം അഞ്ചു മണിക്ക് തന്നെ ആരംഭിച്ചു. പ്രസംഗങ്ങളൊക്കെ അവസാനിച്ചു നിശബ്ദതയില്‍, അരണ്ട വെളിച്ചത്തില്‍ എഴുന്നള്ളിച്ചുവെച്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നില്‍ ആരാധനയോടെയുള്ള ശുശ്രൂഷ തുടങ്ങിക്കഴിഞ്ഞാണ് അമ്മയും ഞാനും എത്തിയത്. ഇറച്ചി നുറുക്കി അടുപ്പത്തു വച്ച് പച്ചക്കറികള്‍ അരിഞ്ഞു കറിക്കൊരുക്കിയിട്ടാണ് വലിയ ചെമ്പുകലത്തില്‍ അമ്മ അരി അടുപ്പത്തിട്ടത്. കെട്ടുപോയ ധൂപക്കുറ്റിയില്‍ ചിരട്ടക്കരി നിറയ്ക്കാന്‍ രണ്ടുവട്ടം ജെയിംസ് അടുക്കളയില്‍ വന്നുപോയി. ഹോം വര്‍ക് ചെയ്തു തീര്‍ത്തശേഷം പാതിയുറക്കത്തില്‍ ഞാന്‍ മേശയില്‍ ചാരിക്കിടന്നു.
വേവെത്തിയ ചോറ് അമ്മ കണ്ണാപ്പയില്‍ കോരി ചരുവത്തിന് മുകളില്‍ വച്ചിരുന്ന ചോറ്റുകൊട്ടയില്‍ നിറച്ചു. ശുശ്രൂഷ കഴിയുമ്പോള്‍ കഴിക്കാനുള്ള പാത്രങ്ങള്‍ കഴുകിത്തുടച്ച് തൊട്ടടുത്ത മുറിയിലെ തീന്മേശയില്‍ നിരത്തി. അടുപ്പിലിരുന്ന ചെമ്പുകലത്തില്‍ അടിപറ്റിക്കിടന്ന വറ്റുതേടി അമ്മ കണ്ണാപ്പ ഒന്നുകൂടി അകത്തേക്കിട്ടു. അവസാന സ്തുതിപ്പിന് നേതൃത്വം കൊടുത്ത, വികാരിയച്ചന്റെ ബന്ധുവായ മധ്യവയസ്‌കനായ ശുശ്രൂഷകന്‍ അടുക്കളയിലേക്ക് വരുമ്പോഴും പള്ളിക്കകത്തു പാട്ടും മേളവും ആത്മീയ അനുഭവങ്ങളുടെ കൊഴുപ്പു കൂട്ടി. കണ്ണാപ്പ കൊണ്ട് ചെമ്പുകലത്തില്‍ പരാതിക്കൊണ്ടിരുന്ന അമ്മയെ അയാള്‍ പിറകില്‍നിന്നു അരക്കെട്ടില്‍ വട്ടം ചേര്‍ത്തുപിടിച്ചു. പൊടുന്നനെ ഉണ്ടായ ഷോക്കില്‍ അമ്മയുടെ കയ്യിലിരുന്ന കണ്ണാപ്പ നിലത്തേക്ക് വീണു. പാതിയുറക്കത്തില്‍ ആയിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു.
''ഞാന്‍ ആരാണെന്നാ താന്‍ കരുതിയത്?''
നിലത്തു വീണ കണ്ണാപ്പ കുനിഞ്ഞെടുത്തുകൊണ്ട് അമ്മ ആ ധ്യാനശുശ്രൂഷകന്റെ നേരെ ചീറി. ഞാന്‍ അടുക്കളയില്‍ ഉണ്ടെന്ന് അയാൾക്ക് അപ്പോളാണ് മനസ്സിലായത്. കണ്ണാപ്പ നിലത്തുവീണ ശബ്ദം പള്ളിമുറിയും അള്‍ത്താരയും തമ്മില്‍ വേര്‍തിരിച്ച ഭിത്തി കടന്നു ചെന്നതുകൊണ്ടാകണം വികാരിയച്ചന്‍ അടുക്കളയിലെത്തി. കുറ്റബോധം തീരെയില്ലാതെ, ആത്മീയതയുടെ കൊടിമരം എന്ന് സ്വയം വിശേഷിപ്പിച്ച ആ ശുശ്രൂഷകന്‍ പള്ളിക്കകത്തേക്ക് നടന്നു. ദൈവിക വെളിപാടുകള്‍ കൈമുതലായി ഉള്ളതിനാലാകണം അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ നടന്നുനീങ്ങി. ഇരുകൈകളും കൂപ്പിപ്പിടിച്ച വികാരിയച്ചന്റെ കണ്ണുകളില്‍ ദുഃഖവും ആത്മനിന്ദയുമൊക്കെ ഉണ്ടെന്ന തോന്നല്‍ എനിക്കുണ്ടായി. തറപ്പിച്ചുള്ള അമ്മയുടെ നേട്ടത്തിന് മുന്നില്‍ അച്ചന്‍ നിസ്സഹായനായി നിന്നു.
ഒന്നും പറയാതെ, കൈയിലിരുന്ന കണ്ണാപ്പ അച്ചന്റെ കയ്യില്‍ കൊടുത്ത് എന്റെ കൈപിടിച്ചുകൊണ്ട് അമ്മ അവിടെനിന്ന് ഇറങ്ങി. തെള്ളിത്തോട്ടില്‍നിന്നു കുഞ്ചിരക്കാട്ടുപാറ വഴി വീട്ടിലേക്ക് പോകുമ്പോള്‍ രോഗസൗഖ്യം ലഭിച്ച ആളുകളുടെ നീണ്ടനിര ധ്യാനഗുരുവായ വൈദികന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൈകൊട്ടി പാടിയ വിശ്വാസികള്‍ പുതിയ സ്തുതിപ്പുകള്‍ക്കൊണ്ട് ആത്മാവിനെ വീണ്ടും അവരുടെ ഇടയിലേക്ക് വിളിച്ചിറക്കി. ദൈവമിറങ്ങിപ്പോയ സ്വര്‍ഗ്ഗം ആ ഇരുട്ടിലും ഞാന്‍ കണ്ടു. അക്കരെ, വീശിയടിച്ച കാറ്റിലും ഞങ്ങളുടെ വീടിന്റെ തിണ്ണയില്‍ കത്തിനിന്ന ഓട്ടുവിളക്ക് അണഞ്ഞുപോയില്ല.
(തുടരും)

Content Highlights: childhood memories, family struggles of babu abraham From Parathot to Paris part 23
Published: 09 Apr 2025, 12:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented