ആ മെയ് മാസത്തില്‍ പരീക്ഷാഫലം വന്നപ്പോള്‍ ഞാന്‍ എട്ടിലേക്കു കയറി. വികാരിയച്ചന്റെ വെപ്പുകാരനായിരുന്ന ജെയിംസും ഞാനും ഒരേ ക്ലാസ്സിലായി. വികാരിയായി സ്ഥാനക്കയറ്റം കിട്ടിയ, പുതിയതായി വന്ന കൊച്ചച്ചന്‍ അമ്മയേയും ഞങ്ങളെയും ഏറെ കരുതലോടെയാണ് കണ്ടത്. 

To advertise here,

കുടുംബനാഥന്മാര്‍ മാത്രം പങ്കെടുക്കുന്ന ഇടവക പൊതുയോഗത്തില്‍ അമ്മയ്ക്ക് പങ്കെടുക്കാനാവും എന്ന തീരുമാനമെടുത്തതും ആ അച്ചനായിരുന്നു. അപ്പന്റെ അപ്പന്‍ അടങ്ങുന്ന ഇടവകയിലെ പ്രമാണിമാര്‍ ആ തീരുമാനത്തെ പാപമെന്നു പറഞ്ഞ് എതിര്‍ത്തപ്പോഴും വികാരിയച്ചന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. 

''അച്ചന് വേറേ പണിയൊന്നുമില്ലേ? എനിക്ക് ഈ പള്ളിക്കാര്യങ്ങളുടെ പിറകെ നടക്കാന്‍ തീരെ നേരമില്ല. പിന്നെ, ഈ ബോധമില്ലാത്ത പ്രമാണികളോട് പടവെട്ടാനുള്ള സമയവുമില്ല. ഞാന്‍ ഒരു പൊതുയോഗത്തിലേക്കും വരുന്നുമില്ല.''
ഒരു ഞാറാഴ്ച ഉച്ച കഴിഞ്ഞു വികാരിയച്ചന്‍ പൂതാളിയില്‍ കുര്‍ബാന ചൊല്ലാന്‍ പോകുന്നതിനു മുന്‍പ് വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു. എരുമകളെ കുളിപ്പിക്കുന്ന തിരക്കിലായിരുന്നു അമ്മ. പുളിക്കക്കണ്ടംകാരുടെ, തോട്ടിലേക്കിറങ്ങുന്ന മണ്‍തിട്ട ഇടിഞ്ഞുവീണതിനാല്‍ എരുമയെ വീട്ടില്‍ തന്നെയാണ് അന്ന് കുളിപ്പിച്ചത്.

'മേരിച്ചേച്ചി അതൊന്നും കാര്യമാക്കണ്ട. അവരൊക്കെ പഴയ രീതിയിലുള്ള മനുഷ്യരായത്‌കൊണ്ടാ...' അമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം വികാരിയച്ചന്‍ പറഞ്ഞു.

''പഴയവരാണേലും പുതിയവരാണേലും എല്ലാവരും കണക്കാ അച്ചാ. ഈ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ക്കൊന്നും കര്‍ത്താവുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ചനുമറിയാം, എനിക്കുമറിയാം. അച്ചന് എന്നെക്കുറിച്ച് നന്നായി അറിയാത്തതു കൊണ്ടാ. ഈ പിള്ളേരെ ഒരു കരയ്ക്കെത്തിക്കുക എന്നതല്ലാതെ യാതൊന്നും എന്റെ തലേലില്ല. എനിക്ക് ഞാറാഴ്ച ഒരു കുര്‍ബാന കൂടണമെന്നല്ലാതെ പള്ളിയിലെ യാതൊരു കാര്യത്തിലും താല്‍പര്യമില്ല. അച്ചന്‍ വേഗം പോകാന്‍ നോക്ക്. പൂതാളിയില്‍ കുര്‍ബാന ഒള്ളതല്ലേ...'

ബാബു അബ്രഹാം എഴുതിയ പാറത്തോട്ടിൽ നിന്ന് പാരിസിലേയ്ക്ക് കോളത്തിന്റെ മുൻലക്കങ്ങൾ വായിക്കാം

എരുമകളെ തൊഴുത്തില്‍ കെട്ടി അവയ്ക്ക് പുല്ലു വാരിയിട്ട് കൊടുക്കാന്‍ ജെസിയെ ആംഗ്യം കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.
''എന്റെ മേരിച്ചേച്ചി, കഴിഞ്ഞ ആഴ്ച നടന്ന കാര്യത്തിന് ക്ഷമ പറയാനാ ഞാന്‍ വന്നത്.''

മടിച്ചു മടിച്ചാണ് അച്ചന്‍ പറഞ്ഞത്. പിറകുവശത്തെ ഉണ്ടപ്ലാവിന്റെ താഴത്തെ ചില്ലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ ഇരുന്ന ബിന്ദുവിനെ ആട്ടിവിടുമ്പോള്‍ അച്ചന്റെ അടക്കിപ്പിടിച്ച സംസാരം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ധ്യാനം അവസാനിക്കുന്ന രാത്രിയില്‍ നടന്ന സംഭവം എന്റെ മനസ്സില്‍ വെറുപ്പിന്റെയും പകയുടെയും വിത്തുകള്‍ പാകിയിരുന്നു.

''അതിന് അച്ചന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ. അയാള്‍ ധ്യാനിപ്പിക്കാന്‍ പോകുന്നിടത്തൊക്കെ കഞ്ഞി വയ്ക്കുന്ന സ്ത്രീകളെ കുത്തഴിഞ്ഞ പെണ്ണുങ്ങളെപ്പോലെ ആയിരിക്കാം കണ്ടിട്ടുള്ളത്. അയാള്‍ക്ക് വേണ്ടത് ഞാന്‍ കൊടുത്തല്ലോ. ഇനി അങ്ങോട്ട്, ഒരു പെണ്ണിന്റെയും ദേഹത്തു അവന്‍ കൈ വയ്ക്കില്ല.''

അമ്മ പറയുമ്പോള്‍ അസ്വസ്ഥനായ വികാരിയച്ചന്‍ ഞങ്ങള്‍ കുട്ടികളെ മാറിമാറി നോക്കി.'' അങ്ങനെയൊരു കാര്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല....''
വികാരിയച്ചന്‍ തന്റെ നിസ്സഹായത അറിയിച്ചു.

''അച്ചന്‍ ചെറുപ്പമല്ലേ. കുറേക്കാലം കഴിയുമ്പോള്‍ എല്ലാം തനിയെ മനസിലായിക്കൊള്ളും. പിന്നെ സ്‌തോത്രവും അലേലുയ്യായും പറയുന്നത്‌കൊണ്ട് ആളുകള്‍ വിശുദ്ധരാണ് എന്ന ധാരണയൊന്നും മേരിക്കില്ല. ഞാന്‍ തീയില്‍ മുളച്ചതാ അച്ചോ. വെയിലത്തു വാടത്തില്ല. അച്ചനിപ്പം ചെല്ല്. ഇനി ഈ കാര്യം സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. നിന്നാല്‍ എരുമയെ കറന്നു ചായ കുടിച്ചിട്ട് പോകാം.''
അമ്മയെന്നും അങ്ങനെയായിരുന്നു. എങ്ങനെ എന്ത് സംസാരിക്കണമെന്നും, ആരെ എവിടെ നിര്‍ത്തണമെന്നുമൊക്കെ അമ്മക്ക് അറിയാമായിരുന്നു. 

''രാവിലെ കുര്‍ബാനക്ക് കൂടാന്‍ വരണം കേട്ടോടാ...'
തൊടിയുടെ മുകളിലെ മൂന്നടിപ്പാത എത്തുമ്പോള്‍ അച്ചന്‍ വിളിച്ചു പറഞ്ഞു. മറുപടിയായി തലയാട്ടിയതല്ലാതെ ഞാന്‍ വാ തുറന്നൊന്നും പറഞ്ഞില്ല.
തൊട്ടടുത്ത ആഴ്ചയില്‍ ഒരു രാവിലെ കമ്പിളികണ്ടം ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ പതിവുപോലെ മണല് വാരാന്‍ ചെന്ന അമ്മയ്ക്ക് പണിയില്ലെന്ന് കുഞ്ഞൂഞ്ഞമ്മച്ചേടത്തി അറിയിച്ചു.

''അതെന്നാ ചേടത്തി എനിക്ക് പണിയില്ലാത്തത്? വര്‍ഷം കൊറേ ആയില്ലേ ഞാന്‍ നിങ്ങടെ കൂടെ പണിയെടുക്കുന്നു?''

പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക

കൊന്നത്തടി പഞ്ചായത്തില്‍ നിന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ ലേലം വിളിച്ചെടുക്കുന്ന തോട്ടില്‍ മണല്‍ വാരാന്‍ കുഞ്ഞൂഞ്ഞമ്മച്ചേടത്തിക്ക് ഇരുപതോളം പണിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളായി അവര്‍ എടുക്കുന്ന എല്ലാ കരാര്‍പണികളിലും അമ്മ കുഞ്ഞൂഞ്ഞമ്മച്ചേടത്തിയുടെ വലംകൈയായിരുന്നു. ചമ്പക്കരയിലെ തോമസ് സാര്‍ തൊഴുത്തു പണിയാനായി പൊട്ടിച്ച കല്ലു ചുമക്കുന്ന പണി അമ്മ ഉടമ്പടി എടുത്ത് ഞങ്ങള്‍ മക്കളെയും ചാലക്കുടി ഭാഗത്തുനിന്നും അക്കാലത്തു ഒളിച്ചോടി വന്ന രാജേട്ടനെയും ലില്ലിച്ചേച്ചിയെയും കൂട്ടി ഒരു ഞായറാഴ്ച ചെയ്തു എന്നറിഞ്ഞ കുഞ്ഞൂഞ്ഞമ്മച്ചേടത്തി, അമ്മയെ മേലാൽ അവരുടെ കൂടെ പണിയെടുപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്തി.

''ഒരാഴ്ച്ച പണിയില്ലാതെ തെണ്ടി നടക്കട്ടെ. അപ്പോ മേരി പഠിക്കും. പിന്നെ മര്യാദയ്ക്ക് നിന്നോളും...' ഒരു മണിക്കൂറോളം അവിടെ മടിച്ചുനിന്നിട്ട് അമ്മ മടങ്ങിയപ്പോള്‍ കുഞ്ഞൂഞ്ഞമ്മച്ചേടത്തി മറ്റു പണിക്കാരോട് പറഞ്ഞു. തുടര്‍ന്നു വന്ന ഒരാഴ്ച എല്ലാ ദിവസവും രാവിലെ അമ്മ പണിസ്ഥലത്തെത്തി. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം പണിയില്ലാതെ മടങ്ങിപ്പോന്നു.

തൊട്ടടുത്ത ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു മടങ്ങുമ്പോള്‍ ഒരാഴ്ചയായി പണിയില്ലാതിരുന്ന കാര്യം അമ്മ ചമ്പക്കരയിലെ അന്നമ്മട്ടീച്ചറിനോട് പറഞ്ഞു.

''മേരിച്ചേടത്തി ഇപ്പൊ ഇത് പറഞ്ഞത് നന്നായി. തോമസ് സാറാണേല്‍, കുഞ്ഞൂഞ്ഞമ്മയെ കാണാനിരിക്കയാ. കുറേ മണലും സിമന്റുമൊക്കെ കൊണ്ടുവരാനായി. തൊഴുത്തിന്റെ പണി മഴ മാറുന്നതോടെ തുടങ്ങണ്ടേ...?'
ഒന്നിച്ചു നടക്കുമ്പോള്‍ അന്നമ്മ ടീച്ചര്‍ പറഞ്ഞതൊന്നും അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

''മേരിച്ചേടത്തി ഇങ്ങു വന്നേ, കാപ്പി കുടിച്ചേച്ച് പോകാം.''
അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് ഞാനും നടന്നു.

''പാറത്തോട് മുതല്‍ താഴോട്ടുള്ള ഭാഗം മാത്രമല്ലേ പഞ്ചായത്ത് ലേലത്തില്‍ കൊടുക്കുന്നത്. അപ്പോ പിന്നെ മേരിച്ചേടത്തിക്കു ലേലം പിടിക്കാന്‍ ഇറങ്ങിയാലെന്താ...? ഈ നാട്ടില്‍ എന്തോരും പണിയുണ്ട്. രണ്ടു മൂന്നു പണിക്കാരെ കൂട്ടി കുറേ പണികളങ്ങ് ഏറ്റെടുത്തു നടത്തിയാലെന്താ...?''
മറുപടിയൊന്നും പറയാതെയാണ് കാപ്പിയും കുടിച്ച് അമ്മ ചമ്പക്കരക്കാരുടെ വീട്ടില്‍നിന്നു പോന്നത്.

''മേരീ, തൊഴുത്തിന് വേണ്ട മണലും സിമന്റുമൊക്കെ നിങ്ങള്‍ എത്തിക്കുമെങ്കില്‍ ഞാന്‍ കുഞ്ഞൂഞ്ഞമ്മയോട് പറയുന്നില്ല കേട്ടോ...'ഞങ്ങള്‍ പോരുമ്പോള്‍ തോമസ് സാര്‍ വിളിച്ചു പറഞ്ഞു. മറുപടിയൊന്നും പറയാതെ അമ്മയുടെ വേഗത്തിലുള്ള നടപ്പ് പുതിയ ഒരു വെല്ലുവിളിക്ക് ഒരുങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 

അന്ന് ഉച്ചകഴിഞ്ഞ് മഴ പെയ്തില്ല. ഞങ്ങളുടെ പറമ്പിന്റെ മുകള്‍ ഭാഗത്ത് വളര്‍ന്നുനിന്ന മേച്ചില്‍പ്പുല്ല് ചെത്തി ചെറുതായി കെട്ടി ഉണങ്ങാനിടുകയായിരുന്നു അമ്മ. ജെസിയും ലാലിയും മേച്ചില്‍പ്പുല്ല് ചെത്തി കെട്ടുന്നുണ്ട്. അവരുടെ കൈമുട്ടു മുതല്‍ അവിടവിടെ പുല്ലുകൊണ്ട് മുറിഞ്ഞൊഴുകിയ ചോരച്ചീളുകള്‍ ഇന്നും മായാതെ തന്നെ എന്റെ മനസ്സിലുണ്ട്. ബിന്ദുവും ഞാനും ചെറിയ പുല്ലുകറ്റകള്‍ നിരനിരയായി ഉണങ്ങാന്‍ നിരത്തിയിട്ടു.

ഒരാഴ്ചയായി ലാലിക്കും പണി ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ മഴ പെയ്തിരുന്നതിനാല്‍ അപ്പന്റെ കസിന്റെ കവുങ്ങിന്‍തോപ്പുകളില്‍ തുരിശു ചേര്‍ത്ത മരുന്നടിക്കുന്ന പണി താല്‍ക്കാലത്തേക്ക് മാറ്റിവച്ചിരുന്നു. സാധാരണ അവിടെ പണിയില്ലാത്തപ്പോള്‍ ലാലിയും കുഞ്ഞൂഞ്ഞമ്മച്ചേടത്തിയുടെ കൂടെ മണല്‍ വാരുകയാണ് പതിവ്. അമ്മയ്ക്കും ലാലിക്കും പണിയില്ലാതെ പോയ ആ ഒരാഴ്ച കഴിഞ്ഞ്, അവര്‍ കുഞ്ഞൂഞ്ഞമ്മച്ചേത്തിയുടെ കൂടെ പിന്നീടൊരിക്കലും പണിക്ക് പോയില്ല.

തുടര്‍ന്നു വന്ന തിങ്കളാഴ്ച ഞാനും പള്ളിക്കൂടത്തില്‍ പോയില്ല. ലാലിയും ഞാനും അമ്മയുടെ കൂടെ മൂന്നു വള്ളിക്കൊട്ടകളും തൂമ്പയുമെടുത്ത് പാറത്തോട്ടിലേക്കു പോയി. കിഴക്കേ തെള്ളിത്തോട്ടിന് പോകുന്ന വഴിയിലുള്ള പാലത്തിനു താഴേക്കുള്ള ഭാഗമാണ് കുഞ്ഞൂഞ്ഞമ്മച്ചേടത്തി പഞ്ചായത്തില്‍നിന്ന് ലേലം വിളിച്ചിരിക്കുന്നത്.

അമ്മ പാലത്തിനു മറുവശത്തുള്ള കാശാപ്പുശാലയുടെ അരികിലൂടെ തോട്ടിലേക്കിറങ്ങി. അരികത്തെ ചെളിയും ചവറും ചീഞ്ഞ ഇലകളുമെല്ലാം വകഞ്ഞു മാറ്റി. വള്ളിക്കൊട്ടെ ചരിച്ചു വച്ചു, വലതുകാല്‍ അതിനകത്തുറപ്പിച്ചു. ഇടതുകാല്‍ കൊണ്ട് കൊട്ടയെ താങ്ങി നിര്‍ത്തി, മണ്‍വെട്ടികൊണ്ട് മണല്‍ വകഞ്ഞു കോരിയിട്ടു. മുക്കാല്‍ കൊട്ട മണലായപ്പോള്‍ തൂമ്പ കൊട്ടയിലേക്കിറക്കി ചേറു പോകുംവിധം ഇളക്കി കഴുകി. എന്നിട്ട് ആ വള്ളിക്കൊട്ടയുടെ പിടികളില്‍ പിടിച്ച് വെള്ളത്തില്‍ പലവട്ടം കഴുകി.

വെള്ളിയാമറ്റത്തിന്റെ പറമ്പില്‍ പോയി ലാലി പാളയുമായി വന്നു. അവളുടെ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തിനു മുകളിലേക്കു ചുമ്മാട് വച്ചു കൊടുത്തിട്ടു അമ്മ വള്ളിക്കൊട്ടയിലെ മണല്‍, കവുങ്ങിന്‍ പാളയുടെ മുകളില്‍ വച്ചു, ലാലിയുടെ തലയിലേക്ക് വച്ചു കൊടുത്തു. അടുത്തകൊട്ട മണല്‍ അമ്മ എന്റെ തലയില്‍ വച്ചുതന്നു. പാളയുടെ രണ്ടറ്റത്തുനിന്നും ഒലിച്ചിറങ്ങിയ ചെളിവെള്ളം എന്നെ പൂര്‍ണമായും നനച്ചു. ആ പണി ഉച്ച കഴിഞ്ഞ് മൂന്നു മണിയാകുവോളം തുടര്‍ന്നു.

മൂന്നു മണിയായപ്പോള്‍ അമ്മ  പാറത്തോട്ടിലെ ബ്രദേഴ്‌സ് ചായക്കടയില്‍ പോയി ചായയും കടിയും വാങ്ങിവരാന്‍ പറഞ്ഞു. ലാലിയും ഞാനും പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍, വഴിയിലൂടെ ഒരു സ്ത്രീ വന്നു. അമ്മ, ഞാനും ലാലിയും വരുന്നതും കാത്തു കൂട്ടിയിട്ടിരുന്ന നനഞ്ഞ മണലിനരികില്‍ ഇരുന്നു. ആ സ്ത്രീയുടെ കൂടെ രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. കമ്പിളികണ്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ അവരെ കാണിക്കാന്‍ കൊണ്ടുപോയുള്ള വരവാണ്. രണ്ടു ബോണ്ടയും അമ്മയ്ക്കുള്ള ഉള്ളിവടയും മൂന്നു ചായയുമായി ഞങ്ങള്‍ മടങ്ങി വന്നപ്പോള്‍ അമ്മയേക്കൂടാതെ മറ്റൊരു സ്ത്രീയും രണ്ടു കൊച്ച് കുട്ടികളും അമ്മയുടെ അടുക്കല്‍ ഉണ്ടന്നറിഞ്ഞപ്പോള്‍ എന്നെപ്പോലെ തന്നെ ലാലിക്കും മനസ്സ് മടുത്തു.

നീളന്‍ ചോറ്റു പാത്രത്തിലെ ചായ അമ്മ ആ സ്ത്രീക്ക് പകര്‍ന്നു കൊടുത്തു. ബോണ്ടകളില്‍ ഒന്നെടുത്തു ആ കുട്ടികള്‍ക്ക് രണ്ടായി പകുത്തു നല്‍കി. ബാക്കി വന്ന ഒന്ന് ചൂണ്ടി അമ്മ ഞങ്ങളെ നോക്കിയപ്പോള്‍ അത് മുറിച്ചു കഴിക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടുവെന്ന് മനസ്സിലായി. തന്റെ ഉള്ളിവട അപ്പാടെ ആ സ്ത്രീക്ക് കഴിക്കാന്‍ കൊടുത്തിട്ട് അമ്മ തൂമ്പയും വള്ളിക്കൊട്ടയുമായി തൊട്ടിലേക്കിറങ്ങി. 

നാലു മണിയാകുന്നതിനു മുന്നേ ആ സ്ത്രീ മക്കളെയില്ലാതെ മടങ്ങിവന്നു. 
അങ്ങനെയാണ് സരോജനി എന്ന സരോമ്മ ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ഒരാളെപ്പോലെ ആയത്. സരോമ്മയുടെ വീടു പുല്ലുകണ്ടത്താണ്. അഞ്ചു മക്കളായപ്പോള്‍ അവരുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയേയും കൂട്ടി ഒളിച്ചോടിപ്പോയി. ഇക്കാലമത്രയും തൊട്ടടുത്ത വീടുകളിലെ പറമ്പുകളില്‍ പണിക്കുപോകുകയായിരുന്നു അവര്‍.

''ചേച്ചിയുടെ കൂടെ ഞാനും പണിക്ക് വരട്ടെ. എന്റെ പിള്ളേര്‍ക്ക് വയറു നിറച്ചു തീറ്റ കൊടുക്കാല്ലോ...' ലാലിയും ഞാനും ചായ വാങ്ങാന്‍ പോയപ്പോള്‍ സരോമ്മ അമ്മയോട് ചോദിച്ചുവത്രെ.

''നീ ഇപ്പൊത്തന്നെ എന്റെ കൂടെ കൂടിക്കോ....'' സരോമ്മയുടെ ജീവിത സാഹചര്യം മനസ്സിലാക്കിയപ്പോള്‍ അവരെ ഉപേക്ഷിക്കാന്‍ അമ്മയ്ക്ക് ആവില്ലായിരുന്നു. കുട്ടികളെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയിട്ടു മടങ്ങിവന്ന സരോമ്മ പിന്നീടെന്നും അമ്മയുടെ നിഴലായി കൂടെയുണ്ടായിരുന്നു.

അന്ന് അഞ്ചു മണിയായിട്ടും പണി തീര്‍ന്നില്ല. ആറു മണിയോടെ പാറത്തോട്ടില്‍ പെട്ടി ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന സണ്ണിച്ചേട്ടന്റെ വണ്ടി അമ്മ ടൗണില്‍ പോയി വിളിച്ചുകൊണ്ടുവന്നു. അഞ്ചു ട്രിപ്പ് മണല്‍ ചമ്പക്കരയിലെ തോമസ് സാറിന്റെ വീട്ടിലെത്തിച്ചിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. രാത്രി വൈകിയതിനാല്‍ സരോമ്മയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ടാണ് ഞങ്ങള്‍ മൂന്നുപേരും വീട്ടിലേക്ക് പോന്നത്. പിറ്റേന്ന് വെളുപ്പിനെ, തോമസ് സാര്‍ അമ്മയോട് സിമന്റ് കൂടി എത്തിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ചു അമ്മയും സരോമ്മയും ചേര്‍ന്ന് സാറിന്റെ തൊഴുത്തിനു വേണ്ട സിമന്റ് മുഴുവന്‍ അവരുടെ വീട്ടില്‍ ചുമന്നെത്തിച്ചു. നന്ദികുന്നേല്‍ മേരിയുടെ മറ്റൊരു ജീവിതാധ്യായം അന്ന് ആരംഭിച്ചു.

കുഞ്ഞൂഞ്ഞമ്മച്ചേടത്തിയോടൊപ്പം പണി ചെയ്തിരുന്ന നാലു ചേച്ചിമാര്‍ കൂടി അമ്മയോടൊപ്പം ചേര്‍ന്നു. പാറത്തോട്ടില്‍ വിവിധയിടങ്ങളില്‍ അവര്‍ മണല്‍ വാരിക്കൂട്ടിയിട്ടു. മഴ കുറഞ്ഞപ്പോള്‍ ലാലി അപ്പന്റെ ബന്ധുവിന്റെ തോട്ടത്തില്‍ മരുന്നടിക്കാന്‍ പോയി. ലാലിയെ മുന്‍പോട്ട് പണിക്കു വയ്ക്കരുതെന്ന് കുഞ്ഞൂഞ്ഞമ്മച്ചേടത്തി പറഞ്ഞെങ്കിലും ജോസപ്പാപ്പന്‍ അത് സമ്മതിച്ചില്ല. മാത്രമല്ല മുന്‍പോട്ട് അമ്മ അയക്കുന്ന പണിക്കാര്‍ മാത്രം അദ്ദേഹത്തിന്റെ പണികള്‍ക്ക് ചെന്നാല്‍ മതിയെന്നും അറിയിച്ചു.

''എനിക്ക് ആവശ്യമുള്ള പണിക്കാരെ ചേടത്തിത്തന്നെ വിട്ടാല്‍ മതി...'
ആ ദിവസങ്ങളില്‍ അപ്പാപ്പന്‍ അമ്മയോട് പറഞ്ഞു. പിന്നീടങ്ങോട്ട് ജോസപ്പാപ്പന്‍ കവുങ്ങിന്‍തോപ്പുകള്‍ പാട്ടത്തിനെടുത്ത കാലമെത്രയും അമ്മ അയക്കുന്ന പണിക്കാരാണ് അദ്ദേഹത്തിന്റെ തോട്ടത്തില്‍ പണിതിരുന്നത്. കുഞ്ഞൂഞ്ഞമ്മച്ചേടത്തിയുടെ കൂടെ ജോലി ചെയ്തിരുന്ന സ്ത്രീകളില്‍ പകുതിയിലേറെപ്പേര്‍ അമ്മയോടൊപ്പമായി ജോലി.

ശനിയാഴ്ചകളില്‍ കൂലി തീര്‍ത്തു കിട്ടിയിരുന്നതും ആത്മാഭിമാനത്തോടെ പണിയെടുക്കാന്‍ സാധിച്ചതുകൊണ്ടുമൊക്കെയാകണം അവരെയെല്ലാം അമ്മയോടൊപ്പം കൂടാന്‍ പ്രേരിപ്പിച്ചത്. പാറത്തോട്ടിലോ കമ്പിളികണ്ടത്തോ ടൗണിലൂടെ പോകുമ്പോള്‍ അമ്മയുടെ കൂടെ പണിയെടുത്തിരുന്ന സ്ത്രീകളോട് അപമര്യാദയായി സംസാരിക്കാന്‍ പോലും പുരുഷന്മാര്‍ മടിച്ചു. രാഷ്ട്രീയപാര്‍ട്ടി അടിസ്ഥാനത്തില്‍ അപ്പോഴും അവര്‍ക്കൊന്നും യൂണിയന്‍ സംവിധാനം ഉണ്ടായിരുന്നില്ല.

തൊട്ടടുത്ത ശനിയാഴ്ച അമ്മയോടൊപ്പം ഞാനും മണല്‍ വാരാന്‍ പോയി. സരോമ്മയെയും ലാലിയേയും കൂടാതെ പത്തോളം ചേച്ചിമാര്‍ ശ്യമാ ജ്വല്ലറി നടത്തുന്ന സുപ്രന്‍ ചേട്ടന്റെ വീടിനു മുന്നിലെ തോട്ടില്‍ നിന്നു മണല്‍ വാരി വഴിയരികില്‍ ചുമന്നെത്തിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മച്ചേടത്തിയും അവരുടെ രണ്ട് മുതിര്‍ന്ന ആണ്‍മക്കളും പത്തോളം പണിക്കാരുമായി വന്ന് അമ്മയെയും ഞങ്ങളെയും തടഞ്ഞത്.

''മേരി, നിന്നോട് മണല്‍ വാരുന്നത് നിര്‍ത്താനാണ് പറഞ്ഞത്. നിനക്ക് വേണേല്‍ നിന്റെ പണിക്കാരുമായി വന്നു എന്റെ കൂടെ പണിയാം. നീ സ്വന്തമായി കരാറെടുക്കാന്‍ പറ്റില്ല. ഇനി നിനക്ക് നിര്‍ബന്ധമാണെല്‍ പുല്ലുകണ്ടത്തോ മുരിക്കാശ്ശേരിയിലോ ഒക്കെ പോയ്‌ക്കോണം...'

അമ്മയുടെ നേരെ നിന്നു അത് പറയുമ്പോള്‍ കുഞ്ഞൂഞ്ഞമ്മച്ചേടത്തിയുടെ രണ്ടു ആണ്‍മക്കളും അവരുടെ രണ്ടു വശത്തും സെക്യൂരിറ്റി ഗാര്‍ഡുകളെപ്പോലെ നിന്നു. അവരുടെ ഭര്‍ത്താവ് തോടിന്റെ കരയില്‍ തന്നെ നിസ്സഹായനായി നിന്നു.

''അത് പറ്റില്ലാലോ കുഞ്ഞൂഞ്ഞമ്മേ... ഈ പെണ്ണുങ്ങള്‍ എന്റെ വാക്കുകെട്ട് എന്റ കൂടെ ഇറങ്ങിത്തിരിച്ചതാ. പിന്നെ, എന്നെ നീ ഒരാഴ്ച മുഴുവന്‍ പണിയില്ലാതെ വീട്ടിലിരുത്തിയതല്ലേ. ഞാന്‍ കമ്പിളികണ്ടത്ത് മണല്‍ വാരാന്‍ വരുന്നില്ല. പക്ഷേ, പാറത്തോട്ടില്‍ ഞാന്‍ മണല്‍ വാരും, കരാറുകള്‍ എടുക്കും, പണി ചെയ്യും...'

അമ്മ ശാന്തമായാണ് പറഞ്ഞതെങ്കിലും കുഞ്ഞൂഞ്ഞമ്മച്ചേടത്തിയുടെ മൂത്ത മകന്‍ അമ്മയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായി ഉണ്ടായ ഷോക്കില്‍ അമ്മ വെള്ളത്തില്‍ മുങ്ങി. അഴിഞ്ഞുലഞ്ഞ മുടിയുമായി, പൂര്‍ണമായും നനഞ്ഞ അമ്മ, വെള്ളത്തില്‍ നിന്നു എഴുന്നേറ്റതും കുഞ്ഞുഞ്ഞമ്മച്ചേടത്തിയുടെ കരണം ചേര്‍ത്ത് ഒന്നു കൊടുത്തു. ഞാന്‍ പേടിച്ചരണ്ട് നിന്നു. 
''അടിച്ചോടിക്കെടി പെണ്ണുങ്ങളെ ഇവരെ....'' തോടിനോട് ചേര്‍ന്നുനിന്ന ചീമക്കൊന്നയുടെ കമ്പുകള്‍ ഒടിച്ചെടുത്ത് സരോമ്മയും ലാലിയും അമ്മയും ഗുണ്ടായിസം കാണിക്കാനെത്തിയ കുഞ്ഞൂഞ്ഞമ്മച്ചേടത്തിയെയും സംഘത്തെയും അവിടെനിന്നോടിച്ചു. അവരുടെ ഭര്‍ത്താവും ആണ്‍മക്കളും മറ്റു പണിക്കാരും കുഞ്ഞൂഞ്ഞമ്മച്ചേടത്തിക്കു മുന്‍പേ ശശി സാറിന്റെ കണ്ടം വരമ്പിലൂടെ ചേലക്കരക്കാരുടെ തൊടിയും കടന്ന് ഓടി. 

''നിന്നെ ഞാന്‍ പാര്‍ട്ടി വഴി കണ്ടോളാം...'എന്ന് പറഞ്ഞു പോകാന്‍ തുടങ്ങിയ കുഞ്ഞൂഞ്ഞമ്മച്ചേടത്തിയെ അമ്മയും സരോമ്മയും ചേര്‍ന്ന് പിടിച്ചു നിര്‍ത്തി.
''പാര്‍ട്ടിയുടെയോ യൂണിയന്റെയോ പേരു പറഞ്ഞു ഞങ്ങളുടെ കഞ്ഞീല്‍ പാറ്റ വീഴ്ത്താന്‍ നീ നോക്കിയാല്‍, സത്യമായും കുഞ്ഞൂഞ്ഞാമ്മേ നിന്നെ ഞങ്ങള്‍ വീടുകേറി തല്ലും. നിനക്കോ നിന്റെ പണികള്‍ക്കോ ഞങ്ങള്‍ തടസ്സം നില്‍ക്കില്ല. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം...'

ഒന്നും മിണ്ടാതെ അവര്‍ നടന്നുനീങ്ങുമ്പോള്‍ വരാനിരിക്കുന്ന അടിപിടികളെ ഓര്‍ത്തു ഞാന്‍ ആകുലപ്പെട്ടു.  പക്ഷേ, ഒരു വര്‍ഷക്കാലം കുഞ്ഞൂഞ്ഞമ്മച്ചേടത്തിയും അമ്മയും സംസാരിച്ചില്ല എന്നല്ലാതെ പിന്നീങ്ങോട്ട് അവര്‍ തമ്മില്‍ ശത്രുതയൊന്നും ഉണ്ടായിരുന്നില്ല. കാലമൊരുക്കിയ പുതിയ കളിക്കളങ്ങളില്‍ ചതിക്കുഴികളുമുണ്ടായിരുന്നു. പെരുകിപ്പറന്ന വിഷത്തുമ്പികള്‍ ചുറ്റുമുണ്ടായിരുന്നു. പിന്നീടങ്ങോട്ട് നിഴല്‍യുദ്ധങ്ങളായിരുന്നില്ല അമ്മയ്ക്ക് മുന്നില്‍. ആ യുദ്ധങ്ങളിലെല്ലാം സരോമ്മ അമ്മയോടൊപ്പം നിന്നു; എക്കാലവും.

(തുടരും)