ഒരു ഫോൺ വരുന്നു. പരസ്യ ഏജൻസിയിൽ നിന്നാണ്. നഗരത്തിലെ ഒരു ജ്വല്ലറിക്ക് മോഡലിനെ ആവശ്യമുണ്ട്. മുപ്പതു- മുപ്പത്തിയഞ്ച് വയസ് പ്രായമുള്ളയാളെയാണ് നോക്കുന്നതെന്നും  താല്പര്യമുണ്ടെങ്കിൽ വരാനും പറഞ്ഞു. മോഡലിങ് എന്നും ഒരു ആഗ്രഹമാണ്. വിരലിൽ എണ്ണാവുന്നയത്ര മാത്രമേ മോഡലിങ് ചെയ്തിട്ടുള്ളുവെങ്കിലും എന്നും അതിനോട് ഏറെയിഷ്ടമാണ്. ഒരു കാരണം, സിനിമ പോലെ ഒരുപാട് ദിവസങ്ങൾ വേണ്ട. ഒരു ദിവസം കൊണ്ട് തന്നെ ഷൂട്ടിങ് കഴിയുമെന്നത് തന്നെ. കൊച്ചി പോലുള്ള വലിയ നഗരങ്ങളിലാണ് മോഡലിങ്ങിന് സാധ്യത കൂടുതൽ. പക്ഷേ ജോലിയും കുട്ടികളുടെ കാര്യവും വീട്ടുകാര്യങ്ങൾക്കുമിടയിൽ ദൂരെ പോകാനോ അതിലൊന്നും പങ്കെടുക്കാനോ സാധിക്കില്ല. ഇത് തൃശൂർ നഗരത്തിൽ തന്നെ ആയത് കൊണ്ട് ഏറ്റവും അനുഗ്രഹമായി തോന്നി. എന്റെ വീട്ടിൽ നിന്നും മിനിറ്റുകൾ കൊണ്ട് എത്താവുന്ന ദൂരത്താണ്. അങ്ങനെ പോയി. കാസ്റ്റിങ്ങിൽ സെലക്ഷൻ കിട്ടി.  ആഭരണങ്ങൾ അണിഞ്ഞ് അത്യാവശ്യം ഫോട്ടോകൾ എടുത്തു. ഷൂട്ടിന് തീയതി അറിയിക്കാമെന്ന് പറഞ്ഞു. സ്റ്റിൽ ഫോട്ടോസും കാറ്റലോഗിലേക്കുള്ള മോഡലുമാണ്  അവർ ഉദ്ദേശിച്ചത്.
       
അതിന് മുമ്പ് ഒരു കാര്യം പറയട്ടെ. ഞാൻ മോഡലിംഗ് എന്ന് പറഞ്ഞപ്പോൾ തന്നെ ഒരുപാട് അഭിപ്രായങ്ങൾ കേട്ടിരുന്നു. അതൊക്കെ സാധാരണക്കാർക്ക് പറഞ്ഞിട്ടുള്ളതാണോ, ബോഡി നന്നായി കെയർ 
ചെയ്യണം. മോഡലുകളും അഭിനേതാക്കളുമൊക്കെ അവരുടെ ശരീരം അത്രയും നന്നായി ശ്രദ്ധിക്കുന്നവർ  ആയിരിക്കണം. ഒരുപാട് ഫാഷൻ ഷോകളിൽ പങ്കെടുക്കണം. അതിലെ പുതിയ ട്രെൻഡുകൾ മനസ്സിലാക്കി അതിനനുസരിച്ചു നമ്മളും മാറേണ്ടതുണ്ട്. പറ്റാവുന്ന പണിക്ക് പോയാൽ പോരേ, ജീവിക്കാൻ ജോലിയുണ്ട്. അത്യാവശ്യം എന്റർടൈൻമെന്റിന് ആകാശവാണിയിൽ പോകുന്നുണ്ട്, ഡബ്ബിങ് ഉണ്ട്, ഇതൊക്കെ പോരേ. ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഇത് കുറച്ചു ഓവറാണ്. അങ്ങനെയങ്ങനെ അഭിപ്രായങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.
     
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾആരാകണമെന്നാണ് ആഗ്രഹമെന്ന്  ടീച്ചർ ചോദിക്കുമ്പോൾ ടീച്ചർ, ഡോക്ടർ,  പോലീസ് എന്നൊക്കയായിരുന്നു പണ്ട് കുട്ടികളുടെ സ്ഥിരം മറുപടികൾ. ഇന്ന്, അഭിനേതാവ്, മോഡൽ,  ആങ്കർ, ആർ.ജെ.... എന്ന് തുടങ്ങി ബഹിരകാശ യാത്രികവരെയായി പുതിയ കുട്ടികളുടെ മോഹങ്ങൾ. അനന്തസാധ്യതകളുടെ ലോകമാണിന്ന്. അവിടെ ലിംഗവ്യത്യാസം ഇല്ല. അധ്വാനിക്കാനുള്ള മനസുണ്ടോ, കഷ്ടപ്പെടാൻ തയ്യാറുണ്ടോ.. അവസരങ്ങളുമുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അത് പക്ഷേ അവനവൻ തന്നെ കണ്ടെത്തണമെന്നു മാത്രം.
 
ഇങ്ങനെ എൽ.കെ.ജി മുതൽ മോഡലിങ്ങിനുവേണ്ടി ലൈഫ് സ്റ്റൈൽ ക്രമീകരിച്ച്, നിരവധി ഫാഷൻഷോകളിൽ പങ്കെടുത്ത് റാമ്പുകളിൽ ക്യാറ്റ് വാക്ക് നടത്തി എക്സ്പീരിയൻസ്ഡായ പ്രൊഫഷണൽ മോഡലുകൾ മത്സരിക്കുന്ന വലിയ ലോകത്തേയ്ക്കാണ് മൂന്നു മക്കളുടെ അമ്മയായ ശേഷം  മുപ്പത്തിയെട്ടാം വയസിൽ ഞാൻ കാൽവെക്കുന്നത്. പ്രൊഫഷനായിട്ടല്ലെങ്കിലും ഒരു  ആഗ്രഹം എന്ന രീതിയിയിൽ എനിക്ക് ഏറെ ഇഷ്മാണ് മോഡലിംഗ്.

To advertise here,

എന്നെ ഉപദേശിച്ചവരെ അടച്ച് കുറ്റം പറയാൻ പറ്റില്ല. എന്റെ പരിമിതികൾ എന്തൊക്കെയെന്ന് നന്നായി അറിയാവുന്നവരാണവർ. വയനാട്ടിലെ ഒരു ഉൾപ്രദേശത്ത് വളർന്ന, പൂവാംകുറുന്നില ഇടിച്ചു ചാറെടുത്തു ശീലയിലാക്കി കത്തിച്ചു ചട്ടി കമിഴ്ത്തി കരിയെടുത്ത് അമ്മ ഉണ്ടാക്കിത്തരുന്ന കണ്മഷി കണ്ണിൽ തേക്കുന്നയാളാണ് ഞാൻ, അന്നും ഇന്നും. കുട്ടിക്കൂറ പൗഡറിലാണ് മുഖസൗന്ദര്യം എന്ന് ഉറപ്പിച്ചു പുസ്തകത്തിന്റെ നടു പേജിൽ പൗഡർ കുടഞ്ഞിട്ട് ഇടയ്ക്കിടെ  മെല്ലെ കൈ ബുക്കിൽ വച്ച് ആരും കാണാതെ മുഖം മൊത്തത്തിൽ ഒന്ന് തലോടുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം മാത്രമാണ് സൗന്ദര്യ വിഷയത്തിലെ  കൈമുതൽ. കോസ്മറ്റിക് ലോകത്തെ ബ്രാൻഡഡ് ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പോയിട്ട് അതിന്റെ പേര് പറയാൻ പോലും ഇന്നും അറിയില്ല. കുട്ടിക്കൂറ പൗഡറിൽ നിന്നും കോംപാക്റ്റ് പൗഡറിലേക്കും കണ്ണിന് മുകളിൽക്കൂടി കരി തേച്ചാൽ വൈകുന്നേരം ആകുമ്പോഴേക്കും തെയ്യം കെട്ടി ആടുന്നവരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മുഖം മാറുമെന്നതിനാൽ കണ്ണിന് മുകളിൽ തേയ്ക്കുന്ന ഐ ലൈനറും ചുറ്റും വട്ടത്തിൽ പല നിറങ്ങളിൽ കിട്ടുന്ന വട്ടച്ചാന്തിൽ നിന്നും സ്റ്റിക്കർ പൊട്ടിലേക്കും മാറിയത് മാത്രമാണ് എന്റെ ഫാഷൻ വിപ്ലവം.
               
കല്യാണത്തിന് ബ്യൂട്ടിഷനെ വിളിച്ചു ദേവതയേപ്പോലെ ഒരുങ്ങണം എന്നൊക്കെ സ്വപ്നം കണ്ടിട്ട് അതൊന്നും നടന്നില്ല. അത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരുന്നു. അതിനുശേഷം ജോലി വാങ്ങി അത്യാവശ്യം ശമ്പളമൊക്കെയായെങ്കിലും ഒരു ബ്യൂട്ടിപാർലറിൽ പോയി  ഒന്ന് മിനുങ്ങാനൊന്നും ഇപ്പോഴും പറ്റുന്നില്ല. കൂടിപ്പോയാൽ വർഷത്തിൽ ഒരിക്കൽ പോയി പുരികം ത്രെഡ് ചെയ്യും . ഏറ്റവും ചിലവ് കുറഞ്ഞ സൗന്ദര്യ സംരക്ഷണം. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്നൊക്കെ ചില പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും ചില കാര്യങ്ങളിൽ ചില വാക്കുമ്പോൾ എങ്ങനെ നോക്കിയാലും  ഉള്ളിന്റെയുള്ളിൽ ഒരു പിടുത്തം വരും. ഒരു കുർത്തി വാങ്ങാൻ പോയാൽ 500- 600 രൂപയിൽ കൂടുതൽ പ്രൈസ് ടാഗ് കാണുമ്പോൾ ഇഷ്ടപ്പെട്ട ഡ്രസ്സ്‌ ആണെങ്കിൽ പോലും അത് ഇഷ്ടമായില്ലെന്ന് കള്ളം പറഞ്ഞ് വില കുറഞ്ഞതിലേക്ക് നീങ്ങും. ഇതൊക്കെ പിശുക്കാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. സത്യത്തിൽ അത് പിശുക്കല്ല. ജീവിച്ചു തീർത്ത ദിനങ്ങൾ മനസ്സിൽ കോറിയിട്ട  ചില വരകളും കുറികളുമുണ്ട്.  എഴുത്താണിയുടെ മുന അത്രമേൽ ആഴത്തിൽ പതിഞ്ഞതിന്റെ ഒരു പ്രശ്നമാണ്.

Push, Pull എന്ന് ഡോറിൽ എഴുതിവയ്ക്കുന്നത് കാണുമ്പോൾ വാതിൽ തള്ളണോ വലിയ്ക്കണോ എന്ന് ഒരു സംശയം വരുന്നത് പോലെ പെഡിക്യൂറും മാനിക്യൂറും എന്നതിൽ കാലിന്റേത് ഏതാണെന്ന് അറിയാത്തത് കൊണ്ട് ഒരു ടിവി ഷോയിലേക്കുള്ള യോഗ്യതാ ടെസ്റ്റിൽ നിന്നും പുറത്തായ ഞാൻ ജ്വല്ലറിയുടെയും ടെക്സ്റ്റൈൽസിന്റെയും  മോഡൽ ആകാൻ പോകുന്നത് കേൾക്കുമ്പോൾ ആർക്കും തോന്നുന്ന സംശയം മാത്രമേ എന്നെ ഉപദേശിച്ചവർക്കും തോന്നിയുള്ളൂ. 'എന്തിന് നീ ?' എന്ന് അവർ ചോദിച്ചപ്പോൾ "എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ?" എന്നൊരു മറുചോദ്യമാണ് എന്റെയുള്ളിൽ ഉയർന്നത്. ആ  ചോദ്യം ഞാൻ ആരോടും തിരിച്ചു ചോദിച്ചില്ലെങ്കിലും ആ ഒരു ചോദ്യത്തിന്റെ ആത്മവിശ്വാസവുമായി ആണ് ഞാൻ നഗരത്തിലെ ജ്വല്ലറിയുടെ മോഡലാകാൻ ഷൂട്ടിന് വേണ്ടി പോയത്.

ഞാൻ പോയപ്പോൾ അവിടെ വേറെയും മോഡലുകൾ ഉണ്ടായിരുന്നു. എല്ലാവരും കൊച്ചിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും വന്ന പക്കാ പ്രൊഫഷണൽ മോഡലുകൾ. അവർ എന്നെ നോക്കുന്നത് തന്നെ എന്തൊക്കെയോ സംശയത്തോടെ ആയിരുന്നു. സ്‌ക്രീനിങ്ങിൽ സ്റ്റിൽസും കാറ്റലോഗ് വിഭാഗവും പരസ്യ വീഡിയോയും ഉണ്ടെന്ന്  പറഞ്ഞു. എന്തായാലും അവസാനം ഞാൻ ഉൾപ്പെടെ മൂന്നു പേരെ സ്റ്റിൽസ് & കാറ്റലോഗിലേക്ക് സെലക്ട്‌ ചെയ്തു.

എനിക്ക് അത്രയേറെ സന്തോഷം തോന്നി. ആദ്യമായാണ് ഒരു ജ്വല്ലറിക്ക് വേണ്ടി മോഡൽ ആകുന്നത്. സ്വർണഭാരണങ്ങൾ അണിഞ്ഞുകൊണ്ടുള്ള  വലിയ പരസ്യ ബോർഡുകൾ വഴിയരികിൽ കാണുന്നതും അത് ഞാൻ ഭർത്താവിനും മക്കൾക്കുമൊക്കെ കാണിച്ചു കൊടുക്കുന്നതുമൊക്കെ സ്വപ്നം കണ്ടു തുടങ്ങി. പിന്നെ മുമ്പ് ഉപദേശിച്ചവരെയൊക്കെ ഒന്ന് വിളിച്ചു കാണിച്ചും കൊടുക്കണം.
  
അങ്ങനെ, കാത്തിരുന്ന ദിവസം വന്നെത്തി. ഷൂട്ടിംഗിന് വിളിച്ചു. കാസ്റ്റിംഗിന് പോയപ്പോഴുള്ള അന്തരീക്ഷം അല്ല.  ടെക്‌നിഷ്യൻമാർ ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടേഴ്​സ് എല്ലാവരുമുണ്ട്. എന്നെ കോസ്റ്റ്യൂം ട്രയലിനു വേണ്ടി വിളിച്ചപ്പോൾ തന്നെ  എന്തൊക്കെയോ പിറുപിറുക്കൽ, അടക്കിപ്പിടിച്ചുള്ള സംസാരം. എനിക്ക് ആദ്യം ഒന്നും മനസിലായില്ല. സ്റ്റുഡിയോയിലേക്ക് വിളിച്ചു എന്റെ നാലഞ്ച് ഫോട്ടോ എടുത്തു. എന്നോട് പുറത്തു കാത്തിരിക്കാൻ പറഞ്ഞു. വീണ്ടും ചർച്ചകൾ, അടക്കംപറച്ചിലുകൾ. എന്തൊക്കെയോ പന്തികേട് അപ്പോൾ തന്നെ എനിക്ക് തോന്നി.

കുറച്ചു കഴിഞ്ഞപ്പോൾ എന്നെ അകത്തേക്ക് വിളിപ്പിച്ചു. ജ്വല്ലറി മുതലാളി, ഡയറക്ടർ, കോസ്റ്റ്യൂം ഡിസൈനർ , മേക്കപ്പ് മാൻ... അങ്ങനെ എല്ലാവരുമുണ്ട്. അവർ ആദ്യം തന്നെ ഒരു സോറി പറഞ്ഞു. പിന്നെ കാര്യം പറഞ്ഞു.  ഞാൻ മോഡലാക്കുന്നതിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ എന്റെ കൈകളാണ് പ്രശ്നം ആണ്.  കൈകൾ മസിലൊക്കെ വന്ന് ആണുങ്ങളുടെ കൈകൾ പോലിരിക്കുന്നു. സ്വർണവളകൾ ഇടുന്ന കൈകൾ ആയത് കൊണ്ട് ആളുകൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കും എന്ന് പറഞ്ഞു.

അതിനല്ലേ മേക്കപ്പ്. എന്ത് ന്യൂനതയും മറയ്ക്കുന്ന ആധുനിക സംവിധാനങ്ങൾ മേക്കപ്പിൽ ഉണ്ട്. പിന്നെ എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ സിനിമയിലെ ഡയലോഗ് പോലെ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന മട്ടിൽ ഡയറക്ടർ എന്നെ നോക്കി. 'കാസ്റ്റിംഗിന് വന്നപ്പോൾ ഫോട്ടോ എടുത്തിരുന്നല്ലോ. അപ്പോഴൊന്നും ശ്രദ്ധിച്ചില്ലേ'  എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി രസകരമായിരുന്നു. കയ്യിലെ കറുപ്പ് എന്തെങ്കിലും ചെയ്തു മറയ്ക്കാം പക്ഷേ തെളിഞ്ഞു കാണുന്ന ഞരമ്പുകളും കൈത്തണ്ടയിലെ പൊങ്ങിനിൽക്കുന്ന എല്ലും എന്തുചെയ്യും.. തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് മാഡം. ഒരു  എഴുപത് വയസ്സുകാരിയുടെ കൈകൾ പോലെയുണ്ട് നിങ്ങളുടെ കൈകൾ. ഇതും വച്ച് എങ്ങനെ ഷൂട്ട്‌ ചെയ്യും. അത് സ്ഥാപനത്തിന്റെ ഭാവിയെതന്നെ മോശമായി ബാധിക്കുന്നതാണെന്ന്.

അവിടെ പിന്നെ കൂടുതൽ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ ഒരു പരസ്യം ഇറക്കുന്നത് ആ പരസ്യം കണ്ട് അവിടെ ആഭരണങ്ങൾ വാങ്ങാൻ ജനങ്ങൾ വരാൻ വേണ്ടിയാണ്. അതിനായി ഏറ്റവും നല്ല മോഡലിനെ തന്നെയാണ് അവതരിപ്പിക്കേണ്ടത്. അത് അവരുടെ ബിസിനസ്‌ വളർച്ചയുടെ അത്യാവശ്യ  ഘടകം തന്നെ ആണ്. അതിന് തടസ്സം ആകുന്ന ഒരു കാര്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക എന്നത് തന്നെയാണ് ഒരു സ്ഥാപനം ചെയ്യേണ്ടതും. അതുകൊണ്ട് തന്നെ അവരോട് ദേഷ്യം ഒന്നും തോന്നിയില്ല. പക്ഷേ അത് ആദ്യം തന്നെ എന്നോട് പറയാമായിരുന്നു എന്ന് തോന്നി.

ഇനി എന്റെ കൈകളെ കുറിച്ച്. അവർ പറഞ്ഞ പോലെ എണ്ണിയെടുക്കാൻ പാകത്തിന് തെളിഞ്ഞു കാണുന്ന ഞരമ്പുകളും കൈത്തണ്ടയിലെ പൊങ്ങിനിൽക്കുന്ന എല്ലും. എന്റെ അമ്മയുടെ കൈകൾ ഇതുപോലെ തന്നെയാണ്. എനിക്കും അത് തന്നെ കിട്ടി. അതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളു .പിന്നെ കുറച്ചു കറുത്തിട്ടാണ് കൈകൾ. പോലീസ് ട്രെയിനിങ്ങിനു പോയി ഒമ്പത് മാസം പിടി, പരേഡ് എല്ലാം നല്ല പൊള്ളുന്ന വെയിലത്താണ്.  ട്രെയിനിങ് കഴിഞ്ഞിറങ്ങുമ്പോൾ കൈകൾ മാത്രമല്ല മൊത്തത്തിൽ നല്ല പോലെ നിറം കുറഞ്ഞു. അതിനുശേഷം ജോലിക്ക് പോകുന്നതും വരുന്നതും വീട്ടിലെ കാര്യങ്ങൾക്ക് വേണ്ടിയും കുട്ടികളുടെ കാര്യങ്ങൾക്ക് വേണ്ടിയുമൊക്കെ ഓടുന്നതും ടു വീലറിൽ പൊരി വെയിലത്ത്‌ തന്നെ. കൂടാതെ രണ്ടു വർഷം മുമ്പ് ഒരു റോഡ് ആക്‌സിഡന്റ് ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പണി കിട്ടിയതും കൈകൾക്കായിരുന്നു. മുറിവ് ഉണങ്ങിയെങ്കിലും പാടുകൾ അങ്ങനെ തന്നെയുണ്ട്.

ചിലപ്പോഴൊക്കെ അടുപ്പമുള്ള കൂട്ടുകാരൊക്കെ പറയും സൺ‌ ക്രീം വാങ്ങി പുരട്ടാനും കൈകൾ മൂടുന്ന  തരത്തിലുള്ള കയ്യുറകൾ ധരിച്ചു കൊണ്ട് വണ്ടിയൊടിക്കാനുമൊക്കെ. പക്ഷേ അതിനൊക്കെ എവിടുന്നാണ് സമയം.?സമാധാനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാത്ത ഞാനാണ്  സൺ‌ക്രീമും , ബോഡി ലോഷനുമൊക്കെ പുരട്ടാനും കയ്യുറ ഇടാനുമൊക്കെ ഓർക്കുന്നത്.

 എന്റെ കൈകൾ നിറം കുറഞ്ഞുപോയതു കൊണ്ട് എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ. ഒരിക്കലുമില്ല. ആരോഗ്യത്തോടെയിരിക്കുന്ന കൈകളാണ്. അതിൽ കൂടുതൽ എന്താണ് വേണ്ടത്. കാണുമ്പോൾ കുറച്ചു പരുക്കനാണ്. കല്യാണത്തിന് മുമ്പ് പത്തു പതിനഞ്ചു കൊല്ലം 22 കോൽ ആഴമുള്ള കിണറിൽ നിന്ന് വെള്ളം കോരി ചുമന്നു കുന്ന് കയറ്റി കൊണ്ടുപോയിട്ടാണ് വീട്ടിലെയും, നാലഞ്ചു പശുക്കളുടെയുമൊക്കെ കാര്യങ്ങൾ നടത്തിയിരുന്നത്. അപ്പോൾ സ്വാഭാവികമായും ജിമ്മിൽ പോകുന്നവരെപ്പോലെ തന്നെ മസിൽ വരും കൈകൾക്ക്. പിന്നെ ഉരലിൽ ഇടിച്ചും അരകല്ലിൽ അരച്ചുമൊക്കെതന്നെയാണ് വളർന്നത്.അപ്പോൾ  നഖത്തിൽ പോളിഷുമിട്ട്  ലോഷനും പുരട്ടിയിരിക്കുന്ന കൈകൾ പോലെ എന്തായാലും സുന്ദരമാകില്ല.

കല്യാണത്തിനുശേഷം വെള്ളം കോരലും അര കല്ലിൽ അരയ്ക്കലുമൊന്നുമില്ല. പക്ഷേ  എല്ലാവരെപ്പോലെയുമുള്ള  വീട്ടുപണികൾ ഉണ്ട്. പാത്രങ്ങൾ കഴുകുന്നവരുടെ കൈകൾ എങ്ങനെ സോഫ്റ്റ് ആകും. ജോലിക്ക് ആളെയൊന്നും വച്ചിട്ടില്ല. സൗന്ദര്യ സംരക്ഷണത്തിനായി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ കൈകൾ വീട്ടുജോലികൾ ചെയ്യുന്ന ഏതൊരു വീട്ടമ്മയെയും പോലെ തന്നെയാണ്. ചുരുക്കി പറഞ്ഞാൽ അങ്ങനെയുള്ളവർക്ക് പറ്റിയതല്ല മോഡലിങ് എന്നാണോ. അപ്പോൾ ഒരു സംശയം കേരളത്തിൽ സ്വർണം അണിയുന്ന എല്ലാവരും വെളുത്തു മിനുസമുള്ള കൈകളുള്ളവർ മാത്രമാണോ. പരസ്യത്തിലെ മോഡലിനെ പോലെയുള്ളവർക്ക് വേണ്ടി മാത്രമാണോ സ്വർണാഭരണങ്ങൾ. അല്ലല്ലോ, നമ്മുടെ അമ്മയും അമ്മൂമ്മയും അടുത്ത വീട്ടിലെ ജോലിക്ക് പോകുന്ന ചേച്ചിയും, തൊഴിലുറപ്പിന് പോകുന്നവരും, റോഡ് പണിക്ക് പോകുന്നവരും, മീൻ വിൽക്കുന്ന ചേച്ചിയും, കോർപറേഷനിൽ ക്ലീനിങ്ങിന് പോകുന്നവരും പാറമടയിൽ കല്ല് പൊട്ടിക്കുന്ന ചേച്ചിയുമൊക്കെ സ്വർണം ധരിക്കുന്നുണ്ട്. അത് അവരുടെ ഒരു സ്വകാര്യ സന്തോഷമാണ്. ഒരു തരി പൊന്നെങ്കിലും ദേഹത്തില്ലാത്തവർ അപൂർവമാണ്. അവരുടെയൊക്കെ കൈകൾ പരസ്യത്തിലെ മോഡലിന്റെ പോലെ മിനു മിനുത്ത കൈകൾ അല്ലല്ലോ. സൗന്ദര്യമെന്നത് പുറംകാഴ്ച്ചയിൽ ഒതുങ്ങുന്ന ഒന്നല്ല. അതിന്റ നിർവചനം എത്രയോ ഘടകങ്ങൾ ഒത്തു വരുമ്പോഴാണ്. ചിലരുടെ മനസിന്റെ സൗന്ദര്യത്തിന് മുന്നിൽ നമ്മളൊക്കെ തീരെ ചെറുതാണെന്ന് എത്രയോ വട്ടം തോന്നിയിട്ടുണ്ട്. 

കൈകൾ കൊള്ളില്ലെന്ന് ആരെങ്കിലും പറഞ്ഞതും കേട്ട് മിണ്ടാതെ വന്ന് വീട്ടിലിരിക്കാൻ തല്ക്കാലം എനിക്ക് മനസിലായിരുന്നു. ഞാൻ അന്ന് മുതൽ തൃശൂരിൽ വരുന്ന എല്ലാ പരസ്യങ്ങൾക്കും അപേക്ഷിക്കും. ചെറിയ കുറച്ച് അവസരങ്ങൾ ലഭിച്ചു. എങ്കിലും മുടങ്ങി പോയ ആ ജ്വല്ലറി മോഡൽ എന്റെ മനസ്സിൽ അങ്ങനെ തന്നെയുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഈ അടുത്ത് തൃശൂരിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക്  മോഡലിനെ കാസ്റ്റ് ചെയ്യുന്നത് അറിഞ്ഞത്.നഗരത്തിലെ മാത്രമല്ല ഇന്ത്യയിൽ തന്നെ നിരവധി ഷോ റൂമുകളുള്ള അറിയപ്പെടുന്ന ഒരു ജ്വല്ലറിയാണ്.
                    
വലിയ പ്രതീക്ഷയൊന്നും വയ്ക്കാതെ കാസ്റ്റിംഗിന് പോയി. ഫോട്ടോസ് എടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ട് മെയിൽ വന്നു. മുമ്പ് ഒരു പണി കിട്ടിയത് കൊണ്ടും കൂടുതൽ വിവരങ്ങൾ അറിയാനും വേണ്ടി ഞാൻ തൃശൂരിൽ അവരുടെ ഷോറൂമിൽ പോയി. ഷൂട്ട്‌ പ്ലാൻ ചെയ്യുന്നതിന് മുമ്പ് എന്റെ ഫോട്ടോസ് ഒന്നുകൂടി നോക്കണമെന്നും  അവസാനം കൈകൾ കറുപ്പാണ്, ആണുങ്ങളുടെ കൈകൾ പോലെയുണ്ട് എന്നൊക്കെ കാരണം പറയരുതെന്നും മുൻകൂട്ടി അറിയിക്കാനായിരുന്നു പോയത്. എനിക്ക് മുമ്പുണ്ടായ അനുഭവം മാനേജ്മെന്റിനോട് പറഞ്ഞപ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഏറ്റവും പോസിറ്റീവായ ഒരു മറുപടിയാണ് കിട്ടിയത്. അങ്ങനെ ഒരു കുറവും ആർക്കുമില്ലെന്നും അത് കാണുന്ന ചില സങ്കുചിത മനസ്സുകളുടെ അഭിപ്രായം ആണെന്നും, ഈ കൈകളിൽ വളകളിട്ട് തന്നെ പരസ്യം ചെയ്യാമല്ലോ എന്ന് പറഞ്ഞത് കൂടാതെ, അങ്ങനെ ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടും വീണ്ടും അവസരങ്ങൾക്കായി അപേക്ഷ നൽകുന്നതിനും കാസ്റ്റിംഗിന് പങ്കെടുക്കുന്നതിനുമൊക്കെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡറിനെ മോഡലാക്കി പരസ്യമിറക്കിയതും ഇതേ ജ്വല്ലറി തന്നെ. തങ്കം വിൽക്കുന്നവർ മാത്രമല്ല, തങ്കം പോലുള്ള മനസ് കൂടിയുള്ളവരാണെന്ന് തെളിയിച്ചു.
                
അന്ന് തിരിച്ചുവരുമ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി. ആകെ ഒരു ഷോറൂം മാത്രമുള്ള ചെറിയ ഒരു ജ്വല്ലറി എന്നെ തള്ളിയപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത ജ്വല്ലറി എല്ലാ കുറവുകളും അംഗീകരിച്ചു അവസരം തന്നു.അതിന്റെ ട്രയൽ ഷൂട്ടും കഴിഞ്ഞു. പാചകം ചെയ്യുമ്പോൾ കുക്കറിൽ നിന്ന് പൊള്ളലേറ്റ പാട് വരെ ആ ഫോട്ടോകളിൽ കാണാം. അവിടെ എന്നെ മാറ്റി നിർത്താതെ കൂടെ നിർത്തിയത് തന്നെയാണ് അവരുടെ നവോത്ഥാനം.

ആരെങ്കിലും ഒരാളുടെ അഭിപ്രായം അല്ല നമ്മുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. നമ്മളിൽ നമുക്ക് ഒരു വിശ്വാസം ഉണ്ടെങ്കിൽ അത് മാത്രം മതി വിജയിക്കാൻ. അന്നത്തെ നിരാശയിൽ മോഡലിങ് തന്നെ മതിയാക്കിയിരുന്നുവെങ്കിൽ എനിക്ക് പിന്നീട് നല്ലൊരു അവസരം കിട്ടുമോ. എല്ലാവരും ഒരുപാട് കഴിവുള്ളവരാണ്. അത് നിറത്തിലോ ഉയരത്തിലോ, ശരീര ഘടനയിലോ മാത്രം ഒതുങ്ങുന്നതല്ല. അങ്ങനെയെങ്കിൽ അംഗ പരിമിതിയുള്ളവർ എവറസ്റ്റ് കീഴടക്കുമായിരുന്നോ, അവരെ നിരുത്സാഹപ്പെടുത്താൻ എത്ര പേരുണ്ടായിക്കാണും . പാട്ട് പാടാൻ, നൃത്തം ചെയ്യാൻ, അഭിനയിക്കാൻ അങ്ങനെ ലോകത്ത് ഒന്നിനും  പ്രത്യേക നിറം വേണമെന്നില്ല, ആകാര ഭംഗി വേണമെന്നില്ല. കഠിനാധ്വാനവും ആത്മസമർപ്പണവും. അതിനെയാണ് കഴിവ് എന്ന് പറയുന്നത്. അല്ലാതെ എല്ലാ കഴിവുമായി ആരും ജനിക്കുന്നില്ല.
 
ഒരു കലാകാരനെ നിറത്തിന്റെ പേരിൽ ആക്ഷേപിച്ച ഒരു സ്ത്രീയുടെ അഭിപ്രായത്തെ അപലപിച്ചു കൊണ്ട്   സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചത് നമ്മൾ കണ്ടതാണ്. ഇതിനിടയിലും ഒരു കാര്യം പറയാതെ വയ്യ. ഒരു പൊതു കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന നമ്മൾ വ്യക്തിപരമായി ഇങ്ങനെ ഒരു കാര്യം വരുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. കറുത്തതിന്റെ പേരിൽ, ശരീരം തീരെ മെലിഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ സാധാരണയിൽ കൂടുതൽ വണ്ണം വച്ചതിന്റെ പേരിൽ അങ്ങനെ പലരീതിയിൽ ബോഡി ഷേമിങ് ഏറ്റുവാങ്ങിയവരോട് ചോദിക്കണം അവർ നേരിട്ട ബുദ്ധിമുട്ടുകൾ, അപമാനം, മാറ്റിനിർത്തൽ എത്രത്തോളമെന്ന്. ഒരു കല്യാണം ആലോചിക്കുമ്പോൾ ആണായാലും പെണ്ണായാലും  ഇണ കറുത്ത ആളായാൽ മതി.എനിക്ക് അത് കുഴപ്പമില്ല എന്ന് പറയുന്ന എത്ര പേരുണ്ട്. അപൂർവംപേർ ഇല്ലെന്ന് പറയുന്നില്ല. എന്നാലും വിരളമാണ്.അവിടെ തൊലി വെളുപ്പിന് തന്നെ സ്ഥാനം. ആദ്യത്തെ പ്രസവം കഴിഞ്ഞ സമയത്ത് എന്റെ ശരീരം തീരെ മെലിഞ്ഞു പോയിരുന്നു.കൂട്ടത്തിൽ നിർത്താനും ഒരു കല്യാണത്തിന് പോലും കൂടെ കൊണ്ടുപോകാനും മടിച്ച ബന്ധുക്കൾ ഉണ്ട്.മെലിഞ്ഞു പോയാൽ ഉണക്ക മത്തിയും വണ്ണം ഉണ്ടെങ്കിൽ തടിച്ചിയും മെലാനിൻ കൂടിയാൽ കറുമ്പിയുമൊക്കെയാണ് നമ്മൾ . മുടി കുറച്ചു ചുരുണ്ടുകൂടിയ തന്റെ സ്റ്റാഫിനെ ചപ്ര തലയൻ എന്നും, നിറം കുറഞ്ഞവനെ കറുമ്പൻ എന്നും വിളിക്കുന്ന മേലുദ്യോഗസ്ഥനെ എനിക്കറിയാം. അവിടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നമല്ല. വിവരമില്ലായ്‌മയുടെ പ്രശ്നമാണ്.

ഏറ്റവും സന്തോഷം നൽകുന്ന ഒരു കാര്യം എന്തെന്നാൽ ഒരാൾ പുച്ഛിച്ചു താഴ്ത്തിയാൽ അവിടെ കൈപിടിച്ച് ഉയർത്താനും പിന്തുണക്കും ഇന്ന് നൂറു കണക്കിന് ആളുകൾ തയ്യാറാവുന്നു എന്നത് തന്നെയാണ്.ലോകം പതുക്കെ മാറി വരുന്നു. സമൂഹത്തിന്റെ ആ മാറ്റം ഓരോ വ്യക്തികളിലേക്കും പടരണം. ബോഡി ഷേയ്മിംഗ് എന്ന നീചത്വം കാണിക്കുന്നവരേ...നിങ്ങൾ കരുതിയിരിക്കുക, നിങ്ങൾ സുന്ദരമെന്ന് വിശ്വസിക്കുന്ന നിങ്ങളുടെ ആ മുഖത്തേക്ക് പൊതു സമൂഹം കാർക്കിച്ചു തുപ്പുന്ന അവസ്ഥയാണ് ഇനി ഉണ്ടാവുക.അവിടെ നിങ്ങൾ ഒറ്റപ്പെട്ടു പോകും.. ആരോരുമില്ലാതെ