ടോക്യോയിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വയോധികരെ കാണുമ്പോൾ പലപ്പോഴും കൗതുകം തോന്നാറുണ്ട്. എൺപതും തൊണ്ണൂറും വയസ്സുള്ളവർ ചെറിയ ഷോപ്പിങ് ട്രോളിയുമായി പച്ചക്കറികളും മീനും പഴങ്ങളും തിരഞ്ഞെടുക്കുന്നു. പലരും ചെറിയ പാക്കറ്റുകളാണ് വാങ്ങുന്നത്. ഒരാൾക്കോ രണ്ടുപേർക്കോ വേണ്ട ഭക്ഷണം മാത്രം.

To advertise here,

ജപ്പാനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ ധാരാളമുണ്ട്. ജീവിതപങ്കാളി മരിച്ചുപോയവരും കല്യാണമേ കഴിക്കാത്തവരും മക്കൾ ദൂരെയായതിനാലും ദീർഘകാലമായി തനിച്ച് കഴിയുന്നവരാണ് കൂടുതൽ. പ്രായമായിട്ടും സ്വന്തം ഭക്ഷണം സ്വയം വാങ്ങാനും പാകം ചെയ്യാനും കഴിയുന്നത്ര കാലം ശ്രമിക്കുന്നവരാണ് പലരും.എന്നാൽ എല്ലാവരുടെയും വാർധക്യം ഒരു പോലെയല്ല.

പ്രായം കൂടുമ്പോൾ ചിലർക്ക് ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടാകും. പല്ലുകളുടെ പ്രശ്‌നങ്ങൾ കാരണം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയാതാകും. ചിലർക്ക് വിശപ്പു കുറയും. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചു മടുത്ത് എന്തെങ്കിലും കഴിച്ചെന്നുവരുത്തുന്നവരുമുണ്ട്.വീട്ടിൽ ഭക്ഷണമുണ്ടെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കാനാവില്ല.

ജപ്പാനിലെ വയോജനാരോഗ്യസംവിധാനത്തിൽ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യമാണിത്. പ്രായമായ ഒരാൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതിനൊപ്പം എന്താണ് കഴിക്കുന്നത്, എത്രമാത്രം കഴിക്കുന്നു, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നതും ആരോഗ്യപരിചരണത്തിന്റെ ഭാഗമായി പരിഗണിക്കുന്നു.വാർധക്യത്തിലെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മറ്റൊരു വ്യത്യാസവും പ്രധാനമാണ്. ഒരാൾ എത്രകാലം ജീവിക്കുന്നു എന്നതിനൊപ്പം ആ ജീവിതത്തിലെ എത്ര വർഷങ്ങൾ ആരോഗ്യത്തോടെയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയോടെയും ചെലവഴിക്കുന്നു എന്നതും.ജപ്പാനിലെ ആരോഗ്യനയങ്ങളിൽ ആയുർദൈർഘ്യത്തോടൊപ്പം Healthy Life Expectancy അഥവാ ആരോഗ്യത്തോടെയുള്ള ആയുസ്സിനും പ്രാധാന്യമുണ്ട്. കൂടുതൽ വർഷങ്ങൾ ജീവിക്കുക എന്നതുമാത്രമല്ല, ആ വർഷങ്ങളിൽ കഴിയുന്നത്ര സ്വാതന്ത്ര്യവും ജീവിതനിലവാരവും നിലനിർത്തുക എന്നതാണ് ലക്ഷ്യം.അതിലേക്കുള്ള ആദ്യപടി പലപ്പോഴും ആശുപത്രിയിലല്ല, വീട്ടിലെ അടുക്കളയിലാണ്.

ദീർഘായുസ്സിന്റെ രഹസ്യം ജാപ്പനീസ് ഭക്ഷണമാണോ?

 

ജപ്പാനിലെ ദീർഘായുസ്സിനെക്കുറിച്ച് പറയുമ്പോൾ പരമ്പരാഗത ഭക്ഷണരീതിയും ചർച്ചയാകാറുണ്ട്.ചോറിനൊപ്പം മീൻ, പച്ചക്കറികൾ, സോയാപാൽ കട്ടി, മിസോ സൂപ്പ്, കടൽപ്പായൽ തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷണക്രമം ജപ്പാനിൽ പരിചിതമാണ്. ഒരു സൂപ്പും മൂന്ന് അനുബന്ധ വിഭവങ്ങളും എന്ന അർത്ഥത്തിലുള്ള ഇചിജു സൻസായ് എന്നൊരു പരമ്പരാഗത ഭക്ഷണസങ്കൽപ്പവുമുണ്ട്.ജപ്പാനിലെ എല്ലാവരും ഇങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്നല്ല. ഫാസ്റ്റ് ഫുഡും റെഡിമെയ്ഡ് ഭക്ഷണങ്ങളും ലഭ്യമാണ്. പരമ്പരാഗത ജാപ്പനീസ് ഭക്ഷണത്തിന്റെ പോഷക മൂല്യം ആരോഗ്യരംഗത്ത് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.എങ്കിലും ഭക്ഷണത്തിൽ വൈവിധ്യം നിലനിർത്തുന്നതിനും പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുന്നതിനും ഇവിടെ പ്രാധാന്യമുണ്ട്.ജപ്പാന്റെ ദീർഘായുസ്സ് ഭക്ഷണത്തിന്റെ മാത്രം ഫലമല്ല. മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശുചിത്വം, വിദ്യാഭ്യാസം, ജീവിതനിലവാരം, രോഗപ്രതിരോധം തുടങ്ങിയ പല ഘടകങ്ങളും അതിനു പിന്നിലുണ്ട്.എന്നാൽ വാർധക്യത്തിൽ ആരോഗ്യത്തോടെ തുടരാൻ എന്ത് കഴിക്കണം എന്ന ചോദ്യത്തിന് ഇവിടെ നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.

പ്രായമായാൽ ഭക്ഷണം കുറയ്ക്കണോ?

കേരളത്തിൽ പ്രായമായ പലരും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് കണ്ടിട്ടുണ്ട്. പ്രമേഹമോ കൊളസ്‌ട്രോളോ ഉണ്ടെങ്കിൽ നിയന്ത്രണം ചിലപ്പോൾ അമിതമാകും. രാത്രിയിൽ ഒരു കഞ്ഞി മാത്രം. പല്ലിന് ബുദ്ധിമുട്ടുണ്ടെങ്കിൽ കഞ്ഞിയും ചായയും ബ്രെഡും കൊണ്ട് ദിവസം കഴിച്ചുകൂട്ടും.പ്രായം കൂടുമ്പോൾ ഭക്ഷണം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നൊരു ധാരണയും നമുക്കിടയിലുണ്ട്.എന്നാൽ ജപ്പാനിലെ വയോജനാരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങളിലൊന്ന് ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതാണ്.പ്രായം കൂടുമ്പോൾ വിശപ്പ് കുറയാം. രുചിയും മണവും തിരിച്ചറിയുന്നതിൽ മാറ്റങ്ങളുണ്ടാകാം. ചില മരുന്നുകൾ ഭക്ഷണത്തോടുള്ള താൽപര്യത്തെ ബാധിക്കാം. ഒറ്റപ്പെടലും വിഷാദവും സാമ്പത്തികബുദ്ധിമുട്ടുകളും ഭക്ഷണത്തിന്റെ അളവ് കുറയാൻ കാരണമാകാം.ഇതിന്റെ ഫലമായി ശരീരഭാരവും പേശികളുടെ ശക്തിയും കുറയാം.

വാർധക്യത്തിൽ പേശികളുടെ അളവും ശക്തിയും ക്രമേണ കുറയുന്ന അവസ്ഥയാണ് സാർകോപീനിയ. ശരീരഭാരം കാര്യമായി കുറയാത്തവരിലും പേശിബലം നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ പ്രായമായ ഒരാളുടെ ആരോഗ്യം വിലയിരുത്തുമ്പോൾ ശരീരഭാരത്തോടൊപ്പം പേശികളുടെ ശക്തിയും പ്രധാനമാണ്. ആവശ്യമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനൊപ്പം വ്യക്തിയുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ പേശിബല പരിശീലനവും ആവശ്യമാണ്. നടക്കാൻ കഴിയുന്നു എന്നതുമാത്രമല്ല, കസേരയിൽനിന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാനും സ്വന്തം സാധനങ്ങൾ എടുത്തുനീക്കാനും കഴിയുന്നതും സ്വതന്ത്രജീവിതത്തിന്റെ ഭാഗമാണ്.

ജപ്പാനിൽ ഫ്രെയിൽറ്റി അഥവാ വാർധക്യത്തിലെ ശാരീരിക ബലഹീനത എന്ന ആശയം വയോജനാരോഗ്യ ചർച്ചകളിൽ പ്രധാനമാണ്. പ്രായത്തിനൊപ്പം ശാരീരികവും മാനസികവും സാമൂഹികവുമായ ശേഷികൾ കുറഞ്ഞ്, മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരാനുള്ള സാധ്യത വർധിക്കുന്ന അവസ്ഥയാണിത്.കസേരയിൽനിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, നടക്കുമ്പോൾ ക്ഷീണം, പടികൾ കയറാനുള്ള പ്രയാസം, ഇടയ്ക്കിടെ വീഴുക തുടങ്ങിയവ ചിലപ്പോൾ ഇതിന്റെ സൂചനകളാകാം.പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയും വാർധക്യത്തിലെ മറ്റൊരു പ്രധാന പ്രശ്‌നമാണ്.ഇത്തരം അവസ്ഥകളെ പ്രായമായതിന്റെ സ്വാഭാവിക ഫലമായി മാത്രം കാണാതെ, കഴിയുന്നത്ര നേരത്തേ തിരിച്ചറിയാനും പ്രതിരോധിക്കാനുമാണ് ജപ്പാനിലെ ആരോഗ്യസംവിധാനം ശ്രമിക്കുന്നത്.

ഫ്രെയിൽറ്റിയുടെ ഒരു പ്രത്യേകത, നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്തിയാൽ ചിലരിൽ ശാരീരികശേഷി മെച്ചപ്പെടുത്താനും പരാശ്രയത്തിലേക്കുള്ള മാറ്റം വൈകിപ്പിക്കാനും കഴിയുമെന്നതാണ്.അതുകൊണ്ടുതന്നെ വയോധികരുടെ ഭക്ഷണത്തിൽ പ്രോട്ടീന് പ്രത്യേക പ്രാധാന്യമുണ്ട്. മീൻ, മുട്ട, പാൽ, മാംസം, സോയാബീൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ആവശ്യത്തിന് കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.എല്ലാവർക്കും ഒരേ ഭക്ഷണക്രമമല്ല വേണ്ടത്. പ്രമേഹമോ വൃക്കരോഗമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവർക്ക് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.എങ്കിലും പ്രായമായതുകൊണ്ടുമാത്രം ഭക്ഷണം കുറയ്ക്കണമെന്ന ധാരണ ശരിയല്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

എദോഗവയിൽ ഭക്ഷണം വീട്ടിലെത്തുമ്പോൾ

 

ടോക്യോയിലെ ഞാൻ താമസിക്കുന്ന എദോഗവ സിറ്റിയിൽ പ്രായമായവർക്കായി നടപ്പാക്കുന്ന ഹൈഷൊകു സർവീസ് എന്ന ഭക്ഷണവിതരണ പദ്ധതി ശ്രദ്ധേയമാണ്.സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ള, നിശ്ചിത യോഗ്യതകളുള്ള മുതിർന്നവർക്ക് ഭക്ഷണം വീട്ടിലെത്തിക്കുന്ന സംവിധാനമാണിത്.ഇതിൽ എന്നെ ആകർഷിച്ച കാര്യം ഭക്ഷണവിതരണം മാത്രമല്ല.ഭക്ഷണം നേരിട്ട് കൈമാറുമ്പോൾ വീട്ടിലുള്ള വയോധികന്റെ ക്ഷേമസ്ഥിതി ശ്രദ്ധിക്കാനും അവസരമുണ്ട്. പതിവായി ഭക്ഷണം സ്വീകരിക്കുന്ന ഒരാൾ വാതിൽ തുറക്കുന്നില്ലെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ട സാഹചര്യമുണ്ടാകാം.

ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾക്ക് ഭക്ഷണം എത്തിക്കുന്നതിനൊപ്പം അയാൾ സുരക്ഷിതനാണോ എന്ന് ശ്രദ്ധിക്കാനും ഈ സംവിധാനം സഹായിക്കുന്നു.ജപ്പാനിലെ വയോജനപരിചരണത്തിൽ ചെറിയ കാര്യങ്ങൾ പോലും എങ്ങനെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.മുൻ ലേഖനത്തിൽ പറഞ്ഞതുപോലെ, പ്രായമായ ഒരാൾക്ക് വേണ്ടത് എല്ലായ്‌പ്പോഴും ആശുപത്രിയോ നഴ്‌സിങ് ഹോമോ ആയിരിക്കണമെന്നില്ല. ചിലപ്പോൾ ദിവസവും ഒരു നേരത്തെ ഭക്ഷണം തയ്യാറാക്കി എത്തിച്ചുകൊടുക്കുന്നതായിരിക്കാം ഏറ്റവും വലിയ സഹായം.

കേരളത്തിലും ഇത്തരം ആവശ്യങ്ങളുള്ള വയോധികർ ധാരാളമുണ്ട്. മക്കൾ വിദേശത്തോ മറ്റു നഗരങ്ങളിലോ ആണ്. വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രം. ഭക്ഷണം വാങ്ങാനുള്ള പണമുണ്ട്. പക്ഷേ പാകം ചെയ്യാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ രണ്ടുപേരിൽ ഒരാൾക്ക് അസുഖം വന്നാൽ മറ്റേയാളുടെ ഭക്ഷണവും മുടങ്ങും.സ്ഥിരമായി ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും. എന്നാൽ എല്ലാവർക്കും ഭക്ഷണം വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടാകണമെന്നില്ല. കുറഞ്ഞ പെൻഷൻ മാത്രമുള്ളവരും സ്ഥിരവരുമാനമില്ലാത്തവരും ഒറ്റയ്ക്ക് കഴിയുന്നവരുമുണ്ട്. ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതും പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാൻ പണമില്ലാത്തതും വ്യത്യസ്ത പ്രശ്‌നങ്ങളാണ്.വയോജനങ്ങൾക്കുള്ള ഭക്ഷണസഹായം ആസൂത്രണം ചെയ്യുമ്പോൾ ഈ വ്യത്യാസം പരിഗണിക്കണം. ചിലർക്ക് ഭക്ഷണം വീട്ടിലെത്തിച്ചാൽ മതിയാകും. മറ്റുചിലർക്ക് അതിന്റെ ചെലവും താങ്ങാനാവില്ല.

കുടുംബശ്രീയുടെ നിലവിലുള്ള ഭക്ഷണസംരംഭങ്ങളെയും പ്രാദേശിക അടുക്കളകളെയും ഉപയോഗപ്പെടുത്തി ഇത്തരം കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കാവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സബ്‌സിഡിയോടെയോ സൗജന്യമായോ സേവനം ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കണം.ഭക്ഷണത്തിന്റെ ഗുണനിലവാരവും പോഷകമൂല്യവും ഉറപ്പാക്കുന്നതിനൊപ്പം, ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ക്ഷേമസ്ഥിതി ശ്രദ്ധിക്കാനുള്ള അവസരമായും അതിനെ മാറ്റാം.

രോഗം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല

ജപ്പാനിൽ ആരോഗ്യപരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ വയോജനങ്ങളുടെ കാര്യത്തിൽ രക്തസമ്മർദ്ദവും പ്രമേഹവും കൊളസ്‌ട്രോളും പരിശോധിക്കുന്നതിൽ മാത്രം കാര്യം അവസാനിക്കുന്നില്ല. എദോഗവ സിറ്റിയിൽ 75 വയസ്സിനു മുകളിലുള്ള അർഹരായ താമസക്കാർക്കായി ചോജു കെൻഷിൻ എന്ന ആരോഗ്യപരിശോധനയുണ്ട്. പതിവ് ആരോഗ്യസൂചകങ്ങൾക്കൊപ്പം വയോജനങ്ങളുടെ ശാരീരികശേഷിയെയും പോഷകാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങളും വിലയിരുത്തുന്നു.ഇതിനുപുറമെ ഇകിഇകി ഗോചോജു പ്രോജക്ട് എന്ന പദ്ധതിയിലൂടെ നിശ്ചിത ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിർന്നവർക്ക് ആരോഗ്യപ്രവർത്തകരുടെയും ഡയറ്റീഷ്യൻമാരുടെയും മാർഗനിർദേശം നൽകുന്നു. പോഷകക്കുറവിന്റെ സാധ്യതയുള്ളവരെ കണ്ടെത്തുന്നതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആറുമാസത്തിനിടെ ശരീരഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടോ, ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.

പരിശോധനാഫലങ്ങളിൽ പോഷകക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അമിതമായ അളവ് തുടങ്ങിയ അപകടസൂചനകൾ കണ്ടെത്തുന്നു. അർഹരായവർക്ക് ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശവും ആവശ്യമാവുമ്പോൾ ചികിത്സ തേടാനുള്ള നിർദേശവും നൽകുന്നു.ഭക്ഷണശീലങ്ങളിലും ജീവിതരീതിയിലും എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് വ്യക്തിയുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് ആലോചിക്കുന്നു.ഇവിടെ ശ്രദ്ധിക്കേണ്ടത് പരിശോധനയ്ക്കുശേഷമുള്ള തുടർനടപടിയാണ്.ഒരു ആരോഗ്യക്യാമ്പിൽ നൂറുപേരുടെ രക്തസമ്മർദ്ദം പരിശോധിച്ചു എന്നത് ഒരു കണക്കാണ്. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തിയവരിൽ എത്രപേർ ചികിത്സ തേടി? മരുന്നും ഭക്ഷണക്രമവും കൃത്യമായി തുടരുന്നുണ്ടോ? അവരുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായോ?ഇത്തരം ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകണം.രോഗം കണ്ടെത്തിയശേഷം മരുന്ന് നൽകുക എന്നതിലുപരി, രോഗാവസ്ഥയിലേക്കോ പരാശ്രയത്തിലേക്കോ നയിച്ചേക്കാവുന്ന മാറ്റങ്ങൾ നേരത്തേ തിരിച്ചറിയുക എന്ന സമീപനമാണിത്.

കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വയോജനങ്ങളുടെ ആരോഗ്യപരിശോധനയുടെ ഭാഗമായി ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാവുന്നതാണ്.രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും പരിശോധിക്കുന്നതിനൊപ്പം ശരീരഭാരം കുറയുന്നുണ്ടോ, നടക്കാനുള്ള ശേഷി മാറുന്നുണ്ടോ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നും അന്വേഷിക്കണം.ചിലപ്പോൾ ഒരു വലിയ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് പ്രായമായ ഒരാളുടെ ശാരീരികശേഷി ക്രമേണ കുറഞ്ഞുപോകുന്നത്.

മരുന്നുകൾ കൂടുമ്പോൾ ആരോഗ്യം കുറയുന്നുണ്ടോ?

വാർധക്യത്തിലെ ആരോഗ്യപരിചരണത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരാൾ ഒരേസമയം കഴിക്കുന്ന മരുന്നുകളുടെ എണ്ണം.പ്രമേഹത്തിന് ഒരു മരുന്ന്, രക്തസമ്മർദ്ദത്തിന് മറ്റൊന്ന്, ഹൃദ്രോഗത്തിനും ഉറക്കത്തിനും വേദനയ്ക്കും വേറെയും. പല ഡോക്ടർമാരെ കാണുന്നവരിൽ മരുന്നുകളുടെ പട്ടിക നീണ്ടുപോകാം.ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതിനെ Polypharmacy എന്നാണ് വിളിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഇത് തെറ്റല്ല. ചില രോഗങ്ങൾക്ക് പല മരുന്നുകളും ഒരുമിച്ച് ആവശ്യമായിരിക്കും.എന്നാൽ ചില മരുന്നുകളുടെ പാർശ്വഫലങ്ങളും പരസ്പരപ്രവർത്തനങ്ങളും പ്രായമായവരിൽ വിശപ്പില്ലായ്മ, തലകറക്കം, അമിതമായ ഉറക്കം, ആശയക്കുഴപ്പം, വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം.

ജപ്പാനിലെ വയോജനാരോഗ്യപരിചരണത്തിൽ മരുന്നുകളുടെ യുക്തിസഹമായ ഉപയോഗവും അവയുടെ പുനഃപരിശോധനയും പ്രധാന വിഷയങ്ങളാണ്. പല മരുന്നുകൾ കഴിക്കുന്നവർക്ക് അവയെല്ലാം ഇപ്പോഴും ആവശ്യമുണ്ടോ എന്ന് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ സഹായത്തോടെ പരിശോധിക്കാം.സ്വന്തം തീരുമാനപ്രകാരം മരുന്നുകൾ നിർത്തുകയല്ല വേണ്ടത്. കഴിക്കുന്ന എല്ലാ മരുന്നുകളുടെയും വിവരങ്ങൾ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ലഭ്യമാക്കുകയും പാർശ്വഫലങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുകയാണ് പ്രധാനം.കേരളത്തിലും വയോജനങ്ങളുടെ ആരോഗ്യപരിശോധനയിൽ മരുന്നുകളുടെ പട്ടിക പരിശോധിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകാം.

പല്ലുകളുടെ ആരോഗ്യം പ്രധാനമാണോ?

 

ജപ്പാനിലെ വയോജനാരോഗ്യപരിചരണത്തിൽ എനിക്ക് കൗതുകം തോന്നിയ മറ്റൊരു കാര്യമാണ് വായുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം.പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവയ്ക്കാൻ ബുദ്ധിമുട്ടാകും. കൃത്രിമപ്പല്ലുകൾ ശരിയായി ചേരാത്തവരും ചില ഭക്ഷണങ്ങൾ ഒഴിവാക്കിത്തുടങ്ങും. വിഴുങ്ങാനുള്ള ബുദ്ധിമുട്ടും പ്രായമായവരിൽ കണ്ടുവരുന്നു.ഇതെല്ലാം ഭക്ഷണത്തിന്റെ അളവിനെയും പോഷകമൂല്യത്തെയും ബാധിക്കും.ജപ്പാനിൽ ഓറൽ ഫ്രെയിൽറ്റിഎന്ന ആശയം പ്രചാരത്തിലുണ്ട്. വായുടെയും നാവിന്റെയും ചവയ്ക്കുന്നതിന്റെയും വിഴുങ്ങുന്നതിന്റെയും ശേഷി ക്രമേണ കുറയുന്നതിനെ നേരത്തേ തിരിച്ചറിയാനാണ് ശ്രമിക്കുന്നത്.

എദോഗവ സിറ്റിയിൽ 65 വയസ്സിനു മുകളിലുള്ള അർഹരായവർക്ക് എദോഗവ ഹത്സുരത്സു ചെക്ക് എന്ന സൗജന്യ വായാരോഗ്യ പരിശോധനയുണ്ട്.പല്ലുകളുടെ അവസ്ഥയ്‌ക്കൊപ്പം ചവയ്ക്കാനും വിഴുങ്ങാനുമുള്ള കഴിവും പരിശോധിക്കുന്നു. ഭക്ഷണം ശരിയായി വിഴുങ്ങാൻ കഴിയാത്തത് ചിലരിൽ ആസ്പിരേഷൻ ന്യൂമോണിയ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്കും കാരണമാകാം.അതുകൊണ്ട് വയോജനങ്ങളുടെ ദന്തപരിചരണം പല്ലുവേദനയോ പല്ല് നഷ്ടപ്പെടുന്നതോ മാത്രമായി കാണാനാവില്ല.സ്വന്തമായി ഭക്ഷണം കഴിക്കാനുള്ള ശേഷി നിലനിർത്തുന്നതും ആരോഗ്യകരമായ വാർധക്യത്തിന്റെ ഭാഗമാണ്.

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ

ജപ്പാനിൽ കൊശോകു എന്നൊരു പദമുണ്ട്. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കൽ എന്നാണർത്ഥം.ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് എല്ലാവർക്കും പ്രശ്‌നമാകണമെന്നില്ല. എന്നാൽ ദിവസവും ഒറ്റയ്ക്കിരിക്കുന്ന ചില വയോധികർക്ക് ഭക്ഷണം തയ്യാറാക്കാനും കഴിക്കാനുമുള്ള താൽപര്യം കുറയാം.പ്രായമേറുമ്പോൾ ശരീരത്തിന്റെ മാത്രമല്ല, ഓർമ്മയുടെയും ചിന്താശേഷിയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഓർമ്മക്കുറവുള്ള ചിലർ ഭക്ഷണം കഴിക്കാൻ മറന്നുപോകാം. മറ്റു ചിലർക്ക് സാധനങ്ങൾ വാങ്ങാനും അടുക്കളയിൽ സുരക്ഷിതമായി ഭക്ഷണം തയ്യാറാക്കാനും ബുദ്ധിമുട്ടുണ്ടാകാം. അതേസമയം പോഷകക്കുറവും നിർജലീകരണവും ചിലപ്പോൾ ആശയക്കുഴപ്പത്തിനും ശാരീരികക്ഷീണത്തിനും കാരണമാകാം. അതുകൊണ്ട് വയോജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ വെറും പ്രായത്തിന്റെ പ്രശ്‌നമായി അവഗണിക്കരുത്. ഭക്ഷണം വിശപ്പടക്കാനുള്ള കാര്യം മാത്രമല്ലല്ലോ.ഒരുമിച്ചിരുന്ന് കഴിക്കുമ്പോഴുള്ള സംഭാഷണങ്ങളും തമാശകളും മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും തയ്യാറാക്കുന്നതിലെ സന്തോഷവും അതിന്റെ ഭാഗമാണ്.

ജപ്പാനിലെ ചില കമ്മ്യൂണിറ്റി കൂട്ടായ്മകളിൽ മുതിർന്നവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പരിപാടികളുണ്ട്. പകൽപരിചരണ കേന്ദ്രങ്ങളിലും ഭക്ഷണവും സാമൂഹികപങ്കാളിത്തവും ഒരുമിച്ചാണ് ഒരുക്കുന്നത്.എദോഗവയിലെ നഗോമി നോ ഇഎ പോലുള്ള സാമൂഹികക്ഷേമ കേന്ദ്രങ്ങൾ പ്രായഭേദമില്ലാതെ ആളുകൾക്ക് ഒത്തുചേരാനും സംസാരിക്കാനും അവസരമൊരുക്കുന്നു.വയോജനങ്ങളുടെ ഏകാന്തതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഭക്ഷണത്തിനുള്ള ഈ സാമൂഹികമായ വശവും പരിഗണിക്കേണ്ടതുണ്ട്.കേരളത്തിലെ വായനശാലകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മുതിർന്നവർക്ക് ഇടയ്‌ക്കെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക്.

ഭക്ഷണത്തിനൊപ്പം ശരീരവും ചലിക്കണം

 

ടോക്യോയിലെ പാർക്കുകളിൽ രാവിലെ നടക്കാനിറങ്ങിയാൽ കൂട്ടമായി വ്യായാമം ചെയ്യുന്ന വയോധികരെ കാണാം.ജപ്പാനിലെ റേഡിയോ തൈസോ എന്ന ലളിതമായ വ്യായാമരീതി പല തലമുറകൾക്കും പരിചിതമാണ്. സംഗീതത്തിന്റെയും നിർദേശങ്ങളുടെയും അകമ്പടിയോടെ കൈകാലുകൾ ചലിപ്പിക്കുകയും ശരീരം വളയ്ക്കുകയും ചെയ്യുന്ന വ്യായാമമാണിത്.പ്രായമായ എല്ലാവർക്കും ഒരേ തരത്തിലുള്ള വ്യായാമം ചെയ്യാനാകണമെന്നില്ല. ചിലർക്ക് നടത്തം മതിയായേക്കാം. ചിലർക്ക് കസേരയിലിരുന്നുള്ള വ്യായാമമോ പ്രത്യേക പരിശീലനമോ ആവശ്യമായേക്കാം.എന്നാൽ കഴിയുന്നത്ര ശാരീരികപ്രവർത്തനങ്ങളിൽ തുടരുക എന്നത് പ്രധാനമാണ്.എദോഗവ സിറ്റിയിലെ ഇകിഇകി കെൻകോ ജുകു എന്ന പരിപാടി ഇതിനൊരു ഉദാഹരണമാണ്.

65 വയസ്സിനു മുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശീലനത്തിൽ കസേര ഉപയോഗിച്ചുള്ള ലളിതമായ വ്യായാമങ്ങൾ, ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അറിവ്, വായിലെ പേശികളുടെ പ്രവർത്തനം നിലനിർത്താനുള്ള പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു.2026-ൽ എദോഗവയിലെ വിവിധ കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ എട്ട് സെഷനുകളുള്ള പരിശീലനപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ഇവിടെ വ്യായാമം മാത്രമല്ല പഠിപ്പിക്കുന്നത്. ഭക്ഷണം, ശാരീരികശേഷി, വായാരോഗ്യം എന്നിവ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതും പരിഗണിക്കുന്നു.ആശുപത്രിയിലെ ചികിത്സയ്ക്കു പകരമല്ല ഇത്തരം പരിപാടികൾ. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാകുന്നതിനുമുമ്പ് ഇടപെടാനും സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ശേഷി കഴിയുന്നത്ര നിലനിർത്താനുമാണ് ശ്രമിക്കുന്നത്.ജപ്പാനിലെ ഫ്രെയിൽറ്റി പ്രതിരോധത്തിൽ ഭക്ഷണം, ശാരീരികപ്രവർത്തനങ്ങൾ, സാമൂഹികപങ്കാളിത്തം എന്നീ മൂന്ന് കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.

പോഷകാഹാരം കഴിച്ചിട്ടും ശരീരം ഒട്ടും ചലിപ്പിക്കാതിരുന്നാൽ പേശികളുടെ ശക്തി നിലനിർത്താൻ ബുദ്ധിമുട്ടാകും. അതുപോലെ വ്യായാമം ചെയ്തിട്ടും ആവശ്യമായ പോഷകങ്ങൾ ലഭിച്ചില്ലെങ്കിലും പ്രശ്‌നമാണ്.കൂട്ടമായി വ്യായാമം ചെയ്യുന്നതിന് മറ്റൊരു ഗുണവുമുണ്ട്. പതിവായി ഒരുമിച്ചുകൂടുന്നവർ തമ്മിൽ പരിചയവും സൗഹൃദവും വളരുന്നു.വ്യായാമത്തിന് വരാതിരിക്കുന്ന ഒരാളെക്കുറിച്ച് അന്വേഷിക്കാൻ പോലും ആരെങ്കിലും ഉണ്ടാകുന്നു.ആരോഗ്യപരിചരണവും സാമൂഹികബന്ധങ്ങളും പരസ്പരം വേർതിരിക്കാനാവാത്തതിന്റെ മറ്റൊരു ഉദാഹരണമാണിത്.

ഒരു വീഴ്ച ജീവിതം മാറ്റിമറിക്കുമ്പോൾ

വാർധക്യത്തിൽ ഒഴിവാക്കാൻ ശ്രമിക്കേണ്ട മറ്റൊരു അപകടമാണ് വീഴ്ച.ചെറിയൊരു വീഴ്ചപോലും ചിലപ്പോൾ എല്ലുകൾ ഒടിയുന്നതിനും ആശുപത്രിവാസത്തിനും കാരണമാകും. പ്രത്യേകിച്ച് തുടയെല്ലിനുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾക്കുശേഷം പഴയതുപോലെ നടക്കാനുള്ള ശേഷി വീണ്ടെടുക്കാൻ പ്രയാസപ്പെടുന്നവരുണ്ട്.ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയാലും ചിലർക്ക് മറ്റൊരാളുടെ സഹായമില്ലാതെ നടക്കാനോ കുളിക്കാനോ കഴിയാതെ വന്നേക്കാം.

അതുകൊണ്ടുതന്നെ വീഴ്ച തടയൽ വയോജനങ്ങളുടെ സ്വതന്ത്രജീവിതം നിലനിർത്തുന്നതിന്റെ പ്രധാന ഭാഗമാണ്.ജപ്പാനിലെ പ്രതിരോധപരിചരണത്തിൽ നടത്തത്തിനൊപ്പം കാലുകളുടെ പേശിബലം, ശരീരത്തിന്റെ ബാലൻസ്, കസേരയിൽനിന്ന് എഴുന്നേൽക്കാനുള്ള കഴിവ് എന്നിവ നിലനിർത്തുന്ന വ്യായാമങ്ങൾക്കും പ്രാധാന്യമുണ്ട്.എദോഗവ സിറ്റിയിൽ എദോ ട്രെ പോലുള്ള പ്രാദേശിക വ്യായാമപരിപാടികളും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

വീഴ്ച തടയൽ വീടിനുള്ളിലെ വഴുക്കുന്ന തറ മാറ്റുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ശരീരത്തിന് ആവശ്യമായ ബലവും ബാലൻസും നിലനിർത്തുന്നതും അത്രതന്നെ പ്രധാനമാണ്.

ഇതിനൊപ്പം കാഴ്ചശക്തിയും പരിശോധിക്കേണ്ടതുണ്ട്. കണ്ണടയുടെ പവർ മാറിയിട്ടും പഴയ കണ്ണട തന്നെ ഉപയോഗിക്കുന്നതോ കാഴ്ചയിലെ മറ്റു പ്രശ്‌നങ്ങളോ നടക്കുമ്പോൾ അപകടസാധ്യത വർധിപ്പിക്കാം.കേൾവിക്കുറവും അവഗണിക്കരുത്. ചുറ്റുമുള്ളവരുമായി സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ചിലർ കൂട്ടായ്മകളിൽനിന്ന് പതുക്കെ അകന്നുപോകാം. കാഴ്ചയും കേൾവിയും കുറയുന്നത് വാർധക്യത്തിൽ സഹിക്കേണ്ടിവരുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളായി മാത്രം കാണാതെ ആവശ്യമായ പരിശോധനയും സഹായവും ലഭ്യമാക്കണം.കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി വയോജനങ്ങൾക്ക് അനുയോജ്യമായ ബാലൻസ് പരിശീലനവും പേശിബല വ്യായാമങ്ങളും വികസിപ്പിക്കാവുന്നതാണ്. മുമ്പ് വീണിട്ടുള്ളവർക്കും നടക്കുമ്പോൾ സ്ഥിരതക്കുറവുള്ളവർക്കും ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തലനുസരിച്ചുള്ള പരിശീലനം ആവശ്യമാണ്.

രോഗം വരാതിരിക്കാനുള്ള കരുതലും വേണം

 

വാർധക്യത്തിലെ ആരോഗ്യസംരക്ഷണം ഭക്ഷണത്തിലും വ്യായാമത്തിലും മാത്രം ഒതുങ്ങുന്നില്ല.പ്രായം കൂടുമ്പോൾ ചില അണുബാധകൾ ഗുരുതരമാകാനുള്ള സാധ്യതയും വർധിക്കുന്നു. ഇൻഫ്‌ലുവൻസ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ചില വയോധികർക്ക് ആശുപത്രിവാസത്തിനും ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം.ജപ്പാനിൽ അർഹരായ മുതിർന്നവർക്കായി ഇൻഫ്‌ലുവൻസ, കോവിഡ്-19, ന്യൂമോകോക്കൽ രോഗങ്ങൾ എന്നിവയ്‌ക്കെതിരായ വാക്‌സിനേഷൻ പദ്ധതികൾ നിലവിലുണ്ട്.എദോഗവ സിറ്റിയിൽ പ്രായവും മറ്റു യോഗ്യതാനിബന്ധനകളും അനുസരിച്ച് ഇത്തരം വാക്‌സിനുകൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകുന്നു. വാക്‌സിനും വ്യക്തിയുടെ യോഗ്യതയും അനുസരിച്ച് നൽകേണ്ട തുക വ്യത്യാസപ്പെടാം.

രോഗം വന്നശേഷമുള്ള ചികിത്സയ്‌ക്കൊപ്പം രോഗം വരാനുള്ള സാധ്യതയും ഗുരുതരമായ പ്രത്യാഘാതങ്ങളും കുറയ്ക്കാനുള്ള പൊതുആരോഗ്യ ഇടപെടലുകൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഉദാഹരണമാണിത്.കേരളത്തിലും വയോജനങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ബോധവത്കരണവും അർഹരായവർക്ക് അവ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്താം.പ്രതിരോധ ആരോഗ്യപരിചരണത്തിൽ കാലാവസ്ഥയും പരിഗണിക്കേണ്ടതുണ്ട്. ജപ്പാനിലെ കടുത്ത വേനലിൽ വയോധികരുടെ നിർജലീകരണവും ചൂടുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ആശങ്കയാണ്.പ്രായമേറുമ്പോൾ ദാഹം തിരിച്ചറിയാനുള്ള ശേഷി കുറയാം. ചിലർ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയും ചെയ്യും. എന്നാൽ ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർക്ക് ദ്രാവകത്തിന്റെ അളവിൽ വ്യക്തിഗത നിയന്ത്രണങ്ങൾ ആവശ്യമായേക്കാം.കേരളത്തിലെ കടുത്ത ചൂടും ഉയർന്ന ഈർപ്പവും കണക്കിലെടുക്കുമ്പോൾ വയോജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളവും ചൂടിൽനിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നതും പ്രതിരോധപരിചരണത്തിന്റെ ഭാഗമാകണം.

കേരളത്തിന് എന്തു ചെയ്യാനാകും?

ഭക്ഷണത്തിന്റെ കാര്യത്തിൽ കേരളത്തിന് ജപ്പാനിൽനിന്ന് എല്ലാം പുതുതായി പഠിക്കേണ്ടതില്ല.മീനും പയറുവർഗങ്ങളും ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണപാരമ്പര്യം നമുക്കുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന് ജാപ്പനീസ് വിഭവങ്ങളോ വിലകൂടിയ പ്രത്യേക ഭക്ഷണങ്ങളോ ആവശ്യമില്ല.എന്നാൽ വയോജനങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചുള്ള നമ്മുടെ സമീപനത്തിൽ ചില മാറ്റങ്ങൾ ആവശ്യമാണ്.പ്രായമായ മാതാപിതാക്കൾക്ക് ഭക്ഷണത്തിനുള്ള പണം അയച്ചുകൊടുക്കുന്നതുകൊണ്ടുമാത്രം അവരുടെ ഭക്ഷണകാര്യങ്ങൾ പരിഹരിക്കപ്പെടണമെന്നില്ല.അവർ എന്താണ് കഴിക്കുന്നത്? ആവശ്യത്തിന് കഴിക്കുന്നുണ്ടോ? പാകം ചെയ്യാൻ കഴിയുന്നുണ്ടോ? പല്ലിന്റെയോ വിഴുങ്ങുന്നതിന്റെയോ പ്രശ്‌നങ്ങളുണ്ടോ? അടുത്തിടെ ശരീരഭാരം കുറഞ്ഞിട്ടുണ്ടോ?ഇത്തരം കാര്യങ്ങളും അന്വേഷിക്കണം.

കേരളം ഇതിനായി പുതിയൊരു സംവിധാനം മുഴുവൻ നിർമ്മിക്കേണ്ടതില്ല.കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ, അങ്കണവാടികൾ, വയോമിത്രം, പാലിയേറ്റീവ് പരിചരണ ശൃംഖലകൾ തുടങ്ങിയവയിലൂടെ വിവിധ സേവനങ്ങൾ ഇതിനകം ലഭിക്കുന്നുണ്ട്.ഇവയെ കൂടുതൽ ഏകോപിപ്പിക്കുകയാണ് വേണ്ടത്.ഓരോ പഞ്ചായത്തിലും ഒറ്റയ്ക്ക് താമസിക്കുന്നവരും ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ളവരുമായ വയോധികരുടെ ആവശ്യങ്ങൾ അവരുടെ സമ്മതത്തോടെ കണ്ടെത്താം. പോഷകാഹാരം ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കുന്ന പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കാം.കുടുംബശ്രീയുടെ ഭക്ഷണസംരംഭങ്ങൾക്ക് ഇതിൽ വലിയ പങ്കുവഹിക്കാനാകും. അതേസമയം ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും തൊഴിലാളികൾക്ക് മാന്യമായ പ്രതിഫലവും ഉറപ്പാക്കണം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ഭക്ഷണസഹായം ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാകണം.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വയോജനങ്ങളുടെ പോഷകാവസ്ഥയും പേശിബലവും വായാരോഗ്യവും പരിശോധിക്കുന്നതിനും പ്രാധാന്യം നൽകാം. ആവശ്യമായവർക്ക് ഡയറ്റീഷ്യൻമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സഹായം ലഭ്യമാക്കണം.മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം, കാഴ്ചയും കേൾവിയും സംബന്ധിച്ച പ്രശ്‌നങ്ങൾ, വീഴാനുള്ള സാധ്യത എന്നിവയും വയോജനാരോഗ്യപരിശോധനയിൽ ഉൾപ്പെടുത്താവുന്നതാണ്.വായനശാലകളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും കൂട്ടവ്യായാമങ്ങളും പോഷകാഹാര ബോധവത്കരണവും സംഘടിപ്പിക്കാം.

എദോഗവയിലെ ഇകിഇകി കെൻകോ ജുകു പോലുള്ള പരിശീലനപരിപാടികൾ കേരളത്തിലെ പഞ്ചായത്തുകളിലും പരീക്ഷിക്കാവുന്നതാണ്. കസേരയിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ, ബാലൻസ് പരിശീലനം, പോഷകാഹാരത്തെക്കുറിച്ചുള്ള അറിവ്, വായാരോഗ്യപരിചരണം എന്നിവ ഒരുമിച്ചുള്ള ചെറിയ പരിശീലനങ്ങൾ.ഇതിനായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നില്ല. നിലവിലുള്ള വായനശാലകളിലും കമ്മ്യൂണിറ്റി ഹാളുകളിലും ആരോഗ്യപ്രവർത്തകരുടെയും പരിശീലനം ലഭിച്ചവരുടെയും സഹായത്തോടെ പരിപാടികൾ സംഘടിപ്പിക്കാം.അതുപോലെ ആരോഗ്യപരിശോധനയ്ക്കുശേഷമുള്ള തുടർനടപടികൾക്കും കൂടുതൽ പ്രാധാന്യം നൽകണം.

പോഷകക്കുറവോ ഉയർന്ന രക്തസമ്മർദ്ദമോ ശാരീരികശേഷിയിലെ കുറവോ കണ്ടെത്തിയ ഒരാളെ അടുത്ത പരിശോധന വരെയും മറന്നുപോകരുത്. ആവശ്യമായ ചികിത്സയിലേക്കും ഭക്ഷണസഹായത്തിലേക്കും വ്യായാമപരിശീലനത്തിലേക്കും ബന്ധിപ്പിക്കണം.ആരോഗ്യപ്രവർത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഇതിന് സഹായിക്കും. എന്നാൽ വ്യക്തിയുടെ സമ്മതവും ആരോഗ്യവിവരങ്ങളുടെ സ്വകാര്യതയും ഉറപ്പാക്കണം.

സാങ്കേതികവിദ്യയ്ക്കും പ്രതിരോധ ആരോഗ്യപരിചരണത്തിൽ സഹായിക്കാനാകും. മരുന്നുകൾ കഴിക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ, വീട്ടിൽനിന്നുള്ള രക്തസമ്മർദ്ദ നിരീക്ഷണം, ആരോഗ്യപ്രവർത്തകരുമായി ഫോണിലൂടെയോ വീഡിയോയിലൂടെയോ ആശയവിനിമയം നടത്താനുള്ള സൗകര്യം തുടങ്ങിയവ പ്രായമായവരുടെ ദൈനംദിന ജീവിതത്തെ സഹായിക്കും. എന്നാൽ സാങ്കേതികവിദ്യ മനുഷ്യരുടെ പരിചരണത്തിന് പകരമാകരുത്. പ്രത്യേകിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വയോധികർ സേവനങ്ങളിൽനിന്ന് പുറത്താകാതിരിക്കാനുള്ള കരുതലും വേണം. ഇതെല്ലാം വലിയ ചെലവുള്ള പദ്ധതികളാകണമെന്നില്ല.എന്നാൽ പദ്ധതി വിജയിച്ചോ എന്ന് വിലയിരുത്തുമ്പോൾ എത്ര ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു, എത്ര ആരോഗ്യക്യാമ്പുകൾ നടത്തി എന്ന കണക്കുകൾ മാത്രം മതിയാകില്ല.പോഷകക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞോ? കൂടുതൽ പേർക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ? വീഴ്ചകൾ കുറയ്ക്കാനായോ? പരിശോധനയിൽ കണ്ടെത്തിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് തുടർപരിചരണം ലഭിച്ചോ? ഒറ്റയ്ക്ക് കഴിയുന്നവർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടോ?അത്തരം ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം.

ആശുപത്രിയിലെത്തുന്നതിനു മുമ്പ്

വാർധക്യത്തിലെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ നമ്മുടെ ചർച്ചകൾ പലപ്പോഴും ആശുപത്രികളിലും ചികിത്സാച്ചെലവുകളിലും മരുന്നുകളിലും ഒതുങ്ങിപ്പോകുന്നു.എന്നാൽ ആരോഗ്യം നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും പെട്ടെന്നൊരു രോഗം വന്നിട്ടായിരിക്കണമെന്നില്ല. ഭക്ഷണത്തിന്റെ അളവ് പതുക്കെ കുറയുന്നു. ശരീരഭാരം കുറയുന്നു. പേശികൾക്ക് ബലം നഷ്ടപ്പെടുന്നു. നടക്കാനുള്ള വേഗം കുറയുന്നു. പുറത്തിറങ്ങുന്നത് കുറയുന്നു.ഒരിക്കൽ എളുപ്പത്തിൽ ചെയ്തിരുന്ന സാധാരണ കാര്യങ്ങൾക്കുപോലും ക്രമേണ മറ്റൊരാളുടെ സഹായം വേണ്ടിവരുന്നു.ഇതെല്ലാം വാർധക്യത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് കരുതി അവഗണിക്കേണ്ടതില്ല.ജപ്പാനിലെ പ്രതിരോധ ആരോഗ്യപരിചരണത്തിൽനിന്ന് കേരളത്തിന് പഠിക്കാവുന്ന പ്രധാന കാര്യം അതാണ്.എല്ലാ രോഗങ്ങളെയും തടയാനാകില്ല. എല്ലാവർക്കും ജീവിതാവസാനം വരെ പരാശ്രയമില്ലാതെ കഴിയാനും സാധിക്കണമെന്നില്ല. എന്നാൽ ഒഴിവാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ കുറയ്ക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ശേഷി കഴിയുന്നത്ര കാലം നിലനിർത്താനും നമുക്ക് ശ്രമിക്കാം.അതിന് ആശുപത്രികളും ഡോക്ടർമാരും മരുന്നുകളും വേണം. അതുപോലെ ആവശ്യമായ ഭക്ഷണവും ശാരീരികപ്രവർത്തനങ്ങളും മനുഷ്യബന്ധങ്ങളും വേണം.ഒരു എൺപത്തഞ്ചുകാരിക്ക് സ്വന്തം അടുക്കളയിൽ കയറി ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. അതിന് കഴിയാതാകുമ്പോൾ ആവശ്യമായ ഭക്ഷണം വീട്ടിലെത്തിക്കാനും ആരെങ്കിലും ഉണ്ടാകണം.

വയോജനങ്ങൾക്ക് ഭക്ഷണം നൽകുക എന്നതും അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതും വേർതിരിച്ചുകാണേണ്ട കാര്യങ്ങളല്ല. വാർധക്യത്തിൽ ഒരാൾക്ക് എത്രകാലം ജീവിക്കാനാകും എന്നതിനൊപ്പം, ആ കാലം എത്രത്തോളം ആരോഗ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനാകും എന്നതും പ്രധാനമാണ്. അതിനുള്ള കരുതൽ ആശുപത്രിയിലെ കിടക്കയിൽനിന്നല്ല, പലപ്പോഴും വീട്ടിലെ അടുക്കളയിൽനിന്നാണ്

ചിത്രങ്ങൾ – നസീ മേലേതിൽ