
അന്നും ഇതുപോലെ ഒരു തുലാവര്‍ഷ രാത്രിയായിരുന്നു. കോരിച്ചൊരിയുന്ന മഴ. ഇടിവെട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ ചാടി കട്ടിലിന്റെ മുകളില്‍ കയറി. അന്ന് ഞാനും അനിയത്തിയും മാത്രയുള്ളൂ. അനിയനുണ്ടായിട്ടില്ല. മിന്നല്‍പ്പിണരുകള്‍ പുല്ല് മേഞ്ഞ മേല്‍ക്കൂര തുളച്ചെത്തുമ്പോള്‍ ആധിപൂണ്ട നാല് കുഞ്ഞിക്കണ്ണുകളില്‍ കാണുന്ന തിളക്കം പേടിയുടേതായിരുന്നു . അമ്മ കൂടെയുണ്ടെങ്കിലും അച്ഛനപ്പോള്‍ അവിടെയില്ല. ടൗണില്‍ പോയിരിക്കുകയാണ്. രാത്രി ബസ്സിനേ തിരിച്ചെത്തുള്ളൂ.
'ഇങ്ങനെ മഴ പെയ്തു കൊണ്ടിരുന്നാല്‍ അച്ഛന്‍ വരുമ്പോഴേക്കും മൂഴി കയറുമോ ആവോ.'മഴ കനക്കുമ്പോള്‍ ബാണാസുര മലയില്‍നിന്നും തരിയോട് മലയില്‍നിന്നും വെള്ളവും ചെളിയും കല്ലുകളും കുത്തിയൊഴുകി വീടിനടുത്തുള്ള പുഴയിലേക്ക് പതിക്കും.
പ്രസവസമയമാകുമ്പോള്‍ നിറവയറായ ഗര്‍ഭിണിയുടെ വയറില്‍നിന്നു വെള്ളവും കുഞ്ഞും മറുപിള്ളയുമെല്ലാം പുറത്തേക്ക് വരുന്നത് പോലെ, ഒരു പേറ്റുനോവിന്റെ അന്ത്യത്തെ ഓര്‍മിപ്പിക്കുന്ന വിധം കുഞ്ഞുപുഴയുടെ ഓരങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികം മലവെള്ളം നിറഞ്ഞുകവിഞ്ഞു പുറത്തേക്കൊഴുകും. ആഴ്ചകളോളം ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ടു പോകും. കണ്ണെത്താ ദൂരംവരെ കലങ്ങിമറിഞ്ഞ പ്രളയജലം മാത്രം. ഞങ്ങള്‍ നാട്ടുകാര്‍ മൂഴി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വെള്ളപ്പൊക്കം.
കയറുമ്പോള്‍ മുതിര്‍ന്ന ഒരുപാട് പേരുടെ കണ്ണീരും ഇറങ്ങുമ്പോള്‍ ഞങ്ങളെ പോലെയുള്ള കുട്ടികളുടെ കണ്ണീരും ഏറ്റുവാങ്ങിയാണ് മൂഴി അവസാനിക്കുക. ഇന്നത്തെ കുട്ടികളുടെ പോലെ ഓണവും വിഷുവും പള്ളി പെരുന്നാളും ബര്‍ത്ത്‌ഡേയും ആയിരുന്നില്ല ഞങ്ങളുടെ ആഘോഷം.അത് വേറിട്ട ഒരു ആഘോഷം തന്നെയാണ്. വീടിന്റെ ചവിട്ടുപടിയും കടന്ന് ചാണകം മെഴുകിയ ഉമ്മറക്കോലായും മൂടുന്ന പുഴവെള്ളം. അതില്‍നിന്നു ക്ഷണിക്കാതെ കയറി വരുന്ന അപൂര്‍വ അതിഥികള്‍... ആമ, ഞണ്ട്, നീര്‍ക്കോലി, മീനുകള്‍, പിന്നെയും പേരറിയാത്ത ഏതൊക്കെയോ ജലജീവികള്‍.
ഔചിത്യമൊട്ടുമില്ലാതെ അധികാരത്തോടെ കയറിവരും വീടിനുള്ളിലേക്ക്. ഇവിടെ പ്രവേശനമില്ലെന്ന് പറഞ്ഞു കൊട്ടിയടയ്ക്കാന്‍ മണിച്ചിത്രതാഴിട്ട് പൂട്ടാവുന്ന വാതിലുമല്ല. ഇന്ന് ഒരു ദിവസത്തിന് ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ കൊടുത്ത് കുടിലുകളില്‍ ആഡംബരജീവിതം ചിലവിടാന്‍ മല കയറി വരുന്നവരെ കാണുമ്പോഴാണ്, ജീവിതത്തിലെ ആദ്യ ഇരുപത് വര്‍ഷവും അത്യാഡംബര സ്റ്റേ ആയിരുന്നു എന്റേതെന്ന യാഥാര്‍ഥ്യം മനസിലാകുന്നത്. രാമച്ചവും വൈക്കോലും കൊണ്ട് മേഞ്ഞ പുരയില്‍ നന്നായി മഴ പെയ്യുമ്പോള്‍ ചോരുന്നിടത്തു വയ്ക്കാന്‍ വീട്ടിലെ പാത്രങ്ങള്‍ മതിയാകാതെ വരുമെങ്കിലും ഉള്ളില്‍ ഒരു ഗൂഢ സന്തോഷം ഉടലെടുക്കും. നന്നായി പെയ്യട്ടെ. എന്നാലല്ലേ മൂഴി കയറുള്ളു.
മൂഴി കയറിയാല്‍ പിന്നെ ഉത്സവമാണ്. ആദ്യത്തെ സന്തോഷം സ്‌കൂളില്‍ പോകേണ്ടല്ലോ എന്നത് തന്നെ. സ്‌കൂളുകള്‍ മിക്കവാറും ദുരിതാശ്വാസ ക്യാമ്പുകളാകും. പിന്നെ എന്താ പണി. രാവിലെ മുതല്‍ രാത്രി വരെ മൂഴിയില്‍ പാണ്ടി തുഴഞ്ഞു കറങ്ങല്‍ തന്നെ. ചങ്ങാടം എന്ന് പറഞ്ഞാലേ പലര്‍ക്കും മനസിലാവൂള്ളൂ. മൂന്നോ നാലോ വാഴത്തടികള്‍ ചേര്‍ത്തു വച്ചുള്ള പാണ്ടി. തോണിയൊക്കെ അന്ന് ആഡംബരമാണ്. അപൂര്‍വം മാത്രം വന്നിരുന്നത്. അല്ലാത്ത ബഹുഭൂരിപക്ഷം പേരുടെയും സഞ്ചാരം പാണ്ടിയില്‍ തന്നെ. തൊട്ടടുത്തു തന്നെ ധാരാളം ബന്ധുക്കളുണ്ട്. അവരുടെയൊക്കെ കുട്ടികള്‍, ചേച്ചിമാര്‍,ഏട്ടന്മാര്‍ എല്ലാവരും കൂടി പാണ്ടിയുമെടുത്തിറങ്ങിയാല്‍ പിന്നെ ജലോത്സവം തന്നെ.
ഇടനെഞ്ചു തകര്‍ക്കുന്ന വിധത്തില്‍ അടുത്ത ഇടിവെട്ട്. മൂഴിയുടെ നല്ലോര്‍മയില്‍ മയങ്ങിയിരിക്കുകയായിരുന്നു. ഇടിവെട്ട് എല്ലാം നശിപ്പിച്ചു. ഇടിവെട്ടാതെ മഴ മാത്രം പെയ്യാന്‍ എന്താ വഴി. ഇടിമിന്നല്‍ പേടിയാണ്. 'അമ്മേ ഇങ്ങനെ ഇടിവെട്ടിയാല്‍ കറണ്ടു പോകുമോ?' അനിയത്തിയുടെ ആകുലത നിറഞ്ഞ ചോദ്യം കേട്ട് ചിരി വന്നു. കറണ്ടില്ലാത്ത വീട്ടില്‍ കറണ്ടു പോകുമോ എന്നതാണ് അവളുടെ ടെന്‍ഷന്‍.?
'ഇവിടെ പോകാന്‍ കറണ്ടുണ്ടോ അതിന്? 'എന്റെ പുച്ഛത്തോടെയുള്ള ചോദ്യം അവള്‍ക്കു തീരെ പിടിച്ചില്ല. അവളുടെ ഉണ്ടക്കണ്ണ് ഒന്നുകൂടി ഉരുട്ടിയുള്ള നോട്ടം മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു. 'ഞാറാഴ്ച്ച സിനിമയും മഹാഭാരതവും കാണാന്‍ പോകുമ്പോ താഴെ വീട്ടില്‍ കറണ്ടില്ലെങ്കിലോ' അവളുടെ വിശദീകരണം. അത് ശരിയാണല്ലോ. ആ നാട്ടില്‍ കറണ്ടും ടിവിയുമുള്ള ഏക വീട് താഴെ വീട് തറവാടാണ്. ഞായറാഴ്ചകളില്‍ താഴെ വീട്ടിലെ ഹാള്‍ ഒരു മിനി തിയേറ്റര്‍ ആകും.
ദൈവമേ എവിടെ കറണ്ട് പോയാലും താഴെ വീട്ടില്‍ കറണ്ട് പോകല്ലേ. അനിയത്തിയെ പുച്ഛിച്ചതില്‍ വിഷമം തോന്നി. ഞാന്‍ മൂഴി കയറുന്നതും, പാണ്ടി തുഴയുന്നതുമൊക്കെയായ സുന്ദരസ്വപ്നങ്ങള്‍ കാണുമ്പോള്‍ അവള്‍ മൂന്നു ദിവസം കഴിഞ്ഞു കറണ്ടില്ലെങ്കില്‍ ഞായറാഴ്ച എങ്ങനെ ടിവി കാണുമെന്ന ചിന്തയില്‍ വിഷമിക്കുകയായിരുന്നു. അവളെ കുറ്റം പറയാന്‍ പറ്റില്ല. കുറച്ചു കൂടി യഥാര്‍ഥ്യ ബോധത്തോടെ ചിന്തിച്ചത് അവളാണ്.

ഇതിനിടയില്‍ പെട്ടെന്ന് നല്ല വെളിച്ചം മുറിയിലാകെ. മിന്നല്‍ വന്നിട്ട് തിരിച്ചുപോകാന്‍ പറ്റാതെ മുറിയില്‍നിന്ന് മിന്നുകയാണോ. ഓ, അമ്മ അടുപ്പില്‍ ചിരട്ട കത്തിച്ചതാണ്. വിറകെല്ലാം നനഞ്ഞു പോയി.ഇനി ചിരട്ടയേ ശരണമുള്ളൂ. ചിരട്ട ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് പാളിപ്പിടിക്കുമ്പോള്‍ മുറിയിലാകെ വെളിച്ചം. കിടക്കുന്ന മുറിയുടെ ഒരു മൂലയില്‍ മൂന്നു കട്ടകള്‍ വച്ചാണ് അടുപ്പ്. പ്രത്യേകം അടുക്കളയൊന്നുമില്ല.
മഴയുടെ ഇരമ്പല്‍ നേര്‍ത്തു നേര്‍ത്തു വന്നു. സമയം എത്രയാണാവോ. വീട്ടില്‍ ക്ലോക്ക് ഇല്ല. സമയം നോക്കാന്‍ അച്ഛന്റെ വാച്ച് ആണ് ആകെയുള്ള ആശ്രയം. അച്ഛനാണെങ്കിലോ വയലില്‍ കന്നുപൂട്ടാന്‍ പോവുകയാണെങ്കിലും, തോട്ടം കിളക്കാനാണെങ്കിലും കയ്യില്‍ വാച്ച് വേണം. പിന്നെ സമയമറിയാനുള്ള ഏക മാര്‍ഗം റേഡിയോയാണ്. ചെറിയച്ഛന്‍ പട്ടാളത്തില്‍നിന്ന് ലീവിന് വന്നപ്പോള്‍ കൊണ്ടുതന്ന ഫിലിപ്‌സിന്റെ റേഡിയോ. രാവിലെ മുതലുള്ള ദൈനംദിന കാര്യങ്ങളുടെ ടൈംടേബിള്‍ രൂപം കൊള്ളുന്നത് റേഡിയോ പരിപാടികളും വാര്‍ത്തകളുടെയും സമയക്രമം അനുസരിച്ചാണ്.
'റേഡിയോ തുറക്കമ്മേ..സമയം എത്രയായീന്ന് നോക്കാനാ. അച്ഛന്‍ വരാറായോ ആവോ? ' റേഡിയോ തുറക്കില്ല. ഇങ്ങനെ ഇടിവെട്ടുമ്പോള്‍ തുറന്നിട്ട് വേണം അതിന്റെ പണി കഴിയാന്‍. അതും പറഞ്ഞ് അമ്മ റേഡിയോ എടുത്ത് കമ്പിളി കഷ്ണത്തില്‍ പൊതിയുന്നു. റേഡിയോയ്ക്ക് തണുപ്പുണ്ടോ? എന്തിനാ അതിനെ കമ്പിളിയില്‍ പൊതിയുന്നത്? എന്റെ ഉള്ളില്‍ മുള പൊട്ടിയ സംശയം അപ്പോഴേക്കും അനിയത്തി ചോദിച്ചു. ' തണുപ്പടിച്ചാലേ ബാറ്ററി കേടാവും. ബാറ്ററിക്കൊക്കെ എന്താ വെല, ഒന്നും രണ്ടുമല്ല മൂന്നെണ്ണം വേണം ഇതൊന്ന് പാടാന്‍.'
'ബാറ്ററി കേടാവുന്നത് നല്ലതല്ലേ അമ്മേ. അപ്പോഴല്ലേ നിലം മെഴുകുമ്പോള്‍ ബാറ്ററി കുത്തി പൊട്ടിച്ച് ചാണകവെള്ളത്തിന്റെ കൂടെ കലക്കി മെഴുകാന്‍ പറ്റുള്ളൂ'...? അമ്മ എന്നെ നന്നായൊന്നു നോക്കി . ബാറ്ററികരി ചേര്‍ത്തു മെഴുകിയാല്‍ നിലത്തിന് നല്ല കറുപ്പ്‌നിറം വരുമെന്ന് അമ്മ തന്നെയാണ് എന്നും പറയാറ്. എന്നിട്ട് ഇപ്പൊ എന്തിനാണാവോ തുറിച്ചു നോക്കുന്നത്.
കാലടി ശബ്ദം അടുത്തടുത്തു വരുന്നു. അച്ഛന്‍ വന്നു. ലാസ്റ്റ് ബസിലുള്ള വരവാണ്. രാത്രി ഒമ്പതരയ്ക്ക് ഞങ്ങളുടെ നാട്ടില്‍ എത്തുന്ന ബസ് രാവിലെ അവിടെനിന്ന് ടൗണിലേക്ക് പോകും. അച്ഛന്‍ പുറത്ത് പോയി വന്നാല്‍ പ്രത്യേകിച്ച് വിളിക്കില്ല. വാതില്‍ തട്ടുകയുമില്ല. നടക്കുന്ന കാലൊച്ച കേള്‍ക്കുമ്പോഴേക്കും വാതില്‍ തുറക്കണം. വാതിലിനു മുന്നില്‍ കാത്തു നില്‍ക്കാനിട വരുത്തുന്നത് അച്ഛന് ഇഷ്ടമല്ല. പണ്ടത്തെ ഫ്യൂഡല്‍ മച്ചമ്പിത്തരം അച്ഛനില്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. പാവംപിടിച്ചൊരമ്മയായത് കൊണ്ട് അച്ഛന് കൊള്ളാം. അമ്മ വാതില്‍ തുറന്നപ്പോള്‍, അച്ഛന്‍ മാത്രമല്ല, കൂടെ ഒരു സ്ത്രീയും ഇറയത്തേക്ക് കയറി. കണ്ടാല്‍ ഒരു മുപ്പത് മുപ്പത്തഞ്ചുവയസ്സ് തോന്നും. എവിടെയും കണ്ട പരിചയമില്ല. ചാറ്റല്‍മഴ കൊണ്ട് അവര്‍ തണുത്തു വിറക്കുന്നത്‌പോലെ തോന്നി. അമ്മ അന്തംവിട്ട് അച്ഛനെയും ആ സ്ത്രീയെയും നോക്കുന്നുണ്ട്.
'നീ അവരെ വിളിച്ച് കൊണ്ടുപോയി മാറാന്‍ തുണി എന്തെങ്കിലും കൊടുക്ക്. മഴ നനഞ്ഞിട്ടുണ്ട്. എന്താ അത്താഴത്തിന്? അവര്‍ക്ക് കൊടുക്ക്. ചൂടോടെ ആയിക്കോട്ടെ. 'നിങ്ങള്‍ക്കുള്ള കഞ്ഞി മാത്രമേയുള്ളൂന്നേ. ഇനി വച്ചിട്ട് വേണം. ' ആ സ്ത്രീ കേള്‍ക്കാതെ അമ്മ പതുക്കെ അച്ഛനോട് പറഞ്ഞു. അത് അവര്‍ക്ക് കൊടുക്കെടീ .എനിക്ക് ഒന്നും വേണ്ട. അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ അമ്മയുടെ മുഖം വാടിയത് പോലെ.
'ഇതാരാ?' അമ്മയുടെ ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ വരാം.എന്നിട്ടെല്ലാം പറയാം എന്ന് പറഞ്ഞ് അച്ഛന്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് പോയി. ഒന്നും മനസിലാകാതെ ഞാനും അനിയത്തിയും അമ്മയെ നോക്കി. അമ്മയുടെ മുഖം ആകെ കാര്‍മേഘം മൂടിയ പോലെ . വന്ന സ്ത്രീ ആണെങ്കില്‍ ഒന്നും മിണ്ടാതെ ബെഞ്ചില്‍ താഴേക്കു നോക്കിയിരിക്കുന്നു. അപ്പോ മുതല്‍ എനിക്ക് ടെന്‍ഷനായി. ആ ബെഞ്ച് അച്ഛന്‍ ഞങ്ങള്‍ക്ക് പഠിക്കാനും എഴുതാനും വേണ്ടി പണിയിപ്പിച്ചു തന്നതാണ്. അതിന്റെ അറ്റത്തിരുന്നാല്‍ മറ്റേ അറ്റം പൊങ്ങും. അവര്‍ അനങ്ങിയാല്‍ അപ്പുറം ബെഞ്ചു പൊങ്ങി അവര്‍ വീഴുമെന്ന് തന്നെ എനിക്ക് തോന്നി.
'.അമ്മേ ബെഞ്ചു പൊങ്ങും, അവരോട് നീങ്ങിയിരിക്കാന്‍ പറ.'ഞാന്‍ മെല്ലെ അമ്മയോട് പറഞ്ഞു.' പോ അവിടുന്ന് ' അമ്മ എന്നെ ഒറ്റ തട്ട്. ഇതെന്തിനാ അമ്മ എന്നോട് ദേഷ്യപ്പെടുന്നേ. ഒന്നും പിടികിട്ടുന്നില്ല.?'
'എന്താ പേര്,എവിടെയാ വീട്? കുട്ടികളുടെ അച്ഛനെ എങ്ങനെയാ കണ്ടത്? അമ്മ ചോദിച്ചതിനൊന്നും അവര്‍ മറുപടി പറയുന്നില്ല. കാര്‍ഡ് ബോര്‍ഡ് പെട്ടി തുറന്ന് ഒരു മുണ്ടും ബ്ലൗസുമെടുത്തു അമ്മ അവര്‍ക്ക് നീട്ടി.'ഇവിടെ മുണ്ടും ബ്ലൗസും മാത്രമേയുള്ളു. പിന്നെ സാരി ഉണ്ട്. ഇതു മതിയോ?'? അമ്മയുടെ ഹൈ നെക്ക് കോളര്‍ ഫുള്‍ ബ്ലൗസും മുണ്ടും അവര്‍ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അവര്‍ ഒന്നും മിണ്ടിയില്ല.
ഇപ്പോഴത്തെ പെണ്ണുങ്ങളിടുന്ന നൈറ്റിയൊന്നും ഇവിടെയില്ല.ഞാന്‍ മുണ്ടും ബ്ലൗസുമാണ് വീട്ടില്‍. അപ്പുറത്ത് അനിയന്റെ ഭാര്യ നൈറ്റി ഇടാറുണ്ട്. പക്ഷേ അവളിപ്പോ അവിടെയില്ല. അല്ലെങ്കില്‍ ചോദിക്കാമായിരുന്നു. തത്കാലം സാരി തരട്ടെ..? അവര്‍ ഒന്നും മിണ്ടുന്നില്ല. അമ്മ ഒരു സാരി എടുത്തു അവര്‍ക്ക് കൊടുത്തു. അവര്‍ വീണ്ടും ഒരു അര മണിക്കൂര്‍ ആ സാരിയും പിടിച്ചു ഒന്നും മിണ്ടാതെ ആലോചിച്ചിരുന്നു. ഇനി സാരിയും പിടിച്ചില്ലേ ആവോ? കുറച്ചുകഴിഞ്ഞപ്പോള്‍ എഴുന്നേറ്റു തറയില്‍ വിരിച്ച പായയില്‍ വന്നിരുന്നു. എനിക്ക് അപ്പോഴാണ് ആശ്വാസമായത് . ഭാഗ്യത്തിന് ഇരുന്ന ബെഞ്ചു പൊങ്ങിയില്ല.
അച്ഛന്‍ തറവാട്ടില്‍നിന്ന് വന്നയുടനെ അമ്മയെ വിളിച്ചു മുറ്റത്തേക്ക്. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍പെങ്ങളും ചെറിയച്ഛനുമൊക്കെ വന്നു. എല്ലാവരും അടക്കം പറയുന്നു. മൊത്തത്തില്‍ എന്തൊക്കെയോ ദുരൂഹത. എന്താണെന്നറിയാന്‍ മെല്ലെ മുറ്റത്തിറങ്ങി അവരുടെയിടയില്‍ ചെന്നപ്പോഴേക്കും അച്ഛന്‍ ഓടിച്ചു വിട്ടു. 'പോയി കിടന്നുറങ്ങ് രണ്ടു പേരും'
തിരിച്ചുവന്നു കിടന്നിട്ടും ഉറക്കം വരുന്നില്ല. വന്നിരിക്കുന്ന ചേച്ചി ഏതാണ്? അച്ഛന്‍ എന്തിനാ അവരെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നത്. ഇവിടെയാണെങ്കില്‍ ഞങ്ങള്‍ക്ക് തന്നെ കിടക്കാന്‍ സ്ഥലമില്ല. ഇവരിനി എവിടെ കിടക്കും? എന്റെ കൂടെയെങ്ങാനും ഇനി കിടത്തുമോ? എന്റെ പുതപ്പാണെങ്കില്‍ വലിപ്പം കുറവാണ്. അത് ഇവര്‍ക്ക് കൊടുത്താല്‍ പിന്നെ ഞാന്‍ എങ്ങനെ പുതയ്ക്കും. എല്ലാം കൂടി ഒരു മനസ്സമാധാനവുമില്ല. പുതപ്പിന്റെ കാര്യം ഓര്‍ത്തപ്പോഴാണ് തലയണയുടെ കാര്യം ഓര്‍മ വന്നത്. ആകെ ഒരു തലയണയേയുള്ളൂ.അത് അച്ഛന്റേതാണ്. തല്ക്കാലം അച്ഛന്‍ പലകയില്‍ തല വച്ചോളും. ആരെങ്കിലും വിരുന്നു വരുമ്പോള്‍ അച്ഛന്റെ തലയണ, ഇരിക്കുന്ന പലകയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അറിയുമോ ആവോ പണ്ടത്തെ കൊരണ്ടി പലക.
ഉറങ്ങുന്ന പോലെ കിടന്നിട്ട് ഇടയ്ക്കിടെ പുതപ്പിനുള്ളില്‍ കൂടി ആ ചേച്ചിയെ നോക്കി. അവര്‍ അപ്പോഴും ആലോചന തന്നെ. എന്നെ നോക്കുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ ചിരിച്ചു. ഹേയ് എന്നെയല്ല നോക്കിയത്. അവര്‍ തിരിച്ചു ചിരിക്കുന്നില്ലല്ലോ. കുഞ്ഞുമനസ്സില്‍ ഒരായിരം ഉത്തരമില്ലാത്ത സംശയങ്ങള്‍ വന്നു നിറയവേ അറിയാതെ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഉണര്‍ന്ന് ആ ചേച്ചിയെ നോക്കി. അവര്‍ പായയില്‍ സുഖമായി കിടന്നുറങ്ങുകയാണ്. സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പുകളായി, സമയം എട്ടര കഴിഞ്ഞു. ആ ചേച്ചി അപ്പോഴും എഴുന്നേറ്റിട്ടില്ല. അമ്മ തലമുടി രണ്ടു ഭാഗത്തും പിന്നിയിട്ട് തരുമ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു 'അതാരാ അമ്മേ.എന്തിനാ അവരിങ്ങോട്ട് വന്നത്? അമ്മ പതുക്കെ പറഞ്ഞു ' അത് വയ്യാത്ത ഒരു ചേച്ചിയാണ്.വഴി തെറ്റി വന്നതാണ്.' അത്ര മാത്രമേ അപ്പോള്‍ അറിഞ്ഞുള്ളുവെങ്കിലും കുറച്ചു മുതിര്‍ന്നപ്പോഴാണ് അന്ന് നടന്നതിന്റെ യഥാര്‍ത്ഥ കാര്യങ്ങള്‍ അമ്മ പറഞ്ഞറിഞ്ഞത്.
ടൗണില്‍നിന്നുള്ള ലാസ്റ്റ് ബസ് രാത്രി ഒമ്പതരയ്ക്കാണ് ഞങ്ങളുടെ നാട്ടിലെത്തുക. അവിടെയാണ് ലാസ്റ്റ് സ്റ്റോപ്പും. പിന്നെ രാവിലെ ടൗണിലേക്കുള്ള ട്രിപ്പ്. അച്ഛന്‍ ടൗണില്‍നിന്ന് തിരികെ നാട്ടിലെത്തി ബസ് ഇറങ്ങുമ്പോള്‍ അച്ഛനും റോഡ് പണിയ്ക്ക് വന്ന നാലഞ്ചു തമിഴ് തൊഴിലാളികളും മാത്രം ബസില്‍. പിന്നെ ബസിന്റെ ഏറ്റവും മുന്നിലായി ഒരു സ്ത്രീ ഇരിക്കുന്നു. അവരോട് ബസില്‍ നിന്നുമിറങ്ങാനും ഇവിടെ വരയേ ബസ്സുള്ളൂ എന്നുമൊക്കെ കണ്ടക്ടര്‍ പറയുന്നുണ്ട്. അവരാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു. അച്ഛന്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ ഡ്രൈവറും കണ്ടക്ടറും കൂടി അച്ഛനോടായി, ഞങ്ങള്‍ എന്തു ചെയ്യും ചേട്ടാ, ഇവര്‍ ഇറങ്ങുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ? ചോദിച്ചിട്ടാണെങ്കില്‍ ഒരക്ഷരം മിണ്ടുന്നില്ല. ഞങ്ങള്‍ക്ക് രാവിലെ ട്രിപ്പുള്ളതാ. പോയൊന്നുറങ്ങണം. ഇതു വലിയ പുലിവാലായല്ലോ.' എന്ന് പറഞ്ഞു.
അവരുടെ സങ്കടം കേട്ട് അച്ഛന്‍ പോയി ആ സ്ത്രീയോട് സംസാരിച്ചു. അവര്‍ സാധാരണ ഒരു മാനസികാവസ്ഥയില്‍ അല്ലെന്ന് അപ്പോള്‍ തന്നെ മനസിലായി. കുറെ നേരത്തെ ശ്രമത്തിനൊടുവില്‍ അവര്‍ അച്ഛന്റെ കൂടെ ബസില്‍ നിന്നുമിറങ്ങി. അടുത്ത് വീടുകളോ ആള്‍താമസമോ വെളിച്ചമോ ഒന്നുമില്ലാത്ത കാട്ടുപ്രദേശത്ത് ഒരു ചെറുപ്പക്കാരിയെ, അതും സ്വന്തം പേര് പോലും ഓര്‍ത്ത് പറയാന്‍ ബോധമില്ലാത്ത ഒരാളെ ഇരുട്ടില്‍ തനിച്ചാക്കി വരാന്‍ അച്ഛന് തോന്നിയില്ല. ഇന്നാണെങ്കില്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കാള്‍ മതി. അന്ന് ഫോണോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന്‍ എത്രയോ അകലെയാണ്. രാത്രി എങ്ങനെ സ്റ്റേഷനില്‍ ചെല്ലും.
പിറ്റേന്ന് അച്ഛന്‍ സുഹൃത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോയി കാര്യം പറഞ്ഞു. വൈകുന്നേരയപ്പോഴേക്കും വീട്ടില്‍ പോലീസും രണ്ടു കാറുകളിലായി കുറെ ആളുകളും എത്തി. ആ സ്ത്രീയുടെ വീട്ടുകാരായിരുന്നു അവര്‍. അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ആ ചേച്ചിയുടെ പേര് ലേഖ എന്നാണെന്നും, ടിടിസി കഴിഞ്ഞു ഒരു എല്‍.പി. സ്‌കൂളില്‍ ടീച്ചറായി താത്കാലിക ജോലി ചെയ്തു വരുകയായിരുന്നുവെന്നും, കൂടെ ജോലി ചെയ്തിരുന്ന മാഷുമായി പ്രണയത്തിലാവുകയും നാലഞ്ചു വര്‍ഷത്തെ പ്രണയത്തിനോടുവില്‍ മാഷെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു. സന്തോഷത്തോടെ വിവാഹജീവിതത്തിലേക്ക് കടക്കുമ്പോഴാണ് ഭര്‍ത്താവ് പെട്ടെന്ന് മരണപ്പെട്ടത്. അതിന്റെ ആഘാതം താങ്ങാന്‍ പറ്റിയില്ല.
ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും മൗനത്തിലേക്ക് ഊളിയിട്ട അവര്‍ പിന്നീട് മാനസിക അസ്വാസ്ഥ്യം കാണിച്ചുതുടങ്ങി. അങ്ങനെ പോയി പോയി അവസാനം അവരുടെ പേര് പോലും പറയാന്‍ പറ്റാത്ത വിധം അവര്‍ വേറൊരു ലോകത്തിലേക്ക് മാറി. ചികിത്സയുടെ ഭാഗമായി എല്ലാ മാസവും ഡോക്ടറെ കാണിക്കാന്‍ ടൗണില്‍ വരാറുണ്ട്. അങ്ങനെ കൊണ്ടുവന്നതായിരുന്നു അന്നും. വീട്ടുകാരുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ മുന്നില്‍ കണ്ട ബസില്‍ കയറിയിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ നാട്ടില്‍ എത്തിയതും അച്ഛന്‍ വീട്ടിലേക്കു കൂട്ടി കൊണ്ടുവന്നതും. അവരുടെ കഥ കേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. ടീച്ചര്‍ ആയിരുന്ന ചേച്ചി ഇപ്പോള്‍...
വീട്ടുകാര്‍ വിളിച്ചപ്പോള്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മിണ്ടാതെ വേഗം ചെന്ന് കാറില്‍ കയറി പുറത്തേക്ക് നോക്കിയിരുന്നു. അവരുടെ അച്ഛനും ജ്യേഷ്ഠനും അച്ഛനോട് എന്തു പറയണമെന്നറിയാതെ നിന്നു. ചിലപ്പോള്‍ ചില കാര്യങ്ങള്‍ പ്രകടിപ്പിക്കുവാന്‍ വാക്കുകള്‍ മതിയാകാതെ വരും. എന്നെയും അനിയത്തിയെയും വാത്സല്യത്തോടെ തലോടി, അമ്മയോട് കൈകൂപ്പി നന്ദി പറഞ്ഞു. സാമ്പത്തികമായി നല്ല നിലയിലുള്ളവരായിരുന്നു ആ വീട്ടുകാര്‍.
ഞങ്ങളുടെ കുടില്‍ കണ്ടപ്പോള്‍ ഏകദേശം അവസ്ഥ മനസിലായിട്ടാകണം ലേഖചേച്ചിയുടെ ജ്യേഷ്ഠന്‍, അച്ഛനെ വിളിച്ചു മാറ്റി നിര്‍ത്തി എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളൂ. എന്തിനും ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ കുട്ടിയെ ഇരുട്ടില്‍ ഉപേക്ഷിച്ചു പോകാതെ ഒരു പോറല്‍ പോലും ഏല്പിക്കാതെ നോക്കിയില്ലേ.എന്തു പകരം തന്നാലും മതിയാകില്ല എന്ന് അച്ഛന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.
'ആ കുട്ടിയെ നല്ല പോലെ ചികിത്സിച്ചു അസുഖമെല്ലാം മാറി മിടുക്കിയായി കണ്ടാല്‍ മാത്രം മതി. അത്രയേ ആഗ്രഹമുള്ളു, മറ്റൊന്നും വേണ്ട 'എന്ന അച്ഛന്റെ മറുപടി ഇന്നും ഹൃദയത്തില്‍ അഭിമാനമായി മുഴങ്ങാറുണ്ട്.
ഇന്നത്തെ കാലത്ത് അങ്ങനെയൊരു കാര്യം ആലോചിക്കാന്‍ കൂടി പേടിയാണ്. അറിയാത്ത ഒരു യുവതിയുമായി രാത്രിയില്‍ കയറി വരുമ്പോള്‍ ഉണ്ടായേക്കാവുന്ന വരുംവരായ്കകള്‍ ഒന്നും അച്ഛന്‍ അപ്പോള്‍ ചിന്തിച്ചില്ല. നാട്ടുകാര്‍ എന്തു പറയും, നാളെ ഈ സ്ത്രീ അച്ഛന്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞാല്‍ പിന്നെ ജയലില്‍ കിടക്കേണ്ടി വരും, അല്ലെങ്കില്‍ ഒറ്റയ്ക്ക് ഇറങ്ങിവന്ന സ്ത്രീയാണ്. വല്ല ആത്മഹത്യ ഉദ്ദേശ്യത്തോടെ വന്നിട്ട് അച്ഛന്‍ കൊണ്ടുവന്നതിന് ശേഷം വല്ലതും ചെയ്തിരുന്നെങ്കില്‍... അങ്ങനെ നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ആലോചിച്ചാല്‍ അധികമാരും ഇങ്ങനെ ഒരു സാഹസത്തിന് മുതിരില്ല. അച്ഛനെപ്പോലെയുള്ളവര്‍ തീര്‍ത്തും ഇല്ലെന്ന് പറയുന്നില്ല. ഒരാള്‍ക്ക് പെട്ടെന്ന് ഒരു ആവശ്യം വരുമ്പോള്‍ തന്റെ സുരക്ഷിതത്വവും, തനിക്കു വരാവുന്ന നഷ്ടങ്ങളും ഒന്നും ഓര്‍ക്കാതെ സഹായം ആവശ്യമായവരുടെകൂടെ ഏതു വിധേനയും കൂടെ നില്‍ക്കുന്നവര്‍. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ അങ്ങനെ നിസ്വാര്‍ത്ഥ കര്‍മം ചെയ്യുന്നവര്‍ ഇന്ന് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി കുറഞ്ഞു. ബഹുഭൂരിപക്ഷവും എനിക്കോ എന്റെ കുടുംബത്തിനോ ഒന്നും ഏല്‍ക്കരുത്. ഞാന്‍ ഒന്നിനുമില്ലേ എന്ന ഭാവത്തില്‍ ഒഴിഞ്ഞു മാറി നടക്കുന്നവരാണ്.
ജീവിതത്തില്‍ എത്രയോ തവണ സ്വന്തം കാര്യത്തിനും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമായി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. രാത്രിയും പകലുമൊക്കെ. ഒരിടത്തുനിന്ന് പോലും മോശം അനുഭവം ഉണ്ടായിട്ടില്ല. വിഷമിപ്പിക്കുന്ന തരത്തില്‍ ഒരു നോട്ടം പോലും എവിടെനിന്നും നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ ആശ്വാസം കൊള്ളുമ്പോള്‍ ഞാന്‍ അച്ഛനെ ഓര്‍ക്കും. അച്ഛന്റെയും അമ്മയുടെയും മനസ്സിന്റെ നന്മയായിരിക്കും ഞങ്ങള്‍ മക്കള്‍ ഇപ്പൊള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം. അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.
Content Highlights: personal experience of humanity and care
Published: 09 Nov 2023, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented