
തൃശ്ശൂരില്‍ ഡോക്ടറുടെ ക്ലിനിക്കിലുള്ളപ്പോഴാണ് ബാബുവേട്ടനെ പരിചയപ്പെടുന്നത്. വയനാട്ടിൽനിന്നുള്ള ആൾ എന്നതുതന്നെ വലിയൊരു സന്തോഷം. എന്റെ നാട്ടുകാരനാണല്ലോ. ഡോക്ടറുടെ ക്ലിനിക്കിൽ മാനേജരായിരുന്നു ബാബുവേട്ടൻ. സാമ്പത്തികമായി വലിയ മെച്ചമൊന്നും ഉണ്ടായിരുന്നില്ല. തുച്ഛമായ വരുമാനം മാത്രം.
ബാബുവേട്ടൻ ഏറ്റവും വാചാലനാകുന്നത് കുടുംബത്തെപ്പറ്റി പറയുമ്പോഴാണ്. വീട് ഒരു കാട്ടിലാണ്. വയസ്സായ അമ്മയും ഭാര്യയും രണ്ടു കൊച്ചുകുഞ്ഞുങ്ങളും തനിച്ചാണ് വീട്ടിൽ. പറഞ്ഞു തുടങ്ങിയാൽ ബാബുവേട്ടൻ നിർത്തില്ല. "എന്റെ ഭാര്യ ഒരു ഉണ്ണിയാർച്ചയാണ് കേട്ടോ. നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ എനിക്ക് പേടിയൊന്നുമില്ല." കുടുംബം തനിച്ചാണെന്ന ആധിയുണ്ടെങ്കിലും മിടുക്കിയായ ഭാര്യ എന്നൊരാളിൽ എല്ലാം ഭദ്രമാണെന്നൊരു ആശ്വാസമായിരുന്നു എന്നും അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളത്.
രണ്ടു വർഷങ്ങൾക്കുശേഷം ഇതുപോലൊരു ഓണക്കാലത്ത് ഞാനും കുടുംബവും വയനാട്ടിലെ വീട്ടിലേക്ക് പോകുമ്പോഴാണ് യാദൃച്ഛികമായി ബാബുവേട്ടനെ തലപ്പുഴയിൽ കണ്ടുമുട്ടിയത്. വീട് അടുത്താണെന്നും വീട്ടിൽ വന്നിട്ട് പോയാൽ മതിയെന്നും പറഞ്ഞു ഞങ്ങളെ വിടാതെ വീട്ടിലേക്ക് കൊണ്ടുപോയി. വീട് കാട്ടിൽ ആണെന്ന് പറഞ്ഞിട്ടുള്ള അറിവ് ഉണ്ടെങ്കിലും വയനാട്ടിൽ എല്ലായിടത്തും കാട് ഉണ്ടല്ലോ അതുപോലെ ഒന്ന് എന്നേ അന്ന് കരുതിയിരുന്നുള്ളൂ. പോകുന്തോറും മനസ്സിലായി ബാബുവേട്ടൻ പറഞ്ഞ കാട് നല്ല ഒന്നാന്തരം കാട് തന്നെയാണെന്ന്.
മെയിൻ റോഡിൽനിന്നു കിലോ മീറ്ററുകൾ നടന്നു. അടുത്ത് തന്നെയാണ്. ഇനി കുറച്ചു ദൂരമേയുള്ളൂ എന്ന് ബാബുവേട്ടൻ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നുവെങ്കിലും ഒരുപാട് നേരം നടക്കേണ്ടി വന്നു വലിയ കുന്നിനു മുകളിലുള്ള ആ കൊച്ചു വീട്ടിലെത്താൻ. ബാബുവേട്ടന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. പട്ടാളത്തിൽനിന്ന് പിരിഞ്ഞു പോകുമ്പോൾ അച്ഛന് സർക്കാർ പതിച്ചു കൊടുത്ത ഭൂമിയാണത്. വേറെ സ്ഥലം ഒന്നുമില്ലാത്തതുകൊണ്ട് ഇവിടെ തന്നെ താമസിക്കേണ്ട ഗതി വന്നെന്ന് ബാബുവേട്ടൻ നടത്തത്തിനിടയിൽ പറഞ്ഞു. ചുറ്റും കാട്. പോകുന്ന വഴിയെല്ലാം വിഭജനം. ഒരാൾക്ക് മാത്രം നടന്നുപോകാൻ പറ്റുന്ന കാട്ടുവള്ളികൾ പടർന്ന ഒറ്റയടിപ്പാത. ഒരു വീടുപോലുമില്ല അടുത്തെങ്ങും.
ഞാൻ വയനാട്ടുകാരി ആയിരുന്നിട്ട് കൂടി ഇത്രയും വിജനമായ ഒറ്റപ്പെട്ട ഒരു സ്ഥലം അതുവരെയും കണ്ടിരുന്നില്ല. കുന്നും മലയും കയറിയെത്തി വീട് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞുപോയി. അതിനെ വീടെന്ന് വിളിക്കാൻ പോലും പറ്റില്ല. പുല്ലു മേഞ്ഞ ഒരു ഷെഡ്. അകത്തേക്ക് കയറിയപ്പോൾ ഒരു മുറിയും അടുക്കളയും മാത്രം. അടച്ചുറപ്പ് ഒന്നുമില്ല. കറന്റ് ഇല്ല. മറ്റ് സൗകര്യങ്ങൾ ഒന്നും തന്നെയില്ല. അങ്ങനെ ഒരു അവസ്ഥ കണ്ട് വിഷമിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളെ എതിരേറ്റത് ഒരു കുഞ്ഞുസൂര്യനെ പോലെ ഊർജ്ജസ്വലതയുള്ള ഒരു ചേച്ചിയായിരുന്നു. ബാബുവേട്ടൻ എന്നും പറയാറുള്ള ഉണ്ണിയാർച്ച . ബാബുവേട്ടന്റെ ഭാര്യ ഷാജചേച്ചി. പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ടെന്നു പറഞ്ഞപ്പോൾ എല്ലാറ്റിലും വ്യത്യസ്തയാണെന്ന് ബാബുവേട്ടൻ മുഴുമിപ്പിച്ചു. " എനിക്കിവിടെ സത്യം പറഞ്ഞാൽ പേടിയാണ് അജിഷ.. ഇവളുടെ ധൈര്യത്തിലാണ് ഞാൻ കൂടി ഇവിടെ നിന്നുപോകുന്നത്"-ബാബുവേട്ടൻ പറഞ്ഞു.
അവിടെനിന്ന് കുറച്ച് സമയത്തിനുള്ളിൽ തന്നെ ബാബുവേട്ടൻ പറഞ്ഞത് മനസ്സിലായി. അത്രയും പ്രസരിപ്പോടെ ഓടി നടന്ന് ഞങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നു. കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. രോഗിയായ അമ്മയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നു. അതിനിടയിൽ പുറത്തേക്ക് ഓടിപ്പോയി പശുക്കൾക്ക് തീറ്റയും വെള്ളവും കൊണ്ടുകൊടുക്കുന്നു.
ഇറയത്തിരുന്നു സംസാരിക്കുമ്പോഴാണ് വീടിന്റെ മുറ്റത്ത് അവിടവിടെയായി വട്ടത്തിൽ കുഴികൾ കണ്ടത്. ഇങ്ങനെ കുഴി കുഴിച്ചു വച്ചിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അകത്തുനിന്ന് വന്നു ചേച്ചിയുടെ രസകരമായ മറുപടി. അത് രാവിലെ ആനയുടെ വിസിറ്റുണ്ടായിരുന്നു. അതിന്റെ കാൽപ്പാടാണ്. ഇരുന്നിടത്തു നിന്ന് അറിയാതെ എഴുന്നേറ്റു പോയി. ആന വരുമോ എന്ന പേടിയോടെ ആയിരുന്നു പിന്നീടുള്ള ഓരോ നിമിഷവും. അപ്പോഴൊക്കെ ബാബുവേട്ടൻ പറയും.. ഒരു പേടിയും വേണ്ട അജിഷ. ആനയെയൊക്കെ എന്റെ ഭാര്യ ഓടിച്ചു കാട്ടിൽ കയറ്റും. ആനകൾക്കൊക്കെ അവളെ പേടിയാണ്. അത് വെറുംവാക്കോ കളിപറച്ചിലോ അല്ലെന്ന് അല്പസമയത്തിനുള്ളിൽ തന്നെ മനസ്സിലായി. ദൂരെ നിന്നൊരു കുഞ്ഞു ചിന്നംവിളി കേട്ടപ്പോൾ തന്നെ ചേച്ചി പുറത്തേക്കിറങ്ങി തകര ടിന്നിൽ നാലഞ്ചു കൊട്ട്. 'ആന വന്നാലും സാരമില്ല. പിന്നെ മോൻ പേടിക്കണ്ട എന്ന് കരുതിയാ പാട്ട കൊട്ടിയത്'- നിത്യവും ചെയ്യുന്ന ഒരു ജോലിപോലെ ലാഘവത്തിൽ അത് അത് പറഞ്ഞ് ചേച്ചി അകത്തേയ്ക്ക് കയറിപ്പോയി.
വീടിന്റെ ഒരു മൂലയിൽ വലിയ കമ്പുകളിൽ തുണി ചുറ്റി പന്തങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു. രാത്രി ആന വരുമ്പോൾ പന്തം കത്തിച്ചു ഓടിക്കാൻ. ബാബുവേട്ടന്റെ മക്കൾ തീരെ കൊച്ചു കുഞ്ഞുങ്ങളാണ്. രണ്ടും നാലും വയസ് മാത്രം പ്രായം. അകത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കാലിൽനിന്നു ഇടയ്ക്ക് എന്തോ എടുത്തു പുറത്തേക്കെറിയുന്നത് കണ്ടു . ചോദിച്ചപ്പോഴാണ് അട്ട കടിക്കുന്നതാണെന്ന് പറഞ്ഞത്. കാട് കയറിയവർക്ക് അറിയാൻ പറ്റും ചോര കുടിക്കുന്ന അട്ടകളെ. വീട് അങ്ങനെ അടച്ചുറപ്പ് ഇല്ലാത്തത് കൊണ്ട് അകത്തേക്ക് കയറിവരുന്നതാണ്. കുറച്ചുകഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കാലിലും കയറി ആ ചോരകുടിയന്മാർ. ചുണ്ണാമ്പ് വച്ചാണ് ചേച്ചി അട്ടയെ വീഴ്ത്തുന്നത്.
മണിക്കൂറുകൾ മാത്രം ആണ് ആ വീട്ടിൽ ഞങ്ങൾ നിന്നതെങ്കിലും ആ ചേച്ചി ഞങ്ങളെ അത്ഭുതപ്പെടുത്തി. ബാബുവേട്ടൻ തൃശ്ശൂരും തിരുവനന്തപുരത്തുമൊക്കെ ജോലിക്ക് പോകുമ്പോൾ വയ്യാത്ത അമ്മയെയും പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് ആ കാട്ടിൽ ഒറ്റയ്ക്ക് കഴിയുക എന്നത് സാധാരണക്കാർക്ക് സങ്കൽപിക്കാൻ കൂടി പറ്റില്ല. ചേച്ചിക്ക് അന്ന് കൂടിപ്പോയാൽ മുപ്പതുവയസ്സ് കാണും. ആ ചെറുപ്രായത്തിൽ അവർ ഞങ്ങൾക്ക് ഉണ്ണിയാർച്ചയെക്കാൾ ധീരയായ ഒരു സ്ത്രീ ആയി തോന്നി.
ഞാൻ വയനാട്ടുകാരിയാണെന്നും ഭയങ്കര ധൈര്യശാലി ആണെന്നുമൊക്കെ ഭർത്താവിന്റെ മുന്നിൽ പൊങ്ങച്ചം പറയാറുള്ളത് ബാബുവേട്ടന്റ വീട്ടിൽ പോയി ഷാജ ചേച്ചിയെ കണ്ടപ്പോൾ മുതൽ നിർത്തി. അങ്ങനെ വല്ലതും പറഞ്ഞാൽ അപ്പോള്‍ ഭർത്താവ് പറയും , ഒരു ദിവസം ഷാജ ചേച്ചിയെ പോലെ ആ വീട്ടിൽ ഒറ്റയ്ക്ക് നിന്ന് കാണിക്ക്. എന്നാൽ നിന്നെ സമ്മതിച്ചു തരാമെന്ന്. സത്യത്തിൽ അങ്ങനെയുള്ള വീട്ടിൽ തന്നെയായിരുന്നു എന്റെ കുട്ടിക്കാലമെങ്കിലും ഇതുപോലെ ഒറ്റപ്പെട്ടുള്ള ജീവിതം ആയിരുന്നില്ല. ചുറ്റും ബന്ധുക്കൾ. അയൽക്കാർ എല്ലാവരും ഉണ്ടായിരുന്നു.
മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ടും വീണ്ടും ടെൻഷനടിച്ചു ഇരുനില വീട്ടിൽ കിടന്നുറങ്ങുന്ന നമ്മൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇങ്ങനെയുള്ളിടത്തു ജീവിക്കുന്നവരെക്കുറിച്ച്.. രാത്രിയായാൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രം. പകൽ പോലും സൂര്യനെത്താൻ മടിക്കുന്ന കാടിനു നടുവിൽ.. അവർക്കും പേടിയൊക്കെയുണ്ട്. കാട്ടാനയെ, മറ്റ് വന്യ മൃഗങ്ങളെ, വിഷപ്പാമ്പുകളെ, കള്ളന്മാരെ.... അങ്ങനെ പലതിനെയും. പിന്നെ ജീവിതം ആണ്. അവിടെ പേടിയെന്ന് പറഞ്ഞു പിന്നോട്ട് പോകാൻ പറ്റില്ല. നേരിടണം. ധൈര്യമില്ലെങ്കിലും അത് ഉണ്ടാക്കിയെ മതിയാകൂ.. അങ്ങനെയുള്ള സാഹചര്യങ്ങളാണ് ഉണ്ണിയാർച്ചകളെ ഉണ്ടാക്കുന്നത്. അന്ന് ഷാജ ചേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അവർ നല്ലൊരു ടൗണിൽ ജനിച്ചു വളർന്നതാണെന്നായിരുന്നു. 'കല്യാണത്തിന് ശേഷം ഈ സ്ഥലത്തേക്ക് വരേണ്ടി വന്നതാണ്. വേറെ വീടോ സ്ഥലമോ ഇല്ല. കുഞ്ഞുങ്ങളെ നോക്കണ്ടേ.. അമ്മയെ നോക്കണ്ടേ. അപ്പോൾ ധൈര്യമൊക്കെ താനേ വരും'. പറയുമ്പോൾ ചേച്ചിയുടെ മുഖത്ത്നിന്ന് ഞാൻ കണ്ണെടുത്തിരുന്നില്ല.
ചേച്ചി ഉണ്ടാക്കിയ സ്വാദിഷ്ഠമായ ഉച്ചഭക്ഷണം വയറു നിറയെ കഴിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്ത് പോയതല്ലാത്തതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പറ്റിയില്ല. എന്റെ അനിയത്തിക്ക് ഓണത്തിന് വാങ്ങിയ ചുരിദാർ തുണി ആ ചേച്ചിയുടെ കൈയില്‍ ഓണക്കോടിയായി കൊടുത്ത് പടിയിറങ്ങുമ്പോൾ ഉള്ളിൽ ആരാധന മാത്രമായിരുന്നു അവരോട്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധീരയായ സ്ത്രീ. ബാബുവേട്ടൻ പറയുന്നത്പോലെ ആ കുടുംബം ആ ചേച്ചിയുടെ കൈയില്‍ ഭദ്രമാണെന്ന് ഉറപ്പാണ്.
വർഷം 15 കഴിഞ്ഞു. ഇത്തവണ ഓണത്തിന് കുടുംബത്തോടൊപ്പം ഊട്ടിയിൽ ടൂറ് പോയി ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ബാബുവേട്ടന്റെ ഫോൺ വന്നത്. വളരെ സന്തോഷത്തോടെ ഫോൺ എടുത്തു.."ഞങ്ങൾ ഊട്ടിയിലാണ്.. വീട്ടിൽ കുഞ്ഞുങ്ങളും ബാബുവേട്ടന്റെ ഉണ്ണിയാർച്ചയും എന്തുപറയുന്നു. ഓണാക്കോടിയൊക്കെ എടുത്തോ? "ഞാൻ നിർത്താതെ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ മറുതലയ്ക്കല്‍നിന്ന് ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്. തമാശയും പൊട്ടിച്ചിരിച്ചുമല്ലാതെ ബാബുവേട്ടനെ കണ്ടിട്ടില്ല. എന്തുപറ്റി..ഒന്നും മനസ്സിലാകുന്നില്ല.
"അജിഷാ.. നീ അറിഞ്ഞില്ലേ വയനാട്ടിൽ ജീപ്പ് മറിഞ്ഞത്. അതിൽ അവളുമുണ്ടായിരുന്നു. അവൾ ഞങ്ങളെ വിട്ട് പോയ്ക്കളഞ്ഞു.." ഞാൻ ഷോക്കടിച്ചതുപോലെയായി. വാക്ക് തൊണ്ടയിൽ കുരുങ്ങി. ശ്വാസംമുട്ടുന്നതുപോലെ തോന്നി. ഒരാഴ്ച മുമ്പ് വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികളായ ഒൻപതു സ്ത്രീകൾ മരിച്ചത് അറിഞ്ഞിരുന്നു. എല്ലാവരും പ്രായമായ അമ്മമാർ എന്നാണ് അറിഞ്ഞത്.. അതിൽ ഷാജ ചേച്ചിയും ഉണ്ടായിരുന്ന കാര്യം മാത്രം അറിഞ്ഞില്ല.

ചേച്ചി പുറത്ത് പണിക്ക് പോകുന്ന കാര്യം അവരും ബാബുവേട്ടനും പറഞ്ഞിരുന്നില്ല. അക്കാര്യം ചോദിച്ചപ്പോഴാണ് ബാബുവേട്ടൻ പറഞ്ഞത്. "ഞാൻ പുറമേ പണിക്ക് വിട്ടിരുന്നില്ല. പക്ഷേ, അടുത്ത കാലത്തായി അവൾ പറയും, കുട്ടികൾ സ്കൂളിൽ പോകുമ്പോൾ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയല്ലേ. ഞാൻ കൂടി പണിക്കു പോയാൽ അത്രയും കഷ്ടപ്പാട് കുറയുമല്ലോ.. എത്രയോ പ്രായമുള്ള അമ്മമാർ തേയില നുള്ളാൻ പോകുന്നു. ഞാൻ ചെറുപ്പമല്ലേ. നിങ്ങൾ ഇങ്ങനെ ഒറ്റയ്ക്ക് എത്ര നാളായി.. രണ്ടു പേരും പണിക്കുപോയാൽ കുറച്ചു കൂടി ആശ്വാസമാകുമല്ലോ". അങ്ങനെ നിർബന്ധിച്ചപ്പോഴാണ് ഞാൻ സമ്മതിച്ചത്. ദിവസങ്ങളേ ആയിരുന്നുള്ളൂ തേയില നുള്ളാൻ പോകാൻ തുടങ്ങിയിട്ട്. രാവിലെ പോകുമ്പോൾ യാത്ര പറയാൻ പറ്റിയില്ല അജിഷാ.. തിരിച്ചു വരാത്ത പോക്കാണെന്ന് അറിഞ്ഞിരുന്നില്ലല്ലോ- ബാബുവേട്ടൻ കരയുമ്പോൾ എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല.
സ്കൂൾ വിട്ടുവരുന്ന മക്കളുടെ അടുത്തെത്താൻ, ബാബുവേട്ടൻ വരുമ്പോഴേക്കും ചായ ഉണ്ടാക്കി കൊടുക്കാൻ.. ആ കൊച്ചു വീട്ടിലെ ഉണ്ണിയാർച്ചയായി.. മൂന്നു ജീവനുകളുടെ നാഥയായി ഇനിയും എത്രയോ കാലം ജീവിക്കേണ്ട ഷാജ ചേച്ചി. 30 മീറ്റർ താഴ്ചയിലേക്ക് പതിച്ച ജീപ്പിൽനിന്നു തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ.. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ പണിക്ക് പോയ ആ എട്ട് അമ്മമാരുടെ കൂടെ ഷാജ ചേച്ചിയും പോയി. കണ്ടിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ആ ചേച്ചിയുടെ മുഖം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുകിടപ്പുണ്ട്.
ഒരു തവണ മാത്രമാണ് ബാബുവേട്ടന്റെ വീട്ടിൽ പോയത്. പിന്നെ ഫോൺ ചെയ്യുമ്പോഴേല്ലാം ചേച്ചി ചോദിക്കുമായിരുന്നു, ഇനി എന്നാണ് ഞങ്ങളുടെ റിസോർട്ടിലേക്ക് വരുന്നതെന്ന്. മക്കിമല എന്ന മലമുകളിൽ എപ്പോ വേണമെങ്കിലും ഞങ്ങൾക്ക് ചെല്ലാമെന്നും അവിടെ ചെന്നാൽ ഷാജ ചേച്ചിയും ബാബുവേട്ടനും ഒരു റിസോർട്ടിലും കിട്ടാത്ത സ്നേഹം വിളമ്പി കാത്തിരിക്കുമെന്നും അറിയാമായിരുന്നു. എന്നിട്ടും പോകാൻ പറ്റിയില്ല പിന്നീടൊരിക്കലും. ഇനി പോയാലും ശൂന്യമായിരിക്കും അവിടം. അങ്കത്തട്ടിൽനിന്നും ആടയാഭരണങ്ങൾ അഴിച്ചുവച്ച് ഉണ്ണിയാർച്ച പോയല്ലോ.. മടക്കമില്ലാത്ത യാത്രക്കായ്. ഇങ്ങനെ അറിയപ്പെടാത്ത എത്രയെത്ര ഉണ്ണിയാർച്ചമാർ നമ്മളറിയാതെ നമുക്ക് ചുറ്റും ഇങ്ങനെ ജീവിതത്തോട് പൊരുതി ജീവിച്ചു മരിക്കുന്നുണ്ടാവും.
Content Highlights: about the story of babu and shaja, who passed away in a jeep accident in wayanad
Published: 04 Sept 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented