കിരീടം സിനിമ പണ്ടെന്നോ ടിവിയില്‍ കണ്ട ഓര്‍മയാണ്.പിന്നീട് ഒരിക്കലും ആ സിനിമ കാണാന്‍ തോന്നിയിട്ടില്ല. സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊലപാതകിയായി മാറേണ്ടി വന്ന സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം എന്നും നെഞ്ചില്‍ ഒരു വിങ്ങലാണ്. അച്ഛനെ റൗഡി തല്ലുന്ന ദിവസം, അല്ലെങ്കില്‍ ആ സമയം അവിടെ സേതുമാധവന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അയാളുടെ ഭാവി വേറൊരു തലത്തിലേക്ക് മാറുമായിരുന്നു. സിനിമയാണെങ്കിലും എന്തോ  കിരീടം ടിവിയില്‍ വരുമ്പോഴൊന്നും ഒരിക്കല്‍കൂടി കാണാന്‍ തോന്നിയിട്ടില്ല. 

To advertise here,

കിരീടത്തിലെ പോലെ ഒരു സേതുമാധവന്‍ എന്റെ ജീവിതത്തിലും ഉണ്ടായി. എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത്. തൃശൂരില്‍ വന്നിട്ട് ഞാന്‍ ആദ്യം പരിചയപ്പെട്ട കൂട്ടുകാരന്‍. മനസ് നിറയെ നന്മ മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍. അച്ഛന്റെയും അമ്മയുടെയും ഏക മകന്‍. ശപിക്കപ്പെട്ട നിമിഷത്തില്‍ അവന്‍ അവന്റെ ഒരു കൂട്ടുകാരന് ചെയ്ത നന്മ അവന്റെ തന്നെ ജീവിതം ഇല്ലാതാക്കി. നമ്മള്‍ പ്രതീക്ഷിക്കാതെ എന്തൊക്കെ നമ്മളിലേക്ക് വരുന്നു. ഭാവി അറിയാന്‍ പറ്റിയിരുന്നെങ്കില്‍ നമ്മളില്‍ പലരും ചിത്തരോഗികള്‍ ആയേനെ എന്ന് പറയുന്നത് എത്ര ശരിയാണ്.

സ്വന്തം തെറ്റ് കൊണ്ടല്ലാതെ ജീവിതം നഷ്ടപ്പെട്ടുപോയ എന്റെ സുഹൃത്തിന്റെ ജീവിതം ഇന്നും തീരാവേദനായി നില്‍ക്കുന്നു. കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ത്ഥ പേരോ കൂടുതല്‍  വിശദാംശങ്ങളോ പറയുവാന്‍ നിവൃത്തിയില്ല. അതുകൊണ്ട്തന്നെ ചെറിയ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലും വേണ്ടി വന്നിട്ടുണ്ട്.

ജീവിതം പലവിധത്തിലുള്ള അനുഭവങ്ങള്‍ തരുമല്ലോ..കെട്ടിയാടാന്‍ വ്യത്യസ്തങ്ങളായ വേഷങ്ങളും. അങ്ങനെ ഒരു സമയം നഴ്‌സിന്റെ വേഷവും എനിക്ക് കിട്ടി. ഏകദേശം ഒരു വര്‍ഷത്തോളം. നഴ്‌സിംഗ് പഠിക്കാത്ത നഴ്സ്. ഡോക്ടറുടെ ക്ലിനിക്കില്‍ വരുന്ന രോഗികളുടെ ബിപി നോക്കുക, പനി നോക്കുക, മുറിവ് ഡ്രസ്സ് ചെയ്യുക, അങ്ങനെയുള്ള ജോലികള്‍. എന്നും തിരക്ക് പിടിച്ച ദിവസങ്ങള്‍. രാവിലെ 8 മണി മുതല്‍ രാത്രി വരെ നീളുന്ന രോഗികളുടെ നീണ്ട നിര. പിജിക്ക് പഠിക്കാന്‍ തൃശ്ശൂരില്‍ വന്നിട്ട് സാഹചര്യങ്ങള്‍ മാറി മറഞ്ഞപ്പോള്‍ നഴ്‌സ് ആയിപ്പോയതാണ്. 

ആതുര ശുശ്രൂഷ ഏറ്റവും മഹത്തായ പുണ്യപ്രവൃത്തി ആണെന്നറിയാം. എങ്കിലും ഡിഗ്രി ജേര്‍ണലിസം പാസ്സായ എനിക്ക് അതുമായി ബന്ധപ്പെട്ട പിജി എടുക്കണം എന്നും, മാധ്യമപ്രവര്‍ത്തക ആകണമെന്നുമൊക്കെയായിരുന്നു ആഗ്രഹം. പിന്നെ നമ്മുടെ തീരുമാനം അല്ലല്ലോ എന്നും നടക്കുക. ചിലര്‍ അതിനെ വിധി എന്ന് പറയും. പക്ഷേ അത് എപ്പോഴും കാലത്തിന്റെ വിധി ആകണമെന്നില്ല. ചില മനുഷ്യരും ചിലപ്പോള്‍ ചിലരുടെ വിധി മാറ്റിയെഴുതും.ചിലര്‍ക്ക് നന്മയിലേക്ക് നയിക്കുന്നത് ആയിരിക്കും മറ്റ് ചിലരെ ദുരന്തത്തിലേക്കുള്ള തള്ളിയിടലും.

ഡോക്ടറുടെ ക്ലിനിക്കില്‍ ഒരു ദിവസം വൈകിട്ടു ആറര ഏഴ് മണിയായപ്പോള്‍ ആണ് ദേഹം മുഴുവന്‍ മുറിവ് പറ്റിയ ഒരു ചെറുപ്പക്കാരന്‍ കയറി വന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അറിയാം, നന്നായി പറ്റിയിട്ടുണ്ടെന്ന്. കൈയിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ആകെ പരിഭ്രമത്തോടെയും വേദന സഹിക്കാതെയും മൊത്തത്തില്‍ അസ്വസ്ഥനായി ആണ് പയ്യന്‍ കയറി വന്നത്. ഡോക്ടര്‍ പരിശോധന നടത്തുന്നതിനിടയില്‍ കാര്യങ്ങള്‍ ചോദിച്ചു. അമല്‍ എന്നാണ് പേരെന്നും നഗരത്തിലെ പ്രശസ്തമായ കോളേജില്‍ പഠിക്കുകയാണെന്നും ടൗണില്‍ വന്നപ്പോള്‍ ബൈക്ക് ആക്‌സിഡന്റ് ആയി, അങ്ങനെ ആണ് മുറിവ് പറ്റിയതെന്നും പറഞ്ഞു. 

ഇത്രയേറെ വലിയ ഹോസ്പിറ്റലുകള്‍ നഗരത്തില്‍ ഉണ്ടായിട്ടും എന്തിനാ ഈ ചെറിയ ക്ലിനിക്കിലേക്ക് വന്നതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ 'ഹോസ്പിറ്റലില്‍ പോയാല്‍ അഡ്മിറ്റ് ആക്കിയാലോ എന്ന് പേടിച്ചാണെന്നും, ക്ലിനിക്കില്‍ തന്റെ അച്ഛനും അമ്മയും വരാറുണ്ടെന്നും അങ്ങനെ മുമ്പ് ഒരിക്കല്‍ വന്ന പരിചയം ഉണ്ടെന്നും' അമല്‍ പറഞ്ഞു.

മുറിവില്‍ സ്പിരിറ്റ് വച്ച്  വൃത്തിയാക്കുമ്പോള്‍ ചെറിയ കുട്ടികളെ പോലെ വലിയ വായില്‍ നിലവിളിക്കുന്ന അമലിനെ ഡോക്ടര്‍ കളിയാക്കി. ആറടി പൊക്കമുണ്ടല്ലോ ഡാ. അതോര്‍ത്തെങ്കിലും കിടന്നു കരയാതെ എന്ന്. ഒന്നിടവിട്ട ദിവസങ്ങളില്‍ വന്ന് മുറിവ് കെട്ടണം എന്ന് പറഞ്ഞു മരുന്നും നിര്‍ദ്ദേശിച്ചു അമലിനെ വിട്ടു. അതിന്‌ശേഷം മൂന്നോ നാലോ തവണ കൂടി അമല്‍ മുറിവ് കെട്ടാന്‍ വന്നു. എന്നും പേടി തന്നെ. അതിനിടയില്‍ എന്റെ സംസാരം കേട്ട് തൃശൂര്‍ക്കാരി അല്ലല്ലോ നാട് എവിടെയാണ് എന്ന് ചോദിച്ചു പരിചയപ്പെട്ടു.

വയനാട് ആണെന്ന് പറഞ്ഞപ്പോള്‍ അവിടെ ടൂര്‍ വന്നതും, കാട്ടില്‍ ട്രക്കിങ്ങിനു പോയതുമൊക്കെ പറഞ്ഞു. ആ സമയത്ത് എന്റെ അനിയത്തി ആതിരയും എന്റെ കൂടെ കുറച്ചു ദിവസം തൃശൂരില്‍ ഉണ്ടായിരുന്നു. രോഗികള്‍ ഒരുപാടുള്ളപ്പോള്‍ പുറത്ത് കുറെ നേരം കാത്തു നില്‍ക്കേണ്ടി വരുമായിരുന്നു. അപ്പോഴാണ് എന്റെ അനിയത്തിയെ അമല്‍ പരിചയപ്പെടുന്നത്. അവളോട് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചപ്പോഴാണ് ഞാന്‍ അവളുടെ ചേച്ചി ആണെന്നും, ഡിഗ്രി കഴിഞ്ഞതാണെന്നും ഇവിടെ പിജി പഠിക്കാന്‍ വേണ്ടി വന്നതാണെന്നും സാഹചര്യങ്ങള്‍ കൊണ്ട് പഠനം നടന്നില്ല ഇപ്പോള്‍ ഈ ക്ലിനിക്കില്‍ ജോലി ചെയ്യേണ്ട സ്ഥിതിയാണ് എന്നുമൊക്കെ അവള്‍ പറഞ്ഞറിഞ്ഞത്.

അന്ന് മുറിവ് ഡ്രസ്സ് ചെയ്യാന്‍ വന്ന അമല്‍ വളരെ സഹതാപത്തോടെയാണ് എന്നോട് സംസാരിച്ചത്. അവന്‍ കരുതിയത് പത്താം ക്ലാസില്‍ വച്ച് പഠനമൊക്കെ ഉപേക്ഷിച്ച് ക്ലിനിക്കില്‍ ഡോക്ടറെ സഹായിക്കാന്‍ വന്നിരിക്കുന്ന ഏതോ ഒരു കുട്ടി എന്ന് മാത്രമായിരുന്നു. പഠിക്കാനുള്ള ആഗ്രഹവും അത് നടക്കാത്തതിനുള്ള നിരാശയുമായി നടക്കുന്ന എന്നോട്  അത്രയേറെ സ്‌നേഹത്തോടെയും സഹതാപത്തോടെയും ആയിരുന്നു സംസാരിച്ചത് മുഴുവനും. 

പിന്നീട് ഒരിക്കല്‍ അമ്മയുമായി ക്ലിനിക്കില്‍ വന്ന്  എന്നെ  അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അവന്‍ പോയി എന്നെക്കുറിച്ച് പറഞ്ഞ് അമ്മയ്ക്കും അച്ഛനുമൊക്കെ എന്നെ പരിചയമായിരുന്നു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ അത്രയേറെ പോസിറ്റീവായിട്ട് മാത്രമേ സംസാരിക്കാറുള്ളൂ. എല്ലാം നല്ലതിനാണ് ജിഷാ. ദൈവം തന്നെ കൈവിടില്ല. ജീവിതത്തില്‍ ആഗ്രഹിച്ചതൊക്കെ നടക്കും. പഠിക്കാനും ജോലി വാങ്ങാനുമൊക്കെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. ജോലി വാങ്ങണമെന്നും കുടുംബത്തെ നോക്കണം എന്നുമൊക്കെ അത്രയേറെ ആഗ്രഹമുള്ള ആളല്ലേ, അത് നടക്കാതെ എവിടെ പോകാന്‍ എന്നൊക്കെ നമുക്ക് പ്രതീക്ഷ തരുന്ന വിധത്തില്‍ സംസാരിക്കും.

ഉയര്‍ന്ന ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ മകന്‍ ആയിരുന്നു. പൈസയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. റ്റു വീലര്‍ ആണെങ്കിലും ലക്ഷങ്ങളുടെ വണ്ടിയിലൊക്കെയാണ് യാത്ര. അന്നത്തെ ന്യൂ ജനറേഷന്‍ വണ്ടി. ഇഷ്ടമുള്ള കോഴ്‌സ് പഠിക്കുന്നു. ജീവിതത്തില്‍ പ്രത്യേകിച്ച്  ബുദ്ധിമുട്ടുകള്‍ ഒന്നും അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല. എങ്കിലും  യാതൊരു വിധ ജാഡയോ പൊങ്ങച്ചമോ ഒന്നും അടുത്ത് കൂടിപോയിട്ടില്ല. ആറു മാസത്തെ പരിചയത്തില്‍ നിന്നും ഒരു പാവം  മനസ്സിന് ഉടമയാണ് അവന്‍ എന്ന് മനസ്സിലായി. ഒരു നല്ല ക്രിക്കറ്റ് പ്ലെയര്‍ ആയിരുന്നു. 

പഠിച്ച് വിദേശത്ത് പോകണമെന്നും അവിടെ ജോലി വാങ്ങണം എന്നും എന്നാലേ കോളേജില്‍ ജൂനിയര്‍ ആയി പഠിക്കുന്ന ആ സുന്ദരി കുട്ടിയെ പെണ്ണു ചോദിക്കാന്‍ പോകാന്‍ പറ്റുള്ളൂ എന്നൊക്കെ പറയും. എപ്പോള്‍ വന്നാലും സംസാരം അവസാനിക്കുന്ന സമയം പേഴ്‌സിലെ കുഞ്ഞു കള്ളിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസിലുള്ള  ഫോട്ടോ എടുക്കും.എങ്ങനെയുണ്ട് ജിഷാ..അവള്‍ അടിപൊളിയല്ലേ ന്ന് ചോദിക്കും. വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവന് നല്ല ചേര്‍ച്ചയുള്ള  ഒരു സുന്ദരി കുട്ടി.

എല്ലാ തവണയും ആ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തരും അപ്പോഴൊക്കെ 'അടിപൊളി കുട്ടി ആണെന്നും നിനക്ക് നല്ല ചേര്‍ച്ച ഉണ്ടെന്നും' ഞാന്‍ ആവര്‍ത്തിക്കും. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് അവന്. ആ കുട്ടിയോട് എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഒരിക്കല്‍ നേരിട്ട് പരിചയപ്പെടുത്താം എന്നും പറഞ്ഞിരുന്നു. മുടിയൊക്കെ സ്‌റ്റൈലില്‍ നീട്ടി അന്നത്തെ ധോനിയുടെ ഒരു ലുക്ക് ആയിരുന്നു അവന്. അനിയത്തി അവനെ ധോനി എന്നാണ് വിളിച്ചിരുന്നത്.

'ഞാന്‍ രണ്ടുവര്‍ഷം കൂടിയേ ഇവിടെ ഉണ്ടാകുള്ളൂ അതുകഴിഞ്ഞാല്‍ പുറത്തേക്ക് പറക്കും' എന്നുള്ള അവന്റെ സ്വപ്നം പറയുമ്പോഴൊക്കെ ഞാന്‍ പറയും നിനക്കൊക്കെ എന്തും ആകാലോ, ഒന്നിന്റെയും കുറവില്ലല്ലോ എന്ന്. എന്റെ അതേ പ്രായമാണ്. അവന്‍ അടിച്ചുപൊളിച്ചു ജീവിക്കുന്നു. ഞാനാണെങ്കില്‍ ലോകത്തോട് മുഴുവന്‍ ദേഷ്യവും നിരാശയുമായി എങ്ങനെയോ ദിവസങ്ങള്‍ തള്ളി നീക്കുന്നു. ആയിടയ്ക്കാണ് ഞാന്‍ എന്റെ  ഹരിയെ കണ്ടുമുട്ടുന്നതും  ഞങ്ങളുടെ സൗഹൃദം ഒരുവര്‍ഷം ആകുന്നതിനു മുമ്പ് തന്നെ വിവാഹാലോചന വരെ എത്തുന്നതും. 

എന്റെ വീട്ടില്‍ അപ്പോള്‍ വിവാഹം എന്നത് ചിന്തിക്കാന്‍കൂടി പറ്റാത്ത സമയം. പഠിക്കാന്‍ വന്നിട്ട് ഇവിടെ നിന്ന് ഭാവി വരനെ കണ്ടെത്തി വീട്ടില്‍ പറഞ്ഞിട്ട്, അവസാനം എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ എല്ലാവരും എന്നെത്തന്നെ കുറ്റപ്പെടുത്തുമെന്ന പേടി എനിക്ക് എപ്പോഴുമുണ്ടായിരുന്നു. എനിക്ക് ഇവിടെ അറിയാവുന്ന ആരുമില്ല. ആരോടും അന്വേഷിക്കാനുമില്ല. അങ്ങനെയാണ് അമലിനോട്  ഈ കാര്യം പറയുന്നത്. 

'അപ്പോള്‍ നീ തിരിച്ചു പോകാനുള്ള ഉദ്ദേശമില്ല, തൃശൂര്‍ക്കാരി ആകാനുള്ള പരിപാടി ആണല്ലേ..എന്നാലും ഇത്രയും വിഷമത്തിന്റെയും പ്രശ്‌നങ്ങളുടെയുമിടയ്ക്ക് എങ്ങനെ പ്രേമം വര്‍ക്കൗട്ട് ആയി' എന്നൊക്കെ ചോദിച്ചു എന്നെ ഒരുപാട് കളിയാക്കിയെങ്കിലും എന്റെ തീരുമാനത്തെ ഒരിക്കലും തെറ്റ് പറഞ്ഞില്ല. ഭാവി വരനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അന്വേഷിക്കേണ്ടത് നിന്റെ ചുമതലയാണെന്നും എനിക്ക് ഈ നാട്ടില്‍ നിന്നെയല്ലാതെ ആരെയും പരിചയമില്ലെന്നും പറഞ്ഞപ്പോള്‍  സ്ത്രീധനം കൂടി ഇനി എന്നോട്‌ചോദിക്കരുത്,  ബാക്കി അന്വേഷണമൊക്കെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞവന്‍ ചിരിച്ചു.

ഹരിയുടെ സ്ഥലം പറഞ്ഞു കൊടുത്തപ്പോള്‍ ആ ഭാഗത്തൊക്കെ അറിയാവുന്ന ആളുകള്‍ ഉണ്ടെന്നും അന്വേഷിക്കാമെന്നും എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തിയാല്‍ മതിയെന്നുമൊക്കെ ഒരു മുതിര്‍ന്ന ജ്യേഷ്ഠന്റെ ഗൗരവത്തോടെ എന്നോട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരി വന്നുപോയി. കാരണം എന്നും ചിരിയും തമാശയും മാത്രം കണ്ടിട്ടുള്ള അവന്റെ മുഖത്തെ ആ ഗൗരവം. അത് പരിചിതമേ അല്ലായിരുന്നു.

കൃത്യം രണ്ടു ദിവസത്തിനുള്ളില്‍ അമല്‍ എന്നെ വിളിച്ചു. വലിയ സന്തോഷത്തിലാണ് സംസാരിച്ചത് മുഴുവന്‍. ജിഷാ ഒരു പേടിയും വേണ്ട. ഞാന്‍ നന്നായി അന്വേഷിച്ചു. ഹരി മിടുക്കനാണ്. യാതൊരു ദുശീലവുമില്ല. ചോദിച്ച എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ..നീ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോ. നിന്റെ ഭാഗ്യമാണ് ഈ ആലോചന എന്നാണ് എനിക്ക് തോന്നുന്നത്. വീട്ടുകാരോട് നൈസ് ആയി കാര്യങ്ങള്‍ അവതരിപ്പിക്ക് എന്നൊക്കെ ആവേശത്തോടെ പറഞ്ഞു. ഇനി ഹരി വരുന്ന ദിവസം പറയണം, എനിക്ക് പരിചയപ്പെടണം എന്ന് പറഞ്ഞു. 

അധികം വൈകാതെതന്നെ വന്ന് ഹരിയെ പരിചയപ്പെടുകയും ചെയ്തു. കല്യാണം കഴിക്കാനല്ലല്ലോ ഇവിടെ വന്നത്. പഠനവും ജോലിയും ഒക്കെ വെറും സ്വപ്നം മാത്രമായി എന്ന് ഞാന്‍ സങ്കടപ്പെട്ടപ്പോള്‍ ' ഹരി നല്ലവനാണ്. നിന്നെ പഠിപ്പിച്ചോളും. തീര്‍ച്ചയായും നിനക്ക് നീ ആഗ്രഹിച്ച പോലെ ഗവണ്മെന്റ് ജോലി കിട്ടും . ഞാന്‍ ഗള്‍ഫില്‍ നിന്ന് ലീവിന് വരുമ്പോള്‍  നിന്റെ ജോലി സ്ഥലത്ത് നിന്നെ കാണാന്‍ വരാം കേട്ടോ ' എന്നൊക്കെ ചിരിച്ചു കൊണ്ട് പറഞ്ഞ അമലിന്റെ വാക്കുകള്‍ എല്ലാം സത്യമായി..എന്റെ കാര്യത്തില്‍ മാത്രം, അവന്റെ കാര്യത്തില്‍ അത്...

വിവാഹശേഷം ഒരു വര്‍ഷത്തോളം അമലിനെ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഫോണ്‍ വിളി കുറഞ്ഞു. ഞാനാണെങ്കില്‍ കുടുംബം, പഠനം, ജോലിക്ക് വേണ്ടിയുള്ള അശ്രാന്ത പരിശ്രമം.. ഇതിനൊക്കെയിടയില്‍  അമല്‍ എപ്പോഴെങ്കിലും ഓര്‍മകളില്‍ മാത്രമെത്തുന്ന ചങ്ങാതിയായി. പിന്നീട് അവനെക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു. ഒരു ദിവസം അവന്റെ ഒരു കൂട്ടുകാരനെ ടൗണില്‍ വച്ച് കണ്ടപ്പോഴാണ് അവന്‍ ബാംഗ്ലൂര്‍ ആണെന്നും സുഖമായിരിക്കുന്നു എന്നും പറഞ്ഞറിഞ്ഞത്. 

പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പോലീസ്‌ജോലി തന്നെ എനിക്ക് ലഭിച്ചു. ഒമ്പത് മാസത്തെ ട്രെയിനിങ്ങിന് കയറുമ്പോള്‍ സത്യത്തില്‍ അമലിനെ ഓര്‍ത്തതാണ്. പക്ഷേ അപ്പോള്‍ പറയാന്‍ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നില്ല.

അങ്ങനെ പോലീസുകാരിയായി വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം നഗരത്തില്‍നിന്നും  മാറി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് ഒറ്റ നോട്ടത്തില്‍ കൊലപാതകം എന്ന് തോന്നിക്കുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പുരുഷന്റെ ശരീര ഭാഗങ്ങള്‍  പല സ്ഥലങ്ങളില്‍ നിന്നായി കിട്ടി. നായ കടിച്ചു വലിച്ചു റോഡില്‍ കൊണ്ടിട്ടപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നു. 

മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ വണ്ടിയിടിച്ചാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു.എങ്കിലും മൃതദേഹം കാട്ടുപ്രദേശത്തു നിന്ന് കണ്ടെത്തിയത് കൊണ്ട് മനഃപൂര്‍വം വണ്ടിയിടിച്ചു കൊലപ്പെടുത്തി, ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിച്ചതാവാം എന്ന സംശയത്തില്‍ കൊലപാതകികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇടിച്ച വണ്ടിയും ആളെയും പോലീസ് കണ്ടുപിടിച്ചു.  

ചോദ്യം ചെയ്തപ്പോള്‍ മനഃപൂര്‍വം വാഹനം ഇടിച്ചതല്ലെന്നും രാത്രി കാര്‍ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് പോകുമ്പോള്‍ സൈഡില്‍കൂടി നടന്നു പോവുകയായിരുന്ന ആളെ കണ്ടില്ലെന്നും, അങ്ങനെ സംഭവിച്ച അപകടം ആണെന്നും അയാള്‍ പറഞ്ഞു. പിന്നെ എന്തുകൊണ്ട് പോലീസില്‍ അറിയിക്കുകയോ വണ്ടിയിടിച്ചയാളെ ഹോസ്പിറ്റലില്‍ എത്തിക്കുകയോ ചെയ്തില്ല എന്ന് ചോദിച്ചപ്പോള്‍ , പേടി കൊണ്ടാണെന്നും, കാറില്‍ നിന്നും ഇറങ്ങി റോഡില്‍ കിടന്നയാളെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ബോധം ഇല്ലായിരുന്നു. തൊട്ടുനോക്കിയപ്പോള്‍ മരിച്ചതായി തോന്നിയെന്നും..ചുറ്റും നോക്കിയപ്പോള്‍ ആരും സംഭവം കണ്ടിട്ടില്ലെന്ന് മനസിലായപ്പോള്‍ വലിച്ചു വണ്ടിയില്‍ കയറ്റി ആളില്ലാത്ത സ്ഥലത്തു കൊണ്ടുവന്നു ഉപേക്ഷിച്ചത് ആണെന്നും പറഞ്ഞു. 

പ്രതിയുടെ ഹിസ്റ്ററിയും ഫോണ്‍ കാളുകളും പരിശോധിച്ചപ്പോള്‍ പ്രതിക്ക് മരിച്ച ആളുമായി മുന്‍ പരിചയം ഇല്ലെന്നും വൈരാഗ്യത്തിന്റെ പുറത്തുള്ള കൊലപാതകം അല്ലെന്നും അപകടം ആണെന്നും മനസിലായി. ഒരു റോഡ് ആക്സിഡന്റ് ഉണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് അപകടം സംഭവിച്ചയാളെ ഹോസ്പിറ്റലില്‍ എത്തിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം പോലും നിറവേറ്റാതെ അയാളെ മരണത്തിന് വിട്ടുകൊടുത്തത്  ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റ് തന്നെയാണ്. പെട്ടന്ന് ഭയന്നുപോയെന്നും, ആ പരിഭ്രമത്തില്‍ അങ്ങനെയൊക്കെ ചെയ്തു പോയെന്നും പറഞ്ഞു ആ ചെറുപ്പക്കാരന്‍ പൊട്ടിക്കരഞ്ഞു. 

വേറെ ആരെങ്കിലും സംഭവത്തില്‍ പങ്കാളിയായിട്ടുണ്ടോ എന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും ചോദിച്ചപ്പോഴൊക്കെ ഒറ്റയ്ക്കായിരുന്നു എന്നും ആരും സഹായിച്ചിട്ടില്ലെന്നും അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു. യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തതും നല്ലൊരു കുടുംബത്തിലെ അംഗവുമായിരുന്നു ആ പയ്യന്‍.

തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് കൊണ്ടുപോയപ്പോഴാണ് ജീപ്പ് നിര്‍ത്തിയത് എന്ന് കാണിച്ച സ്ഥലത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടത്. അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ പ്രതിക്ക് പറ്റിയില്ല. അവിടെ വച്ച് പെട്രോള്‍ തീര്‍ന്നു എന്നും വണ്ടിയില്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നു എന്നും അത് ഒഴിച്ചപ്പോള്‍ റോഡില്‍ വീണതാണെന്നും പറഞ്ഞു. കാറില്‍ അങ്ങനെ പെട്രോള്‍ സൂക്ഷിക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ടും കാറില്‍ അവിടെ വച്ച് പെട്രോള്‍ ഒഴിച്ചത് സത്യം ആയത് കൊണ്ടും മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പായി. 

ആദ്യമൊക്കെ എത്ര ചോദിച്ചിട്ടും തനിച്ചായിരുന്നു എന്നും മറ്റാരും കൂടെയില്ലെന്നും പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തെളിവുകള്‍ ഒന്നൊന്നായി നിരത്തി ചോദിച്ചപ്പോള്‍ പ്രതിയായ പയ്യന് പിടിച്ചു നില്‍ക്കാനായില്ല. അവസാനം പറഞ്ഞു, കൂട്ടുകാരന്‍ സഹായിച്ചു എന്ന്. അപ്പോഴേക്കും സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോള്‍ തന്നെ ആകാംഷ ആയിരുന്നു. പത്ര മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ അപ്‌ഡേറ്റ് ചെയ്തുപോന്ന കേസില്‍ പ്രധാന വഴിതിരിവ് ആയിരുന്നു പ്രതി ഒരാള്‍ അല്ല കൂട്ടുപ്രതി കൂടെയുണ്ടെന്നത്. 

ഒരാഴ്ച്ചയായി ഒളിച്ചിരുന്ന രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നതറിഞ്ഞു കാണാന്‍ എസ്‌ഐയുടെ റൂമില്‍ ചെന്നപ്പോള്‍ കയ്യില്‍ വിലങ്ങുമായി തല കുനിച്ചു നില്‍ക്കുന്ന ഒരാള്‍. പെട്ടന്ന് നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. എന്റെ പഴയ കൂട്ടുകാരന്‍ അമല്‍.  കയ്യിലെ ഒരു കുഞ്ഞു മുറിവില്‍ മരുന്ന് വയ്ക്കുമ്പോള്‍ വേദന സഹിക്കാന്‍ പറ്റാതെ ഉറക്കെ നിലവിളിക്കുന്നവന്‍, എനിക്ക് എല്ലാ നന്മകളും ആശംസിച്ചു കൊണ്ട് കല്യാണപ്പന്തലിലേക്ക്  ആശിര്‍വദിച്ചു വിട്ടവന്‍, നീ ആഗ്രഹിക്കുന്ന പോലെ നല്ലൊരു ജോലി കിട്ടുമെന്നും അപ്പോള്‍ ജോലി സ്ഥലത്തു നിന്നെ കാണാന്‍ വരുമെന്നും പറഞ്ഞവന്‍ വാക്ക് പാലിച്ചു. ഞാന്‍ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ വന്നു..പക്ഷേ എന്നെ കാണാന്‍ ആയിരുന്നില്ല എന്ന് മാത്രം. 

നാടാകെ ചര്‍ച്ച ചെയ്യുന്ന കേസിലെ രണ്ടാം പ്രതിയായി..വിലങ്ങു വച്ച കൈകളുമായി... എന്നെ അന്ന് കാണാതിരിക്കാന്‍ ഞാന്‍ അവിടെ നിന്ന് മാറി നിന്നു. ആ ഒരു അവസ്ഥയില്‍ എങ്ങനെ അവനെ കാണുമെന്നും എന്ത് അവനോട് സംസാരിക്കണമെന്നും അറിയില്ല. കോടതിയില്‍ കൊണ്ടുപോകാന്‍ നേരത്ത് ഞാന്‍ പോയി സംസാരിക്കാന്‍, എന്നെ യൂണിഫോമില്‍ കണ്ടപ്പോള്‍ പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു നീ പോലീസ് ആയെന്ന്. വന്നുകാണാന്‍ കരുതിയതാ..പക്ഷേ ഇങ്ങനെ ഒരു കാണല്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.. നീ ഇതില്‍ എങ്ങനെ എന്ന് ഞാന്‍ ചോദിച്ചു മുഴുവനാക്കുന്നതിന് മുമ്പ് അവന്‍ പറഞ്ഞു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ജിഷാ. ആരെയും കൊന്നിട്ടില്ല..ഒരു സഹായം ചെയ്യാന്‍ പോയതാണ്..അതാണ് ഞാന്‍ ചെയ്ത ' ..അവനതു പൂര്‍ത്തിയാക്കാന്‍ പറ്റാതെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. 

തുടര്‍ നടപടികള്‍, കോടതി, റിമാന്റ് അങ്ങനെ കുറേ നാളുകള്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയ അവനെ ഞാനും ഹരിയും പോയി കണ്ടിരുന്നു. ഒന്നാം പ്രതിയായ പയ്യനും അമലും സുഹൃത്തുക്കളായിരുന്നു. സംഭവം നടക്കുന്ന ദിവസം രാത്രി വീട്ടില്‍ ടിവി കണ്ടിരിക്കുമ്പോഴാണ് കൂട്ടുകാരന്റെ ഫോണ്‍ വന്നത്. കാര്‍ പെട്രോള്‍ തീര്‍ന്നു വഴിയില്‍ പെട്ടു. കുറച്ചു പെട്രോള്‍ വാങ്ങി വരാമോ എന്ന് ചോദിച്ചു കൊണ്ട്. അവനോടു ആക്സിഡന്റിന്റെ കാര്യം ഒന്നും അപ്പോള്‍ പറഞ്ഞിരുന്നില്ല. 

ബൈക്കെടുത്തു പമ്പില്‍ നിന്ന് പെട്രോളും വാങ്ങി കാറിനടുത്തു എത്തിയപ്പോള്‍ ആണ് അമല്‍ സംഭവം അറിയുന്നത്. ആക്സിഡന്റ് ആയ ആളെ കണ്ട് പേടിച്ചു പോലീസില്‍ പറയാമെന്നും അല്ലെങ്കില്‍ പ്രശ്‌നം ആകുമെന്നും അമല്‍ പറഞ്ഞെങ്കിലും ഇപ്പോള്‍ കുറെ സമയമായി ഇനി പറയാന്‍ പോയാല്‍ ഇതുവരെ അറിയിക്കാത്തത് എന്താണെന്ന് ചോദ്യം വരും..വേറെയും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതിപ്പോള്‍ ആരും കണ്ടിട്ടില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാലും നിനക്ക് പ്രശ്‌നം വരില്ല. നീ ഒന്നിനും ഇല്ലല്ലോ. നിന്നെ ഞാന്‍ ഒരിക്കലും പറഞ്ഞു കൊടുക്കില്ല. ധൈര്യമായിരിക്ക് എന്നും പറഞ്ഞു അമലിന്റെ കാല്  പിടിച്ചു കരഞ്ഞു.

സുഹൃത്തിനു ഒരു ആപത്തു വന്നപ്പോള്‍ കൂടെ നില്‍ക്കാതെ പോലീസില്‍ പറഞ്ഞു കൊടുക്കാന്‍ അപ്പോള്‍ അവനും തോന്നിയില്ല. മൃതദേഹം അവിടെ ഉപേക്ഷിച്ചു ആരും കണ്ടില്ലെന്ന ആശ്വാസത്തില്‍ അവര്‍ പോയി. അവന്‍ കാര്യങ്ങള്‍ പറയുമ്പോഴൊക്കെ വിതുമ്പുന്നുണ്ടായിരുന്നു. അവന്റെ വീട്ടിലെ അവസ്ഥ അതിലും കഷ്ടമായിരുന്നു. അമലിന്റെ കൂട്ടുകാരനെ പോലീസ് പിടിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ അമ്മ പറഞ്ഞു ഇത് എന്തുപറ്റി ഈ പയ്യന്. നല്ലൊരു കുട്ടി ആയിരുന്നല്ലോ. കണ്ടില്ലേ നോക്കിയും കണ്ടും നടന്നോ. വണ്ടിയൊക്കെ ഓടിക്കുന്നത് സൂക്ഷിച്ചു വേണം. ഇതൊക്കെ എങ്ങനെ വീട്ടുകാര്‍ സഹിക്കുന്നുവോ ആവോ..എന്നൊക്കെ പറയുമ്പോഴും തന്റെ മകനും അതില്‍ പെട്ടിട്ടുണ്ട് എന്ന് ആ അമ്മയ്ക്ക് അറിയില്ലായിരുന്നു. പോലീസ് വന്ന് മുകളിലെ നിലയില്‍ നിന്ന് വിലങ്ങു വച്ചു മകനെ കൊണ്ടുവരുന്നത് വരെ..

പിന്നീടുള്ള വീട്ടിലെ സ്ഥിതി ഊഹിക്കാന്‍ കൂടി കഴിയില്ല. മരണ വീടുപോലെ ആയിത്തീര്‍ന്നു ആ വീട്. ആര്‍ക്കും ഒന്നും വിശ്വസിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അങ്ങനെ ഒരു പയ്യനായിരുന്നു അവന്‍. ഒരാളെയും ദ്രോഹിക്കാനോ, കള്ളം പറഞ്ഞു എന്തെങ്കിലും നേടാനോ ഒന്നും അറിയാത്ത എന്നും അമ്മയും വീടുമായി ചേര്‍ന്നു നില്‍ക്കുന്ന അവന്‍.അതുവരെ കുട്ടികള്‍ തമ്മിലുള്ള അടിപിടി വഴക്കില്‍ പോലും പെട്ടിട്ടില്ല. പഠിച്ച സ്‌കൂളിലും കോളേജിലുമൊക്കെ ആര്‍ക്കും ഒരു മോശവും പറയാനില്ലാത്ത കുട്ടി. അവനെ അങ്ങനെ ഒരു അവസ്ഥയില്‍ കാണേണ്ടി വരിക എന്നത് എത്രയോ കുറഞ്ഞ നാളത്തെ  പരിചയം മാത്രമുള്ള എനിക്ക് പോലും താങ്ങാന്‍ പറ്റുന്നില്ല.പിന്നെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യം പറയാനില്ലല്ലോ. 

കാര്യങ്ങള്‍ അറിഞ്ഞിട്ട്  വയനാട്  നിന്ന് അനിയത്തി വിളിച്ചപ്പോഴും സങ്കടം മാത്രം. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടതാണവള്‍. എങ്കിലും മറന്നിട്ടില്ല. അങ്ങനെ ഒരാള്‍ തന്നെ ആയിരുന്നു അമല്‍.ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറക്കാനിടയില്ലാത്ത പെരുമാറ്റം. ന്യായത്തിന്റ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ ഒരുപാട് അഭിപ്രായങ്ങള്‍ ഉണ്ടാകും. പക്ഷേ ഞാന്‍ ആണെങ്കിലും നിങ്ങള്‍ ആണെങ്കിലും നമ്മുടെ ഒരു സുഹൃത്ത് രാത്രിയില്‍ വഴിയില്‍ പെട്ടുപോയി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും സഹായിക്കാന്‍ ഇറങ്ങിച്ചെല്ലും. അതാണ് ഉണ്ടായതെങ്കിലും പിന്നീട്  നടന്നതൊക്കെ...  ഇന്നത് സംഭവിക്കണമെന്നും, ഇങ്ങനെയേ സംഭവിക്കാവൂ എന്നും, ഇതൊക്കെ ജീവിതത്തില്‍ അനുഭവിക്കണമെന്നും..അങ്ങനെ നികത്താനോ ഒരിക്കലും തിരിച്ചു പിടിക്കാനോ പറ്റാത്ത വിധത്തിലുള്ള നഷ്ടങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കണമെന്നുമൊക്കെ വിധി അവര്‍ക്ക് വേണ്ടി മുന്നേ തയ്യാറാക്കിയ തിരക്കഥയില്‍ എഴുതി വച്ചത് പോലെയാണ്  സംഭവിച്ചത്. ബാംഗ്ലൂരിലായിരുന്ന അവന് അന്ന് വീട്ടില്‍ വരാന്‍ തോന്നിയതും  അതേ വിധിയുടെ തീരുമാനം ആയിരിക്കും. 

ഏതൊരു ചെറുപ്പക്കാരെനെ പോലെ ജോലിയെക്കുറിച്ചും, വിദേശത്ത് പോകുന്നതും, സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും അങ്ങനെ ഒരുപാട് സ്വപ്നങ്ങള്‍ അവനും കണ്ടിരുന്നു.  ശപിക്കപ്പെട്ട ആ ഒരു രാത്രി അവന്റെ മാത്രമല്ല ഒരുപാട് പേരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തച്ചുടച്ച രാത്രിയായി.  പഠനം മുടങ്ങി, വിദേശത്തുപോവുക എന്ന സ്വപ്നവും തകര്‍ന്നു. ജീവിതാവസാനം വരെ കൂട്ടിന് ഉണ്ടാകണമെന്ന് ആഗ്രഹിച്ച പെണ്‍കുട്ടി കല്യാണം കഴിച്ചു യാത്രയാകുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന അമലില്‍ ഞാന്‍ കണ്ടത് കിരീടത്തിലെ സേതുമാധവനെ തന്നെ ആയിരുന്നു.  ഒന്നിന്റെയും പേരില്‍ ആരെയും വിധിക്കരുത്. മറ്റൊരാള്‍ക്ക് എന്തെങ്കിലും ദുരന്തം വരുമ്പോള്‍ പരിഹസിക്കുകയുമരുത്. എന്തൊക്കെയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ നമ്മള്‍ വെറും നിസ്സഹായര്‍ മാത്രമാണ്. നമുക്ക്, അല്ലെങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്, നമ്മുടെ മക്കള്‍ക്ക് അല്ലെങ്കില്‍ നമ്മുടെ വേണ്ടപ്പെട്ട ആര്‍ക്കായാലും നാളെ എന്തനുഭവമാണ്  ജീവിതത്തില്‍ ഉണ്ടാവുക എന്നത് പ്രവചിക്കാന്‍ ആരെക്കൊണ്ടും പറ്റില്ല. കാലം ചിലപ്പോള്‍ തരുന്ന പരീക്ഷണങ്ങള്‍ താങ്ങാന്‍ പറ്റിക്കൊള്ളണമെന്നില്ല.  

കൈക്കുടന്നയിലൂടെ സ്വപ്നങ്ങളെല്ലാം ചോര്‍ന്നു പോയിട്ടും അവന്‍ ചിരിച്ച മുഖത്തോടെ ഇന്നും സംസാരിക്കാറുണ്ട്. ഇന്നത്തെ ചിരിക്ക് പക്ഷേ പണ്ടത്തെ പ്രസരിപ്പില്ല, സംസാരത്തില്‍ പഴയ ആവേശമില്ല, തന്റെ കൂടെയുള്ളവര്‍ വിഷമിക്കാതിരിക്കാന്‍ മുഖത്ത് സ്വയം അണിഞ്ഞ പുഞ്ചിരിക്കുന്ന മുഖംമൂടിയുമായി ഇപ്പോഴും അവന്‍ ഉണ്ട്. കോടതി വിധി എന്താകുമെന്ന് അറിയില്ല. ദൈവത്തിന്റെ കോടതിയില്‍ പക്ഷേ എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്  നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അത്രയേറെ പാവമായിരുന്നു അവന്‍..