പ്രണയം എന്ന വാക്ക് കേട്ടു തുടങ്ങിയത് മുതിർന്നപ്പോളാണ്‌.  നാട്ടിൻപുറത്തൊക്കെ പ്രണയമല്ല " പ്രേമം" ആണ്. അത്ര ഡെക്കറേഷൻ മതി.  " അവര് പ്രേമിച്ചു കെട്ടിയതാ, പ്രേമിച്ചു ഒളിച്ചോടി പോയതല്ലേ,  അത് നല്ലോണം കല്യാണം കഴിച്ചതൊന്നുമല്ല. പ്രേമക്കല്യാണം അല്ലായിരുന്നോ"  ഇങ്ങനെയായിരുന്നു പൊതുസംസാരം. പ്രേമം എന്ന വാക്കിനെ  കേട്ടുതുടങ്ങിയത്  തന്നെ ഏറ്റവും മോശമായ, ഏറ്റവും വലിയ തെറ്റായ ഒരു കാര്യം ആണെന്നുമാണ്.  പ്രേമിക്കുന്നവർ ഏറ്റവും മോശക്കാരാണെന്നുമായിരുന്നു ധാരണ. അതിന് കാരണവും ഉണ്ടായിരുന്നു. അച്ഛന്റെ കുടുംബത്തിലെ ഒരു ചേച്ചി, അവർ അതിസുന്ദരിയായിരുന്നു. കണങ്കാൽ വരെ നീണ്ടു കിടക്കുന്ന മുടിയൊക്കെയായി ആരു കണ്ടാലും നോക്കി നിൽക്കുന്ന ഒരു ചന്തം ആയിരുന്നു ചേച്ചിക്ക്. ഞാൻ അന്ന് എൽ.പി. ക്ലാസ്സിലാണ് പഠിക്കുന്നത്. ചേച്ചി പ്രീ ഡിഗ്രിക്കും. ഞാൻ കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു എന്റെ കുടുംബക്കാരിയാണെന്ന്. അത്രയും ഭംഗിയുള്ള ചേച്ചിയുടെ ആരാധകർ ആയിരുന്നു എന്റെ കൂട്ടുകാരെല്ലാം.

To advertise here,

ഒരു ദിവസം പഠിക്കാൻ പോയ ചേച്ചി തിരിച്ചുവന്നില്ല. ആകെ പ്രശ്നം, ബഹളം, കരച്ചിൽ, നാട് മുഴുവൻ തിരച്ചിൽ അവസാനം പട്ടണത്തിൽ ജോലി ചെയ്യുന്ന  ദൂരെ ദേശക്കാരനായ ഒരാളുമായി പ്രേമത്തിൽ ആയിരുന്നുവെന്നും അയാളുടെ കൂടെ പോയതാണെന്നും കണ്ടെത്തി. അന്ന് എന്റെ അച്ഛൻ നടത്തിയ പുകിലുകൾ എന്തായിരുന്നുവെന്ന് ആലോചിക്കാൻ കൂടി പേടിയാണ്. അവരെ കയ്യിൽ കിട്ടിയാൽ അച്ഛൻ കൊല്ലുമെന്ന് വരെ തോന്നി. ദേഷ്യം കൊണ്ട് കോമരം കണക്കെ അച്ഛൻ വിറ പൂണ്ടു നിൽക്കുന്നു. കുടുംബത്തിന് ചീത്ത പേരുണ്ടാക്കി ഓടിപ്പോയി എന്നതാണ് പ്രശ്നം. അച്ഛൻ എല്ലാത്തിലും പുരോഗമന ചിന്താഗതി പുലർത്തുന്ന ആളാണ്.  കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും. എന്നിട്ടും അച്ഛന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു വിഷയം വന്നപ്പോൾ പ്രതികരണം ഭീകരമായിരുന്നു. ആ ചേച്ചിയെ വീട്ടിൽ എന്നല്ല നാട്ടിൽ പോലും കയറ്റരുത് എന്ന് അന്ത്യശാസനം കൊടുത്തു. ഞങ്ങളോട് പോലും അച്ഛൻ ദിവസങ്ങളോളം മിണ്ടിയിട്ടുണ്ടായിരുന്നില്ല.

ഒരുപാട് ആദർശമൊക്കെ പറഞ്ഞിട്ട്  ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ അച്ഛൻ എന്താണ് ഇങ്ങനെ ഉറഞ്ഞു തുള്ളുന്നതെന്ന് പല തവണ ആലോചിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് കാര്യം മനസിലായത്. അച്ഛന്റെ അനിയൻ അന്യമതക്കാരിയായ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. അച്ഛന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ചെറിയച്ഛന് അച്ഛനോട് പറയാനുള്ള ധൈര്യമില്ല. മുമ്പ് ചേച്ചിയുടെ ഒളിച്ചോട്ടസമയത്തെ അച്ഛന്റെ ദേഷ്യം എല്ലാവർക്കും ഓർമയിൽ ഉണ്ട്. അതുകൊണ്ടുതന്നെ ചെറിയച്ഛൻ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. അമ്മ കേട്ടപ്പോൾ തന്നെ ചെറിയച്ഛനെ വഴക്ക് പറഞ്ഞു തുടങ്ങി. "ഇനി നിന്റെ കാര്യം കൂടി പറയുകയേ വേണ്ടൂ. പണ്ട് ഒരുത്തിയുടെ പ്രേമം ഓർമയുണ്ടല്ലോ. സമ്മതിക്കുമെന്ന് പ്രതീക്ഷയേ വേണ്ട, ഇനി ഇതിന്റെ പേരിൽ എന്തൊക്കെയുണ്ടാകുമോ എന്തോ'' എന്നൊക്കെ പറഞ്ഞു അമ്മ ആധിപൂണ്ടു നടപ്പായി.

placeholder
അജിഷ ഹരിദാസ്

പക്ഷേ, അച്ഛൻ എല്ലാവരെയും അത്ഭുതപ്പെടുത്തി. കാര്യം അറിഞ്ഞപ്പോൾ ചെറിയച്ഛനെ വിളിച്ച് അച്ഛൻ വിവരങ്ങൾ അന്വേഷിക്കുകയും പെണ്ണിന്റെ വീട്ടിൽ പോയി സംസാരിക്കുകയും അച്ഛൻ തന്നെ മുൻകൈയെടുത്ത്  ഭംഗിയായി കല്യാണം നടത്തുകയും ചെയ്തു. മുമ്പ് ചേച്ചിയുടെ വിഷയത്തിൽ,  അങ്ങനെയൊരു ബന്ധം ഉണ്ടായപ്പോൾ  അത് വീട്ടിൽ പറയാനോ നല്ല രീതിയിൽ കല്യാണം ആലോചിച്ചു നടത്താനോ ശ്രമിക്കാതെ, ആരോടും മിണ്ടാതെ, എവിടെ എന്നറിയാതെ എല്ലാവരെയും മുൾമുനയിൽ നിർത്തി ഒളിച്ചോടി പോയത് മാത്രമാണ് അച്ഛന് ഉണ്ടായിരുന്ന ദേഷ്യമെന്ന് പിന്നീടാണ് മനസ്സിലായത്.

ചെറുപ്പത്തിലെ ആ ചേച്ചിയുടെ സംഭവത്തെ തുടർന്ന്  അമ്മ എന്നെയും അനിയത്തിയെയും ഞങ്ങളുടെ കല്യാണം വരെയും ഓർമപ്പെടുത്തി കൊണ്ടേയിരുന്നു. എന്തെങ്കിലുമുണ്ടായാൽ അറിയാലോ അച്ഛനെ. ബാക്കി വെച്ചേക്കില്ല ഒരുത്തിയെയും എന്ന്. അങ്ങനെ പ്രേമം എന്ന് കേട്ടാൽ തന്നെ പേടിക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു ഞങ്ങൾ വളർന്നത്.

ഗേൾസ് സ്കൂളിൽ ആയിരുന്നു പത്താം ക്ലാസ്സ്‌ വരെ പഠിച്ചത്. ഒരുപാട്  ദൂരം നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഞങ്ങൾ കുറെപ്പേർ ഒരുമിച്ച് കഥ പറഞ്ഞ് പാടവും കുന്നും മലയും കയറി സ്കൂളിൽ പോകുമ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പത്തിൽ പഠിക്കുന്ന ചേച്ചിയെ എന്നും ഒരു ചേട്ടൻ നോക്കുകയും ചിരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഒരേ സ്ഥലത്ത് ഞങ്ങളുടെ വരവും കാത്ത് ആ ചേട്ടൻ നിൽക്കുന്നതെങ്കിലും ആ ചേച്ചിയെ അല്ലാതെ ഞങ്ങൾ എട്ടുപത്തു പേരുണ്ടായിട്ടും ഞങ്ങളെ ഒരിക്കൽ പോലും ആൾ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ചേച്ചിയും ആ സമയത്ത് ഇടംകണ്ണ് കൊണ്ട് ചേട്ടനെ  നോക്കി ഒരു ചിരി സമ്മാനിക്കും. ഇതായിരുന്നു ഞാൻ കണ്ട ആദ്യത്തെ പ്രണയം. അന്ന് വളരെ കൗതുകത്തോടെ  ഞങ്ങളെല്ലാവരും അവരെ രണ്ടു പേരെയും സസൂക്ഷ്മം വീക്ഷിക്കുമായിരുന്നു. പരസ്പരം ഒരക്ഷരം പോലും മിണ്ടാതെ ഒരു നോട്ടത്തിലും ചിരിയിലും മനോഹരമായ ഒരു പ്രണയം കൊണ്ട് നടക്കുന്ന രണ്ടു പേർ. ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ.

എന്നെങ്കിലും ആ ചേച്ചി സ്കൂളിൽ ലീവ് ആകുന്ന ദിവസം കാത്തുനിന്ന ആ ചേട്ടന്റെ മുഖത്തെ വിഷമം കാണുമ്പോൾ എന്തിനെന്നറിയാതെ ഞങ്ങളെല്ലാവരും കൂടെ വിഷമിച്ചിരുന്നു. "പാവം ചേട്ടൻ അല്ലേ,  ഇന്ന് ശരിക്കും വിഷമിച്ചു കാണും"  എന്നൊക്കെ പറഞ്ഞു ചേട്ടന് മാനസികമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞങ്ങൾ  താറാക്കൂട്ടങ്ങളെ പോലെ നടന്നു നീങ്ങും. ചേച്ചി പത്താം ക്ലാസ് കഴിഞ്ഞ് പോയതോടെ പിന്നെ ആ ചേട്ടനെയും കാണാറില്ല. റോഡരികിൽ എന്നും  ഒരു നോട്ടത്തിനും ഒരു ചിരിക്കും വേണ്ടി വർഷങ്ങൾ കാത്തുനിന്ന ആ ചേട്ടനാണ് ഞാൻ കണ്ട ആദ്യത്തെ കാമുകൻ. അവരുടെ പ്രണയം പിന്നീട് എന്തായി എന്ന് അറിയാൻ പറ്റിയില്ല.

placeholder
അജിഷ ഹരിദാസ് കുടുംബത്തിനൊപ്പം

ഗേൾസ് സ്കൂളിൽ ആയതുകൊണ്ടോ പേരിനുപോലും ഒരാൺതരിയെ കാണാനില്ലാതിരുന്നത് കൊണ്ടോ എന്തോ ഞങ്ങളുടെ സംഘത്തിൽ പെട്ട ഒരാൾക്കും പത്താം ക്ലാസ് കഴിയുന്നതുവരെയും ഒരു പ്രണയവും ഉണ്ടായില്ല. ഇനി ആർക്കുണ്ടായാലും എന്നെ സംബന്ധിച്ച് പ്രണയത്തിന് ഒരു വിദൂരസാധ്യത പോലും ഇല്ലായിരുന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന സംഘത്തിലെ പത്തു പതിനൊന്നു പേരിൽ ഏറ്റവും ശോഷിച്ച ഒന്നായിരുന്നു ഞാൻ. കൂട്ടത്തിൽ ഏറ്റവും നീളം കുറഞ്ഞ്, മെലിഞ്ഞൊട്ടിയ എന്നെ കണ്ടാൽ ഒരു ഏഴാം ക്ലാസ്സ്‌കാരിയുടെ വളർച്ച പോലും ഉണ്ടായിരുന്നില്ല.  കൂട്ടത്തിൽ എല്ലാവരും മാസം തോറും വയറുവേദനയും ബുദ്ധിമുട്ടുകളുമായി നടക്കുമ്പോൾ ഞാൻ മാത്രം ഇതൊന്നും ബാധകമല്ലാതെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു. ഒരു കൗമാരക്കാരിയുടെ യാതൊരു ലക്ഷണവുമില്ല. ഇനി ഞാൻ പെണ്ണല്ലേ വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു പോലും സംശയിച്ച നാളുകൾ. കൂട്ടുകാരുടെയിടയിൽ ഇങ്ങനെ ഒരു ഒറ്റപ്പെടൽ ഉണ്ടായിരുന്നത് ഞാൻ മറികടന്നത് പഠനത്തിൽ മിടുക്ക് കാണിച്ചായിരുന്നു. എല്ലാ ക്ലാസ്സിലും ഒന്നാമതായി ടീച്ചർമാരുടെ പ്രിയപ്പെട്ട ശിഷ്യയായി മാറിയപ്പോൾ ശാരീരിക ന്യൂനതകൾ ഒന്നും കാര്യമായെടുത്തില്ല. പിന്നെ അന്ന് അത്രയൊക്കെ ചിന്തിക്കാനുള്ള ബോധം മാത്രമേയുണ്ടായിരുന്നുള്ളൂ.

പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു പഠനം ശരിക്കും ഒരു തലവേദന തന്നെയായിരുന്നു. ആദ്യം ഹ്യുമാനിറ്റീസ്  എടുത്തു. മൂന്നു മാസത്തിനു ശേഷം സയൻസ് സബ്ജക്റ്റിലേക്ക് മാറി. അതിന്റെതായ ബുദ്ധിമുട്ടുകൾ. സയൻസിൽ റെക്കോർഡിനും ബുക്കുകൾക്കുമായി എന്നും ചെലവുകൾ. വീട്ടിലാണെങ്കിൽ സാമ്പത്തികസ്ഥിതി വളരെ മോശം. പ്ലസ് ടുവിൽ ചേരാനുള്ള ഫീസ് അടയ്ക്കാൻ ഇല്ലാതെ പ്രിൻസിപ്പൾ മുഹമ്മദ്‌ സർ സ്വന്തം കയ്യിൽനിന്നു കാശെടുത്ത് അടച്ചാണ് അഡ്മിഷൻ എടുത്തതുതന്നെ. അങ്ങനെ എല്ലാംകൊണ്ടും ബുദ്ധിമുട്ടു നിറഞ്ഞ നാളുകൾ. അതിനിടയിൽ പ്രണയമോ അത്തരത്തിലുള്ള ഒരു ചിന്തയ്ക്ക് പോലുമോ സാധ്യത ഉണ്ടായിരുന്നില്ല.

എന്നിട്ടും ഒരു കൊച്ചു പ്രണയം എന്നെ തേടി വന്നു.  പ്ലസ് ടുവിന് പഠിക്കുമ്പോൾ ആകെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ പോയി ഇറങ്ങിയിട്ട് വീണ്ടും രണ്ടു കിലോ മീറ്റർ നടക്കണം സ്കൂളിലേക്ക്. ഞങ്ങളുടെ നാട്ടിൽനിന്നു പത്തുപതിനൊന്നു പേരുണ്ടായിരുന്നു. ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും യൂണിഫോം ആയിരുന്നു. ശനിയാഴ്ച കളർ ഡ്രസ്സ് ഇടാം. ഞാൻ ഏറ്റവും കൂടുതൽ വെറുത്തതും ശനിയാഴ്ചയെ തന്നെയായിരുന്നു. എനിക്കിടാൻ കളർ ഡ്രസ്സ് ഉണ്ടായിരുന്നില്ല. ആകെ രണ്ട് ചുരിദാറുകൾ. ഓരോ ആഴ്ചയും അതുതന്നെ മാറിമാറിയിടും. കൂടെയുള്ള പെൺകുട്ടികൾ എല്ലാം ശനിയാഴ്ചയാകാൻ കാത്തു നിൽക്കുമ്പോൾ ഞാൻ മാത്രം ശനിയാഴ്ചയെ ശപിക്കും. അന്നു കൂടി യൂണിഫോം ആക്കിയിരുന്നെങ്കിൽ എന്തു സുഖമായിരുന്നു. മൊത്തം അപകർഷതാബോധവും വിഷമവും സങ്കടവും എല്ലാം കൂടി വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു ആ സമയത്ത്. ആദ്യത്തെ ആറു മാസം രണ്ടു ചുരിദാറുകളിൽ ഒപ്പിച്ചെങ്കിലും പിന്നീട് മനസ്സിനൊക്കെ ഒരു ധൈര്യം വന്നു. എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്, ശനിയാഴ്ച യൂണിഫോം ഇടരുതെന്ന് സ്കൂളിൽനിന്നു പറഞ്ഞിട്ടില്ലല്ലോ അങ്ങനെ സ്വയം പറഞ്ഞു പഠിപ്പിച്ച് ഞാൻ ശനിയാഴ്ചയും യൂണിഫോം തന്നെ ധരിച്ചു പോയിത്തുടങ്ങി.

എല്ലാവരും കളർ ഡ്രസ്സ് ധരിച്ചു പോകുമ്പോൾ ഞാൻ മാത്രം യൂണിഫോമിൽ പോകുന്നത് കണ്ടിട്ടാണ് ഒരു പയ്യൻ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. സ്കൂളിന്റെ അടുത്തു തന്നെയായിരുന്നു  അയാളുടെ വീട്. എന്റെ ക്ലാസിൽ തന്നെയുള്ള ഒരു പെൺകുട്ടിയുടെ അയൽക്കാരനായിരുന്നു അയാൾ. എന്നെക്കുറിച്ച് എന്നും അവളോട് അന്വേഷിക്കുമെന്നും ശനിയാഴ്ചയും യൂണിഫോമിൽ വരുന്നത് കൊണ്ടാണ് ശ്രദ്ധിച്ചത് എന്നുമൊക്കെ അവളോട് പറഞ്ഞിരുന്നു. പണ്ട് ഹൈസ്കൂളിൽ പോകുമ്പോൾ കണ്ട ചേട്ടനെ പോലെ, ഇയാളും എന്നെ കാത്തു വഴിയരികിൽ നിൽക്കാൻ തുടങ്ങി.ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്നെ ശ്രദ്ധിക്കാനും ഒരാൾ. ആദ്യമൊക്കെ അത്ഭുതമായിരുന്നു തോന്നിയത്. അയാളോട് പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ തോന്നിയിരുന്നില്ല. പിന്നെ മുൻപ് പറഞ്ഞതുപോലെ ആവശ്യത്തിൽ കൂടുതൽ കഷ്ടപ്പാടുകൾക്കിടയിൽ കൂടി കടന്നുപോകുന്ന ദിവസങ്ങൾ ആയതുകൊണ്ട് മറ്റൊന്നും അത്ര കാര്യമായി എടുത്തില്ല. അതിനുള്ള മാനസികാവസ്ഥയും ആയിരുന്നില്ല.

സംസാരിക്കാൻ രണ്ടുമൂന്നു തവണ വന്നിരുന്നെങ്കിലും ഞാൻ അതിന് നിൽക്കാത്തത് കൊണ്ട് എന്റെ ക്ലാസിലെ പെൺകുട്ടിയുടെ കയ്യിൽ എഴുത്തു കൊടുത്തു വിടും. അച്ഛനെ ഓർക്കുമ്പോൾ സംസാരിക്കാൻ പോയിട്ട് നോക്കാൻ പോലും സത്യത്തിൽ പേടിയായിരുന്നു. ആരോടെങ്കിലും മിണ്ടുമ്പോഴേക്കും വഴക്ക് പറയുന്ന ആൾ ആയിരുന്നില്ല അച്ഛൻ. ആൺസുഹൃത്തുക്കളോടൊക്കെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും ഉണ്ടായിരുന്നു. ഇത് പക്ഷേ അങ്ങനെയല്ലല്ലോ. ഒരു കള്ളത്തരം ഉണ്ടല്ലോ.  അതുകൊണ്ടുതന്നെ റോഡരികിൽ നിന്ന് സംസാരിക്കുന്നത് പേടിയായിരുന്നു.

എഴുത്തുകൾ തന്നുവിടുമെങ്കിലും ഒരിക്കൽപോലും മറുപടി  കൊടുത്തിരുന്നില്ല. എന്റെ കൂട്ടുകാരി ആണെങ്കിൽ എന്നും അയാളെ പുകഴ്ത്തി പറയുമായിരുന്നു. നല്ല ഏട്ടനാണ്, ഞങ്ങൾക്ക് കുറെ വർഷമായി അറിയുന്നതാണ്. നീയെന്താ  ഇങ്ങനെ.  അവര് തമാശയ്ക്ക് പറയുന്നതല്ല കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടാണ് എന്നൊക്കെ.

സത്യത്തിൽ അയാളോട് യാതൊരുവിധ ദേഷ്യവും ഇല്ലാതിരുന്നിട്ടും എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനോ മറുപടി കൊടുക്കാനോ ഒന്നിനും സാധിച്ചില്ല. എന്നോടുള്ള സഹതാപം കൊണ്ടാണെങ്കിലും ആദ്യമായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ചെറുപ്പക്കാരൻ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ആ ഒരു ഇഷ്ടം തോന്നിയിരുന്നു. പിന്നെ  പഠനത്തിന്റെയും പരീക്ഷയുടെയും നാളുകൾ. അത് കഴിഞ്ഞു സ്കൂൾ വിട്ടു. അതിനിടയിൽ ആ ഒരാളെ എപ്പോഴോ മറന്നുപോയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പ്രത്യേകിച്ച് വാക്കോ വാഗ്ദാനങ്ങളോ ഉണ്ടാവാത്തത് കൊണ്ട് ഇപ്പോഴത്തെ തേപ്പ് എന്നതിൽ ഇതിനെപ്പെടുത്തിക്കളയരുത്.

ഇതിൽ ഏറ്റവും സന്തോഷകരമായ കാര്യം കുറച്ചു വർഷങ്ങൾക്ക് ശേഷം സംഭവിച്ചു. അന്നെനിക്ക് ഇദ്ദേഹത്തിന്റെ എഴുത്തുകൾ കൊണ്ടുവന്നിരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹ ക്ഷണക്കത്ത് വീട്ടിൽ പോസ്റ്റലായി വന്നു. വരന്റെ പേര് കണ്ടു അതിശയത്തോടെ നിന്നുപോയി. അദ്ദേഹം ആയിരുന്നു വരൻ. അങ്ങനെ ചേരേണ്ടവർ തന്നെ ചേർന്നു. സാധാരണ തേപ്പ് കേസുകളിലെ പെണ്ണുങ്ങളുടെ സ്ഥിരം ക്ലീഷേ ഡയലോഗ് ആണെങ്കിലും പറയാതെ വയ്യ. എന്നെക്കാൾ വളരെ നല്ല കുട്ടിയെ തന്നെയാണ് അദ്ദേഹത്തിന് കിട്ടിയത്. ഇപ്പോൾ രണ്ടു കുഞ്ഞുങ്ങളുമായി നല്ലൊരു കുടുംബ ജീവിതം നയിക്കുന്നു.

ആയിടക്കാണ് ഒരു യുവ സംഘടനയുടെ നേതൃത്വത്തിൽ കൗമാരക്കാർക്കുള്ള രണ്ടുദിവസത്തെ അവബോധ ക്ലാസ് ഉണ്ടെന്നും പങ്കെടുക്കുന്നവർക്ക് ആയിരം രൂപയുണ്ടെന്നും അറിഞ്ഞത്. ആ ക്ലാസ്സിൽ പോയി ആദ്യത്തെ ദിവസം അടുത്തിരുന്ന പയ്യൻ എന്നോട് വളരെ കാര്യമായി സംസാരിച്ചു കൊണ്ടേയിരുന്നു. പഠിച്ചതും വീട്ടുകാര്യങ്ങളും വീട് എവിടെയാണെന്നും എല്ലാം ചോദിച്ചു മനസ്സിലാക്കി. പിറ്റേദിവസം ഞാൻ വരുമ്പോൾതന്നെ അവന്റെ സീറ്റിന്റെ തൊട്ടടുത്തുതന്നെ എനിക്കുള്ള സീറ്റ് പിടിച്ചു, വന്നപ്പോൾ തന്നെ എന്നെ അവിടെ ഇരുത്തി. പയ്യന്റെ പെരുമാറ്റത്തിൽ അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ഡിഗ്രി രണ്ടാം വർഷം പഠിക്കുകയായിരുന്നു അവൻ. കാണാൻ നല്ല ഭംഗിയുള്ള, തമിഴ്സിനിമാ നടൻ മാധവന്റെ മുഖച്ഛായയുള്ള ഒരു പൊടിമീശക്കാരൻ. രണ്ട് ദിവസത്തെ കോഴ്സ് കഴിഞ്ഞ് പോകുമ്പോൾ ഒരു ലെറ്ററും ഒരു ചിരട്ട കൊണ്ടുള്ള മോതിരവും എനിക്ക് തന്നു. രണ്ടു ദിവസമേ ആയുള്ളൂ എങ്കിലും എനിക്കും വളരെ ഇഷ്ടം തോന്നി ആ പയ്യനോട്. ലെറ്ററിൽ അവന്റ വീട്ടിലെ ഫോൺ നമ്പർ ഉണ്ടായിരുന്നു. എന്നോട് നമ്പർ ചോദിച്ചിരുന്നെങ്കിലും എന്റെ വീട്ടിൽ ഫോൺ പോയിട്ട് കറന്റ് പോലും കിട്ടിയിരുന്നില്ല  അന്ന്.  ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം എന്നുപറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

അതുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഗവൺമെന്റ് കോളേജിൽ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷന് അഡ്മിഷൻ കിട്ടിയെന്നുള്ള ലെറ്റർ വന്നു. ടി.ടി.സിക്കും ബി.എസ്.സിക്കുമൊക്കെ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും തുടക്കത്തിലുള്ള ഫീസ് അടയ്ക്കാൻ പോലും അന്ന് നിവൃത്തിയുണ്ടായിരുന്നില്ല.  ഗവൺമെന്റ് കോളേജിൽ ഫീസ് വേണ്ടെന്ന അറിവിലാണ് പ്ലസ് ടു സയൻസ് ആയിരുന്നിട്ടു പോലും ബി.എയ്ക്ക് ചേരാൻ തീരുമാനിച്ചത്. ഈ വിഷമത്തിനിടയിലും എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം നമ്മുടെ പയ്യൻ 'മാധവൻ' പഠിക്കുന്നത് ഗവൺമെന്റ് കോളേജിൽ ആണെന്നുള്ള കാര്യമാണ്. അഡ്മിഷന്റെ കാര്യം ഞാൻ സന്തോഷപൂർവം ഫോൺ ചെയ്തു പറഞ്ഞപ്പോൾ അങ്ങേ തലയ്ക്കൽ വലിയ സന്തോഷമൊന്നും ഉണ്ടായില്ല. വേറെ നല്ല കോളേജിൽ ചേരാനും ഗവൺമെന്റ് കോളേജിൽ എന്നും സമരം ആണെന്നും പഠിക്കാനുള്ള സാഹചര്യം പോരെന്നുമൊക്കെയായിരുന്നു അവന്റെ വാദം. ഞാൻ അവിടെ ചേരുന്നതെന്ന് പറയുമ്പോൾ ഏറ്റവും സന്തോഷിക്കുമെന്നു കരുതിയ എനിക്ക് അവന്റെ മറുപടി കേട്ടപ്പോൾ വളരെ നിരാശ തോന്നി.‌

എങ്കിലും ഞാൻ ഗവൺമെന്റ് കോളേജിൽ തന്നെ ചേർന്നു. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞിട്ടും അവനെ ഒരിക്കൽപോലും അവിടെ കാണാൻ പറ്റിയില്ല. ഈ കോളേജിൽ ആണെന്ന് പറഞ്ഞ് എന്നെ പറ്റിച്ചതാണോ എന്നുപോലും സംശയം തോന്നി. പിന്നീട് ഒരു ദിവസം അവനെ കണ്ടെങ്കിലും എന്നെ അവൻ  കാണാത്ത ഭാവത്തിൽ ഒരു പെൺകുട്ടിയോടൊപ്പം നടന്നു പോയി. കോളേജ് അല്ലേ ഫ്രണ്ട് ആയിരിക്കുമെന്ന് ഞാൻ കരുതി. പിന്നീടുള്ള ദിവസങ്ങളിൽ അവനെ കാണുമ്പോഴൊക്കെ ആ പെൺകുട്ടിയും കൂടെയുണ്ടാകും. എന്നോടാണെങ്കിൽ ഒരിക്കൽ പോലും സംസാരിക്കാൻ വന്നത് പോലുമില്ല. ഞാൻ അവനെപ്പറ്റി കോളേജിലെ എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത്, അവർ എത്രയോ വർഷങ്ങളായി പ്രണയിതാക്കൾ ആണെന്നും സ്കൂൾകാലം മുതൽ ഒരുമിച്ച്  പ്ലസ് ടുവിലും കോളേജിലുമൊക്കെ ഒരു ക്ലാസ്സിൽ പഠിക്കുകയാണെന്നും, ഉറപ്പായും കല്യാണം കഴിക്കുമെന്നും, അവരുടെ പ്രണയം ക്യാമ്പസിൽ എല്ലാവർക്കും അറിയുന്നതാണെന്നുമൊക്കെ. രണ്ടാഴ്ചത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും  ഞാൻ ആകെ സങ്കടപ്പെട്ട് പോയി. എനിക്ക് തന്ന ലെറ്ററിൽ അവൻ എഴുതിയത് ഒന്നുകൂടി വായിച്ചു നോക്കിയപ്പോൾ, പോയി അവനെ തല്ലിക്കൊന്നാലോ എന്ന് വരെ തോന്നി. അവന്റെ ചിരട്ട മോതിരവും ലെറ്ററും രണ്ടുപേരും നിൽക്കുമ്പോൾ അവന്റെ കയ്യിൽ വച്ചുകൊടുത്ത് രണ്ടു മാസ്സ് ഡയലോഗുമടിച്ച് ഞാൻ തിരിച്ചുപോരുമ്പോൾ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു. ഇനി ഒരിക്കലും ഒരുത്തനെയും വിശ്വസിക്കരുത് എന്ന്.

അങ്ങനെ രണ്ടു വർഷം കഴിഞ്ഞു. കോളേജിൽ നല്ല കൂട്ടുകാരൊക്കെയായി. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. കോളേജിൽ അല്ല, പുറത്തുള്ള പയ്യനാണ്. അവൻ ഇവൾക്ക് എന്നും നിറയെ ചോക്ലേറ്റും ഗിഫ്റ്റുകളും വാങ്ങിക്കൊടുക്കും. പിറന്നാൾ, വാലന്റൈൻസ് ഡേ തുടങ്ങിയ വിശേഷ ദിവസങ്ങളെല്ലാം അവൾക്ക് ലോട്ടറിയാണ്.  അവർ സംസാരിച്ചു നടന്നുപോകുമ്പോൾ ഞാൻ ഒരകലത്തിൽ പിന്നാലെ നടക്കും. കാരണം ഗിഫ്റ്റുകളെല്ലാം അവൾ എടുക്കുമെങ്കിലും ചോക്ലേറ്റ് മുഴുവൻ തിന്നു തീർക്കുന്നത് ഞാനായിരുന്നു. ഇതിൽ അവളോട് എനിക്ക് ചെറിയൊരു അസൂയ ഉണ്ടായിരുന്നെങ്കിലും അവൾക്ക് കിട്ടുന്നതിൽ തിന്നാനുള്ളത് മുഴുവൻ അവൾ എനിക്ക് തരുമായിരുന്നതിനാൽ ആ പ്രണയത്തിന് ഞാൻ പൂർണ്ണ പിന്തുണ കൊടുത്തു.

ഒരു ജനുവരി മാസം ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു, ഒരു മാസം കഴിഞ്ഞാൽ ഫെബ്രുവരിയായി, വാലന്റൈൻസ് ഡേയ്ക്ക് ഇവൾക്ക് എന്തൊക്കെ ഗിഫ്റ്റ് കിട്ടും. അവളുടെ ഭാഗ്യം. എന്നെയൊന്നും പ്രേമിക്കാനോ ഗിഫ്റ്റ് തരാനോ ഒരുത്തനുമില്ല. എന്റെ കോളേജ് ലൈഫ് ഒക്കെ ഇങ്ങനെ പോകാനാണ് യോഗമെന്നൊക്കെ പറഞ്ഞു ഞാൻ സെന്റിയടിച്ചു. നീ ഒട്ടും റൊമാന്റിക് അല്ല അജിഷാ, ഇങ്ങനെ എടുത്തടിച്ച മറുപടിയും കൊടുത്ത് തല്ലാൻ പോകുന്ന തരത്തിൽ നടക്കുന്ന പെണ്ണുങ്ങളെ ആണുങ്ങൾക്ക് ഇഷ്ടമാകില്ല. കുറച്ചു നാണത്തോടെ തല കുനിച്ചു നടക്കുന്ന ഒതുക്കമുള്ള മലയാളി മങ്കമാരെയാണ് ഞങ്ങൾ ബോയ്സിന് ഇഷ്ടമാകൂ എന്ന് ഒരുത്തന്റെ വിശദീകരണം. അങ്ങനെ കാൽനഖം കൊണ്ട് വര വരച്ചും ഇല്ലാത്ത വിനയം അഭിനയിച്ചുകാണിച്ചും ആരെയും എനിക്ക് വേണ്ട. പ്രേമിക്കാതെയും ജീവിക്കാമല്ലോ എന്നു പറഞ്ഞ് ഞാൻ എന്നെ ന്യായീകരിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ഒരു പയ്യൻ വന്നു എന്നോട് സീരിയസ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നെ ആ ക്യാമ്പസിലെ ഒരാൾക്ക് ഭയങ്കര ഇഷ്ടമാണെന്നും, എന്നെക്കുറിച്ച് അവനോട് എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു എന്നും തമാശയായിട്ടല്ല വളരെ സീരിയസ് ആയിട്ടുള്ള സ്നേഹമാണെന്നുമൊക്കെ അവനോട് പറഞ്ഞത്രേ. ആരാണ് കക്ഷി എന്ന് ചോദിച്ചപ്പോൾ അതിപ്പോൾ പറയേണ്ട എന്നും വാലന്റൈൻസ് ഡേയ്ക്ക് സർപ്രൈസ് ആയി പറയാമെന്നും അയാൾ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ പിന്നെയും നിർബന്ധിച്ചിട്ടും ആളാരാണെന്ന് അവൻ പറഞ്ഞില്ല. ഞങ്ങളുടെ ഗ്യാങ്ങിലുള്ള എല്ലാവരോടും അവൻ ഈ കാര്യം പറഞ്ഞു. എന്റെ കൂട്ടുകാരിയൊക്കെ എന്നെ കളിയാക്കി തുടങ്ങി." ഓ പറഞ്ഞുപറഞ്ഞ് ഇപ്പോൾ നിനക്കും ആളായല്ലോ. വാലന്റൈൻസ് ഡേക്ക് എന്തായിരിക്കും. ആദ്യമായി പ്രൊപ്പോസ് ചെയ്യുകയല്ലേ ചിലപ്പോൾ മോതിരം ആയിരിക്കും തരുന്നത്. അതായിരിക്കില്ല ചിലപ്പോൾ ഡ്രസ്സ് ആയിരിക്കും " അങ്ങനെ പലവിധ അഭിപ്രായങ്ങൾ വന്നു തുടങ്ങി.

ആളാരാണെന്ന് അറിയാതെ ഞാൻ കാണുന്നവരെയൊക്കെ സംശയത്തോടെ നോക്കി തുടങ്ങി. പിന്നെ കൂട്ടുകാർ പറഞ്ഞതുപോലെ എടുത്തടിച്ച സ്വഭാവമൊക്കെ കുറച്ച് മെച്ചപ്പെടുത്തി.  സംസാരവും നടപ്പുമൊക്കെ പരമാവധി അടക്കത്തിലും ഒതുക്കത്തിലുമാക്കി. എന്നെ എപ്പോഴും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലിൽ ഞാൻ വളരെയധികം ശ്രദ്ധിച്ചു പെരുമാറാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ഒരു മാസത്തിനുള്ളിൽ ഞാൻ വളരെയധികം മാറി. എന്റെ കൂട്ടുകാരനാണെങ്കിൽ എന്നും വന്ന് ഓരോ കാര്യങ്ങൾ പറയും. ഇന്ന് നിന്റെ ഡ്രസ്സിനെ കുറിച്ച് അഭിപ്രായം പറഞ്ഞു, ഇന്നത്തെ നിന്റെ ഹെയർ സ്റ്റൈൽ ആൾക്ക് ഇഷ്ടപ്പെട്ടത്രേ, നിന്റെ ചെരിപ്പ് പൊട്ടിയിട്ടുണ്ടല്ലേ, പുതിയ ചെരിപ്പ് അദ്ദേഹം വാങ്ങിത്തരാമെന്നും ഇനിയുള്ള കാര്യങ്ങളെല്ലാം ആൾ നോക്കിക്കോളുമെന്നും പറഞ്ഞത്രേ. എന്റെ ചെരിപ്പ് പൊളിഞ്ഞിട്ട് തുന്നി ചേർത്തതായിരുന്നു. അതുവരെ കണ്ടുപിടിച്ചല്ലോ. അപ്പോൾ അത്രയ്ക്ക് എന്നെ ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

എന്നാലും എന്റെ കാര്യങ്ങളെല്ലാം നോക്കിക്കോളാം എന്നൊക്കെ പറയുന്നത് എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ഇത് ബാക്കിയുള്ള ക്യാമ്പസ് പ്രണയം പോലെ നേരമ്പോക്കിന് അല്ല. അയാൾ വളരെ സീരിയസ് ആണ്. പഠനം കഴിഞ്ഞ് അയാൾ വിദേശത്തേക്ക് പോകുമെന്നും അഞ്ചു വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്നിട്ട് വീട്ടിൽ വന്ന് കല്യാണം ആലോചിച്ച്, കല്യാണശേഷം എന്നെയും കൊണ്ട് വിദേശത്തേക്ക് പോകാനാണ് പ്ലാൻ എന്നുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞു. അന്നുവരെ ട്രെയിൻ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞാൻ ഫ്ലൈറ്റ് യാത്രയൊക്കെ സ്വപ്നം കണ്ടു തുടങ്ങി. കാണാൻ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ഈ ക്യാമ്പസിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരൻ എന്നേ പറയാൻ പറ്റുള്ളൂ എന്ന് അവൻ പറഞ്ഞു. ഡിഗ്രിയും പി.ജിയുമായി ഒരുപാട് ഡിപ്പാർട്ട്മെന്റുകൾ ഉള്ളതിനാൽ ഇതിൽ ആരാണെന്ന് എനിക്ക് ഒരു ഊഹവും കിട്ടിയില്ല.  അയാൾ എന്നെകുറിച്ചുള്ള അഭിപ്രായങ്ങൾ എന്നും എന്റെ കൂട്ടുകാരനോട് പറഞ്ഞുവിടുമായിരുന്നു. ഒരു ദിവസം എന്നോട് പട്ടുപാവാടയിൽ വരാൻ അവനോട് പറഞ്ഞേൽപ്പിച്ചു. എനിക്കാണെങ്കിൽ പട്ടുപാവാടയൊന്നുമില്ല. ഞാൻ അച്ഛൻ പെങ്ങളുടെ അടുത്ത് പോയി, മകളുടെ പട്ടുപാവാട  ചോദിച്ച് വാങ്ങി പിറ്റേദിവസം കോളേജിലേക്ക് ഇട്ടുകൊണ്ട് പോയി. അന്ന് ഞാൻ വളരെ സുന്ദരിയായിരിക്കുന്നു എന്ന് അവനോട് അഭിപ്രായം പറഞ്ഞത്രേ.  ചുരുക്കിപ്പറഞ്ഞാൽ ഫെബ്രുവരി 14, വാലന്റൈൻസ് ഡേ ആകാൻ അത്രയേറെ കാത്തിരുന്നു.
  
അങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തി. ഫെബ്രുവരി 14. പുള്ളിക്കാരനെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും പതിവ് പോലെ കൂട്ടുകാരൻ മാത്രമാണ് വന്നത്. കയ്യിൽ അത്യാവശ്യം വലിയൊരു ഗിഫ്റ്റ് പാക്കറ്റും ഉണ്ടായിരുന്നു. വർണകടലാസുകൊണ്ട് ഭംഗിയായി പൊതിഞ്ഞു മുകളിൽ രണ്ടു ചുവന്ന റോസപ്പൂക്കൾ റിബ്ബൺ കൊണ്ട് കെട്ടിയ മനോഹരമായ ​ഗിഫ്റ്റ് പാക്കറ്റ്. ഇന്ന് ​ഗിഫ്റ്റ് തന്നിട്ട് നാളെ വന്നു നേരിട്ട് കാണാനാണ് അദ്ദേഹത്തിന്റെ പ്ലാൻ എന്നും, ഇത്രയും ദിവസം കാത്തിരുന്നില്ലേ ഒരു ദിവസം കൂടി കാത്തിരിക്കണം എന്നും അവനോട് പറഞ്ഞു വിട്ടിരിക്കുന്നു.

കാണാത്തത്തിൽ അല്പം വിഷമം തോന്നിയെങ്കിലും ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ. നാളെ ആരാണെന്ന് നേരിട്ട് കാണാലോ.
​ഗിഫ്റ്റ് പാക്കറ്റുമായി ഞാൻ എന്റെ കൂട്ടുകാരിയെ തെല്ലൊരു അഹങ്കാരത്തോടെ നോക്കി." നിനക്ക് മാത്രമല്ലെടീ.. എനിക്കുമുണ്ട് ഗിഫ്റ്റ് തരുന്ന കാമുകൻ" എന്ന മട്ടിൽ.

എല്ലാവരും  ഗിഫ്റ്റ് പാക്കറ്റ് തുറക്കാൻ ചുറ്റും കൂടി. അപ്പോഴേക്കും അവൻ പറഞ്ഞു, ഇവിടെ വച്ച് തുറക്കരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട് അജിഷ. ആദ്യമായി തരുന്നത് നീ മാത്രം തനിച്ചു കണ്ടാൽ മതിയെന്നും നാളെ വന്നിട്ട് കൂട്ടുകാരോട് പറഞ്ഞാൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. 

എങ്ങനെയൊക്കെയോ ഒന്ന് വൈകുന്നേരം ആകാൻ കാത്തിരുന്നു.  വീട്ടിലെത്താൻ ധൃതി ആയി. പാക്കറ്റിന് അത്യാവശ്യം കനമുണ്ട്. ഇനി പൊട്ടുന്നത് വലതുമാണെങ്കിലോ എന്ന് കരുതി തിരക്കുള്ള ആദ്യത്തെ ബസിൽ ഒന്നും കയറാതെ തിരക്കില്ലാത്ത ബസിൽ കയറി മടിയിൽ തന്നെ വച്ച് സൂക്ഷിച്ചു വീട്ടിൽ വന്നു. അമ്മയും അച്ഛനും കാണാതെ എങ്ങനെയോ റൂമിൽ എത്തിച്ചു. അനിയത്തിയോട് മാത്രം കാര്യങ്ങൾ പറഞ്ഞിരുന്നു. അവളോട് അടുക്കളയിൽ പോയി കത്തിയെടുത്തു വരാൻ പറഞ്ഞു. സത്യത്തിൽ കത്തിവച്ചു മുറിക്കാൻ പോലും തോന്നുന്നില്ല. അത്രയേറെ മനോഹരമായ പാക്കറ്റ്. അനിയത്തിയുടെ മുഖവും ആകാംക്ഷാഭരിതം.

അങ്ങനെ നെഞ്ചിടിപ്പോടെ പാക്കറ്റ് തുറന്നു, ആദ്യം തന്നെ ഒരു ഭംഗിയുള്ള കാർഡ്, അതിൽ വടിവൊത്ത അക്ഷരത്തിൽ ഒരു വാക്ക്   " you are my girl ". സന്തോഷം കൊണ്ട് ഹാർട്ട്‌ അറ്റാക്ക് വരുമോ എന്നുപോലും തോന്നിപ്പോയി. ഒരിക്കലും കണ്ടിട്ടില്ലാത്ത, എന്റെ ഭാവനയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള എന്റെ പ്രിയപ്പെട്ടവന്റെ കൈ കൊണ്ട് എഴുതിയത്..

കാർഡ് അനിയത്തി വാങ്ങി അതിന്റ ചന്തം നോക്കുന്നു. വീണ്ടും മുകളിൽ ഒന്ന് രണ്ടു കാർഡുകൾ.. എല്ലാത്തിലും പ്രണയം തുളുമ്പുന്ന വാക്കുകൾ. എല്ലാം കഴിഞ്ഞ് അവസാനം ​ഗിഫ്റ്റിലേക്ക് എത്തിയപ്പോൾ പെട്ടന്ന് കണ്ണിൽ ആകെ ഇരുട്ട് കയറുന്നത് പോലെ തോന്നി. പിന്നിൽനിന്നു അനിയത്തിയുടെ പൊട്ടിച്ചിരി കാതുകളിൽ മുഴങ്ങി.  സ്വബോധം വീണ്ടെടുത്തു ഒന്നുകൂടി നോക്കി. അത്യാവശ്യം വലിപ്പമുള്ള രണ്ടു തേങ്ങ. പേപ്പറൊക്കെ തിരുകി ബോക്സിൽ ഒതുക്കി വച്ചിരിക്കുന്നു. രണ്ട് തേങ്ങകൾക്ക് നടുവിൽ ഒരു കത്തും. " എടീ പൊട്ടിക്കാളീ.. നീയല്ലേ വാലന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റ് ഒന്നും കിട്ടാനില്ലെന്ന് പറഞ്ഞ് ഒരു മാസം മുമ്പ് സെന്റിയടിച്ചത്. ഇതാ നല്ല കനത്തിലുള്ള ഗിഫ്റ്റ് ആണ്. കൊണ്ടുപോയി അമ്മയ്ക്ക് കൊടുത്തു നല്ല ഒന്നാന്തരം തേങ്ങാ ചമ്മന്തി ഉണ്ടാക്കി തരാൻ പറ. പറ്റുമെങ്കിൽ കുറച്ച് ഞങ്ങൾക്കും കൂടി കൊണ്ട് തരണം. എന്ന് നിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. പിന്നെ ഒരു മാസം കൊണ്ട് സ്വഭാവം കുറച്ചു നന്നായിട്ടുണ്ട്. അത് നിനക്ക് തീരെ ചേരില്ല. പിന്നെ കാമുകൻ എന്നത് നിന്നെ പറ്റിക്കാൻ പറഞ്ഞതാണ് ട്ടോ. ആരും കാത്തിരിക്കുന്നൊന്നുമില്ല. അതുകൊണ്ട് നാളെ മുതൽ നീ വീണ്ടും നിന്റെ കൂതറ സ്വഭാവുമായി വന്നോ ട്ടോ " ഇതായിരുന്നു കുറിപ്പിൽ.

ഇതുവായിച്ചു രണ്ടു തേങ്ങയും കയ്യിൽ പിടിച്ചു ഞാനിരിക്കുമ്പോൾ എന്തിനോ രണ്ടു കണ്ണിൽനിന്നു കണ്ണീർ പുറത്തേക്കൊഴുകി. ഇന്നും ഓരോ വർഷവും വാലന്റൈൻസ് ഡേ വരുമ്പോൾ എന്നെ പറ്റിച്ച കൂട്ടുകാരെയും തേങ്ങയും ഓർക്കും.. പിന്നെ ഭാവനയിൽ മാത്രം ഞാൻ കണ്ട ആ കാമുകനെ  വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ടുമുട്ടി. അയാളാണ് ഇന്ന് എന്റെ മൂന്നു കുട്ടികളുടെ അച്ഛൻ.