സോഷ്യൽ മീഡിയയുടെ ഫീഡിൽ നിറയെ അമ്മമാരാണ്. പ്രസവം കഴിഞ്ഞ് 37 ദിവസത്തിനുള്ളിൽ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയ ദീപിക പദുകോൺ സിങ്, ആറാഴ്ചയ്ക്കുള്ളിൽ ബിക്കിനിയണിഞ്ഞ് വിക്ടോറിയ സീക്രട്‌സിന്റെ റാംപിൽ ചുവടുവെച്ച ബാർബറ പൽവിൻ, പ്രസവശേഷമുള്ള ശരീരമാറ്റത്തെ അപഹസിച്ചവരോട് തിരിച്ചുപോകണമെന്നോ എങ്ങോട്ട് എന്ന് ചോദിച്ച കത്രീന അങ്ങനെ അമ്മയായ ശേഷവും കരിയറിന്റെ വേഗം കുറയ്ക്കാത്ത കുറച്ചുപേർ. സ്ത്രീയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിനും സമൂഹം ഒരു സ്‌ക്രിപ്റ്റ് എഴുതിവെച്ചിട്ടുണ്ട്. ആ സ്‌ക്രിപ്റ്റിൽനിന്ന് സ്വയം ഇംപ്രൊവൈസ് ചെയ്ത ജീവിതം ജീവിക്കുന്നവരാണ് ഇവർ. മുപ്പതിന് മുൻപേ അമ്മയാകണം, കല്യാണം കഴിഞ്ഞാൽ ഉടൻ വേണം 'വിശേഷം', അമ്മയാകുന്നതോടെ കരിയർ അവസാനിച്ചു തുടങ്ങി മാതൃത്വവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നമുക്കിടയിൽ നിലനിന്നിരുന്ന ടിപ്പിക്കൽ ചിന്താഗതികളെ ഒന്നൊന്നായി ഇവർ തിരുത്തുകയാണ്. സെലിബ്രിറ്റികൾ എന്നൊരു പ്രിവിലെജ് സാധാരണക്കാരിൽനിന്ന് വ്യത്യസ്തമായി ഇവർക്കുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, അതിനൊരു അർധവിരാമം ഇട്ട് തുടർന്നാൽ വിവാഹം കഴിഞ്ഞ് അപ്രത്യക്ഷരാകുന്ന സെലിബ്രിറ്റികൾക്കിടയിൽപോലുമുണ്ടായിരുന്ന മാമൂലുകളെയാണ് ഇവർ തിരുത്തിയത്. ഇവരെല്ലാവരും പറഞ്ഞുവയ്ക്കുന്നത് ഒരേയൊരു കാര്യമാണ്, മാതൃത്വം ഒരു തിരഞ്ഞെടുപ്പാണ്, തികച്ചും വ്യക്തിപരമായ ഒന്ന്.

To advertise here,

2018ൽ, കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് ദീപിക പദുകോൺ വിവാഹിതയാകുന്നത്. ദീപിക അഭിനയിച്ച പദ്മാവത് വിവാദങ്ങളെയും മറികടന്ന് കോടിക്കിലുക്കവുമായി തിയേറ്ററുകൾ കീഴടക്കുന്നത് ഏതാണ്ട് അതേ സമയത്താണ്. ഏറ്റവും വലിയ തുക പ്രതിഫലം പറ്റുന്ന ഇന്ത്യയിലെ അഭിനേത്രിയായിരുന്നു അപ്പോഴവർ. ഏകദേശം അതേ സമയത്തുതന്നെയാണ് ലോകത്തെ സ്വാധീനശക്തിയുള്ള നൂറുപേരുടെ പട്ടികയിൽ അവർ ഇടംപിടിക്കുന്നതും. വിവാഹത്തോടെ പ്രഭ മങ്ങിയൊടുങ്ങുന്ന വെള്ളിത്തിരയിലെ താരമാകുന്നതിന് പകരം വിവാഹത്തോടെ വിജയത്തിന്റെ പടികൾ കുറേക്കൂടി ഊർജസ്വലയായി അവർ ചവിട്ടിക്കയറി. വിശേഷമൊന്നുമായില്ലേ എന്ന ചോദ്യം കേൾക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം പണിതുയർത്തിയ സാമ്രാജ്യം അത്രപെട്ടെന്നിളകാത്ത രീതിയിൽ കഠിനാധ്വാനത്തിലൂടെ ഉറപ്പിക്കുകയായിരുന്നു ദീപിക. അങ്ങനെ കരിയറിലും ബിസിനസ്സിലും മിന്നിത്തിളങ്ങി നിൽക്കുന്നതിനിടയിലാണ് 38-ാം വയസ്സിൽ അവർ അമ്മയാകുന്നത്. അപ്പോഴേക്കും സ്റ്റാർവാല്യൂ മാത്രമല്ല ആവശ്യങ്ങൾ ചോദിച്ചുവാങ്ങാനുള്ള വോയ്‌സും (മുൻനിര നായക നടന്മാർക്ക് കാലങ്ങളായുണ്ടായിരുന്ന പ്രിവിലെജ്) അവർ നേടിയെടുത്തിരുന്നു. ഓർമയില്ലേ എട്ടുമണിക്കൂർ വിവാദം.

അതുപോലെത്തന്നെയായിരുന്നു ആലിയയുടെ വിവാഹവും മാതൃത്വവും. ബോളിവുഡിന്റെ ക്യൂട്ട് ഗേളിൽനിന്ന് മികച്ച നടിയിലേക്കുള്ള യാത്രക്കിടയിലാണ് ആലിയ വിവാഹിതയാകുന്നതും അമ്മയാകുന്നതും. അമ്മയായി വെറും നാലുമാസങ്ങൾക്കുള്ളിൽ ഫിറ്റ്‌നെസ്സ് വീണ്ടെടുത്ത് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കാനായി അവർ കാശ്മീരിലെത്തുന്നത്. ഏത് പ്രൊഫഷനിലായാലും അമ്മയായ ശേഷമുള്ള മടങ്ങിവരവ് അത്ര എളുപ്പമല്ലെന്ന് അന്നവർ പറഞ്ഞെങ്കിലും മാതൃത്വത്തിന് സമൂഹം നൽകിയ ഉത്തരവാദിത്വങ്ങൾ തലയിലേറ്റി അവർ വീണ്ടും അഭിനയിക്കാതിരുന്നില്ല. ഇവർക്കെല്ലാം മുൻപേ നടന്ന വ്യക്തിയായിരുന്നു പട്ടൗഡി പാലസിലേക്ക് മരുമകളായെത്തിയ കരീന കപൂർ ഖാൻ. മറ്റൊരാളെക്കൂടി പറയാതിരിക്കാനാവില്ല. പ്രസവത്തെ തുടർന്ന് ബോഡിഷെയ്മിങ്ങ് നേരിട്ട കത്രീന കൈഫ്, അവർ അമ്മയായത് 43 വയസ്സിലാണ്. കിളവിയായല്ലോ എന്നുപറഞ്ഞ് പ്രസവശേഷമുള്ള കത്രീനയെ സോഷ്യൽ മീഡിയ അപഹസിക്കുമ്പോൾ മറുപുറത്ത് അവരുടെ കോസ്‌മെറ്റിക് ബ്രാൻഡായ കേ ബ്യൂട്ടി ബിസിനസ്സ് 350 കോടിയിലേക്ക് കുതിച്ചുയരുകയായിരുന്നു. വെറും മൂന്നുവർഷംകൊണ്ട് മൂന്നിരട്ടി വളർച്ച. ക്ഷീരമുള്ളോരകടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം!

ഇരുപതുകളിൽ കല്യാണം, മുപ്പതുകളിൽ കുടുംബവും കുട്ടികളുമായി 'സെറ്റിൽഡാ'യി പ്രാരാബ്ധജീവിതം എന്നതാണല്ലോ നമ്മുടെ പതിവ് ലൈൻ. അതിനു പകരം കരിയർ, സാമ്പത്തിക സ്വാതന്ത്ര്യം, വ്യക്തിപരമായ ലക്ഷ്യങ്ങൾ അതിനുശേഷം സമയമായെന്ന് തോന്നിയപ്പോൾമാത്രം അവർ 'മാതൃത്വം' തിരഞ്ഞെടുത്തു. മാതൃത്വത്തെ ഒരു ഫിനിഷിങ് ലൈനായി ട്രീറ്റ് ചെയ്യുന്ന സമൂഹത്തിൽനിന്നുകൊണ്ടുതന്നെ അവിടെനിന്ന് അടുത്ത ചുവടുകൾ വച്ചു. നേരത്തേ പറഞ്ഞതുപോലെ ആറാഴ്ചയ്ക്കുള്ളിൽ വിക്ടോറിയ സീക്രട്‌സിന്റെ റാമ്പിലേക്ക് തിരിച്ചെത്തിയ ബാർബറയും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് 37 ദിവസങ്ങൾക്കുള്ളിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ദീപികയും അഭിനന്ദനം അർഹിക്കുന്നവരാണ്. പക്ഷേ ഒരുകാര്യം മറക്കരുത്. അമ്മയായിക്കഴിഞ്ഞ് കരിയറിലേക്കുള്ള മടക്കം സെലിബ്രിറ്റികൾക്ക് മറ്റുള്ളവരേക്കാൾ അനായാസമാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ളതുകൊണ്ട് അവർക്ക് സഹായികളെ നിയമിക്കാം. കുട്ടികളുടെ പരിചരണത്തിന് പിന്തുണ തേടാം. കരിയർ ഇതായതുകൊണ്ടുതന്നെ പഴയ രൂപത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തുന്നതിനായി പേഴ്‌സണൽ ട്രെയിനർമാരും കൃത്യമായ ഡയറ്റ് പ്ലാനുകൾ തയ്യാറാക്കാൻ ന്യൂട്രീഷ്യനിസ്റ്റുകളും, ചർമസംരക്ഷണത്തിനായി ഡെർമറ്റോളജിസ്റ്റുകളും അവർക്കുണ്ട്. പ്രസവശേഷം ജോലിയിലേക്ക് തിരിച്ചുവരാൻ അവർക്ക് വ്യത്യസ്തമായ സംവിധാനങ്ങൾ ലഭ്യമായേക്കാം. സാധാരണ സ്ത്രീകൾക്ക് പ്രസവാവധി, ജോലിസ്ഥലത്തെ സൗകര്യങ്ങൾ, ശിശുപരിചരണം, കുടുംബത്തിന്റെ പിന്തുണ എന്നിവ പലപ്പോഴും വെല്ലുവിളിയാണ്. അതുകൊണ്ട് അവരുടെ ജീവിതം അതേപടി അനുകരിക്കണമെന്നല്ല, അവർ ഉയർത്തുന്ന തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെ തിരിച്ചറിയണമെന്നാണ് പ്രധാനം.

ഒരു കുഞ്ഞ് ജനിച്ചാൽ അച്ഛന്റെ ജീവിതം വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നതാണ് പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ അമ്മയുടെ കാര്യത്തിൽ കഥ മാറും. ജോലിക്ക് പോകുന്ന അമ്മയോട് കുഞ്ഞിനെ ആരാണ് നോക്കുന്നതെന്ന് ചോദിക്കും. വൈകി വീട്ടിലെത്തിയാൽ അമ്മയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമിപ്പിക്കും. കുഞ്ഞിന് അസുഖം വന്നാൽ അമ്മയുടെ പരിചരണത്തെ ചോദ്യം ചെയ്യും. അച്ഛൻ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെ നോക്കുന്നതിനെക്കുറിച്ച് ഇതേ സമൂഹം എത്രത്തോളം ചിന്തിക്കാറുണ്ടെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ. മാറ്റങ്ങൾ ഇല്ലെന്നല്ല, പിതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കുട്ടികളേ വളർത്തുന്നതിലെ അദൃശ്യമായ അധ്വാനം ഇപ്പോഴും സ്ത്രീകളുടെ ചുമലിലാണ്. കുട്ടികൾക്കായി സ്വന്തം ഇഷ്ടങ്ങളും സ്വപ്‌നങ്ങളും മാറ്റി വയ്ക്കുന്നതല്ല നല്ല അമ്മയുടെ ലക്ഷണം.മദേഴ്‌സ് ഗിൽറ്റ് എന്നൊരു സംഗതി കേട്ടിട്ടില്ലേ..കുഞ്ഞിനെ ഇട്ട് ജോലിക്കുപോകുന്ന അമ്മമാർക്കുണ്ടാകുന്ന ഒരുതരം കുറ്റബോധമാണിത്. ജോലിക്ക് തന്നെ പോകണമെന്നില്ല, കുഞ്ഞില്ലാതെ സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പോയാലും ഒരു നല്ല ചോക്ലേറ്റ് കഴിച്ചാലും ഈ കുറ്റബോധം നിറഞ്ഞുതുളുമ്പും. ഞാനൊരു നല്ല അമ്മയല്ലേ.. എന്ന് സദാസമയവും അവർ കുണ്ഠിതപ്പെട്ടുകൊണ്ടിരിക്കും. ഇനി അവർക്ക് അങ്ങനെ തോന്നിയില്ലെങ്കിൽ തോന്നിപ്പിക്കുക എന്നുള്ളതാണല്ലോ പ്രിയപ്പെട്ടവരുടെ ജോലി. അതേസമയം, മറ്റാരുടെയും നിർബന്ധത്തിലല്ലെങ്കിൽ ഹോംമേക്കറാകുന്നതും ഒരു തിരഞ്ഞെടുപ്പാണ്. മാതൃത്വത്തിനുശേഷം ഹോംമേക്കറാകുന്നത് പരാജയമോ കഴിവില്ലായ്മയോ അല്ല. സെലിബ്രിറ്റികളിൽതന്നെ അനുഷ്‌ക ശർമയും റാണി മുഖർജിയും അസിനുമൊന്നും സോഷ്യൽ മീഡിയയിൽ പോലും ആക്ടീവല്ല. കുടുംബത്തിനും കുട്ടികൾക്കുമായി കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിക്കുന്ന സ്ത്രീയും അവിടെ സ്വന്തം ജീവിതം തിരഞ്ഞെടുക്കുകയാണ്. കരിയർ തിരഞ്ഞെടുക്കുന്നതും കരിയറിൽനിന്ന് ഇടവേളയെടുക്കുന്നതും ഒരുപോലെ സാധുവായ തീരുമാനങ്ങളാണ്. മാതൃത്വത്തിനുശേഷമുള്ള ജീവിതത്തിന് വാർപ്പുമാതൃകകളൊന്നുമില്ല. ചിലർക്ക് കുഞ്ഞിനൊപ്പം വീട്ടിലിരിക്കാനാണ് ഇഷ്ടം. ചിലർക്ക് ജോലിയിൽ തിരിച്ചെത്തുമ്പോഴാണ് സന്തോഷം. ചിലർക്ക് രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് താത്പര്യം. മറ്റുചിലർക്ക് കരിയറിൽനിന്ന് ദീർഘമായ ഇടവേള വേണം. ആ തീരുമാനങ്ങളിൽ ശരിയും തെറ്റുമില്ല.

ഒൻപത് മാസം ഗർഭം ചുമന്ന് പ്രസവിക്കുന്ന സ്ത്രീ മാത്രമല്ല അമ്മ. ദത്തെടുക്കലിലൂടെയും സരോഗസിയിലൂടെയും മാതൃത്വം സ്വീകരിക്കുന്നവരും കുഞ്ഞിനെ വളർത്താൻ സ്വന്തം ജീവിതത്തിലെ വലിയൊരു ഭാഗം മാറ്റിവയ്ക്കുന്നവളും അമ്മയാണ്. സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയവരെപ്പോലും 'സമ്പൂർണ അമ്മ'യായി കണക്കാക്കുന്നില്ല അപ്പോഴാണ് സരോഗസിയിലൂടെ പ്രിയങ്ക ചോപ്രയും നയൻതാരയുമെല്ലാം അമ്മയായത്. തന്നേക്കാൾ പത്തുവയസ്സിനിളയ നിക് ജൊനാസിനെ വിവാഹം ചെയ്ത് എല്ലാവരെയും ഒന്നു ഞെട്ടിച്ചതാണ് പ്രിയങ്ക. ആ ഞെട്ടൽ മാറും മുൻപായിരുന്നു സരോഗസിയിലൂടെ അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവയ്ക്കുന്നത്. പ്രസവശേഷം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രിയങ്ക സരോഗസി തിരഞ്ഞെടുത്തതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എന്തായിരുന്നു പുകിൽ? കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കാത്ത ഒരു സ്ത്രീക്ക് കുഞ്ഞിനോട് എങ്ങനെ മാതൃസ്‌നേഹം തോന്നുമെന്നായിരുന്നു മറ്റൊരു സംശയം. എഴുത്തുകാരി തസ്ലീമ നസ്‌റിൻ വരെ വിമർശനവുമായെത്തി. ധനാഢ്യരായവർ സാമ്പത്തികശേഷിയില്ലാത്ത സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്ന ആരോപണംവരെ ഉയർന്നു. ചില മെഡിക്കൽ കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു, അതുകൊണ്ട് സരോഗസിയല്ലാതെ മറ്റുമാർഗമില്ലായിരുന്നു എന്നായിരുന്നു ഇതിനെല്ലാം വോഗ് മാഗസിനിലൂടെ പ്രിയങ്ക നൽകിയ മറുപടി. മാതൃസ്‌നേഹത്തെ സംശയിച്ചവരോട് ജനിച്ച സമയത്ത് കുഞ്ഞിനുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മാതാപിതാക്കളെന്ന നിലയിൽ കടന്നുപോയ മാനസികപ്രയാസങ്ങളെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. നയൻതാരയുടെ കേസിലേക്ക് വന്നാൽ വാടകഗർഭധാരണ നിയമം അവർ ലംഘിച്ചു എന്നായിരുന്നു ആരോപണം. പക്ഷേ, ഇന്നവരെ നോക്കൂ..കുട്ടികളും കുടുംബവും കരിയറുമായി അതിമനോഹരമായ ജീവിതം നയിക്കുകയാണ് രണ്ടുപേരും. ഒരു സ്ത്രീയുടെ മാതൃത്വത്തെ വിലയിരുത്താൻ പ്രസവരീതി മാനദണ്ഡമാകേണ്ടതുണ്ടോ എന്ന ചോദ്യത്തിനുത്തരമാണ് അവരുടെ ജീവിതം. ദത്തെടുക്കൽ, സരോഗസി തുടങ്ങി മാതൃത്വത്തിലേക്കുള്ള വ്യത്യസ്ത വഴികളെ നോർമലൈസ് ചെയ്യാൻ ഇത്തരത്തിലുള്ള പ്രമുഖ വ്യക്തികളുടെ തീരുമാനങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല.

അതുപോലെയാണ് കുഞ്ഞുവേണ്ടെന്ന തീരുമാനവും. അമ്മയാകുന്നതോടെ മാത്രമേ സ്ത്രീ പൂർണയാകൂ എന്ന ധാരണ തെറ്റാണ്. മാതൃത്വം എല്ലാവർക്കും ഉണ്ടാകുന്ന ഒരു സ്വാഭാവികമായ ആഗ്രഹമാണെന്ന ധാരണയും തെറ്റാണ്. അമ്മയാകാൻ ആഗ്രഹിക്കാത്ത സ്ത്രീകളുമുണ്ട്. അടുത്തിടെ സോഹ അലിഖാന്റെ ആൾ ഒഎബൗട്ട് ഹെർ എന്ന പോഡ്കാസ്റ്റിൽ നടി ശ്വേത ത്രിപാഠി കുഞ്ഞുവേണ്ടെന്ന തീരുമാനത്തിലെത്തിയതിനെ പറ്റി സംസാരിച്ചിരുന്നു. കുഞ്ഞ് സ്ത്രീയുടെമാത്രം ഉത്തരവാദിത്തമാകുന്നതിനെ കുറിച്ച് അതിൽ അവർ സംസാരിക്കുന്നുണ്ട്. തന്നെ മാതൃത്വത്തിൽനിന്ന് പിന്തിരിപ്പിച്ചത് അതാണെന്നും അവർ തുറന്നുപറയുന്നുണ്ട്. അമ്മയാകുക എന്നത് ഒരു തിരഞ്ഞെടുപ്പാണ്, അതല്ലാതെ നിർബന്ധിതമായ ജീവിതഘട്ടമല്ല. നേരത്തേ അമ്മയാകുന്നവരും വൈകി അമ്മയാകുന്നവരും സരോഗസിയിലൂടെ അമ്മയാകുന്നവരും ദത്തെടുക്കലിലൂടെ അമ്മയാകുന്നവരും അമ്മയായിട്ടും കരിയർ തുടരുന്നവരും കരിയറിന് ഇടവേള നൽകി കുട്ടികൾക്കൊപ്പം ജീവിക്കുന്നവരുമെല്ലാം അവരവരുടെ ജീവിതം തിരഞ്ഞെടുക്കുകയാണ്.

ആ തിരഞ്ഞെടുപ്പുകളെ വിലയിരുത്താൻ നമ്മളാര്? ഒരു സ്ത്രീ എങ്ങനെയാണ് ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് നാം ആരായേണ്ടത്. സ്ത്രീയുടെ ജീവിതത്തിന് എക്‌സ്പയറി ഡേറ്റ് നിശ്ചയിക്കാൻ മാതൃത്വത്തിനോ വിവാഹത്തിനോ സമൂഹത്തിനോ അവകാശമില്ല. ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആഡ്രൂസ് ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മകൾ ചോദിക്കുന്നത് പോലെ ആ ചോദ്യം വീണ്ടും മുഴങ്ങുകയാണ് സ്ത്രീകളുടെ സ്വപ്‌നങ്ങൾക്ക് ആരാണ് എക്‌സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്?