
ഒരുപാട് ഫോട്ടോകളുണ്ട് എന്റെ ശേഖരത്തില്‍. കാട്ടിലും മലയിലും വെള്ളച്ചാട്ടത്തിലുമൊക്കെയായി ഒരുപാട് ക്ലിക്കുകള്‍. എണ്ണിയാല്‍ തീരാത്ത ഈ ചിത്രങ്ങളുടെ കൂമ്പാരത്തില്‍ ഒന്നുമാത്രം വേറിട്ടതാണ്. എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഇരുപത്തിയാറാം വയസ്സിലെ ഒരു ചിത്രം. എന്നെ അറിയുന്നവര്‍ കണ്ടാല്‍ ഞെട്ടുകയോ ഒരുപക്ഷേ നെറ്റിചുളിക്കുകയോ ചെയ്‌തേക്കാവുന്ന ഒന്ന്. കണ്ണീരിന്റെ നനവുപടര്‍ന്നിട്ടും നിറംമങ്ങാത്ത ഈ ചിത്രത്തിന് പിന്നില്‍ ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നഷ്ടപ്പെടലിന്റെ കഥയുണ്ട്.
ആ നോവിന്റെ കഥയിലേയ്ക്ക് എത്തും മുന്‍പ് കുറച്ചു പൊതുകാര്യങ്ങള്‍ നിരത്തേണ്ടതുണ്ട് എനിക്ക്. എങ്കിലേ കണ്ണീരിന്റെ നനവ് പടര്‍ന്ന് ആ ചിത്രത്തിന്റെ നിറം തെളിയൂ..
Also Read
വിവാഹം എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവാണ്. വിവാഹശേഷമുള്ള കുടുംബജീവിതം സംതൃപ്തമാകുന്നതില്‍ ഓരോ സമയത്തും ഓരോരുത്തരും ഓരോ നിര്‍വചനങ്ങള്‍ കൊടുത്തിട്ടുണ്ട്. 'പെണ്ണിന് സാമ്പത്തികമായി നല്ല ചുറ്റുപാടുണ്ടെങ്കില്‍ പോകുന്നിടത്തു സുഖമായി കഴിയാം, ഭര്‍തൃവീട്ടുകാര്‍ നന്നെങ്കില്‍ നല്ല ജീവിതം ആയിരിക്കും, അതല്ല പോകുന്ന പെണ്ണിന്റെ കയ്യിലിരിപ്പ് പോലിരിക്കും ബാക്കി എല്ലാം.. അങ്ങനെ കുറേ ന്യായവിധികള്‍. 'അങ്ങനെ സ്വന്തം അനുഭവത്തില്‍ നിന്നോ മറ്റു ജീവിതങ്ങൾ കണ്ടോ ഒക്കെ ഇത്തരത്തിൽ പലതും കാലാകാലങ്ങളായി നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുന്നു.
ഒരു പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ കയറുമ്പോള്‍ അതുവരെ ജീവിച്ച ചുറ്റുപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ഥലത്തേക്ക് പറിച്ചു നടപ്പെടുകയാണ്. അത്ര ദിവസം പെണ്‍കുട്ടി ആയവള്‍ ഒറ്റദിവസം കൊണ്ട് സ്ത്രീ ആയി മാറുന്നു. അവളുടെ സംസാരം, പ്രവൃത്തികള്‍, ജോലി, വസ്ത്രധാരണം, ചിരി, ഭക്ഷണം, ഉറങ്ങുന്ന സമയം എന്തിനധികം, കുളിക്കാന്‍ ബാത്റൂമില്‍ കയറിയാല്‍ തിരിച്ചിറങ്ങുന്ന സമയം വരെ നോക്കിയിരുന്ന് വിലയിരുത്തുന്നവരുണ്ട്. ഒരുപാട് കുടുംബങ്ങളില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും അത് പിന്നീട് മൂര്‍ച്ഛിച്ച് വിവാഹമോചനം വരെ ചെന്നെത്തുന്നതും കാണുന്നുണ്ട്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാന്‍ പറ്റാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് പതിവാകുന്നു. അന്വേഷിച്ചാല്‍ ഒരു പരിധിവരെ ഇതിലൊക്കെ വീട്ടുകാര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മനസിലാകും. അവരുടെ ഈഗോ, അവരുടേതായ അലിഖിത നിയമങ്ങളില്‍ വരുത്തുന്ന വീഴ്ചകള്‍, സാമ്പത്തികനിലയിലുള്ള വ്യത്യാസം ഇങ്ങനെ ഒരു നൂറുപ്രശ്‌നങ്ങള്‍. വീട്ടുകാരില്‍ നിന്നും ഉടലെടുക്കുന്ന വിഷയങ്ങള്‍ പിന്നീട് ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് കടക്കുന്നു. പിന്നെ അത് ഇരുവീട്ടുകാരും തമ്മിലുള്ള വഴക്കാകും. അവസാനം ഒന്നുകില്‍ വേര്‍പിരിയല്‍, അല്ലെങ്കില്‍ എന്തെങ്കിലും ദുരന്തത്തില്‍ അവസാനിക്കും.
ഈ സംഭവങ്ങളിലെല്ലാം എന്നും പ്രധാന കഥാപാത്രമായി വരുന്നത് അമ്മായിയമ്മമാരാകും. കല്ല്യാണം കഴിച്ച പെണ്‍കുട്ടികള്‍ക്ക് എന്നും കൂടെയുണ്ടാവാറുള്ളത് അമ്മായിയമ്മമാര്‍ തന്നെ ആയിരിക്കും. സിനിമകളിലെയും സീരിയലുകളിലെയും സ്ഥിരം വില്ലന്‍വേഷക്കാരാണല്ലോ അവര്‍. എന്നാല്‍, അങ്ങനെ അല്ലാത്ത അമ്മായിയമ്മമാരും ഉണ്ട്. അത് പക്ഷേ എണ്ണത്തില്‍ വളരെ കുറവായിരിക്കാം. സ്വന്തം മക്കളെ പോലെ തന്നെ വന്ന പെണ്‍കുട്ടികളെയും സ്‌നേഹിക്കുന്നവര്‍. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെ ഒരു അമ്മയെ ആണ് വിവാഹശേഷം എനിക്ക് കിട്ടിയത്. നല്ലൊരു അമ്മായിയമ്മ എന്നതിലുപരി അങ്ങനെയും ഒരു സ്ത്രീയെ കൊണ്ട് ജീവിക്കാന്‍ പറ്റുമോ എന്ന് അതിശയിപ്പിക്കുന്ന വിധത്തില്‍ സാത്വികമായ ഒരു സ്വഭാവമായിരുന്നു അമ്മയുടേത്.
ചെറിയ പ്രായത്തില്‍ തന്നെ വിധവയായ ആളായിരുന്നു രാധമ്മ എന്ന അമ്മ. അവരുടെ ഇരുപത്തിയേഴു വയസ്സില്‍. അച്ഛന്‍ പോലീസുകാരനായിരുന്നു. ഒരു റോഡ് ആക്സിഡന്റില്‍ അച്ഛന്‍ മരണപ്പെട്ടു. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും കൊണ്ട് അമ്മ തനിച്ചായി. അച്ഛന്‍ ജോലിയിലിരിക്കെ മരിച്ചതിനാല്‍ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടി. അച്ഛന്റെ മരണശേഷം വീട്ടിലായാലും ജോലിക്കായാലും വെള്ള ബ്ലൗസും വെള്ള മല്ലിന്റെ കരയില്ലാത്ത മുണ്ടും നേര്യതും മാത്രം ധരിക്കുന്ന അമ്മയെ കണ്ടാല്‍ ഒരു സന്യസിനിയെ പോലെ തോന്നുമായിരുന്നു.
ആരെയും പ്രീതിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ അമ്മ ഒന്നും പറയാറില്ല. ആരുടെ മുന്നിലും പൊങ്ങച്ചം പറയാനോ ആരെയും പുകഴ്ത്താനോ ഇകഴ്ത്താനോ ഇല്ല. പത്തു മിനിറ്റ് കൂടെ നിന്നാല്‍ അറിയാം അവരുടെ മനസ്. തികച്ചും യഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് അമ്മയെങ്കിലും ഒരിക്കലും ആരുടെയും സ്വാതന്ത്ര്യത്തിനോ ഇഷ്ടത്തിനോ എതിര് നിന്നിട്ടില്ല. കല്യാണത്തിന് മുമ്പ് വരന്റെ വീട് കാണണമെന്ന് ഞാന്‍ നിര്‍ബന്ധം പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ എന്നെ വീട്ടിലേക്ക് ക്ഷണിച്ചയാളാണ് അമ്മ. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം കല്യാണം എന്ന കാര്യം വീട്ടിൽ ആലോചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അത് മനസിലാക്കി എനിക്ക് കല്യാണത്തിന് അണിയാനുള്ള ആഭരണങ്ങള്‍ മുഴുവന്‍ ഒരുക്കി ഇങ്ങോട്ട് സ്ത്രീധനം തന്ന് എന്നെ സ്വീകരിച്ചതും അമ്മ തന്നെ.
പിന്നെയുള്ളത് അവര്‍ തന്ന സ്വാതന്ത്ര്യമാണ്. ഒരു കാര്യത്തിലും അങ്ങനെ ചെയ്യണം ഇങ്ങനെ വേണം. അത് പാടില്ല, ഇവിടെ ഇങ്ങനെ അല്ല.. തുടങ്ങിയ യാതൊരുവിധ നിര്‍ദേശങ്ങളും നിര്‍ബന്ധവുമില്ല. അമ്മ രാവിലെ മൂന്നര നാലാകുമ്പോള്‍ എഴുന്നേറ്റ് കുളിച്ച് നിലവിളക്ക് വച്ച് അമ്പലത്തില്‍ പോയി തൊഴുതു വന്നതിന് ശേഷം മാത്രമേ അടുക്കളയില്‍ കയറുകയുള്ളൂ. പണ്ടത്തെ തറവാടുകളിലെ പോലെ അടുക്കും ചിട്ടയുമുള്ള ജീവിതം. നാലു മക്കളും അവരുടെ കുടുംബങ്ങളുമുള്ള വലിയ കൂട്ടുകുടുംബത്തിലെ എല്ലാ ചെലവുകളും വഹിച്ചിരുന്നത് അമ്മയായിരുന്നു. പാചകവും അമ്മ തന്നെ. രാവിലെ ചായ ഉണ്ടാക്കി മകനും ഭാര്യയും കിടക്കുന്ന മുറിയുടെ കതക് തട്ടി രണ്ടുപേര്‍ക്കും ചൂട് ചായ കൊണ്ടു കൊടുക്കുന്ന അമ്മായിയമ്മയെ സിനിമയിലല്ലാതെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നുണ്ടോ. അതും സമയം രാവിലെ ഏഴു മണി കഴിഞ്ഞിരിക്കും. വാങ്ങി കുടിക്കുമ്പോള്‍ യാതൊരു ജാള്യതയും തോന്നാറില്ല. കാരണം അമ്മ ഒരിക്കലും അതിന് പരാതി പറയില്ല എന്ന് ഉറപ്പാണ്.

അമ്മ രാവിലെ എഴുന്നേറ്റു കുളിച്ചു മാത്രമേ അടുക്കളയില്‍ കയറുള്ളു എന്ന് കരുതി മരുമക്കള്‍ അങ്ങനെ വേണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ എന്നല്ല ഒന്നിനും നിര്‍ബന്ധമില്ല. കിടക്കയില്‍ നിന്നും എഴുന്നേറ്റു പല്ലും തേച്ചു നേരെ അടുക്കളയില്‍ പോയി അമ്മയുണ്ടാക്കി വയ്ക്കുന്ന ചൂട് ദോശ എടുത്തു തിന്നു ഞാന്‍ വാചക കസര്‍ത്തു നടത്തുമ്പോള്‍ 'അമ്മ ഇങ്ങനെ പഠിപ്പിച്ചോ ജോലിയൊന്നും ചെയ്യിക്കാതെ, അമ്മ എന്നെങ്കിലും വയ്യാതെ ഒന്ന് കിടന്നുപോയാല്‍ വീട്ടില്‍ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും. അപ്പോഴേ അമ്മയ്ക്ക് മനസിലാകുള്ളൂ' എന്നൊക്കെ പറഞ്ഞ് ഭര്‍ത്താവ് വഴക്ക് പറയാറുണ്ട് അമ്മയെ.
'അങ്ങനെ ഒരു ആവശ്യം വന്നാല്‍ അപ്പോള്‍ അവരെല്ലാം ചെയ്യുമെടാ.. അതിന് ഇപ്പോഴേ പണിയെടുപ്പിക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ കുട്ടികളല്ലേ ഇപ്പൊഴല്ലെ ഇങ്ങനെ ഉറങ്ങാനൊക്കെ പറ്റുള്ളൂ,' എന്നായിരുന്നു അമ്മയുടെ മറുപടി.
ഞാനും ഹരിയും തമ്മിലുള്ള പിണക്കങ്ങളില്‍ എന്റെ ദേഷ്യം കൊണ്ടുണ്ടായ പ്രശ്‌നം ആണെന്ന് ഹരിക്കും അമ്മയ്ക്കും എന്തിന് എനിക്ക് തന്നെ അറിയാം എന്റെ ഭാഗത്താണ് തെറ്റെന്ന്. എന്നിട്ടും 'അത് ചെറിയ കുട്ടിയല്ലേ.. നീയല്ലേ പ്രായം കൊണ്ട് മൂത്തത്. അപ്പോള്‍ നീയാണ് ക്ഷമിക്കേണ്ടത് എന്ന് മകനെയാണ് അമ്മ ശാസിക്കുക.
ഏട്ടനും ഏട്ടത്തിയമ്മയും ടൗണില്‍ പോയി സിനിമ കണ്ടുവന്നാല്‍ പിറ്റേന്ന് തൊട്ട് ഭര്‍ത്താവിനോട് പറഞ്ഞു തുടങ്ങും: 'ഡാ അവര് പോയി സിനിമ കണ്ടു. നല്ലതാത്രേ.. നീ ആ കുട്ടിയേയും കൊണ്ടുപോയി കാണിക്ക്'. തിരിച്ചു ഞങ്ങള്‍ ആണ് യാത്രയോ സിനിമയ്‌ക്കോ പോയതെങ്കില്‍ മറ്റ് രണ്ടു ആണ്‍മക്കളോടും അങ്ങനെ തന്നെ. എന്നും മരുമക്കളുടെ ഭാഗം പറയുന്ന അമ്മ.
അമ്മ മാത്രം സിനിമയ്ക്കും വരില്ല ആഘോഷങ്ങള്‍ക്കുമില്ല.
ഒരു കാര്യത്തിനും അവര്‍ ആരെയും ബുദ്ധിമുട്ടിക്കുന്നതോ, എന്തെങ്കിലും ആവശ്യങ്ങള്‍ ചെയ്തു തരാന്‍ മക്കളോട് പോലും പറയുന്നതോ കണ്ടിട്ടില്ല. ഒരു കാര്യം ഒഴികെ..
ആ കാര്യം ഇന്നുമുള്ളില്‍ ഒരു ഉറങ്ങാത്ത മുറിവാണ്. പണ്ട്, അമ്മയുടെ ഇളയ മകന്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ എന്തോ അസുഖം വന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും അബോധാവസ്ഥയിലായി കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലും ആയത്രേ. ആ സമയം കുഞ്ഞിനെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുന്നതിനിടയ്ക്ക് അമ്മ തിരുപ്പതി ഭാഗവാന് നേര്‍ച്ച നേര്‍ന്നു. കുഞ്ഞിന് ആപത്തൊന്നും കൂടാതെ തിരിച്ചുകിട്ടിയാല്‍ തിരുപ്പതി വന്ന് തല മൊട്ടയടിച്ചോളാമെന്ന്.
കുഞ്ഞിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ സുഖം പ്രാപിച്ചു. അന്ന് മുതല്‍ അമ്മ ആവശ്യപ്പെട്ട ഏകകാര്യം തിരുപ്പതി പോകണം എന്നതായിരുന്നു. മക്കളൊക്കെ വളര്‍ന്നു വലുതായി അമ്മയെ ഒരുപാട് സ്ഥലങ്ങളിലും, കാശി, രാമേശ്വരം തുടങ്ങി എല്ലാ അമ്പലങ്ങളിലും കൊണ്ടുപോയെങ്കിലും തിരുപ്പതി മാത്രം കൊണ്ടുപോയിരുന്നില്ല. അമ്മ അതിനെക്കുറിച്ച് പറയുമ്പോഴൊക്കെ, അമ്മയ്ക്ക് വയസാവട്ടെ, തലമുടിയൊക്കെ നരയ്ക്കട്ടെ എന്നിട്ടാകാം തിരുപ്പതി പോകുന്നത് എന്ന് പറഞ്ഞ് മക്കള്‍ ഒഴിഞ്ഞുമാറും. സത്യം പറഞ്ഞാല്‍ പ്രായമായിട്ടും കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന നര വരാത്ത മുടി കളഞ്ഞ്, സുന്ദരി അമ്മയെ മൊട്ടയടിച്ചു കാണാനുള്ള വിഷമം കൊണ്ടാണ് മക്കള്‍ ആ യാത്ര മാത്രം നീട്ടിക്കൊണ്ടുപോയത്.
അമ്മയുടെ നിര്‍ബന്ധം കൂടിയപ്പോള്‍ ഒടുവില്‍ തിരുപ്പതി പോകാം എന്ന തീരുമാനത്തില്‍ എത്തി. അമ്മ ഏറെ സന്തോഷവതി ആയിരുന്നു. ഏറെ നാളായി കാത്തിരുന്ന തിരുപ്പതി നേര്‍ച്ച സാധ്യമാകാന്‍ പോകുന്നു. അതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളുമായിരിക്കുമ്പോഴാണ് ഒരു ദിവസം പെട്ടന്ന് അമ്മയ്ക്ക് വയ്യാതായത്. ഒന്ന് ഛര്‍ദിച്ചു. നല്ല ക്ഷീണവും. ഹോസ്പിറ്റലില്‍ പോകാന്‍ വിളിച്ചിട്ടും അമ്മ വരാന്‍ കൂട്ടാക്കിയില്ല. വീടിന് തൊട്ടടുത്തു തന്നെയാണ് ഹോസ്പിറ്റല്‍. ഒന്ന് പോയി ഡോക്ടറെ കണ്ടിട്ട് വേഗം തന്നെ വരാമെന്ന ഞങ്ങളുടെ നിര്‍ബന്ധം കൊണ്ട് അവസാനം വന്നു. ഒരു പനി വന്നിട്ട് പോലും അമ്മ ഒന്ന് കിടന്നിട്ട് കണ്ടിട്ടേയില്ല. മക്കളും മരുമക്കളുമായി പത്തു പതിനഞ്ചു പേര്‍ ഒരുമിച്ചു കഴിയുന്ന കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി പൂര്‍ണ ആരോഗ്യവതിയായി ഓടിനടക്കുന്ന അമ്മയാണ്.
ഹോസ്പിറ്റലില്‍ പോയപ്പോഴും അടുത്ത ദിവസത്തേക്ക് ദോശയ്ക്കുള്ള അരിയും ഉഴുന്നും വെള്ളത്തിലിട്ടില്ല, അലക്കി വിരിച്ചിട്ട തുണികള്‍ എടുത്ത് മടക്കി വച്ചിട്ടില്ല എന്നതൊക്കെയായിരുന്നു അമ്മയുടെ ടെന്‍ഷന്‍. ഞാനും ഏട്ടത്തിയമ്മയുമായിരുന്നു അമ്മയുടെ കൂടെ ഹോസ്പിറ്റലിലുണ്ടായിരുന്നത്. ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന അമ്മയാണ്. പെട്ടന്ന് സ്ഥിതി വഷളായി ഐ.സി.യുവിലേയ്ക്ക് മാറ്റി. ഏതാനും മണിക്കൂറുകള്‍... പിന്നെ ഞങ്ങള്‍ കാണുന്നത് അമ്മയുടെ ചേതനയറ്റ ശരീരമാണ്. മരണം എന്നൊരു തോന്നലിനു പോലും ഇടം കൊടുക്കാതെ എല്ലാവര്‍ക്കും വരുന്നത് പോലെ ഒരു വയ്യായ്ക എന്ന് കരുതിയിരുന്നിട്ട് അവസാനം അമ്മയെ ആ രൂപത്തില്‍ കാണേണ്ടി വന്നത് ഇപ്പോഴും ആലോചിക്കുമ്പോള്‍ നെഞ്ചില്‍ വിങ്ങലാണ്. അമ്മയും ഒരിക്കലും അറിഞ്ഞിരുന്നില്ല മോശം സ്ഥിതി ആണെന്നുള്ളത്. ക്ഷീണമുള്ളത് കൊണ്ട് ഡ്രിപ് കയറ്റാന്‍ അഡ്മിറ്റ് ചെയ്തു എന്ന് മാത്രമേ അമ്മയും കരുതിയുള്ളു.
അന്നുവരെ ആ തണലിന്റെ കീഴെ സുഖമായി ജീവിച്ച ഞങ്ങള്‍ക്ക് അത് താങ്ങാന്‍ പറ്റാത്ത ആഘാതമായി. അതുവരെ തെളിഞ്ഞു നിന്നിരുന്ന വീട് പെട്ടന്ന് ഇരുട്ട് മൂടിപ്പോയി. അച്ഛന്‍ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്‌നേഹം മാത്രം നല്‍കി, ഒരു ഈര്‍ക്കിലി കൊണ്ടു പോലും ഒന്ന് തല്ലുകയോ,വഴക്ക് പറയുകയോ ചെയ്യാതെയാണ് അമ്മ മക്കളെ വളര്‍ത്തിയത്. അപ്രതീക്ഷിതമായി അമ്മ പോയപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയായി.
അമ്മയുടെ മരണശേഷം എന്ത് കാര്യം പറഞ്ഞാലും ഹരി ഏറ്റവും വിഷമമായി പറയുന്നത് ഒരൊറ്റ കാര്യമാണ്. 'അമ്മ ആകെ ഒരു കാര്യം മാത്രമേ ജീവിതത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളൂ, നേര്‍ച്ച നിറവേറ്റാന്‍ തിരുപ്പതി കൊണ്ടുപോകണമെന്ന്.. ആ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ പറ്റിയില്ല എന്ന സങ്കടം..' എന്നും അത് പറഞ്ഞു വിഷമിക്കുന്നത് കണ്ടപ്പോള്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു, 'അമ്മ വേണ്ടെന്നു വച്ചതല്ലല്ലോ, നിങ്ങള്‍ മക്കള്‍ കൊണ്ടുപോകാത്തത് കൊണ്ടല്ലേ. ഇനി എന്നാണോ നമ്മള്‍ തിരുപ്പതി പോകുന്നത് അന്ന് അമ്മയ്ക്ക് പകരം അമ്മയുടെ നേര്‍ച്ചയായി ഞാന്‍ എന്റെ തല മൊട്ടയടിച്ചോളാം'. എന്ന്.
ഒരു ആറുമാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍, എല്ലാവരെയും കൂട്ടി തിരുപ്പതി യാത്ര പ്ലാന്‍ ചെയ്തു. എന്റെ നേര്‍ച്ചയുടെ കാര്യം എനിക്കും ഹരിക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. അങ്ങനെ തിരുപ്പതി ക്ഷേത്രത്തിലെത്തി. കൂടെയുള്ള ആണുങ്ങള്‍ തല മൊട്ടയടിക്കുന്ന ഭാഗത്തേക്ക് പോയപ്പോള്‍ ഞാനും പിന്നാലെ പോയി.. എന്റെ തലയും മൊട്ടയടിക്കാന്‍. അതുവരെ എതിര്‍പ്പൊന്നും പറയാതിരുന്ന ഹരി അവിടെ എത്തിയപ്പോള്‍ സമ്മതിക്കുന്നില്ല. എനിക്കന്ന് 26 വയസ്സാണ്. ഒരു സ്ഥാപനം നടത്തുന്നുണ്ട്, ക്ലാസ്സ് എടുക്കുന്നുണ്ട്. ''പുറത്തിറങ്ങി നടക്കേണ്ടതാണ്. കുറച്ചു തലമുടി അറ്റത്തു നിന്നും വെട്ടി കൊടുത്താല്‍ മതി, മൊട്ടയടിക്കേണ്ട'' എന്ന് ഹരി. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഞാന്‍. ഭര്‍ത്താവ് സമ്മതിക്കുന്നില്ല. ഞാന്‍ നേര്‍ന്നതാണ്. തിരുപ്പതി തൊട്ടടുത്തുള്ള അമ്പലമൊന്നുമല്ലല്ലോ. ഇനി എന്ന് വരാന്‍ പറ്റുമെന്ന് ഒരു ഊഹവുമില്ല. അമ്മയെ പോലെ തന്നെ എന്റെ നേര്‍ച്ചയും നിറവേറ്റാത്ത ഒന്നായി തീരുമോ എന്ന തോന്നല്‍ ഉള്ളില്‍ കയറി.
പിന്നെ അധികമൊന്നും ആലോചിക്കാന്‍ പോയില്ല. അന്ന് മൂത്ത മകന്‍ മാത്രമേയുള്ളൂ. അവനാണെങ്കില്‍ ചെറുതാണ്. അഭിപ്രായം പറയാനുള്ള പ്രായമോ, അറിവോ ആയിട്ടില്ല. വലുതായാല്‍ അമ്മയെ മൊട്ടയടിച്ചു കാണല്‍ ബുദ്ധിമുട്ട് ഉണ്ടാകും.ചിലപ്പോള്‍ സമ്മതിച്ചെന്ന് വരില്ല. പിന്നെ ഭാവിയില്‍ എങ്ങനെ, എന്ത് എന്നൊന്നും നമ്മുടെ കയ്യിലല്ലല്ലോ.
എന്റെ മാത്രം ഇഷ്ടമാണ്. എന്നെ ആരും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്നതല്ല. അതിലുപരി അമ്മ ഏറ്റവും ആഗ്രഹിച്ചിട്ട് സാധിക്കാതെ പോയ നേര്‍ച്ച. അമ്മയ്ക്ക് പകരമായി അത് നിറവേറ്റാമെന്ന് ഞാന്‍ പറഞ്ഞ വാക്കാണ്. ഭര്‍ത്താവ് പറയുന്ന പോലെ തലമുടി കുറച്ചു വെട്ടി കൊടുത്ത് ഒപ്പിക്കുന്നതില്‍ ഞാന്‍ ഒട്ടും തൃപ്തയായിരുന്നില്ല.
ചില സമയത്ത് ചില കാര്യങ്ങളില്‍ നമ്മള്‍ സ്വന്തം തീരുമാനം എടുത്തേ മതിയാവുള്ളൂ. അല്ലെങ്കില്‍ അതോര്‍ത്ത് ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടി വരും. പിന്നെ ഒന്നും നോക്കിയില്ല. മുടിയുടെ അറ്റം വെട്ടിയിട്ട് വരാം എന്ന് പറഞ്ഞു പോയ ഞാന്‍ മൊട്ടയടിച്ചു തിരിച്ചു വന്നു. മുണ്ഡനം ചെയ്യുന്നയാള്‍ തലയില്‍ ബ്ലേഡ് വയ്ക്കുന്നതിന് മുമ്പ് തിരുപ്പതി ഭാഗവാനോട് എല്ലാ ഐശ്വര്യങ്ങള്‍ക്കും വേണ്ടി മനസുരുകി പ്രാര്‍ഥിക്കാന്‍ പറഞ്ഞുവെങ്കിലും എനിക്ക് പ്രാർത്ഥിക്കാനൊന്നും പറ്റിയില്ല.തുടങ്ങിയത് മുതല്‍ അവസാനത്തെ മുടി വടിച്ചു കഴിയുന്നത് വരെ ഇടനെഞ്ചില്‍ വിങ്ങികൊണ്ടിരുന്ന സങ്കടക്കടല്‍ മുഴുവന്‍ കണ്ണീരായി അണപൊട്ടിയൊഴുകി.ഞാന്‍ കരയുന്നത് കണ്ട്, ഇഷ്ടമില്ലാതെ തല മുണ്ഡനം ചെയ്യുകയാണെന്ന് അയാള്‍ തെറ്റിദ്ധരിച്ചിട്ടാണെന്ന് തോന്നുന്നു.. ''മുടി കളയുമ്പോള്‍ കരയാന്‍ പാടില്ലെന്നും സന്തോഷത്തോടെ വേണം ഭഗവാന് മുടി സമര്‍പ്പിക്കേണ്ടതെന്നുമൊക്കെ" അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ആ സമയത്ത് അമ്മയുടെ മുഖം അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല.
അതിനുശേഷം ഒരുപാട് അഭിപ്രായങ്ങള്‍ വന്നു. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ ഒരു കാര്യം വേണമായിരുന്നോ, അമ്മായിയമ്മയോട് സ്‌നേഹം കാണിക്കാന്‍ എന്തിനാണ് ഇങ്ങനെയുള്ള പ്രഹസനങ്ങള്‍ തുടങ്ങി പലവിധ അഭിപ്രായങ്ങൾ.
കുറച്ചു നാൾ കഴിഞ്ഞു വയനാട് എന്റെ വീട്ടിൽ പോയി എന്നെ കണ്ടപ്പോൾ മാത്രമാണ് തല മൊട്ടയടിച്ച കാര്യം അച്ഛനും അമ്മയും അറിയുന്നത്. ഫോൺ വിളിച്ചപ്പോഴൊന്നും ഞാൻ പറഞ്ഞിരുന്നില്ല. എന്റെ കുറ്റിത്തല കണ്ടപ്പോൾ അമ്മയ്ക്ക് സങ്കടം. "അതൊരു നല്ല ചിന്തയിൽ നിന്ന് ഉണ്ടായതല്ലേ .അവളുടെ ഇഷ്ടപ്രകാരം ചെയ്തതും.. അതിൽ വിഷമിക്കാനൊന്നുമില്ല" എന്നുപറഞ്ഞ് അച്ഛൻ അമ്മയെ സമാധാനിപ്പിച്ചു.
അതുകഴിഞ്ഞാണ് പോലീസില്‍ ജോലി കിട്ടുന്നത്. ട്രെയ്‌നിങ്ങിന് കയറിയപ്പോള്‍ മുടി തീരെയില്ലായിരുന്നു. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് മുടി രണ്ടു വശവും പിന്നിയിടേണ്ട സമയം കൂടി ഞാന്‍ കിടന്നുറങ്ങും.
പിന്നെ പുറത്തിറങ്ങുമ്പോള്‍ ഒരുപാട് പേര്‍ സഹതാപത്തോടെ നോക്കും. അസുഖം വന്നതാണോ എന്ന് കരുതി. അങ്ങനെയും എത്രയോ പേര്‍... അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കളുണ്ട്. എനിക്കുള്ളതിനേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുറിച്ചുകൊടുത്ത് മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍... അവരുടെ മുന്നില്‍ ഞാന്‍ ആരുമല്ല എന്ന് നന്നായി അറിയാം.
ബാഹ്യമായ സൗന്ദര്യം ഒരു നീര്‍ക്കുമിള ആണെന്നറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എല്ലാവരും. പാചകത്തിനിടയില്‍ തീ ഒന്ന് മുഖത്തേക്ക് പാളിയാല്‍, റോഡില്‍ വണ്ടിയൊന്ന് ചരിഞ്ഞു മുഖമടച്ചു വീണാല്‍ ഈ കാണുന്ന സൗന്ദര്യമൊക്കെ വൈരൂപ്യത്തിലേക്ക് മാറാന്‍ നിമിഷനേരം മാത്രം മതി.
സൗന്ദര്യമെന്നത് ഞാന്‍ കണ്ടത് അമ്മായിയമ്മയില്‍ തന്നെയാണ്. മനസിന്റെ സൗന്ദര്യം. അതിന് മാത്രം ഒരിക്കലും മരണമില്ല. ഇന്നും ചെന്നൈയിലും ബാംഗ്ലൂരിലും ഡല്‍ഹിയിലുമൊക്കെയുള്ള ബന്ധുക്കള്‍ എത്ര തിരക്കിനിടയിലും വീട്ടില്‍ വരുന്നതും ഏത് കാര്യത്തിലും ഞങ്ങളെ ചേര്‍ത്ത് പിടിക്കുന്നതും, പണ്ട് അവര്‍ നാട്ടില്‍ വരുമ്പോള്‍ അമ്മ നല്‍കിയ അതിരില്ലാത്ത സ്‌നേഹത്തിന്റെ ഓര്‍മകള്‍ അത്രയേറെ അവര്‍ക്കുള്ളില്‍ ഇപ്പോഴുമുള്ളത് കൊണ്ടാണ്.
വിവാഹ വിഷയത്തില്‍ ഹരിയുടെ ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നെ ഈ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും ഉത്സാഹം കാണിച്ചത് അമ്മയാണ്. അമ്മ പോയതിന് ശേഷം അമ്മ ജീവിച്ച തറവാടു വീട്ടില്‍ എനിക്ക് ജീവിക്കാന്‍ സാധിച്ചതും അമ്മയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. അതുതന്നെയാണ് പലരും നെറ്റിചുളിച്ച ആ ചിത്രത്തിന്റെ യഥാര്‍ഥ സൗന്ദര്യമെന്ന് ഞാന്‍ ഇന്നും കരുതുന്നു. പാതിവഴിയില്‍ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയുടെ സൗന്ദര്യം പോലെ.
Content Highlights: vazhimarangal column jisha haridas shares fond memories of mother in law
Published: 31 Jan 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented