
ജാനകിയുടെയും ദേവതയുടെയും കൂടെ നാട് ചുറ്റി നടക്കലായിരുന്നു നിളയുടെ പ്രധാന വിനോദം. രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് കണ്ണാടി നിളക്ക് ബാംഗ്ലൂരിനേക്കാൾ പരിചയമുള്ള സ്ഥലമായി മാറി. മൂന്നുപേരും കൂടി രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങും. പിരിവുകാരെപ്പോലെ അവർ ഓരോ വീടും കയറിയിറങ്ങും. ഒരോ വീട്ടുകാരും അവരെ സ്നേഹത്തോടെ വരവേൽക്കും. വളരെ പെട്ടെന്ന് തന്നെ കണ്ണാടിയിലെ ആളുകളെല്ലാം അവർക്ക് കൂട്ടുകാരെ പോലെയായി. വീടുകൾക്കൊന്നും മതിലുകളോ വേലികളോ ഇല്ലാത്തത് അവരുടെ സഞ്ചാരത്തിന് സൗകര്യമായി. അവരെ കാണുമ്പോൾ തന്നെ നാട്ടുകാർ പറഞ്ഞു തുടങ്ങും നാടോടികൾ വന്നല്ലോ എന്ന്.
എല്ലാ ഭാഗത്തും ചുറ്റിയടിച്ചെങ്കിലും കണ്ണാടിക്കാടിനടുത്തേക്ക് പോകാനുള്ള ധൈര്യം അവർക്ക് ഉായിരുന്നില്ല. ദൂരെ നിന്നെങ്കിലും ആ കാടൊന്ന് കാണാൻ നിള ആഗ്രഹിച്ചിരുന്നു. പക്ഷേ, ജാനകിയും ദേവതയും സമ്മതിച്ചില്ല. കണ്ണാടിക്കാട് എന്ന പേര് പറയുമ്പോഴൊക്കെ അവർ ചുറ്റുപാടും കണ്ണോടിക്കും. വളരെ ശബ്ദം താഴ്ത്തിയാണ് അവരാ കാടിനെക്കുറിച്ച് സംസാരിച്ചത് തന്നെ.
Also Read
പുഴയോരത്തിനടുത്തുള്ള മുക്കുന്ന് എന്ന് പറയുന്ന ഭാഗമാണ് നിളക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം. അടുപ്പിന് കല്ല് കൂട്ടി വച്ചത് പോലെ മൂന്ന് വലിയ മൺകൂനകൾ ഉണ്ടായിരുന്നു അവിടെ. ചെറിയൊരു കുന്ന് എന്ന് വേണമെങ്കിൽ പറയാം. മൂന്നു കുന്നുകൾക്ക് നടുവിൽ കുളം പോലെ ഒരു ഇത്തിരി സ്ഥലം. അതിൽ വെള്ളമൊന്നും ഉണ്ടായിരുന്നില്ല. വെളുത്ത പൂഴിമണ്ണ് മാത്രം. മൂന്നു ചെറിയ കുന്നുകൾ കാരണമാണ് ആ സ്ഥലത്തിന് മുക്കുന്ന് എന്ന പേര് വന്നത്.
ജാനകിയും ദേവതയും മുക്കുന്നിന്റെ കഥ നിളക്ക് പറഞ്ഞുകൊടുത്തു.
പവിടെ മൺകുന്നുകളൊന്നുമുണ്ടായിരുന്നില്ല. നിരപ്പായ സ്ഥലമായിരുന്നു. ആ ഭാഗത്ത് അമർത്തി ചവിട്ടിയാൽ മണ്ണിനടിയിൽ നിന്ന് ചെമ്പ് കിലുങ്ങുന്ന പോലുള്ള ശബ്ദം കേട്ടിരുന്നു. മണ്ണിനടിയിൽ നിധിയുണ്ടെന്ന് കരുതി ആളുകൾ അവിടെ കുഴിച്ചു നോക്കി. പക്ഷേ, കുഴിച്ചിട്ടും കുഴിച്ചിട്ടും നിധിയൊന്നും കിട്ടിയില്ല. ഒത്തിരി ആഴത്തിൽ പോയിട്ടും ചവിട്ടുമ്പോൾ ചെമ്പ് കിലുങ്ങിക്കൊണ്ടിരുന്നു. ഒടുക്കം കുഴി ഒരു കുളമായപ്പോൾ ആളുകൾ നിധി തേടുന്നത് നിർത്തി. അപ്പോഴേക്കും കുഴിക്ക് ചുറ്റും മൂന്ന് വലിയ മൺകൂനകൾ ഉയർന്നുവന്നു. ആളുകൾ അതിനെ മുക്കുന്ന് എന്ന് വിളിച്ചു. മണ്ണെടുത്ത് കുഴിയായ ഭാഗത്ത് ചവിട്ടിയാൽ ഇപ്പോഴും ചെമ്പ് കിലുങ്ങുന്ന ശബ്ദം കേൾക്കാമത്രേ.
അതുകേട്ടപ്പോൾ നിളക്ക് കൗതുകമായി. കൂട്ടുകാർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് അവൾ ആഞ്ഞു ചവിട്ടി. മണ്ണിനടിയിൽ നിന്ന് ചെമ്പുപാത്രങ്ങൾ കിലുങ്ങുന്ന ശബ്ദം അവളും കേട്ടു. അവൾ വീണ്ടും വീണ്ടും ചവിട്ടി. മണ്ണിനടിയിൽ നിന്ന് പാത്രങ്ങൾ കിലുകിലാ വീണു. അതിനുശേഷം നിളയുടെ പ്രധാന വിനോദം ചെമ്പ് കിലുക്കലായി. എന്നും വൈകുന്നേരം മുക്കുന്നിൽ പോയി ഇടയ്ക്കിടെ ചെമ്പ് കിലുക്കിയില്ലെങ്കിൽ അവൾക്കൊരു സമാധാനവും കിട്ടിയിരുന്നില്ല.
ഒരുദിവസം അങ്ങനെ ചെമ്പുകിലുക്കികൊണ്ടിരിക്കുകയായിരുന്നു അവൾ. ആഞ്ഞൊന്നു ചവിട്ടിയപ്പോൾ ചെമ്പുകിലുക്കത്തിനൊപ്പം മറ്റൊരു ശബ്ദവും കേട്ടു: ''മ്യാവൂ.''
അവൾ ഞെട്ടിപ്പോയി. മണ്ണിനടിയിൽ പൂച്ചക്കുഞ്ഞ് എങ്ങാനും പെട്ടോ?
അവൾ വീണ്ടും ചവിട്ടി. ഇത്തവണയും പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അവൾക്കൊന്നും മനസ്സിലായില്ല. ഒരിക്കൽ കൂടി ചവിട്ടാനായി കാലുയർത്തിയപ്പോൾ ആ ശബ്ദം വീണ്ടും ഉയർന്നു: ''മ്യാവൂ''
മൂന്നുപേരും ചുറ്റും നോക്കി. ആ ശബ്ദം മണ്ണിനടിയിൽ നിന്നല്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. മുകളിലേക്ക് നോക്കിയപ്പോൾ മൺകൂനയിൽ ഒരു പൂച്ചക്കുഞ്ഞിരിക്കുന്നത് അവർ കണ്ടു. നിള ഓടി മൺകൂനയ്ക്ക് മുകളിലെത്തി. വെളുത്ത സുന്ദരിയായ ഒരു പൂച്ചക്കുഞ്ഞ്. അവളെ നോക്കി അത് വീണ്ടും കരഞ്ഞു. നിളയ്ക്ക് അതിനോട് വല്ലാത്ത സ്നേഹം തോന്നി. പൂച്ചക്കുഞ്ഞ് തനിച്ച് എങ്ങനെ അവിടെ എത്തിയെന്ന് അവൾക്ക് മനസ്സിലായില്ല.
''ആരെങ്കിലും കര കടത്തിയതാവും.''- ദേവത പറഞ്ഞു.
''കരകടത്തുകയോ?''- നിളയ്ക്ക് മനസ്സിലായില്ല.
ജാനകി വിശദീകരിച്ചു. ചിലർ ശല്യം കാരണം പൂച്ചക്കുഞ്ഞുങ്ങളെ ചാക്കിലാക്കി ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുമത്രേ. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലായിരിക്കും പൂച്ചക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുക. പൂച്ചക്കുഞ്ഞുങ്ങൾക്ക് ഒരിക്കലും തിരിച്ചു ചെല്ലാനാവില്ല. മിക്കവാറും പട്ടിണികൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളുടെ ഉപദ്രവം കൊണ്ടോ അവർ ചാവും.
അതു കേട്ടപ്പോൾ നിളക്ക് വല്ലാത്ത സങ്കടം തോന്നി. പാവം പൂച്ചക്കുഞ്ഞ്. ഭക്ഷണം കഴിച്ചിട്ട് രണ്ടോ മൂന്നോ ദിവസമായിട്ടുണ്ടാകുമെന്ന് അതിന്റെ മുഖം കാൽ തോന്നും.
''നമുക്ക് ഇതിനെ വീട്ടിലേക്ക് കൊണ്ടുപോയാലോ?''- നിള ചോദിച്ചു. (തുടരും....)
Content Highlights: Kannadiyile Manthravadhini Part 11
Published: 05 Jun 2026, 02:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented