ജയേട്ടന്റെ കുഴിമാടത്തിന്റെ മുകളിൽ പുകമറയ്ക്കുള്ളിൽ എന്നപോലെ നിൽക്കുന്ന ഭീകര രൂപത്തിനെകണ്ട് ഹരിഞെട്ടിപ്പോയി.

To advertise here,

ഹരി പേടിയോടെ പിൻതിരിയാൻ തുടങ്ങുകയായിരുന്നു.

പെട്ടന്ന് തന്റെ പേര് ആരോ വിളിക്കുന്നതു പോലെ ഹരിക്കു തോന്നി. ഹരിഞെട്ടി തിരിഞ്ഞു.

ഇപ്രാവശ്യം ആ രൂപത്തെ ഹരി വ്യക്തമായികണ്ടു.

അത് എറോക്ക് എന്ന ഭീകരനായിരുന്നു!

ഹരിയുടെ രോമകൂപങ്ങളിലൂടെ ഒരു വിറയൽ അരിച്ചു കയറി. രവിയെ വിളിക്കാനായി ഹരി വായ പൊളിച്ചു.

പക്ഷെ ശബ്ദം പുറത്തേയ്ക്കു വന്നില്ല. തൊണ്ടക്കുഴിയിൽനിന്നും നേരിയൊരു കുറുകൽ മാത്രം.

അപ്പോഴാണ് ആ കാഴ്ച ഹരി കണ്ടത്. ജയേട്ടന്റെ കുഴിമാടം നടുവെ വിണ്ടുകീറുന്നു. അതിനുള്ളിൽനിന്നും ഒരുകൈ ഉയർന്നുവന്നു.

എറോക്ക് ആ കയ്യിൽപിടിച്ച് ഉയർത്തി

ജയേട്ടൻ !

യുദ്ധത്തിൽ കൊല്ലപ്പെട്ട്, തൊടിയിൽ മറവു ചെയ്ത ജയശങ്കർ ഇതാ തന്റെ മുമ്പിൽ നിൽക്കുന്നു.

'അനുജാ...ഹരീ..! '

ജയൻ കൈനീട്ടിക്കൊണ്ട് ഹരിക്കു നേരെ വന്നു. ഹരിയുടെ കയ്യിൽനിന്നും ടോർച്ച് താഴെവീണു.

ഈ ശബ്ദം തന്നെയാണ് കുറച്ചു മുമ്പെ തന്നെ വിളിച്ചതെന്ന് ഹരി തിരിച്ചറിഞ്ഞു.

ജയൻ അടുത്തെത്തിയപ്പോൾ ഹരി മറ്റൊരു കാഴ്ച കണ്ടു. ജയേട്ടന്റെ ശരീരം ജീർണ്ണിക്കാൻ തുടങ്ങിയിരിക്കുന്നു.

'അയ്യോ..!'

ഹരി നിലവിളിച്ചുകൊണ്ട് മുറ്റത്തു കൂടി തിരിഞ്ഞോടി.

പറമ്പിന്റെ പടിഞ്ഞാറെ ഭാഗത്തുനിന്നും ഒരു ശബ്ദം ഹരി കേട്ടു.

മോനെ... ഹരീ... നിന്റെയച്ഛനാടാ ഞാൻ....!'

ഹരിഞട്ടി!

വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ തന്റെയച്ഛനതാ മുമ്പിൽ നിൽക്കുന്നു.

ഹരി പിൻതിരിഞ്ഞോടാൻ തുടങ്ങുമ്പോൾ ഒരു കൈ അവന്റെ തോളിൽ വീണു.

തോളിനു മുകളിലൂടെ അവൻ തലതിരിച്ചു നോക്കി.

വായ് തുറന്നുകൊണ്ട് ജയൻ നിൽക്കുന്നു.

'മോനെ ഹരീ..?' അച്ഛനും അടുത്തെത്തി.

'അയ്യോ...!അമ്മേ..!'

ഹരിയുടെ കണ്ണിൽ ഇരുട്ടുകയറി. അയാൾ നിലത്തേക്ക് കുഴഞ്ഞുവീണു.

രാവിലെ മുറ്റം അടിക്കാൻ വന്ന സരളയാണ് ആ കാഴ്ച കണ്ടത്. തൊടിയിൽ, ജയന്റെ ശവക്കൂനയ്ക്കു സമീപം ഹരി കമിഴ്ന്നു കിടക്കുന്നു. സരള നിലവിളിച്ചു.

രവിയും ജലജയും ശാരദാമ്മയും ഓടി വന്നു.

ആ കാഴ്ച കണ്ട് അവരും പേടിച്ചുപോയി.

രാത്രിയിൽ മുറിയിൽ ഉറങ്ങാൻ കിടന്ന ഹരി എങ്ങനെ തൊടിയിൽ എത്തി. രവി ഹരിയെ കുലുക്കി വിളിച്ചു.

അയാൾ അലറിക്കൊണ്ട് ഞെട്ടിയുണർന്നു.

ഹരി വിറച്ചുകൊണ്ട് ചുറ്റും നോക്കി.

'ഹരീ.... ഇതു ഞങ്ങളാ..!'

രവി പറഞ്ഞതുകേട്ട് ഹരി അവരെ തുറിച്ചു നോക്കി.

'എണീറ്റുവാടാ.' രവി ഹരിയെ എണീപ്പിച്ച് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

'നിനക്ക് എന്തു പറ്റി ഹരീ..!' രവി ചോദിച്ചു.

'അവൻ നമ്മുടെ പിന്നാലെതന്നെയുണ്ട്. ഇവിടെയും വന്നു.'

'ആര്..?'

'എറോക്ക് എന്ന ചെകുത്താൻ'

'ങേ?' രവി നടുങ്ങി.

ഹരി രാത്രി ഉണ്ടായ ഭീകരാനുഭവം രവിയോട് പറഞ്ഞു.

വിശ്വാസം വരാതെ രവി, ജയന്റെ കുഴിമാടത്തിൽ ചെന്നു നോക്കി. അതു വിണ്ടുകീറിയിരിക്കുന്നതും ഹരിയുടെ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നതും കണ്ടു.

അപ്പോഴാണ് ശോഭയും അനിതയും രാത്രിയിലുണ്ടായ അനുഭവങ്ങൾ അവരോട് പറഞ്ഞത്.

'കിരണിലാണ് ആ ചെകുത്താന്റെ വാസം.' ഹരി പറഞ്ഞു.

'ശരിയാണ്... ആ സംശയം എനിക്ക് നേരത്തെ ഉണ്ടായിരുന്നു. അന്ന് രാമേട്ടൻ അവനെ ചതുപ്പിൽ നിന്നും ഉയർത്തിക്കൊണ്ടു വന്നപ്പോൾ മുതൽ..'

'ജോൺസൺ പറഞ്ഞ സൈക്യാട്രിസ്റ്റിനെ നമുക്കൊന്നു ആദ്യം പോയി കണ്ടാലോ...എന്നിട്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം കിരണിനെ കൊണ്ടുപോയി കാണിച്ചാൽ പോരെ... '

'അതുമതി ഏട്ടാ...'

അന്ന്, പത്തുമണി കഴിഞ്ഞ് ജീപ്പിൽ രവിയും, ഹരിയും പട്ടണത്തിലേക്ക് പുറപ്പെട്ടു. ആരോടും പറയാത്ത ഒരു രഹസ്യ യാത്രയായിരുന്നു അത്.

ചെമ്മൺ പാതയിൽനിന്നും ജീപ്പ് ടാർനിരത്തിലേക്കിറങ്ങിയതും വലിയൊരു തെങ്ങിന്റെ മണ്ട ഒടിഞ്ഞ് മുമ്പിലേക്കുവീണു. രവി ജീപ്പ് വെട്ടിച്ച് ബ്രേക്ക് ചെയ്തു.

തലമുടിനാരിന്റെ വ്യത്യാസത്തിലാണ് അവർ രക്ഷപെട്ടത്.

'നമ്മുടെ നീക്കങ്ങളെല്ലാം അവനറിഞ്ഞു കഴിഞ്ഞു. ഇനി സൂക്ഷിക്കണം.'

ജീപ്പ് മറ്റൊരു റോഡിലൂടെ തിരിച്ചുവിടുമ്പോൾ രവി പറഞ്ഞു.

പെരുമ്പാമ്പുപോലെവളഞ്ഞുകിടക്കുന്ന മലഞ്ചെരുവിലൂടെയുള്ള ടാർറോഡ്. അതിലൂടെ ഒരു തീപ്പെട്ടിക്കൂടുപോലെ ജീപ്പ് കുതിച്ചുകൊണ്ടിരുന്നു.

ജീപ്പ് ഒരു വളവ് തിരിഞ്ഞു. അടുത്തത് കുത്തനെയുള്ള ഇറക്കമായിരുന്നു.വലതുസൈഡിൽ മല വെട്ടിയരിഞ്ഞിറക്കിയതാണ്. ഇടതു സൈഡിൽ അഗാധമായ കൊക്ക.

ജീപ്പ് ഇറക്കമിറങ്ങാൻ തുടങ്ങിയതും രവി ബ്രേക്കിൽ കാലമർത്തി. ജീപ്പിന് ബ്രേക്കില്ലായിരുന്നു.

'ചതിച്ചല്ലോ ഈശ്വരാ..!' രവി നിലവിളിച്ചു.

'എന്തു പറ്റി...?' ഹരിക്ക് ഒന്നും മനസ്സിലായില്ല.

'വണ്ടിക്ക് ബ്രേക്കില്ല ഹരീ..!'

'ദൈവമേ...!'

എതിരെ ഒരു പാണ്ടിലോറി പാഞ്ഞുവന്നു. രവി സ്റ്റീയറിംഗ് വീൽ വെട്ടിത്തിരിച്ചു.

ലോറിയെ ഉരസിയെന്നമട്ടിൽ ജീപ്പ് കടന്നുപോയി.

'ഹരീ...ഇനി ഒരൊറ്റ മാർഗമേയുള്ളൂ. വണ്ടി കൊക്കയിൽ വീഴുന്നതിനുമുമ്പ് പുറത്തേക്ക് ചാടുക...!'

സ്റ്റീയറിംഗ് വെട്ടിച്ചുകൊണ്ട് രവി പറഞ്ഞു.

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിലൂടെ താഴേക്കു കുതിച്ചു.

ആദ്യം ഹരി പുറത്തേക്കു ചാടി. അയാൾ മലഞ്ചെരുവിന് സൈഡിലുള്ള പുല്ലിലൂടെ ഉരുണ്ടുപോയി. പിന്നാലെ രവിയും ചാടി.

ജീപ്പ് റോഡിന്റെ വിളുമ്പിൽ നിന്നും അഗാധതയിലേക്ക് മുതലക്കൂപ്പു കുത്തി.

'ഏട്ടാ..?' ഹരി എണീറ്റ് വിളിച്ചു. അയാളുടെ കാൽമുട്ടിലെ തൊലി ഇളകി പോയിരുന്നു.

' ഞാൻ ഇവിടെയുണ്ട് .' രവിയും എണീറ്റ് വന്നു. അയാളുടെ തോളത്തായിരുന്നു പരിക്ക്.

'ഈശ്വരൻ രക്ഷിച്ചു... ' ഇരുവരും റോഡ് സൈഡിൽ ഇരുന്നു.

രവിയും ഹരിയും ഒരു ഓട്ടോയ്ക്കാണ് ഡോക്ടർ സണ്ണി മാത്യുവിന്റെ ഹോസ്പിറ്റലിൽ എത്തിയത്.

അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് ഡോക്ടർ സണ്ണിയെ അവർക്ക് കാണാൻ പറ്റിയത്.

'സോറി... ഇന്നല്പം തിരക്കുള്ള ദിവസമായിരുന്നു.'

ഡോക്ടർ സണ്ണി ക്ഷമാപണത്തോടെ അവർക്കരികിലേക്കു വന്നു.

രവിശങ്കർ തങ്ങളെ പരിചയപ്പെടുത്തി.

'എനിക്കറിയാം... ജോൺസൺ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്... ' ചിരിയോടെ സണ്ണി പറഞ്ഞു.

'കേട്ടിടത്തോളം നിങ്ങളുടെ പ്രശ്‌നം എന്റെ വരുധിയിൽ നിൽക്കുന്നതാണെന്ന് തോന്നുന്നില്ല.'

ഡോക്ടർ ആമുഖമെന്നോണം പറഞ്ഞു.

രവി അതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ഡോക്ടറെ പറഞ്ഞു കേൾപ്പിച്ചു.

'നിങ്ങൾ പറയുന്ന എറോക്കിനെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടില്ല. അങ്ങനെ ഒരു പ്രേതാത്മാവ് ഉണ്ടോയെന്നും എനിക്കറിയില്ല.. '

' ഞങ്ങൾ വളരെ പ്രതീക്ഷയിലാണ് ഡോക്ടറെ കാണാൻ വന്നത് .ഓരോ നിമിഷവും മരണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഞങ്ങളുടെ ജീവിതം..' പ്രതീക്ഷ നഷ്ടപ്പെട്ടവനെപോലെ രവി പറഞ്ഞു.

' നിരാശപ്പെടാതിരിക്കൂ... എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ട്. ഇത് എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ... ഫാദർ ഡൊമിനിക്ക് സാവിയോയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ കഴിയും..'

'ആരാണ് ഫാദർ ഡൊമിനിക്..?'

പ്രശസ്തനായ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ.

പ്രേതാത്മാക്കളെ കുറിച്ച് ഗവേഷണം നടത്തുന്ന ആളാണ് അദ്ദേഹം. എറോക്കിനെക്കുറിച്ച് ഫാദർക്കറിയാതെ വരില്ല.. '

'അദ്ദേഹം ഇപ്പോൾ എവിടെയുണ്ട്..?'

'ജർമ്മനിയിൽപോയിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങിവരും.'

' പക്ഷേ അതുവരെ ഞങ്ങൾ ജീവനോടെ ഉണ്ടാകുമോ എന്നാണ് സംശയം.'

' ധൈര്യമായി പൊയ്‌ക്കൊള്ളു. ഒന്നും സംഭവിക്കില്ല. ഫാദർ എത്തിയാലുടൻ ഞാൻ നിങ്ങളെ അറിയിക്കാം.' അവർ നിരാശയുടെ എണീറ്റ് യാത്ര പറഞ്ഞു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

അന്നത്തെ സംഭവത്തിനുശേഷം ശോഭയും അനിതയും ഒരു ബെഡ്ഡിലാണ് ഉറങ്ങാറ്.

'മോളു കിടന്നോളൂ.' ശോഭപറഞ്ഞു.

ശോഭ ഉറങ്ങാതെ കിടക്കുകയായിരുന്നു. ജയേട്ടന്റെ ഓർമ്മകൾ അവളെ വേട്ടയാടി.

അപ്പോൾ നേരിയൊരുകാറ്റ് മുറിക്കുള്ളിൽ വീശി. ജനാല കർട്ടനുകൾ ഇളകി.

'ശോഭേ..!'

കർട്ടനു പിന്നിൽനിന്നും ആരോ വിളിക്കുന്നു. തനിക്കു പരിചയമുള്ള സ്വരംപോലെ ശോഭയ്ക്കു തോന്നി.

വീണ്ടും ആ ശബ്ദം അവൾ കേട്ടു.

'ജയേട്ടൻ...?'

അവളുടെ അന്തരംഗം മന്ത്രിച്ചു. അവൾ മറ്റെല്ലാം വിസ്മരിച്ചു.

'ജയേട്ടാ...!' അപ്പോൾ കർട്ടനു പിന്നിൽനിന്നും ജയശങ്കർ ഇറങ്ങി അവളുടെ അടുത്തേക്കു വന്നു.

ശോഭ ജയനെ കെട്ടിപ്പിടിച്ചു.

മഞ്ഞുകട്ടയിൽ സ്പർശിച്ചതുപോലെ അവൾക്കുതോന്നി. മുറിക്കുള്ളിലെ അലമാരയുടെ ഗ്ലാസ്സിൽ അവരെ കാണാമായിരുന്നു.

ജയന്റെ വായിൽനിന്നും അറ്റംപിളർന്ന് നാവ് അവളുടെ തോളത്ത് തട്ടി. അയാളുടെ കണ്ണുകളുടെ വശങ്ങളിൽ നിന്നും പാമ്പിന്റെ പോലുള്ള ശല്ക്കങ്ങൾ കിളിർത്തു വന്നു

(തുടരും...)