സസ്പെന്സ് ത്രില്ലര് നോവല്| ജാര് നമ്പര് 20| അധ്യായം:1

രാത്രി 1:45 സെന്റ് ജൂഡ്‌സ് മെഡിക്കൽ അക്കാദമി, പാത്തോളജി വിഭാഗം, പ്രീസർവേഷൻ സെക്ഷൻ*
പുറത്ത് ആകാശത്തെ കീറിമുറിക്കുന്ന ഇടിമിന്നലിന്റെ പ്രകമ്പനത്തിൽ പാത്തോളജി ലാബ് വിറകൊള്ളുകയായിരുന്നു. സംഹാരതാണ്ഡവമാടുന്ന പേമാരിയിൽ, ലാബിന്റെ പഴകിയ ജനൽച്ചില്ലുകളെ ഭ്രാന്തമായ വേഗതയിൽ മഴത്തുള്ളികൾ തല്ലിത്തകർക്കാൻ ശ്രമിക്കുന്നത് പോലെ ഭീതിദമായി മുഴങ്ങി.
അക്കാദമിയുടെ തെക്കേ അറ്റത്ത്, നഗരത്തിന്റെ പ്രകാശവും ശബ്ദവും എത്തിപ്പെടാത്ത ഒരു തണുത്ത കോണിൽ, പാത്തോളജി വിഭാഗം ഒരു ശ്മശാനത്തിന്റെ മരവിപ്പോടെ നിന്നു.
പുറംലോകത്തിന്റെ തിരക്കുകളിൽ നിന്ന് വേർപെട്ട്, ജീവന്റെ അവസാനത്തെ രഹസ്യങ്ങൾ മാത്രം അടക്കം ചെയ്ത ഒരു ഇരുണ്ട പേടകം പോലെ. ഭീമാകാരമായ ആ കെട്ടിട സമുച്ചയം, സ്ഥാപനത്തിന്റെ എംഡിമാരായ ഡോ.ജോസഫ് കുര്യാക്കോസ് കുരിയാപ്പിയുടെയും പത്‌നി ഡോ.റോസമ്മ വർക്കിയുടെയും അവരുടെ പുത്രൻ ഡോ.മാർട്ടിന്റെയും അധികാരം ഉറപ്പിച്ച ഒരു സ്വാശ്രയ കോട്ടയായിരുന്നു.
അധികാരത്തിന്റെയും സ്വാർത്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കോട്ടവാതിലുകൾക്കുള്ളിൽ, പണത്തിന് മാത്രം ചികിത്സ എന്ന തത്വമായിരുന്നു അവിടെ വാണിരുന്നത്.
മരണത്തിന്റെ മണമുള്ള ആ ശവക്കോട്ടയിൽ, കാലം കൊത്തിവെച്ച ഒരു ശില്പം പോലെ അയാൾ ഇരുന്നു, രത്തൻ റാവുത്തർ. ജീവിതം പാതിവഴിയിൽ നിലച്ചുപോയവർക്ക് കൂട്ടിരിക്കാൻ വിധിക്കപ്പെട്ട വൃദ്ധൻ.
സെന്റ് ജൂഡ്‌സ് അക്കാദമിയുടെ വെളിച്ചം എത്താത്ത ആ കോണിൽ, ഫോർമാലിൻ ജാറുകൾക്കിടയിൽ തന്റെ വാർദ്ധക്യത്തെ ഹോമിച്ച ആ മനുഷ്യൻ ആ ലാബിന്റെ ആത്മാവായി മാറിയിരുന്നു. കട്ടിക്കണ്ണടയ്ക്കിപ്പുറം ലോകത്തെ നോക്കിക്കാണുന്ന അയാൾ, ആ ലാബിലെ ഓരോ തുള്ളി ലായനിയുടെയും രഹസ്യമറിയുന്ന ഏക സാക്ഷിയായിരുന്നു.
പാത്തോളജി ലാബിലെ ഈ അന്തരീക്ഷവുമായി ഏകദേശം നാലര പതിറ്റാണ്ടായി അയാൾ സമരസപ്പെട്ടിരിക്കുന്നു. 72 വയസ്സുള്ള അയാൾക്ക് ഈ ജോലി, പ്രത്യേകിച്ച് രാത്രി ഷിഫ്റ്റിലെ ഏകാന്തത, ഒരു വെറും ജോലി എന്നതിനപ്പുറം അതൊരുതരം ധ്യാനമായിരുന്നു.
കാഴ്ചശക്തിയെ സഹായിക്കാൻ മൂക്കിൻതുമ്പിൽ തൂങ്ങിക്കിടക്കുന്ന കട്ടിലെൻസുള്ള കണ്ണടയും കയ്യിൽ കൊണ്ടുനടക്കുന്ന ഒരു പഴയ ഡയറിയും പേനയും അയാളുടെ അടയാളങ്ങളായിരുന്നു. അക്കാദമി നൽകിയ, വല്ലപ്പോഴും വിളിക്കാനും സ്വീകരിക്കാനും മാത്രം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അയാളെ പുറംലോകവുമായി ബന്ധിപ്പിച്ചു.
അകത്ത്, കത്തുന്ന ഫിനോയിലിന്റെയും ഫോർമാലിന്റെയും രൂക്ഷഗന്ധം, അനേകം വർഷങ്ങൾ പഴക്കമുള്ള മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചുവെച്ചതിന്റെ ആ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു.
അസ്ഥിമജ്ജകളെ പോലും മരവിപ്പിക്കുന്ന ആ അന്തരീക്ഷത്തിൽ റാവുത്തർ തലയുയർത്തി ലാബിലെ നിശ്ശബ്ദതയിലേക്ക് ചെവി കൊടുത്തു. അകലെ ചുമരിൽ ക്ലോക്കിൽ ആടുന്ന പെന്റുലത്തിന്റെ നേരിയ ശബ്ദം, ചുറ്റുമുള്ള ഷെൽഫുകളിൽ ഫോർമാലിനിൽ ഇട്ടു വെച്ച വർഷങ്ങൾ പഴക്കമുള്ള, പല പ്രായത്തിലുള്ള ശവശരീരങ്ങൾ, മുറിച്ചെടുത്ത മനുഷ്യാവയവങ്ങൾ, വിവിധ പ്രായത്തിലുള്ള ശിശുക്കളുടെ ഭ്രൂണങ്ങൾ ശയിക്കുന്ന ജാറുകൾ...
ശിശുക്കളുടെ ഭ്രൂണങ്ങൾ കാണുമ്പോൾ അയാളിൽ കരുണയും വാത്സല്യവും നിറയും. ജനിക്കുന്നതിനു മുൻപ് തന്നെ ജീവനില്ലാതെ പലരുടെയും കാഴ്ചവസ്തുവായി മാറിയ പാവം കുഞ്ഞുങ്ങൾ! അയാൾ പലപ്പോഴും അവരോട് വാത്സല്യത്തോടെ സംസാരിക്കാറുണ്ടായിരുന്നു.
മഴയുടെ തണുപ്പ് അകത്തേക്ക് വന്നു തുടങ്ങിയപ്പോൾ അയാൾ പതുക്കെ എഴുന്നേറ്റു, ഷെൽഫുകൾക്കിടയിലൂടെ നടന്ന് ജാർ നമ്പർ 20 ന്റെ അടുത്തു നിന്നു നെടുവീർപ്പിട്ടു.
ആ ജാറിനുള്ളിൽ പാതി കണ്ണുകളടച്ച് ശാന്തമായി ഉറങ്ങുന്ന കുഞ്ഞ്, അതൊരു സാധാരണ ഭ്രൂണമല്ലായിരുന്നു. സ്ഥാപനത്തിന്റെ സ്ഥാപകരായ ഡോ.വിശ്വനാഥ് വർമ്മയുടെയും ഡോ.ശ്രീദേവി വർമ്മയുടെയും മകനായി ജനിക്കേണ്ടിയിരുന്നവൻ. ഏതാണ്ട് എട്ടര മാസം വളർച്ചയെത്തിയ, പൂർണ്ണരൂപമുള്ള ആൺകുഞ്ഞ്.
ഇരുപത് വർഷം മുൻപ് ഒരു അപകടമരണത്തിൽ ആ ദമ്പതികൾ ഇല്ലാതായപ്പോൾ, ആ കുഞ്ഞ് ജനിക്കാതെ തന്നെ സ്ഥാപനത്തിന്റെ അഭിമാനമായി ജാറിൽ കിടക്കുന്നു, വിദ്യാർഥികൾക്ക് പഠിക്കാനും പഠിച്ചുപറയാനുമുള്ള പരീക്ഷണ വസ്തുവായി.
ഡോക്ടർ ശ്രീദേവി വർമ്മ ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞിനെക്കുറിച്ച് പങ്കുവെച്ചിരുന്ന സ്വപ്നങ്ങൾ ഓർത്തപ്പോൾ റാവുത്തറുടെ കണ്ണ് നിറഞ്ഞു.
പെട്ടെന്ന്, ആകാശത്തെ കീറിമുറിച്ച് ഒരു ഭീകരമായ മിന്നൽപ്പിണർ ലാബിനെ പ്രകമ്പനം കൊള്ളിച്ചു! ലാബിലെ ഫ്‌ളൂറസന്റ് ലൈറ്റുകൾ ഒരു നിമിഷം അണഞ്ഞ് വീണ്ടും മിന്നിത്തെളിഞ്ഞു. കമ്പ്യൂട്ടർ സ്‌ക്രീനുകൾ നീല നിറത്തിൽ പ്രേതതുല്യമായി ജ്വലിച്ചത് കണ്ടപ്പോൾ 'ഷോർട്ട് സർക്യൂട്ട്!' എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് അയാൾ തന്റെ കസേരയിലേക്ക് നടന്നു.
അപ്പോൾ ജാറുകൾ സൂക്ഷിക്കുന്ന റിസർവേഷൻ സെക്ഷനിൽ നിന്നെന്നപോലെ ഒരു നേർത്ത ശബ്ദം അയാളുടെ കാതുകളിലേക്ക് ഒഴുകിയെത്തി.
'...ഏയ്, റാവുത്തറണ്ണാ..!'
അയാൾ തിരിഞ്ഞു നോക്കി.
തന്റെ പേര് വിളിച്ചത് ഒരു മനുഷ്യശബ്ദമായിരുന്നില്ലെന്ന് അയാൾക്ക് തീർച്ചയായിരുന്നു. അനന്തമായ ശൂന്യതയിൽ നിന്ന് വരുന്നതുപോലെയുള്ള ഒരു ശബ്ദം!
അയാളുടെ ശരീരം കൂടുതൽ തണുത്തുറഞ്ഞു. അന്തരീക്ഷത്തിലെ ഫിനോയിലിന്റെ മണം പെട്ടെന്ന് രക്തത്തിന്റെ ഗന്ധമായി മാറിയത് പോലെ അയാൾക്ക് തോന്നി.
'രത്തൻ..ഏയ്, രത്തൻ റാവുത്തറണ്ണാ.. !'
വീണ്ടും ആ വിളി മുഴങ്ങി..
ഇത്തവണ ശബ്ദം കൂടുതൽ വ്യക്തമായിരുന്നു. അത് വായുവിന്റെ തരംഗങ്ങളിലൂടെ വരുന്നതിനു പകരം തന്റെ തലച്ചോറിലെ ഞരമ്പുകളിലൂടെ ടെലിപ്പതി സംഭാഷണമായി നേരിട്ട് സംവദിക്കുന്നതുപോലെ അയാൾക്കു തോന്നി !
വിറച്ചുകൊണ്ട് അയാൾ ഗ്ലാസ് ജാറുകളിലേക്ക് നോക്കി. തന്നെ പേര് ചൊല്ലി വിളിച്ചത് ആരാണ്?
അപ്പോൾ, മരണത്തിന്റെ മരവിച്ച നിശബ്ദതയിൽ നിരനിരയായി വെച്ചിരുന്ന നൂറുകണക്കിന് ശവഭരണികൾക്കിടയിൽ, ജാർ നമ്പർ 20 മാത്രം ഒരു പ്രേതാലയത്തിലെന്നപോലെ ഭയാനകമായ കടുംനീല വെളിച്ചത്തിൽ സ്വയം ജ്വലിക്കുന്നത് കണ്ട റാവുത്തറുടെ ചോര ഉറഞ്ഞുപോയി.
ഭയപ്പാടുകളോടെ അയാൾ നോക്കി, ആ ശിശു ഭ്രൂണത്തിന്റെ കണ്ണുകൾ മുഴുവനായി തുറന്നിരിക്കുന്നുവോ..!
താൻ കണ്ടത് പരമാർത്ഥമാണ്. ഇരുപത് വർഷമായി അടഞ്ഞുകിടന്ന ആ കണ്ണുകൾ ഇപ്പോൾ റാവുത്തറെ നോക്കുന്നു.
എട്ടരമാസം പ്രായമുള്ള ശിശു തന്നെ നോക്കി പുഞ്ചിരിക്കുന്നു..!
തന്റെ തോന്നൽ മാത്രമാണോ? അയാൾ കട്ടിക്കണ്ണട ഒന്ന് തുടച്ചു വീണ്ടും മുഖത്ത് വെച്ച് തുറിച്ചു നോക്കുകയാണ്..
അവിടെ കണ്ട കാഴ്ച, തന്റെ തലച്ചോറിലെ കോശങ്ങൾ വിഭജിക്കപ്പെടുന്നത് പോലെ ഒരു തോന്നൽ അയാളിൽ ഉണ്ടാക്കുന്നതായിരുന്നു. ഭീതിയുടെ അങ്ങേയറ്റം!
ശാന്തവും ഐസ് പോലെ കിടന്നിരുന്നതുമായ ജാറിനുള്ളിലെ ദ്രാവകം പതുക്കെ ഇളകി മറിയുന്നു..
അതേ ജാറിന്റെ ഉള്ളിൽ നിന്ന് ഒരു ലോഹീയ ശബ്ദം വീണ്ടും അയാളുടെ കാതുകളിൽ തുളച്ചുകയറി.
'എന്നെ സ്വതന്ത്രനാക്കൂ, റാവുത്തറണ്ണാ..'
അതൊരു അപേക്ഷയായിരുന്നില്ല; എതിർക്കാൻ കഴിയാത്ത ഒരു ആജ്ഞയാണന്നു അയാൾ തിരിച്ചറിഞ്ഞു.
അടുത്ത ക്ഷണം, അദൃശ്യമായ ഒരു ശക്തിക്ക് കീഴടങ്ങിയതുപോലെ അയാളുടെ കാലുകൾ ഇരുപതാം നമ്പർ ജാറിന്റെ അടുത്തേക്ക് യാന്ത്രികമായി ചലിച്ചു.
സ്റ്റീൽ ഷെൽഫിൽ ബന്ധവസ്സാക്കി വെച്ചിരുന്ന ഗ്ലാസ് ജാർ നമ്പർ 20... അകത്തുള്ള കുഞ്ഞിന്റെ കണ്ണുകളിലെ ആജ്ഞാശക്തി ഒരിക്കൽക്കൂടി കാണാൻ ത്രാണിയില്ലാത്തവണ്ണം അയാൾ കണ്ണുകളടച്ചു കൊണ്ട് തന്റെ വിരലുകൾ ജാറിന്റെ സ്റ്റീൽ അടപ്പിൽ ബലം പ്രയോഗിച്ചു.
പഴക്കം ചെന്ന ലോഹം കറങ്ങുന്ന ശബ്ദം നിശബ്ദതയിൽ ഒരു നിലവിളി പോലെ ലാബിൽ മുഴങ്ങി.
അടപ്പ് അയഞ്ഞതും ഇരുപത് വർഷത്തെ രഹസ്യങ്ങൾ പുറത്തേക്ക് പ്രവഹിക്കാൻ വെമ്പുന്നതുപോലെ ജാറിനുള്ളിലെ ദ്രാവകം ഉയർന്നുപൊങ്ങി. ചൈതന്യമുള്ള ആ നീലക്കണ്ണുകൾ അയാളെ കാന്തികമായി ആകർഷിച്ചു.
അടുത്ത ക്ഷണം, വിറയാർന്ന കൈകളിൽ നിന്ന് ഗ്ലാസ് ജാർ വഴുതിമാറി മാർബിൾ തറയിലേക്ക് വീഴുന്നതുകണ്ട റാവുത്തരുടെ പ്രജ്ഞ നശിച്ചു പോയി.
തറയിൽ വീണ ജാറിന്റെ ചിതറിയ ചില്ലുകളുടെ ശബ്ദം ലാബിൽ ഒരു സ്‌ഫോടനം പോലെ മുഴങ്ങി. ഫോർമാലിനും മറ്റ് രാസലായനികളും തറയിൽ വെള്ളപ്പൊക്കം പോലെ പരന്നൊഴുകി.
റാവുത്തർ ഭയന്ന് കണ്ണുകൾ അടച്ചു. തന്റെ അശ്രദ്ധയിൽ ആ കുഞ്ഞ് ചിതറിപ്പോയെന്ന ഭയം അയാളെ പിടികൂടി. തന്റെ യജമാനന്മാരുടെ ഏക ശേഷിപ്പ് താൻ നശിപ്പിച്ചോ? കണ്ണുകളിൽ ആധിയും ഭയവും നിറഞ്ഞ് അയാൾ നിന്നു വിറച്ചു.
ലാബിലെ മാർബിൾ തറയിൽ തകർന്ന ചില്ലുകൾ ചിതറിക്കിടന്നു. ഫോർമാലിന്റെയും ഹെർബൽ ലായനികളുടെയും രൂക്ഷഗന്ധം അന്തരീക്ഷത്തിൽ പടർന്നു.
തന്റെ കൈകളിൽ നിന്ന് വഴുതിവീണത് വെറുമൊരു ഗ്ലാസ് ഭരണിയല്ലല്ലോ.. അക്കാദമിയുടെ കാവൽമാലാഖമാരായിരുന്ന വർമ്മ ദമ്പതികളുടെ ഏക ശേഷിപ്പാണ്! കേമപ്പെട്ട പരീക്ഷണ വസ്തുവാണ് ..!
തന്റെ അശ്രദ്ധയിൽ ആ ഇരുപത് വർഷത്തെ രഹസ്യം ചിതറിപ്പോയിരിക്കുന്നു..
ഹാളിലാകെ രാസലായനി പരന്നൊഴുകുന്ന ശബ്ദം അയാളുടെ ഉള്ളിൽ ഒരു തേങ്ങലായി മാറി. താൻ സ്‌നേഹത്തോടെ നോക്കിനിന്നിരുന്ന ആ കുഞ്ഞ്.. അത് ഈ ദ്രാവകത്തിന്റെ ശക്തിയിൽ തകർന്നുപോയിരിക്കുമോ?
നാലര പതിറ്റാണ്ടിനിടയിലെ സേവനത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമാണ്..
തന്റെ മേലാസകലം ഒരു വിറ ബാധിക്കുന്നത് അയാൾ അറിഞ്ഞു.. താഴേക്ക് നോക്കി. തറയിൽ പരന്നൊഴുകുന്ന ലായനിക്കിടയിൽ ചില്ലുകൾക്കിടയിലായി ശിശുവിന്റെ ഭ്രൂണം കമിഴ്ന്നു കിടക്കുന്നു. അതുവരെ തന്നെ നോക്കി മന്ദഹസിക്കുകയും കണ്ണുകൾ ചിമ്മിത്തുറക്കുകയും ചെയ്ത ശിശുവിന്റെ ഭ്രൂണമാണ്..
ഈ ഭ്രൂണത്തിന്റെ വിളി കേട്ടല്ലെ താൻ ഇങ്ങോട്ട് ഓടിവന്നത്..? എന്നിട്ടിപ്പോൾ അതു തറയിൽ കമിഴ്ന്നു കിടക്കുന്നു..!
തന്റെ യജമാനന്മാരോടുള്ള വഞ്ചനയായി അതിനെ അയാൾ കണ്ടു. കുറ്റബോധം കൊണ്ട് അയാളുടെ നെഞ്ച് വിങ്ങി.
തന്റെ പ്രവൃത്തികളെ തുറിച്ചു നോക്കുന്ന സിസിടിവിയിലൂടെ നാളെ കുരിയാപ്പിയും സംഘവും ഇതറിഞ്ഞാൽ തന്റെ അവസ്ഥ എന്താകും? ജോലിയിൽ കൃത്യവിലോപം കാട്ടി എന്ന കുറ്റത്തിന് തന്നെ അവർ പിരിച്ചു വിടുമെന്ന് തീർച്ച.. ഈ പ്രായത്തിൽ താൻ എങ്ങോട്ട് പോകും?
ഭയത്തിന്റെയും ആധിയുടെയും വിറയ്ക്കുന്ന കൈകളോടെ രത്തൻ റാവുത്തർ തന്റെ സ്വകാര്യ ഡയറിയിൽ ആ വരികൾ കുറിച്ചു:
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ഇന്ന് രാത്രി സംഭവിച്ചു. ജാർ നമ്പർ 20 എന്റെ കൈകളിൽ നിന്ന് വഴുതി വീണ് തകർന്നിരിക്കുന്നു. വർമ്മ ദമ്പതികളുടെ കുഞ്ഞ്.. ഈ മിശ്രിതമില്ലാതെ പുറത്തെ വായുവിൽ ആ കോശങ്ങൾ എത്ര നേരം നശിക്കാതെ നിൽക്കുമെന്ന് എനിക്കറിയില്ല.'
* പ്രീസർവേഷൻ സെക്ഷൻ: പഠനത്തിനോ, ഗവേഷണത്തിനോ വേണ്ടി മനുഷ്യശരീര ഭാഗങ്ങളോ അവയവങ്ങളോ ഭ്രൂണങ്ങളോ (Specimens) രാസലായനികളിൽ (പ്രധാനമായും ഫോർമാലിൻ) ഇട്ടു ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന സ്ഥലം. ഇതിനെ 'മ്യൂസിയം സെക്ഷൻ' എന്നും വിളിക്കാറുണ്ട്. ഇവിടെ എപ്പോഴും ഫോർമാലിന്റെ ഒരു പ്രത്യേക രൂക്ഷഗന്ധവും മരവിപ്പിക്കുന്ന തണുപ്പും ഉണ്ടായിരിക്കും. മൃതശരീരങ്ങൾ അഴുകാതിരിക്കാനാണ് ഈ താപനില ക്രമീകരിക്കുന്നത്.
Content Highlights: Suspense Thriller Novel Jar No:20 Part 1
Published: 13 Oct 2026, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented