രവിശങ്കർ മുറ്റത്തേയ്ക്കു ചെന്നു. പന്തൽ പണിക്കാർ തൂണുകൾ കുഴിച്ചിട്ടു കഴിഞ്ഞിരുന്നു.
ഏതാനും മണിക്കൂറുകൾ കൊണ്ട് മനോഹരമായ പന്തൽ മുറ്റത്ത് ഉയർന്നുകഴിഞ്ഞിരുന്നു.
Also Read
ഹരിയും രവിയും ചേർന്ന് പന്തലിനുള്ളിൽ കസേരകൾ നിരത്തി.
വൈകുന്നേരം എല്ലാവരും പന്തലിൽ ഇരുന്നാണ് ചായ കഴിച്ചത്. പന്തൽ ജോലിക്കു വന്നവരും അവർക്കൊപ്പം ഉണ്ടായിരുന്നു.
'മോളെ... ശോഭെ..ചായയ്ക്കുള്ള പലഹാരങ്ങൾ എടുത്തുകൊണ്ടുവാ...'
ശാരദാമ്മ വിളിച്ചു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ശോഭ പാത്രങ്ങളിൽ പലഹാരവുമായി പന്തലിലേയ്ക്കു വന്നു.
ആ സമയം ജലജയും അനിതയും കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ശോഭ പലഹാരങ്ങൾ മേശപ്പുറത്തുവച്ച് നിവർന്നപ്പോൾ രവിയുമായി സംസാരിക്കുന്ന ഹരിയെകണ്ടു.
ആ മുഖത്തെ ഭാവം മാറി. അവൾ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു.
'ഹരീ... നിനക്കു പലഹാരം വേണ്ടെ...?' എന്നുചോദിച്ചു കൊണ്ട് ശോഭ ഹരിയുടെ മുമ്പിലേക്ക് ചെന്നു. അവന്റെ മുമ്പിലെത്തിയതും ശോഭ ചുറ്റും നോക്കി. ആ കണ്ണുകളിൽ ഇതുവരെ കാണാത്ത ഭാവം കണ്ട് ഹരി ഞെട്ടിപ്പോയി!
'എനിക്ക് വേണ്ട ഏട്ടത്തി...!'
'അതെന്താടാ നിനക്ക് കഴിച്ചാൽ..!'
കേക്കിന്റെ കഷണം എടുത്ത് ഹരിയുടെ വായിലേക്ക് കുത്തിക്കടത്താൻ ശ്രമിച്ചു. അയാൾ തലവെട്ടിച്ചതും കഴുത്തിൽ മുറുകെപ്പിടിച്ച് ബലമായി വായ തുറന്ന് കേക്ക് തിരുകി കയറ്റാൻ നോക്കി.
'തിന്നെടാ...' ചെന്നായി മുരളുന്നത് പോലെ ശോഭ അലറി.
'ഏട്ടത്തി... ? ' രവിയും ജലജയും ഓടിവന്നു പിടിച്ചു മാറ്റാൻ ശ്രമിച്ചു.
' അമ്മേ...!' അനിതയും ഓടി വന്നു.
' വിട്...! വിടാൻ....?' രവി ബലമായി ശോഭയെ വലിച്ചു മാറ്റി. അവൾക്ക് ഭയങ്കര ശക്തിയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
പെട്ടെന്ന് ശോഭ കുഴഞ്ഞു നിലത്തേക്കു വീഴാൻ തുടങ്ങിയപ്പോൾ അവർ താങ്ങിപ്പിടിച്ച് വരാന്തയിൽ കൊണ്ടുപോയി കിടത്തി.
ഹരി അമ്പരന്നു നിൽക്കുകയായിരുന്നു.
'കഴിഞ്ഞ ദിവസത്തെ ആ സംഭവത്തിനുശേഷം ഏട്ടത്തിക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്... '
രവിയെ മാറ്റിനിർത്തിക്കൊണ്ട് ഹരി പറഞ്ഞു.
'ശരിയാണ്... ഏട്ടത്തി നോർമൽ കണ്ടീഷനിലല്ല ഇങ്ങനെയൊക്കെ കാണിക്കുന്നത്...' രവി പറഞ്ഞു 'നമുക്ക് എത്രയും വേഗം ഏട്ടത്തിയെ ഹോസ്പിറ്റലിൽ എത്തിക്കണം. ഡോക്ടറെ കാണിച്ചില്ലെങ്കിൽ രോഗം വഷളാകത്തെയുള്ളൂ ... ' ഹരി പറഞ്ഞു.
'എങ്കിൽ ഉടൻതന്നെ പോകാം ..അതാ നല്ലത്.
നമുക്കൊപ്പം ജലജയും കൂടി പോരട്ടെ. നീ വേഗം ജീപ്പ് ഇറക്ക്... 'രവിശങ്കർ പറഞ്ഞു.
രവിശങ്കറും ജലജയും ഹരിയും കൂടി ശോഭയെ താങ്ങിപ്പിടിച്ച് ജീപ്പിൽ കിടത്തി. ജീപ്പ് ഹോസ്പിറ്റലിലേക്ക് കുതിച്ചു.
അമ്മയ്ക്ക് എന്തു പറ്റിയതാണാവോ...?
അനിത വിഷമത്തോടെ തന്റെ മുറിയിൽ ഇരിക്കുകയായിരുന്നു.
ആ സമയം ദൂരെ നിന്നും പാഞ്ഞു വന്ന പ്രകാശഗോളം പിന്നാമ്പുറത്തെ മുറ്റത്തു നിന്ന കിരണിന്റെ തലയ്ക്ക് മുകളിൽ വന്നു നിന്നു. പിന്നെ അത് പൂത്തിരി കത്തുന്നതു പോലെ പൊട്ടിച്ചിതറി.
'ചേച്ചി...!' പുറത്തുനിന്നും കിരൺ വിളിച്ചു.
'കയറി വാടാ.. നീ എന്തെടുക്കുകയായിരുന്നു... '?
അനിത ചോദിച്ചു
'ഞാൻ അപ്പുറത്ത് കളിക്കുകയായിരുന്നു... ശോഭയാന്റിക്ക് എന്താണ് പറ്റിയത് ...? 'അവൻ മുറിയിലേക്ക് കയറി വന്ന് അനിതയുടെ അടുത്ത് കിടക്കയിൽ ഇരുന്നു. 'എനിക്കറിയില്ല മോനെ... ' വിഷമത്തോടെ അനിത പറഞ്ഞു.
'എനിക്കൊരു കഥ പറഞ്ഞു തരാമോ ചേച്ചി... '
' ഇപ്പോഴോ? ഒരു മൂഡില്ല കുട്ടാ...'
പെട്ടെന്ന് കിരണിന്റെ മുഖം വലിഞ്ഞുമുറുകി. അവന്റെ കണ്ണിൽ നിന്നും തീജ്വാല ഉയരുന്നതുപോലെ അനിതയ്ക്ക് തോന്നി.
നിന്റെ കണ്ണിന് എന്ത് പറ്റിയെടാ..?'
അനിത അവന്റെ തോളിൽ തൊട്ടുകൊണ്ട് ചോദിച്ചു. 'ഒന്നും പറ്റിയില്ല...' അവന്റെ ശബ്ദം മാറിയിരുന്നു. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശബ്ദം പോലെ അനിതയ്ക്ക് തോന്നി.
'നിന്റെ ശബ്ദം മാറിയിരിക്കുന്നല്ലോ...'
'ചേച്ചിക്ക് തോന്നുന്നതാ...' അവൻ പൈശാചികമായി പുഞ്ചിരിച്ചു. അതുകണ്ട് അനിത ഞെട്ടിപ്പോയി.
'എടാ ...! നിനക്ക് എന്താടാ പറ്റിയത്...?'
'എനിക്കൊന്നും പറ്റിയില്ലെടീ..പറ്റാൻ പോകുന്നത് നിനക്കാ...' കിരൺ പൊട്ടിച്ചിരിച്ചു.
പൈശാചികമായ ചിരി.
പെട്ടെന്ന് കിരൺ ചാടി അനിതയുടെ കഴുത്തിൽ പിടിമുറുക്കി. ദേഷ്യത്തോടെ അവനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചെങ്കിലും ഇരുമ്പിന്റെ കരുത്ത് ആയിരുന്നവന്. കിരൺ വായ് പൊളിച്ചപ്പോൾ ശവം ചീഞ്ഞളിഞ്ഞ മണം അനുഭവപ്പെട്ടു. അവൾക്ക് ഓക്കാനം വന്നു.
'അയ്യോ... മുത്തശ്ശീ ... ഓടിവായോ...?'
അനിത അലറി വിളിച്ചു.
അവൻ വന്യമായ ഭാവത്തോടെ അവളുടെ വായ് പൊത്തി. അടുത്ത നിമിഷം കിരൺ ദേഹം മുഴുവൻ രോമമുള്ള ഒരു ഭീകരത സത്വമായി മാറി. അതിന്റെ തല ചെന്നായുടേതു പോലെ ആയിരുന്നു. മുഖത്തും കൈകളിലും പാമ്പിന്റെ പോലുള്ള ശല്കങ്ങൾ. ആ സത്വം വായ് തുറന്നപ്പോൾ സർപ്പത്തിന്റേതുപോലുള്ള നാക്ക് അവൾ കണ്ടു!
'ഞാൻ എറോക്ക്... എന്നിൽനിന്നും ആരും രക്ഷപ്പെടില്ല. ഈ ലോകത്തിന്റെ നാശമാണ് എന്റെ ലക്ഷ്യം. എന്നെപ്പോലെ ആയിരമായിരം എറോക്ക് ഇവിടെ
പുനർജനിക്കും. അവരിലൂടെ ഞാനെന്റെ ആഗ്രഹം സാധിക്കും... '
പൈശാചികമായി ആ സത്വം പൊട്ടിച്ചിരിച്ചപ്പോൾ ഇടിമുഴങ്ങുന്നതുപോലെ അനിതയ്ക്കു തോന്നി.
ശോഭയെയും കൊണ്ട് അവർ ടൗണിലെ ഡോക്ടർ പ്രമീളയുടെ ക്ലിനിക്കിൽ എത്തി. ഉണ്ടായ വിവരങ്ങളൊക്കെ ഡോക്ടറോടു പറഞ്ഞു.
ഡോക്ടർ രോഗിയെ പരിശോധിച്ചു.
'ഈ സ്ത്രീക്ക് എന്താണ് പറ്റിയത് ...? '
ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
'ഏട്ടത്തി തലചുറ്റി വീണതാണ് ഡോക്ടർ..?' ജലജയാണ് അതിന് മറുപടി പറഞ്ഞത്.
'വാട്ട് നോൺസെൻസ് യുവാർ ടോക്കിങ് '...!
ഡോക്ടർ പ്രമീള പൊട്ടിത്തെറിച്ചു.
രവിയും ഹരിയും അമ്പരപ്പോടെ ഡോക്ടറെ നോക്കി. അവർക്കൊന്നും മനസ്സിലായില്ല.
'ഈ സ്ത്രീ മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു...!'
ഡോക്ടർ പറഞ്ഞതുകേട്ട് ഇടിവെട്ടേറ്റതുപോലെ അവർ സ്തംഭിച്ചു നിന്നു
'ഡോക്ടർ എന്താണ് പറഞ്ഞത്...! ശോഭേട്ടത്തി മരിച്ചുവെന്നോ...?' ഹരിക്കത് വിശ്വസിക്കാനായില്ല.
കഴിഞ്ഞദിവസം കമ്പിപ്പാരക്കുള്ള തന്റെ കുത്തേറ്റ് ഏട്ടത്തി വീണ കാര്യം ഹരി ഓർമിച്ചു. അയാൾ അറിയാതെ നടുങ്ങിപ്പോയി.
'ഒന്നുകൂടി പരിശോധിച്ചു നോക്കൂ ഡോക്ടർ..! ഏട്ടത്തി മരിച്ചിട്ടില്ല..?' നിലവിളിയോടെ ജലജ പറഞ്ഞു.
ശോഭയുടെ വയറിന്റെ ഭാഗം മെല്ലെ ചലിക്കുന്നതുപോലെ ഡോക്ടർക്ക് തോന്നി. വിശ്വാസം വരാതെ ഡോക്ടർ തുറിച്ചുനോക്കി. പിന്നെ സ്റ്റെതസ്കോപ്പ് എടുത്ത് ശോഭയുടെ വയറിൽ അമർത്തിവെച്ച് പരിശോധിച്ചു. അടുത്ത നിമിഷം ഡോക്ടർ പ്രമീള ഞെട്ടിപ്പോയി
ശോഭയുടെ വയറ്റിൽ കിടന്ന് ഒരു കുഞ്ഞു കരയുന്നു. ചെന്നായുടെ മുരളൽ പോലെയാണ് ഡോക്ടർ പ്രമീളക്ക് തോന്നിയത്.
ഡോക്ടർ ഞെട്ടലോടെ തലയുയർത്തി അവരെ നോക്കി.
മരിച്ചുപോയ സ്ത്രീയുടെ വയറ്റിൽ ജീവനുള്ള കുഞ്ഞോ? 'ഇംപോസിബിൾ..!'
ഡോക്ടർക്കത് വിശ്വസിക്കാനായില്ല.
'എന്താ ഡോക്ടർ..?' പരിഭ്രമത്തോടെ രവിശങ്കർ തിരക്കി.
'നത്തിംഗ്.. ഞാൻ ഏതായാലും ഈ സ്ത്രീയെ ഒന്ന് സ്കാൻ ചെയ്ത് നോക്കട്ടെ.'
എണീറ്റുകൊണ്ട് ഡോക്ടർ പറഞ്ഞു.
അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്ന മുറിയിലേക്ക് ശോഭ കിടന്ന സ്ട്രച്ചർ തള്ളിക്കൊണ്ടുപോയത് രവിയും ഹരിയും കൂടിയാണ്. അവർക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ജലജയും ഉണ്ടായിരുന്നു. ഡോക്ടർക്കൊപ്പം അവർ സ്കാനിങ് റൂമിലേക്ക് ചെന്നു.
ഡോക്ടർ രേണുകയാണ് സ്കാനിങ് ചെയ്യുന്നത്.
പ്രമീള ശബ്ദം താഴ്ത്തി രേണുകയോട് എന്തോ സംസാരിച്ചു. പുറത്തിരുന്ന രവിക്കും ഹരിക്കും അത് മനസ്സിലായില്ല. ശോഭയോടൊപ്പം ജലജയും മുറിക്കുള്ളിലേക്ക് കയറിയിരുന്നു.
ഡോക്ടർ രേണുക സ്കാനറിന്റെ മൗസ് ശോഭയുടെ വയറിൽ ചേർത്തുവച്ച് ചലിപ്പിച്ചുകൊണ്ട് കമ്പ്യൂട്ടറിന്റെ മോണിറ്ററിലേക്ക് നോക്കി.
'മൈ ഗോഡ്...' ? അവൾ അറിയാതെ നിലവിളിച്ചു പോയി.
'എന്താ ഡോക്ടർ...!' പ്രമീള ഉദ്വേഗത്തോടെ മോണിറ്ററിലേക്ക് നോക്കി. ആ കാഴ്ച കണ്ട് അവരും ഞെട്ടിപ്പോയി
ശോഭയുടെ വയറ്റിലുള്ള ശിശുവിന്റെ തലയുടെ ഇരുവശത്തും ചെറിയ രണ്ട് കൊമ്പുകൾ.
'ഇതെങ്ങനെ സംഭവിച്ചു...?'
ഡോക്ടർ പ്രമീളയെ നോക്കിക്കൊണ്ട് രേണുക ചോദിച്ചു 'എനിക്കറിയില്ല... ഈ കുഞ്ഞിന്റെ കരച്ചിൽ ഞാൻ വ്യക്തമായി കേട്ടതാണ്. ചെന്നായ മുരളുന്നതു പോലെ...!'
അപ്പോഴാണ് ഡോക്ടർ രേണുക ആ സത്യം കണ്ടെത്തിയത്!
'ഡോക്ടർ ...ഈ കുഞ്ഞു വളർന്നുകൊണ്ടിരിക്കുകയാണ്...'
'മൈ ഗോഡ്...'
'ഈ നില തുടർന്നാൽ നിമിഷങ്ങൾക്കകം വയറുപൊട്ടി പിളർന്ന് അത് പുറത്ത് വരും. ഇനി നമ്മൾ എന്ത് ചെയ്യും....' ഡോക്ടർ രേണുക വിലപിക്കും പോലെ പറഞ്ഞു.
(തുടരും….)
Content Highlights: Horror Novel Kadal Chekuthan Part 13
Published: 23 Oct 2026, 12:11 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented