അമ്പതാമത് വയലാർ സാഹിത്യപുരസ്കാരം നേടിയ ആർ. രാജശ്രീയുടെ 'ആത്രയേകം' എന്ന നോവലിനെക്കുറിച്ച് നിരൂപകൻ വി. വിജയകുമാർ എഴുതിയ നിരൂപണം.

കല്യാണിയുടെയും ദാക്ഷായണിയുടെയും കത പറഞ്ഞ രാജശ്രീയുടെ ആദ്യനോവൽ ലിംഗരാഷ്ട്രീയത്തിലെ സ്ത്രീ-പുരുഷദ്വന്ദ്വങ്ങളെയാണ് സംബോധന ചെയ്തത്. ബഹുവിതാനങ്ങളുള്ള, ധ്വനിസമൃദ്ധമായ നാട്ടുഭാഷയുടെ അനന്യമായ ശൈലിയിൽ ജീവിതവും ചരിത്രവും ഭാവനയും സംലയിപ്പിച്ചെടുത്ത നോവലായിരുന്നു അത്. അടിത്തട്ടിലെ മനുഷ്യർ അവരുടെ ജീവിതംകൊണ്ട് ഭാഷയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയെന്നറിയാൻ സഹായിക്കുന്നത്. കഴിഞ്ഞ അമ്പതുവർഷക്കാലത്തിന്നിടയിൽ കേരളത്തിലെ അണുകുടുംബജീവിതവും സ്ത്രീ-പുരുഷബന്ധങ്ങളും എങ്ങനെ പരിവർത്തിക്കപ്പെട്ടുവെന്നതിന്റെ സൂചനകളും സവിശേഷമായ ഭാഷ്യവും നൽകുന്നത്. ലിംഗരാഷ്ട്രീയത്തിന്റെ വിസ്തൃതമാനങ്ങളുടെ പുതിയ അറിവിലേക്കും ജീവിതത്തിലേക്കും ലോകം വികസിതമാകുമ്പോൾ രാജശ്രീയുടെ നോവൽകലയും ആ വഴിയേ സഞ്ചരിക്കുന്നു. 'ആത്രേയകം' ആ വികാസത്തെയാണ് സൂചിപ്പിക്കുന്നത്.
'വെറുതെ ഒരു കഥയും ഉണ്ടാകില്ല. സംഭവങ്ങളും സാഹചര്യങ്ങളുമാണ് അതുണ്ടാക്കുക' - രാജശ്രീയുടെ നോവലിൽ പാഞ്ചാലമഹാറാണി കൃഷ്ണയോട് ഇങ്ങനെ പറയുന്നുണ്ട്. മലയാള ഭാഷയിൽ 'ആത്രേയകം' എന്ന നോവലിനെ സൃഷ്ടിച്ച സാഹചര്യങ്ങൾ എന്താണെന്നു ചോദിക്കാൻ കൂടി ഈ വാക്യങ്ങൾ പ്രേരകമാകുന്നുണ്ടാകും. ക്വിയർ പഠനങ്ങളോട് നമ്മുടെ ബുദ്ധിജീവിതം സ്വീകരിക്കുന്ന മനോഭാവങ്ങളും മഴവിൽ വർണരാജിയെ കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്ന പോലെ നമ്മുടെ സമൂഹവും ഗൗരവത്തോടെ ആലോചിക്കാനും പ്രവർത്തിക്കാനും തുടങ്ങിയതുമാണ് ആദ്യം പറയേണ്ടതെന്നു തോന്നുന്നു.
Also Read
ലൈംഗികതയെ കുറിച്ചുള്ള ജീവശാസ്ത്രപരമായ ന്യൂനീകരണവ്യാഖ്യാനങ്ങൾ വിമർശിക്കപ്പെടുകയും സാമൂഹികനിർമിതിയെന്ന നിലയിൽ അതിനെ കാണാൻ ശ്രമിക്കുന്ന പരിപ്രേക്ഷ്യങ്ങൾ വിപുലമാകുകയും ചെയ്തത് കേരളത്തിലും സ്വാഭാവികമെന്നോണം അനുരണനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. വർണരാജിയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങൾ ഏറെപ്പേരെ ആകർഷിക്കുന്നു. കലയും സാഹിത്യവും ഉൾപ്പെടെയുള്ള വ്യവഹാരങ്ങളിൽ അത് പ്രതിഫലിക്കുന്നു. നപുംസകം എന്ന വാക്കിനെ നിരസിച്ചുകൊണ്ട് സപുംസകം എന്ന വാക്കു നിർമിക്കാൻ ഒരു കഥാകാരൻ ഉത്സുകനാകുന്നു. നിരമിത്രന്റെ കഥ ഓർക്കപ്പെടുകയും രാജശ്രീയുടെ പുനർരചനയ്ക്ക് വിധേയമാകുകയും ചെയ്യുന്ന പ്രധാനപ്പെട്ട സാംസ്കാരികസന്ദർഭം ഇതാണ്.
ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം മേൽക്കൈ നേടുകയും ഇതിന്റെ തുടർച്ചയെന്നോണം ഹൈന്ദവമെന്നു പൊതുബോധം നിനയ്ക്കുന്ന മഹാഭാരതം ഉൾപ്പെടെയുള്ള ഇതിഹാസങ്ങളും പുരാണങ്ങളും പല വിധത്തിലുള്ള പാരായണങ്ങൾക്കു വിധേയമാകുകയും വിശകലനങ്ങളും വിമർശങ്ങളും ഉണ്ടാകുകയും ചെയ്യുന്ന സന്ദർഭവും നോവലിന്റെ രചനയ്ക്കു പ്രേരണയായിട്ടുണ്ടാകാം. മലയാളത്തിൽ 'ഭാരതപര്യടന'വും 'ഇനി ഞാൻ ഉറങ്ങട്ടെ', 'രണ്ടാമൂഴം' തുടങ്ങിയ നോവലുകളും ഇരാവതി കാർവെയുടെ പുസ്തകത്തിന്റെ വിവർത്തനവും ഷീജ വക്കത്തിന്റെ 'ശിഖണ്ഡിനി' കാവ്യവും നൽകിയ വായനകൾ മുതൽ ഇതിഹാസത്തെ ഇന്ത്യയുടെ പ്രാചീനകാല ചരിത്രവുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങൾ മുന്നോട്ടു വയ്ക്കുന്ന കെ.സി. നാരായണന്റെ പുസ്തകവും സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതപ്രഭാഷണങ്ങളും ഇവയോടൊക്കെ പുതിയ രാഷ്ട്രീയഗണങ്ങൾ ഉയർത്തിയ പ്രതികരണങ്ങളും വരെ ഈ നോവലിന് പ്രേരണയോ പ്രചോദനമോ ആയിട്ടുണ്ടാകാം.

പുസ്തകത്തിന്റെ കവർപേജ്
രാജശ്രീയുടെ നോവലും പ്രശ്നീകരണങ്ങളുടെ ബൃഹദ്ലോകങ്ങൾ തുറക്കുന്നു. പ്രശ്നീകരണങ്ങളാണ് പ്രധാനമെന്ന് ഉറപ്പിക്കുന്ന എഴുത്തുകാരി നോവലിനെ പ്രശ്നീകരണത്തിനുളള മാധ്യമമാക്കി മാറ്റുന്നു. പ്രശ്നീകരണങ്ങൾ പ്രശ്നത്തെ അടുത്തറിയാൻ സഹായിക്കുന്നുവെന്ന് ഗ്രഹിക്കുന്നു. പുതിയ അർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നു.
രാജശ്രീ എഴുതുന്ന നിരമിത്രന്റെ കഥ മഹാഭാരതത്തിന്റെ വ്യവസ്ഥിതപാഠമായ വൈശമ്പായനമഹാഭാരതത്തിൽ കാണുന്നതല്ല. പൂർണരൂപത്തിൽ എവിടെയെങ്കിലും ലഭ്യമല്ലാത്ത, അഗ്നിക്കിരയാക്കപ്പെടുകയോ പല വിധത്തിൽ തമസ്കരിക്കപ്പെടുകയോ ചെയ്ത ജൈമിനിയുടെ മഹാഭാരതത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന നാടോടി കഥാഖ്യാനങ്ങളോടാണ് രാജശ്രീയുടെ നോവൽ സഹഭാവം പുലർത്തുന്നത്. നോവലിന്റെ അവസാന അധ്യായത്തിൽ ജൈമിനിയുടെ മഹാഭാരതം അഗ്നിപരീക്ഷയ്ക്ക് വിധേയമാകട്ടെയെന്ന് വിധിക്കുന്ന വ്യാസനെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. അഗ്നിക്കിരയാക്കിയിട്ടും ജൈമിനിയുടെ പാഠങ്ങൾ നിലനിൽക്കുന്നുവെന്നതിന്റെ തെളിവായി എഴുത്തുകാരി തന്റെ നോവലിനെ അവതരിപ്പിക്കുകയാണെന്നും നമുക്ക് തോന്നാം. മഹാഭാരതത്തിലെ ശിഖണ്ഡിനി/ശിഖണ്ഡിയുടെ കഥയുടെ അതികഥാചിത്രണമാണിത്, ശിഖണ്ഡി എന്ന നാമം നോവലിൽ എവിടെയെങ്കിലും പരാമർശിക്കപ്പെടുക പോലും ചെയ്യാത്തിടത്തോളം അകലെയാണെങ്കിലും.
ശിഖണ്ഡി നിരമിത്രൻ എന്ന പേരിൽ കന്നഡഭാഷയിലെ പമ്പാഭാരതത്തിലും തമിഴ് ഭാഷയിലെ പെരുന്തേവനരുടെ മഹാഭാരതത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയോടൊക്കെ രാജശ്രീയുടെ നോവലിന്റെ പ്രമേയത്തിന് ബന്ധം പറഞ്ഞേക്കാൻ കഴിയുമെങ്കിലും ഏറിയ പങ്കും അത് എഴുത്തുകാരിയുടെ ഭാവനാസൃഷ്ടിയാണ്. നിരമിത്രന്റെ കഥയുടെ പുനർരചനയിൽ പല വിധത്തിൽ പലയിടങ്ങളിൽ പ്രചരിതമായ നാടോടിക്കഥകളെ രാജശ്രീ മാറ്റിപ്പണിയുന്നു.
പുരാവസ്തുസാമഗ്രികൾ നിരത്തി ശാസ്ത്രീയമായ അവലോകന/വിശകലനങ്ങളിലൂടെ പോയകാലത്തെ കണ്ടെത്തുന്ന ചരിത്രകാരന്റെ പാടവത്തോടെ മഹാഭാരതത്തിലെ ദ്രുപദരാജാവിന്റെയും ആ രാജകുടുംബത്തിന്റെയും കഥകളിൽ നിന്നും മറഞ്ഞു കിടക്കുന്ന ജീവിതബന്ധങ്ങളെയും ഇതര സാമഗ്രികളെയും കണ്ടെടുക്കുകയും (നിർമിക്കുകയും എന്നു പറയുന്നതാകും കൂടുതൽ ഉചിതം) യുക്തിപൂർവം കൂട്ടിച്ചേർത്ത് ഒരു സാകല്യചിത്രം ഒരുക്കുകയും ചെയ്യുന്നു. ഈ വലിയ പ്രക്രിയയിൽ തന്റെ ദർശനവും വിവിധ ജ്ഞാനരൂപങ്ങളിലുള്ള അറിവും എഴുത്തുകാരി മുറുകെ പിടിക്കുന്നു. സമകാലജീവിതത്തിന്റെയും ചരിത്രത്തിന്റെയും വിളികൾ കേട്ടുകൊണ്ട് എഴുത്തുകാരി നിരമിത്രന്റെ കഥ പുതുക്കിയെടുക്കുന്നു.
ശരീരങ്ങൾകൊണ്ടും ജീവിതംകൊണ്ടും എന്തുചെയ്യണമെന്ന് അതാതു വ്യക്തികൾ തീരുമാനിക്കട്ടെ എന്ന ജനാധിപത്യബോധം ആർജ്ജിച്ച സമൂഹമല്ല നമ്മുടേത്. ലൈംഗികജീവിതം സദാചാരവിലക്കുകളുടെയും അത്യന്തം ന്യൂനീകൃതവും സങ്കുചിതവുമായ സമീപനങ്ങളുടെയും തടവറയിലാണ്. ബലാത്സംഗങ്ങളുടെയും ഒളിഞ്ഞുനോട്ടങ്ങളുടെയും കടന്നാക്രമണങ്ങളുടെയും അഗമ്യഗമനങ്ങളുടെയും രൂപത്തിൽ പുറത്തേയ്ക്ക് നന്നായി പ്രകടമാകുന്ന അസംതൃപ്തി ലൈംഗികസ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തെയാണ് കാണിക്കുന്നത്. സദാചാരവ്യവസ്ഥ ലൈംഗികസ്വത്വങ്ങളുടെ മേൽ നിരന്തരം സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യനെ പുരുഷൻ - സ്ത്രീ എന്നീ ദ്വന്ദ്വങ്ങളായി വിഭജിക്കുന്ന സുപരിചിതപരിപ്രേക്ഷ്യമാണ് നമ്മുടെ പൊതുബോധത്തിലുള്ളത്. പൊതുബോധവും സദാചാരവ്യവസ്ഥയും കൂടിച്ചേർന്ന് മൂന്നാം ലിംഗത്തെ വലിയ അപഭ്രംശമായി മാറ്റുന്നു. മൂന്നാം ലിംഗത്തിന്റെ സാന്നിധ്യം തന്നെ പൊതുബോധം പേറുന്നവരിൽ വലിയ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ്. ഇത് സമകാല മധ്യവർഗത്തിന്റെ അവസ്ഥ മാത്രമല്ലെന്നാണ് മഹാഭാരതത്തിലെ നിരമിത്രന്റെ കഥ കാണിക്കുന്നത്.
മഹാഭാരതം മൂന്നാംലിംഗത്തിനു കൂടി ഇടം നൽകുന്നതിലൂടെ ലൈംഗികതയെ ബഹുലതയിലും സാകല്യത്തിലും ഉൾക്കൊണ്ട ഒരു പുരാതന/സനാതനസംസ്കാരത്തിന്റെ സമൂഹത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്ന ചില ഹൈന്ദവവാദികളുടെ വ്യാഖ്യാനങ്ങളെ നിരമിത്രന്റെയും നിരവധി സ്ത്രീകളുടെയും വേദന നിറഞ്ഞതും യാതനാപൂർണവുമായ ജീവിതാനുഭവങ്ങളുടെ ആഖ്യാനംകൊണ്ട് നമ്മുടെ കഥാകാരി വെല്ലുവിളിക്കുന്നു. വൈദികവർണ സംസ്കൃതിയിൽ ഒരിക്കലും അത് അങ്ങനെയായിരിക്കാൻ സാധ്യമല്ലെന്ന് ഉറപ്പിക്കുന്നു. സമകാലത്തെ മധ്യവർഗകുടുംബവ്യവസ്ഥയെന്ന പോലെ തന്നെ പുറമേയ്ക്ക് സ്വസ്ഥമെന്നും സുഖമെന്നും സംതൃപ്തമെന്നും കൊണ്ടാടപ്പെട്ടിരുന്ന രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിലെ ലൈംഗികജീവിതങ്ങളിലെ അനൈതികതകളെയും അടിച്ചമർത്തലുകളെയും രാജശ്രീ എഴുതുന്ന നിരമിത്രന്റെ കഥ വിവൃതമാക്കുന്നുണ്ട്. അമർ ചിത്രകഥകളിലെന്ന പോലെ ശിഖണ്ഡിനിയുടെ കഥ പറയുന്ന പല രൂപത്തിലുള്ള എഴുത്തുകൾ ആംഗലഭാഷയിലുൾപ്പെടെ ഈയിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഹിന്ദുത്വയുടെ പുനരുജ്ജീവനത്വരകളെ തൃപ്തിപ്പെടുത്തുന്ന ഇത്തരം രചനകളിൽ നിന്നും രാജശ്രീയുടെ നോവൽ ബഹുദൂരം അകലെയാണ്. മറിച്ച്, ഹിന്ദുത്വയുടെ വരേണ്യവും പുരുഷാധിപത്യപരവുമായ പ്രത്യയശാസ്ത്രത്തിനെതിരെ നിൽക്കുന്ന ജീവിതദർശനംകൊണ്ടാണ് രാജശ്രീ തന്റെ രചന ചമച്ചിരിക്കുന്നത്. ഏറെ സർഗാത്മകവും ധൈഷണികവും ദാർശനികവുമായ ഭാഷയിലാണ് വ്യാസമഹാഭാരതത്തിൽ പ്രാന്തവൽക്കരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്ത ഈ മൂന്നാംലിംഗത്തിന്റെ കഥാഖ്യാനം നോവലിസ്റ്റ് നിർവഹിച്ചിരിക്കുന്നത്. വ്യാസഭാരതം ശിഖണ്ഡിയെ മൂന്നാം ലിംഗമെന്ന് വിളിക്കുന്നതേയില്ല. അതുകൊണ്ടു തന്നെ വ്യവസ്ഥാപിതപാഠത്തിൽ നിന്നുള്ള വിച്ഛേദം തുടക്കത്തിലേ ബോധ്യപ്പെടും. നിരമിത്രന് യഥാർഥസ്വത്വം നൽകുന്ന പ്രവർത്തനം ഈ നോവലിൽ നടക്കുന്നു. പുരുഷൻ, സ്ത്രീ എന്നീ കോളങ്ങളോടൊപ്പം മൂന്നാംലിംഗത്തിനും കോളമനുവദിച്ച കാലത്തിന്റെ നിർദ്ദേശവുമാണത്.
ആർ. രാജശ്രീ | ഫോട്ടോ: ലതീഷ് പൂവത്തൂർ
അതീവ സൂക്ഷ്മതയോടെയാണ് കേന്ദ്രകഥാപാത്രത്തെ രാജശ്രീ രൂപപ്പെടുത്തിയിരിക്കുന്നത്. യുവരാജാവായി പ്രഖ്യാപിക്കപ്പെട്ട ഉടനെ മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന അവമതികളെ വിലക്കണമെന്ന് നിരമിത്രൻ ആവശ്യപ്പെടുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതദർശനം നോവലിന്റെ തുടക്കത്തിൽ തന്നെ കഥാകാരി പ്രഖ്യാപിക്കുകയാണ്. പൊതുബോധം പരിഹാസച്ചിരികളോടെയാണ് അയാളുടെ ആവശ്യത്തെ കേൾക്കുന്നത്. പൊതുബോധത്തോട് ഇടയുന്ന മൂല്യലോകങ്ങൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കാൻ പോകുന്ന സന്ദിഗ്ദ്ധതകളെയും പ്രതിസന്ധികളെയും മുൻകൂട്ടി പ്രവചിക്കുന്നതുമാണ് ഈ സന്ദർഭം. നിരമിത്രന്റെ ജീവിതത്തിലേക്ക് അസാധാരണമെന്നോണം നിരവധി കണ്ണുകൾ തുറന്നിരിക്കുന്നുണ്ട്. സാമാന്യബോധത്തിന്റെ നോട്ടത്തിലും അധികാരത്തിന്റെ സദാചാരസംഹിതയിലും നിരമിത്രൻ വ്യത്യസ്തനാണല്ലോ? പൊതുബോധത്തിന് അയാളെ വീണ്ടും വീണ്ടും നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ആ വ്യത്യസ്തശരീരം എന്താണ് ചെയ്യുന്നതെന്ന് കാണുകയും വേണം.
പൊതുബോധത്തിന്റെ സ്വീകാര്യമായ മാനദണ്ഡങ്ങളിൽ അയാളുടെ ശരീരം ഉൾപ്പെടുന്നില്ല. വ്യവസ്ഥിതമാനദണ്ഡങ്ങൾക്കു പുറത്തുള്ള വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ പൊതുബോധം തയ്യാറുമല്ല. എപ്പോഴും മറ്റുള്ളവരുടെ സൂക്ഷ്മദൃഷ്ടികൾക്ക് വിധേയമാകുന്നവർക്ക് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്നതിന് സാധാരണയിൽ കവിഞ്ഞ മനഃസാന്നിധ്യം വേണം. വരാനിരിക്കുന്ന സന്തോഷത്തെ പോലും ആശങ്കയോടെ സമീപിക്കുകയെന്നത് ചിലരുടെ വിധിയാണെന്ന് നിരമിത്രന്റെ അവസ്ഥയെ ചൂണ്ടി എഴുത്തുകാരി കാണുന്നുണ്ട്. നിരമിത്രന് സന്തോഷത്തെ നേരിടാനും ധീരത വേണം. ദശാർണ രാജകുമാരിയോടൊപ്പമുള്ള ആദ്യരാത്രിയെ അഭിമുഖീകരിക്കുന്ന അയാളിൽ അരങ്ങുണരുന്നതിന് മുമ്പ് മുദ്രകളും ചുവടുകളും അവസാനമായി ഓർത്തെടുക്കുന്ന നർത്തകിയുടേതു പോലെ ആധി പൊതിഞ്ഞതായി ആഖ്യാതാവ് എഴുതുന്നു.
ലൈംഗികത ഒഴുകുന്ന ദ്രാവകം പോലെയാണ്, ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയെ കൈവരിക്കുന്നത്. ലൈംഗികതയുടെ മാനദണ്ഡങ്ങൾ കേവലം മാനദണ്ഡങ്ങൾ മാത്രമാണ്, അവ അനിവാര്യമായ സ്വഭാവങ്ങളല്ല. ജൂഡിത് ബട്ലറുടെ നിദർശനങ്ങളോടു ആഭിമുഖ്യം കാണിക്കുന്നവളെ പോലെ നോവലിലെ ആഖ്യാതാവ് ഇങ്ങനെ എഴുതുന്നു: 'ശരീരങ്ങളെല്ലാം വിവിധാകാരമുള്ള പാത്രങ്ങൾ മാത്രമാണ്. അവയിൽ ഒഴുകി നിറയുന്ന ആനന്ദം മാത്രമാണ് ശാശ്വതമായ സത്യം. ഒഴുകാനുള്ള വഴികൾ തടയാതിരിക്കാൻ മനുഷ്യർക്കാവും. പക്ഷേ, അവയെ ഏതു വിധേനയും അടച്ചു കളയണമെന്നാണ് അവർ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.' വധുവായ ദശാർണ രാജകുമാരി ആദ്യരാത്രിയിൽ തന്നെ നിരമിത്രനിൽ നിന്നും ഓടിപ്പോയെന്ന വാർത്ത ഏറെ അപമാനത്തോടെയാണ് പാഞ്ചാലരാജ്യം ശ്രവിക്കുന്നത്. ജന്മദോഷംകൊണ്ട് കുലം മുടിച്ചവനെന്ന് ദ്രുപദരാജാവ് നിരമിത്രനോടു ക്രോധിക്കുന്നു.
ഒരു സ്ത്രീയിൽ എങ്ങനെ പെരുമാറണമെന്ന് കണ്ടുപഠിക്ക് എന്ന് ആക്രോശിച്ചുകൊണ്ട് അയാൾ തന്റെ പുത്രനു മുന്നിൽ അവന്റെ അമ്മയെ ഭോഗിക്കുന്നു. അല്ലാ, അല്ല, ഞാനിതല്ല എന്ന് നിർമിത്രൻ ശബ്ദമില്ലാതെ നിലവിളിക്കുന്നു. പുരുഷനു പുറത്ത് എല്ലാ ലൈംഗികഗണങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുരുഷന്റെ അധികാരവും ആധിപത്യവും സദാചാരസംഹിതയും സ്ത്രീ ഉൾപ്പെടെ മറ്റു ലൈംഗികഗണങ്ങളെയെല്ലാം അപ്പാടെ അവഗണിക്കുക മാത്രമല്ല അതിനീചമായി ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നും അവരുടെ ആത്മാഭിമാനത്തെ തകർക്കുന്നുവെന്നും ദ്രുപദരാജാവിന്റെ ഈ നൃശംസമായ പ്രവൃത്തി കാണിച്ചു തരുന്നുണ്ട്. രാജാവിന്റെ ഈ പരാക്രമത്തിനു ശേഷം മഹാറാണി രോഗശയ്യയിൽ നിന്നും എഴുന്നേൽക്കാനാവാത്ത സ്ഥിതിയിലാകുന്നു. നിരമിത്രൻ രാജ്യാതിർത്തിയിലേക്കു പോയി സ്വയംഹത്യക്കു ശ്രമിക്കുന്നു.
പുരുഷമൂല്യങ്ങളെ മാത്രം പേറുന്ന ലൈംഗികസദാചാരം ഇതര ലൈംഗികഗണങ്ങളുടെ അസ്തിത്വത്തെ തന്നെ തകർക്കുന്നതാണെന്ന് കഥാകാരി പറഞ്ഞു വയ്ക്കുന്നു. എന്നാൽ, തന്റെ ജീവിതത്തിന്റെ മറ്റൊരു സന്ദിഗ്ധമുഹൂർത്തത്തിൽ യാഥാർഥ്യത്തെ തിരിച്ചറിയുന്നവനെ പോലെ ദ്രൂപദമഹാരാജാവ് ഇങ്ങനെ കുമ്പസാരിക്കുന്നുണ്ട്. 'മനുഷ്യൻ ഏതു യോനിയിൽ ജനിക്കുന്നുവെന്നതും ഏതു രൂപത്തിലായിരിക്കുന്നുവെന്നതും പ്രസക്തമല്ല. ജലം നിരാകാരമാണ്. ആവശ്യമുള്ള സമയത്ത് അത് വിവിധമായ ആകാരങ്ങൾ കൈക്കൊള്ളും. മനുഷ്യന്റെ ജന്മവും അതുപോലെയാണ്. മനസാ വാചാ കർമണാ അബദ്ധങ്ങളുടെ ശൃംഖലയിൽ പെട്ടുപോയിരുന്നതുകൊണ്ട് അത്രയും നിസ്സാരമായ ഒരു കാര്യം അംഗീകരിക്കാനായില്ല. പ്രജ്ഞയിൽ വിഷം കലങ്ങിയാൽ ഔചിത്യം പ്രവർത്തിക്കുന്നതെങ്ങനെ?'
നിരമിത്രൻ പുരുഷനാണെന്നു തെളിയിക്കുകയെന്നത് പാഞ്ചാലരാജ്യത്തിന്റെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമായി മാറിത്തീരുന്നു. പുരുഷൻ/സ്ത്രീ എന്ന വ്യവസ്ഥിതമാനദണ്ഡങ്ങൾക്കുള്ളിലേക്ക് ലൈംഗികജീവിതത്തെ നിർബന്ധിച്ച് അമർത്തിയൊതുക്കാൻ രാജഭരണാധികാരം തീവ്രമായി ശ്രമിക്കുന്നതിന്റെ വിവരണങ്ങളാണ് നാം തുടർന്നു വായിക്കുന്നത്. വ്യവസ്ഥിതമാനദണ്ഡങ്ങൾക്കു പുറത്തുള്ള ലൈംഗികതയെ കുറിച്ചു രാജഭരണത്തിനും പൊതുബോധത്തിനുമുള്ള ഉൽക്കണ്ഠകൾ സൂക്ഷ്മമായി ആഖ്യാനത്തിൽ രേഖപ്പെടുന്നുണ്ട്. വ്യാസമഹാഭാരതകഥയിൽ ദ്രുപദനു ജനിക്കുന്ന ശിഖണ്ഡിനി ശിഖണ്ഡിയായി മാറുകയാണ്. ഒരു യക്ഷനാണ് അത് നിർവഹിക്കുന്നതെന്നും സ്ഥൂണകർണൻ എന്നാണ് അദ്ദേഹത്തിന്റെ നാമമെന്നും മഹാഭാരതം പറയുന്നു.
'ശിഖണ്ഡി ദ്രുപദനുണ്ടായി കന്യതാൻ മകനായവൻ
അവനെ സ്ഥൂണനാം യക്ഷനാണാക്കിത്തീർത്തു നന്ദിയാൽ' (ആദിപർവ്വം, അംശാവതരണപർവ്വം)
[Missing Credit]
null
ആത്രേയകം
382Buy Now
'ഒട്ടുകാലത്തേക്കു നൽകാമെൻ പുല്ലിംഗം നിനക്കു ഞാൻ' (ഉദ്യോഗപർവ്വം, അംബോപഖ്യാനപർവം) എന്നേ യക്ഷൻ പറയുന്നുള്ളൂ. ദ്രുപദരാജാവിന്റെ ശിവഭക്തിയും താൽപ്പര്യങ്ങളും അനുസരിച്ചാണ് ശിഖണ്ഡിനി പുരുഷനായി മാറുന്നത്. ഭീഷ്മരോടു പ്രതികാരവാഞ്ഛ പുലർത്തുന്ന അംബയുടെ പുനർജന്മമായിരുന്നു ശിഖണ്ഡിനിയെന്ന ന്യായീകരണവും ആ കഥയിലുണ്ട്. തമിഴ് ഭാഷയിലുള്ള പെരുന്തേവനരുടെ മഹാഭാരതത്തിലും കന്നഡഭാഷയിലുള്ള പമ്പാഭാരതത്തിലും അത്രി മഹർഷിയെ സന്ദർശിക്കുകയും ചികിത്സാവിധികൾക്കും ഉപദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും വിധേയനായി പരിവർത്തിക്കപ്പെടുകയും ചെയ്യുന്ന നിരമിത്രന്റെ കഥകളുമുണ്ട്. അത്രി എന്ന മഹർഷിയുടെ നാമത്തിന് ആത്രേയകവുമായി ബന്ധമുണ്ടാകാം. എന്നാൽ, ഈ നോവലിൽ ചൂഡകൻ എന്ന ചികിത്സകന്റെ അടുത്താണ് നിരമിത്രൻ എത്തിപ്പെടുന്നത്.
നിരമിത്രനെ രക്ഷിച്ച് ആത്രേയകത്തിലേക്ക് അവർ എത്തിക്കുകയായിരുന്നു. ആത്രേയകത്തിൽ ചൂഡകന്റെയും ഇളയുടെയും ബലന്റെയും ചികിത്സയിലും പരിചരണങ്ങളിലും നിരമിത്രൻ മാറിത്തീരുന്നു. ഇളയുടെ ചികിത്സാവൈഭവം പാഞ്ചാലത്തെ തുണച്ചു. എന്നാൽ, 'ക്ലീബത്വത്തിനു ചികിത്സയില്ല. കാരണം അതൊരു രോഗമല്ല. മനുഷ്യന്റെ പ്രത്യക്ഷങ്ങളിലൊന്നു മാത്രമാണ്' എന്നാണ് ചൂഡകൻ പറയുന്നത്. അയാളുടെ ആദർശം ഇക്കാലത്തെ ക്വിയർ പഠനങ്ങളുടെ സമീപനങ്ങളോട് അടുത്തു നിൽക്കുന്നതും കാണണം. നിരമിത്രനെ കാണുന്നവർക്ക് പുരുഷനെന്നു പ്രതീതി ജനിപ്പിക്കാൻ ചൂഡകന്റെ ചികിത്സക്കു കഴിയുന്നുണ്ട്. എന്നാൽ, അയാൾ രാജതാൽപര്യാർഥം നേരിടുന്ന പരിശോധനക്കിടയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന യുവതിയുടെ അവസ്ഥ കാണുമ്പോൾ നിരമിത്രന്റെ ഉടൽ അപമാനം കണ്ടു വിറകൊണ്ടു. കണ്ണുകൾ നിറഞ്ഞു തൂവി.
പാഞ്ചാലരാജ്യത്തിന്റെ ഹിതപ്രകാരം അയാൾ പുരുഷപരീക്ഷയിൽ വിജയിക്കുമ്പോൾ രാജ്യം മാത്രമാണ് സന്തോഷിക്കുന്നത്. നിരമിത്രനിൽ കുറ്റബോധം നിറയുന്നു. അനർഹമായ വിജയം നേടിയവന്റെ ആത്മനിന്ദയിലേക്ക് നിരമിത്രൻ വീഴുന്നു. അയാളെ ഉപേക്ഷിച്ചുപോയ രാജകുമാരി തനിക്ക് പിന്നീട് നേരിട്ട ദുര്യോഗത്തെ നിരമിത്രനോടു തന്നെ പറയുന്നുണ്ട്. 'മത്സരപരീക്ഷയ്ക്കു ശേഷം ഞാൻ അടങ്ങാത്ത കാമദാഹമുള്ളവളായി. അമ്പെയ്തോ മുല മുറിച്ചോ ശിക്ഷിക്കപ്പെടേണ്ട ഒരുവൾ.' രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള നീചമായ രാജകൽപനകൾ പ്രജകളെ (പുതിയ കാലത്ത് പൗരരെ എന്നു പറയണം) മാത്രമല്ല രാജകുടുംബത്തിലെ ഉറ്റവരെ പോലും എത്രമാത്രം വേദനയിലേക്കും ആത്മനിന്ദയിലേക്കും നയിക്കുന്നുവെന്ന് ഈ പ്രകരണം നമ്മെ ഉണർത്തുന്നു.
മൂന്നാം ലിംഗത്തിന്റെ പ്രതിനിധിയായി നോവലിൽ പ്രത്യക്ഷപ്പെടുന്ന നിരമിത്രൻ അഭിമുഖീകരിക്കുന്ന പരീക്ഷണഘട്ടങ്ങൾ രാജാധികാരത്തിന്റേതെന്ന പോലെ പുരുഷാധിപത്യത്തിന്റേതു കൂടിയാണ്. തന്റെ സഹോദരി കൃഷ്ണ ജീവിതത്തിൽ അനുഭവിക്കുന്ന വേദനകളോട് നിരമിത്രന് സഹഭാവം തോന്നുന്നു. ഒരേ ആയുധംകൊണ്ടു മുറിവു പറ്റിയ ജീവികളായി നിരമിത്രൻ തന്നെയും കൃഷ്ണയേയും സങ്കൽപിക്കുന്നുണ്ട്. ഇരുവരേയും മുറിവേൽപ്പിക്കുന്ന മൂർച്ച പുരുഷാധിപത്യത്തിന്റെ തികച്ചും ഏകപക്ഷീയമായ ലൈംഗികതയെ കുറിച്ചുള്ള വീക്ഷണമാണ്. പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾ ലോകത്തിന്റെ നിയമമാകുന്നതെങ്ങനെയെന്ന് ഇള ആലോചിക്കുന്നുണ്ട്. ബലമായി വേഴ്ച നടത്തുന്ന മുനിയെ ഇള പാവം എന്നു വിളിക്കുന്നു. രാജശ്രീയുടെ ആദ്യനോവൽ തന്നെ വലിയ അധികാരികളായ പുരുഷന്മാരുടെ പാവത്തങ്ങളെ തുറന്നു കാണിച്ചിരുന്നു. പ്രസവം കണ്ടു ഭയക്കുന്നവൻ. കാമാസക്തിയാൽ വിറയ്ക്കുന്നവൻ, പണം ഭ്രാന്തായി ആവേശിച്ചവൻ. ഒരു കാര്യത്തെ കാണാൻ പല കണ്ണുകളില്ലാത്തവൻ... പുരുഷാധികാരം ഈ പാവത്തങ്ങളെ മറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണോ എന്ന് സന്ദേഹിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ കല്യാണിയുടേയും ദാക്ഷായണിയുടേയും ജീവിതത്തെ എഴുതുന്ന നോവലിൽ കഥാകാരി സൃഷ്ടിച്ചിരുന്നു.
ഇളയും കൃഷ്ണയും പാഞ്ചാല മഹാരാജ്ഞിയും ദ്രുപദരാജാവിന്റെ സപത്നി ഹരിണിയും പെണ്ണിന്റെ ലോകബോധം പ്രകടിപ്പിക്കുമ്പോൾ അഞ്ചു മക്കൾക്കായി രാജ്യം നേടുകയെന്നത് ജീവിതവ്രതമാക്കിയ കുന്തി പുരുഷമൂല്യങ്ങളെ സ്ഥാപിക്കാനും തന്റെ പുത്രന്മാരുടെ ഭാര്യയിൽ അത് അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നവളായിട്ടാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്. യുധിഷ്ഠിരനും ഭാര്യയായി കൃഷ്ണ വരണമെന്ന കുന്തിയുടെ ആഗ്രഹം അവരുടെ രാജ്യതാൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കഥാകാരി ധ്വനിപ്പിക്കുന്നുണ്ട്. ഈ താൽപ്പര്യമാണ് കൃഷ്ണയെ പഞ്ചപാണ്ഡവരുടെ ഭാര്യയാക്കി മാറ്റുന്നത്. ഇതിനെ മറയ്ക്കാൻ കൃഷ്ണ പൂർവ്വജന്മത്തിൽ നാളായണി എന്ന സ്ത്രീ ആയിരുന്നു എന്ന കഥ കൂട്ടിച്ചേർക്കപ്പെടുന്നു. കഥകൾ അധികാരതാൽപ്പര്യത്തെ മറയ്ക്കാനും വരേണ്യതയുടെ അതിജീവനത്തിനുമായി സൃഷ്ടിക്കപ്പെടുന്നു. കഥകൾ നമ്മളെ തേടി എത്തിക്കൊള്ളുമെന്ന നിരമിത്രന്റെ വാക്കുകൾ അധീശതാൽപ്പര്യങ്ങളെ ഉറപ്പിക്കാൻ ചമയ്ക്കപ്പെടുന്ന കഥകളിലേക്കാണ് ചൂണ്ടുന്നത്.
ശരീരത്തിന്റെ കാര്യത്തിൽ യജമാനന്റെ ഭൂമി കൈവശം വച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവർത്തിക്കരുതെന്ന് കൃഷ്ണയെ ഉപദേശിക്കുന്നു, പാണ്ഡവരുടെ അമ്മ. കുന്തിയുമായുള്ള ഒരു കൂടിക്കാഴ്ചയുടെ സന്ദർഭത്തിൽ എത്രയും പെട്ടെന്ന് അതു തീർന്നെങ്കിലെന്ന് കൃഷ്ണ ആത്മാർഥമായി കൊതിക്കുന്നുണ്ട്. പാഞ്ചാലത്തിന്റെ താൽപ്പര്യങ്ങൾ പാണ്ഡവരുടെയും കുന്തിയുടെയും താൽപ്പര്യങ്ങളായി മാറുന്നതാണ് നാം കാണുന്നത്. പ്രണയമോ കാമമോ രതിയോ അല്ല രാജ്യത്തിന്റെയും ധൃഷ്ടദ്യുമ്നന്റെയും വലുതാകാനുള്ള താൽപ്പര്യങ്ങളാണ് കൃഷ്ണയുടെ വിവാഹത്തെയും രൂപപ്പെടുത്തുന്നത്. വിവാഹംകൊണ്ടു പകിട കളിക്കണമെന്നതായിരുന്നു പാഞ്ചാലത്തിന്റെ നിയോഗം. ഇന്ത്യയിലെ മണവാട്ടിമാർക്കു കൈപ്പുസ്തകം എഴുതുന്നവളുടെ അനുഭവങ്ങളും ദർശനവും ഏതെല്ലാമോ രൂപങ്ങളിൽ മാറിത്തീർന്ന് ഈ നോവൽ എഴുത്തിലേക്കും പകർന്നിരിക്കുന്നു.
[Missing Credit]
null
ആത്രേയകം
382Buy Now
മൂന്നാംലിംഗം എന്നതിന്റെ പേരിൽ വൈവാഹികജീവിതത്തിലും രാജ്യതന്ത്രവിചാരങ്ങളിലും മാത്രമല്ല നിരമിത്രൻ ആക്ഷേപിക്കപ്പെടുന്നത്. വലിയ യോദ്ധാവും സംഘാടകനും തന്ത്രജ്ഞനുമായിരുന്നു, നിരമിത്രൻ. 'ശിഖണ്ഡിയെപ്പോരിൽ വെല്ലുന്നവനെക്കാണ്മതില്ല ഞാൻ' എന്ന് ഉദ്യോഗപർവത്തിൽ തന്നെ വായിക്കാമല്ലോ? ആണും പെണ്ണുമല്ലാത്തവന്റെ യുദ്ധം എന്ന പേരിൽ ഭീഷ്മനിൽ നിന്നു മാത്രമല്ല, ആ യുദ്ധവൈദഗ്ധ്യത്തെ ഇകഴ്ത്തുന്ന ധൃഷ്ടദ്യുമ്നനിൽ നിന്നും നിരമിത്രന് നിരന്തരം അപമാനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. നിരമിത്രന് പാണ്ഡവപക്ഷത്തു യുദ്ധം ചെയ്യേണ്ടി വരുന്നതിൽ സ്വയം തന്നെ ചില ധാർമികപ്രശ്നങ്ങളുണ്ടായിരുന്നു. ധൃഷ്ടദ്യുമ്നന്റെ കീഴിൽ പാഞ്ചാലരാജ്യം പാണ്ഡവരോടൊപ്പം ആണെന്നതിലുപരി സഹോദരിയായ കൃഷ്ണയോടുള്ള ബന്ധംകൊണ്ടാണ് അയാൾക്ക് പാണ്ഡവപക്ഷത്തു നിൽക്കേണ്ടി വന്നത്. ആത്രേയകത്തിലെ അദ്ദേഹത്തിന്റെ മിത്രങ്ങൾ നാഗന്മാരായിരുന്നു. പാണ്ഡവന്മാർ നാഗന്മാരുടെ ശത്രുക്കളായിരുന്നു. അവരെ നിരന്തരം ആക്രമിച്ചു കൊല്ലുന്നവർ. നാഗനായ ഘടോൽക്കചനോട് പാണ്ഡവപക്ഷത്തു യുദ്ധം ചെയ്യാൻ നിരമിത്രനു പറയേണ്ടിവരുന്നുണ്ട്. ധൃഷ്ടന്റെ സമ്മർദത്തിനു വഴങ്ങിയാണ് നിരമിത്രൻ അതു ചെയ്യുന്നത്. 'അംബുലാഷനും ഞാനും ഒന്നിച്ചാണ് പുറപ്പെട്ടത്. അവൻ കൗരവപക്ഷത്തു ചേർന്ന് യുദ്ധംചെയ്ത് മരണപ്പെട്ടിരിക്കുന്നു.
അശ്വസേനൻ അർജ്ജുനനെ വധിക്കാൻ വെമ്പലോടെ നടക്കുന്നു. അങ്ങനെയിരിക്കെ ഞാൻ മറുപുറം ചേരുന്നതെങ്ങനെ?' എന്ന് ഘടോൽക്കചൻ നിരമിത്രനോടു ചോദിക്കുന്നുണ്ട്. നിരമിത്രൻ ഘടോൽക്കചനോടു സംസാരിക്കുമ്പോൾ പിതാവായ ഭീമൻ പ്രത്യക്ഷപ്പെട്ട് നിരമിത്രന്റെ അതേ ആവശ്യം ഉന്നയിക്കുന്നതും കാണാം. നിരമിത്രനെ ലഘുവാക്കാനുള്ള ധൃഷ്ടന്റെ തന്ത്രമായി നമുക്ക് അനുഭവപ്പെടുന്ന രീതിയിലാണ് നോവലിസ്റ്റ് ഇത് അവതരിപ്പിക്കുന്നത്. ആത്മമിത്രങ്ങളെ ഒറ്റിക്കൊടുത്ത് ചതിച്ചു കൊല്ലാൻ കൂട്ടുനിന്ന ക്രൂരനായ വിഡ്ഢിയായി പിന്നീട് ധൃഷ്ടന്റെ പരിഹാസം നിരമിത്രനു കേൾക്കേണ്ടി വരുന്നു. 'അപമാനവും അവഗണനയും മാത്രമേ ഇവിടെ നിന്നു ലഭിക്കൂ . എന്നിട്ടും അങ്ങ് ഇവിടെത്തന്നെ ഒട്ടി നിന്നു. നോക്കൂ രാജകുമാരാ, യോദ്ധാവെന്ന നിലയിലുള്ള അങ്ങയുടെ ഉണ്മ പോലും ഇവിടെ പരിഹസിക്കപ്പെടുകയാണ്.' എന്ന് തന്റെ മിത്രത്തിന്റെ പഴിയും കുറ്റപ്പെടുത്തലും കൂടിയുണ്ട്.
സങ്കീർണമായ മാനസികവ്യഥയിലാണ് നിരമിത്രൻ പെട്ടുപോകുന്നത്. വ്യാസമഹാഭാരതകഥയിൽ അശ്വത്ഥാമാവിന്റെയും മറ്റും ആക്രമണത്തിൽ പാണ്ഡവപുത്രരോടൊപ്പം ശിഖണ്ഡിയും കൊല്ലപ്പെടുന്നതായിട്ടാണ് രേഖപ്പെട്ടിട്ടുള്ളത്. എന്നാൽ, പാണ്ഡവപുത്രരെ രക്ഷിക്കാൻ കഴിയാതെ അതിനു മൂകസാക്ഷിയാകുന്ന നിരമിത്രനെയാണ് രാജശ്രീ എഴുതുന്നത്. അപമാനത്തിൽ, കുറ്റപ്പെടുത്തലുകളിൽ, ആത്മസംഘർഷങ്ങളിൽ, പശ്ചാത്താപങ്ങളിൽ ജീവിക്കേണ്ടി വരുന്ന നിരമിത്രന്റെ കഥ നമ്മുടെ കാലത്തെ എല്ലാ മൂന്നാംലിംഗമനുഷ്യരുടെയും കഥ ഇതരരൂപങ്ങളിൽ എഴുതപ്പെട്ടതാണ്. മൂന്നാം ലിംഗത്തിന്റെ മിത്രങ്ങളായി സ്ത്രീകളെയും വനവാസികളായ നാഗന്മാരെയും അവതരിപ്പിക്കുന്ന നോവലിസ്റ്റ് പ്രാന്തവൽകൃതരുടെ ഐക്യത്തെ കുറിച്ചുള്ള സങ്കൽപനം അകക്കാമ്പിൽ പേറുന്നുണ്ട്.
ചൂഡകന്റെ ആത്രേയകവും അവിടുത്തെ വൈദ്യവ്യവസ്ഥയും ചികിത്സാവിധികളും വർണവ്യവസ്ഥയുടെ ചികിത്സാവിധികളുമായി ചേർന്ന് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ നോവലിലെ ശ്രദ്ധേയമായ ഒരു ഭാഗമാണ്. വ്യത്യസ്ത ജ്ഞാനവ്യവസ്ഥകൾക്കിടയിൽ സമകാലത്ത് നടക്കുന്ന തർക്കങ്ങളിലേക്കും സംവാദങ്ങളിലേക്കും കൂടി അത് കടന്നുനിൽക്കുകയും ചെയ്യുന്നു. കേരളത്തിൽ ഇത്തരം ചർച്ചകൾ ആധുനികവൈദ്യവും ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടയുള്ള വൈദ്യജ്ഞാനവ്യവസ്ഥകൾക്കിടയിലാണല്ലോ മിക്കവാറും നടക്കുന്നത്. വൈദ്യജ്ഞാനവ്യവസ്ഥയുടെ അറിവിൽ അധികാരം പ്രവർത്തിക്കുന്നതിന്റെ നിരവധി പ്രത്യക്ഷങ്ങൾ ആഖ്യാനപ്രകരണങ്ങൾക്കനുസരിച്ച് കഥാകാരി നൽകുന്നു. രാജാധികാരത്തെ നിലനിർത്തുന്ന വർണവ്യവസ്ഥയുടെ ചികിത്സാവിധികൾ മേന്മയുള്ളതാണെന്ന പൊതുബോധം നിലനിൽക്കുന്നു. പക്ഷേ, നിരമിത്രനെ ചികിത്സിക്കാൻ ആത്രേയകത്തിന്റെ വിധികളാണ് നല്ലതെന്ന് രാജഭരണത്തിനു തോന്നുന്നുമുണ്ട്.
നിഷിദ്ധചികിത്സകൾ എന്നു വിധിക്കപ്പെട്ടവ രാജകുടുംബത്തിനു വേണ്ടി ചെയ്താൽ രാജശിക്ഷയില്ല! വനവാസിയുടെ ക്ഷുദ്രവിദ്യകൾക്ക് വിധിയും പ്രകാരവും നോക്കേണ്ടതില്ല എന്ന രാജവിധിയും ഉണ്ടാകും. ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന വൈദ്യത്തെയും ചികിത്സാവിധികളെയും കൊട്ടാരത്തിന്റേത് മാത്രമാക്കി മാറ്റുന്ന അധികാരപ്രവർത്തനത്തോടുള്ള വിമർശനം ഇവിടെയുണ്ട്. 'പാഠഭേദങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കാൻ ഇതിലൊക്കെ സാമാന്യജ്ഞാനമെങ്കിലും നേടിയിട്ടുണ്ടോ?' എന്ന് ബലനോടു ചോദിക്കുന്ന രാജഗുരു തന്റെ ബ്രാഹ്മണാധികാരത്തിൽ മാത്രമല്ല വർണവ്യവസ്ഥയുടെ അറിവിന്റെ സന്ദേഹമില്ലാത്ത ആധികാരികതയിലുമാണ് നിൽക്കുന്നത്. എന്നാൽ, ആത്രേയകമോ? തങ്ങളുടെ ചികിത്സാവിധികളെ സ്വയം വിമർശനപരമായി നോക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ചൂഡകൻ പറയുന്നു: 'നമ്മുടെ രീതികൾ പലതും മറ്റുള്ളവരെ പ്രത്യേകിച്ചും മറ്റു ചികിത്സകരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ്... അറിവിൽ കുറവും കൂടുതലുമുണ്ടാകാം. പക്ഷേ, നല്ലതും ചീത്തയുമില്ല. അതു സ്വീകരിക്കുന്നവരാണ് അതിനെ വേർതിരിക്കുന്നത്... ലോകത്തിൽ സംസ്കരിച്ചതും അല്ലാത്തതുമായ അറിവുകളുണ്ടല്ലോ? പാത്രത്തിനു യോജിച്ച വിധം അറിവുകളെ സംസ്കരിക്കുന്നവരാണ് ഗുരുക്കന്മാർ. അതിൽ രീതിഭേദങ്ങളേയുള്ളൂ. വലിപ്പചെറുപ്പങ്ങളില്ല. 'അറിവിന് വർണഭേദമില്ല എന്നു വിശ്വസിക്കുന്നതുകൊണ്ട് നാഗർക്ക് എല്ലാം സ്വീകാര്യമാണെന്നു പറയുന്ന മറ്റൊരു സന്ദർഭവുമുണ്ട്.
ഉത്തരാധുനികതയുടെ ആപേക്ഷികവാദത്തിൽ നിന്നുകൊണ്ടുള്ള പ്രശ്നീകരണങ്ങളാണ് എഴുത്തുകാരി ഉയർത്തുന്നതെന്ന് ഇവിടെ ആരോപിക്കപ്പെട്ടേക്കാം. എന്നാൽ, വൈദ്യജ്ഞാനവ്യവസ്ഥകൾക്കിടയിൽ മദ്ധ്യമാർഗ്ഗങ്ങളുണ്ടെന്ന കാര്യം മറന്നുപോകരുതാത്തതാണ്. വ്യത്യസ്ത ജ്ഞാനവ്യവസ്ഥകൾക്ക് ഒരു ജനാധിപത്യസമൂഹത്തിൽ എങ്ങനെ ഒരുമിച്ചു നിന്നു പ്രവർത്തിക്കാൻ കഴിയും എന്ന ആലോചനയിലേക്കു കൂടി ചൂഡകന്റെയും ഇളയുടെയും കഥകളിലൂടെ കഥാകാരി മുന്നോട്ടുവയ്ക്കുന്ന പ്രശ്നീകരണങ്ങളെ നയിക്കാൻ കഴിയും. ഇത്തരം സംവാദങ്ങൾക്കു കൂടി ബാധകമാകുന്ന ചില വാക്യങ്ങൾ ഇളയുടെ വാക്കുകളായി നോവലിൽ എഴുതപ്പെടുന്നു 'എല്ലാ ചോദ്യങ്ങളും ചോദ്യങ്ങളല്ല. പലപ്പോഴും മുൻവിധികളോ പ്രതീക്ഷിക്കുന്ന മറുപടികളോ ആവും ചോദ്യങ്ങളായി വരിക. എല്ലാ പ്രശ്നങ്ങളെയും നേരിടുന്നത് എല്ലായ്പോഴും ബുദ്ധിയല്ല. അത് ചികിത്സയിലും യുദ്ധത്തിലും ഒരു പോലെയാണ്.' എന്നാൽ, ഉചിതരായ ശിഷ്യരെ കിട്ടിയാൽ പകർന്നു കൊടുക്കുമോ? എന്ന ചോദ്യത്തിന് 'ഇല്ല' എന്നു മറുപടി പറയുന്നത് വിജ്ഞാനത്തോടു സ്വീകരിക്കേണ്ട ഉചിത സമീപനമല്ല. നിഷിദ്ധമായ ചികിത്സാവിധികൾ പോലും വേണ്ടത്ര നിർദേശങ്ങളോടെ ഭാവി തലമുറയുടെ അറിവിനും പരീക്ഷണങ്ങൾക്കുമായി പകർന്നു നൽകുന്നതോ സൂക്ഷിക്കപ്പെടുന്നതോ ആയിരിക്കാം മെച്ചപ്പെട്ട സമീപനം.
മഹാഭാരതകഥയിലെ പാഞ്ചാലരാജ്യത്തിന്റെ കഥയെ പുനർരചിക്കുന്ന എഴുത്തുകാരി ജ്ഞാനരൂപീകരണത്തെ കുറിച്ചുള്ള പുത്തൻ ധാരണകളുടെയും തന്റെ ജീവിതദർശനത്തിന്റെയും അടിത്തറയിൽ ഇന്ത്യയുടെ പ്രാചീനചരിത്രത്തിനു നൽകുന്ന സവിശേഷമായ വ്യാഖ്യാനം ഈ നോവലിന്റെ വലിയൊരു നേട്ടമാണെന്നു പറയണം. അതു വർണവ്യവസ്ഥയുടെയും ദൂഷിതമായ അധികാരത്തിന്റെയും വിമർശനമായി മാറിത്തീരുന്നുമുണ്ട്. ആത്രേയകത്തെ നാഗന്മാരുമായി ബന്ധിപ്പിക്കുന്നതു സവിശേഷമായ ചരിത്രവ്യാഖ്യാനത്തിൽ ഊന്നിക്കൊണ്ടാണ്. വൈദ്യവൃത്തിയിൽ സഹായിയായ ബലനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അശ്വസേനനും മറ്റും നാഗന്മാരാണെന്നു നമുക്കു ബോധ്യപ്പെടുന്നത് ഖാണ്ഡവ വനദാഹത്തിന്റെ സന്ദർഭത്തെ മുൻനിർത്തിയാണ്. നിരമിത്രന്റെ ശസ്ത്രവിദ്യാശേഷിയെ നന്നായി തെളിയിച്ചു കാണിക്കുന്ന സന്ദർഭമാണിത്. അയാൾ ശസ്ത്രവിദ്യകൊണ്ട് ഭൂഗർഭജലത്തെ ഉയർത്തി മഴ പെയ്യിച്ച് കാട്ടുതീയെ തടയുന്നു. മുന്നേ പറഞ്ഞതു പോലെ നാഗന്മാർ പാണ്ഡവന്മാർക്കു ശത്രുക്കളായിരുന്നു.
കാടിനു തീയിടുമ്പോൾ പുറത്തേക്കോടിയ നാഗങ്ങളെപോലും അർജ്ജുനൻ വീണ്ടും തീയിലേക്ക് പിടിച്ചിട്ടതായി കഥകളുണ്ടല്ലോ? അർജ്ജുനൻ ഞങ്ങൾക്കു വംശഘാതകനാണെന്ന് അശ്വസേനൻ പറയുന്നുണ്ട്. 'ചുരുങ്ങിച്ചുരുങ്ങി ഞങ്ങൾ ഒരു പിടിയായി മാറി. ഞങ്ങൾക്ക് കുലചിഹ്നം ഉപേക്ഷിക്കേണ്ടി വന്നു. മായാവിദ്യകളും മരുന്നുകളും ഉപേക്ഷിക്കേണ്ടി വന്നു. തിരിച്ചറിയാനുപകരിക്കുന്ന അടയാളങ്ങളൊക്കെ മറച്ചുവെച്ചാണ് ഞങ്ങളിൽ അവശേഷിക്കുന്നവർ പലയിടങ്ങളിലും പിടിച്ചുനിൽക്കുന്നത്.' നിരമിത്രന്റെ മുന്നിൽ ഒരു നാഗം പാറയിൽ തലതല്ലി ചാകാൻ ശ്രമിക്കുന്നതും അയാൾ നാഗത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമായ രംഗം മഹാഭാരതകാലയളവിലെ വനവാസികളുടെ സത്യദീക്ഷയുടെയും ജീവിതത്തിന്റെയും ചിത്രണമായി വായിക്കാം.
വനവാസത്തിനിടയിൽ പാണ്ഡവർ നാഗന്മാരെ വേട്ടയാടുന്നതിനെയും നോവൽ പരാമർശിക്കുന്നു. അർജ്ജുനൻ ഉലൂപിയെ വിവാഹം കഴിക്കുന്നതു പോലും നാഗന്മാരെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു വ്യാഖ്യാനിക്കാവുന്ന അവസ്ഥകളുണ്ട്. ഇതിനായി ഇരാവാനെ കുറിച്ചുള്ള വ്യാസകഥാഭാഷ്യത്തിനു പകരം പെരുന്തേവനരുടെ മഹാഭാരതഭാഷ്യത്തെയാണ് രാജശ്രീ സ്വീകരിക്കുന്നത്. സ്ത്രീകളെ അപമാനിച്ചുവെന്നു പറഞ്ഞ് പാണ്ഡവർ നാഗന്മാരെ തിരഞ്ഞുപിടിച്ചു കൊന്നതിനെ കുറിച്ചും അരക്കില്ലത്തിൽ നിന്നും അവർ രക്ഷപ്പെടുമ്പോൾ നാഗന്മാരായ അഞ്ചു കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും ജീവനോടെ തീയിട്ടു ദഹിപ്പിച്ചതിനെ കുറിച്ചും അയാൾ പറയുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് യുദ്ധം ചെയ്ത ഘടോൽക്കചൻ വീണയുടനെ പാണ്ഡവസേന അവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാഗമിത്രങ്ങളെ ആക്രമിക്കുന്നത് മരണത്തിന് മുന്നേയുള്ള അവസാനകാഴ്ചയായി അയാൾക്ക് കാണേണ്ടി വരുന്നുണ്ട്. അതു യുദ്ധതന്ത്രമാണെന്നു ധൃഷ്ടൻ അലറുന്നത് കേൾക്കുന്നു.
[Missing Credit]
null
ആത്രേയകം
382Buy Now
ആര്യവംശമഹിമയുടെയും വർണവ്യവസ്ഥയുടെയും പക്ഷമായിരുന്ന പാണ്ഡവർ തദ്ദേശീയരായ നാഗന്മാർക്കെതിരെ അവസരങ്ങൾക്കനുസരിച്ച് നേരിട്ടും തന്ത്രങ്ങളിലൂടെയും നിലകൊണ്ടതിന്റെ കഥാവ്യാഖ്യാനങ്ങളാണ് രാജശ്രീ എഴുതുന്നത്. ചിലപ്പോൾ മാംഗല്യം, ചിലപ്പോൾ കൂട്ടക്കൊല, ചിലപ്പോൾ സ്വന്തം മുന്നണിയിലൊപ്പം നിന്നു യുദ്ധം ചെയ്യുന്നവരെ പോലും ആക്രമിക്കുന്നു! ആര്യവംശജർ തദ്ദേശീയരെ തകർക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ! വർണശുദ്ധിയെ മുറുകെ പിടിക്കുകയും വർണാചാരങ്ങളെ കുറിച്ച് പേർത്തും പേർത്തും പറയുകയും ചെയ്യുന്നവർ തന്നെ തങ്ങളുടെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് വിവാഹബന്ധങ്ങളിലേർപ്പെടുന്നതും സഖ്യങ്ങളുണ്ടാക്കുന്നതും കാണാം. കുന്തി യാദവസ്ത്രീയാണ്, നാഗന്മാരിൽ പെട്ടവൾ. അവരുടെ ബന്ധുവായ ശ്രീകൃഷ്ണനും യാദവനാണ്. ഇവർ ഇരുവരും വർണവ്യവസ്ഥയുടെ വലിയ വക്താക്കളായാണ് മഹാഭാരതകഥയിലും നോവലിലും വരുന്നത്. ശ്രീകൃഷ്ണൻ അർജ്ജുനന്റെ ഉറ്റ സുഹൃത്തും കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവരുടെ ഉപദേശകനുമായിരുന്നു. കാളിയമർദനകഥയിലും നാഗന്മാർക്കെതിരായ ശ്രീകൃഷ്ണന്റെ ശത്രുത കാണാം.
ശ്രീകൃഷ്ണന് ദേവരാജാവായ ഇന്ദ്രനോടു ശത്രുതയുണ്ട്. അർജ്ജുനൻ ഖാണ്ഡവം കത്തിക്കുന്ന സന്ദർഭത്തിൽ നാഗന്മാർ രക്ഷക്കായി ആശ്രയിക്കുന്നത് ഇന്ദ്രനെയാണ്. ആര്യന്മാരിലും നാഗന്മാരിലും വ്യത്യസ്തമായ ശാക്തികചേരികൾ ഉണ്ടായിരുന്നിരിക്കണം. ഇവർക്കിടയിലെ ശത്രുതകളും സഖ്യങ്ങളും കേവലമായി വർണാദർശത്തിൽ നിൽക്കുന്നതായിരുന്നില്ലെന്നു തന്നെ കാണുകയും വേണം. സമകാലത്തെ ആര്യമഹത്ത്വാകാംക്ഷികൾ ചില യാദവരുമായി നിർമിക്കുന്ന സഖ്യങ്ങളിൽ ഈ കഥകളുടെ തുടർച്ചയുണ്ടോ? മാദ്രത്തിലെ രാജാവ് ശല്യർ നാഗന്മാർ ഉൾപ്പെടെ പ്രജകളുടെ താൽപര്യത്തിനാണ് മുൻതൂക്കം നൽകുന്നതെന്നും അത് വർണാശ്രമധർമം പാലിക്കാത്ത രാജ്യമായി ദൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും നോവലിൽ പരാമർശങ്ങളുണ്ട്. പാണ്ഡവരിൽ രണ്ടു പേരുടെ അമ്മയായ മാദ്രിയുടെ രാജ്യം യുദ്ധത്തിൽ കൗരവരോടൊപ്പമായിരുന്നതും കൗരവർ പാണ്ഡവരോളം നാഗന്മാരോടു ശത്രുത കാണിക്കുന്നില്ലെന്ന ചൂഡകന്റെ വാക്കുകളും കാണുക. നാഗന്മാർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയ പാണ്ഡവരുടെ ആര്യസംസ്കൃതി മഹാഭാരതയുദ്ധത്തിനു ശേഷമുള്ള ശതകങ്ങളിൽ അപചയിക്കുന്നുവെന്നാണ് ചരിത്രവും കഥകളും പറയുന്നത്.
വർണവ്യവസ്ഥക്ക് കീഴ്പ്പെട്ട് ജീവിച്ച പാണ്ഡവരുടെ നാഗന്മാരോടുള്ള ശത്രുതയുടെ കഥ ഡോ. നവാൽ വിയോഗിയെ പോലുള്ളവർ ചരിത്രപരമായി വിലയിരുത്തിയിട്ടുണ്ട്. തക്ഷകനാഗങ്ങളുടെ പേര് പാണ്ഡവന്മാരുടെ ശത്രുക്കളെന്ന നിലയ്ക്കാണ് മഹാഭാരതത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം എഴുതുന്നു. അർജ്ജുനൻ നടത്തിയ ഖാണ്ഡവദാഹത്തിന്റെയും നാഗന്മാരുടെ കൂട്ടക്കൊലയുടെയും ക്രൂരതയ്ക്കു മുന്നിൽ പിൽക്കാലത്തെ മുഹമ്മദുദ് ഗസ്നിയുടെ ആക്രമണത്തിന്റെ ക്രൂരത നിസ്സാരമാണെന്ന് ഈ ചരിത്രകാരൻ പറയുന്നു. തക്ഷശില തക്ഷകന്മാരുടെ പഴയ തലസ്ഥാനമായിരുന്നു. ഇവർ അസീറിയയിൽ നിന്നും വന്ന അസുരന്മാരായിരിക്കണം. ദേവാസുരയുദ്ധങ്ങൾ ആര്യ-നാഗയുദ്ധങ്ങളായിരിക്കണം. മഹാഭാരതകഥയുടെ കാലം ബിസി 950-ന് അടുത്തായിരിക്കണമെന്ന് നിരൂപിക്കുന്ന ഡോ. വിയോഗി പാണ്ഡവപൗത്രന്മാരിൽ അവശേഷിച്ച പരീക്ഷിത്തിനെ (ഉത്തരയുടെയും അഭിമന്യുവിന്റെയും പുത്രൻ) തക്ഷകൻ വധിക്കുന്ന കഥയെ പരാമർശിക്കുന്നുണ്ട്.
പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനും നാഗന്മാരുമായി ദീർഘകാലം യുദ്ധം നടത്തി. സർപ്പസത്രത്തിലൂടെ അനേകം നാഗങ്ങളുമായി ഒരു ഉടമ്പടിയുണ്ടാക്കി (സർപ്പസത്രത്തിൽ അനേകം നാഗങ്ങളെ ദഹിപ്പിച്ചുവെന്ന ഒരു വ്യത്യസ്തഭാഷ്യവുമുണ്ട്) എന്ന കഥയും പാണ്ഡവ-നാഗയുദ്ധത്തിന്റെ, ഒരു ചരിത്രവസ്തുതയുടെ, അന്യാപദേശരൂപത്തിലുള്ള മഹാഭാരതചിത്രണമാണെന്ന് ടോഡ് ജെയിംസിനെ ഉദ്ധരിച്ചുകൊണ്ട് വിയോഗി പറയുന്നു. ബി.സി 800-നോട് അടുത്തു ഗംഗാനദിയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഹസ്തിനപുരം നശിക്കുകയും പാണ്ഡവർ അവിടംവിട്ടു പോകുകയും പിന്നീട് ഈ പ്രദേശം നാഗന്മാരുടെ അധീനതയിൽ വരികയും ചെയ്തു. വൈദികസംസ്കാരം നാശോന്മുഖമാകുകയും നാഗസംസ്കാരം (പാർശ്വനാഥന്റെ ശ്രമണസംസ്കാരം) ഇക്കാലത്ത് ശക്തിയാർജ്ജിക്കുകയും ചെയ്തു.
ചിത്രീകരണം: ദ്വിജിത്ത്
ചിന്തയ്ക്കും വീണ്ടുവിചാരത്തിനും പ്രേരിപ്പിക്കുന്ന, മനസ്സിനെ ദർശനങ്ങളുടെ തർക്കഭൂമിയാക്കുന്ന ചില വാക്യങ്ങൾ നോവലിൽ നിന്നും ഉദ്ധരിക്കട്ടെ:
'ജയിക്കാൻ ഭയമാകുന്നു. ശരിക്കും ആരുടെ ഭാഗത്താണ് സത്യമെന്ന ചോദ്യത്തിനു മുന്നിൽ എനിക്ക് ഉയിർ നഷ്ടപ്പെട്ടു പോകുന്നു.'
'എന്തുകൊണ്ടാണ് ഞാൻ അങ്ങയെ അപകടപ്പെടുത്തുമെന്നു ഭയക്കുന്നത്? രൂപം കണ്ടിട്ടാണോ? അതുവെച്ച് ഒരാളെ എങ്ങനെ വിലയിരുത്താനാകും?'
'സന്ദർഭമനുസരിച്ച് മാത്രമാണ് ഓരോ അനുഭവവും ഗൗരവമുള്ളതാകുന്നത്.'
'ഉൽക്കർഷേച്ഛയില്ലാത്ത മനുഷ്യർ എത്ര ആദർശശാലികളെന്നാലും ജഡതുല്യരാണ്.'
'ബലത്തെയും ബുദ്ധിയെയും തോൽപ്പിക്കാം. വാത്സല്യത്തെ അത്ര എളുപ്പമല്ല.'
'നിഴലിനെയും നിശ്വാസത്തെയും ഭയന്നും അവിശ്വസിച്ചുമുള്ള ജീവിതം മനുഷ്യനെ കൃമിയാക്കി മാറ്റും.'
'ഭയം പലപ്പോഴും വിവേകത്തിന്റെ ഞാണൊലി കൂടിയാണ്. ഏറിയാൽ ഭയമെന്നല്ല എന്തും അപഹാസ്യം തന്നെയാണു താനും.'
'ജീവി അതിന്റെ ശരീരത്തോടോ മനസ്സിനോടോ വേറിട്ടു കടപ്പെട്ടിരിക്കുന്നുണ്ടോ?'
'അപമാനത്തിനു പ്രതിക്രിയയില്ല.'
'എത്ര പ്രിയപ്പെട്ടവരിൽ നിന്നായാലും ആനന്ദമേ സ്വീകരിക്കാവൂ. അവരിൽ നിന്നുള്ള അപമാനവും പീഡകളും മുഷിഞ്ഞ വസ്ത്രം പോലെയോ അശുദ്ധമായ ഭക്ഷണം പോലെയോ കരുതി ഉപേക്ഷിക്കണം.'
'പരാജയപ്പെട്ടതായി അന്യർ മനസ്സിലാക്കുമ്പോഴാണ് നമ്മുടെ പരാജയം പൂർണമാകുന്നത്.'
'ജീവദായിനിയായ ജലത്തിനും തൊണ്ടയിൽ തങ്ങി മനുഷ്യരെ കൊന്നുകളയാൻ പറ്റും.'
'നിസ്സഹായതയുടെ പടുകുഴിയിൽ വീഴുമ്പോൾ സഹായം കിട്ടിയവരാണ് ജീവിതത്തിന്റെ സൗന്ദര്യം സമ്പൂർണമായി മനസ്സിലാക്കുക.'
സാഹിത്യരചനയിൽ മനുഷ്യൻ സ്ത്രീയായിത്തീരണമെന്ന് തത്ത്വചിന്തകനായ ദെല്യൂസ് ആഗ്രഹിക്കുന്നുണ്ട്. എഴുത്താൾ പച്ചക്കറിയോ വൃക്ഷമോ പുലിയോ കണികയോ ആയിത്തീരണമെന്നു കൂടി അദ്ദേഹം പറയുന്നു. ആയിത്തീരൽ എതിർദിശയിൽ സംഭവിക്കരുതെന്നു ദെല്യൂസ് കരുതുന്നു. പുരുഷൻ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രൂപമായി സ്വയം പ്രത്യക്ഷപ്പെടുന്നതിനാൽ ആയിത്തീരലിന്റെ പ്രക്രിയയിൽ ആരും പുരുഷനായിത്തീരേണ്ടതില്ല. സ്ത്രീക്കും മൃഗത്തിനും തന്മാത്രയ്ക്കും അതിന്റെ ഔപചാരിക രൂപീകരണത്തെ കടന്നുപോകുന്ന ഘടകങ്ങളുണ്ട്. മനുഷ്യനായിരിക്കുന്നതിൽ ലജ്ജിക്കുന്നുവെന്നതാണോ എഴുതുന്നതിന്റെ നല്ല കാരണം എന്ന ചോദ്യം ദെല്യൂസ് ഉയർത്തുന്നു.
ലോകത്തിന്റെ അധികാരിയായി മാറിയ മനുഷ്യനായിരിക്കുന്നതിൽ ലജ്ജിക്കണമെന്ന് ദെല്യൂസിന്റെ വാക്കുകൾ വ്യഞ്ജിപ്പിക്കുന്നു. എഴുതുന്ന സ്ത്രീയും ആയിത്തീരുന്ന സ്ത്രീയായി മാറേണ്ടതുണ്ട്. സ്ത്രീ അവളുടേതെന്നു സ്വയം നിനയ്ക്കുന്ന അവസ്ഥയുമായി ഈ ആയിത്തീരുന്ന സ്ത്രീക്ക് ബന്ധമില്ല. ആയിത്തീരലെന്നത് ഏതെങ്കിലും രൂപത്തെ കേവലരൂപമായി കൈവരിക്കലല്ല, അതിനു സമീപസ്ഥമായ അവസ്ഥയിൽ ആയിരിക്കലാണ്. അതിൽ അനിശ്ചിതത്വമുണ്ട്.
'ജീവിതത്തിന്റെ സൗന്ദര്യമെന്താണ്?
അനിശ്ചിതത്വം.'
സ്ത്രീയോ മൃഗമോ തന്മാത്രയോ ആയിത്തീരാനുള്ള ബദൽ പാതകൾക്കു വേണ്ടി എഴുത്തുകാരന്റെ ഭാഷ അർപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ദെല്യൂസ് ഉറച്ചു വിശ്വസിക്കുന്നു. ഭാഷയിലും നേർരേഖകളില്ല. വ്യത്യസ്തമായ ഭാഷാശൈലികൾ ബദൽ പാതകളാണ്. ഈ നോവൽ രചനയിൽ രാജശ്രീ സ്വയം ആയിത്തീരേണ്ട സ്ത്രീയാകുന്നുണ്ട്. കാടോ വനവാസിയോ ആയിത്തീരുന്നുണ്ട്. മനുഷ്യനായിരിക്കുന്നതിൽ ലജ്ജിക്കുന്നുണ്ട്. അത് എഴുത്തിന്റെ സാഫല്യമായി നാം വായനക്കാർ അനുഭവിക്കുന്നുണ്ട്.
.......
അവലംബം:
1. ആത്രേയകം -ആർ. രാജശ്രീ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2024
2. മഹാഭാരതം : ഒരു സ്വതന്ത്ര സ്വതന്ത്ര സോഫ്റ്റ്വെയർ - കെ.സി.നാരായണൻ, ഡിസി ബുക്സ്, കോട്ടയം, 2021
3. മഹാഭാരതം : സാംസ്കാരികചരിത്രം - സുനിൽ പി ഇളയിടം, ഡിസി ബുക്സ്, കോട്ടയം, 2000
4. ശിഖണ്ഡിനി - ഷീജ വക്കം, ഡി സി ബുക്സ്, കോട്ടയം, 2021
5. ഭാരതപര്യടനം - കുട്ടിക്കൃഷ്ണമാരാര്, മാരാർ സാഹിത്യപ്രകാശം, കോഴിക്കോട്, 1983
6. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കത - ആർ. രാജശ്രീ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
7. Shikhandi And other tales they don't tell you. - Devadutt Pattanaik, Penguin books, Kindle Edition
8. Shikhandini : Warrior Princess of the Mahabharatha - Aswini Shenoy, 2019 Kindle Edition
9. Indian Serpent Lore - Or The Nagas in Hindu Legend And Art - J.PH.Vogel, Asian Educational Services, New Delhi, 1995
10. Nagas : The Ancient Rulers of India Their Origin And History - Dr. Naval Viyugi, Originals, New Delhi, 2002
11. Gender and Narrative in Mahabharata - Ed. Simon Brodbeck &Brian Black, Routledge, London, Taylor and Francis E-Library,2007
Content Highlights: Book review of R. Rajasree's novel Athreyakam
Published: 04 Oct 2026, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented