സസ്പെന്സ് ത്രില്ലര്| നോവല്| ജാര് നമ്പര്:20| ഭാഗം:1

രാത്രി 1:55. ഇടിമിന്നലും മഴയും താണ്ഡവമായി തുടരുന്നു.
പാത്തോളജി ലാബിലെ ആ തണുത്ത മാർബിൾ തറയിൽ താഴെ വീണ് തകർന്ന ജാറിന്റെ ചില്ലുകൾ ചിതറിക്കിടക്കുന്നു. ഭ്രൂണത്തെ തന്റെ കൈ കൊണ്ട് കോരിയെടുത്താൽ നനഞ്ഞ ബിസ്ക്കറ്റ് പോലെ പൊടിഞ്ഞ് അത് ഇല്ലാതാകുമോ..?
ഫോർമാലിൻ ലായനി തറയിൽ പടരുന്ന ആ നിശബ്ദതയിൽ, രത്തൻ റാവുത്തറുടെ പ്രാണൻ തൊണ്ടക്കുഴിയിൽ തടഞ്ഞുനിന്നു. ചില്ലുകൾക്കിടയിൽ ജീവനില്ലാത്ത മാംസപിണ്ഡം പോലെ കമിഴ്ന്നു കിടന്ന ആ ഭ്രൂണത്തിന് ചുറ്റും അദൃശ്യമായ ഒരു വലയം രൂപപ്പെടുന്നത് അയാൾ അവിശ്വസനീയതയോടെ കണ്ടു. ഫോർമാലിൻ ലായനിയുടെ സ്വഭാവം ആയിരിക്കാം അതെന്ന് അയാൾക്കു തോന്നി.
ഫോർമാലിന്റെയും ഹെർബൽ ലായനിയുടെയും രൂക്ഷഗന്ധത്തിനിടയിൽ രത്തൻ റാവുത്തർ വിറച്ചുകൊണ്ട് കണ്ണുകൾ അടച്ചു തുറന്നു. കണ്ട കാഴ്ചയിൽ അയാളുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി. വായിൽ നിന്ന് ഒരലർച്ച പോലും പുറത്തുവന്നില്ല.
അപ്രതീക്ഷിതമായി ലാബിലെ വെളിച്ചം കടുംചുവപ്പ് നിറമായി മാറി. ലാബിലെ അന്തരീക്ഷം ആകെ മാറിമറിഞ്ഞു. സീലിംഗിലെ ഫ്ളൂറസന്റ് ലൈറ്റുകൾ അക്രമാസക്തമായി മിന്നി വായുവിൽ ഒരു വൈദ്യുത തരംഗം പ്രകമ്പനം കൊള്ളിച്ചു.
തറയിൽ വീണ ഭ്രൂണം ചിതറിപ്പോവുകയല്ല ചെയ്യുന്നത്. ചാരനിറത്തിലുള്ള അതിന്റെ ഓരോ കോശവും ഉണർന്നു ചലിക്കുന്നത് നരച്ച അയാളുടെ കണ്ണുകൾക്ക് കാണേണ്ടി വരികയായിരുന്നു!
ലാബിലെ ഒരു മൈക്രോസ്കോപ്പിനും പിടിച്ചെടുക്കാൻ കഴിയാത്തത്ര വേഗതയിൽ ഒരു അവിശ്വസനീയമായ ജൈവ പരിവർത്തനമാണ് അവിടെ നടന്നത്.
ഭ്രൂണത്തിന്റെ അസ്ഥികൾ 'പടപടാ' പൊട്ടുന്നതും നീളുന്നതുമായ ഭീകര ശബ്ദം ലാബിലെ ഭിത്തികളിൽ തട്ടി. അയാളുടെ കണ്ണുകൾക്ക് പിന്തുടരാൻ കഴിയാത്ത വേഗതയിൽ ആ മാംസപിണ്ഡം വികസിച്ചു. ചുരുങ്ങിക്കൂടിയിരുന്ന ചർമ്മം വലിഞ്ഞു മുറുകി, പേശികൾ ഉരുണ്ടുകൂടി ഉറച്ചു. ശ്വാസകോശങ്ങൾ ആദ്യമായി വായു വലിച്ചെടുത്തപ്പോൾ ഉണ്ടായ ആ 'ഹി..സ്സ്..' ശബ്ദം ഒരു സർപ്പത്തിന്റെ ചീറ്റൽ പോലെ ഭീതിദമായിരുന്നു!
അസ്ഥികൾ വളരുന്നതിന്റെ 'കടാ കടാ' ശബ്ദം ആ നിശബ്ദതയിൽ ഭീകരമായി മുഴങ്ങി. അതിന്റെ ചർമ്മത്തിലെ ചുളിവുകൾ മായുന്നു, എല്ലുകൾ നീളുന്നു, പേശികൾ ഉരുണ്ടുകൂടുന്നു. ഒറ്റ മിന്നൽപ്പിണറിൽ ആ പരിണാമം പൂർത്തിയായി.
ഒരു മനുഷ്യശരീരം ഇരുപത് വർഷംകൊണ്ട് പൂർത്തിയാക്കേണ്ട വളർച്ചാഘട്ടങ്ങൾ, കാലത്തെ പരിഹസിച്ചുകൊണ്ട് സെക്കൻഡുകൾക്കുള്ളിൽ അരങ്ങേറുന്നത് കാണുന്ന റാവുത്തരുടെ നരച്ച കണ്ണുകൾ .!
അടുത്ത ക്ഷണം, രാസലായനിയുടെ കടുത്ത ഗന്ധം നിറഞ്ഞ തറയിൽ നിന്ന്, താഴെ വീണ മരവിച്ച ഭ്രൂണത്തിന് പകരം പൂർണ്ണവളർച്ചയെത്തിയ ഒരു യുവാവ് എഴുന്നേറ്റ് നിന്നതു കണ്ട റാവുത്തരുടെ രക്തം ഉറഞ്ഞുകട്ടിയായി..
അല്പം മുൻപ് വരെ ഒരു കൗതുകവസ്തുവായി ജാറിൽ കിടന്ന ആ ഭ്രൂണം, ഇപ്പോൾ ദൃഢഗാത്രനായ, ആറടി ഉയരമുള്ള ഒരു യുവാവായി റാവുത്തറുടെ മുന്നിൽ എഴുന്നേറ്റു നിന്നു! രാസലായനിയുടെ നീലവെളിച്ചത്തിൽ വെങ്കലനിറമുള്ള ആ ശരീരം മിന്നിത്തിളങ്ങി. നഗ്നനായ അവൻ തന്റെ കൈപ്പത്തികൾ വിടർത്തി നോക്കി. ഇരുപത് വർഷത്തെ തടങ്കലിന് ശേഷം ലഭിച്ച ആ കരുത്ത് അവൻ തിരിച്ചറിയുകയായിരുന്നു.
ആരുടെയോ പ്രേരണ എന്ന പോലെ, റാവുത്തർ വിറയ്ക്കുന്ന കൈകളോടെ തന്റെ കസേരയിലിരുന്ന പഴയ ലാബ്കോട്ട് അവന് നേരെ നീട്ടി. അവൻ അത് വാങ്ങി അശ്രദ്ധമായി തോളിലിട്ടു.
അവന്റെ കണ്ണുകൾ റാവുത്തറുടെ മുഖത്തേക്ക് പാറി വന്നപ്പോൾ അയാളുടെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.
ആ കണ്ണുകൾ!
ഇരുപത് വർഷം നീല ലായനിക്കുള്ളിൽ തടവിലാക്കപ്പെട്ട ആ കടുംനീല കണ്ണുകൾ ഇപ്പോൾ ഇരുട്ടിനെ കീറിമുറിക്കുന്ന ലേസർ രശ്മികൾ പോലെ ജ്വലിക്കുന്നു. അതിൽ വാത്സല്യമില്ല, കരുണയില്ല; പകരം യുഗങ്ങൾ പഴക്കമുള്ള ഒരു ഭീകരമായ പ്രതികാരദാഹം മാത്രമായിരുന്നുവെന്നു അയാൾക്ക് പിന്നീടാണ് മനസ്സിലായത്.
ആ നോട്ടം റാവുത്തറുടെ ആത്മാവിനെ തുളച്ചുകയറുന്നതായിരുന്നു. ഒരു ഭ്രൂണമല്ല, ഒരു സംഹാരരൂപമാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അയാൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
ജാറിനുള്ളിൽ വെച്ച് തന്നെ വിളിച്ച അതേ കടുംനീല കണ്ണുകൾ ഇപ്പോൾ അത് കൂടുതൽ മൂർച്ചയുള്ളതും ഭീകരവുമായി, തീവ്രമായ ദാഹത്തോടെ ജ്വലിക്കുന്നുണ്ട്.
അവൻ ശാന്തമായി, എന്നാൽ വന്യമായ അധികാരത്തോടെ തറയിലെ ദ്രാവകത്തിലൂടെ നടന്നു. അവൻ ചുവടുവെക്കുമ്പോൾ രാസലായനി അവന്റെ കാലുകളിൽ നിന്ന് ഭയന്നോടുന്നത് പോലെ തെന്നിമാറി.
'നന്ദി, റാവുത്തറണ്ണാ..' ആ ശബ്ദം കടുപ്പമുള്ളതും ആത്മാവിനെ വിറപ്പിക്കുന്നതുമായിരുന്നു. 'നിങ്ങൾ എന്നെ സഹായിച്ചു. ഇരുപത് വർഷത്തെ ഈ ഏകാന്തതയിൽ നിന്ന് എന്നെ മോചിപ്പിച്ചു. ഞാൻ ചന്തുവർമ്മ എന്ന ചന്ദ്രകാന്ത് വർമ്മ! നിങ്ങൾക്കെന്നെ ചന്തു എന്ന് വിളിക്കാം.'
ചന്ദ്രകാന്ത് വർമ്മ!
ആ പേര് കേട്ടപ്പോൾ റാവുത്തറുടെ ഓർമ്മകൾ ഇരുപത് വർഷം പിന്നിലേക്ക് പാഞ്ഞു. ഡോ.ശ്രീദേവി വർമ്മയുടെയും ഡോ.വിശ്വനാഥ് വർമ്മയുടെയും മുഖങ്ങൾ അയാളുടെ മനസ്സിൽ തെളിഞ്ഞു.
ചന്തുവിന്റെ മുഖത്തിന് വിശ്വനാഥ് വർമ്മയുമായി അവിശ്വസനീയമായ സാമ്യമുണ്ട്! ശ്രീദേവി വർമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് വന്നതുപോലെയുള്ള ഒരു രൂപം.! റാവുത്തറുടെ തൊണ്ട വരണ്ടുപോയി.
ചന്ദ്രകാന്ത് റാവുത്തറുടെ തൊട്ടടുത്തെത്തി നിന്നു. അവന്റെ ശരീരത്തിൽ നിന്ന് ഒരു തണുപ്പ് പ്രസരിക്കുന്നുണ്ടായിരുന്നു. ലാബിലെ എസി തണുപ്പിനേക്കാൾ ഭീകരമായിരുന്നു ആ മരവിപ്പ്.
'എന്റെ അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഈ ലാബിലെ ഓരോ ജാറിനുമിടയിൽ നിങ്ങൾ സൂക്ഷിച്ചിരുന്നു..' ചന്തുവിന്റെ സ്വരം താഴ്ന്നതെങ്കിലും തീക്ഷ്ണമായിരുന്നു.
'നിങ്ങൾ എന്റെ ജാറിനടുത്ത് വന്ന് അവരെ ഓർത്തു കരയുമായിരുന്നു. ആ സ്നേഹത്തിന്റെ തരംഗങ്ങളാണ് എന്നെ ഉണർത്തിയത്. നിങ്ങളുടെ ഭയത്തെക്കാൾ വലിയൊരു ശക്തി ആ സ്നേഹത്തിനുണ്ട് റാവുത്തറണ്ണാ.'
'മോനേ.. എനിക്ക് വയസ്സായി. എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. ഒരു ഭ്രൂണം.. എങ്ങനെ..?' റാവുത്തർ പതറി.
ചന്തുവിന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.
'ഭയപ്പെടേണ്ട. ഞാൻ എന്റെ ശരീരം രൂപപ്പെടുത്തിയത് ശാസ്ത്രം പറയുന്ന സമയ നിയമങ്ങൾക്കനുസരിച്ചല്ല, എന്റെ ഇച്ഛാശക്തിക്കനുസരിച്ചാണ്. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഇന്ധനം പ്രതികാരമാണ്! ജാർ ഇരുപതിൽ ഉണ്ടായിരുന്നത് വെറും ഫോർമാലിൻ ആയിരുന്നില്ല. എന്റെ അച്ഛൻ ഡോ.വിശ്വനാഥ് വർമ്മ വികസിപ്പിച്ചെടുത്ത പ്രത്യേക ഹെർബൽ-ഫോർമാലിൻ മിശ്രിതമായിരുന്നു. അത് കോശങ്ങളെ നശിപ്പിക്കുകയല്ല- പരിണമിപ്പിക്കുകയായിരുന്നു. ഈ ഇരുപത് വർഷം ഈ ലായനിയിൽ കിടന്ന് ഞാൻ വളരുകയായിരുന്നു. ഈ ലാബിലെ ഓരോ ശവശരീരവും എന്നോട് സംസാരിച്ചു. അവരുടെ വേദനകൾ എനിക്കറിയാം.'
അവൻ കൈകൾ മുഷ്ടി ചുരുട്ടി. അവന്റെ വിരലുകൾക്കിടയിൽ നിന്ന് നീല മിന്നൽപ്പിണരുകൾ പടർന്നു.
'ഇനി നമുക്ക് വേട്ട തുടങ്ങണം. എന്റെ അച്ഛനെയും അമ്മയെയും വകവരുത്തി ഈ സാമ്രാജ്യം കെട്ടിപ്പൊക്കിയവർ... ജോസഫ് കുര്യാക്കോസ് കുരിയാപ്പിയും അയാളുടെ കൂട്ടാളികളും! അവർക്ക് പണമുണ്ടാകാം, സ്വാധീനമുണ്ടാകാം. പക്ഷേ എന്റെ കയ്യിൽ അവർക്കുള്ള മരണത്തിന്റെ രഹസ്യങ്ങളുണ്ട്.'
'അവർ വലിയ സ്രാവുകളാണ് മോനേ.. നീ ഒറ്റയ്ക്കാണ്..' റാവുത്തർ ഓർമ്മിപ്പിച്ചു.
'ഒറ്റയ്ക്കോ?' ചന്തു ആക്രോശിച്ചു. 'ഇരുപത് വർഷം മരണത്തെ തോൽപ്പിച്ചവനെയാണോ നിങ്ങൾ ഒറ്റയ്ക്ക് എന്ന് വിളിക്കുന്നത്? റാവുത്തറണ്ണാ, എനിക്ക് നിങ്ങളെ വേണം. ഈ സ്ഥാപനത്തിലെ ഓരോ രഹസ്യവും അറിയാവുന്ന നിങ്ങളെ! പിന്നെ അമൽ അദേനി എന്ന ആ കമ്പ്യൂട്ടർ ടെക്കിയെയും..'
വിരലുകൾ വായുവിൽ ചലിപ്പിച്ചപ്പോൾ പാത്തോളജി ലാബിലെ ലൈറ്റുകൾ താളാത്മകമായി മിന്നി. അവൻ ശാന്തമായി തുടർന്ന് പറഞ്ഞു:
'നമ്മുടെ ആദ്യത്തെ ലക്ഷ്യം.. എന്റെ അച്ഛന്റെ ആ രഹസ്യ ഡയറിയാണ്. അത് അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പഴയ ഓട്ടോപ്സി ടേബിളിന്റെ രഹസ്യ അറയിൽ അത് ഇരിപ്പുണ്ട്. അതിലാണ് എന്റെ പ്രതികാരത്തിന്റെ ബ്ലൂ പ്രിന്റ്! അത് കണ്ടെത്തണം റാവുത്തറണ്ണാ.'
ആ രാത്രി, പേമാരിയുടെയും ഇടിമിന്നലിന്റെയും അകമ്പടിയിൽ, സെന്റ് ജൂഡ്സ് മെഡിക്കൽ അക്കാദമി ഒരു യുദ്ധക്കളമായി മാറി. ചന്ദ്രകാന്ത് വർമ്മയുടെ ഉയിർത്തെഴുന്നേൽപ്പ് പുതിയൊരു ഭീകരതയുടെയും നീതിയുടെയും തുടക്കമായിരുന്നു.
പതിവ് പോലെ അന്ന് രാത്രി, വിറയ്ക്കുന്ന കൈകളോടെ റാവുത്തർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:
'ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്തത് എന്റെ മുന്നിൽ സംഭവിച്ചിരിക്കുന്നു. ചന്ദ്രകാന്ത് വർമ്മ, വർമ്മ ദമ്പതിമാരുടെ പകയിൽ നിന്ന് ജനിച്ച ഒരു അഗ്നിരൂപമാണ്. അസുരന്മാരുടെ അന്ത്യം കുറിക്കാൻ ഒരു യമധർമ്മൻ ഇന്നീ ലാബിൽ ജനിച്ചിരിക്കുന്നു..!'
Content Highlights: An embryo preserved in a special herbal-formalin mixture miraculously transforms into a 20-year-old adult in seconds.
Published: 20 Oct 2026, 09:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented