
തള്ളാണെന്ന് തോന്നുമെങ്കിലും സ്വന്തം അനുഭവങ്ങളിലൂടെ വിഷയം അവതരിപ്പിക്കുമ്പോൾ ആസ്വാദ്യത കൂടും. അതുകൊണ്ടുതന്നെ ചില ബാല്യകാല അനുഭവങ്ങളിലൂടെയാകാം ഇത്തവണത്തെ വിഷയാവതരണം.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ് എന്റെ ജന്മദേശം. ഞങ്ങളുടെ ഗ്രാമമായ തഴക്കരയെ കീറിമുറിച്ചുകൊണ്ടാണ് ചെങ്ങന്നൂർ- മാവേലിക്കര റെയിൽപാത കടന്നുപോകുന്നത്. റെയിൽപാളത്തിന് സമീപത്തു തന്നെയായിരുന്നു അക്കാലത്ത് ഞങ്ങളുടെ വീട്. സമതലത്തിൽനിന്ന് ഉയർന്ന നിലയിലാണ് റെയിൽപ്പാത. മീറ്റർ ഗേജ് ആയിരുന്ന പാത ബ്രോഡ്ഗേജായി മാറിയതൊക്കെ ഇന്നും ഓർമയുണ്ട്. പാളം മുറിച്ചു കടന്നുവേണം സ്‌കൂളിലേക്കും അമ്പലത്തിലേക്കുമൊക്കെ പോകാൻ. അതുകൊണ്ടുതന്നെ ഞങ്ങളുടെ നിത്യജീവിതത്തിന്റെ സവിശേഷഭാഗമായി റെയിൽ പാത.
Also Read
ഉയർന്ന പാതയുടെ ചെരിവിൽ ധാരാളം പുല്ലുണ്ടാകും. അക്കാലത്തെ മിക്ക വീടുകളിലെയും പോലെ എന്റെ വീട്ടിലുമുണ്ടായിരുന്നു തൊഴുത്തും പശുക്കളും. ചില ദിവസങ്ങളിൽ പശുക്കളെ റെയിൽപാളത്തിന്റെ ചെരിവിൽ മേയാനായി കെട്ടും. വൃക്ഷത്തലപ്പുകളില്ലാത്തതിനാൽ ചെറിയ ഉറപ്പുള്ള കുറ്റി അടിച്ചു താഴ്ത്തി അതിന്മേലാണ് ഇവയെ കെട്ടുക. മരക്കുറ്റി കിട്ടിയില്ലെങ്കിൽ കമ്പിപ്പാര എന്ന ആയുധം കുറ്റിയായി ഉപയോഗിക്കും. ഒരറ്റം കൂർത്തതും മറ്റേയറ്റം പരന്നു വായ്ത്തലയുള്ള രൂപത്തിലുമാണിത്. ഒരു ദിവസം മഴക്കാർ കണ്ടിട്ട് പശുവിനെ അഴിച്ചു കൊണ്ടുവരാൻ അമ്മ എന്നോടാവശ്യപ്പെട്ടു. പ്ലാസ്റ്റിക് കയറിലാണ് അതിനെ കെട്ടിയിരുന്നത്. അഴിക്കുവാൻ നോക്കിയ കെട്ട്, പശു വലിഞ്ഞു നിന്നതുകൊണ്ട് കൂടുതൽ മുറുകി. മുകൾ വശം പരന്ന കുറ്റിയായിരുന്നതിനാൽ മുകളിലേക്ക് ഊരിയെടുക്കാനും കഴിഞ്ഞില്ല. പെട്ടെന്നൊരു ആശയം തോന്നി, കയർ ഊരിയെടുക്കാനായി പാര മുകളിലേക്ക് ഉയർത്തി. പശു ഒരൊറ്റ കുതിപ്പാണ്. അതിന്റെ ഓട്ടത്തിനനുസരിച്ച് കല്ലുകളിൽത്തട്ടി അങ്ങോട്ടുമിങ്ങോട്ടും ചാടിക്കൊണ്ടിരുന്നു കമ്പിപ്പാര. പാറക്കല്ലിൽ തട്ടിത്തെറിച്ച പാരയുടെ ഒരറ്റം എന്റെ കാലിലേക്ക് തുളച്ചു കയറി. സാമാന്യം ഭേദപ്പെട്ട മുറിവുമായി കരഞ്ഞുവിളിച്ച് ഞാൻ വീട്ടിലേക്ക്.
അച്ഛനും അമ്മയും എന്നെ പിടിച്ചിരുത്തി, മുറിവിനുള്ളിലെ കല്ലും മണ്ണും നീക്കി വൃത്തിയാക്കി. മരവിച്ചിരിക്കുകയാണെങ്കിലും വേദന അറിയുന്നുണ്ട്. കറുത്ത ദ്രാവകമുള്ള ഒരു കുപ്പിയും പഞ്ഞിയുമെടുത്ത് കൊണ്ടുവന്നത് അച്ഛനാണ്. പരത്തിയ പഞ്ഞിയിലേക്ക് ദ്രാവകം പുരട്ടി. ശേഷം മുറിവിനെ മൂടി വെച്ചതേ ഓർമയുള്ളൂ. ആയിരം സൂചികൾ ഒരുമിച്ചു കൂത്തിക്കയറ്റുന്നതു പോലെയുള്ള നീറ്റലും വേദനയും. ഞാൻ അലറി വിളിച്ചു. വിശറി കൊണ്ട് വീശിയപ്പോൾ നീറ്റൽ പതിയെ തണുപ്പായി. ചെറിയൊരു ആശ്വാസം. രണ്ടു മൂന്നു മിനിറ്റിലെ ആ സ്വർഗം കാണൽ ഒരിക്കലും മറക്കില്ല. ഒരാഴ്ച കഴിഞ്ഞാണ് പഞ്ഞി നീക്കിയത്. ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടുകൂടി മുറിവിലേക്ക് ഒഴിച്ച് പതിയെ വശങ്ങൾ ഇളക്കി. അവസാനം അത് പൂർണമായി ഇളക്കിയപ്പോഴും മോശമല്ലാത്ത വേദനകൊണ്ട് പുളഞ്ഞു. വെള്ളമൊഴിച്ചു കുതിർക്കാതെ പഞ്ഞി മാറ്റിയാൽ എന്താകും സ്ഥിതി, ആലോചിക്കാനേ വയ്യ.
ഏതായാലും താമസിയാതെ മുറിവ് കരിഞ്ഞു. എന്നെപ്പോലെ എത്രയോ പേരെ നീറ്റി മുറിവ് കരിയിച്ചിട്ടുള്ള ഇവന്റെ പേരാണ് 'ടിഞ്ചർ ബൻസോയിൻ'. തൊലിപ്പുറത്തെ മുറിവുകൾക്കും ഉരയലുകൾക്കും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന മരുന്ന്. ആശുപത്രികളിൽ മാത്രമല്ല, വീടുകളിലും സൂക്ഷിച്ചിരുന്ന സാധനം. അനുഭവ പരിചയമുള്ളവർ ഞെട്ടലോടെയേ ഇവന്റെപേര് കേൾക്കൂ. അത്രമേൽ വേദനയും നീറ്റലുമല്ലേ ഈ ദുഷ്ടൻ വരുത്തിക്കൂട്ടിയത്.
തുടക്കം 1760-ൽ
ആരോഗ്യപരിപാലനരംഗത്ത് ആശാൻ ഏറെ സീനിയറാണ്. 1760-ൽ ഇംഗ്ലണ്ടുകാരനായ ഡോ. ജോഷ്വ വാർഡാണ് ഇത് കണ്ടുപിടിച്ചത്. ബെൻസോയിൻ റെസിനും എത്തനോളും ചേർത്താണ് നിർമാണം. മുറിവുണക്കുന്നതിനു പുറമേ ആവി പിടിക്കാനും മറ്റും ഇതുപയോഗിച്ചിരുന്നു. ആദ്യകാലത്ത് നല്ല കറുപ്പ് നിറത്തിലായിരുന്നു കിട്ടിയിരുന്നതെങ്കിലും പോകെപ്പോകെ നിറത്തിന്റെ കാഠിന്യം കുറഞ്ഞുവന്നു. പതിറ്റാണ്ടുകൾ അടക്കിവാണ ടിഞ്ചർ ബൻസോയിന്റെ പതനം തുടങ്ങിയിട്ട് അധികകാലമായില്ല. രോഗികളുടെ വേദനയും നീറ്റലും സ്വാഭാവികമായി പകരക്കാരെ തേടാനുള്ള പ്രവണത കൂട്ടിയിട്ടുണ്ടാകാം.
ഏതായാലും കൂനിന്മേൽ കുരു എന്ന പോലെയാണ് ചില ഗവേഷണ ഫലങ്ങളും പുറത്തുവന്നത്. ഇതുപ്രകാരം ടിഞ്ചർ ബൻസോയിൻ ഉപയോഗിക്കുന്നത് അലർജി തുടങ്ങിയ പാർശ്വഫലമുണ്ടാക്കുന്നതായി തെളിഞ്ഞു. ഒട്ടിക്കാവുന്ന മെഡിക്കേറ്റഡ് ഡ്രസിംഗുകൾ ഇതിനെക്കാൾ ഫലപ്രദവും ലളിതവുമാണെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെ പല തലമുറകളെ കണ്ണീരിലും വേദനയിലുമാഴ്ത്തിയ ആ മരുന്ന് പതിയെപ്പതിയെ പാർശ്വവത്ക്കരിക്കപ്പെട്ടു. എങ്കിലും ഇന്നും അവ വിപണിയിൽ ലഭ്യമാണ്.
Content Highlights: tincture benzoin and its history
Published: 18 Sept 2024, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented