ഭാരതം ലോകത്തിന് സംഭാവന ചെയ്ത യുഗപുരുഷനായ സ്വാമി വിവേകാനന്ദന്റെ ജന്മമാസമാണ് ജനുവരി. അതവിടെ നില്‍ക്കട്ടെ. ഇപ്പോ വിഷയം അദ്ദേഹം പറഞ്ഞ ചിരന്തനസത്യമാണ്. 'വണ്‍ ഔണ്‍സ് ഓഫ് പ്രാക്ടീസ് ഈസ് വര്‍ത്ത് എ തൗസന്റ് പൗണ്ട്സ് ഓഫ് തിയറി'. സംഗതി ഇത്രേയുള്ളൂ, 'ആയിരം പൗണ്ട് വാക്കുകളെക്കാള്‍ മികച്ചതാണ് ഒരു ഔണ്‍സ് പ്രവൃത്തി'. വല്ലാതെ പറഞ്ഞിട്ട് കാര്യമില്ലെന്നര്‍ത്ഥം, ചെറുതെങ്കിലും ഒന്നു ചെയ്തു കാണിക്കൂ... ഇതെന്താന്നല്ലേ... നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചില പ്രവൃത്തികള്‍ കണ്ടപ്പോള്‍ ഓര്‍മ വന്നതാണീ വിവേകാനന്ദസൂക്തം.
 
ആദ്യവിഷയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയാണ്. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള  ആക്രമണങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കുകയാണ്. ജീവഹാനിയോളം വഷളായ സന്ദര്‍ഭങ്ങളുമുണ്ട്. അക്രമത്തെ കുറച്ചെങ്കിലും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തരനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ആശുപത്രിയിലെ പ്രധാന സ്ഥലങ്ങളില്‍  നിരീക്ഷണ ക്യാമറ, ജീവനക്കാര്‍ക്ക് സുരക്ഷാപരിശീലനം, സുരക്ഷാവിഭാഗത്തിന് മികച്ച നേതൃത്വത്തെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ നിര്‍ദ്ദേശമായിരുന്നു പ്രധാനം. 

To advertise here,

അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2002 ഓഗസ്റ്റ് 12-നായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം വന്നത്. എന്നാലിതുവരെ ഇവ നടപ്പാക്കാന്‍ ചുരുക്കം ആശുപത്രികള്‍ക്കേ സാധിച്ചിട്ടുള്ളൂ. ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ.വി. ബാബു നല്‍കിയ വിവരാവകാശ അപേക്ഷയില്‍ 42 ആശുപത്രികളില്‍നിന്നുള്ള മറുപടിയാണ് ലഭിച്ചത്. 

കേരളത്തില്‍ മൊത്തം 18 ജനറല്‍ ആശുപത്രികളാണുള്ളത് ഇതില്‍ തൃശ്ശൂര്‍, ഇരിങ്ങാലക്കുട, തിരൂര്‍ തുടങ്ങിയവ മാത്രമാണ് നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ല/ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷാനിര്‍ദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പൊതുജനാരോഗ്യപ്രവര്‍ത്തനത്തില്‍ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളത്തിന് ഇക്കാര്യത്തിലും മുന്നേറ്റം അനിവാര്യമല്ലേ. പ്രഖ്യാപനങ്ങളിലല്ല കാര്യം, പ്രവൃത്തിയിലാണെന്ന വസ്തുത ഭരണകര്‍ത്താക്കളും സംവിധാനങ്ങളും മറക്കരുത്.

രണ്ടാമത്തെ വിഷയം -ദേശീയ മെഡിക്കല്‍ രജിസ്റ്ററാണ്. ഇന്ത്യപോലെ ബൃഹത്തായ രാജ്യത്ത് പിഴവില്ലാതെ ഒരു സംവിധാനം  നടപ്പാക്കുകയെന്നത്  ലഘുവല്ല. എന്നാല്‍ പ്രഖ്യാപനങ്ങളിലെ ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും പ്രവൃത്തിയിലും വേണ്ടേ. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ എറെ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ദേശീയ മെഡിക്കല്‍ രജിസ്റ്ററിന്റെ കാര്യമാണ് ഇവിടെ വിഷയം. നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരടക്കം ഈ പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. 

ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ആവര്‍ത്തനം ഒഴിവാക്കാനും വ്യാജന്മാരെ കണ്ടെത്താനും സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മേന്മയായി പറഞ്ഞുകേട്ടത്. പരിശോധിക്കുന്ന ഡോക്ടറുടെ യോഗ്യതയെപ്പറ്റി രോഗികള്‍ക്കും ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോര്‍ട്ടലില്‍ കയറി ഉറപ്പുവരുത്താമെന്നും പറഞ്ഞിരുന്നു. സംസ്ഥാന കൗണ്‍സലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അധീനതയില്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഇതിലെ പാകപ്പിഴകള്‍ തീര്‍ക്കുവാനും ഡോക്ടര്‍മാരുടെ അധികയോഗ്യത രേഖപ്പെടുത്താനും കഴിയുമെന്നതാണ് ദേശീയ മെഡിക്കല്‍ രജിസ്റ്ററിന്റെ മേന്മയായി പ്രചരിപ്പിരുന്നത്. 

പൊതുസമൂഹത്തിലും ഏറെ പ്രതീക്ഷയുയര്‍ത്തിയ പദ്ധതി 2024 ഓഗസ്റ്റ് 23-നാണ് നിലവില്‍ വന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുപ്രകാരം ജനുവരി 14 വരെ വെറും 8598 ഡോക്ടര്‍മാര്‍ മാത്രമാണ് രജിസറ്ററില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വെളിപ്പെടുത്തിയതനുസരിച്ച് 13,86,136 അലോപ്പതി ഡോക്ടര്‍മാരാണ് ഇന്ത്യയില്‍ നിലവില്‍ പ്രാക്ടീസ് ചെയ്യുന്നത്. പുതിയ രജിസ്റ്ററിലേക്ക് അപേക്ഷിച്ചവരില്‍ 268 പേരുടെ പേരുകള്‍ മാത്രമാണ് ഇതുവരെ അംഗീകരിക്കപ്പെട്ടത്. രണ്ട് അപേക്ഷകള്‍ തള്ളി. ബാക്കിയുള്ള മിക്കതിലും രേഖകളിലെ പേരുകള്‍ തമ്മിലുള്ള വ്യത്യാസംപോലെയുള്ള പ്രശ്നങ്ങളാണ്. ഇത് പരിഹരിക്കാന്‍ ഗൗരവതരമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. പോര്‍ട്ടല്‍ സംവിധാനമൊരുക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദവും കൃത്യവുമായ സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കണമെന്ന വിമര്‍ശനമാണ് ഉയരുന്നത്. 

കൂടുതല്‍ പറയാനില്ല, ഒരു വാല്‍ക്കഷണം മാത്രം- പരാക്രമം പ്രഖ്യാപനങ്ങളിലല്ല വേണ്ടൂ.