ചർച്ചകളിൽ എമ്പാടും നിറയുന്നത് കറുപ്പും വെളുപ്പുമാണ്. കേരളത്തിൻറെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കൊളുത്തി വിട്ട ചർച്ച നമ്മുടെ ശീലങ്ങളുടെയും പതിവുകളുടെയും പരിണാമത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വെളുത്തതാണ് ശ്രേഷ്ഠം എന്നുള്ള സ്ഥിരം കൽപ്പനകളെ മറികടക്കുന്ന പ്രതികരണമാണ് പൊതുസമൂഹത്തിൽ. ചർച്ചകൾ പൊടിപൊടിക്കട്ടെ...മനോഭാവവും രീതികളും മാറുമെന്നുതന്നെ പ്രത്യാശിക്കാം. ഈ ബഹളങ്ങൾക്കിടയിൽ കറുപ്പ് നിറം കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിക്കുന്ന ഒരു വിഭാഗവും ഉണ്ടെന്ന് നാം മറന്നുകൂടാ. അൾട്രാവയലറ്റ് രശ്മികളുമായി സൂര്യൻ ജ്വലിക്കുമ്പോൾ ഇവർ കടുത്ത ആശങ്കയിലാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ മനുഷ്യരിൽ ഭൂരിപക്ഷത്തിനും വലിയ പ്രശ്‌നമല്ലല്ലോ. ഈയൊരു ജനവിഭാഗത്തിൻറെ പ്രശ്‌നങ്ങൾ നാം ശരിക്കും അറിയുന്നുണ്ടോയെന്ന ഒരു ചിന്ത ഈ നിറഭേദ ചർച്ചകൾക്കിടയിലുമാകാം. ആൽബനിസം എന്ന പ്രത്യേകതകൾ ഉള്ള ഇക്കൂട്ടരെ വേനൽക്കാലത്ത് കൂടുതൽ ചേർത്തുനിർത്തുവാൻ നമുക്ക് ബാധ്യതയുണ്ട്.
അപ്രതീക്ഷിത തുടക്കം
ആൽബനിസം ബാധിച്ച ആളുകളെ പല സന്ദർഭങ്ങളിലും കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് സായ്പ്പന്മാർ എന്ന നിലയിൽ തോന്നിയിട്ടുമുണ്ട്. എന്നാലിതൊരു ശാരീരിക അവസ്ഥയാണെന്ന് വൈകിയാണ് വെളിവായത്. അതിനുമപ്പുറം ഇതേറെ സങ്കീർണ്ണമാണെന്ന വിചാരം അടുത്തകാലംവരെയില്ലായിരുന്നു. കോളേജധ്യാപികയായ ഭാര്യയാണ് ഇക്കൂട്ടരെ കുറിച്ച് വിശദമായി ആദ്യം പറയുന്നത്. ഒരു ശില്പശാലയിൽ പങ്കെടുക്കുവാൻ വന്ന പ്രമുഖ ആൽബിനോ പ്രവർത്തകനായ ശരത്താണ് അവളുടെയും കണ്ണുതുറപ്പിച്ചത്. പ്രശ്‌നങ്ങൾ നേരിൽ ബോധ്യപ്പെട്ട പ്രിയതമ, മാധ്യമങ്ങൾ ഇക്കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേയെന്ന ഒരു കുറ്റപ്പെടുത്തലാണ് മുന്നോട്ടുവെച്ചത്. വെല്ലുവിളി സ്വീകരിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലായി ഞാൻ. ഓഫീസിൽ സഹപ്രവർത്തകരോട് വിഷയം ചർച്ച ചെയ്തപ്പോൾ ചില മാധ്യമങ്ങളിലൊക്കെ വന്നിട്ടുണ്ടെന്ന് ഉറപ്പായി. ഓൺലൈനിൽ പരതിയപ്പോൾ ശരിക്കും അഭിമാനമാണ് തോന്നിയത്. മാതൃഭൂമി ഓൺലൈനിൽ വിശദമായ പരമ്പര പോലെയുള്ള വാർത്തകൾ കണ്ടു. തുടർന്ന പുതിയ പ്രവർത്തന രീതികളടക്കമുള്ള കൂട്ടായ്മയെ കുറിച്ച് വാർത്ത നൽകുകയും ചെയ്തു. വേനൽ കടുത്തതോടെയും മലയാളിയുടെ ചർച്ചകൾ രണ്ടു നിറങ്ങളിലുടക്കി നിന്നതിന്റെയും പശ്ചാത്തലത്തിലാണ് ആൽബനിസിത്തെക്കുറിച്ച് വീണ്ടും പറയാമെന്ന് കരുതുന്നത്.
എന്താണിത് ?
ആൽബനിസം ബാധിച്ചയാൾ പലർക്കും കൗതുകക്കാഴ്ചയാണ്. ചിലരെങ്കിലും ഇവരെ സംശയത്തോടെയും നോക്കുന്നുണ്ട്. തൊലിക്ക് കറുപ്പുനിറം നൽകുന്ന മെലാനിൻ ഇല്ലാത്തതാണ് ഈ ശാരീരിക അവസ്ഥയുടെ കാരണം. തൊലിയിലെ ഈ കറുപ്പുനിറമാണ് ചൂട് താങ്ങാനുള്ള ശക്തി കൊടുക്കുന്നത്. മെലാനിൻ ഇല്ലാത്ത കാരണം ആൽബനോകൾക്ക് ചൂട് അസഹ്യമായിത്തീരും. സാധാരണ മനുഷ്യർക്ക് പോലും സൂര്യന്റെ താപം ഏൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാകുന്ന ആൽബനോകളുടെ എണ്ണം കൂടുന്നുണ്ട്. വേനൽക്കാലത്ത് പക്ഷിമൃഗാദികൾക്ക് കുടിവെള്ളവും തണലുമൊരുക്കുന്ന പ്രശംസനീയ രീതി, ഇവരുടെ കാര്യത്തിലും സ്വീകരിക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്.
ചില കൂട്ടായ്മകൾ
ഐക്യരാഷ്ട്രസഭയും ഇന്ത്യൻ സർക്കാരും ആൽബനിസം സംബന്ധിച്ച് നയം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഒരു ആൽബനിസപ്രഖ്യാപനം നടത്തണമെന്ന ആവശ്യം ഇവരുടെ കൂട്ടായ്മ ഉന്നയിക്കുന്നുണ്ട്. ഇതുവരെ സാധിച്ചില്ലെങ്കിലും സമൂഹത്തിൽ കൂടുതൽ പരിചയപ്പെടുന്ന വിധത്തിൽ തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ച് മുന്നോട്ടുപോകുവാനാണ് ഇവരുടെ തീരുമാനം. ആദ്യഘട്ടമായി പരമാവധി ബോധവത്കരണ പരിപാടികൾ നടത്തി. ഇത്തരം ഒരു ബോധവത്കരണ പരിപാടിയായിരുന്നു എന്റെ ഭാര്യയുടെ കോളേജിലും നടന്നത്.
അടുത്തഘട്ടമായി ആയിരം ആൽബനോ അംബാസഡർമാരെ തയ്യാറാക്കാനുള്ള ശ്രമത്തിലാണിവർ. ഒരു മാസത്തെ പരിശീലനമാണ് നൽകുക. ഇവരെ ഉപയോഗിച്ച ഏത് സാധാരണക്കാർക്കും മനസിലാകുന്ന വിധത്തിൽ വീഡിയോയുടെയും മറ്റും സഹായത്തോടെ ബോധവത്കരണം വ്യാപകമാക്കാനാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ കിലയുമായി ചേർന്ന് കൂടുതൽ ഗവേഷണ- പഠനങ്ങളും നടക്കുകയാണ്. ആൽബനിസം ദിനമായ ജൂൺ 13-ന് മുൻപായി ആയിരം അംബാസഡർമാരെ സൃഷ്ടിക്കാനാകുമെന്നാണ് ഇവർ കരുതുന്നത്. കൂട്ടായ്മയുടെ സക്രിയ നേതൃത്വം ശരത് തേനുമൂല എന്ന ആൽബനോയ്ക്കാണ്. പ്രമുഖ ആക്ടിവിസ്റ്റായ ഇദ്ദേഹം സിനിമാനടൻ കൂടിയാണ്.
ശരത്തിന്റെ വാക്കുകൾ കേൾക്കാതിരിക്കരുതേ....
ഒരൽപ്പം കറുപ്പ് ഞങ്ങൾക്കും തരുമോ..
നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ ഗൗരവത്തോടെ കാണുന്നു. എന്നാൽ കറുത്തുപോയവർക്ക് അഭിമാനിക്കാൻ ഒന്നുകൂടിയുണ്ട്.. വേനലിനെ, അൾട്രാവയലറ്റിനെ പ്രതിരോധിക്കുന്ന മെലാനിൻ പിഗ്മെന്റ് നിങ്ങൾക്കാണ്. അനാവശ്യ സൗന്ദര്യ സങ്കൽപ്പങ്ങളും ജാതി ബോധങ്ങളും മറികടന്നാൽ ( മാറ്റിവച്ചാൽ) കറുപ്പാണ് സുരക്ഷിതം. ശരീരത്തിൽ മെലാനിൻ ഇല്ലാത്തതുകൊണ്ട് വേനലിലൊക്കെ സൂര്യാഘാതത്തെ ഭയന്ന് സുരക്ഷിതജീവിതം നഷ്ടമാകുന്ന ആൽബനിസം ഉള്ള ഞങ്ങൾക്ക് കറുപ്പിന്റെ മഹത്വമറിയാം. അധികം വെളുത്താലും പ്രശ്‌നമാണ്. നിറത്തിന്റെ പേരിലുള്ള വിവേചനം അധികം കറുത്തവരും അധികം വെളുത്തവരും നേരിടുന്നുണ്ട്. കറുപ്പിന് ജാതിയുടെ കൂടെ പിൻബലമുണ്ടെങ്കിൽ അധിക വെളുപ്പിന് രോഗത്തിന്റെയും ഭയത്തിന്റെയും വെറുപ്പിന്റെയും മുഖമാണ്. ശരിയായ അവബോധമാണ് പ്രധാനം.
Content Highlights: Heatwave How people with albinism coping
Published: 01 Apr 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented