ടെലി റോബോട്ടിക് ശസ്ത്രക്രിയ ഇന്നത്ര അപരിചിതമല്ല. ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തിനിരുന്നും വിദേശ രാജ്യത്തിരുന്നും ഇത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. ശാസ്ത്ര- സാങ്കേതിക രംഗത്തെ കുതിപ്പുകള്‍ ആരോഗ്യപരിപാലനരംഗം എത്രവേഗത്തില്‍ സ്വാംശീകരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് റോബോട്ടിക് സര്‍ജറിയും ടെലി-റോബോട്ടിക് സര്‍ജറിയും.

To advertise here,

ചികിത്സാരംഗത്തിന്റെ അടിമുടി മാറ്റത്തിന് ടെലി റോബോട്ടിക് സര്‍ജറി കാരണമാകാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ രംഗത്തേക്ക് മലയാളിയും കടന്നുവന്നൂയെന്നതും ശ്രദ്ധേയമാണ്. അടുത്തയിടെ ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവിലിരുന്ന് ബെംഗളൂരുവിലെ ആശുപത്രിയിലെ 70-കാരി രോഗിക്കാണ് ഒരു മലയാളി ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരത്തിനും ആറ്റിങ്ങലിനുമിടയിലുള്ള മംഗലപുരം സ്വദേശി 56-കാരനായ ഡോ. ഹബീബ് മുഹമ്മദാണ് നേട്ടം കൈവരിച്ചത്. അത്ര കഠിനമല്ലാത്ത വിഭാഗത്തില്‍പ്പെടുന്ന ആമാശയ അര്‍ബുദം ബാധിച്ച ഒരു വനിത ഏറെക്കാലമായി ഇദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു. ഇവരുടെ വയറ്റിലെ മുഴ ക്രമാതീതമായി വളര്‍ന്നതോടെയാണ് രക്ഷാമാര്‍ഗമായി ശസ്ത്രക്രിയ എന്ന ചിന്ത വന്നത്. തുടര്‍ന്നുള്ള ആലോചനയില്‍ ടെലി റോബോട്ടിക്‌ പരീക്ഷിക്കാമെന്നും തീരുമാനിച്ചു.

രോഗിയുടെ ബന്ധുക്കളും സമ്മതിച്ചതോടെ എല്ലാം പെട്ടെന്നായിരുന്നു. വേഗത്തില്‍ തന്നെ ശസ്ത്രക്രിയ വിജയകരമായി തീര്‍ക്കുവാനും കഴിഞ്ഞു. അര്‍ബുധം ബാധിച്ച ഭാഗത്തിനുപുറമേ ഇവരുടെ പിത്താശയവും ശസ്ത്രക്രിയയിലൂടെ നീക്കി. ഇന്ത്യയില്‍ ഇതിനുമുന്‍പും ഇത്തരം ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയായതോടെ രോഗി ആശുപത്രി വിടുകയും ചെയ്തു.

റോബോട്ടിക് സര്‍ജറി

റോബോട്ടിക് സര്‍ജറിക്ക് മൂന്നുഭാഗങ്ങളുള്ള ഉപകരണങ്ങളാണ് വേണ്ടത്. എല്ലാ നിയന്ത്രണങ്ങളും നിര്‍വഹിക്കുന്ന സെന്‍ട്രല്‍ കണ്‍സോളാണ് ഇതില്‍ പ്രധാനം. ഇതിനു പുറമേ ശസ്ത്രക്രിയ നിര്‍വഹിക്കാന്‍ യന്ത്രക്കൈക്കളുമുണ്ട്. ഈ രണ്ടുഭാഗങ്ങളും രോഗിയുടെ അടുത്താണ് വേണ്ടത്.

ഡോക്ടര്‍ക്കുള്ള സര്‍ജന്‍സ് കണ്‍സോളാണ് മറ്റൊരിടത്ത് സ്ഥാപിക്കാനാകുക. ഈ സൗകര്യം ഉപയോഗിച്ചാണ് ടെലി സര്‍ജറി യാഥാര്‍ഥ്യമായത്.

അനന്ത സാധ്യതകള്‍

ടെലി-റോബോട്ടിക് സര്‍ജറി ഇന്ത്യയെ പോലെയുള്ള രാജ്യത്തിനും പൊതുജനാരോഗ്യരംഗത്ത് വലിയ നേട്ടം സ്വന്തമാക്കിയിട്ടുള്ള കേരളത്തിനും മികച്ച സാധ്യതകളാണ് തുറന്നിടുന്നതെന്നാണ് ഡോ. ഹബീഹിന്റെ അഭിപ്രായം. ഒരു ഡോക്ടര്‍ക്ക് ഒരുദിവസം ചെയ്യാനാകുന്ന ശസ്ത്രക്രിയകളുടെ എണ്ണം പലമടങ്ങാക്കാമെന്നതാണ് പ്രധാന നേട്ടം. വ്യത്യസ്ത ആശുപത്രികളില്‍ രോഗികളെ ഇതിന വിധേയരാക്കാന്‍ കഴിയും. ഒരിടത്താകുമ്പോള്‍ പരമാവധി മൂന്നുപേരെ മാത്രമേ ഒരുദിവസം ശസ്ത്രക്രിയ ചെയ്യാനാകൂ.

ഒന്നില്‍ക്കൂടുതല്‍ സ്ഥലത്തായാല്‍ തയ്യാറെടുപ്പ് സമയം ലാഭിക്കാനാകും. ഒരു ശസ്ത്രക്രിയ കഴിഞ്ഞാല്‍ മിനുട്ടുകള്‍ക്കകം അടുത്ത സ്ഥലത്തെ രോഗിയുടെ ചികിത്സ നിറവേറ്റാന്‍ ഡോക്ടര്‍ക്ക് കഴിയും.

ആശുപത്രി ശൃംഖലകള്‍ ഇന്ന് ഏറെയുണ്ട്. ഓരോയിടത്തും ഓരോ വിഭാഗത്തിനും സ്പെഷ്യലിസ്റ്റുകള്‍ വേണമെന്നുള്ള സ്ഥിതിയും ഇതോടെ മാറ്റാനാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ മൊബൈല്‍ ശസ്ത്രക്രിയ യൂണിറ്റുകള്‍ സജ്ജമാക്കി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനും കഴിയുമെന്നും ഡോ. ഹബീബ് പറയുന്നു.

തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഡോ. ഹബീബ് മുഹമ്മദ്.