ചില രോഗങ്ങൾ അങ്ങനെയാണ്. പേരു കൊണ്ടുതന്നെ ലിംഗപരമായ ബന്ധത്തെയും പ്രത്യക്ഷമായി ദ്യോതിപ്പിക്കും. ഏതാനും വർഷങ്ങൾ മുൻപ് വരെ സ്തനാർബുദം എന്ന രോഗത്തിൻറെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഇതിൽ ആണുങ്ങൾക്കെന്ത് കാര്യം എന്നതായിരുന്നു മട്ട്. കാലം മാറി കഥ മാറി. സ്തനാർബുദം പുരുഷന്മാരെയും ബാധിക്കുന്ന രോഗമായി വളർന്ന് കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് സ്തനാർബുദം  പൊതുവേ കരുതുന്നതിനേക്കാൾ കൂടുതൽ പുരുഷന്മാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. 

To advertise here,

ലോകപ്രശസ്തമായ ജമ ഓങ്കോളജി മാഗസിനിലാണ് ഏറ്റവും പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.  'ജമ' എന്നാൽ ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ. അവരുടെ അർബുദവിഭാഗം മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്തനാർബുദ കോശത്തെ കണ്ടെത്താൻ പുരുഷന്മാർ എന്തുകൊണ്ട് പരിശോധന നടത്തണമെന്നാണ്  പഠനം വ്യക്തമാക്കുന്നത്. ബ്രെസ്റ്റ് കാൻസർ ജീൻ 1 (ബി.ആർ.സി.എ.1), ബി.ആർ.സി.എ. 2 തുടങ്ങിയ ജീനുകളിൽ ജന്മനാലോ പിന്നീടോ ഉണ്ടാകുന്ന മാറ്റങ്ങളിൽ ചിലത് അപകടകരമായിത്തീരാം. ഇത്തരം വളർച്ച കൃത്യമായി വിലയിരുത്തിയാണ് സ്താനാർബുദം തുടങ്ങിയ രോഗങ്ങൾ കണ്ടെത്തിയിരുന്നത്. ജീനുകളിലെ പ്രശ്‌നം മുൻകൂട്ടി കണ്ടെത്താൻ തുടങ്ങിയതോടെ് രോഗത്തെ വ്യാപകമായ വിധത്തിൽ പിടിച്ചുകെട്ടാനായി. ഇത്തരം ജീനുകളിലെ മാറ്റങ്ങൾ പുരുഷന്മാരിലും ഭീഷണി ഉയർത്തുന്നതായി കണ്ടെത്തലുണ്ട്. 33 രാജ്യങ്ങളിലായി  18 വയസിനുമുകളിലുള്ള 6902 പുരുഷന്മാരിലായിരുന്നു 'ജമ' യുടെ പഠനം. ഇവരിൽ 3651 പേർ ബി.ആർ.സി.എ.1 പ്രശ്‌നമുള്ളവരും 3251 പേർ ബി.ആർ.സി.എ.2 പ്രശ്‌നമുള്ളവരുമാണ്. ഇതിൽ രണ്ടാമത്തെ വിഭാഗത്തിനാണ് രോഗ സാധ്യത കൂടുതൽ . ഇതിൽത്തന്നെ സ്തനാർബുദവും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗവുമാണ് മുന്നിൽ. ബി.ആർ.സി.എ.2 പ്രശ്‌നമുള്ള 13 ശതമാനത്തിനും സ്തനാർബുദ സാധ്യത കണ്ടെത്തി. ബി.ആർ.സി.എ.1 പ്രശ്‌നമുള്ളവരിൽ ഇത് രണ്ടുശതമാനം മാത്രമാണ്. കുടുംബപരമായി അർബുദത്തിന്റെ പ്രത്യേകിച്ച് സ്ഥാനാർബുദത്തിന്റെ ചരിത്രമുള്ള പുരുഷന്മാർ ഇത്തരം പരിശോധനകൾക്ക് വിധേയമാകുന്നത് നന്നായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ബി.ആർ.സി.എ.1 ,ബി.ആർ.സി.എ.2 പ്രശ്‌നം തിരിച്ചറിഞ്ഞ പുരുഷന്മാർ നിർബന്ധമായും തുടർ പരിശോധനകളും ജാഗ്രതയോടെയുള്ള നിരീക്ഷണവും നടത്തണമെന്നാണ് ഉപദേശം. അതായത് സ്വന്തം വീട്ടിലെ സ്ത്രീകളിൽ സ്തനാർബുദബാധയുള്ളവർ സൂക്ഷിക്കണമെന്ന്. 

രോഗത്തെപ്പറ്റിയുള്ള ചില അബദ്ധധാരണകളാണ് പുരുഷന്മാർക്ക് വിനയാകുന്നതെന്നാണ് ചികിത്സകരുടെ അഭിപ്രായം. മനുഷ്യൻ ജനിക്കുമ്പോൾത്തന്നെ അവന് സ്തന കോശങ്ങളുണ്ടാകും. സ്ത്രീകളിൽ അത് കൂടുതൽ വളർച്ച പ്രാപിക്കുമെന്നുമാത്രം. പുരുഷന്മാരിൽ ഇത് വളരാറില്ല, എന്നാൽ ഇല്ലാതാകുന്നില്ലായെന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഈ കോശത്തിൽ രോഗബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ പുരുഷന്മാരിൽ സ്തനാർബുദ സാധ്യത സ്ത്രീകളുടേതിൽനിന്ന് തുലോം കുറവായിരിക്കുമെന്ന് മയോക്‌ളിനിക്കിന്റെ പഠനത്തിൽ വ്യക്തമാകുന്നുണ്ട്. പ്രായമേറുമ്പോഴാണ് പുരുഷന്മാരിൽ ഇത് കണ്ടെത്താറുള്ളതെങ്കിലും ഏതുപ്രായത്തിലും വരാവുന്നതാണ്. രോഗബാധിതമായ കോശം മാറ്റുന്നതിലൂടെയും കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സാരീതികളിലൂടെയും രോഗമുക്തി നേടാവുന്നതാണ്. 

അറിവില്ലായ്മ കൊണ്ടുള്ള അപകടം നിരാശാജനകം‌

ശാസ്ത്രവും മനുഷ്യരുടെ ബോധ്യവും ഇത്രയധികം വളർന്നിട്ടുള്ള സാഹചര്യത്തിൽ രോഗം തിരിച്ചറിയാതെ പോകുന്നതുവഴിയുള്ള മരണം തീർത്തും നിരാശാജനകമാണ്. നെഞ്ചിന്റെ ഭാഗത്തെ ബുദ്ധിമുട്ടുകൾ തടിപ്പ്, വേദന, മുഴ തുടങ്ങിയവ നിസാരമായി കാണരുത്. സ്തനം എന്ന വാക്കിനോടുള്ള അകൽച്ചയാണ് രോഗബാധയെ അംഗീകരിക്കാൻ മിക്ക പുരുഷന്മാരെയും പ്രേരിപ്പിക്കുന്നത്. ഇതിൽ കാര്യമില്ലെന്നതാണ് വസ്തുത. സ്തനാർബുദമുള്ള പുരുഷന്മാർ കേരളത്തിലുമുണ്ട്. പലരെയും ചികിത്സിച്ചിട്ടുമുണ്ട്. ചിലരുടെയെങ്കിലും ചികിത്സ തുടരുകയുമാണ്. ഇക്കാര്യത്തിൽ ഒരു അവബോധം തീർച്ചയായും നല്ലതും, അനിവാര്യവുമാണ്-

ഡോ. അജുമാത്യു
അർബുദ ഗവേഷകൻ, ചികിത്സകൻ