ചില്ലു ഭരണികളിൽ വിവിധ നിറത്തിലുള്ള മിഠായികൾ നിരത്തിവെച്ചതുപോലെയായിരുന്നു നമ്മുടെ ആശുപത്രികൾ ഒരുകാലത്ത്. വലിയ കുപ്പിഭരണികളിൽ വിവിധ നിറങ്ങളിലുള്ള ദ്രാവകങ്ങൾ നിറഞ്ഞ ഫാർമസികൾ. ചെറിയ ക്ലിനിക്കുകൾ മുതൽ വലിയ ആശുപത്രികളിൽ വരെ ഇതായിരുന്നു സ്ഥിതി. ഇന്ന് 45 വയസ്സിന് മുകളിലുള്ള മിക്കവരും ഒരിക്കലെങ്കിലും ഈ നിറമുള്ള ദ്രാവകം കഴിച്ചിട്ടുണ്ടാകും. അതെ ഇതാണ് നമ്മുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളെ അടക്കിവാണിരുന്ന മിക്‌സ്ചർ എന്ന  മരുന്ന്.

To advertise here,

പല നിറങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സർവവ്യാപി‌ റോസ് നിറമാണെന്നതാണ് ഓർമ. ചികിത്സ തേടി ആശുപത്രിയിലെത്തുന്നവർ ഒരു ചില്ലു കുപ്പി കരുതണമെന്നത് അക്കാലത്തെ അലിഖിത നിയമമായിരുന്നു. കാരണം മരുന്ന് അന്നൊക്കെ കുടിക്കുവാനുള്ളതാണ്. ചിലർക്ക് പൊടി രൂപത്തിലുള്ള മരുന്ന് ഈ ദ്രാവകത്തിൽ കലക്കി ഉപയോഗിക്കുവാനും നിർദ്ദേശം കിട്ടുമായിരുന്നു. ഇങ്ങനെ മരുന്ന് കുടിച്ചു കുടിച്ചാണ് കേരളത്തിലെ ചില സ്ഥലങ്ങളിൽ 'ഗുളിക കുടിച്ചോ' എന്ന ചോദ്യം പോലും ഉണ്ടായതെന്നും പറയാം.

ഇതാണ് മിക്‌സ്ചർ

പലതരം വസ്തുക്കളുടെ മിശ്രിതം തന്നെയായിരുന്നു ഈ മിക്‌സ്ചർ. പ്രധാന ലായനിയിൽ ഓരോ അസുഖത്തിനും യോജ്യമായ ചേരുവ ചേർത്ത് ഇണക്കിയെടുത്ത് വിതരണം ചെയ്യുകയാണ് പതിവ്.  രുചിയും മണവും നിറവുമൊക്കെ കൂട്ടുവാനുള്ള വസ്തുക്കളും ഇതിന്റെ ഭാഗമാക്കാറുണ്ട്. ചേരുവകൾ മിക്കവാറും സ്പിരിറ്റിലാണ് ചേർത്തുവെയ്ക്കുന്നത്. സ്പിരിറ്റിൽ മരുന്നുകളുടെ സ്വഭാവം നഷ്ടപ്പെടില്ലെന്നുള്ളതാണ് കാരണം. ഇങ്ങനെ ചേർത്തുവയ്ക്കുന്ന മദർ മിക്‌സറിലേക്ക് ഓരോ അസുഖത്തിനും ഓരോ ഗുണത്തിനും ആവശ്യമായവ കൂട്ടും. രോഗത്തിൻറെ കാഠിന്യവും സ്വഭാവവുമൊക്കെ അനുസരിച്ച്  മിക്‌സ്ചറുകളിൽ മാറ്റം വരും. ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ച് കമ്പോണ്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാർമസിസ്റ്റാണ് ഇവ യോജിപ്പിച്ചെടുക്കുക. അതായത് കാഴ്ചയിൽ ഒരേ പോലെ തോന്നിപ്പിച്ചിരുന്ന ഈ മരുന്നുകളൊന്നും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ലെന്ന് സാരം.

മിക്ക മിക്‌സ്ചറുകളുടെയും അനുപാതം 1:6 എന്ന നിലയിലായിരുന്നെന്ന് 29 വർഷം വിവിധ സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റായിരുന്ന ചേർത്തല കരുവ സ്വദേശി പി. കെ. അപ്പുക്കുട്ടൻ പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അക്കാലത്ത്  കൂടുതൽ ഉപയോഗിച്ചിരുന്നതിലൊന്ന് കാർമിനേറ്റീവ് മിക്‌സചറുകളാണ്.  ദഹനപ്രക്രിയയെ നിയന്ത്രിക്കാനും വയറ്റിലെ ഗ്യാസ് ഇറക്കിവിടാനുമൊക്കെയായിരുന്നു ഉപയോഗം. ഇഞ്ചിയുടെ സത്തായ സിഞ്ചിബറീസ് കൂടി ചേർത്താൽ ശക്തികൂടും. രുചിക്കുവേണ്ടി ഏലത്തിന്റെ സത്തു കൂടി  ചേർക്കാറുണ്ട്. അരോമാറ്റിക് സ്പിരിറ്റ് അമോണിയ ചേർത്താൽ മണവും രുചിയും കിട്ടുകയും ചെയ്യും.

പനിക്കും മറ്റും കൊടുത്തിരുന്നത് സോഡിയം സാൻസിലേറ്റ് അടങ്ങിയ മിക്‌സ്ചറാണ്. ക്രിസ്റ്റൽ രൂപത്തിലുള്ളതാണീ ഘടകം.  കറുത്ത നിറം കിട്ടുവാനായി ഇരട്ടിമധുരത്തിന്റെ സത്തടങ്ങിയ ലിക്യുറൈസ് ഒപ്പം ചേർക്കും. ഔഷധഗുണമുണ്ടെന്ന് മേന്മയുമുണ്ടല്ലോ. ചെറിയ മധുരം നൽകാൻ വേണ്ടി ക്ലോറോഫോമും ചേർക്കാറുണ്ടായിരുന്നു. ഇത് പനി കുറയ്ക്കുവാനും സഹായിക്കും. കടുത്ത വയറിളക്കത്തിനും മറ്റും കൊടുത്തിരുന്ന മരുന്നാണ് ബിസ്മത്ത് കയോളിൻ. ഇത് കളിമണ്ണിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണുപോലും. വിലം കുറച്ച് കൂടിയതാണ്. ശരീരത്തിലെ ജലാംശം വിയർത്തു പോകുന്നതിനായി ഉപയോഗിച്ചിരുന്നതിന്റെ പേര് ഡയഫൊറോട്ടിക് എന്നാണ്. വയറുവേദനയ്ക്ക് കാർബണേറ്റ് ബെൽഡോണ എന്ന മിക്‌സ്ചറാണ് നൽകിയിരുന്നതെന്നും അപ്പുക്കുട്ടൻ ഓർക്കുന്നു. ഉറക്കമില്ലായ്മ കൂടി ഉള്ള രോഗികൾക്ക് കറുപ്പിന്റെ സത്തായ ടിഞ്ചർ ഓപ്പിയം കൂടി ചേർത്താണ് നൽകിയിരുന്നത്. ചുമയ്ക്ക് കഫ് സിറപ്പുപോലെ നൽകാൻ കഴിയുന്ന സെഡേറ്റീവ് എക്‌സ്‌പെന്റോറന്റും അക്കാലത്തെ മിക്‌സ്ചറുകളിൽ താരമായിരുന്നു.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

പോയ വഴി

മിക്‌സ്ചറുകൾ സൂക്ഷിക്കുന്നതിനും അതിൽ ചേർക്കുന്നതിനുമുള്ള ചില വസ്തുക്കളെങ്കിലും ലഹരിയുണ്ടാക്കുന്നവയായിരുന്നു. ഇതറിഞ്ഞ ചില വിദ്വാന്മാർ ഒതുക്കത്തിൽ 'ഫിറ്റാകാറു'ണ്ടായിരുന്നെന്നും പകരം വെള്ളം നിറച്ചുവെച്ചെന്നും മറ്റുമുള്ള അപഖ്യാതികൾ ഏറെയാണ്. ഇതടക്കമുള്ള ദുരുപയോഗങ്ങളും മറ്റും ശ്രദ്ധയിൽപ്പെട്ടാകാം സർക്കാർ വിഷയം പഠിക്കാനായി  ഡോ.കെ.എൻ. പൈ കമ്മിറ്റിയെ നിയോഗിച്ചു. മിക്‌സ്ചറുകളുടെ ഉപയോഗം നാലായി ചുരുക്കാനായിരുന്നു  ശുപാർശ. ഈ സമയമായപ്പോഴേയ്ക്കും സർക്കാരാശുപത്രികളിൽ 9 ഇനം സൾഫാ ടാബ്‌ലെറ്റുകളെത്തി. പുതിയതും കൈകാര്യം ചെയ്യാൻ സൗകര്യപ്രദവുമായ മരുന്നുകൾ പല രൂപത്തിലും എത്തിയതോടെ മിക്‌സ്ചറുകൾ ഒതുക്കപ്പെട്ടു- ഒരു തലമുറയുടെ ഗൃഹാതുര സ്മരണയായി.