ദിവസം കുറച്ച് അപ്പോയ്മെൻ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നേരത്തെ തന്നെ കേസുകൾ തീർത്തിരുന്നു. ചാറ്റൽ മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്.. ഓർമകൾ ഒരുപാടു ദൂരം പിറകിലേക്ക് പോകുന്നുണ്ടായിരുന്നു... ബാല്യവും കൗമാരവും കടന്ന് ഓർമകൾ സഞ്ചരിച്ചുകൊണ്ടിരുന്നു...

To advertise here,

"ഡോക്ടറേ...ഒരു പേഷ്യൻ്റ് ഉണ്ട് " സിസ്റ്ററുടെ ശബ്ദം ഓർമകളെ മായ്ച്ചു...

ഏകദേശം 25 വയസുള്ള ആ പെൺകുട്ടി വന്നപ്പോൾ തന്നെ അസഹനീയമായ വേദനയിൽ ഒരുപാട് ബുദ്ധിമുട്ടുന്നതായി എനിക്കു മനസ്സിലായി. കേസ് ഹിസ്റ്ററി മുഴുവനാക്കുന്നതിനിടയിൽ, "എങ്ങനെയെങ്കിലും ഇതൊന്നു മാറിക്കിട്ടിയാൽ മാത്രം മതി ഡോക്ടർ" എന്ന് അവൾ പറഞ്ഞു കൊണ്ടേയിരുന്നു.

ഹിസ്റ്ററി ചോദിക്കുമ്പോഴുള്ള മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് എത്രമാത്രം മടുത്തിരുന്നുവെന്ന് വ്യക്തമായിരുന്നു. മൂന്നു വർഷമായി ഞാൻ അൾസറിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് മാഡം, ഇനി എനിക്ക് വയ്യ; അങ്ങനെയാണ് അവൾ പറഞ്ഞുതുടങ്ങിയത്. പഠിത്തത്തിന്റെയും പരീക്ഷയുടെയും സമ്മർദം കൊണ്ടുണ്ടാകുന്ന സ്ട്രെസ് അൾസർ ആണെന്ന് കരുതി മരുന്നുകൾ മാറിമാറി ഉപയോഗിച്ചു.

താൽക്കാലിക ആശ്വാസം ഉണ്ടാവുമെങ്കിലും പൂർണമായി മാറുന്നില്ല. മൂന്നു വർഷങ്ങൾക്ക് മുൻപേ ഒരു പയറുമണിയുടെ അത്ര വലിപ്പമേ ഉണ്ടായിരുന്നുള്ളു. ഒട്ടും വേദനയും ഉണ്ടായിരുന്നില്ല. വേദന കാര്യമായി തുടങ്ങിയിട്ട് ഇപ്പോൾ ആറു മാസം ആയിട്ടേയുള്ളൂ. പരിശോധിച്ച് നോക്കിയപ്പോൾ അറ്റം കൂർത്തിരിക്കുന്ന ഒരു പല്ലും കൂടെ നാവിൽ ചെറിയ രീതിയിൽ വളർന്ന ഒരു മുറിവും. കഴുത്തിൽ രണ്ടു കയലകളും. ഏകദേശം കാൻസറിന്റെ സൂചന എനിക്ക് കിട്ടി. നിസ്സഹായതയാണ് ആദ്യം തോന്നിയത്. ഇത്ര ചെറിയ കുട്ടിയോട് ബയോപ്സിയുടെ കാര്യം ഞാൻ എങ്ങനെ പറയും?

പുറത്ത് മഴയ്ക്ക് ശക്തി കൂടി വന്നു. മഴയേക്കാൾ ശക്തിയിൽ ആ ചോദ്യം മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.. വായിലെ കാൻസർ നേരത്തെ കണ്ടെത്താൻ കഴിയുന്നതായിട്ടും ഇത്രയധികം ഡോക്ടർമാരെ കാണിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചു.

ഇതേപോലെ ലക്ഷണങ്ങൾ ഉള്ള, പ്രത്യേകിച്ച് യാതൊരു രോഗവുമല്ലാത്ത ഒട്ടനവധി കേസുകൾ ഞാൻ കണ്ടിട്ടുണ്ട്. കാൻസർ ആവല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൈകൾ വിറച്ചുകൊണ്ടാണ് ഞാൻ ആ ബയോപ്സി എടുത്തത്.

ബയോപ്സി റിപ്പോർട്ട് കിട്ടാനുള്ള ആ പത്തു ദിവസങ്ങൾ മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ ആ റിപ്പോർട്ടിനെ കുറിച്ചാണ് ആലോചിച്ചത്.

അറിയുന്ന പാത്തോളജിസ്റ് ആയതു കൊണ്ട് തന്നെ റിപ്പോർട്ട്‌ വേഗം ആക്കിത്തരാൻ ഞാൻ പറഞ്ഞിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സാറിന്റെ കോൾ. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു . എനിക്കറിയാം ഒരു ഡോക്ടർക്കും രോഗിയുമായുള്ള വൈകാരിക ബന്ധം ഒരു പരിധിയിൽ കവിയരുത് എന്ന്.

സാർ പറഞ്ഞു "well differentiated squamous cell carcinoma of tongue "(വെൽ ഡിഫറെൻഷ്യേറ്റ് സ്കോമസ് സെൽ കാർസിനോമ ഓഫ് ദി ടങ്)
നാവിലെ കാൻസർ. ഞാൻ എപ്പോഴും എല്ലായിടത്തും പറയുന്നത് പോലെ തന്നെ മനസ്സിൽ ഒന്നുകൂടി പറഞ്ഞു. വീണ്ടും എന്നേത്തന്നെ ബോധ്യപ്പെടുത്തുന്നത് പോലെ "വായിലെ കാൻസർ ആദ്യ സ്റ്റേജ് ആണെങ്കിൽ വേഗം തന്നെ മാറ്റിയെടുക്കാൻ പറ്റുന്നതാണ്". ഞാനാ പെൺകുട്ടിയെ വിളിച്ചു. ആരെയെങ്കിലും കൂടെ കൂട്ടി ക്ലിനിക്കിൽ വരാൻ ആവശ്യപ്പെട്ടു. അവൾ പക്ഷേ, ഒറ്റക്കാണ് വന്നത്.

ഒരു കുഞ്ഞനുജത്തി തൊട്ടു മുന്നിൽ എൻ്റെ വാക്കുകൾക്കായി കാത്തിരിക്കുന്നതായാണ് എനിക്കു തോന്നിയത്. എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു.. ഒരു ഡോക്ടർ എന്നതിലുപരി ഞാൻ ആ കുട്ടിയുടെ മറ്റാരോ ആയി മാറുന്നതായി എനിക്കു തോന്നി. ഒരു നിമിഷം മനസ്സ് ശൂന്യമായതുപോലെ..

"ഡോക്ടർ... പറഞ്ഞോളു.. എന്തും നേരിടാൻ ഞാൻ തയ്യാറാണ്"- അവൾ അതു പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയിരുന്നില്ല. അവളുടെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി.
എനിക്ക് കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല.

റിപ്പോർട്ട്‌ പറഞ്ഞു കൊടുത്തിട്ട് നേരെ ഹയർ സെന്ററിലേക്ക് ചികിത്സക്കായി അവളെ അയച്ചു. സർജറി കഴിഞ്ഞ് അവൾ സുഖമായി സാധാരണ ഒരാളെ പോലെ തന്നെ ജോലി ചെയ്തു ജീവിക്കുന്നു. ഇപ്പോൾ വിളിച്ചാലും അവൾ പറയും ഒരുലക്ഷണങ്ങളേയും അവ​ഗണിക്കരുതെന്ന്, പിന്നെ തനിക്കൊരു ജോലിയും ഇൻഷുറൻസും ഉള്ളതുകൊണ്ടുതന്നെ ആർക്കും ഒരു ഭാരമായില്ലെന്നും.

ചെറുപ്രായത്തിൽ തന്നെ അവളെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട ആ ആ പെൺകുട്ടി നമുക്ക് ഓരോരുത്തർക്കും മാതൃകയാണ്. വായിൽ കാണുന്ന ഇത്തരത്തിൽ ഉള്ള മുറിവ് മൂന്ന് ആഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഈ പെൺകുട്ടിയുടെ ജീവൻ ഭാഗ്യവശാലും അവളുടെ മനോധെെര്യത്താലും നമുക്ക് തിരിച്ചു കിട്ടി. എന്നാൽ ഈ അസുഖം നമ്മിൽ നിന്നും പലരുടെയും ജീവൻ കവർന്നെടുത്തിട്ടുമുണ്ട് എന്ന് ഓർക്കേണ്ടതാണ്. എത്രയും പെട്ടെന്നു കണ്ടെത്തുന്നുവോ അത്രയും വേഗം രോഗമുക്തി നേടാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും രോഗം നിർണയിക്കപ്പെടാനുള്ള കാലതാമസമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അവിടെയാണ് കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രസക്തിയും. 

എല്ലാവർഷവും ഏപ്രിൽ മാസം വായിലെ കാൻസർ അവബോധ മാസമായി ആചരിച്ചുവരുന്നു. വായിലെ കാൻസർ ലക്ഷണങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, വരാൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും, നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സ്ക്രീനിങ്ങിനെ പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം നടത്തുന്നത്.

എന്താണ് വായിലെ കാൻസർ?

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ കാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം) വരെയുള്ള ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസർ ആയി കണക്കാക്കുന്നു.

രോഗത്തിന്റെ കണക്ക്

ലോകത്തിലെ നാലിൽ ഒന്ന് (1 / 4th ) വായിലെ കാൻസർ ഇന്ത്യയിലാണ്. ഇന്ത്യയിൽ സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കാണുന്ന കാൻസറാണ് വായിലെ കാൻസർ. ഇന്ത്യയിലെ 30% കാൻസറും വായിലെ കാൻസർ ആണ്.

2022 ലെ ഗ്ലോബോകാൻ കണക്കുകൾ പ്രകാരം പുതിയ കേസുകൾ 1,43 ,759-ഉം അതിൽ മരണനിരക്ക് 8 .7 %-വുമാണ്. പുരുഷന്മാരിലാണ് സ്ത്രീകളിലേക്കാൾ വായിലെ കാൻസർ കൂടുതലായി കാണുന്നത്.

കാരണങ്ങൾ

  • പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോഗം.
  • പുകയില വായയുടെ അകത്ത് വെക്കുന്നത്.
  • പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നത്.
  • മദ്യപാനം
  • മദ്യം കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. വായിലെ കാൻസർ മദ്യം ഉപയോഗിക്കുന്നവർക്ക് രണ്ടിരട്ടി കൂടുതലാണ്. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് നാല് മടങ്ങ് കൂടുതലാണ്.
  • മൂർച്ചയുള്ള പല്ലുകൾ/ അളവ് തെറ്റിയുള്ള വെപ്പ് പല്ലുകൾ.
  • സമീകൃതമായ ആഹാരം കഴിക്കാത്തവർ
  • HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്)
  • 30 വയസ്സിൽ കുറഞ്ഞവരിൽ എച്ച് പി വി യുടെ അണുബാധ വായിലെ കാൻസറിന്റെ സാധ്യത കൂട്ടുന്നു.
  • രോഗപ്രതിരോധ ശക്തി കുറഞ്ഞവർ
  • ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർ
  • റേഡിയോതെറാപ്പി, കീമോതെറാപ്പി ചെയ്തവർ
  • സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ തുടങ്ങിയവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

പൂർവാർബുദ അവസ്ഥകൾ (Potentially Malignant Disorders)

ല്യൂക്കോപ്ലാക്കിയ (Leukoplakia)-വെള്ളപ്പാട് എന്ന് അർത്ഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു.

ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)

തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർത്തതും മിനുത്തതുമാണ് .

സ്പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)

കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത്. കാൻസാറായി മാറാനുള്ള സാധ്യത ഇവക്ക് കൂടുതലാണ്

നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)

വെള്ളപ്പാടുകൾക്കിടയിൽ അൾസർ പോലെയും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ തുടർച്ചയായ പരിശോധനക്കായി ഡോക്ടർമാരെ കാണേണ്ടതാണ്.

ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ്

ഇത് പലപ്പോഴും ഉണ്ടാകുന്നത് പാക്ക്/അടക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ്. ഇവയിൽ അടങ്ങിയിട്ടുള്ള രാസ സംയുക്തങ്ങൾ ആണ് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. അതിനകത്ത് അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡിന്റെ ഫലമായാണ് ഈ അവസ്ഥ കണ്ട് വരുന്നത്. ഈ അവസ്ഥയിൽ വായ തുറക്കാനുള്ള ബുദ്ധിമുട്ടും നാവ് പുറത്തേക്ക് നീട്ടാനുള്ള ബുദ്ധിമുട്ടും കണ്ടുവരുന്നു.

വായിലെ കാൻസർ എങ്ങനെ തടയാം?

എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗം പൂർണമായി നിർത്തുക, മദ്യം ഉപയോഗിക്കാതിരിക്കുക, സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

ലക്ഷണങ്ങൾ

  • വായിൽ തുടർച്ചയായുള്ള മുറിവ്  വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക.
  • വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക.
  • വെള്ളയോ, ചുവന്നതോ, രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുകയാണെങ്കിൽ.
  • ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണപ്പെടുക
  • വായിലോ, താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക
  • ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക
  • വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ ഉണ്ടാവുക
  • വായിൽ നിന്നും അകാരണമായ രക്തസ്രാവം
  • ശബ്ദത്തിലുള്ള വ്യതിയാനം,
  • പല്ലുകൾ ഇളകുക
  • അകാരണമായി ശരീരഭാരം കുറയുക

രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഇതിലെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

നേരത്തെ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ

  • സ്ക്രീനിംഗ്
  • സ്വയം പരിശോധന വഴി.

സ്വയം പരിശോധനാരീതി

ഏതൊരാൾക്കും ഒരു കണ്ണാടിയുടെയും നല്ല വെളിച്ചവും ഉണ്ടെങ്കിൽ സ്വയം പരിശോധന നടത്തി നേരത്തെ വരുന്ന കാൻസർ ലക്ഷണങ്ങൾ മനസ്സിലാക്കാവുന്നതാണ്.

ചെയ്യേണ്ടവിധം

  • കൈകൾ വൃത്തിയായി കഴുകുക.
  • വിരലുകൾ ഉപയോഗിച്ച് വായ തുറന്ന് പരിശോധിക്കുക.
  • തല പുറകിലേക്ക് വെച്ച് വായുടെ അടിഭാഗത്ത് ഏതെങ്കിലും രീതിയിലുള്ള കട്ടിയോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
  • രണ്ടുകവിളുകളും മൃദുവായി വലിച്ച് ഉൾഭാഗവും മോണയുടെ പിറകുവശവും നോക്കുക.
  • നാവു പുറത്തേക്കിട്ട് വിരലുപയോഗിച്ച് മേൽഭാഗത്തേക്കാക്കി നാവിന്റെ എല്ലാ ഭാഗവും വായയുടെ അടി ഭാഗവും നോക്കുക.
  • കഴുത്തിന്റെ രണ്ടു ഭാഗത്തും ഏതെങ്കിലും രീതിയിലുള്ള മുഴയോ കയലയോ ഉണ്ടോ എന്ന് പരിശോധിക്കുക.
  • ഇങ്ങനെ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.

രോഗനിർണയം

മെഡിക്കൽ ഹിസ്റ്ററി, ഹാബിറ്റ് ഹിസ്റ്ററി, ജനറൽ ഫിസിക്കൽ എക്സാമിനേഷൻ, വായിലെ പരിശോധന

ബ്രഷ് സൈറ്റോളജി

സംശയം തോന്നിയ സ്ഥലത്ത് നിന്ന് ബ്രഷിന്റെ സഹായത്തോടുകൂടി കോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ കോശ വ്യതിയാനം നോക്കുന്നു.

FNAC

ഏതെങ്കിലും രീതിയിലുള്ള മുഴകൾ പ്രത്യേകിച്ച് മെറ്റാസ്റ്റാറ്റിക് കാർസിനോമ (കഴുത്തിന്റെ ഭാഗത്ത് വരുന്നത് ) ചെറിയ സൂചിയുടെ സഹായത്തോടെ കുത്തി കോശങ്ങൾ എടുത്ത് സ്ലൈഡിൽ പടർത്തി മൈക്രോസ്കോപ്പിന്റെ സഹായത്തോടുകൂടി നോക്കുന്നു.

ബയോപ്‌സി

സംശയം തോന്നിയ ഭാഗത്തുനിന്ന് ചെറിയ കഷണം എടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ നോക്കുന്നു.

ഇമേജിങ് ടെസ്റ്റുകൾ (IMAGING TESTS)

രോഗം ഉറപ്പുവരുത്താനും, എത്രത്തോളം ഭാഗത്ത് വ്യാപിച്ചു എന്നറിയാനും സ്റ്റേജിങ് ചെയ്യാനും ഇമേജിങ് സഹായിക്കുന്നു.
-x-ray
-CT
-MRI
-PET

മറ്റു ടെസ്റ്റുകൾ

HPV testing - ബയോപ്സി സാമ്പിളുകളിൽ എച്ച് പി വി സാന്നിധ്യം ഉണ്ടോ എന്ന് നോക്കുന്നു.

സ്റ്റേജിങ് (Staging )

വായിലെ കാൻസറിന്റെ സ്റ്റേജ് നിശ്ചയിക്കുന്നത് താഴെപ്പറയുന്നവയാണ്

1) ലീഷന്റെ അല്ലെങ്കിൽ മുഴയുടെ വലിപ്പം.
2) കാൻസർ വായയുടെ കോശങ്ങളിലേക്ക് മാത്രം ചുരുങ്ങിയിട്ടാണോ ഉള്ളത്.
3) കാൻസർ കയലയിലേക്ക് വ്യാപിച്ചിട്ടുണ്ടോ?
4) വേറെ ശരീരഭാഗങ്ങളിലേക്ക് കാൻസർ വ്യാപിച്ചിട്ടുണ്ടോ

TNM സ്റ്റേജിങ്

 ട്യൂമറിന്റെ വലിപ്പം (T-tumour size ).
 കയലകളുടെകളുടെ സാന്നിധ്യം (N -Node).
(Lymphnode involment).
-കാൻസർ ബാക്കി അവയവങ്ങളിലേക്ക് പടർന്നിട്ടുണ്ടോ.
(M-metastasis ).

ചികിത്സാരീതികൾ

  • ഓരോ രോഗികൾക്കും വ്യത്യസ്തമായ രീതികളാണ്.
  • ട്യൂമറിന്റെ വലിപ്പം, സ്ഥലം, എല്ലുമായുള്ള ബന്ധം, കയലകൾ, മുമ്പേ എടുത്തിട്ടുള്ള ചികിത്സാരീതി എന്നിവയൊക്കെ നോക്കിയാണ് തീരുമാനിക്കുക.
  • രോഗിയുടെ വയസ്സ്, ശാരീരിക അവസ്ഥ, ചികിത്സ സ്വീകരിക്കുന്ന രീതി എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെടും.
  • സർജറി,കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്
  • അഡ്വാൻസ്ഡ് കേസുകൾക്ക് പാലിയേറ്റീവ് കെയർ ആണ് കൊടുക്കാറ്.