
"united by unique". ഈ വർഷത്തെ കാൻസർ ഡേ തീം കണ്ടപ്പോൾ തന്നെ ഒരുപാടുപേരുടെ മുഖമാണ് മനസിലേക്ക് ഓടി വന്നത്. ഒരു ഡോക്ടറോ ഹെൽത്ത്കെയർ വർക്കറോ നഴ്സുമാരോ മാത്രം വിചാരിച്ചാൽ മാത്രം കാൻസർ നേരത്തേ കണ്ടുപിടിക്കാനോ കാൻസർ പ്രതിരോധിക്കാനോ പറ്റില്ല. അതേസമയം, ഈ വിഭാഗമെല്ലാം ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്നത് മാറ്റമുണ്ടാക്കുകയും ചെയ്യും.
ഈയടുത്ത് കാണാൻ വന്ന ദമ്പതികൾ ഓർമ്മയിലേക്കു കടന്നുവന്നു. എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ മാത്രം ഡോക്ടറെ കാണുന്നവരാണ് ഒട്ടുമിക്കവരും, അതല്ലെങ്കിൽ വല്ല ക്യാമ്പും ആയിരിക്കണം. അതും നിർബന്ധിച്ചാൽ മാത്രം. റിയയും ഭർത്താവ് റോജിനും അൽപം വ്യത്യസ്തരായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടേയുള്ളൂ. രണ്ടുപേരും വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളൂ. കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുൻപ് മൊത്തത്തിൽ ഹെൽത്ത് ചെക്ക് അപ് ചെയ്യാമെന്ന ഉദ്ദേശ്യത്തോടെയാണ് അവർ വന്നത്. എച്ച്.പി.വി. വാക്സിനെക്കുറിച്ചായിരുന്നു പ്രധാനമായും അവർക്ക് അറിയേണ്ടത്. റീപ്രൊഡക്റ്റീവ് ഹെൽത്തിനെ ബാധിക്കുമോ എന്നൊക്കെയായിരുന്നു ആദ്യത്തെ സംശയം.
ഇങ്ങനെയുള്ള ആളുകളെ കാണുന്നത് അപൂർവമാണ്. പലരും സാധാരണ പ്രെഗ്നന്റ് ആയി കഴിഞ്ഞാണ് തൈറോയ്ഡ് ലെവൽ പോലും പരിശോധിക്കുന്നത്. പക്ഷേ, റിയയുടെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം എനിക്ക് കാണാമായിരുന്നു. അമ്മയും അച്ഛനും തയ്യാറാവുമ്പോൾ മാത്രം നോക്കേണ്ട കാര്യമാണ് ഗർഭധാരണമെന്ന് ഞാനവരെ ഓർമിപ്പിച്ചു. അപ്പോഴാണ് റിയ തങ്ങൾ വരാനുള്ള പ്രധാന കാരണം പറഞ്ഞത്. അവരുടെ ഒരു ബന്ധു ഈയടുത്ത് കാൻസർ വന്നു മരണപ്പെട്ടുവെന്ന്. അവർക്ക് വെറും നാല് വയസുള്ള ചെറിയ കുട്ടിയാണുള്ളത്. അതെല്ലാം കൂടി കേട്ടപ്പോൾ ഒരു അസ്വസ്ഥത. അങ്ങനെ ചെക്ക് അപ്പിന് വേണ്ടി വന്നതാണ്.
മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിനിടയിൽ ദിവസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം റിയ സൂചിപ്പിച്ചു. റിയയുടെ ചേച്ചിയുടെ മകൾ, ചെറിയ കുട്ടിയാണ്, ഇവർ നാട്ടിൽ വന്ന സമയത്ത് കളിക്കുന്നതിനിടയിൽ റിയയുടെ വയറിൽ അറിയാതെ തട്ടിപ്പോവുകയും അപ്പോൾ മുതൽ വയറിൽ അസാധാരണമായ വേദന തുടങ്ങുകയുമായിരുന്നു.
ആദ്യം കാര്യമാക്കിയില്ല. വേദന സഹിക്കാൻ പറ്റാതായപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി. രാത്രിയായതിനാൽ വേദനാസംഹാരി ഇൻജെക്ഷനായി കിട്ടി. പിന്നീട് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. കല്യാണത്തിന് മുൻപ് പി.സി.ഒ.ഡി. ഉണ്ടായിരുന്നെന്നും പീരിഡ്സ് എല്ലാം മിക്കവാറും ക്രമത്തിലാണെന്നും പറഞ്ഞു. ഞാൻ സാധാരണ നടത്തുന്ന ബ്ലഡ് ടെസ്റ്റുകളും അൾട്രാസൗണ്ട് സ്കാനും പാപ് സ്മിയർ ടെസ്റ്റും നിർദ്ദേശിച്ചു. ഒരു റൂട്ടിൻ സ്കാൻ എന്ന് മാത്രമേ വിചാരിച്ചുള്ളൂ. റിപ്പോർട്ട് നോക്കുമ്പോൾ അണ്ഡാശയത്തിൽ ഒരു കോംപ്ലക്സ് സിസ്റ്റ് ഉണ്ട്. പക്ഷെ, അതത്ര സിമ്പിൾ ആയിരുന്നില്ല.
റെഗുലർ അല്ലാത്ത ബോർഡേഴ്സും വാസ്ക്കുലാരിറ്റിയും കുറച്ചു ഭാഗങ്ങളിൽ കാണിച്ചിരുന്നു. ഇതെല്ലാം ഉള്ളതിനാൽ കാൻസറസ് ആവാനുള്ള സാധ്യതയുണ്ട് എന്നാണ് ശാസ്ത്രം. വേറെ ലക്ഷണങ്ങൾ ഒന്നും കാണാനുണ്ടായിരുന്നില്ല. ക്രമരഹിതമായ ആർത്തവം ഇല്ല, ശരീരഭാരം കുറഞ്ഞിട്ടില്ല, കാര്യമായ ക്ഷീണമില്ല. ഇവിടെയാണ് പലരും നിസ്സഹായരാവുന്നത്. ചില കാൻസർ അങ്ങനെയാണ്. സൈലന്റ് കില്ലർ എന്ന് അതുകൊണ്ടാണ് പറയുന്നത്, അടുത്ത ടെസ്റ്റ് ആയി സി.എ. 125 ട്യൂമർ മാർക്കർ ചെയ്തു നോക്കി. വാല്യൂ കൂടുതൽ ആണ്.
പെട്ടെന്ന് തന്നെ സർജനെ കണ്ടു. സിസ്റ്റക്ടമി (സിസ്റ്റ് എടുത്തു കളയുന്ന പ്രക്രിയ) നിർദ്ദേശിച്ചു. പാത്തോളജി റിപ്പോർട്ട് വന്നു. റിയക്ക് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ കാൻസറായിരുന്നു. ഭാര്യയും ഭർത്താവും കൂടി പിന്നെയും എന്നെ കാണാൻ വന്നു. കുറച്ചു സമയമെടുത്താണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്. കുട്ടികൾ ഉണ്ടാവുമോ എന്നതായിരുന്നു അവരുടെ എറ്റവും വലിയ ടെൻഷൻ. ആദ്യം ചികിത്സ നടക്കട്ടെ. ബാക്കിയെല്ലാം നോക്കിയിട്ട് ചെയ്യാമെന്ന് ആശ്വസിപ്പിച്ചു. നേരത്തെ ആയതിനാൽ ചികിത്സ ഒരു പരിധിവരെ ലളിതമായിരുന്നു.
നല്ല ധൈര്യത്തോടെ എന്തും നേരിടാൻ അവർ തയ്യാറായിരുന്നത് നന്നായി സഹായിച്ചു. ചികിത്സയൊക്കെ കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം ഫോളോ അപ്പിനായി അവർ വന്നിരുന്നു. രോഗം മുഴുവനായും മാറി. റിയ ഇന്ന് ഒരു കുട്ടിയുടെ അമ്മയാണ്. സന്തോഷത്തോടെ ജീവിക്കുന്നു. എല്ലാ പ്രാവശ്യവും നാട്ടിൽ വരുമ്പോൾ എല്ലാവരും കൂടി ചോക്ക്ലേറ്റ്സ് ഒക്കെയായി എന്നെ കാണാൻ വരാറുണ്ട്. ആ കുട്ടിയേയും അവരുടെയും സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ അന്നത്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും വെറുതെ ആലോചിക്കും; ആശ്വസിക്കും...
ലോക കാൻസർ ദിനം
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022-ൽ രണ്ടു കോടി പുതിയ കാൻസർ കേസുകളും ഒരു കോടി മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംഖ്യകൾ ഇനിയും വർധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022-ൽ ഏകദേശം 14.6 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ ക്യാൻസറുകളാണ് കൂടുതൽപേരെ ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും കാൻസർ നിരക്കുകൾ കൂടിവരികയാണ്.
എന്താണ് കാൻസർ ?
ഒരു നിയന്ത്രണവുമില്ലാതെ ശരീരകോശങ്ങൾ പെറ്റു പെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
- ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
- ശരീരത്തില്‍ കാണുന്ന മുഴകള്‍
- ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
- അരിമ്പാറ, കാക്കാപ്പുള്ളി എന്നിവയില്‍ മാറ്റം
- വിഴുങ്ങുവാനുള്ള വിഷമം
- മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
- മലശോധന സംബന്ധമായ തകരാറുകള്‍
- കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
- അകാരണമായി മെലിയുന്നത്
- അകാരണമായി നീണ്ടുനിൽക്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്ട്രി പഠനങ്ങൾ പ്രകാരം 2022-ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 ആണ്.
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്. കുട്ടിക്കാലത്തെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിലുള്ളത്. 2020 നെ അപേക്ഷിച്ച് 2025-ൽ കാൻസർ കേസുകളുടെ എണ്ണം 12.8% വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.സ്ക്രീനിങ്ങിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകളിൽ അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്. എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്.
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം. ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ബദൽ ചികിത്സകളും വ്യാപകമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽനിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽനിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യപരിചരണത്തിന് പകരമാവില്ല. ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്. രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ്ണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക. ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക. എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക. കൃത്യമായ വിശ്രമം. ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക. ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക. സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക, മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. 21 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക. 9 വയസ്സിന് കഴിഞ്ഞ കുട്ടികൾ എച്ച് .പി. വി വാക്സിൻ കുത്തിവെക്കുക. 40 വയസ്സ് കഴിഞ്ഞവർ സ്ക്രീനിങ് നടത്തി രോഗം വരാനുള്ള സാധ്യത അറിയുക.
Content Highlights: real life story highlighting the importance of early cancer detection
Published: 04 Feb 2025, 03:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented