ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. പലപ്പോഴും രോഗസ്ഥിരീകരണം വൈകിക്കുന്നതാണ് ചികിത്സയിൽ വെല്ലുവിളിയാകാറുള്ളത്. അർബുദ സ്ക്രീനിങ്ങുകൾക്ക് മുതിരാത്തതും രോഗം തിരിച്ചറിയൽ വൈകിക്കും. കാൻസർ സ്ക്രീനിങ്ങിൽ പ്രധാന ഘടകമായ മാമോഗ്രാം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചിരിക്കുകയാണ് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS).
എയിംസ് വികസിപ്പിച്ച എഐ അധിഷ്ഠിത മാമോഗ്രാം സാങ്കേതികവിദ്യ, മെഡിക്കൽ ഉപകരണ നിർമാതാക്കളായ ബിപിഎൽ ടെക്നോളജീസിന് (BPL Technologies) കൈമാറുകയും ചെയ്തു. അക്കാദമിക സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ഗവേഷണങ്ങൾ യഥാർത്ഥ ലോകത്തിലെ ആരോഗ്യ ആവശ്യങ്ങൾക്കായുള്ള പരിഹാരങ്ങളായി മാറേണ്ടത് പ്രധാനമാണെന്ന് എയിംസ് ഡയറക്ടർ ഡോ. നിഖിൽ ടണ്ടൻ പറഞ്ഞു.
സ്തനത്തിന്റെ ഒരു എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനത്തിൽ പ്രകടമായ മുഴയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടാകുന്നതിന് മുമ്പുതന്നെയുള്ള തകരാറുകൾ ഇതിലൂടെ വ്യക്തമാകും. മാമോഗ്രാമിലൂടെ ചില അർബുദങ്ങൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കാം. നൂതനമായ സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ വലിയ നഗരങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതും വിദഗ്ധ ജീവനക്കാരുടെ കുറവും പരിമിതിയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് എഐ സഹായകമായി മാറുന്നതെന്ന് വിദഗ്ധർ പറയുന്നു. റേഡിയോളജിസ്റ്റിന് പകരമാവുകയല്ല മറിച്ച് കൂടുതൽ സഹായമേകാനുള്ള ടൂളായി മാറുകയാണ് ചെയ്യുന്നത്.
സ്തനങ്ങളുടെ ഒരുകൂട്ടം ചിത്രങ്ങൾ ഉപയോഗിച്ചാണ് AI മാമോഗ്രാഫി സിസ്റ്റം പരിശീലിപ്പിക്കുന്നത്. കാൻസറുമായും മറ്റ് തകരാറുകളുമായും ബന്ധപ്പെട്ട പാറ്റേണുകൾ ഇത് പഠിക്കും. ഏതൊക്കെ കേസുകൾക്ക് പ്രാധാന്യം നൽകണമെന്നു വിലയിരുത്താനും റേഡിയോളജിസ്റ്റിനെ പിന്തുണയ്ക്കാനും കഴിയും. റേഡിയോളജിസ്റ്റിന് നൂറുകണക്കിന് ചിത്രങ്ങൾ പരിശോധിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എഐ സിസ്റ്റത്തിലൂടെ ഇതെളുപ്പമാക്കാനും വിശകലനം കൃത്യമാക്കാനും ചെറിയ തകരാറുകൾപോലും ശ്രദ്ധിക്കപ്പെടാനും സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം രോഗനിർണയത്തിന് ബയോപ്സി ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ നിർബന്ധവുമാണ്.
രോഗസാധ്യത കുറയ്ക്കാൻ സ്തനാർബുദ പരിശോധന നേരത്തെയാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കുക വഴി സ്തനാർബുദം ഭേദമായിട്ടുള്ള അനുഭവങ്ങളും നിരവധിയാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാൽപതുകളിലുള്ള സ്ത്രീകൾ മാമോഗ്രാഫി ചെയ്യണണമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ഇരുപതുകൾ മുതലേ സ്തനത്തിന്റെ മാറ്റങ്ങൾ തിരിച്ചറിയാനും സ്വയംപരിശോധന നടത്തി അപാകതകൾ തിരിച്ചറിയാനും കഴിയണമെന്നും ഡോക്ടർമാർ പറയുന്നുണ്ട്.
സ്തനാർബുദം-സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാവിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Aiims Delhi develops AI mammogram technology to enhance breast cancer screening, facilitating early detection and supporting radiologists in clinical settings.
Published: 20 Sept 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented