
എത്ര രോഗലക്ഷങ്ങളുണ്ടെങ്കിലും ആരോടും ഒന്നും പറയാതിരിക്കൽ, മക്കൾക്ക് വിഷമമാവും എന്നു കരുതി ആരോഗ്യപ്രശ്നങ്ങൾ രഹസ്യമാക്കിവെക്കൽ... തുടങ്ങിയവ മിക്കവാറും മുതിർന്ന സ്ത്രീകളിൽ സ്ഥിരമായി കണ്ടുവരുന്ന കാര്യമാണ്. അടുത്തിടെ കണ്ട ഒരു രോഗിയുടെ കാര്യം പറയാം. അമ്മ പാർവതിയുമായി എത്തിയത് മകൾ മീരയാണ്. പാർവതി വളരെ ശക്തയായ, സ്വതന്ത്ര കാഴ്ചപ്പാടുകളുള്ള ഒരു സ്ത്രീയായിരുന്നു. വർഷങ്ങളോളം തന്റെ വീട്ടിൽ ശാന്തവും സ്വസ്ഥവുമായുള്ള ജീവിതമാണ് വിധവയായ പാർവതി നയിച്ചിരുന്നത്. ഏകാന്തതയുമായി പൊരുത്തപ്പെട്ട ജീവിതമായിരുന്നു അവരുടേത്. സ്വന്തം കാര്യങ്ങൾക്കുവേണ്ടി മറ്റാരെയും ബുദ്ധിമുട്ടിക്കുന്നത് പണ്ടേ ഇഷ്ടമല്ല. പൂന്തോട്ടത്തിൽ ചെടികൾ പരിചരിക്കുക, വീട് വൃത്തിയാക്കി വയ്ക്കുക, വസ്ത്രങ്ങൾ അലക്കുക... ഇതൊക്കെ പാർവതിയെ സംബന്ധിച്ചിടത്തോളം ഒരു മെഡിറ്റേഷൻ പോലെയാണ്.
പാർവതിയുടെ ഏകമകളാണ് മീര. അവൾ പേരക്കുട്ടികളുമായി കുറച്ചു ദൂരത്താണ് താമസിക്കുന്നത്. പഠിക്കുന്ന കുട്ടികളായതു കൊണ്ടുതന്നെ അവധിക്കാലത്താണ് മീരയുടെയും മക്കളുടെയും സന്ദർശനം. എല്ലാ വർഷത്തെയുംപോലെ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ മീര മക്കളെയും കൂട്ടി വന്നതായിരുന്നു. സാധാരണ പേരക്കുട്ടികളെ കിട്ടിയാൽ അമ്മ വിടില്ല. അവരുടെ കൂടെയാണ് കഴിക്കലും കളിക്കലും ഉറങ്ങലുമെല്ലാം. ഇത്തവണ അമ്മയ്ക്കെന്തോ മാറ്റം തോന്നിയിരുന്നു. റൂമിലേക്ക് വരെ ആരെയും അടുപ്പിക്കുന്നില്ല. ഭക്ഷണം തയ്യാറാക്കിയതിനുശേഷം വേഗം റൂമിൽ പോയി വാതിലടച്ചിരിക്കും. എന്നാണ് ഇവർ തിരിച്ചു പോകുന്നത് എന്നറിയാനുള്ള തിരക്ക് വേറെയും. അമ്മയുടെ മാറ്റം മീരയെ വല്ലാതെ വിഷമിപ്പിരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് ഇപ്പോൾ ഒറ്റക്കിരിക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ്. അമ്മയുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആവട്ടെയെന്ന് മീരയും കരുതി.
വെക്കേഷൻ കഴിഞ്ഞ് തിരിച്ചു പോകാൻ നേരത്ത് ഡ്രസ്സൊക്കെ പാക്ക് ചെയ്യുമ്പോൾ അമ്മയുടെ അലമാരയിൽനിന്ന് ഒരു സാധനം എടുക്കാൻ മുറിയിൽ പോയപ്പോളാണ് കുറേ വെളുത്ത തുണികൾ കസേരയിൽ മടക്കിവച്ചിട്ടുള്ളത് മീര ശ്രദ്ധിച്ചത്. എല്ലാറ്റിലും ചെറിയ ചോര പോലെ തോന്നിക്കുന്ന മങ്ങിയ പാടുകളാണ്. പുറത്ത് അഴയിലേക്ക് നോക്കിയപ്പോളും കുറേ വെളുത്ത തുണികൾ ഇട്ടിരിക്കുന്നത് കണ്ടു. അമ്മയോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, പ്രായം കൂടുന്നതിനനുസരിച്ച് വരുന്ന രക്തസ്രാവമാണെന്നാണ്. അതൊക്കെ ഈ വയസ്സുകാലത്ത് സാധാരണയല്ലേ എന്ന്. എത്ര കാലമായെന്ന് ചോദിച്ചപ്പോളാണ് കുറച്ചു മാസങ്ങളായി എന്ന കാര്യം മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്. ഇപ്പോൾ കുറവുണ്ടെന്നും സ്പോട്ടിങ് മാത്രമേ ഉള്ളുവെന്നും മറുപടി നൽകി. അമ്മ എന്നോടുപോലും പറയാത്തതെന്താണ് ചോദിച്ചപ്പോൾ അതിപ്പോ പറയാൻ മാത്രം എന്താണുള്ളത് എന്നായിരുന്നു മറുപടി.
ഡോക്ടറുടെ അടുത്ത് തന്നെ ഞാൻ എങ്ങനെയോ കൂട്ടിക്കൊണ്ടു വന്നതാണ്. അമ്മ ചോദിക്കുന്നത് നിനക്ക് ആദ്യമായി പീരിയഡ്സ് വന്നപ്പോ ഞാൻ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയോ എന്നൊക്കെയാണ്. ഒന്ന് പറഞ്ഞുമനസിലാക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി . കുറെ നിർബന്ധിച്ചാണ് ഇപ്പോ തന്നെ വന്നത്.- മീര പറഞ്ഞു.
പെൽവിക് പരിശോധനയിൽ ഗർഭാശയഗള ഭാഗത്തായി ചെറിയ ഗ്രോത് ഉള്ളതായി കണ്ടു. ഉടനെതന്നെ ബയോപ്സിക്ക് വിട്ടു. വിചാരിച്ചതുപോലെതന്നെ കാൻസർ സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് വന്നു. ഇടയ്ക്കിടെ വരുന്ന രക്തസ്രാവം അവരുടെ ശരീരം നൽകിയ ഒരു മുന്നറിയിപ്പായിരുന്നു. മീരക്ക് ഞാൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. സെർവിക്കൽ കാൻസർ സാവധാനത്തിൽ ഡെവലപ്പ് ചെയ്യുന്ന ഒന്നാണ്. പാപ് സ്മിയറോ, എച് പി വി DNA പോലുള്ള ടെസ്റ്റിലൂടെയാണ് കണ്ടെത്താൻ പറ്റുക എന്നെല്ലാം വിശദീകരിച്ചു. ഇതെല്ലാം പാർവതിയെ പറഞ്ഞ് മനസ്സിലാക്കലായിരുന്നു ചികിത്സയേക്കാൾ ബുദ്ധിമുട്ട്.
റേഡിയേഷൻ തെറാപ്പിയിലാണ് ചികിത്സ തുടങ്ങിയത്. പാർവതിക്ക് അതത്ര എളുപ്പമല്ലായിരുന്നു. പക്ഷെ, മീരയുടേയും കൊച്ചുമക്കളുടേയും പിന്തുണയും കരുതലും ഉള്ളതുകൊണ്ട് ചികിത്സയോട് ശരീരം നല്ല രീതിയിൽ തന്നെ പ്രതികരിച്ചുതുടങ്ങി. ചികിത്സയ്ക്കിടെ നഗരത്തിലേക്ക് താമസം മാറ്റി. പാർവതിയെ സംബന്ധിച്ചിടത്തോളം കാൻസറിനെതിരെ പോരാടുന്നത് മാത്രമായിരുന്നില്ല വെല്ലുവിളി. അതിനുമപ്പുറം കുറ്റബോധം, ഭയം, സ്വന്തം ആരോഗ്യം അവഗണിച്ചുള്ള വർഷങ്ങളുടെ ഭാരം എന്നിവയോടുള്ള പൊരുതലും കൂടിയായിരുന്നു. ഇങ്ങനെ ഒരുപാടു പാർവതി അമ്മമാർ നമ്മൾക്ക് ചുറ്റുമുണ്ട്.
എന്താണ് സെർവിക്കൽ കാൻസർ ?
ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴത്തേ അറ്റമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്സ്. ഈ സെര്‍വിക്സിൽ ഉണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയ ഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ കൊണ്ടുള്ള മരണനിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണ്ണമായും തടയാൻ സാധിക്കും.
സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ
പ്രധാന കാരണം എച്ച്പി വി ( ഹ്യൂമൻ പാപ്പിലോമ വൈറസ്) തന്നെയാണ്. കൂടാതെ നേരത്തെ തുടങ്ങുന്ന ലൈംഗികബന്ധം, പ്രത്യേകിച്ച് 18 വയസ്സിന് താഴെ, ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, 18 വയസ്സിനു മുമ്പേ കൂടുതൽ തവണ ഗർഭിണിയാവുന്നത്, അമിതവണ്ണം, ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം, രോഗപ്രതിരോധശേഷിക്കുറവ് ഇവയും സെർവിക്കൽ ക്യാൻസറിന് കാരണമാകാറുണ്ട്.
ലക്ഷണങ്ങൾ
തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടിട്ടുള്ള രക്തം പോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നിവ കാണാറുണ്ട്.
സ്ക്രീനിംഗ് ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്, LB സൈറ്റോളജി വയാ വിലീ (VIA VILI) HPV ഡി എൻ എ ടെസ്റ്റിംഗ്, കോൾപോസ്കോപ്പി എന്നിവയാണ് സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള പ്രധാന ടെസ്റ്റുകൾ. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10-15 വർഷം മുമ്പ് തന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം, ഗർഭാശയത്തിൽനിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. ഈ ടെസ്റ്റ് വേദനനാരഹിതവും ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവു കുറഞ്ഞതുമാണ്. അഞ്ചു വർഷം കഴിഞ്ഞ് ക്യാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ പോലും ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യരോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളുമെല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും.
21-60 വയസ്സ് വരെയുള്ള സ്ത്രീകൾ പാപ് ടെസ്റ്റ് 3 വർഷം കൂടുമ്പോൾ ചെയ്യേണ്ടതാണ്. എച് പി വി ഡി എൻ എ ടെസ്റ്റിംഗ് (HPV DNA TESTING) എച് പി വി ഡി എൻ എ ടെസ്റ്റു 30 വയസുകഴിഞ്ഞാൽ ചെയ്യാം. ഗർഭാശയമുഖത്തു നിന്നുള്ള കോശങ്ങളിലാണ് ഇതും ചെയ്യുന്നത്. പാപ് സ്മിയർ ടെസ്റ്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചുകൂടെ കൃത്യത കൂടിയ ടെസ്റ്റാണിത്.
ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (LIQUID BASED CYTOLOGY)
കാൻസർ കണ്ടെത്തുന്നതിനുള്ള വേറൊരു പ്രക്രിയയയാണിത്. ഗർഭാശയമുഖത്തു നിന്ന് കൂടുതൽ കൃത്യതയോടെ കോശങ്ങൾ ശേഖരിക്കാനും സ്ലൈഡുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുന്നു.
കോൾപോസ്കോപ്പി (COLPOSCOPY)
രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കാൻ സെർവിക്സ് , യോനി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് കോൾപോസ്കോപ്പി എന്ന് പറയുന്നത്.
കോൾപോസ്കോപ്പി സമയത്ത്, ഡോക്ടർ കോൾപോസ്കോപ്പ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. പാപ് സ്മിയർ പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കണ്ടാലാണ് കോൾപോസ്കോപ്പിക്ക് ശുപാർശ ചെയ്യാറുള്ളത്. ഈ ഉപകരണത്തിലൂടെ ഗർഭാശയമുഖം പതിന്മടങ്ങു വലിപ്പത്തിൽ കാണാനും ആവശ്യമെങ്കിൽ ബയോപ്സി എടുക്കാനും സാധിക്കും. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംബിക്കുന്നതിലൂടെയും HPV കുത്തിവെപ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധിവരെ തടയാനാകും. 80 ശതമാനം ഗർഭാശയഗള കാൻസറിന്റെയും പ്രധാന കാരണം HPV 16 &18 (Human Papilloma Virus)വൈറസുകൾ ആണ്. ഈ വൈറസിനെതിരെയുള്ള വാക്സിൻ ആണ് HPV വാക്സിൻ. ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ വാക്സിനേഷൻ ഫലപ്രദമാണ്.
9 തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 45 വയസു വരെയുള്ളവർക്ക് 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകേണ്ടതാണ്. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്. HPV വാക്സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാകും. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെൻ്റിവ് ഹെൽത്ത് സെൻററുകളിലും HPV വാക്സിനേഷൻ ലഭ്യമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സെർവിക്കൽ കാൻസർ ഒരു പരിധി വരെ തടയാൻ സാധിക്കും.
Content Highlights: symptoms and treatment of cervical cancer
Published: 12 Jan 2025, 06:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented