ജീവിതം ചില സമയം അങ്ങനെയാണ്. പല പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വരും. പരീക്ഷണങ്ങൾക്കൊടുവിൽ കൂടുതലാളുകൾക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ തന്നെയാണ് കണ്ടെത്താൻ കഴിയാറുള്ളത്. ഇന്ന് എൻ്റെ  മനസിലേക്ക് കടന്നു വരുന്നത് റസിയയുടെയും ഹാരിസിന്റെയും മുഖങ്ങളാണ്. റസിയ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഒറ്റക്ക് ഏറ്റെടുത്തു ചെയ്യുന്ന ഒരു വീട്ടമ്മയായിരുന്നു. ഭർത്താവ് വിദേശത്തായതിനാൽ കുട്ടികളെ നോക്കണം. അവരുടെ പഠിത്തവും മറ്റ് കാര്യങ്ങളും കൂടാതെ പ്രായമായ ഉപ്പയേയും നോക്കണം. ഉമ്മ പണ്ടേ മരിച്ചതിനാൽ ആ വിട്ടിലെ ഉത്തരവാദിത്വങ്ങൾ വളരെ കൂടുതലായിരുന്നു. 

To advertise here,

വലിയ കുടുംബവും പറയാൻ ഒരുപാട് പേരും ഉണ്ടായിരുന്നെങ്കിലും റസിയ പലപ്പോഴും ഒറ്റയ്ക്കായിരുന്നു. എല്ലായിടത്തും റസിയ നേരിട്ടെത്തണം. മരുന്ന് വാങ്ങുന്നത് തൊട്ട് പച്ചക്കറിയും മീനും വാങ്ങുന്നത് മുതൽ മക്കളെ സ്കൂൾ ബസ്സിൽ കയറ്റി വിടുന്നതിന് വരെ റസിയ എത്തണം. എല്ലാം കഴിഞ്ഞ് ഒന്ന് ഇരിക്കാനാകുമ്പോഴേക്ക് സമയം രാത്രി പത്ത് കഴിയും. 

ഒരു ദിവസം കുളിക്കുമ്പോഴാണ് റസിയ ആദ്യമായി തന്റെ മാറിൽ ഒരു ചെറിയ വീക്കും കണ്ടത്. ആദ്യം ഒന്നുമില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിരീഡ്സ് വരുന്നതിനു കുറച്ചുദിവസം മുമ്പേ ഇത്തരം ചെറിയ വേദനകൾ ഉണ്ടാവാറുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കണം എന്ന് വിചാരിച്ച് സ്വയം ആശ്വസിച്ചു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവൾക്ക് പേടി കൂടിവന്നു. ഭർത്താവിനോട് പറഞ്ഞാൽ ടെൻഷനാവും എന്ന് പേടിച്ച് പറയേണ്ടെെന്ന് സ്വയം തീരുമാനിച്ചു. പറഞ്ഞാലും ടെൻഷൻ ആവുകയെ ഉള്ളൂ..

അതിനിടെയാണ് ഭർത്താവ് നാട്ടിലേക്ക് വരുന്നുവെന്നു പറഞ്ഞത്. അതു കൂടി ആയപ്പോൾ റസിയക്ക് മാനസിക സമ്മർദം കൂടി വന്നു. എങ്ങനെ ഇത് മറച്ചുവെയ്ക്കും എന്നതായിരുന്നു പിന്നെ റസിയയുടെ ചിന്ത. പറയണോ വേണ്ടയോ എന്നും പറഞ്ഞാൽ ഇനി എന്തൊക്കെ സംഭവിക്കുമെന്നൊക്കെ ആലോചിച്ച് റസിയ കരഞ്ഞ് തളർന്നു. ഭയം അവളെ കൂടുതൽ വിഷമത്തിലാക്കി. ഭർത്താവ് വന്ന അന്നുമുതൽ തന്നെ അവൾ മനഃപ്പൂർവം അയാളിൽ നിന്ന് അകൽച്ച കാണിച്ചു തുടങ്ങി. കൂടെ കിടക്കാതെയായി, ചോദിച്ചപ്പോൾ പിരീഡ്സ് ആണെന്ന് പറഞ്ഞു. 

കുറച്ചുദിവസം കഴിഞ്ഞ്  അദ്ദേഹം വീണ്ടും ചോദിച്ചു. 'റസിയ നിനക്കെന്താണ് പറ്റിയത്?'. ക്ഷീണം, തലവേദന, വയറുവേദന ഇങ്ങനെ ഒരുപാട് ഒഴിവു കഴിവുകൾ പറഞ്ഞു അവർ കുറച്ചു ദിവസം തള്ളിനീക്കി.  എന്തോ റസിയ തന്നിൽ നിന്ന്  മറച്ചുവെക്കുന്നുണ്ടെന്ന കാര്യം ഹാരിസിന് മനസ്സിലായി. എന്ത് കാര്യത്തിനാണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാമെന്ന് വളരെ ശാന്തമായി അയാൾ പറഞ്ഞു.  വിശ്രമിച്ചാൽ മതിയെന്നായിരുന്നു റസിയയുടെ മറുപടി. ഒരു ഡോക്ടറുടെ  അടുത്ത് പോവാൻ പോലും റസിയ തയ്യാറായിരുന്നില്ല. 

എങ്ങനെയെങ്കിലും റസിയയെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ വേണ്ടി ​ഗൾഫിൽ പോകുന്നതിന് മുമ്പ് തനിക്കൊരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യാനുണ്ടെന്ന് അയാൾ അവളോട് പറഞ്ഞു. ഭർത്താവിന്റെ ആരോ​ഗ്യത്തിന്റെ കാര്യമായതിനാൽ റസിയ മറുത്തൊന്നും പറഞ്ഞില്ല. ചെക്കപ്പിന് പോയപ്പോഴാണ് റസിയയ്ക്കും കൂടെ ഹാരിസ് ബുക്ക് ചെയ്തിട്ടുണ്ടെന്ന കാര്യം അവർ മനസ്സിലാക്കുന്നത്. 

എന്നെ കാണിക്കാൻ നിൽക്കുമ്പോൾ ഹാരിസ് പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. റസിയയുടെ ബ്ലീഡിങ്ങിന്റെ കാര്യത്തിലായിരുന്നു അയാളുടെ മുഴുവൻ ടെൻഷനും. നോക്കാമെന്ന് സമാധാനിപ്പിച്ചുകൊണ്ട് ഞാൻ അയാളെ പറഞ്ഞയച്ചു. ഞാനും ആദ്യ വിചാരിച്ചത് ബ്ലീഡിങ്ങോ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളോ പേടിയോ ആയിരിക്കുമെന്നാണ്. റസിയയോട് ഞാൻ വിശദമായ ഹിസ്റ്ററി ചോദിച്ചറിഞ്ഞു. 

'എനിക്ക് ബ്ലീഡിങ് ഒന്നുമില്ല ഡോക്ടർ, പീരിയഡ്‌സ് എല്ലാം നോർമലാണ്. മാറിൽ ചെറിയൊരു മുഴയുണ്ട്. അത് അദ്ദേഹം കാണരുത് എന്ന് വിചാരിച്ചത് കൊണ്ടാണ് ഞാൻ പിരീഡ്സ്‌ ആണെന്ന് കള്ളം  പറഞ്ഞത്. കാണുന്ന പോലെ അല്ല, ഹാരിസ് ഒരു പഞ്ച പാവമാണ്. അദ്ദേഹത്തിന് ഇതൊന്നും താങ്ങാൻ കഴിയില്ല. ചെറുപ്പം മുതലേ ഉമ്മയില്ലാതെ വളർന്നതാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. ഇപ്പോ തന്നെ ഉപ്പയുടെയും എന്റെയും കുട്ടികളുടെയും ചെലവ് കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുകയാണ്. കാൻസർ ആണെങ്കിൽ ആ ചെലവൊന്നും താങ്ങാൻ ഞങ്ങൾക്കാവില്ല ഡോക്ടർ', ഇടറിയ ശബ്ദത്തിൽ റസിയ പറഞ്ഞത് എന്നെ ഞെട്ടിച്ചുകളഞ്ഞു.

പരിശോധിച്ചു നോക്കിയപ്പോൾ ഏകദേശം രണ്ട് സെന്റിമീറ്ററുള്ള മുഴയുണ്ട്. കണ്ടിട്ട്  കാൻസർ  ആവാൻ സാധ്യതയില്ലാത്തതാണ്. അൾട്രാസൗണ്ട് സ്കാൻ നിർദേശിച്ചു. BIRADS 2 ലിഷൻ ആയിരുന്നു, ഫൈബ്രോഅഡിനോമ (കാൻസർ അല്ലാത്ത മുഴ). ആറു മാസം കൂടുംതോറും ഫോളോ അപ്പ് നിർദേശിച്ചു. വളരെ  ആശ്വാസത്തോടുകൂടിയാണ് അവർ തിരിച്ചു പോയത്. കുറേ നാളുകളായി അവരെ അലട്ടിക്കൊണ്ടിരുന്ന ഒരു പേടിയായിരുന്നു അപ്പോൾ അവിടെ വെച്ചു ഇല്ലാതായതെന്ന് എനിക്ക്  മനസിലായി.

ഇങ്ങനെ പല ആളുകളെയും കാണാറുണ്ട്. പേടികാരണം ഡോക്ടറെ കാണിക്കാൻ തന്നെ ചിലർ മടിക്കുന്നു. വേണ്ടപെട്ടവരോട് മറച്ചു വെക്കുന്നു. അതിൽ ഒരാളായിരുന്നു റസിയയും. ഭർത്താവിനോ മക്കൾക്കോ എന്തെങ്കിലും വന്നാൽ ഓടുന്നവരാണ് എല്ലാ സ്ത്രീകളും. ബാക്കി എല്ലാ കാര്യങ്ങളില്ലും ചുറുചുറുക്കോടെ ചെയ്തിരുന്ന റസിയ എത്രപെട്ടന്നാണ്  സ്വന്തം കാര്യം വന്നപ്പോൾ മാറിപോയത് എന്ന് ഞാൻ ചിന്തിച്ചു പോയി. സത്യത്തിൽ രോഗത്തെയും രോഗലക്ഷണങ്ങളെയും പേടിക്കുകയല്ല വേണ്ടത്. എത്ര വേഗം കണ്ടുത്തുന്നുവോ അത്രയും എളുപ്പമാണ് ആ രോഗത്തിൽ നിന്നും സുഖം പ്രാപിക്കൽ എന്ന കാര്യം എല്ലാവരും ഓർക്കണം.

സ്തനത്തിൽ  കാണുന്ന എല്ലാ മുഴകളും ഒരിക്കലും കാൻസർ ആവാറില്ല. പക്ഷേ ചില മുഴകൾ കാൻസറായി  മാറുന്നതും കാണാറുണ്ട്. അത് കൊണ്ട് തന്നെ സ്തനത്തിലെ ഏതൊരു മാറ്റവും വളരെയധികം ശ്രദ്ധയോടെ കാണേണ്ടതുണ്ട്. സ്തനാർബുദം എന്നാൽ സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ്. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദത്തിന് ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനവും. സ്ത്രീകളിൽ പ്രായം വർധിക്കുംതോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഈ അർബുദമുണ്ടാകാം.

പ്രായത്തിനനുസരിച്ച് സ്തനങ്ങളും മാറിക്കൊണ്ടിരിക്കും. കാൻസർ  ഉൾപ്പെടെയുള്ള പല അവസ്ഥകളിലും  സ്തനത്തിൽ മുഴകൾ ഉണ്ടാകാം. എന്നാൽ മിക്ക സ്തന മുഴകളും മറ്റ് മെഡിക്കൽ അവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്. ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് അവസ്ഥയും സിസ്റ്റുകളുമാണ് സ്തന മുഴകളുടെ രണ്ട്  പ്രധാന കാരണങ്ങൾ. വികസിക്കാൻ കഴിയുന്ന ചെറിയ ദ്രാവകം നിറഞ്ഞ സഞ്ചികളാണ് സിസ്റ്റുകൾ. ഇവ കാൻസറുകൾ അല്ലെങ്കിലും സ്തനങ്ങളിൽ മുഴയായും, ചിലപ്പോൾ വേദനയായുമൊക്കെ കാണപ്പെടാറുണ്ട്.

ചില സ്തന മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെടുകയോ കാണുകയോ ചെയ്തില്ലെന്ന് വരാം. അവ മാമോഗ്രാം, എംആർഐ അല്ലെങ്കിൽ അൾട്രാസൗണ്ട് പോലുള്ള ഒരു ഇമേജിംഗ് പ്രക്രിയയിൽ മാത്രമേ കണ്ടെത്താനാകൂ. സ്തനത്തിൽ ഉണ്ടാവുന്ന 80 ശതമാനം മുഴകളും കാൻസറല്ല. എന്നാൽ  വരുന്ന മുഴകളെല്ലാം കാൻസർ ആണെന്ന തെറ്റിദ്ധാരണ ഇന്നും നില നിൽക്കുന്നു. സാധാരണയായി സ്തനത്തിലെ കാൻസർ അല്ലാത്ത വളർച്ചയെ ബെനിൻ ബ്രെസ്റ്റ് ലംപ് എന്നാണ് വിശേഷിപ്പിക്കുന്നത്.

വിവിധ സ്തനമുഴകൾ

1. ഫൈബ്രോഡെനോമ- റൗണ്ട്  ഷേപ്പിൽ ഉള്ളതും ചർമത്തിന് കീഴിൽ എളുപ്പത്തിൽ നീങ്ങുന്ന മിനുസമാർന്നതും ഉറച്ചതും റബ്ബർ പോലെയുള്ളതുമായ  മുഴകളാണ്.  20 - 35 ഇടയിലുള്ള  സ്ത്രീകളിൽ ഇത് കൂടുതലായി കാണുന്നു.

2. സിസ്റ്റുകൾ- ബ്രെസ്റ്റ് ടിഷ്യൂകളിൽ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയെയാണ്  സിസ്റ് എന്ന് പറയുന്നത്. ഒരു മുന്തിരി അല്ലെങ്കിൽ വാട്ടർ ബലൂൺ പോലെ തോന്നുന്ന ദ്രാവകം നിറഞ്ഞ സഞ്ചികൾ.

3. ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് മാറ്റങ്ങൾ - ഫൈബ്രോ സിസ്റ്റിക് ചെഞ്ചസ് ശരീരത്തിലെ ഹോർമോൺ വ്യതിയാനം കാരണമാണ് ഇത് സംഭവിക്കുന്നത്. ഇത് കാൻസർ ഉണ്ടാക്കുന്നവയല്ല മിക്കപ്പോഴും ചെറിയ വേദനയായി അനുഭവപ്പെടാം.

4. ലിപ്പോമ-ഫാറ്റി ടിഷ്യു കൊണ്ട് നിർമ്മിച്ച മൃദുവായ, സാവധാനത്തിൽ വളരുന്ന മുഴകളാണിവ .

5. ഇൻട്രാഡക്റ്റൽ പാപ്പിലോമ- പാൽ ഗ്രന്ഥികളിലുള്ള ഒരു ചെറിയ വളർച്ചകളാണിവ. ചിലപ്പോൾ മുലക്കണ്ണിൽ നിന്നും ഡിസ്ചാർജ് ആയി കാണപ്പെടുന്നു.

6. ഫൈലോഡ് ട്യൂമർ- സാധാരണയായി ദോഷകരമല്ലാത്തതും എന്നാൽ വേഗത്തിൽ വളരാൻ കഴിയുന്നതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുമായ അപൂർവ ബ്രെസ്റ്റ് ട്യൂമർ.

സ്വയം സ്തനപരിശോധന എങ്ങനെ?
കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും, അരയിൽ കൈ വെച്ചും കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പവ്യത്യാസമുണ്ടോ എന്നും നിറ വ്യത്യാസമുണ്ടോ എന്നും നോക്കുക. കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക. കിടന്നുകൊണ്ട് ഇടതു സ്തനം വലത് കരം കൊണ്ട് അമർത്തി മുഴകളുണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതു കൈകൊണ്ട് ഇടതു കക്ഷവും ഇടത് കൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്). വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം. സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക.

ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?
50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളും പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. 10 വയസ്സിനുമുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവരും 55 വയസ്സിനുശേഷമോ വളരെ വൈകിയോ ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാലൂട്ടൽ ദൈർഘ്യം കുറച്ചവർ, ഒരിക്കലും പാലൂട്ടാത്തവർ, 30 വയസ്സിന് ശേഷം ​ആദ്യ ​ഗർഭധാരണം നടന്നവർ, ഒരിക്കലും ഗർഭിണിയാകാത്തവർ, ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ എന്നിവരും കൂടുതൽ ശ്രദ്ധിക്കണം. 

പ്രധാന ലക്ഷണങ്ങൾ
സ്തനത്തിലുണ്ടാകുന്ന മുഴകൾ, സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ, മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക, മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ, മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം ഇതെല്ലാമാണ് സ്തനാർബുദത്തിൻറെ ലക്ഷണങ്ങളായി സാധാരണയായി കാണാറുള്ളത്.

സ്തനാർബുദ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരംഭദശയിൽ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാർബുദമാണെന്ന് കരുതി ചികിത്സയ്‌ക്കൊരുങ്ങുക. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവൻ തന്നെയോ നീക്കം ചെയ്യുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാ രീതി. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികൾ കൂടി ഇതോടൊപ്പം നീക്കം ചെയ്യാറുണ്ട്. ഈ ഗ്രന്ഥികൾ കൂടാതെ സ്തനങ്ങൾ മാത്രമായും നീക്കംചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ സ്തനം നീക്കംചെയ്യാതെ, അർബുദകലകളെ മാത്രം കളയുന്ന രീതിയുമുണ്ട്. ഏറ്റവും പ്രധാനം സ്തനത്തിലെ ഏതൊരു അസാധാരണ വളർച്ചയും ഏറെ ശ്രദ്ധിക്കുക എന്നുള്ളത് തന്നെയാണ്.