
സമയത്തിന്റെയും സ്ഥലത്തിന്റെയും അതിരുകൾക്കപ്പുറം ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു മാർഗമായിട്ടാണ് എഴുത്തിനെ കണക്കാക്കുന്നത്. എഴുതുന്നത് വായിച്ചു കഴിഞ്ഞ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്. മെസേജുകൾ, ഫോൺ വിളികൾ, ചിലപ്പോൾ വായനക്കാരുടെ കൈ കൊണ്ടെഴുതിയ കത്തുകൾ തുടങ്ങിയവയൊക്കെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എൻ്റെ ചെറിയ എഴുത്തുകൾ ചില ജീവിതങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെന്ന് അറിയുന്നതും സന്തോഷം പകരുന്ന കാര്യമാണ്. ചില കുറിപ്പ് വായിച്ചു നമ്പറിൽ വിളിച്ച് സംശയങ്ങൾ ചോദിക്കുകയും ചിലർ കാണാൻ വരാറുള്ളതും സന്തോഷമാണ്. ഈയിടെ എച്ച്.പി.വി വാക്സിനേഷനെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ ഭാഗമായി വന്ന ഒരു എഴുത്തിന്റെ കാര്യമാണ് ഇപ്പോൾ പങ്കുവെക്കുന്നത്. സന്തോഷത്തോടെയാണ് ആ കത്ത് വായിച്ചു തുടങ്ങിയത്. പക്ഷേ, വായിച്ചു തുടങ്ങിയപ്പോഴേക്കും മുഖം വാടിത്തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല എച്ച്.പി.വി വാക്സിനേഷനേക്കുറിച്ചുള്ള മിഥ്യാധാരണകളായിരുന്നു അതിൽ മുഴുവൻ. പ്രത്യുൽപാദനം വളരെ പ്രാധാന്യമുള്ളതാണെന്നും വാക്സിനേഷൻ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്നും കൗമാരപ്രായക്കാർക്ക് വാക്സിൻ എടുക്കുന്നതിലൂടെ ശാരീരിക, മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികളെ ഇത് നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുമെന്നൊക്കെയാണ് കത്തെഴുതിയ ആൾ ധരിച്ചു വെച്ചിരുന്നത്.
ഡോക്ടർ ദയവുചെയ്ത് ഇതിന് പ്രചാരം നൽകരുതെന്നും ബാക്കി പല ആളുകൾക്കും ഇതുപോലത്തെ ലെറ്റർ അയച്ചിട്ടുണ്ടെന്നുമൊക്കെയാണ് അദ്ദേഹം കത്തിൽ കുറിച്ചത്. ഉന്നത വിദ്യാഭ്യാസമുള്ളയാളാണ് ഇതയച്ചതെന്നു കൂടി ഓർത്തപ്പോൾ നിസ്സഹായതയാണ് തോന്നിയത്. ആ കത്തിന് ഞാൻ മറുപടിയൊന്നും അയച്ചുമില്ല. തെറ്റിദ്ധാരണകൾ തനിയെ മാറട്ടെ എന്നുകരുതി. കുറച്ചുദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ കാണാൻ വന്നു. ഉമ്മയ്ക്ക് വായ തുറക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്നം. കത്തയച്ചത് ഇദ്ദേഹമാണെന്നെനിക്ക് ആദ്യം അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടിയാണ്. വായ തുറക്കാൻ പാടായിരുന്നു. ഏകദേശം രണ്ടു വിരൽ കയറാവുന്നത്ര മൗത്ത് ഓപ്പണിങ് വളരെ ബുദ്ധിമുട്ടിയാണ് സാധിച്ചത്. അടക്ക, പുകയില, ചുണ്ണാമ്പ് തുടങ്ങിയവയൊക്കെ കൂട്ടി മുറുക്കുന്ന ശീലമുണ്ടായിരുന്നു, വായ തുറക്കാൻ ബുദ്ധിമുട്ടായപ്പോഴാണത്രേ ആ ശീലം നിർത്തിയത്. രണ്ട് കവിളുകളിലും നാവിലും മാറ്റങ്ങളുണ്ട്. ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പൂർവാർബുദ അവസ്ഥയാണ്. കവിളിന്റെ അറ്റത്തായി കൂർത്ത പല്ലും കാണുന്നുണ്ട്. കൂർത്ത പല്ല് കവിളിൽ തട്ടി വലിയ മുറിവും വീക്കവും വന്നിരിക്കുന്നു, അതായിരുന്നു വലിയ പ്രശ്നം, പെട്ടെന്ന് തന്നെ ബയോപ്സി പറഞ്ഞു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കവിളിനെ ബാധിക്കുന്ന കാൻസർ ആയിരുന്നു (സ്ക്വാമസ് സെൽ കാർസിനോമ). ചികിത്സ വേണമെന്ന് പറഞ്ഞ് ഞാൻ ഹയർ സെന്ററിലേക്ക് വിട്ടു.
ചികിത്സാ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയെങ്കിലും ആ മകൻ അസ്വസ്ഥനായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സിസ്റ്ററോട് ഞാൻ അദ്ദേഹത്തെ വിളിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണറിയുന്നത്, പ്രകൃതിചികിത്സയ്ക്കായി ഉമ്മയെയും കൂട്ടി എവിടെയോ പോയിരിക്കുകയാണെന്ന്. ഒരിക്കൽക്കൂടി അവരോട് വരാനാവശ്യപ്പെട്ടു. പറ്റാവുന്ന രീതിയിലൊക്കെ ശരിയായ ചികിത്സയുടെ പ്രാധാന്യം ഉദാഹരണസഹിതം പറഞ്ഞു മനസ്സിലാക്കി. കാലങ്ങളായി മനസ്സിനുള്ളിൽ കയറിയ ചിന്തകൾ മാറ്റാൻ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. കാൻസർ എങ്ങനെ ഉണ്ടാവുന്നു, എങ്ങനെയാണ് പെരുകുന്നത്, ചികിത്സാ സമയത്ത് എന്താണ് സംഭവിക്കുക, പ്രകൃതി ചികിത്സയിലൂടെ ആരോഗ്യം വഷളാവുന്നത് എങ്ങനെ, വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുക എന്നിങ്ങനെ എല്ലാം ക്ഷമയോടെ അയാളെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിച്ചു. അയാൾക്ക് കേൾക്കാനുള്ള മനസ്സുണ്ടായത് തന്നെ അത്ഭുതമായാണ് തോന്നിയത്. ശ്രമിച്ചു നോക്കാമെന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, അയാളുടെ തെറ്റിദ്ധാരണ ഒരുവിധം മാറി എന്നതായിരുന്നു സത്യം.
പിറ്റേ ദിവസം തന്നെ അദ്ദേഹം ഉമ്മയുടെ ശരിയായ ചികിത്സ തുടങ്ങാൻ തയ്യാറായി. നീണ്ട ചികിത്സക്കുശേഷം ഉമ്മ അസുഖമൊക്കെ പരിപൂർണമായി മാറി സുഖമായിരിക്കുന്നു. ഇപ്പോഴും അയാൾ ഇടയ്ക്കു വിളിക്കും. അന്നത്തെ അബദ്ധങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കും. ഉമ്മയ്ക്ക് കാൻസർ വന്നപ്പോൾ നിരവധി പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവത്രെ. പല പല ട്രീറ്റ്മെന്റ് സെന്ററുകളെ പറ്റിയും വ്യാജ വൈദ്യന്മാരെ പറ്റിയും ഓരോരുത്തരും വിശദീകരിക്കും. അങ്ങോട്ട് പോവാൻ നിർബന്ധിക്കും. കൂടാതെ മോഡേൺ മെഡിസിൻ എടുക്കേണ്ട എന്നുകൂടി പറയും. കൂടുതൽ ആളുകളും ആരെങ്കിലും പറഞ്ഞു കേട്ട അബദ്ധങ്ങളാണ് ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുള്ളത്. എങ്ങനെയെങ്കിലും ഉമ്മയെ രക്ഷിക്കുക എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പ്രകൃതി ചികിത്സ എങ്കിൽ പ്രകൃതി ചികിത്സ അതായിരുന്നു എന്റെ ചിന്ത, ഇതൊക്കെയായിരുന്നു അയാളുടെ ന്യായീകരണം. പല കാര്യങ്ങളും അറിയാൻ ഒരുപാട് വൈകിപ്പോയി. എന്റെ രണ്ടു കുട്ടികൾക്കും ഞാൻ HPV വാക്സിൻ എടുപ്പിച്ചു. എന്റെ തെറ്റിദ്ധാരണകൾ മാത്രമാണ് അന്ന് എന്നെക്കൊണ്ട് ആ കത്ത് എഴുതിപ്പിച്ചത്. ഒരുതരം കുറ്റസമ്മതം ആയിരുന്നു അത്. തെറ്റിദ്ധാരണ ഇപ്പോഴെങ്കിലും മാറിയല്ലോ എന്ന ആശ്വാസത്തിൽ ഞാൻ എന്റെ എഴുത്ത് പിന്നെയും തുടരുന്നു.
ഇനി HPV യെക്കുറിച്ച് പറയാം. ഈ നൂറ്റാണ്ടിൽ മാനവരാശി നേരിടുന്ന മാരകമായ ഭീഷണികൾ ഒന്നാണ് കാൻസർ. ലോകമൊട്ടാകെ ഓരോ വർഷവും ഒരു കോടിയലധികം പേർ കാൻസർ ബാധിതരാകുകയും ഏകദേശം 50 ലക്ഷത്തോളം പേർ കാൻസർ കാരണം മരണപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കാൻസറിന് എതിരെയുള്ള പല ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ 100% ഫലപ്രദമായ ചികിത്സകൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. എന്നാൽ ആശ്വാസകരമായ ചില വാർത്തകളും ഇതിനിടയിൽ പുറത്തു വരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് HPV വാക്സിനേഷൻ. ഒരു വാക്സിനേഷൻ എന്ന നിലയിൽ HPV വാക്സിനേഷൻ ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. HPV വാക്സിനേഷൻ പ്രധാനമായും ഗർഭാശയഗള കാൻസർ (Cervical Cancer), യോനി കാൻസർ (vaginal cancer), വൾവ (Vulva cancer), എനൽ കാൻസർ (Anal Cancer), പിനൈൽ കാൻസർ (Penile Cancer) ഓറൽ ആൻഡ് ഓറോഫറിൻജീൽ (oral and oropharyngeal cancer) എന്നിവക്കെതിരെ ഏറെ ഫലപ്രദമാണ്.
9 വയസ്സു മുതൽ 26 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ വാക്സിനേഷൻ ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്. ലോകത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സ്ത്രീകളിൽ കാണുന്ന കാൻസറുകളിലെ 6-29 ശതമാനവും ഗർഭാശയഗള കാൻസറാണ്. എന്നാൽ, നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും. പക്ഷേ, അവബോധമില്ലായ്മ കാരണം സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്താനോ ശരിയായ രീതിയിൽ വാക്സിനേഷൻ എടുക്കാനോ സാധിക്കുന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.
സെർവിക്കൽ കാൻസറിന് പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമാ വൈറസ് തന്നെയാണ്. നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം, (പ്രത്യേകിച്ച് 18 വയസ്സിന് താഴെ), ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, 18 വയസ്സിനു മുമ്പേ ഗർഭിണിയാവുന്നത്, അമിതവണ്ണം, ഗർഭനിരോധന ഗുളികകൾ അമിതമായി ഉപയോഗിക്കുന്നത്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയൊക്കെയാണ് മറ്റു പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇടവിട്ടിട്ടുള്ള രക്തംപോക്ക്, വെള്ളപോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, ആർത്തവത്തിനു ശേഷമുള്ള അകാരണമായ രക്തസ്രാവം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ സെർവിക്കൽ കാൻസറിന്റെ തുടക്കത്തിൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ല. സെർവിക്കൽ കാൻസറിന് ഏറ്റവും പ്രധാനമായ പ്രതിരോധ മാർഗമായി കാണുന്നത് പ്രതിരോധ കുത്തിവെപ്പുകൾ തന്നെയാണ്.
കൂടാതെ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് രോഗം മാരകമാകാതെയിരിക്കാൻ സഹായിക്കും. പക്ഷേ, ഇതിനായി നമ്മുടെ സമൂഹത്തിൽ സെർവിക്കൽ കാൻസർ ബോധവൽകരണം അത്യാവശ്യമാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV ) ഒരു ഡി.എൻ എ വൈറസാണ്. അത് മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപ്പറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേർക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു അവസരത്തിൽ കോശവിഭജനവുമായി ബന്ധപ്പെട്ട ജീനുകളിൽ HPV ജനിതക വസ്തുവിന് ഇടപെടാൻ അവസരം കിട്ടിയാൽ കോശവിഭജനപ്രക്രിയയെ അതു താറുമാറാക്കും. അതോടെ കോശം നിയന്ത്രണമില്ലാതെ പെരുകി കാൻസർ ഉണ്ടാക്കുകയും ചെയ്യും.
ഹ്യൂമൻ പാപ്പിലോമ വൈറസ് ലൈംഗികബന്ധം വഴി പടരുന്ന വൈറസുകളിൽ ഒന്നാണ്. ആദ്യകാലഘട്ടത്തിൽ വ്യക്തിശുചിത്വമില്ലായ്മയാണ് സെർവിക്കൽ കാൻസറിന്റെ കാരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ, നിരന്തര ഗവേഷണങ്ങളുടെ ഫലമായാണ് സെർവിക്കൽ കാൻസറിൽ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ സ്വാധീനം കണ്ടെത്തിയത്. ഈ വൈറസ് ശരീരത്തിൽ എത്തിയാൽ ഒരുപാടു കാലത്തിനുശേഷവും കാൻസർ വരാനുള്ള സാധ്യതകളുണ്ട്, ലൈംഗിക ബന്ധം വഴി പടരുന്ന വൈറസ് ആയതിനാലാണ് 9 വയസ്സു മുതൽ 26 വയസ്സുവരെ കുട്ടികളിൽ HPV വാക്സിനേഷൻ ഫലപ്രദമാകുന്നത്. അതായത് ആദ്യ ലൈംഗികബന്ധത്തിന് മുമ്പേ ഈ വാക്സിനേഷൻ ലഭിച്ചിരിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും HPV വാക്സിനേഷൻ നടന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ HPV വാക്സിനേഷൻ കണക്ക്. റുവാണ്ട (98%) ഓസ്ട്രേലിയ (97%) ന്യൂസിലാൻഡ് (95%) ഭൂട്ടാൻ (93%) യുണൈറ്റഡ് കിങ്ഡം (92%) ബ്രസീൽ (89%) ഉറുഗ്വേ (88%) കാനഡ (87%) ചിലി (86%) യുണൈറ്റഡ് സ്റ്റേറ്റ്സ് (82%) ഭൂട്ടാൻ, ഇൻഡൊനീഷ്യ, മാലദ്വീപ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ് എന്നിവ രാജ്യവ്യാപകമായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ സിക്കിമും ബംഗ്ലാദേശിലെ ധാക്കയിലും ഗവണ്മെന്റ് തലത്തിൽ ഈ വാക്സിനേഷന്റെ ആദ്യ ഘട്ടം നടന്നു കൊണ്ടിരിക്കുന്നു. നേപ്പാളും ടിമോറും 2023-2024ൽ വാക്സിൻ അവതരിപ്പിക്കാൻ പദ്ധതി നടത്തുന്നുണ്ട്. ആൺകുട്ടികളിലും പെൺകുട്ടികളിലും HPV വാക്സിനേഷൻ ഫലപ്രദമാണ്.
9 തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 26 വയസു വരെയുള്ളവർ 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകേണ്ടത്. 26 വയസ്സിനും 45 വയസ്സിനിടക്കും ഈ വാക്സിനേഷൻ ഒരു ഡോക്ടറുടെ നിർദേശപ്രകാരം എടുക്കാവുന്നതാണ്. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്.
HPV വാക്സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഉൾപ്പെടെയുള്ള 8 കാൻസറുകൾ ഒരു പരിധി വരെ നമുക്ക് തടയാകും. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെൻ്റിവ് ഹെൽത്ത് സെൻററുകളിലും HPV വാക്സിനേഷൻ ലഭ്യമാണ്. ഒട്ടേറെ കാലത്തെ ഗവേഷണത്തിനും ക്ലിനിക്കൽ ട്രയലുകൾക്കും ശേഷമാണ് HPV വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിയത് അതുകൊണ്ടുതന്നെ സുരക്ഷിതമാണ് HPV വാക്സിൻ. അതിനാൽ 9 വയസു തൊട്ടു 26 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച് പി വി വാക്സിനേഷൻ നൽകി അവരെ കാൻസർ എന്ന മഹാമാരിയിൽ നിന്നും ഒരു പരിധിവരെ സുരക്ഷിതരാക്കാം. അടുത്ത തലമുറയെയെങ്കിലും ഈ മാരക രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷിക്കാം. പോളിയോ രോഗത്തെ പോലെ കാൻസർ എന്ന മഹാവ്യധിയെയും ഈ ലോകത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രയാണത്തിൽ നമുക്കും പങ്ക് ചേരാം. മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ടെങ്കിലും ബോധവൽക്കരണത്തിലൂടെ പതുക്കെ അത് മാറ്റിയെടുക്കാം.
Content Highlights: HPV vaccination is highly effective in preventing cervical and other cancers
Published: 10 Dec 2024, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented