കേരളത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ് സുൽഫി നൂഹു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലും ഡോക്ടർമാരുടെ സംഘടനാ വിഷയങ്ങളിലും ഒക്കെ സാമൂഹികമാധ്യമങ്ങളിലടക്കം ഏറ്റവും സക്രിയ ഇടപെടൽ നടത്തുന്നയാൾ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണിപ്പോൾ സേവനം.  സാമൂഹിക മാധ്യമപേജുകളിലൊന്നിൽ അടുത്തയിടെ  കുടുംബ ഡോക്ടർ എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. കുറച്ചുകാലമായി ഇത്തരമൊരു സംവിധാനത്തിന്റെ അനിവാര്യത സർക്കാർ തലത്തിലും മറ്റും  ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. കുടുംബ ഡോക്ടർ എന്താണ്.......എന്തിനാണ്.... തുടങ്ങിയ കുറേ ചോദ്യങ്ങൾ മനസിലുയർന്നപ്പോൾ പോകാൻ തോന്നിയത് പഴയ ഓർമകളിലേക്കാണ്..

To advertise here,

കുടുംബ ഡോക്ടർ എന്ന സങ്കല്പം തീരെ പുതിയതല്ല. കുറഞ്ഞത് മുപ്പതുവർഷങ്ങൾക്ക് മുൻപുവരെ കേരളത്തിൽ മിക്കവാറും എല്ലായിടത്തും നിലനിന്നിരുന്ന ഒരു സംവിധാനമാണിത്. പൂർണമായ അർത്ഥത്തിലല്ലെങ്കിലും  ഇപ്പോഴും പലരും ഇതനുവർത്തിക്കുന്നുമുണ്ട്.  മാവേലിക്കര താലൂക്കിലെ തഴക്കര എന്ന പ്രദേശത്താണ് എന്റെ ജനനമെന്ന് മുൻപും പറഞ്ഞിട്ടുളളതാണേ. തഴക്കരയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് .മാവേലിക്കര താലൂക്ക്  ആശുപത്രി ഞങ്ങളുടെ ഈ നാട്ടിലാണ്. ഇന്നിത് ജില്ലാ ആശുപത്രിയായി മാറിയിട്ടുമുണ്ട്. ആശുപത്രി തൊട്ടടുത്തുള്ളതുകാരണം ഡോക്ടർമാരുടെ സാമീപ്യത്തിനൊക്കെ ഞങ്ങൾക്ക് സാധ്യതയേറെയായിരുന്നു. എന്നിട്ടും ചെറിയ ക്ലിനിക്കുകൾ ഞങ്ങൾക്കുമുണ്ടായിരുന്നു. വീടിൻറെ അടുത്തുനിന്നും ഏതാണ്ട് ഒരു  കിലോമീറ്ററിൽ താഴെയുഉള്ള ക്ലിനിക്കായിരുന്നു ഞങ്ങളുടെ കുടുംബ ഡോക്ടറുടെ ആസ്ഥാനം. കല്ലടാൽ ഡിസ്‌പെൻസറിയെന്ന അവിടെയുണ്ടായിരുന്നത് കെ.എം. വർഗീസ്  ഡോക്ടറാണ്. അദ്ദേഹത്തെ പേരെടുത്ത് പറയാനൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് പ്രിയപ്പെട്ട ഡോക്ടറങ്കിളായിരുന്നു, അല്ലെങ്കിൽ കല്ലടാലിലെ ഡോക്ടർ. 
എന്തെങ്കിലും ചെറിയ അസുഖങ്ങളുമൊക്കെയായി മുതിർന്ന ആർക്കെങ്കിലും ഒപ്പം  ഡോക്ടറുടെ അടുത്തെത്തിയാൽ ഒരു ചോദ്യമുണ്ട്,  എന്താടാ... നിനക്കെന്തു പറ്റി....ആ ചോദ്യത്തിൽത്തന്നെ പകുതി വയ്യായ്ക പമ്പ കടക്കും. അതുകഴിഞ്ഞാൽ അദ്ദേഹം ഒന്നുതൊട്ടു നോക്കൂം.  താടിക്കൊന്ന് തട്ടി, കണ്ണ്  പിടിച്ചു നോക്കൂം, വേറൊന്നും ചോദിക്കാറില്ല. മരുന്ന് തരും, കഴിക്കും അസുഖം മാറും. ചിലപ്പോൾ സ്‌റ്റെതസ്‌കോപ്പോ തെർമോ മീറ്ററോ ഉപയോഗിച്ചാകും പരിശോധന. അദ്ദേഹത്തിന് രോഗത്തെപ്പറ്റി വിശദമായി ചോദിക്കേണ്ട കാര്യമില്ല. വീട്ടുകാരെ പോലെ എന്റെ ജനനം മുതൽ  അതുവരെയുള്ള ആരോഗ്യയാത്രയെക്കുറിച്ച് കൃത്യമായി അറിയാമെന്നതാണ് കാരണം.  കല്ലടാൽ ഡോക്ടർ പറഞ്ഞാൽ മാത്രമേ മറ്റൊരു ആശുപത്രിയിലേക്ക് ഞങ്ങൾ പോകുമായിരുന്നുള്ളൂ. ഇത്തരം ഡോക്ടർമാർ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്ക മലയാളിയുടെയും  അനുഭവം ഇതുപോലെയാകും. കാലം ഏറെ പോയി, ഇന്നിത്തരം ഡോക്ടർമാരെ അധികം കാണാനില്ല. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനമാണിത്.

മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും വളർച്ചയ്‌ക്കൊപ്പം രോഗങ്ങളും ചികിത്സയും വളരണമല്ലോ. പുതിയ ആശുപത്രികൾ വന്നു. ഒന്നോ രണ്ടോ ഡോക്ടർമാരുണ്ടായിരുന്ന ക്ലിനിക്കുകളിൽനിന്ന് ചെറിയ ആശുപത്രികളിലേക്കും പിന്നീട് വലുതിലേക്കും പെട്ടെന്നുള്ള മാറ്റം.  സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ കടന്നവരോടുകൂടി പൊതുജനാരോഗ്യരംഗം വലിയതോതിൽ മാറി. ഈ യാത്രക്കിടയിൽ നമുക്ക് നഷ്ടപ്പെട്ടുപോയതാണ് നമ്മുടെ വേരുകളെ അറിയുന്ന കുടുംബഡോക്ടർ.

കുടുംബ  ഡോക്ടറുടെ അസാന്നിധ്യം നമ്മുടെ ആരോഗ്യ പരിപാലന രംഗത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് പുതിയ വിലയിരുത്തൽ. സർക്കാർ തലത്തിൽ പ്രാഥികാരോഗ്യകേന്ദ്രം മുതൽ പടിപടിയായി മാത്രമേ രോഗികളെ റെഫർ ചെയ്യാൻ പാടുള്ളൂയെന്ന നിർദ്ദേശം അടുത്തിടെ കർശനമാക്കിയിട്ടുണ്ട്. എന്നാൽ  സ്വകാര്യമേഖലയിൽ ഇത്തരം നിർദ്ദേശങ്ങൾ ഫലപ്രദമാകില്ല. പൈസയുള്ളവൻ ചെറിയ അസുഖങ്ങൾക്കുപോലും വലിയ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയാണിപ്പോൾ. ഓരോ അസുഖത്തിനും ഓരോ ഡോക്ടർ എന്ന നിലയുടെ അങ്ങേയറ്റത്തേക്കെത്തിയിട്ടുണ്ടിപ്പോൾ. രോഗിയെന്ന സമഗ്രതയെ മറന്നൂയെന്ന തോന്നൽ വന്നുതുടങ്ങി. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കുടുംബഡോക്ടറെ  തിരികെ കൊണ്ടുവരാൻ കഴിണമെന്നാണ് വാദം. 

ഡോ. സുൾഫി നൂഹു തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കുന്നു, ' കുടുംബഡോക്ടർ എന്ന സങ്കൽപ്പം എന്നും പ്രസക്തമാണ്. നമുക്കും ഇത്തരം സംവിധാനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ തീരെ കുറഞ്ഞു.വിദേശ രാജ്യങ്ങളിൽ ഫാമിലി ഫിസിഷ്യൻ ഇന്നും വളരെ പ്രാധാന്യമുള്ള വസ്തുതയാണ്. രോഗി- ഡോക്ടർ ബന്ധം ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഘടകമാണ്. മികച്ചതും കുറഞ്ഞ ചെലവുള്ളതുമായ ചികിത്സ നൽകുവാൻ കുടുംബ ഡോക്ടർക്ക് കഴിയും. രോഗത്തെ മാത്രമല്ല, രോഗിയെ മൊത്തത്തിൽ ചികിത്സിക്കുകയെന്ന നിലയാണ് അഭികാമ്യം. എന്നാൽ കുത്തകവത്കരണത്തിന്റെ കാലത്ത് പുതിയ സാങ്കേതികതയുടെ സഹായത്തോടെ കുടുംബ ഡോക്ടർ സംവിധാനത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നത് എല്ലാവരും ആലോചിക്കേണ്ട വസ്തുതയാണ്'.