കൊച്ചി: കൊച്ചിയിൽ ഡോക്ടറെ മർദിച്ച കേസിൽ തർക്കം തീർക്കാൻ ഡോക്ടർ ജോൺസൺ കെ.എഫ്. വർഗീസ് തങ്ങൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രതികളുടെ മൊഴി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായെന്നും പ്രതികൾ പറഞ്ഞു. ഇരുവരുമായി ഇന്ന് തെളിവെടുപ്പ് നടക്കും. അതേസമയം ഒളിവിലുള്ള ഡോക്ടറെ പിടികൂടാൻ ശ്രമം തുടരുന്നതായി അന്വേഷണ സംഘം അറിയിച്ചു.

To advertise here,

ഡോക്ടറെ മർദിച്ച കേസിൽ നടൻ വിപിൻ പെരുമ്പള്ളി, നടി അതുല്യ ചന്ദ്ര, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഡോക്ടർക്കെതിരായി പീഡനക്കേസ് ഒതുക്കിത്തീർക്കാനാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരുന്നത്.

പണം ആവശ്യപ്പെട്ട് മർദിച്ചുവെന്നായിരുന്നു തുടക്കത്തിൽ ഡോക്ടറുടെ പരാതി. പിന്നീട് ഡോക്ടർക്കെതിരേ ബലാത്സംഗക്കേസ് വന്നതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് മർദനക്കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ്, കേസ് ഒത്തുതീർപ്പാക്കാൻ ഡോക്ടർ തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തെന്ന് മൊഴി നൽകിയത്.

കേസിൽ 12-ഓളം പ്രതികൾ ഉണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയപ്പോൾ ഇവരെല്ലാവരും ഫ്ലാറ്റിലുണ്ടായിരുന്നുവെന്നാണ് ഡോക്ടർ നേരത്തെ നൽകിയിരിക്കുന്ന മൊഴി. ഇതിൽ മൂന്നുപേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഡോക്ടറുടെ പക്കൽ നിന്ന് പ്രതികൾ പിടിച്ചെടുത്ത ഫോൺ പീഡനപരാതി നൽകിയ യുവതി പോലീസിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ഡോക്ടർ എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ, ഈ ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഡോക്ടർ അവകാശപ്പെട്ടു. കടവന്ത്ര പോലീസും ഇൻഫോ പാർക്ക് പോലീസും അന്വേഷണം നടത്തി മുന്നോട്ട് പോവുകയാണ്.