
കോട്ടയം :‘‘ഡോക്ടറെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു’’- സ്വന്തം ജ്യേഷ്ഠനോട് സംസാരിക്കുന്ന സ്വാതന്ത്ര്യത്തോടെ ചില രോഗികൾ ഡോ.ടി.കെ. ജയകുമാറിനോട് സ്നേഹം പങ്കിട്ടു. ഇടയ്കൊന്ന് പിണങ്ങിയ സ്വന്തം ഹൃദയത്തെ വീണ്ടും നല്ല താളത്തിലാക്കി കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാർ വെള്ളിയാഴ്ച ജോലിക്ക് എത്തും. അത്യാവശ്യം ചില ഓഫീസ് ജോലികൾക്കായി തലേന്ന് സ്വന്തം ക്യാബിനിൽ എത്തിയ ഡോക്ടറെ സഹപ്രവർത്തകർ പൂക്കൾ നൽകി സ്വീകരിച്ചു.
വീണ്ടും ‘വീട്ടി’ലേക്ക്
‘‘എന്റെ വീട്ടിലേക്ക് തിരിച്ചുവന്നതുപോലെ തോന്നുന്നു. ജീവിതത്തിൽ നിർബന്ധമായി വിശ്രമിക്കേണ്ടി വന്നപ്പോഴും തിരിച്ച് ആശുപത്രിയിലേക്ക് വരുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. എന്നും എന്റെ പ്രധാന പരിഗണന ആശുപത്രിക്കായിരുന്നു. അതുകൊണ്ട് ഹൃദയം തിരിച്ചുകിട്ടിയത് പോലെയാണ് ഈ മടങ്ങിവരവ്’
ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം എങ്ങനെയായിരുന്നു വിശ്രമകാലം?
കൃത്യമായ മരുന്ന്, ആഹാരം, വിശ്രമം എന്നിവയിൽ ശ്രദ്ധിച്ചു. വായനയും ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള എന്റെ ചില ഗവേഷണ പഠനങ്ങളും നടത്തി. ഇഷ്ടവിഷയമായ ആത്മീയതയെക്കുറിച്ചുള്ള പുസ്തകങ്ങളും വായനയിലുണ്ടായി. ശ്രീ എം എഴുതിയ ‘ഹിമാലയൻ അനുഭവക്കുറിപ്പുകളിലൂടെ’ വീണ്ടും വായിച്ചു. മറ്റൊരു ഇഷ്ടം കൃഷിയും യാത്രയുമാണ്. താമസിയാതെ അതൊക്കെ തുടരണം. ഹിമാലയത്തിലേക്കും കാശിയിലേക്കും ഇനിയും യാത്രകൾ നടത്തണമെന്ന് തോന്നി.
ഇത്രയും പ്രഗല്ഭനായ ഹൃദയചികിത്സാ വിദഗ്ധൻ പെട്ടെന്നൊരു ദിവസം ഹൃദ്രോഗബാധിതനായി. പലരും ഭയപ്പാടിലായി?
കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും രോഗം വരാമെന്ന് തോന്നിയിട്ടുണ്ട്. പാരമ്പര്യമുള്ളതിനാൽ പരിശോധന വേണമെന്ന് തോന്നിയിട്ടും അതിന് മുതിർന്നില്ല. സ്വയം ഹൃദയപരിശോധന നടത്തിയതുമില്ല. മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചു. അതെന്റെ വീഴ്ച.
ആശുപത്രിയിൽ ഓടിനടക്കുന്ന ഡോക്ടറെയാണ് കണ്ടിട്ടുള്ളത് ?
പുതിയ ആശുപത്രി നിർമാണസമയത്ത് എട്ടുനില കെട്ടിടത്തിൽ ഒരു ദിവസം പത്തുതവണവരെ കയറിയിട്ടുണ്ട്. അസുഖം ഉണ്ടാകുന്നതിന് ആറുമാസം മുന്പ് ഒരു െട്രക്കിങ്ങിനും പോയിരുന്നു. അപ്പോഴൊന്നും ബുദ്ധിമുട്ട് തോന്നിയില്ല. എന്നാൽ ഹൃദ്രോഗ പാരന്പര്യമുള്ളവർ, പ്രമേഹം, അമിതവണ്ണം, പുകവലി ശീലമുള്ളവർ 45 വയസ്സ് കഴിഞ്ഞാൽ കൃത്യമായ വിശദപരിശോധന നടത്തണം.
ശസ്ത്രക്രിയ ആരും പേടിച്ച് പോകും. എന്തായിരുന്നു മനസ്സിൽ?
എനിക്ക് പേടിയില്ലായിരുന്നു. ചിരിച്ചുകൊണ്ടാണ് കയറിയത്. ഞാൻ പ്രാക്ടീസ് ചെയ്യുന്ന ശാസ്ത്രത്തിൽ വിശ്വാസമുണ്ടായിരുന്നു. സമ്മർദ്ദം തോന്നേണ്ട കാര്യമില്ലല്ലോ. എല്ലാം നന്നായി കഴിഞ്ഞു.
ശാസ്ത്രമോ ദൈവമോ കൂട്ട്?
ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. കൂടുതൽ വിശ്വാസം അതിലും മേലേയുള്ള ദൈവത്തിനെത്തന്നെ.
Content Highlights: Cardiologist TK Jayakumar resumes duties at Kottayam Medical College after heart surgery, sharing insights on recovery and future plans.
Published: 13 Nov 2026, 07:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented