സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളാണ്. എന്നാല്‍ വലിയൊരു സമൂഹം ഏറെക്കാലമായി സ്വപ്നമായി കൊണ്ടുനടക്കുന്ന ചില കാര്യങ്ങള്‍ സാധ്യമായാല്‍ അത് മനുഷ്യവികാസത്തിന്റെ വലിയ നാഴികക്കല്ലുകളായി മാറും. ഇത്തരത്തില്‍ ഒരു കാത്തിരിപ്പിന്റെ പ്രതീക്ഷയിലാണ് മെഡിക്കല്‍ ഗവേഷണരംഗം. പൊതുജനാരോഗ്യത്തിന് ആഗോളതലത്തില്‍ത്തന്നെ ഭീഷണിയായിട്ടുള്ള പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ കഴിയുമോയെന്നതാണ് പ്രതീക്ഷാനിര്‍ഭരമായ ആ ചോദ്യം.

To advertise here,

നല്ല ചില സൂചനകളാണ് ആദ്യഘട്ടത്തില്‍ നമ്മെ കാത്തിരിക്കുന്നത്. രണ്ടുതരം പ്രമേഹങ്ങളാണ് പ്രധാനമായുമുള്ളത്. ടൈപ്പ് -1 , ടൈപ്പ്- 2 എന്നിങ്ങനെ. ഇവ രണ്ടിനെയും വേരോടെ പിഴുതെറിയാന്‍ മൂലകോശ ചികിത്സ കാരണമാകുമോയെന്ന ഉദ്വേഗത്തിലാണ് ലോകം.

ആജീവനാന്ത രോഗാവസ്ഥയായ ടൈപ്പ് -1 പ്രമേഹത്തിലെ വിജയത്തിനാണ് ഏറ്റവും വലിയ സാധ്യതയും ആവശ്യകതയും. ചൈനയിലെ ബെയ്ജിംഗില്‍ 25-വയസുള്ള യുവതിയില്‍ ഒരുവര്‍ഷം മുന്‍പ് നടത്തിയ ചികിത്സ വിജയിച്ചെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലാബില്‍ പുനക്രമീകരിക്കപ്പെട്ട മൂലകോശം ശരീരത്തിലേക്ക് കയറ്റിവിട്ടായിരുന്നു പരീക്ഷണം. മൂന്നുമാസത്തിനകം യുവതിയുടെ ശരീരം ഇന്‍സുലിന്‍ ഉത്പ്പാദിച്ചു തുടങ്ങി. ഇപ്പോളവര്‍ ഇഷ്ടത്തിനനുസരിച്ച് മധരം കഴിക്കുന്നൂയെന്നുമാണ് വിവരം.

ഇന്‍സുലിന്‍ ഉണ്ടാക്കുന്ന പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ തകരാറിലാക്കുന്നതാണ് ടൈപ്പ്-1 രോഗത്തിന്റെ പ്രത്യേകത. രോഗിയില്‍ നിന്നെടുത്ത പ്ലൂറോ പൊട്ടന്റ് വിഭാഗത്തിലെ മൂലകോശം പരീക്ഷണശാലകളില്‍ ബീറ്റാ കോശമായി മാറ്റി. അതി സങ്കീര്‍ണമായ പ്രക്രിയയാണിത്. കോശപരിണാമം സ്വീകരിക്കുവാന്‍ രോഗി സന്നദ്ധമാണോയെന്ന് ഉറപ്പാക്കുകയായിരുന്നു ചികിത്സയുടെ ആദ്യഘട്ടം. ഇതിന് വിവിധ പരീക്ഷണങ്ങള്‍ ആവശ്യമാണ്. ശരീരം പാകമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ലാബില്‍  ക്രമപ്പെടുത്തിയ ബീറ്റാ കോശങ്ങളെ രോഗിയിലേക്ക് കുത്തിവെച്ചത്.

കരളിലേക്കുള്ള കുത്തിവെപ്പായിരുന്നു സാധാരണ പതിവ്. കോശങ്ങളെ നിരീക്ഷിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഈ രീതിയുടെ പരിമിതി. ഇതിനുള്ള പരിഹാരവും ഗവേഷകര്‍ കണ്ടെത്തി. കുത്തിവെയ്ക്കുന്ന കോശങ്ങളെ കൂടുതല്‍ നിരീക്ഷിക്കാനാകുന്ന ആമാശയ പേശികളിലേക്കാണ് ഇത്തവണ ഇവ കുത്തിവെച്ചത്.  ചികിത്സയ്ക്ക് മുന്‍പും ശേഷവും രോഗപ്രതിരോധശേഷി നിയന്ത്രിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമാണ്. പ്രശ്നങ്ങളില്ലാത്തപക്ഷം മാസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ശരീരം ഇന്‍സുലിന്‍ ഉത്പ്പാദിപ്പിച്ച് തുടങ്ങുമെന്നാണ് തെളിഞ്ഞത്. യുവതിക്കു പിന്നാലെ പരീക്ഷണത്തിന് തയ്യാറായ മറ്റു രണ്ടുപേരിലും ആദ്യഘട്ടം വിജയകരമായിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇതിലും വിജയം കൈവരിച്ചാല്‍ അടുത്തഘട്ടമായി 20 പേരില്‍ പരീക്ഷണത്തിനാണ് പദ്ധതി.

ചികിത്സയക്ക് വിധേയമാകുന്നവര്‍ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി ഇന്‍സുലിന്‍ ഉത്പ്പാദിപ്പിച്ചാല്‍ മാത്രമേ രോഗമുക്തി വന്നൂയെന്ന് ഉറപ്പിക്കാനാകൂയെന്ന വാദവും ചില വിദഗ്ദ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ഇതൊക്കെ കാലം തെളിയിക്കേണ്ട വസ്തുതയാണ്. ജീവിതശൈലിയുടെ കാരണമായി വരുന്ന ടൈപ്പ്-2 പ്രമേഹത്തിലും ഇതിനു സമാനമായ ചികിത്സ മാസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ത്തന്നെ വിജയകരമായി നടത്തി.

വിപ്ലവകരം, എന്നാല്‍ ഏറെ പോകാനുണ്ട്

മൂലകോശമെന്നത് പലവിധ കോശങ്ങളായി മാറ്റാന്‍ കഴിയുന്നവയാണ്. രക്താര്‍ബുദത്തിനെതിരെ മൂലകോശ ചികിത്സ ഏറെ ഫലപ്രമായി നടക്കുന്നുണ്ട്. പ്രമേഹത്തില്‍ ഇതിന്റെ മികച്ച സാധ്യത പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേയായി. നിലവിലെ വിജയം വിപ്ലവകരമാണ്. ഒരു കുത്തിവെപ്പിലൂടെ പ്രമേഹം മാറ്റാമെന്ന നിലയിലേക്കുള്ള ആദ്യപടിയാണ്. എന്നാല്‍ ഇനിയുമേറെ പോകാനുണ്ട്. രോഗിയുടെ പ്രതിരോധശേഷി കുറയ്ക്കുന്നതിലൂടെ വരാവുന്ന അപകടമാണ് നിലവില്‍ ഇതിന്റെ വെല്ലുവിളി. ചികിത്സയുടെ ചെലവിന്റെ കാര്യവും പരിഗണിക്കപ്പെടേണ്ടിവരും.

-ഡോ. പി.ഡി.ഡോര്‍ഫി (സീനിയര്‍ ഡയബറ്റോളജിസ്റ്റ് മരിയ ഹോസ്പിറ്റല്‍, അങ്കമാലി)