
അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലെന്നത് വ്യക്തികൾക്ക് മാത്രമല്ല, സംസ്ഥാനങ്ങൾക്കും ബാധകമായ വസ്തുതയാണ്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലും മികച്ച വളർച്ച കൈവരിച്ച ഇന്ത്യൻ ഔഷധനിർമാണരംഗം കേരളത്തോട് ഉറക്കെപ്പറയുന്നതും ഈ വസ്തുതതന്നെ.
ലോകത്തിന്റെ മരുന്നുശാല എന്ന വിശേഷണം ശക്തിപ്പെടുത്തുകയാണ് ഇന്ത്യയെന്നാണ് കണക്കുകൾ. നിലവിൽ 5500 കോടി ഡോളറിന്റെ- ഏകദേശം 4.65 ലക്ഷം കോടിരൂപ- മരുന്നുകളാണ് രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 2784.64 കോടി ഡോളറിന്റെ മരുന്നുകളാണ് കയറ്റിയയച്ചത്. അതായത് ഏതാണ്ട് 2.34 ലക്ഷം കോടി രൂപയുടെ. ജനറിക് മരുന്നുകളുടെ ലോകത്തിലെതന്നെ നാലാമത്തെ വലിയ ഉത്പ്പാദകരാണ് നാമിപ്പോൾ. മൂന്നാം ലോക രാജ്യങ്ങളുടെ ഫാർമസി എന്ന വിലാസമായിരുന്നു കോവിഡിനു മുൻപുവരെ ഇന്ത്യയ്ക്ക്. കോവിഡ് കുത്തിവെപ്പ് മരുന്നുവിതരണമുണ്ടാക്കിയ വിശ്വാസ്യത അന്താരാഷ്ട്രതലത്തിൽ നമ്മുടെ യശസുയർത്താൻ വളരെയധികം സഹായിച്ചു. 2030-ഓടെ ഇന്ത്യയുടെ ഔഷധിവപണി 13,000 കോടി ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047-ൽ ഇതിന്റെ വ്യാപ്തി ഒരുലക്ഷംകോടി ഡോളറായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
കയറ്റുമതി കൂട്ടുന്ന ഘടകങ്ങൾ
- കുറഞ്ഞ നിർമാണച്ചെലവ്. അമേരിക്കയിലെയും യൂറോപ്പിലെയും ചെലവിനെക്കാൾ 35 ശതമാനം കുറവ്.
- ഗവേഷണ വികസന ചെലവുകളുടെ കുറവ്. ഇത് വിദേശരാജ്യങ്ങളിൽ 87 ശതമാനത്തിലധികമാണെന്നാണ് കണക്ക്.
- ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള മികച്ചതും ആദായകരവുമായ സൗകര്യം.
- പരിചയസമ്പത്തും വൈദഗ്ധ്യവുമുള്ള
- തൊഴിലാളികൾ.
കയറ്റുമതി- ഒറ്റനോട്ടത്തിൽ
- 2019 സാമ്പത്തികവർഷം(കോവിഡിന് മുൻപ്)- 1913.45 കോടി ഡോളർ
- 2022 സാമ്പത്തികവർഷം- 2459.43 കോടി ഡോളർ
- 2023 സാമ്പത്തികവർഷം- 2539.30 കോടി ഡോളർ
- 2024 സാമ്പത്തികവർഷം- 2784.64 കോടി ഡോളർ
കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽനിന്നും കൂടുതൽ മരുന്ന് കയറ്റുമതി ചെയ്യുന്നത് അമേരിക്കയാണ്- 872.86 കോടി ഡോളർ. ഒരുവർഷം കൊണ്ട് 15.66 ശതമാനം വളർച്ച. രണ്ടാമത് ബ്രിട്ടനും (78.43 കോടി ഡോളർ) മൂന്നാമത് ദക്ഷിണാഫ്രിക്ക( 71.85 കോടി ഡോളർ)യുമാണ്. മൊത്തം 216 രാജ്യങ്ങളിലേക്ക് നമ്മുടെ മരുന്നുകൾ കയറ്റിപ്പോകുന്നുണ്ട്.
വലിയ പ്രതീക്ഷ
പല മരുന്നുകളുടെയും പേറ്റന്റ് കാലാവധി സമീപകാലത്ത് തീരും. ഇതോടെ കയറ്റുമതി വീണ്ടും കുതിക്കുമെന്നാണ് വിലയിരുത്തൽ. പേറ്റന്റ് തീരുന്ന മരുന്നുകളുടെ ജനറിക് പതിപ്പുകൾ ഉത്പ്പാദിപ്പിക്കുവാനുള്ള അടിസ്ഥാന സൗകര്യത്തിലെ നേട്ടമാണ് നമുക്ക് ഗുണമാകുക. പേറ്റന്റ് തീരുന്നവയിൽ മിക്കതും നിത്യേന ഉപയോഗിക്കുന്ന ജീവിതശൈലിരോഗമരുന്നുകളാണെന്നതും ശ്രദ്ധേയം. 2027-നും 30-നുമിടയിൽ മാത്രം 5,000 കോടി ഡോളറിന്റെ വളർച്ച ഈയിനത്തിൽ ആഗോളതലത്തിലുണ്ടാകുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമേയാണ് ബയോളജിക്കൽ ഔഷധ വിഭാഗത്തിന്റെയും മെഡിക്കൽ ഉപകരണവിഭാഗത്തിന്റെയും വളർച്ച. ബയോളജിക്കൽ വിഭാഗത്തിൽ ലോകത്തിൽ 12-ാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. ഔഷധനിർമാണരംഗത്തേക്ക് ഒഴുകുന്ന വിദേശനിക്ഷേപവും ശുഭസൂചനയാണ്. അഞ്ചുവർഷം കൊണ്ട് 43,713 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് കണക്കുകൾ. മരുന്നുകൾ കണ്ടുപിടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പുലർത്തുന്ന താത്പ്പര്യവും വളർച്ചയും ശ്രദ്ധേയവുമാണ്. ഔഷധപ്രതിരോധശേഷിയുള്ള ന്യൂമോണിയക്കെതിരെ ഫലപ്രദമായ നാഫിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് അടുത്തിടെയാണ് ഇന്ത്യ വികസിപ്പിച്ചത്. മുപ്പതുവർഷമായി പുതിയ ഇത്തരം മരുന്നിനങ്ങൾ വന്നിട്ടില്ലായെന്ന വസ്തുതയും ചേർത്ത് വായിക്കണം. ടി.ബി. തുടങ്ങിയവ കണ്ടുപിടിക്കുന്നതിനും മറ്റും പുതിയ സംവിധാനം നാം വികസിപ്പിച്ചതും ഒപ്പം പരിഗണിക്കാം.
കേരളത്തിന്റെ ഭാവി
ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നത് കേരളത്തിലാണ്. എന്നാലീ മേൽക്കൈ ഔഷധനിർമാണ മേഖലയിൽ നമുക്ക് തീരെയില്ല. സ്ഥല ദൗർലഭ്യമടക്കമുള്ള ഒട്ടേറെ പരിമിതികൾ ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ കാലത്തിനനുസരിച്ച് വികസിക്കുന്ന പുതിയ മേഖലകൾ അറിയാതെ പോകരുത്. ബയോമെഡിസിൻ നിർമാണം, ഉപകരണമുണ്ടാക്കൽ, പുതിയ ഗവേഷണങ്ങൾ എന്നിവ ശ്രദ്ധ പതിയേണ്ട മേഖലകളാണ്. മികച്ച വിദ്യാസമ്പന്നരുണ്ടെന്ന മേന്മ പരമാവധി ഉപയോഗപ്പെടുത്തി പുതിയ കണ്ടുപിടുത്തങ്ങൾക്ക് നാം വേദിയാകണം. ആരോഗ്യപരിപാലനരംഗത്തെ നല്ല അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ക്ലിനിക്കൽ പരീക്ഷണ സാധ്യതയാണ് തുറന്നിടുന്നത്. അതു മുതലാക്കാനുള്ള ആസൂത്രണവും അനിവാര്യമാണ്.
അവസരം ഉപയോഗിക്കണം
നിലവിൽ വിരലിലെണ്ണാവുന്ന കേരളക്കമ്പനികളാണ് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത്. ഇതിനപ്പുറത്തേക്ക് കടക്കാൻ തീർച്ചയായും കഴിയും. നിവലിവുള്ളവ ആധുനികവത്കരിക്കണം. ഉപകരണവിഭാഗത്തിന്റെ വളർച്ചയും പ്രതീക്ഷയാണ്. പുതിയ മിടുക്കരായ സംരംഭകർ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നത് ചെറിയ കാര്യമേയല്ല. ഇവരെ വിശ്വാസത്തിലെടുത്ത് പരമാവധി അവസരം മുതലാക്കാൻ കൂട്ടായ ശമം വേണം.
-കെ.പി. പുരുഷോത്തമൻ
പ്രസിഡന്റ്
കേരള ഫാർമസ്യൂട്ടിക്കൽസ് മാനുഫാക്ചറേഴ്‌സ്
അസോസിയേഷൻ
Content Highlights: indias pharma boom kerala untapped potential
Published: 09 Dec 2024, 12:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented