
സ്നേഹഭവൻ. പേരുപോലെതന്നെ ഏറെ സ്നേഹത്തോടെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം. വാർധക്യത്തിൽ ആരോരും നോക്കാൻ ഇല്ലാതെ ജീവിക്കുന്ന പലർക്കും ഒരു അത്താണിയായിരുന്നു സ്നേഹഭവൻ. വെറുമൊരു വൃദ്ധസദനം എന്ന് സ്നേഹഭവനെ വിളിക്കാനാവില്ല. തെരുവിൽ അലയുന്നതിനിടയിലാണ് പലരും സ്നേഹഭവനിൽ എത്തിച്ചേരുന്നത്. ചിലരെ മക്കൾ തന്നെ അവിടെ കൊണ്ടുവിടുന്നതായിരുന്നു. ചിലരെ നാട്ടുകാരും അധികൃതരും കൊണ്ടുവിടുന്നതും. ചിലരാകട്ടെ സ്വന്തം ഇഷ്ടപ്രകാരം അവിടെ എത്തിച്ചേർന്നവർ.
വരുന്നവർക്കെല്ലാം സുരക്ഷിതമായ ഒരിടം, അതായിരുന്നു സ്നേഹഭവൻ. നല്ല ഭക്ഷണവും മരുന്നുകളും സംരക്ഷണവും സ്നേഹഭവന്റെ പ്രത്യേകതയായിരുന്നു. സ്‌നേഹഭവൻ എന്നുപറയുമ്പോൾ ആദ്യം ഓടിയെത്തുന്ന മുഖം അന്ന സിസ്റ്ററുടേതാണ്. അവിടത്തെ എല്ലാകാര്യങ്ങളും ഓടിനടന്നു ചെയ്തിരുന്നയാൾ. സിസ്റ്റർ കർശനക്കാരിയാണ്. എല്ലായിടത്തുമെത്തും,. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ. അതുകൊണ്ടുതന്നെ സിസ്റ്ററെ എല്ലാവർക്കും കുറച്ചു പേടിയുമാണ്. അന്ന സിസ്റ്റർ വിളിച്ചിട്ടാണ് ആദ്യമായി സ്നേഹഭവനിലേക്ക് പോകുന്നത്. അവർ സംഘടിപ്പിച്ച ഒരു കാൻസർ ബോധവത്കരണ ക്ലാസ് എടുക്കാൻ പോയപ്പോഴാണ് അവിടുത്തെ അന്തേവാസികളെ ആദ്യമായി പരിചയപ്പെടുന്നത്. ക്ലാസ് എല്ലാവരും നല്ല ശ്രദ്ധയോടെയാണ് കേട്ടത്. പക്ഷേ അവർക്ക് കൂടുതൽ വേണ്ടത് സംസാരിക്കാനും അവരുടെ കഥകൾ കേൾക്കാനും ഒരാളെയാണെന്ന് പതിയെ തിരിച്ചറിഞ്ഞു.
അതിനുശേഷം മിക്കവാറും എല്ലാ മാസവും ഒരു ചെറിയ മെഡിക്കൽ ക്യാമ്പ് അവിടെ നടത്താറുണ്ട്. കാൻസർ അതിജീവിതരായ മൂന്ന് അമ്മമാർ അവിടെയുണ്ട്. അവർ നല്ല ആരോഗ്യത്തോടെ ജീവിക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല അവിടെയുള്ളവർക്കാർക്കും കാൻസർ സ്‌ക്രീനിങ്ങിനു വരാൻ വലിയ മടിയോ പേടിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ക്യാമ്പ് ദിവസങ്ങൾ ഞങ്ങൾക്കും അവിടത്തെ അന്തേവാസികൾക്കും ഒരേപോലെ ആഘോഷമാണ്. പാട്ടുപാടിയും ഡാൻസ് കളിച്ചും കഥ പറഞ്ഞുമൊക്കെ ആഘോഷമാക്കാറാണ് പതിവ്. പിന്നെ ക്യാമ്പിന് പോയ ദിവസം ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കും.
കിടപ്പുരോഗികൾ അവിടെ വല്ലപ്പോഴും മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു ദിവസം പെട്ടെന്നാണ് സിസ്റ്റർ വിളിച്ചത്. ഒരു പാലിയേറ്റീവ് രോഗിയെ നോക്കാൻ വരണമെന്ന് പറഞ്ഞു. അന്ന് ഉച്ചയ്ക്ക്ശേഷമാണു ഞങ്ങൾ സ്നേഹഭവനിൽ എത്തിയത്. അടുത്ത ദിവസം അവിടെ വാർഷികാഘോഷമാണ്. അതിന്റെ ഒരുക്കങ്ങൾ ഒരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. പരിപാടി ഗംഭീരമാക്കാനുള്ള തിരക്കിലാണ് എല്ലാവരും. കുറേകാലമായി സ്നേഹഭവനിൽ അന്തേവാസിയായ രാധമ്മയൊക്കെ പാട്ട് പാടി തകർക്കുകയാണ്.. മൈക്ക് കിട്ടിയാൽ പിന്നെ വേറൊന്നും വേണ്ട രാധമ്മക്ക്. രാധമ്മയെ കുറിച്ച് പറയാണെങ്കിൽ ഒരുപാടുണ്ട്. എൽ ഐ സി ഏജന്റ് ആയിരുന്നു,ഭർത്താവ് നേരത്തെ മരിച്ചതുകൊണ്ട് കുടുംബത്തിന്റെ ഭാരം ഒറ്റക്ക് ഏറ്റെടുക്കേണ്ടിവന്നു, ഒരേയൊരു മകനേയുള്ളു. പഠിപ്പിച്ചു വലുതാക്കി കല്യാണം വരെ നടത്തികൊടുത്തു. പിന്നീട് എപ്പോഴൊക്കെയോ ജീവിതത്തിൽ ഒറ്റപ്പെടുന്നു എന്ന തോന്നൽ വന്നപ്പോൾ സ്വന്തമായി ഉണ്ടാക്കിയ വീടടക്കം ഉപേക്ഷിച്ചു ഇപ്പോൾ സ്നേഹഭവനിൽ ഇവരുടെ കൂടെ കഴിയുന്നു. പാട്ടെന്നു വെച്ചാൽ രാധമ്മയ്ക്ക് ജീവനാണ് നാടൻപാട്ടും മാപ്പിളപ്പാട്ടും ഗാനങ്ങളൊക്കെയായി ഒരു ബഹളം. എന്നെ കണ്ടപ്പോൾ ചെറുതായൊരു ചമ്മിയ മുഖഭാവവുമായി ഡോക്ടർക്ക് വേണ്ടി ഞാൻ ഒരു പാട്ട് പാടുന്നുണ്ട്. സർപ്രൈസ് ആണ്, ഇന്ന് വന്നതുകൊണ്ട് നാളെ മുങ്ങരുതെന്നു അധികാരത്തോടെ എന്നെ ഓർമ്മിപ്പിച്ചു. പിന്നെയും പാട്ടുകളെക്കുറിച്ച് രാധമ്മ വാചാലയായി. കുറച്ചുപേർ അപ്പുറത്ത് നാടകം റിഹേഴ്സൽ ചെയ്യുന്നുണ്ട്.
ഈ കൂട്ടത്തിൽ പുതിയ രണ്ട് ആളുകളെ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരു ഉമ്മയും ഉപ്പയും. ഇവരെക്കുറിച്ചാണ് സിസ്റ്റർ എന്നോട് വിളിച്ചു പറഞ്ഞിരുന്നത്. പാലിയേറ്റീവ് ചികിത്സയിലാണ് ആ ഉപ്പ. അവരെ ചികിത്സിക്കാനാണ് ഇന്ന് വന്നതും. ഉപ്പയും ഉമ്മയും ഒരു ഭാഗത്തിരുന്ന് പരിപാടികൾ കാണുകയായിരുന്നു. ഇതുവരെ നോക്കിവളർത്തിയ മക്കൾ കാൻസർ രോഗം വന്നതറിഞ്ഞപ്പോൾ രണ്ടു പേരെയും ഒരു ദയയുമില്ലാതെ ഉപേക്ഷിച്ചു. 4 ആൺമക്കളാണ്. രണ്ടുപേർ ബെംഗളൂരുവിലും ഒരാൾ ദുബായിലുമാണ്. ഒരാൾ നാട്ടിലുണ്ട്.
ഞങ്ങൾ രണ്ടുപേരും അവരുടെ കൂടെയായിരുന്നു. ബാക്കിയുള്ളവർ ഇടയ്‌ക്കൊക്കെ നാട്ടിൽ വരും പേരക്കുട്ടികളെയെല്ലാം കളിപ്പിച്ച് സന്തോഷമായിട്ട് തന്നെയാണ് കഴിഞ്ഞത്. ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും എനിക്ക് എന്തിനും ഏതിനും നസീബ തന്നെ വേണം ആ ഉപ്പ പറഞ്ഞുതുടങ്ങി.
അവൾക്ക് 16 വയസ്സുള്ളപ്പോൾ ഞാൻ കൂടെ കൂട്ടിയതാണ്. ചെറിയ പെൺകുട്ടി ആയിരുന്നു അന്നവൾ. 17 വയസായപ്പോൾ തന്നെ ആദ്യ കുട്ടിക്ക് ജന്മം നൽകി , ബാക്കി 3 പേർ തമ്മിൽ ഏതാണ്ട് രണ്ടു വർഷങ്ങളുടെ വ്യത്യാസമേയുള്ളൂ. എല്ലാവരെയും പൊന്നുപോലെനോക്കി വലുതാക്കി വലിയനിലയിൽ എത്തിച്ചു. എല്ലാവർക്കും സ്നേഹം തന്നെയായിരുന്നു എന്നോട് ഈ അസുഖം വരുന്നതുവരെ. ക്യാൻസറാണെന്നു ഡോക്ടർ പറഞ്ഞതിന് ശേഷം എല്ലാവരുടെയും മട്ടും ഭാവവുമൊക്കെ മാറി. വല്ലാത്ത ഒരു ഒറ്റപ്പെടൽ തോന്നി തുടങ്ങി. പേരക്കുട്ടികൾ വരെ അടുത്തുവരാതെയായി. ചോദിച്ചപ്പോഴാണ് ആ പിഞ്ചുപൈതങ്ങളുടെ ഉള്ളിലും ഇത്രയധികം തെറ്റിദ്ധാരണകൾ മാതാപിതാക്കൾ ഉണ്ടാക്കിവെച്ചത് ഞാൻ അറിയുന്നത്.
നാട്ടുകാരുടെ വക വേറെ, മകന് ഹോട്ടൽ ആണ്, അവന്റെ കച്ചവടം വരെ ഇല്ലാണ്ടാവാൻ നോക്കിയത്രെ. രോഗം പടരുമെന്ന ആളുകളുടെ ഭയം. നാട്ടുകാര് പറയുന്നത് സഹിക്കാം ഡോക്ടറെ, പക്ഷെ എന്റെ ഭാര്യ , ഇവളും കൂടെ എന്നോട് അത് ചെയ്തപ്പോൾ ഞാൻ ആകെ തളർന്നു പോയി ഡോക്ടർ. എനിക്ക് ആവുന്ന കാലത്തു കച്ചവടമായിരുന്നു. പലയിടത്തും യാത്ര ചെയ്യേണ്ടി വരാറുണ്ട്. എത്ര തിരക്കാണെങ്കിലും രാത്രി ഞങ്ങൾ ഒരുമിച്ചേ ഭക്ഷണം കഴിക്കിക്കാറുള്ളു. ഞാൻ കഴിച്ചു കഴിഞ്ഞു അവസാനത്തെ ഉരുള അവൾക്കു കൊടുക്കും. അതുകഴിക്കുന്നത് കാണുന്നത് തന്നെയായിരുന്നു എന്റെ സ്വർഗം. ഉപ്പയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, ഉമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെയാണ്. ഞാൻ കഴിക്കാൻ മടിച്ചു, വേറെ ഒന്നും കൊണ്ടല്ല ഡോക്ടർ, മകനും മരുമകളും എല്ലാംകൂടി അന്നു പറഞ്ഞപ്പോ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. അവരുടെ കൂടെയല്ലേ നമ്മൾ താമസിക്കുന്നത്, പറയുന്നതു കേൾക്കാതെ വഴി ഇല്ലലോ, എന്റെ പേരക്കുട്ടിളെ തൊടാതെ എനിക്ക് പറ്റുന്നുണ്ടായില്ല ഡോക്ടർ. ചെയ്തതു പാപംതന്നെയാണ്. കഴിഞ്ഞ മാസം പാലിയേറ്റീവിലെ സിസ്റ്റർ വന്നു പറഞ്ഞു തന്നപ്പോഴാണ് മനസിലായത് കാൻസർ പകരുന്ന രോഗമല്ലെന്ന്.
ഞാൻ എത്ര പറഞ്ഞിട്ടും മകൻ കേൾക്കുന്നില്ല അവനെ പറഞ്ഞിട്ടും കാര്യമില്ല, ഭാര്യ പറയുന്നതേ അവൻ കേൾക്കു, കുട്ടികളുടെ കാര്യം ആലോചിച്ച് അവൻ എല്ലാം കേൾക്കും. പോരാത്തതിന് കച്ചവടം കുറഞ്ഞതിന്റെ ബേജാറും അവനുണ്ട്, ഉപ്പാക്ക് കാൻസർ വന്നൊണ്ട് മക്കൾക്കു വരുമെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ അവനെ പേടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാ ഡോക്ടറെ ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തെ, ആർക്കും ഒരു ശല്യവും ആവണ്ടല്ലോ, ഇവിടെയാണെങ്കിൽ ഒരുപാടാളുകളും ഉണ്ട്, സമയമൊക്കെ വേഗം പോവും.
കഥകൾ പറയുമ്പോൾ രണ്ടാളുകളുടെയും കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. ഇവരുടെ കഥ കേട്ട് ബാക്കിയുള്ളവരും ചുറ്റും കൂടി. അകാലത്തിൽ മരണം കൊണ്ടുപോയ മക്കളെക്കുറിച്ച് ആലോചിച്ചു നീറിക്കഴിയുന്നവർ, ജീവിതപങ്കാളികളെ വേർപ്പെട്ട ഏകാന്തത അനുഭവിക്കുന്നവർ, ഇതൊന്നുമല്ലാതെ മക്കളുടെ തിരക്കുകൾ കാരണം രക്ഷിതാക്കളെ നോക്കാതെ സ്നേഹഭവനിൽ കൊണ്ടുവിട്ടവർ. പരസ്പരം ഓരോരുത്തരുടെയും കഥകൾ അവർ ആ ഉപ്പയോടും ഉമ്മയോടും പങ്കിട്ടു.
പഴയ മെഡിക്കൽ റെക്കോർഡുകൾ എടുത്തു പരിശോധിച്ചു .. 2 മാസമായി മോർഫിന്റെ (സാന്ത്വന പരിചരണത്തിൽ കൂടുതലായി കൊടുക്കുന്ന വേദന സംഹാരി ) സഹായത്തോടുകൂടിയാണ് ജീവിക്കുന്നത്.. വേദനയുടെ അളവുകൾ ചോദിച്ചു മോർഫിന്റെ ഡോസ് പറഞ്ഞു കൊടുക്കാനല്ലാതെ കൂടുതൽ ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ എനിക്കായില്ല, ഇവരോടല്ല വീട്ടുകാരോടും നാട്ടുകാരോടും ആണ് സംസാരിക്കേണ്ടതെന്നു തോന്നി, ഇന്നും മിഥ്യാധാരണകളിൽ അകപ്പെട്ട ഒരുപാടാളുകൾ നമ്മുടെ ചുറ്റിലും ഉണ്ടെന്നറിഞ്ഞു വലിയ വിഷമം തോന്നി. പിന്നീട് പോകുന്ന എല്ലാ ക്യാമ്പിലും ഞാൻ ഈ സംഭവം പറയുണ്ടായിരുന്നു. എവിടെയെങ്കിലും ഏതെങ്കിലും വീട്ടിൽ ഇങ്ങനെ ആരെങ്കിലും തെറ്റിദ്ധാരണയോടെ ജീവിക്കുണ്ടെങ്കിൽ അവർ കൂടി അറിയട്ടെ എന്നുവിചാരിച്ചാണ് ഈ സംഭവം ഇവിടെയും പറയാൻ തോന്നിയത്.
കാൻസർ സംബന്ധിച്ച മിഥ്യകളും സത്യവും
- മിഥ്യ: കാൻസർ പകർച്ചവ്യാധിയാണ്
- സത്യം: കാൻസർ പകർച്ചവ്യാധി അല്ല
- മിഥ്യ: കാൻസർ ഒരു പാരമ്പര്യ രോഗമാണ്
- സത്യം: 5 ശതമാനം കാൻസർ മാത്രമാണ് പാരമ്പര്യമായി കാണുന്നത്
- മിഥ്യ: ശരീരങ്ങളിൽ കാണുന്ന മുഴകളെല്ലാം കാൻസറാണ്
- സത്യം: എല്ലാ മുഴകളും കാൻസർ അല്ല
- മിഥ്യ: സ്തനാർബുദം സ്ത്രീകളിൽ മാത്രം കണ്ടു വരുന്നു
- സത്യം: പുരുഷന്മാരിലും സ്തനാർബുദം വരാം
- മിഥ്യ: പ്രത്യേക ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ സ്ക്രീനിംഗ് ചെയ്യണ്ട ആവശ്യമില്ല
- സത്യം: 2 വർഷം കൂടുമ്പോഴെങ്കിലും സ്ക്രീനിംഗ് ചെയ്യേണ്ടതാണ് (പ്രത്യേകിച്ച് 30 വയസു കഴിഞ്ഞാൽ)
- മിഥ്യ: കാൻസർ ചികിത്സിച്ചു മാറ്റാൻ പറ്റാത്ത രോഗമാണ്
- സത്യം: നേരത്തെ കണ്ടെത്തിയാൽ ഒട്ടുമിക്ക ക്യാൻസറും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്
- മിഥ്യ: ബയോപ്സി എടുക്കുമ്പോൾ കാൻസർ പടരാൻ സാധ്യതയുണ്ട്
- സത്യം: ബയോപ്സി എടുക്കുമ്പോൾ കാൻസർ പകരില്ല, രോഗം നിർണയിക്കാനും ചികിത്സയെ സഹായിക്കാനും ബയോപ്സി ചെയ്യേണ്ടത് അത്യാവശ്യമാണ്
- മിഥ്യ: സസ്യ ഔഷധങ്ങൾ കൊണ്ട് കാൻസർ ചികിൽസിക്കാം
- സത്യം: കാൻസർ ഭേദമാക്കാൻ സസ്യ ഔഷധത്തിനു സാധിക്കുമെന്നതിന് ശാസ്ത്രീയമായി തെളിവുകളില്ല
Content Highlights: dr deepthi about common cancer myths and misconceptions
Published: 22 Sept 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented