
രോഗനിർണയത്തിലും ചികിത്സയിലും ഏറെ പുരോഗതിയുണ്ടായിട്ടും ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യജീവനുകളെ അപഹരിക്കുന്നത് കാൻസറുകളാണ്. ഓരോ വർഷവും കാൻസർ ബാധിക്കുന്നവരുടെ എണ്ണവും അതുമൂലമുണ്ടാകുന്ന മരണങ്ങളും കൂടിവരികയാണ്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് കാൻസർ മൂലമാണ്. നിർഭാഗ്യവശാൽ വളരെ വൈകി മാത്രമേ കാൻസർ കണ്ടുപിടിക്കപ്പെടുന്നുള്ളു. ഇക്കാരണത്താലാണ് കാൻസർ ബാധിച്ചുള്ള മരണസംഖ്യ ഉയർന്നുനിൽക്കുന്നത്.
ഏറ്റവും ലളിതമായി പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അസാധാരണവും അനിയന്ത്രിതവുമായ വളർച്ചയാണ് കാൻസർ. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതൽ ഈ രോഗം മനുഷ്യകുലത്തിന് വെല്ലുവിളിയായിട്ടുണ്ട്. കാർസിനോമ എന്ന ഗ്രീക്ക് പദമാണ് പിന്നീട് ക്യാൻസറായി മാറിയത്. മാരകമായ മുഴ എന്നാണ് ഗ്രീക്കുഭാഷയിൽ ഇതിന്റെ അർഥം. പണ്ടുകാലത്ത് കാൻസർ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. പത്തോ ഇരുപതോ വർഷം മുൻപ് വരെ കാൻസർ വന്നാൽ മരണം ഉറപ്പെന്ന ചിന്തയും നിലനിന്നിരുന്നു. എന്നാൽ തുടക്കത്തിലേ കണ്ടെത്തി, കൃത്യമായ ചികിത്സ കിട്ടിയാൽ ഈ രോഗത്തെ വരുതിയിലാക്കാൻ കഴിയും. ഒപ്പം രോഗത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കി ക്യാൻസറിനെ അകറ്റിനിർത്തുകയും ചെയ്യാം. ചില കാൻസറുകൾ ചെറുക്കാൻ ഫലപ്രദമായ വാക്സിനുകളും ഇന്ന് ലഭ്യമാണ്.
ഏതാണ്ട് ഇരുന്നൂറിലധികം കാൻസറുകൾ മനുഷ്യരെ ബാധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ 70 %കാൻസറുകളുടെയും കാരണം ഇന്ന് നമുക്കറിയാം. ഈ കാരണങ്ങളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ കാൻസറുകളിൽ ഭൂരിഭാഗവും വരാതെ നോക്കാൻ നമുക്കാവും. പുകവലി, മദ്യപാനം, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം, വ്യായാമക്കുറവ്, ചില വൈറസ് ബാധകൾ തുടങ്ങിയവകാൻസറിന് കാരണമാകാറുണ്ട്. ചുരുക്കിപറഞ്ഞാൽ ഇന്നു കാണുന്ന കാൻസർ രോഗങ്ങളിൽ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. എങ്കിലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങൾ കൊണ്ടും കാൻസർ വരാം.
കാൻസർ കണ്ടുപിടിക്കാനുള്ള വഴികൾ
അർബുദത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യഘട്ടത്തിൽ സ്കാനിങ്ങാണ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്. ആ പരിശോധനകളുടെ ഫലത്തിൽ സംശയം തോന്നിയാൽ പിന്നെ രോഗം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ വിശദമായ പരിശോധനകൾ ആവശ്യമാണ്. ബയോപ്സി പരിശോധനയാണ് ഇതിൽ ഒഴിച്ചുകൂടാനാവാത്തത്. അസുഖം സംശയിക്കുന്ന ഭാഗത്തേക്ക് സൂചിയിറക്കി കാൻസർ കോശങ്ങൾ വലിച്ചെടുത്തോ മുറിച്ചെടുത്തോ പരിശോധന നടത്തും. എൻഡോസ്കോപ്പി എന്ന ലഘുവായ പരിശോധനയിലൂടെ അസുഖമുള്ള ഭാഗത്തുനിന്ന് നേരിട്ടും സാമ്പിൾ പരിശോധനയ്ക്കായി എടുക്കാം.
റേഡിയേഷൻ
ഒരേ സമയം രക്ഷകനും ശിക്ഷകനുമാണ് റേഡിയേഷൻ അഥവാ അണുവികിരണം. കാൻസറിനു കാരണമാകുന്ന റേഡിയേഷൻ തന്നെയാണ് കാൻസർ ചികിത്സിക്കാനും ഉപയോഗിക്കുന്നത്. നിസാരരോഗങ്ങൾക്ക് വരെ സിടി സ്കാൻ ഉൾപ്പെടെയുള്ള റേഡിയേഷൻ പരിശോധനകൾ ഇന്ന് പലയിടത്തും രോഗികൾക്ക് എഴുതിനൽകാറുണ്ട്. ഏറ്റവും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കണ്ട പരിശോധനകളാണ് എക്സ്‌റേയും സിടി സ്കാനുമെല്ലാം.
മാമോഗ്രാം
40 വയസ് കഴിഞ്ഞ സ്ത്രീകളിൽ പലതരത്തിലുള്ള കാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇവ നേരത്തെ കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പരിശോധനയാണ് മാമ്മോഗ്രാം. ഓരോ രണ്ടുവർഷം കൂടുമ്പോഴും 40 വയസ് പിന്നിട്ട സ്ത്രീകൾ മാമ്മോഗ്രാം പരിശോധന നടത്തുന്നത് അഭികാമ്യമാണ്. സ്ത്രീകളിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്തനാർബുദം വളരെ നേരത്തെ കണ്ടുപിടിക്കാൻ ഇത് സഹായിക്കും.
പാപ്സ്മിയർ
മുപ്പതു വയസ്സുകഴിഞ്ഞ പ്രസവിച്ച സ്ത്രീകൾ രണ്ടുവർഷത്തിലൊരിക്കലോ ഡോക്ടർ നിർദേശിക്കുന്ന സമയത്തോ പാപ്സ്മിയർ പരിശോധനയ്ക്കു വിധേയരാകണം. ഗർഭാശയഗള കാൻസർ വർഷങ്ങൾക്കു മുമ്പു തന്നെ കണ്ടുപിടിക്കാൻ ഈ ലളിതമായ പരിശോധന സഹായിക്കും. നേരത്തെ കണ്ടെത്തി ചികിൽസിച്ചാൽ ഈ കാൻസറിനെ പൂർണമായും ഭേദമാക്കാൻ കഴിയും.
പുരുഷന്മാർക്ക് പിഎസ്എ
മൂത്രതടസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായ ബുദ്ധിമുട്ടുകൾ എന്നിവയുള്ള പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും പിഎസ്‍എ അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക്ക് ആന്റിജൻ പരിശോധന നടത്തണം. ഇതൊരു രക്തപരിശോധനയാണ്. പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
കാൻസറിനെ പ്രതിരോധിക്കുന്ന വാക്സിനുകൾ
ഗർഭാശയഗള കാൻസറിനെ തടയാൻ ഇന്ന് ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്. ഈ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാൻ ഈ വാക്സിന് ശേഷിയുണ്ട്. യോനിയിലും ഗർഭപാത്രത്തിലും മലദ്വാരത്തിലും കാൻസറിന് കാരണമാകുന്ന വൈറസാണിത്. എന്നാൽ ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞതിന് ശേഷം വാക്സിനെടുത്താൽ പ്രയോജനമില്ല. ഒമ്പതിനും 26നും ഇടയിലുള്ള സ്ത്രീകളിലാണ് വാക്സിൻ ഏറ്റവും ഫലപ്രാപ്തി നൽകുന്നത്. കരളിൽ കാൻസറിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിനും ഇപ്പോൾ ലഭ്യമാണ്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ.
Content Highlights: world cancer day, vaccines for cancer
Published: 04 Feb 2024, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented