കാൻസർ എന്ന വാക്കുകേൾക്കുമ്പോഴേക്കും ജീവിതം ഇതോടെ അവസാനിച്ചുവെന്നു കരുതുന്നവർ ഇന്നുമുണ്ട്. എന്നാൽ മറ്റേതു രോഗങ്ങളേയുംപോലെ കാൻസറും എത്രനേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നോ അത്ര എളുപ്പത്തിൽ രോഗമുക്തിയും നേടാം. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോഴും തരിമ്പും ആത്മവിശ്വാസം കൈവിടാതെ ജീവിതത്തെ കൂടുതൽ പ്രണയിച്ചതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷ ജോസ് കെ.മാണി. അതിജീവനപാതയിൽ ഭർത്താവ് ജോസ്.കെ.മാണി. ഉൾപ്പെടെയുള്ള കുടുംബത്തിന്റെ പിന്തുണയേക്കുറിച്ചും കെ.എം.മാണി എന്ന ഭർതൃപിതാവിന്റെ അസാന്നിധ്യം സൃഷ്ടിച്ച മാനസികവേദനയേക്കുറിച്ചുമൊക്കെ ക്ലിനിക്കൽ പങ്കുവെക്കുകയാണ് നിഷ. ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധസഹായം തേടാൻ ഒരിക്കലും മടിക്കരുതെന്നും ഹിപ്നോതെറാപ്പിസ്റ്റ് കൂടിയായ നിഷ ഓർമിപ്പിക്കുന്നു. ലോക കാൻസർ ദിനത്തിൽ മാതൃഭൂമി ഡോട്ട്കോമിനോടു മനസ്സുതുറക്കുകയാണ് നിഷ.

To advertise here,

എന്താണ് ഈ പോസിറ്റിവിറ്റിയുടെ രഹസ്യം.? മനുഷ്യരാണ് പലതരത്തിലുള്ള ഉയർച്ചതാഴ്ച്ചകളുണ്ടാവും. മൂഡ്സ്വിങ്സ് ഉണ്ടാവും. അതിനിടയിലെല്ലാം ഇങ്ങനെ പോസിറ്റീവായിരിക്കാൻ കഴിയുന്നതെങ്ങനെയാണ്.

മൂഡ് സ്വിങ്സൊക്കെ പണ്ടുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ടോട്ടലി ഹൈ ആണ്. കാൻസർ വന്നതിനുശേഷം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എപ്പോഴും സ്വയം മാറ്റങ്ങൾ വരുത്തി ശുദ്ധീകരിച്ച് മുമ്പോട്ടു പോകുന്നയാളാണ്. പക്ഷേ, കാൻസർ എന്നെ മൊത്തത്തിൽ ഉരുക്കിയെന്നുപറയാം. ഇപ്പോൾ ജീവിതത്തിൽ എല്ലാത്തിനേയും പോസിറ്റീവ് മനോഭാവത്തോടെയാണ് നേരിടുന്നത്. അത് അറിഞ്ഞുകൊണ്ടു ചെയ്യുന്നതുമല്ല. റേഡിയേഷൻ ടേബിളിൽ കിടക്കുമ്പോൾ ലൈറ്റിട്ട് കുറേ കാര്യങ്ങൾ ഉരുക്കി നീക്കം ചെയ്തപ്പോൾ പോസിറ്റിവിറ്റി എന്ന കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്നു തോന്നുന്നു. 

കാൻസറിനുമുമ്പും ശേഷവും എന്ന് ജീവിതത്തെ രണ്ടായി കാണുന്നുണ്ടോ ഇപ്പോൾ? രണ്ടുഘട്ടത്തിലും ജീവിതത്തെ സമീപിക്കുന്നതിൽ മാറ്റംവന്നിട്ടുണ്ടോ

രണ്ടുഘട്ടം എന്നു പറയില്ല. ജീവിതത്തിൽ ഓരോന്നും നമ്മളെ വാർത്തെടുത്തു മുന്നോട്ടുകൊണ്ടുപോകുന്ന കാര്യങ്ങളാണ്. വ്യക്തികളായിട്ടുള്ള അനുഭവങ്ങളാണ് ഏറ്റവുമധികം പഠിപ്പിച്ചിട്ടുള്ളത്. കാൻസറിനെ നേരിടാൻ കഴിഞ്ഞതുതന്നെ ഞാൻ ഈ ഇടപെട്ട വ്യക്തികളുടെ അനുഭവങ്ങൾ കൊണ്ടാണ്.

കാൻസർ എന്നല്ല ഏതൊരു അസുഖം വരുമ്പോഴും തളർന്നുപോകുന്നവരാണ് കൂടുതൽ. പക്ഷേ താങ്കൾ പറഞ്ഞത് കൂടുതൽ ഹൈ ആവുകയാണ് ഉണ്ടായതെന്നാണ്. കാൻസറിനുശേഷം ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയെന്നാണോ.

ജീവിതത്തെ എപ്പോഴും സ്നേഹിച്ച വ്യക്തിയാണ് ഞാൻ. ഇപ്പോഴും അതെ. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയല്ല മറിച്ച് കംഫർട്ടബിളാക്കുക, നമ്മൾ സ്വയം കംഫർട്ടബിളാവുക എന്നൊക്കെയാണ് ഞാൻ കരുതുന്നത്. 

 നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ അത്യാഹിതങ്ങൾ സംഭവിക്കും എന്നു ചിന്തിക്കാൻ ഇഷ്ടമില്ലാത്തവരാണ് മനുഷ്യർ. എങ്ങനെയാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ നേരിട്ടത്.

മാമോ​ഗ്രാം ചെയ്തപ്പോൾ കാൻസറുണ്ടെന്ന് അറിഞ്ഞെങ്കിലും എല്ലാവരേയുംപോലെ ഞാനതു വിശ്വസിച്ചില്ല. മരണമുൾപ്പെടെ എന്തുകാര്യമായാലും നിഷേധിക്കുന്ന സ്വഭാവമാണ് നമുക്ക്. അതുകൊണ്ടുതന്നെ കാൻസറാണെന്ന് അറിഞ്ഞപ്പോൾ അതിൽ എന്തെങ്കിലും തെറ്റുകാണുമെന്നാണ് വിചാരിച്ചത്. അൾട്രാസൗണ്ട് ചെയ്തപ്പോൾ കാൻസറാണെന്ന് സ്ഥിരീകരിച്ചു. അപ്പോഴും, ഇനി അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നാണ് ഞാൻ ചിന്തിച്ചത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തു ചെയ്യണം എന്നാണ് കരുതിയത്. തളരാതെ മുന്നോട്ടുപോകും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. 

കാൻസറാണെന്ന് സ്ഥിരീകരിച്ച നിമിഷത്തെ വൈകാരികമായാണോ നേരിട്ടത്?

അപ്പോൾ ഞാൻ ഇമോഷണലായിരുന്നില്ല. വളരെ ലഘുവായാണ് അതിനെ എടുത്തത്. എങ്ങനെ ഇതിൽ നിന്നുപുറത്തു കടക്കാം എന്നാണ് ചിന്തിച്ചത്. അതാണ് ഏറ്റവും നല്ലത് എന്നാണ് കരുതുന്നത്. പിന്നെ മകൻ കുഞ്ഞുമാണി പൊട്ടിക്കരഞ്ഞപ്പോഴാണ് ഇമോഷണലായത്. പിന്നെ വളരെ വ്യക്തിപരമായൊരു അനുഭവവുമുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് സമയത്ത് ഞാൻ അച്ചാച്ചനെ(കെ.എം.മാണി) ഒത്തിരിയൊത്തിരി ഓർത്തുപോയി. അച്ചാച്ചൻ ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയാകും ഇതിനെ കൈകാര്യം ചെയ്യുക, എങ്ങനെ എന്നെ നോക്കിയേനെ എന്നൊക്കെ എന്നോർത്തിരുന്നു. കാരണം ഞാനിവിടെ എത്തുമ്പോൾ ജോ (ജോസ് കെ മാണി) കുറേ ഫ്രൂട്ട്സൊക്കെ വാങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അച്ചാച്ചന്റെ കാര്യം ഓർത്തത്. ഞാൻ ​ഗർഭിണിയായിരുന്ന സമയത്ത് എന്നെ വീട്ടിലേക്ക് കാണാൻ വന്നത് ഇതുപോലെ കുറേ ഫ്രൂട്ട്സുമൊക്കെ ആയാണ്. അതാലോചിക്കുമ്പോൾ ശരിയാണ്, ഞാൻ ഇമോഷണലായിട്ടുണ്ട്. 

placeholder
നിഷ കെ.എം. മാണിക്കൊപ്പം

കുടുംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

ജോ ആണെങ്കിലും എന്റെ പെൺപിള്ളേർ രണ്ടുപേരാണെങ്കിലും വളരെ വിഷമിച്ചിട്ടുണ്ട്. കാരണം അവർ കണ്ടിട്ടുള്ള കാൻസർരോ​ഗികൾ വ്യത്യസ്തമാണ്. ഞാൻ കണ്ട ജീവിതമല്ല അവർ കണ്ടിട്ടുളളത്. മൂത്തമോൾ എന്നെപ്പോലെ തന്നെ വളരെ സ്ട്രോങ്ങായി നിന്നിട്ടുണ്ട്. പക്ഷേ രണ്ടാമത്തെ മോൾ എനിക്ക് മുഖം തരാതെ ഇടയ്ക്ക് മാറിനടക്കുമായിരുന്നു. അപ്പോൾ എനിക്ക് അറിയാം അവൾ എവിടെയോ പോയി മാറിനിന്നു കരയുന്നുണ്ട് എന്നൊക്കെ. ജോ എപ്പോഴും വളരെ ശാന്തമായി കൈകാര്യങ്ങൾ ചെയ്യുന്ന ആളാണ്. പക്ഷേ ഇത് തീർച്ചയായും അദ്ദേഹ​ത്തെ ഉലച്ചിട്ടുണ്ട്. എന്നോട് രണ്ടുമൂന്ന് പേരു പറഞ്ഞ് എന്റെ കാര്യം പറയുമ്പോൾ കണ്ണിൽ‌ കണ്ണുനീര് കണ്ടു എന്നൊക്കെ. അച്ചാച്ചനെപ്പോലെതന്നെ വളരെ കരുതലുള്ള വ്യക്തിയാണ് ജോ. അമ്മയ്ക്ക് അൽഷിമൈഴ്സ് ആയതുകൊണ്ട് ഇതേക്കുറിച്ച് പറഞ്ഞില്ല. 

കാൻസർ രോ​ഗികൾക്ക് മുടിമുറിച്ചുകൊടുക്കുന്നത് നേരത്തേമുതൽ ചെയ്യുന്നുണ്ടായിരുന്നു എന്നുകേട്ടിട്ടുണ്ടല്ലോ. മകൻ കുഞ്ഞുമാണിയും അത്തരത്തിൽ മുടി മുറിച്ചിട്ടുണ്ട് എന്നുകേടിട്ടുണ്ട്. കാൻസർ സ്ഥിരീകരിച്ചത് ഇപ്പോഴാണല്ലോ, കാൻസർ രോ​ഗികൾക്കു വേണ്ടി ഇങ്ങനെ ചെയ്യണം എന്ന തീരുമാനത്തിലെത്തിയത് എപ്പോഴാണ്? 

കുഞ്ഞുമാണി മുടി ഡൊണേറ്റ് ചെയ്യുകയല്ലായിരുന്നു, മറിച്ച് കാൻസർ രോ​ഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തല മൊട്ടയടിക്കുകയായിരുന്നു. കാൻസർ രോ​ഗികൾ നോക്കിനിൽക്കേയാണ് അവൻ അതു ചെയ്തത്. 2009-ലാണ് ഞാനാദ്യമായി തലമുടി ഡൊണേറ്റ് ചെയ്യുന്നത്. അതൊരു നേർച്ചയുടെ ഭാ​ഗമായിരുന്നു. വളരെ പ്രിയ്യപ്പെട്ട ഒരു വ്യക്തിക്കു വേണ്ടിയായിരുന്നു അത്. അതേസമയം ജോയും ആ നേർച്ച നടത്തിയിരുന്നു. അന്ന് തലമുടി മൊട്ടയടിച്ച് അതുമാറ്റിവച്ചിരുന്നു. അപ്പോഴാണ് ഒരു സ്ത്രി എത്രമാത്രം ചെലവേറിയതാണ് വി​ഗ്ഗ് എന്നൊക്കെ പറയുന്നകേട്ടത്. എന്റെ തലമുടി എടുത്ത് വി​ഗ്ഗിനായി ഉപയോ​ഗിച്ചോളൂ എന്നു പറഞ്ഞ് കൊടുത്തിരുന്നു. പിന്നീട് 2013-ലാണ് ഒരു അധ്യാപികയുടെ അനുഭവം എന്നെ ഏറെ സ്പർശിക്കുന്നതും മുടി ഡൊണേറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നതും. കാൻസർ വന്ന് എന്റെ സ്വപ്നങ്ങളെല്ലാം തകർന്നത് തലമുടി പോയപ്പോഴാണ് എന്നാണവർ പറഞ്ഞത്. അപ്പോൾ ഞാനും കാൻസർ രോ​ഗികൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതി. അവിടുന്നിങ്ങോട്ട് അഞ്ചുതവണ മുടി ഡൊണേറ്റ് ചെയ്തിരുന്നു. 

ഇപ്പോൾ മുമ്പത്തെപ്പോലെയല്ല. ഏതുരോ​ഗമായാലും എത്രനേരത്തെ കണ്ടെത്തുന്നോ അത്രത്തോളം ചികിത്സ എളുപ്പമായിരിക്കും. പക്ഷേ ഇപ്പോഴും ലക്ഷണങ്ങൾ കണ്ടാലും ഇനിയെന്തെങ്കിലും രോ​ഗമായിരിക്കുമോ എന്ന ഭയത്താൽ ഡോക്ടറെ കാണാൻ മടിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത്?

നമ്മൾ നേരത്തേ രോ​ഗം കണ്ടെത്തിയാൽ ചികിത്സ അത്രയും കുറയും. എനിക്ക് ചെറിയൊരു മുഴ നീക്കം ചെയ്യാനും റേഡിയേഷനുമേ ഉണ്ടായുള്ളൂ. തുടക്കത്തിൽ കണ്ടെത്തിയതുകൊണ്ടാണത്. ചിലർ സാമ്പത്തിക ബുദ്ധിമുട്ടോർത്താണ് മടികാണിക്കുന്നത്. പക്ഷേ തുടക്കത്തിൽ കണ്ടെത്തിയാൽ ചെലവ് അത്രയും കുറയും. ഏതുവേദി കിട്ടിയാലും ഞാൻ ഇതിനേക്കുറിച്ച് പറയാറുണ്ട്. സ്ത്രീകൾക്ക് ഏറ്റവും സാധാരണമായ കാൻസറാണ് സ്തനാർബുദം. വീട്ടിൽതന്നെ ഇരുന്ന് സ്വയംപരിശോധന നടത്തിയും നേരത്തെ  രോ​ഗം കണ്ടെത്താവുന്നതാണ്. പലകാര്യങ്ങളും ​ഗൂ​ഗിൾ ചെയ്യാറുണ്ടല്ലോ അതുപോലെ കാൻസർ സ്വയംപരിശോധന എന്നു സെർച്ച് ചെയ്ത് അമ്മമാരോട് അതുപോലെ ചെയ്യാൻ പറയണമെന്ന് കുട്ടികളോട് പറയാറുണ്ട്. കുളിക്കുന്നതിനുമുമ്പ് ആഴ്ചയിലൊന്ന് അത്തരത്തിൽ പരിശോധിക്കാൻ പറയണം. എല്ലാ മുഴകളും കാൻസറിന്റേതല്ല. പക്ഷേ സംശയംവെക്കാതെ ഡോക്ടറെ കാണുന്നതിൽ ഒരുതെറ്റുമില്ല. ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സ തേടാൻ വൈകിയെന്നുപറഞ്ഞ് ഇപ്പോൾ പശ്ചാത്തപിക്കുന്ന നിരവധിപേരെ ഞാൻ കണ്ടിട്ടുണ്ട്. കാൻസർ ചിലരിൽ പെട്ടെന്ന് പടരുമെങ്കിൽ ചിലരിൽ പതിയെയാണ് വ്യാപിക്കുക. ചികിത്സയും അതിനനുസരിച്ച് നൽകാൻ കഴിയും. മെഡിക്കൽ സയൻസ് അത്രയ്ക്ക് പുരോ​ഗതി ആർജിച്ചിട്ടുണ്ട്. മാമോ​ഗ്രാമിന് വേദനയാണെന്നൊക്കെ പറയുന്നവരുണ്ട്. ആ വേദനയാണോ അതുകഴിഞ്ഞ് അനുഭവിക്കേണ്ടി വരുന്നതാണോ വലുത്? മുഴ കണ്ടാലും ഭയംകൊണ്ട് പറയാത്തവരും സാമ്പത്തിക ബുദ്ധിമുട്ട് ഓർ‌ത്ത് പറയാത്തവരുമൊക്കെയുണ്ട്. അതെല്ലാം കൂടുതൽ വഷളാക്കുകയും സാമ്പത്തികനഷ്ടം കൂടുതലുണ്ടാക്കുകയുമാണ് ചെയ്യുക. 

സ്തനം നീക്കംചെയ്യേണ്ടി വരുമോ എന്ന ഭയമുള്ളവരുമുണ്ട്. എന്റെ സർജറിയുടെ തലേദിവസം ഡോക്ടർ പറഞ്ഞിരുന്നു, ഓപ്പറേഷനിടയ്ക്ക് രോ​ഗവ്യാപനം കണ്ടാൽ സ്തനം തന്നെ നീക്കം ചെയ്യേണ്ടിവരുമെന്ന്. കണ്ണിമവെട്ടാതെ ഞാനത് ഒപ്പിട്ടുകൊടുത്തു. കാരണം ശരീരഭം​ഗിയല്ല വലുത്. അപ്പോഴും മറ്റൊരു കാര്യം ഓർമിക്കുന്നുണ്ട്. റേഡിയേഷനുശേഷം ശരീരത്തിന്റെ രണ്ടുഭാ​ഗത്ത് പൊള്ളിവന്നു. എങ്ങനെയാണ് തീപ്പൊള്ളലേറ്റാലുണ്ടാകുന്നത്, അതുപോലെതന്നെ. അതിനുള്ള മരുന്നുവച്ചും ഉപ്പുവെള്ളംവച്ചുമൊക്കെ പരിപാടികൾക്ക് പോകുമായിരുന്നു. അപ്പുറത്തിരിക്കുന്നവർക്ക് ഇതുകാണുമ്പോൾ ഒരു ബുദ്ധിമുട്ടാണ്. അതു കണ്ട് എനിക്ക് വേണമെങ്കിൽ തളർന്ന്  വീട്ടിലിരിക്കാമായിരുന്നു. പക്ഷേ ഞാൻതന്നെ മുമ്പ് പൊള്ളലേറ്റ രണ്ടുസ്ത്രീകളേയും മെഷീനിൽ മുടികുടുങ്ങി ചെവിയും ഒരുഭാവുമൊക്കെ പോയ ഒരു സ്ത്രീയേയും വീട്ടിലിരിക്കരുതെന്ന് പറഞ്ഞ് പുറത്തിറങ്ങാൻ പിന്തുണ നൽകിയിട്ടുണ്ട്. അതുചെയ്യാമെങ്കിൽ ഈ ചെറിയ പൊള്ളലോർത്ത് ഞാൻ വീട്ടിലിരിക്കേണ്ട കാര്യമില്ലല്ലോ. 

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus

placeholder
നിഷ കുടുംബത്തിനൊപ്പം

ജീവിതമാണ് ഏറ്റവും പ്രധാനം. അതിനായി പല ത്യാ​ഗങ്ങളും ചെയ്യേണ്ടിവരും. പക്ഷേ അപ്പോഴും ഫിസിക്കൽ ബ്യൂട്ടിയിൽ മാത്രം പ്രാധാന്യം നൽകുന്നവരില്ലേ?

കാൻസറായതിനുശേഷം ഭർത്താവ് ഇട്ടിട്ടുപോയെന്ന് പറഞ്ഞ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടുണ്ട്. സ്തനം നീക്കം ചെയ്തതിനുശേഷം ഇട്ടുപോവുകയായിരുന്നു. അവരോടൊക്കെ പുറംമോടിയിൽ ഒരുകാര്യവുമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. കീമോ കഴിയുമ്പോൾ നന്നായി മെലിയുന്നവരും ചിലർ നേരെതിരിച്ച് വണ്ണംവെക്കുകയും ചെയ്യും. മറ്റുള്ളവർ ചിന്തിക്കുന്നതിനെ നമുക്ക് മാറ്റാൻ പറ്റില്ല. നമ്മൾ കാണാൻ മോശമാണെന്നു ചിന്തിച്ചിരുന്നാൽ കൂടുതൽ നെ​ഗറ്റീവ് ആവുകയേ ഉള്ളൂ. പ്രൊഫഷനെപ്പോലും അതു ബാധിച്ചേക്കാം. ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റ് കൂടിയാണ് ഞാൻ, അതും ഒരുപാട് സഹായിച്ചിട്ടുണ്ട്. 

വെറുതെയിരിക്കുമ്പോഴാണല്ലോ കൂടുതൽ നെ​ഗറ്റീവ് ചിന്തകളിലേക്ക് പോവുക. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണോ ഇങ്ങനെ ഊർജസ്വലയായിരിക്കാൻ കഴിയുന്നത്? 

വെറുതെയിരിക്കുക എന്നത് സത്യത്തിൽ ഒരു കുഴപ്പവുമില്ലാത്ത കാര്യമാണ്. സമാധാനത്തോടെ ഇരിക്കുകയാണല്ലോ. വണ്ടിയിലിരിക്കുമ്പോഴൊക്കെ കൊന്ത ചൊല്ലുകയോ നല്ലപാട്ട് കേൾക്കുകയോ ഒക്കെ ചെയ്യും. ഏറ്റവുമിഷ്ടം കടലിന്റെയോ പുഴയുടെയോ തീരത്ത് ഇരിക്കാനൊക്കെയാണ്. ഓടിനടക്കുന്ന ദിവസങ്ങളുണ്ടെങ്കിലും സമാധാനത്തോടെ വെറുതെയിരിക്കാനും ശ്രമിക്കാറുണ്ട്. എല്ലാവർക്കും അത് അത്യാവശ്യമാണെന്നാണ് ഞാൻ കരുതുന്നത്. പരിപാടികൾക്കുംമറ്റും പോകുമ്പോൾ നമ്മളെന്തോ സംഭവമാണെന്ന് പലരും പറയും. പക്ഷേ നമ്മളൊന്നുമല്ല എന്ന് തിരിച്ചറിയുക തനിച്ചിരിക്കുന്ന സന്ദർഭങ്ങളിലാണ്. 

കാൻസർ ചികിത്സയിൽ നേരത്തേ കണ്ടെത്തുന്ന അത്രത്തോളം പ്രധാനമാണല്ലോ സാമ്പത്തികവും. ഒരു ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച്

ഹെൽത്ത് ഇൻഷുറൻസ് തീർച്ചയായും എടുത്തിരിക്കണം. കേന്ദ്രസർക്കാരിന്റേയും സ്വകാര്യമേഖലയിലുമൊക്കെ ഉണ്ടല്ലോ. പിന്നെ ഏതു മേഖലയിലുള്ള ആളായാലും കുറച്ച് പണം സേവ് ചെയ്യണം. എന്നുകരുതി ചെലവാക്കാതെ സൂക്ഷിച്ചുവെക്കണം എന്നല്ല. ചെറിയൊരു ശതമാനം നമുക്ക് വേണ്ടി മാറ്റിവെക്കണം. നമുക്ക് പ്രായമാകുന്ന സമയത്ത് അവനവനുവേണ്ടി എന്തെങ്കിലും കാണണം. ഒരിക്കലും എല്ലാം മക്കൾക്ക് എഴുതികൊടുക്കരുത്. കാലശേഷം അവർക്കു നൽകാമല്ലോ. പാവപ്പെട്ടവരായാലും പണക്കാരായാലും എന്തെങ്കിലുമൊക്കെ കാണില്ലേ. അതിനേക്കുറിച്ചാണ് പറയുന്നത്. അസുഖം വരുമ്പോൾ സ്വീകരിക്കാവുന്ന സ്കീമുകളും ഉണ്ട്. അതേക്കുറിച്ചൊക്കെ അന്വേഷിച്ച് തീർച്ചയായും എടുത്തിരിക്കണം. അസുഖം വരാൻ വേണ്ടിയല്ല സേവ് ചെയ്യുന്നത് നാളെ എന്തെങ്കിലും വന്നാൽ അതിനുവേണ്ടിയാണ്. 

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്വാതന്ത്ര്യവും പ്രധാനമാണല്ലോ, പ്രത്യേകിച്ച് ഇത്തരം രോ​ഗങ്ങൾ വരുന്നസമയത്ത് ?

മക്കൾ പലകാര്യങ്ങളും ചോദിക്കും, എല്ലാം സാധിച്ചുകൊടുക്കേണ്ടതില്ല. ചിലകാര്യങ്ങളോട് നോ പറയാൻ തന്നെ പഠിക്കണം. പക്ഷേ ഞാൻ കണ്ടിട്ടുള്ള പലസ്ത്രീകളും അവരുടെ നല്ലകാലത്ത് അതിനുപറ്റിയില്ല, അതുകൊണ്ട് മക്കൾക്ക് ചെയ്തുകൊടുക്കുന്നു എന്നുപറയുന്നതുകേട്ടിട്ടുണ്ട്. എന്താണ് നല്ലകാലം? എല്ലാകാലവും നല്ലതാണ്. ജീവനുള്ള എല്ലാസമയവും നല്ലകാലമാണ്. നമുക്ക് ചെയ്യാൻ പറ്റാത്തത് സാഹചര്യം അതായതുകൊണ്ടാവും. നമ്മളെക്കൊണ്ട് കഴിയുന്നതാണോ അല്ലയോ എന്നത് മക്കളെ പറഞ്ഞു മനസ്സിലാക്കണം. കുട്ടികളോട് നോ പറയാതെ വളർത്തുന്നതുകൊണ്ടാണ് എപ്പോഴെങ്കിലും അങ്ങനെ സംഭവിക്കുമ്പോൾ അവർ വീടുവിട്ടുപോകുന്നതും മാതാപിതാക്കളെ മോശം പറയുന്നതും ആത്മഹത്യക്ക് ശ്രമിക്കുന്നതുമൊക്കെ. നമുക്കു പറ്റുന്നതുമാത്രമാണ് ചെയ്തുകൊടുക്കേണ്ടത്. എത്ര വലിയ വീടായാലും ചെറിയ വീടായാലും സ്വയംപര്യാപ്തരായി ജീവിക്കാനുള്ള ശ്രമം ഉണ്ടായിരിക്കണം. 

എപ്പോഴും മാറ്റിവെക്കലുകൾക്ക് വിധേയരാവുന്നവരാണ് സ്ത്രീകൾ. മക്കൾക്ക്, മാതാപിതാക്കൾക്ക്, ഭർത്താവിന് എന്നുതുടങ്ങി അവർ ചെറുപ്പംതൊട്ടെ മാറ്റിവെക്കലുകൾക്ക് ഇരകളാകുന്നുണ്ട്.

മാറ്റിവെക്കുന്നത് നല്ലതാണ്. പക്ഷേ അവനവനേക്കൂടി കരുതണം. കാരണം മാറ്റിവെച്ച്  നമുക്കൊന്നുമില്ലാതാവരുത്. ഒരു സ്ത്രീയാണ് ആ വീട്ടിലെ ധനകാര്യമന്ത്രി എന്നാണ് അച്ചാച്ചൻ പറയുക. ആ ധനകാര്യമന്ത്രിക്ക് സമ്പത്ത് കാണണം, അതിൽ ആരോ​ഗ്യവും സാമ്പത്തികവുമൊക്കെ വരും. നമുക്ക് വേണ്ടിയും ചിന്തിക്കുന്നത് സ്വാർഥതയല്ല. നാം നമ്മുടെ കാര്യവും നോക്കാൻ പഠിക്കണം. ഇല്ലെങ്കിൽ നാളെ ആരുമുണ്ടാകില്ല. കുറച്ചൊക്കെ ത്യാ​ഗം ചെയ്യാം, പക്ഷേ സന്തോഷത്തോടെ മാറ്റിവെക്കാൻ കഴിയുമെങ്കിൽ മാത്രമേ അത് ചെയ്യാവൂ. വേദനിച്ചുതുടങ്ങുന്നെങ്കിൽ അത് ചെയ്യരുത്. അപ്പോൾ അത് നമ്മളെയും ബാധിക്കുന്നുണ്ടെന്നാണ് അർഥം. 

കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിലെ അം​ഗമാണ്. ഊണിലും ഉറക്കത്തിലും വരെ രാഷ്ട്രീയമുള്ള വീട്. തിരഞ്ഞെടുപ്പുകാലത്തൊക്കെ അമിത സമ്മർദത്തിലൂടെയെല്ലാം കടന്നുപോയിരിക്കാം. കാൻസർ അതിജീവനസമയത്ത് എപ്പോഴെങ്കിലും അതിന്റെ സമ്മർദം ഉണ്ടായിട്ടുണ്ടോ? 

അങ്ങനെ അധികം ഉണ്ടായിട്ടില്ല. പക്ഷേ ഒരുദിവസം ചെറിയൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. റേഡിയേഷൻ ചെയ്യുമ്പോൾ ഭയങ്കര ചൂടായിരിക്കും. മുറിയിൽ തന്നെയിരുന്ന് ഫാനിട്ട് ശരീരം തണുപ്പിക്കും. അപ്പോഴൊക്കെ വീട്ടിൽ യാതൊരു സാകര്യവുമില്ലാത്ത ചൂട് അനുഭവിക്കേണ്ടിവരുന്നവരേക്കുറിച്ചും ഓർക്കാറുണ്ട്. പരിപാടിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ദിവസമായിരുന്നു അത്. അന്ന് ഒരാൾ എന്നെ കണ്ടിട്ടേ പോകൂ എന്ന് വാശിയായിരുന്നു. അത് വിഷമം തോന്നിയിട്ടുണ്ട്. കാൻസറൊക്കെ വരുന്നതിനുമുമ്പ് കുറച്ചു നെ​ഗറ്റീവ് ഘട്ടത്തിലൂടെ കടന്നുപോയ ഒരുസമയമുണ്ടായിരുന്നു. ഇവിടുത്തെ ആളുകൾക്കാണ് എന്നെ വിലയില്ലാത്തത്. ഞാൻ മരിക്കുമ്പോൾ നോക്കിക്കോ എത്രപേരും വരുമെന്ന് കാണാം. അപ്പോൾ നിങ്ങൾ വിചാരിക്കും മമ്മയ്ക്ക് എങ്ങനെയാ ഇവരെയൊക്കെ പരിചയമെന്ന് നിങ്ങൾ വിചാരിക്കും എന്നൊക്കെ മക്കളോട് പറഞ്ഞിരുന്നു. അപ്പോഴാണ് കാൻസർ വന്നത്. നിരവധിപേരാണ് അതിനുശേഷം കാണാൻ വന്നതും വിളിച്ചതുമൊക്കെ. മരിക്കാതെ തന്നെ ഞാൻ ഈ ലോകത്ത് വിലപ്പെട്ടയാളാണെന്നും കുറേക്കൂടി ചെയ്യാനുണ്ടെന്നുമൊക്കെ തോന്നിയ സമയമായിരുന്നു അത്. 

നമ്മൾ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ആരാണ് നമുക്കൊപ്പം ഉള്ളതെന്ന് മനസ്സിലാകുക എന്ന് പറയാറുണ്ട്. എന്നാൽ ഏറ്റവും അടുപ്പമുണ്ടായിരുന്നവർ പോലും വിഷമഘട്ടങ്ങളിൽ കൂടെനിന്നിട്ടില്ലെന്ന് പറയുന്നവരും ഉണ്ട്. അവരേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് സൗഹൃദങ്ങളുടെ കാര്യത്തിൽ? 

തിരഞ്ഞെടുപ്പിൽ തോറ്റസമയത്ത് ആരൊക്കെ നമ്മുടെ കൂടെ ഉണ്ട് ഇല്ല എന്നൊക്കെ മനസ്സിലായിട്ടുണ്ട്. അച്ചാച്ചൻ മരിച്ചപ്പോഴും അതെ. കാൻസർ വന്നപ്പോൾ അങ്ങനെയൊന്നുണ്ടായിട്ടില്ല. പിന്നെ ആളുകളിൽ നിന്ന് ഒരുപാട് എപ്പോഴും പ്രതീക്ഷിക്കുന്നവരാണ് മനുഷ്യർ. അതൊഴിവാക്കിയാൽ മതി. നമ്മൾ ഇങ്ങനെയാണെന്നു കരുതി അവരും അങ്ങനെയായിരിക്കണമെന്ന് വാശിപിടിക്കരുത്. അപ്പോൾ നിരാശപ്പെടേണ്ടിവരില്ല. 

placeholder
നിഷ ജോസ്.കെ.മാണിക്കൊപ്പം

കാൻസർ ആണെന്നറിഞ്ഞാൽ ഇപ്പോഴും തുറന്നുപറയാൻ തയ്യാറാകാത്തവരുണ്ട്. വീട്ടകങ്ങളിൽ തന്നെ കഴിയുന്നവർ. മാനസികാരോ​ഗ്യവും കാൻസർ അതിജീവനത്തിൽ പ്രധാനമാണല്ലോ. പുറത്തുപോവുകയും സാമൂഹിക ഇടപഴകലുകൾ നടത്തുകയും ഒക്കെ ചെയ്യേണ്ടതിനേക്കുറിച്ച്? 

കീമോ ചെയ്യുന്ന സമയത്ത് സാമൂഹിക ഇടപഴകലൊന്നും നടത്തുന്നത് നല്ലതല്ല, അണുബാധയെ പ്രതിരോധിക്കേണ്ട സമയമാണത്. എല്ലാ രോ​ഗത്തിന്റെ കാര്യത്തിലും പാലിക്കേണ്ട മുൻകരുതലുകൾ ചെയ്തിരിക്കണം. പുറത്തുപോകണം എന്നതല്ല അവർക്ക് എന്താണോ സന്തോഷം നൽകുന്നത് അത് ചെയ്യുക എന്നതാണ് പ്രധാനം. മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. എല്ലാവരേയും അടച്ചുപൂട്ടിയിടുമ്പോൾ മാനസികാരോ​ഗ്യം മോശമാകുമെന്ന് കൊറോണക്കാലത്ത് നാം കണ്ടതാണ്. നിങ്ങൾ വിഷാദരോ​ഗത്തിലേക്ക് പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ജോസിന്റെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ന്യുമോണിയ വന്ന സമയമുണ്ടായിരുന്നു. സ്റ്റിറോയ്ഡുകൾ എടുക്കുന്നുണ്ടായിരുന്നു. അച്ചാച്ചൻ മരിച്ചതും ആർത്തവവിരാമമായതുമൊക്കെ ആ സമയത്തായിരുന്നു. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നൊക്കെ ചിന്തിച്ചു. മക്കളാണ് അമ്മയുടെ പെരുമാറ്റത്തിൽ പ്രശ്നമുണ്ടല്ലോ എന്ന് ആദ്യം ശ്രദ്ധിച്ചത്. ഹിപ്നോതെറാപ്പി ചെയ്യുന്നതുകൊണ്ട് എനിക്കും എന്തോ കുഴപ്പമുണ്ടല്ലോ എന്നുതോന്നിയിരുന്നു. അങ്ങനെ കൗൺസിലിങ് എടുത്തു. അത് വളരെ പ്രധാനമാണ്. നമുക്കെന്ത് ചെയ്യാൻ ആ​ഗ്രഹിക്കുന്നോ അതു ചെയ്യുക എന്നതാണ് പ്രധാനം. 

കാൻസറാണെന്ന തുറന്നുപറച്ചിൽ നടത്തിയപ്പോൾ ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു?

പലരീതിയിൽ പ്രതികരിച്ചവരുണ്ട്. ഒരാൾ പറഞ്ഞത് ഞാനെടുത്തത് വലിയ റിസ്ക് ആണെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ സംബന്ധിച്ച് ഒരു സന്ദേശം കൊടുക്കുക എന്നതായിരുന്നു. നേരത്തേ പരിശോധിച്ചതുകൊണ്ടുമാത്രം തിരിച്ചറിഞ്ഞ രോ​ഗമാണ്, അതുപങ്കുവെക്കുക എന്നാണ് ചിന്തിച്ചത്. പക്ഷേ അവർ പറഞ്ഞത് ഞാനൊരു രോ​ഗിയാണെന്ന് ആളുകൾ പറയില്ലേ എന്നൊക്കെയായിരുന്നു. പക്ഷേ ചികിത്സ കഴിഞ്ഞാൽ ഞാൻ ഒരു കാൻസർ അതിജീവിതയാണ്. അസുഖമുണ്ടെങ്കിൽ അതു തുറന്നുപറയുന്നത് വളരെ നല്ലതാണ്, നമുക്ക് സഹായം വേണ്ട അവസരങ്ങളിൽ അതു ലഭിക്കും. അതിലൊരു റിസ്ക്കും തോന്നിയില്ല. ജോസിന്റെ രാഷ്ട്രീയ എതിരാളികൾ വരെ വിളിച്ചിരുന്നു. എന്റെ വളർച്ചയെ ആ തുറന്നുപറച്ചിൽ സഹായിച്ചിട്ടേ ഉള്ളൂ. പറഞ്ഞ സമയത്തുതന്നെ പലരും മാമോ​ഗ്രാം ചെയ്തിരുന്നു, അതിൽ രണ്ടുപേർക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ചു എന്നെന്നോട് പറഞ്ഞു. ഞാൻ അറിഞ്ഞ രണ്ടു കേസുകൾ മാത്രമാണത്. 

പിന്നെ ചിലർ ഞാൻ ധീരയാണെന്നു പറഞ്ഞു. പക്ഷേ രോ​ഗമുണ്ട് അതു തുറന്നുപറഞ്ഞുവെന്നതിൽ ധീരയാണെന്ന തോന്നലില്ല. പലതവണ തല മൊട്ടയടിച്ചപ്പോഴും ആളുകൾ ധീരമായ പ്രവൃത്തിയെന്നു പറഞ്ഞു. നമുക്ക് പറ്റുന്നതുകൊണ്ടു ചെയ്യുന്നു എന്നതു മാത്രമാണ്, അത് ധീരമാണെന്നു തോന്നുന്നുമില്ല. പറഞ്ഞതു നന്നായി ഇത് പലർക്കും പാഠമെന്നു പറഞ്ഞവരുമുണ്ട്. ഇനി ചിലർ അടുത്തുവന്ന് കൈ അമർത്തിപ്പിടിച്ച് കരുതലറിയിക്കും. ഒന്നും പറഞ്ഞില്ലെങ്കിലും ആ പിടിത്തത്തിൽ എനിക്ക് സ്നേഹം തിരിച്ചറിയാനാകും. 

placeholder
നിഷ ജോസ് കെ മാണി

നിലവിലെ ചികിത്സയേക്കുറിച്ച്?

മുഴ നീക്കം ചെയ്തു. റേഡിയേഷൻ ചെയ്തു. അഞ്ചു വർഷത്തോളം ഒരു ഹോർമോണൽ ട്രീറ്റ്മെന്റ് ഉണ്ട്. അതു ചിലപ്പോൾ വണ്ണം വെപ്പിക്കുമായിരിക്കും. പക്ഷേ വണ്ണംവെക്കുന്നോ കുറയുന്നതിലോ ഒന്നുമല്ല കാര്യം, നിങ്ങൾ ആരോ​ഗ്യവതിയായിരിക്കുന്നോ എന്നതിലാണ്. വ്യായാമം ചെയ്യുക, ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കെ ​തുടരുന്നുണ്ട്. 

കാൻസർ എന്നു കേൾക്കുമ്പോഴേക്കും ഭയത്തോടെ മാത്രം സമീപിക്കുന്നവരുണ്ട്. സ്വന്തം ജീവിതാനുഭവത്തിൽ നിന്ന് അവരോട് പറയാനുള്ളത്?

കാൻസർ ഒരിക്കലും ഭയക്കേണ്ടതില്ല, ഭയത്തേയാണ് നാം ഭയക്കേണ്ടത്. നമ്മളെ ഇല്ലാതാക്കുന്നത് ഭയമാണ്. എനിക്ക് കാൻസറാണ് ഇനിയെന്തു ചെയ്യണം എന്നുമാത്രമാണ് ചിന്തിച്ചത്. മാത്രമല്ല സ്വപ്നം കാണുന്നത് ഞാൻ നിർത്തിയില്ല. ഇപ്പോഴും അതു തുടരുന്നുണ്ട്. രണ്ടു പുസ്ത​കങ്ങൾ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പി.എച്ച്.ഡി. യും നടക്കുന്നുണ്ട്. റേഡിയേഷന് ഇടയിലായിരുന്നു ഡോക്ടറൽ കമ്മിറ്റി മീറ്റിങ്. അങ്ങനെ നമുക്ക് എന്തുവേണമെങ്കിലും ജീവിതത്തിന്റെ ഏതു സ്റ്റേജിലും ചെയ്യാനാകും. ശരീരം തളർന്നവർപോലും അതിനെ മറികടക്കാൻ വഴികൾ തേടും. മനസ്സിനെ തളരാൻ അനുവദിക്കരുത്. 

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus