
എല്ലാവർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുകയാണ്. കാൻസർ ചികിത്സയിലെ വിടവ് ഇല്ലാതാക്കുക എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം ആഗോളതലത്തിൽ 65% കാൻസർ മരണങ്ങളും നടക്കുന്നത് വികസ്വര-അവികസിത രാജ്യങ്ങളിലാണ്. എന്നാൽ ഇതേ വിലയിരുത്തലിൽ തന്നെ ഉയർന്ന സാമ്പത്തിക വരുമാനമുള്ള രാജ്യങ്ങളിൽ ഉൾപ്പെടെ സാമ്പത്തികം, ദേശീയത, അഭയാർത്ഥികൾ, കുടിയേറ്റം, ജാതീയം, തൊലിനിറം, തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെട്ട് കാൻസർ ചികിത്സയിൽ അന്തരവും വിവേചനവും നിലനിൽക്കുന്നുണ്ട്. അതീവ ഗൗരവതരമായ ഈ അവസ്ഥയെ ബോധവത്കരണത്തിലൂടെ മറികടക്കുക എന്നതാണ് കാൻസർ ചികിത്സയിലെ വിടവ് ഇല്ലാതാക്കുക എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിലൂടെ അർഥമാക്കുന്നത്.
2000 ഫെബ്രുവരി നാലിന് പാരീസിൽചേർന്ന കാൻസറിനെതിരായ ആഗോള ഉച്ചകോടിയിലാണ് ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. തുടർന്ന് എല്ലാവർഷവും ഇത് കൃത്യമായി ആചരിച്ച് വരികയാണ്. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ബോധവത്കരണപ്രവർത്ത്‌നങ്ങളുടെ ഭാഗമായി കാൻസറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒരു പരിധിവരെ ഇല്ലാതാക്കുവാനും ഭയം കുറയ്ക്കുവാനും ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമുള്ള ധാരണകൾ വ്യാപകമാക്കുവാനും രോഗികളോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.
നേരത്തെയുള്ള കാൻസർ രോഗനിർണയം
കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം നേരത്തേയുള്ള രോഗനിർണയമാണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ഏറെക്കുറെ പൂർണമായി തന്നെ ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുമെന്നതാണ് ഇതിൽ പ്രധാനം. ചികിത്സയുടെ ചെലവ് കുറയും, വ്യാപന സാധ്യത കുറയും, കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ച് പ്രാഥമികമായ ധാരണയുണ്ടാക്കിയെടുക്കുക എന്നതാണ് ഇതിൽ പ്രധാനം.
പ്രധാന കാൻസർ ലക്ഷണങ്ങൾ ഇനി പറയുന്നു.
- ശരീരഭാഗങ്ങളിൽ പ്രത്യേകിച്ച് മാറിടങ്ങളിലും മറ്റും ഉണ്ടാകുന്ന മുഴകൾ
- അസാധാരണമായ രക്തസ്രാവം
- മലം കറുത്ത് കാണപ്പെടുകയോ, രക്തത്തോടെ കാണപ്പെടുകയോ ചെയ്യുക
- മലമൂത്ര വിസർജ്ജനത്തിലെ മറ്റ് മാറ്റങ്ങൾ
- വിളർച്ച
- ഉണങ്ങാത്ത മുറിവുകൾ
- കഴലവീക്കം
- നീണ്ടുനിൽക്കുന്ന ശബ്ദതടസ്സവും വരണ്ട ചുമയും
- തുടർച്ചയായി വരുന്ന പനി
ഇവ കാൻസറിന്റെ പൊതുവായ ലക്ഷണങ്ങളാണെങ്കിലും എല്ലായ്‌പോഴും കാൻസറിന്റെ മാത്രം ലക്ഷണങ്ങളാണെന്ന് കരുതി ഭയപ്പെടേണ്ടതില്ല. മറ്റ് പല രോഗാവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. ചികിത്സകൊണ്ട് മാറുന്നില്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കുകയും വിദഗ്ദ്ധ ഡോക്ടറെ സന്ദർശിക്കുകയും വേണമെന്ന് മാത്രം.
സ്‌ക്രീനിങ്
രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സ്‌ക്രീനിങ് സഹായകരമാകും. സ്തനാർബുദം, ഗർഭാശയഗള കാൻസർ മുതലായവയാണ് തിരിച്ചറിയാൻ ഏറ്റവും എളുപ്പം. സാധാരണക്കാരും താരതമ്യേന കുറഞ്ഞ കാൻസർ റിസ്‌കുമുളളവർ 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പതിവായി എല്ലാ മാസവും സ്വയം സ്തന പരിശോധന നടത്തണം. മൂന്ന് വർഷത്തിലൊരിക്കൽ ഡോക്ടുടെ മേൽനോട്ടത്തലുള്ള പരിശോധനയും നടത്തണം. 40 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെങ്കിൽ വർഷത്തിലൊരിക്കൽ സ്‌ക്രീനിങ് നടത്തണം.
അടുത്ത ബന്ധുക്കൾ കാൻസർ രോഗികളായവർ, കാൻസർ ലക്ഷണങ്ങൾ ഒരിക്കൽ പ്രത്യക്ഷപ്പെട്ടവർ തുടങ്ങിയ ഉയർന്ന സാധ്യതയുള്ളവർ 35ാം വയസ്സ് മുതൽ നിർബന്ധമായും സ്‌ക്രീനിങ് ചെയ്ത് തുടങ്ങണം. ഓരോ ആറ് മാസം കൂടുമ്പോഴും ആവർത്തിക്കുകയും വേണം. കാൻസർ ബാധിക്കാനുളള സാധ്യത 20ശതമാനത്തിന് മുകളിലുള്ളവർ 30ാം വയസ്സിൽ സ്‌ക്രീനിങ് ആരംഭിക്കണം. എല്ലാ ആറ് മാസത്തിലും വൈദ്യ പരിശോധനയും വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധനയും നടത്തണം. ബ്രസ്റ്റ് കാൻസർ ജീനുകളായ ബി ആർ സി എ 1, ബി ആർ സി എ 2 എന്നിവയിൽ വ്യതിയാന സാധ്യതയുള്ളവർ 25 വയസ്സിന് ശേഷം സ്‌ക്രീനിങ് ആരംഭിക്കണം. വർഷത്തിലൊരിക്കൽ മാമോഗ്രാമും ആവശ്യമാണെങ്കിൽ ബ്രസ്റ്റ് എം ആർ ഐ യും ചെയ്യണം.
ഗർഭാശയമുഖ അർബുദം
ഗർഭാശയമുഖ അർബുദം തിരിച്ചറിയാനുള്ള പരിശോധനകൾ ആരംഭിക്കേണ്ടത് 25 വയസ്സ് മുതലാണ്. 5 വർഷത്തിലൊരിക്കൽ എച്ച് പി വി ടെസ്റ്റ് ചെയ്യുന്നതും നല്ലതാണ്.. 30 മുതൽ 65 വയസ്സ് വരെയുള്ളവർ 5 വർഷത്തിലൊരിക്കൽ എച്ച് പി വി പരിശോധനയോ 2 വർഷത്തിലൊരിക്കൽ പാപ്‌സ്മിയറോ നിർവ്വഹിക്കണം.
വൻകുടലിലെ അർബുദം
വൻകുടലിലെ അർബുദം നേരത്തേ തിരിച്ചറിയുന്നതിന് 45 വയസ്സ് മുതൽ 75 വയസ്സുവരെ എല്ലാ പത്തുവർഷത്തിലും കൊളനോസ്‌കോപ്പി നിർവഹിക്കേണ്ടതാണ്. ഇതിന് പുറമെ ഫീക്കൽ ബെയ്‌സ്ഡ് സ്‌ക്രീനിംഗ് ടെസ്റ്റ്, Guaic ബേസ്ഡ് ഫീക്കൽ ഒകൽട്ട് ബ്ലഡ് ടെ്സ്റ്റ് (FOBT), ഫീക്കൽ ഇമ്യൂണോ കെമിക്കൽ ടെസ്റ്റ് (FIT), മല/ഡി എൻ എ പരിശോധന എന്നിവയും കാൻസർ നിർണയത്തിന് സഹായകരമാകും.
(ആസ്റ്റർ മിംസ് കോട്ടക്കലിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ആണ് ലേഖകൻ)
Content Highlights: importance of cancer screening, world cancer day
Published: 04 Feb 2024, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented