തീയൽ അല്ലെങ്കിൽ തേങ്ങ വറുത്തരച്ചുണ്ടാക്കുന്ന ഏതു കറികളുടെയും രുചി അതിന്റെ പാരമ്യത്തിലെത്തുന്നത് നല്ല വിളഞ്ഞ തേങ്ങ പാകത്തിന് വറുത്തുമൊരിച്ചു എടുക്കുന്നതിൽ തന്നെയാണ്. ശകലം കൂടിപ്പോയാൽ കറി കയ്‌ക്കും. കുറഞ്ഞാൽ ആ നിറവും കിട്ടില്ല, രുചിയും കുറയും. പണ്ടൊക്കെ തീയൽക്കൂട്ട് നേരത്തേയുണ്ടാക്കി ഒരു കുപ്പിയിൽ സൂക്ഷിക്കും. കുപ്പിയുടെ അകത്തു വെളിച്ചെണ്ണ മേലെ തെളിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ അഴകായിരുന്നു. തീയലുണ്ടാക്കുന്ന നേരം അരപ്പിനൊപ്പം ഒന്നോ രണ്ടോ സ്പൂൺ ആ വെളിച്ചെണ്ണ കൂടെ ചേർക്കും.

To advertise here,

കൊങ്കണികളുടെ സദ്യകളിലും തീയൽ ഒരു പ്രധാന അംഗമാണ്. "സോയി ഭജ്ജിലെ ഘശി " എന്നാണ് കൊങ്കണിയിൽ ഈ കറിയെ വിളിക്കുക. പേരിന്റെ നീട്ടം പോലെ രുചിയും ഒരു പൊടിക്ക് കൂടുതലാണെങ്കിലേ ഉള്ളൂ. കടല ആണ് പ്രധാന താരം. കൂട്ടിന് ഉരുളക്കിഴങ്ങും മുരിങ്ങയ്ക്കയും ചേനയും ചേർക്കും. ഇനി കടച്ചക്ക സീസൺ ആണെങ്കിൽ മറ്റു പച്ചക്കറികൾ ചേർത്തില്ലെങ്കിലും കടച്ചക്ക നിർബന്ധമായും കടലയ്ക്കൊപ്പം കാണും. ചില വീടുകളിൽ കോവയ്ക്ക, പച്ച കശുവണ്ടി ഒക്കെ ലഭ്യതയ്ക്കനുസരിച്ചു ചേർക്കും. സാധാരണ തീയൽ പോലെ ഇതിൽ ഉള്ളിയോ വെളുത്തുള്ളിയോ ഒന്നും ചേർക്കാറുമില്ല.

ചോറിനൊപ്പമാണ് മിക്കവാറും "സോയി ഭജ്ജിലെ ഘശി "വിളമ്പുക. എങ്കിലും വിശേഷദിവസങ്ങളിൽ പ്ലാവില കുമ്പിൾ കോട്ടി അതിൽ മാവൊഴിച്ചുണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക് കൂട്ടായും "സോയി ഭജ്ജിലെ ഘശി " ആസ്വദിക്കാറുണ്ട്. സോയി തേങ്ങ തിരുമ്മിയതെന്നും ഭജ്ജിലെ എന്നാൽ വറുത്തതെന്നുമാണ് കൊങ്കണിയിലെ അർഥം. ഘശി എന്നത് തേങ്ങ അരയ്ക്കുന്ന കറികളെ പൊതുവിൽ വിളിക്കുന്ന പേര്.

ചേരുവകൾ 

  • കടല  - 3/4 കപ്പ് 
  • ഉരുളക്കിഴങ്ങ് - 1 വലുത് 
  • മുരിങ്ങയ്ക്ക - 2 എണ്ണം 
  • ചേന    - 1/4 കിലോ 
  • തേങ്ങ - ഒന്നര കപ്പ്‌ 
  • മല്ലി -   ഒന്നര ടേബിൾ സ്പൂൺ 
  • വറ്റൽ മുളക് -    10- 12 എണ്ണം
  • ഉഴുന്ന് - 2 ടീസ്പൂൺ 
  • വാളൻ പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
  • കടുക്, കറിവേപ്പില- താളിക്കാൻ
  • ഉപ്പ്-     ആവശ്യത്തിന്.

പാചകരീതിയിലേക്ക് 

കടല തലേന്ന് കഴുകി കുതിർക്കുക. ശേഷം ഉപ്പ് ചേർത്ത് കുക്കറിൽ അല്പം അധികം വെള്ളമൊഴിച്ചു വേവിയ്ക്കുക. കടല വെന്ത ശേഷം  പച്ചക്കറികളും   ചേർത്ത് കുക്കറിൽ ഒന്നോ രണ്ടോ വിസിൽ  വരുന്ന വരെ വേവിയ്ക്കുക. തേങ്ങാ, മല്ലി , വറ്റൽ മുളക് എന്നിവ ചെറുതീയിൽ വറുക്കുക .നന്നായി തന്നെ വറുക്കണം.തേങ്ങാ നല്ല വറുത്ത് മൊരിഞ്ഞു നല്ല ബ്രൗൺ നിറത്തിൽ തന്നെ കിട്ടണം.
അല്പം വെളിച്ചെണ്ണ ഇടയ്ക്ക് ഒഴിക്കാം.

ഇനി ഒരു ചെറിയ പാനിൽ ഉഴുന്ന് അല്പം എണ്ണയിൽ ചെറുതീയിൽ ചുവക്കെ മൂപ്പിക്കണം. ചൂടാറിയതിനു ശേഷം വറുത്ത തേങ്ങാക്കൂട്ടും ഉഴുന്നും ഒരുമിച്ചു വെള്ളം തൊടാതെ അരയ്ക്കുക.  കടല വേവിച്ചതിലേക്ക് ഈ അരപ്പും പുളിവെള്ളവും  ചേർത്ത് നന്നായി തിളപ്പിക്കുക. തിള വന്ന് ചാറ് ആവശ്യത്തിന് കുറുകി വരുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റുക. അല്പം വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും കൂടെ വറുത്ത് താളിച്ചു ചേർക്കാം. കടച്ചക്ക കിട്ടിയാൽ തീർച്ചയായും ഇതിൽ ചേർക്കാൻ മറക്കരുത്.