മലയാളികളുടെ അടുക്കളകളിൽ ദിവസേനയെന്നോണം മൊരിഞ്ഞു വേവുന്ന, തട്ടുകടകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ തയ്യാറാക്കുന്ന ദക്ഷിണേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ ദോശ വൻകരകൾ കടന്ന് പുതിയൊരു ചരിത്രം കുറിക്കുകയാണ്. അമേരിക്കയിലെ ഐടി നഗരമായ സിയാറ്റിലിന്റെ നാവിൻതുമ്പിലെ പുതിയ രുചിയായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം ദോശ! ഗൂഗിൾ മാപ്സ് അടുത്തിടെ പുറത്തുവിട്ട ഫാൻ-ഫേവറിറ്റ് ഡൈനിംഗ് ലിസ്റ്റ് പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സിയാറ്റിൽ നഗരത്തിലെ റസ്റ്റോറന്റ് റിവ്യൂകളിൽ 'ദോശ പരാമർശം' 136 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശികളെയും പ്രവാസികളെയും ഒരുപോലെ കൊതിപ്പിക്കുന്ന ദോശയുടെ ഈ വിജയഗാഥ അന്താരാഷ്ട്ര തലത്തിൽ തരംഗമായി മാറിക്കഴിഞ്ഞു.

To advertise here,

ലോകത്തിലെ 10 പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളുടെ റിവ്യൂകളും വിഭവങ്ങളുടെ തിരച്ചിലുകളും വിശകലനം ചെയ്താണ് ഗൂഗിൾ മാപ്സ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ ഭക്ഷണശാലകൾ എന്നാൽ ബട്ടർ ചിക്കനും നാനും ആണ് സാധാരണ മുന്നിൽനിൽക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ദക്ഷിണേന്ത്യൻ പരമ്പരാഗത വിഭവമായ ദോശയിലേക്ക് വിദേശികളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്.

സിയാറ്റിലിലെ ശ്രീ ആനന്ദ ഭവൻ, ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ ജനപ്രിയ സൗത്ത് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഈ ട്രെൻഡിന് പിന്നിൽ. തവയിൽ നിന്നെടുക്കുന്ന മൊരിഞ്ഞ ദോശയും അതിനുള്ളിലെ മസാലയും ചൂടുള്ള സാമ്പാറും തേങ്ങാച്ചമ്മന്തിയും ചേരുമ്പോഴുള്ള രുചിക്കൂട്ടാണ് വിദേശികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കൂടാതെ ഗ്ലൂട്ടൻ ഫ്രീ ഭക്ഷണരീതി പിന്തുടരുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് അരിയും ഉഴുന്നും അരച്ചുണ്ടാക്കുന്ന ദോശ.

ന്യായോർക്കിൽ ഏറ്റവും കൂടുതൽ പേർ പരാമർശിച്ച വിഭവം ഫ്രോസൺ തൈരാണ്. ടോക്കിയോയിവിൽ മോച്ചിയും ലണ്ടനിൽ ഹോജിചായും മോൺട്രിയലിൽ സിന്നമൺ ബൺസുമാണ് പട്ടികയിൽ ഇടംപിടിച്ച വിഭവങ്ങൾ.

ഗൂഗിൾ മാപ്സിലെ റിവ്യൂവിലുണ്ടായ വർധനകൊണ്ടുമാത്രം ദോശയുടെ വിൽപന വർധിച്ചു എന്നുപറയാനാകില്ല. എന്നാൽ ജനങ്ങൾക്കിടയിലും വിദേശികളായ ഭക്ഷണപ്രേമികൾക്കിടയിലും ദോശയെക്കുറിച്ചുള്ള സംസാരവും ചർച്ചകളും വർധിച്ചു എന്നതിന്റെ തെളിവാണ് ഇത്. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ രുചികൾക്കുള്ള ജനപ്രീതിയാണ് ഇത് വ്യക്തമാക്കുന്നത്.