നേന്ത്രപ്പഴം, വാഴപ്പഴങ്ങളുടെ രാജാവെന്ന് വിശേഷിപ്പിച്ചാൽ അതിനെയെതിർക്കാൻ നമുക്കാവില്ല അല്ലേ? പോഷകഗുണം നിറഞ്ഞതും അതിനേക്കാളേറെ രുചിയും കാരണം കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിലൊന്ന് തന്നെയാണ് നേന്ത്രപ്പഴം. കുട്ടിക്കാലത്തെ രുചിയോർമ്മകളിൽ ഊളിയിട്ടാൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു മണമുണ്ട്. കനലിൽ ചുട്ടെടുത്ത നേന്ത്രപ്പഴത്തിന്റെ. പുറമെ കുറച്ച് കരിഞ്ഞും, അകം വെന്തു വെണ്ണ പോലെ ആയ ചുട്ട നേന്ത്രപ്പഴം ഒന്ന് മതിയായിരുന്നു അന്ന് സ്‌കൂൾ വിട്ടു പോരുമ്പോൾ മനം നിറയെ കഴിക്കാൻ. വെള്ളത്തിൽ ഇത്തിരി ഉപ്പുമിട്ട് കഷ്ണങ്ങളാക്കി വേവിച്ചെടുത്ത നേന്ത്രപ്പഴത്തിന് ആവിയിൽ പുഴുങ്ങിയതിലും രുചി തോന്നും. പിന്നേ വല്ലപ്പോഴുമെങ്കിലും കുട്ടികളെ സന്തോഷിപ്പിക്കാൻ അവന്റെ വരവാകും- പഴംപൊരിയുടെ. മൈദമാവിന്റെ കൂട്ടിൽ മുക്കിയെടുത്തു പൊരിച്ചെടുക്കുന്നത് കൂടുതലും ഞായറാഴ്ച വൈകുന്നേരങ്ങളിൽ ആയിരുന്നു.

To advertise here,

കൊങ്കണി പാചകത്തിലും നേന്ത്രപ്പഴ വിഭവങ്ങൾക്ക് വൻ പ്രാധാന്യമുണ്ട്. മേൽപ്പറഞ്ഞ പലഹാരങ്ങൾ കൂടാതെ പായസവുമുണ്ടാക്കും. തെക്കൻ കേരളത്തിലെ കൊങ്കണികൾ കടലപരിപ്പും നേന്ത്രപ്പഴവും ഒരുമിച്ചു ചേർത്തു തേങ്ങാ അരച്ച് മധുരവും ഒരല്പം എരിവുമുള്ള 'കേള്യ അമ്പട്ട്' എന്ന കറിയുമുണ്ടാക്കും. വിശേഷ ദിവസങ്ങളിൽ ഇത് നിർബന്ധമായും കൊങ്കണികളുണ്ടാക്കും. നല്ല പഴുത്ത നേന്ത്രപ്പഴം മണിക്കൂറുകളോളം വരട്ടി എടുത്തുണ്ടാക്കുന്ന 'കേള്യ ഹൽവോ ' അല്ലെങ്കിൽ ഹലുവ വിളമ്പാതെ ഒരു വിശേഷ ദിവസവും കൊങ്കണികൾ ആഘോഷിക്കാറില്ല എന്ന് വേണമെങ്കിൽ പറയാം.ഇന്ന് പരിചയപ്പെടുത്തുന്ന വിഭവം ' കേള്യ ബജ്ജോ ' ആണ്. പഴംപൊരിയോട് സാമ്യമുണ്ടെങ്കിലും രൂപത്തിലും രുചിയിലും കേള്യ ബജ്ജോ വേറിട്ട് നിൽക്കും. ഒരല്പം എരിവ് കൂടേ ഇവയ്ക്ക് കാണും. നാലുമണി പലഹാരമായി വിളമ്പാനിത് വളരെ നല്ല വിഭവം തന്നെയാണ്.

ചേരുവകൾ 

 

1. നേന്ത്രപ്പഴം-3 എണ്ണം

2. കടല മാവ് -മുക്കാൽ കപ്പ്

3. അരിപ്പൊടി- 1/4 കപ്പ്

4. മുളക് പൊടി -2 ടീസ്പൂൺ

5. കായപ്പൊടി - 1 ടീസ്പൂൺ

6. ഉപ്പ് ആവശ്യത്തിന്

7.പഞ്ചസാര -ഒന്നര ടീസ്പൂൺ

8. വറുക്കാനുള്ള എണ്ണ-ആവശ്യത്തിന്

പാചകരീതിയിലേക്ക്

നേന്ത്രപ്പഴം തീരെ നേർത്തു അല്ലാതെ അല്പം കനത്തിൽ വട്ടത്തിൽ അരിയുക.ഇതിലേക്ക് ഉപ്പും പഞ്ചസാരയും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു പതിനഞ്ചു മിനുട്ടുകൾക്ക് ശേഷം അല്പം വെള്ളം തളിച്ച് യോജിപ്പിക്കുക.ഇതിലേക്ക് കടലമാവും അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. മാവിന്റെ കൂട്ട് കഷ്ണങ്ങളിൽ നന്നായി പൊതിഞ്ഞു കിടക്കണം.ഇനീ ചൂടായ എണ്ണയിൽ ഓരോന്നായി ഇട്ടു വറുത്തു കോരുക. കേള്യ ബജ്ജോ തയ്യാർ.