എന്തൊക്കെ എരിവും പുളിയുമുള്ള കറികള്‍ നിരത്തിയാലും ഇലയുടെ ഒരു അരികത്ത് ഒരല്പം മധുരക്കറി, അതിനൊരു എടുപ്പ് തന്നെയുണ്ട്. അതിപ്പോള്‍ പച്ചടിയോ പഴങ്ങള്‍ ഉടച്ചുള്ള കൂട്ടാനോ എന്തുമാവട്ടെ, മധുരക്കറിക്ക് ആരാധകര്‍ ഏറെയാണ്.

To advertise here,

കൊങ്കണി പാചകത്തിലും മധുരക്കറികള്‍ക്ക് പ്രാമുഖ്യം കൂടുതലാണ്. പൈനാപ്പിളും മാമ്പഴവും ഒരുമിച്ച് ചേര്‍ത്ത് തേങ്ങയരച്ചു വെയ്ക്കുന്ന 'സാസം ' എന്ന കറിയാണ് മുന്‍പന്തിയില്‍. കൊങ്കണി വിവാഹ സദ്യകളിലും മറ്റും ഇവ മിക്കവാറും കാണപ്പെടും. ഇത് കൂടാതെ മാമ്പഴം ഉടച്ചുണ്ടാക്കുന്ന 'ഗൊജ്ജു ' വും, ഞാലിപ്പൂവന്‍ പഴം തേങ്ങാപ്പാലില്‍ ഉടച്ചു വെയ്ക്കുന്ന ഗൊജ്ജുവും ഒക്കെ എല്ലാവരും ഇഷ്ടപ്പെടുന്ന കറികളില്‍ ചിലത്.

ഇനി എരിവും പുളിയും മധുരവും ഒരേപോലെ കിടപിടിയ്ക്കുന്ന ഗണത്തില്‍ പെടുന്ന കറികളുമുണ്ട്. ഈ സമ്മിശ്ര രുചിക്ക് എത്ര നുണഞ്ഞാലും മതി വരില്ല എന്നതാണ് വാസ്തവം. പച്ചമാങ്ങാ കൊണ്ടുള്ള കറിയും, കുമ്പളങ്ങ കൊണ്ടുള്ള 'പുളികൊജ്ജല്‍ ', പാവയ്ക്കയും മാമ്പഴവും ചേര്‍ത്തുള്ള 'ഘശി ', ഒക്കെ ഈ രുചിക്കൂട്ടില്‍ പെടും.

ഇന്ന് പരിചയപ്പെടുത്തുന്നത് ഇതിലേ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കുന്ന മധുരക്കറിയാണ്. മധുരം മാത്രമല്ല എരിവും പുളിയും ഒക്കെ നാവില്‍ മേളം തീര്‍ക്കുന്ന ' മല്ലിയില ഗൊജ്ജു ' ആണീ താരം. വളരെ കുറച്ച് ചേരുവകള്‍ മതി എന്ന് മാത്രല്ല ചൂടാക്കല്‍ പ്രക്രിയ ഒന്നുമില്ലാത്തോണ്ട് വളരെ എളുപ്പത്തില്‍ ഈ മല്ലിയില ഗൊജ്ജു തയ്യാറാക്കാനും പറ്റും. ഊണിനു മാറ്റ് കൂട്ടാന്‍ മല്ലിയില ഗൊജ്ജു തീര്‍ച്ചയായും ഉപകരിക്കും.

ചേരുവകള്‍ 

1. മല്ലിയില    -ഒരു ചെറിയ കെട്ട്.
2. വറ്റല്‍ മുളക് - 5 - 6 എണ്ണം
3. വാളന്‍ പുളി - ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍
4. ശര്‍ക്കര   - 2 ടേബിള്‍ സ്പൂണ്‍
5. ഉപ്പ്   ആവശ്യത്തിന്
6. കടുക്  -   1 ടീസ്പൂണ്‍
7. കറിവേപ്പില - 2 കതിര്‍പ്പ്
8. വെളിച്ചെണ്ണ  -1 ടീസ്പൂണ്‍

പാചകരീതിയിലേക്ക് ;

മല്ലിയില വേര് മുറിച്ചു കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കുക.ശര്‍ക്കര ചീവിയെടുത്ത്, ഒരല്പം വെള്ളത്തില്‍ അലിയിക്കുക. ചൂടാക്കേണ്ടതില്ല. ഇനി ഇത് അരിച്ചു കരട് കളയുക.
കരടില്ലാത്ത ഇനം ശര്‍ക്കര ആണെങ്കില്‍ ഇത് ഒഴിവാക്കി നേരിട്ട് അരിച്ചെടുക്കാവുന്നതാണ്.

വറ്റല്‍മുളക് അര ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക.ഇനി മല്ലിയിലയും ശര്‍ക്കര അലിയിച്ചതും വാളന്‍പുളിയും വറ്റല്‍ മുളകും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അധികം കട്ടിയല്ലാത്ത പരുവത്തില്‍ എടുക്കുക. രുചിച്ചു നോക്കി മധുരമോ പുളിയോ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഈ അരപ്പ് ചൂടാക്കേണ്ടതില്ല.