ആഹാരം പോഷകപൂർണമായിരിക്കണം എന്ന നിർബന്ധം നമ്മുടെ പൂർവികരിൽ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ പല വിഭവങ്ങൾ ഏതുരീതിയിൽ ഉണ്ടാക്കിയാലാണ് ആരോഗ്യത്തോടൊപ്പം അത് നമ്മുടെ രുചിമുകുളങ്ങൾക്ക് കൂടി ഉതകുന്നത് എന്നവർ കണ്ടെത്തിയത്. അത്തരം രുചികൾ മണ്മറഞ്ഞു പോവാതെ അടുത്ത തലമുറകളിൽ പകർന്നു കൊടുക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്.

To advertise here,

ചെറുപയറിന്റെ ഗുണഗണങ്ങൾ നമുക്കറിയാവുന്നതാണ്. മലയാളികൾക്ക് കഞ്ഞിയുംപയറും ഒഴിവാക്കാൻ പറ്റാത്തതുമാണ്. അപ്പോൾപിന്നെ മുളപ്പിച്ച ചെറുപയറിന്റെ പോഷകം പറയേണ്ടതില്ലല്ലോ.      

പാചകം ചെയ്യാത്ത മുളപ്പിച്ച പയർവർഗങ്ങൾ നാം സാലഡുകളിൽ ഉൾപ്പെടുത്തി തുടങ്ങിയത് ആരോഗ്യത്തെ മുൻനിർത്തിയാണ്. എന്നാൽ മുളപ്പിച്ച ചെറുപയർ കൊണ്ടു പാകംചെയ്ത വിഭവങ്ങൾ അല്പം കൂടെ രുചികരകമാകുന്നു. 

കൊങ്കണി പാചകരീതിയിൽ മുളപ്പിച്ച ചെറുപയർ വിഭവങ്ങൾക്ക് പ്രചാരമേറെയാണ്. ഒരു രാത്രി മുഴുവൻ കുതിർത്ത ചെറുപയർ, പിറ്റേന്ന് ഒരു തുണിയിൽ കിഴികെട്ടി മുള വരാനായി തൂക്കിയിട്ട കാഴ്ച അന്നൊക്കെ ഞങ്ങളുടെ അടുക്കളയിൽ ഇടയ്ക്കിടെ കാണാമായിരുന്നു. ആഴ്ച്ചയിലൊരിക്കലെങ്കിലും അന്ന് ഞങ്ങളുടെ മെനുവിൽ അതുൾപെടുത്താൻ മുതിർന്നവർ ശ്രദ്ധിച്ചിരുന്നു. ഇന്ന് ചെറുപയർ മുളപ്പിച്ചത് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ് താനും. നേരിട്ട് കറിയുണ്ടാക്കേണ്ട കാര്യമേയുള്ളൂ.

മുളപ്പിച്ച ചെറുപയർ മാത്രം കടുകും വറ്റൽ മുളകും മൂപ്പിച്ച എണ്ണയിൽ പാകം ചെയ്ത് ഉലർത്തി എടുക്കുന്ന, " മൂഗാ ഉപ്കരി" എന്ന് വിളിക്കുന്ന ഉപ്പേരിക്ക് രുചി ഏറെയാണ്. ഇതുകൂടാതെ തേങ്ങ അരച്ചുണ്ടാക്കുന്ന " ഘശി " എന്ന കറിക്കാണ് ആരാധകർ കൂടുതൽ. മുളപ്പിച്ച ചെറുപയർ " ഘശി "യിൽ ചെറുപയറിനൊപ്പം ചേനയോ കൂർക്കയോ ചേർക്കാവുന്നതാണ്. കൂർക്ക സീസണിൽ ഇതൊരു പതിവ് വിഭവമാകുന്നതും ഇവരുടെ രുചികരമായ ചേർച്ച കൊണ്ട് തന്നെയാണ്.

പിതൃക്കൾക്കുള്ള ശ്രാദ്ധത്തിന്റെ ഊണിലും മുളപ്പിച്ച ചെറുപയർഘശി നിർബന്ധമായും കൊങ്കണികൾ ഉൾപ്പെടുത്താറുണ്ട്. കൂടാതെ നവംബർ മാസത്തിൽ വരുന്ന കാർത്തിക മാസത്തിലെ തുളസി പൂജയുടെ വിശേഷ സദ്യയിലും ഈ കറി ഉണ്ടാക്കാറുണ്ട്. അന്ന് കൂടെ കൂർക്ക ഉപ്പേരിയും മുത്താളില ചമ്മന്തിയും കാണും കൂട്ടിന്.
ചോറിനൊപ്പം ഒഴിച്ചുകറിയായോ, കൂട്ടാനായോ മുളപ്പിച്ച ചെറുപയർ "ഘശി " വിളമ്പാവുന്നതാണ്. 

പാചകരീതിയിലേക്ക്...

ചേരുവകൾ

  • മുളപ്പിച്ച ചെറുപയർ -  3 കപ്പ് 
  • കൂർക്ക  - 10 - 12 എണ്ണം 
  • തേങ്ങ   -  2 കപ്പ് 
  • വറ്റൽമുളക് -  10-12 എണ്ണം 
  • വാളൻ പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ.
  • കടുക്  -1 ടീസ്പൂൺ
  • ജീരകം  -1 ടീസ്പൂൺ 8.കറിവേപ്പില -2 കതിർപ്പ്
  • വെളിച്ചെണ്ണ -3 ടീസ്പൂൺ 
  • ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മുളപ്പിച്ച ചെറുപയറും കൂർക്ക ഇടത്തരം കഷ്ണങ്ങളാക്കി അരിഞ്ഞതും  ഒരുമിച്ചു ഒരു വലിയ വാവട്ടമുള്ള പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്ക്കാം. പയർ പകുതി വേവാകുമ്പോൾ ഉപ്പ് ചേർക്കാം. വറ്റൽ മുളക് അരടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക.

തേങ്ങയും വറുത്ത വറ്റൽമുളകും പുളിയും ചേർത്ത് നന്നായി മഷി പോലെ അരയ്ക്കുക. ഇതിനോടൊപ്പം തന്നെ അവസാനം ഒരു ടേബിൾ സ്പൂൺ വെന്ത ചെറുപയർ കൂടെ ചേർത്ത്‌ ഒന്നൂടെ നന്നായി അരയ്ക്കുക. കറിക്ക് നല്ല കൊഴുപ്പു കിട്ടാൻ ഈ ടെക്നിക് സഹായിക്കും. 

ഈ അരപ്പ് വെന്തു വന്ന ചെറുപയർ കൂട്ടിലോട്ട് ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു പാകമായതിനു ശേഷം കടുക്, ജീരകം കറിവേപ്പില എന്നിവ താളിക്കുക. മുളപ്പിച്ച ചെറുപയർ - കൂർക്ക ഘശി തയ്യാർ.

ശ്രദ്ധിക്കുക 

  • മൂന്ന് കപ്പ് മുളപ്പിച്ച ചെറുപയർ കിട്ടാനായി ഏകദേശം ഒന്നര കപ്പ് ചെറുപയറെങ്കിലും കുതിർക്കേണ്ടതാണ്.
  • പുളിഞ്ചിക്ക / ഇലുമ്പൻ പുളി കിട്ടുമെങ്കിൽ പുളിക്ക് പകരമായി ഒരു അഞ്ചാറെണ്ണം അരിഞ്ഞു ചേർക്കാവുന്നതാണ്.  അന്നേരം അരയ്ക്കുമ്പോൾ പുളി ചേർക്കേണ്ടി വരാറില്ല.
  • കൂർക്കയ്ക്ക് പകരം അതേ അളവിൽ ചേന കഷ്ണങ്ങളും ചേർക്കാവുന്നതാണ്.