മുതിരയുടെ പോഷകത്തിനു പുറമെ ആവിയില് പുഴുങ്ങി എടുക്കുന്ന ഇഡ്ഡലി കൂടെയാകുമ്പോള് പിന്നെയിതിന്റെ ഗുണങ്ങളെ കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ

ആരോഗ്യത്തിനുതകുന്ന രീതിയിൽ ആഹാരം കഴിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ജീവിതശൈലി രോഗങ്ങളിൽ അടിമയാകുന്നതിനെ തടയാനായി പോഷകസമ്പുഷ്ടമായ രുചികൾ തേടി നാം പോകുമ്പോൾ, നമ്മുടെ പൂർവികർ നമുക്കായി കരുതി വെച്ച ഒരുപാട് രുചികൂട്ടുകളുണ്ട്. പോഷകവും രുചിയും ഒരുപോലെ നമുക്ക് നൽകുന്ന അത്തരം രുചി രത്നങ്ങൾ കാലാഹരണപെട്ടു പോവാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കൂടെ കടമയാണ്. അത്തരം ഒരു ഭക്ഷണമാവട്ടെ ഇന്ന്.
മുതിര-ധാന്യങ്ങളുടെ കൂട്ടത്തിലെ പ്രധാനി. ഇവയ്ക്ക് ഹോർസ് പവർ പ്രദാനം ചെയ്യുമെന്ന് പറയുന്നത് അതിശയോക്തിയല്ല. പ്രോട്ടീന്റെ കലവറ, ഇരുമ്പും കാൽസ്യവുമേറേ, കൂടാതെ നാരുകളാലും സമ്പുഷ്ടം. മുതിര നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത വലുതാണ്.
കൊങ്കണികൾ മുതിരയെ ഇഷ്ടപ്പെടാനും ഇതുതന്നെയാകും കാരണം. കന്നുകാലികൾക്ക് വേണ്ടി വേവിയ്ക്കുന്ന മുതിരയുടെ ചാറ് പോലും കളയാതെ കൊങ്കണികൾ 'ഖടി' എന്ന ചാറുകറിയുണ്ടാക്കും. കൂടാതെ തേങ്ങാ അരച്ച് നിറയെ വെളുത്തുള്ളി താളിച്ചു എടുക്കുന്ന കൊദ്ദൽ, തോരനെ പോലെ ഉണ്ടാക്കുന്ന ഉപ്കരി, ഉള്ളി താളിച്ചെടുക്കുന്ന അമ്പട്ട് എന്ന കറിയൊക്കെ കൊങ്കണികളുടെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവങ്ങൾ. മുതിര വറുത്തു പൊടിച്ച്, തേങ്ങാ ചേർത്ത് അരച്ചുണ്ടാക്കുന്ന ചമ്മന്തിക്കും ആരാധകരേറെ. മുതിര മുളപ്പിച്ചും കറിയുണ്ടാക്കും കൊങ്കണികൾ.
എന്നാലിന്നു പരിചയപ്പെടുത്തുന്നത് മറ്റൊരു വിശേഷപ്പെട്ട രുചിയായ മുതിര ഇഡ്ഡലിയാണ്. 'കുളിതു' എന്നാണ് മുതിരയെ കൊങ്കണിയിൽ വിളിക്കുക. ആയതിനാലിത് 'കുൾത്താ ഇഡ്ഡലി’യെന്നും പറയും. മുതിരയുടെ പോഷകത്തിനു പുറമെ ആവിയിൽ പുഴുങ്ങി എടുക്കുന്ന ഇഡ്ഡലി കൂടെയാകുമ്പോൾ പിന്നെയിതിന്റെ ഗുണങ്ങളെ കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ ഇഡ്ഡലി പോലെ മുതിര ഇഡ്ഡലിയുടെ മാവ് പുളിപ്പിക്കാറില്ല. അരച്ച മാവ് കൊണ്ട് ഉടനെ തന്നെ ഇഡ്ഡലിയുണ്ടാക്കാം. ദോശപ്രേമികൾക്ക് ഇതേ മാവ് കൊണ്ട് അല്പം കട്ടിയോടെയുള്ള ദൊഡ്ഡക് എന്ന ദോശയുമുണ്ടാക്കാം. ബാക്കിവന്ന മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. ഇനി കൂട്ടിന് സാമ്പാർ ഒക്കെ ആവാമെങ്കിലും മുതിര ഇഡ്ഡലി ആണെങ്കിൽ അന്ന് ഹിങ്കാ ചട്ണി ആയിരിക്കും മിക്ക കൊങ്കണി വീടുകളിലും. ഹിങ്ക് എന്നാൽ കായം. അതേ കായത്തിന്റെ മണം പേറുന്ന തേങ്ങ ചമ്മന്തി. മുതിര ഇഡ്ഡലിക്കൊപ്പം ഹിങ്കാ ചട്ണി കൂടേയാകുമ്പോൾ രുചി വേറെ ലെവൽ തന്നെയാണ്. സുഹൃത്തിൽ നിന്നും പഠിച്ച ആ പാചകരീതി ഇവിടെ ചേർക്കട്ടെ.
ചേരുവകൾ
ഉഴുന്ന് -1/2 കപ്പ്
മുതിര - 1/2 കപ്പ്
പച്ചരി - രണ്ടേ കാൽ മുതൽ രണ്ടര കപ്പ് വരെ
ജീരകം - 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാചകരീതിയിലേക്ക്
ഉഴുന്നും മുതിരയും കഴുകി 5-6 മണിക്കൂർ വരേ ഒരുമിച്ചു കുതിർക്കുക. പച്ചരി വേറെ തന്നെ കുതിർക്കുക. ശേഷം ഉഴുന്ന് മുതിര മിക്‌സ് സാധാരണ ഇഡ്ഡലിക്കൊക്കെ അരയ്ക്കും പോലെ തന്നെ നന്നായി അരച്ചെടുക്കുക. മാവ് നന്നായി പൊലിഞ്ഞു വരണം. പച്ചരി ഒരല്പം തരുതരുപ്പോടെ അരച്ചെടുക്കുക. രണ്ട് മാവും ഒരുമിച്ചു യോജിപ്പിക്കുക. ഉപ്പും ജീരകവും നേരിട്ട് മാവിൽ ചേർത്തിളക്കുക. ഈ മാവ് പുളിപ്പിക്കാറില്ല. അരച്ചയുടനെ തന്നെ ഇഡ്ഡലിയുണ്ടാക്കാം. സാധാരണ ഇഡ്ഡലി പോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ശ്രദ്ധിക്കുക ഉഴുന്ന് അരയ്ക്കുന്നത് ഗ്രൈൻഡർലാണെങ്കിൽ, ഉഴുന്നും മുതിരയും നന്നായി പൊലിഞ്ഞു വരും. അന്നേരം രണ്ടര കപ്പ് വരെ പച്ചരി ചേർക്കാം. ഇനി മിക്‌സിയിലാണ് അരയ്ക്കുന്നതെങ്കിൽ രണ്ടേ കാൽ കപ്പ് പച്ചരി മതിയാവും.
ഹിങ്കാ ചട്ണി
ചേരുവകൾ
തേങ്ങ - ഒന്നര കപ്പ്
കായം-ഒരു കടലയോളം വലുപ്പത്തിൽ
വറ്റൽ മുളക്- 4-5 എണ്ണം
വാളൻ പുളി - ഒരു ചെറുകഷ്ണം
ഉപ്പ് ആവശ്യത്തിന്
കടുകും കറിവേപ്പിലയും താളിക്കാൻ
പാചകരീതിയിലേക്ക്
ഒരു പാനിൽ അര ടീസ്പൂൺ എണ്ണ ചൂടാക്കി കായവും വറ്റൽ മുളകും മൂപ്പിച്ചെടുക്കുക. ശേഷം ഇവ തേങ്ങയും പുളിയും ഉപ്പും ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ചട്ണിയുടെ അയവ് അല്പം നേർത്തതാവണം. ഇനി ഇതിലേക്ക് കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം. കായപ്പൊടിയാണ് ചേർക്കുന്നതെങ്കിൽ വറ്റൽ മുളക് മൂപ്പിച്ച് അടുപ്പിൽ നിന്നും മാറ്റാൻ നേരം മാത്രം പാനിൽ ചേർക്കുക. അല്ലെങ്കിൽ കായപ്പൊടി കരിഞ്ഞു പോവും.
Content Highlights: Nutritional benefits of Horse Gram (Kultha) as a protein-rich superfood., Traditional Konkani culinary techniques for horse gram preparation., Step-by-step instructions for instant (non-fermented) Kultha Idli., Unique Hinga Chutney pairing recipe using asafoetida., Tips for achieving the perfect batter consistency using grinder vs mixer.
Published: 08 Aug 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented