ഒരു കുപ്പിയിലാക്കി ദിവസങ്ങളോളം സൂക്ഷിച്ചു വെയ്ക്കുന്ന കുട്ടിപ്പലഹാരങ്ങള്‍ കുട്ടിക്കാലത്തെ നല്ല ഓര്‍മകളില്‍ ചിലതാണ്. ബേക്കറിപ്പലഹാര ശീലങ്ങള്‍ തുടങ്ങും മുന്‍പേ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൈകിട്ടത്തെ ചായക്കുള്ള കടികളായും, അതിഥികളെ സത്ക്കരിക്കാനും മറ്റുമായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി സൂക്ഷിച്ചുവെയ്ക്കുക പതിവായിരുന്നു.
കൊങ്കണികള്‍ 'ചക്കൂലി' എന്ന് വിളിക്കുന്ന അരിമുറുക്കും, ' തുക്ക്ടി ' എന്ന ഡയമനും, പല തരം പപ്പടങ്ങളും ഒക്കെ ആയിരിക്കും മിക്കവാറും കാണുക. വല്ല വിശേഷ അവസരങ്ങള്‍ അടുപ്പിച്ചാണെങ്കില്‍ അരങ്ങില്‍ മധുര പലഹാരങ്ങളും കാണും. ഏത്തപ്പഴവും പഞ്ചസാരയും നെയ്യും ചേര്‍ത്ത് മണിക്കൂറുകള്‍ വരട്ടി എടുക്കുന്ന ' കേള്യ ഹല്‍വോ ' മുതല്‍ മലബാറുകരുടെ മടക്ക് എന്ന പലഹാരത്തിനോട് സാമ്യമുള്ള 'ഫെണോരി ' ഒക്കെ കാണും. ഗോതമ്പ്‌പൊടി കൊണ്ടുണ്ടാക്കുന്ന 'ചുര്‍മ്മുണ്ടോ ' ആണേല്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതും.
Also Read
ഇതില്‍ പറഞ്ഞവയ്ക്കെല്ലാം അല്പം അധ്വാനവും സമയകൂടുതലും ഒക്കെ വേണമെന്നുള്ളത് കൊണ്ട് തന്നെ പലരും ഏറെ എളുപ്പത്തില്‍ അതീവ രുചികരമായ ഒരു പലഹാരം ഉണ്ടാക്കാനാണ് ഇന്ന് താത്പര്യപ്പെടുന്നത്. ഇന്ന് പരിചയപ്പെടുത്തുന്ന ഈ വിഭവം' ഇന്‍ഡോരി 'യാണ്. പേരിലല്‍പം കൗതുകം ഉണ്ടല്ലോ അല്ലേ? രുചിയും ഗുണവും അത്രതന്നെയുണ്ട്. അവില്‍ ആണിവിടെ പ്രധാന താരം.
മട്ട അവില്‍ ആണ് നിര്‍ബന്ധമായും എടുക്കേണ്ടത്. മട്ട അവലിന്റെ ഗുണം നമുക്കറിയാവുന്നതാണല്ലോ. ദിവസങ്ങളോളം നമുക്ക് സൂക്ഷിച്ചു വെയ്ക്കാം എന്നത് മറ്റൊരു ആകര്‍ഷണം. അവില്‍ കൂടാതെ, പുഴുക്കലരി വറുത്ത് പൊടിച്ചും ഇന്‍ഡോരി ഉണ്ടാക്കാറുണ്ട്.
ഇന്‍ഡോരിയുടെ കൂട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ പിന്നീട് ഇതിനുള്ള രൂപം കൊടുക്കുന്ന പ്രക്രിയയാണ് കുട്ടികളായിരിക്കെ ഞങ്ങളെ ആകര്‍ഷിച്ചിരുന്ന ഘടകം. കുഞ്ഞ് കുഞ്ഞ് സ്റ്റീല്‍ ഡപ്പികള്‍ ഇതിനു വേണ്ടി മാത്രം അന്നൊക്കെ വീട്ടില്‍ സൂക്ഷിച്ചു വെച്ചിരുന്നു. കൂട്ട് ഇത്തരം ഡപ്പികളില്‍ നിറച്ച് ഒരു പലകയില്‍ ശക്തിയായി അടിച്ചു തട്ടിയിടുന്ന കാഴ്ചയ്ക്ക് ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.
ഇനി ഇന്‍ഡോരിയുടെ പാചകരീതിയിലേക്ക് :
ചേരുവകള്‍
1. മട്ട അവില്‍/ ചുവന്ന അവില്‍ - 4 കപ്പ്
2. തേങ്ങ തിരുമ്മിയത് -2 കപ്പ്
3. ശര്‍ക്കര - 1/ 4 കിലോ
4. ഏലയ്ക്ക- 8-10 എണ്ണം
5.നെയ്യ് - 3 സ്പൂണ്‍
ഒരു ഉരുളിയില്‍ അല്ലെങ്കില്‍ പാനില്‍ അവില്‍ ചെറുതീയില്‍ വറുക്കുക. നെയ്യൊന്നും ചേര്‍ക്കാതെ വേണം വറുക്കാന്‍. ചെറുതീയില്‍ നല്ല മൊരിഞ്ഞു നല്ല മണം വരുന്ന വരെ വറുക്കണം. വാങ്ങി വെച്ച് ചൂടാറിയതിന് ശേഷം നന്നായി പൊടിച്ചെടുക്കുക.
ഇനി ശര്‍ക്കര ഒരു കപ്പ് വെള്ളത്തില്‍ ഉരുക്കുക.ശേഷം അരിച്ചു, കരട് കളഞ്ഞു വീണ്ടും പാനി കാച്ചാനായി ചൂടാക്കുക. ഒരു നൂല്‍ പരുവമാകുമ്പോ തീ കുറച്ചു തേങ്ങ ചേര്‍ക്കാം.ഒരു മൂന്ന് മിനിറ്റുകളോളം ചെറുതീയില്‍ തന്നെ വെയ്ക്കാം.
ഇനി പൊടിച്ചു വെച്ച അവല്‍ ചേര്‍ത്ത് ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യുമൊഴിച്ചു നന്നായി മിക്‌സ് ചെയ്തു ഉടനെ തന്നെ ഉരുളി അടുപ്പില്‍ നിന്നും മാറ്റാം. ഏലയ്ക്ക പൊടിയും ചേര്‍ക്കാം. ചൂടോടെ തന്നെ വേണം ഇന്‍ഡോരി ഉണ്ടാക്കാന്‍. അടുപ്പില്‍ നിന്നും മാറ്റിയ ഉടനെ തന്നെ ഉണ്ടാക്കണം.
വളരെ ചെറിയ പാത്രം അല്ലെങ്കില്‍ ഒരു കുഞ്ഞു തവി, ഇതുപോലുള്ള കുഞ്ഞു പാത്രങ്ങളാണ് സാധാരണ ഇന്‍ഡോരിക്കുള്ള അച്ച് ആയി എടുക്കുക. ഇത്തരം പാത്രങ്ങളില്‍ അല്പം നെയ്യ്മയം തടവി , ഇന്‍ഡോറി കൂട്ട് ഇട്ടു, കൈകൊണ്ട് നന്നായി അമര്‍ത്തി വെയ്ക്കുക.
എന്നിട്ടുടനെ തന്നെ പാത്രം തിരിച്ചു പിടിച്ചു ഒരു പലകയിലോ /കിച്ചന്‍ പ്ലാറ്റ്‌ഫോംലോ മറ്റോ അല്പം ശക്തിയായി തട്ടുക.വളരെ എളുപ്പത്തില്‍ ഇന്‍ഡോറി അതില്‍ നിന്നും ഇളകി നല്ല ഭംഗിയുള്ള ഷേപ്പില്‍ വരും.ഇത് പോലെ ഓരോ തവണയും പാത്രത്തില്‍ നെയ്യ് തടവിയെടുക്കേണ്ടതാണ്.
ഇതാണ് ഇന്‍ഡോരിയുടെ രീതി. ഇനി ഇതിനു മടിയാണെങ്കില്‍ നെയ്യ് കൈയില്‍ തടവി കുഞ്ഞു ലഡുകളായി ഉരുട്ടിയും എടുക്കാം .ഇന്‍ഡോരി കൂട്ടിന്റെ ചൂടാറുന്നതിനു മുന്നേ തന്നെ ഇന്‍ഡോരി മുഴുവനും ഉണ്ടാക്കിയെടുക്കേണ്ടതാണ്.
Content Highlights: indori recipe, konkani food items, konkani food recipes, konkani food videos
Published: 19 Sept 2023, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented