പണ്ടുകാലത്ത് മുളപ്പിക്കൽ പ്രക്രിയയുമായി രണ്ടു ദിവസം മുൻപേ തന്നെ ഇത്തരം കറികളുടെ തയ്യാറെടുപ്പ് തുടങ്ങുമായിരുന്നു

മുളപ്പിച്ച പയർ വർഗങ്ങൾ നമ്മളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്തിന്റെ പ്രാധാന്യം നമുക്ക് അറിയാവുന്നതാണ്. ദഹനം സുഗമമാക്കാനും രോഗ പ്രതിരോധശേഷി നന്നാക്കാനും ഇവ സഹായിക്കും. ചെറുപയർ, വൻപയർ, മുതിര, കടല, ഉലുവ എന്നിവയൊക്കെ മുളപ്പിച്ചു കഴിക്കുന്നത് നല്ല രീതിയാണ്. കൊങ്കണികൾ ഒരുപക്ഷെ ഇതിന്റെ പ്രാധാന്യം വളരെ പണ്ട് തന്നെ ഉൾക്കൊണ്ടിട്ടുണ്ടാവണം. അതുകൊണ്ട് തന്നെ മുളപ്പിച്ച പയർ വർഗങ്ങളുടെ കറികളും ഉപ്കരി എന്നു വിളിക്കുന്ന ഉപ്പേരികളും മറ്റും കൊങ്കണികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്.
ഇത്തരം മുളപ്പിച്ച പയർ വർഗങ്ങൾ കടകളിൽ വാങ്ങാൻ സുലഭമായി കിട്ടുമെങ്കിലും പണ്ട് കാലത്ത് ഇത്തരം കറികളുടെ തയ്യാറെടുപ്പ് മുളപ്പിക്കൽ പ്രക്രിയയുമായി രണ്ടു ദിവസം മുൻപേ തന്നെ തുടങ്ങുമായിരുന്നു. ഒരു രാത്രി മുഴുവൻ കുതിർത്ത പയർ പിറ്റേന്ന് പകൽ മുഴുവൻ ഒരു തുണിയിൽ കെട്ടി വെള്ളം വാർന്നു പോകാനായി വെയ്ക്കും. അന്ന് രാത്രി വീണ്ടും വെള്ളത്തിൽ കുതിർക്കും. പിറ്റേന്ന് നന്നായി മുള പൊട്ടിയ പോഷകഗുണങ്ങൾ നിറഞ്ഞ പയർ വർഗങ്ങൾ കിട്ടും.
Also Read: ചായയ്‌ക്കൊപ്പമല്ല, ചോറിനൊപ്പം കഴിക്കാം ഈ ബജ്ജി; കൊങ്കിണി സ്‌പെഷ്യൽ 'ബജ്ജോ' ഉണ്ടാക്കിയാലോ
മുളപ്പിച്ച ചെറുപയർ ആണ് കൂടുതലും കൊങ്കണികളുടെ ഇടയിൽ പ്രചാരത്തിലുള്ളത്. എങ്കിലും മുളപ്പിച്ച വൻപയർ, അമരപ്പയർ പോലുള്ളവ പിറ്റേന്ന് ഓരോന്നായി തൊലി പൊളിച്ചെടുത്തു അമ്പട്ട് എന്ന കറി വെയ്ക്കും. അതീവ രുചികരമായിരിക്കും ഈ കറി. ഇന്ന് പരിചയപ്പെടുത്തുന്നതും അമ്പട്ട് തന്നെ. മുളപ്പിച്ച ചെറുപയർനോടൊപ്പം വെള്ളരിക്ക കഷ്ണങ്ങൾ കൂടേ ചേർക്കണം.
ചോറിനൊപ്പം ഒഴിച്ച് കറിയായി വിളമ്പാവുന്നതാണ്. പാചകം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
മുളപ്പിച്ച ചെറുപയർ- രണ്ടര കപ്പ്
വെള്ളരിക്ക– അര കിലോ
തേങ്ങ- രണ്ട് കപ്പ്
വറ്റൽ മുളക്– 10-12 എണ്ണം
വാളൻപുളി– ചെറുനെല്ലിക്ക വലുപ്പത്തിൽ
സവാള– 2 വലുത്
വെളിച്ചെണ്ണ– 2 ടീസ്പൂൺ
ഉപ്പ്– ആവശ്യത്തിന്
പാചകരീതി
വെള്ളരിക്ക തൊലികളഞ്ഞ് ചെറു ചതുര കഷ്ണങ്ങൾ ആക്കുക. മുളപ്പിച്ച ചെറുപയറും വെള്ളരിക്കയും ഒരു സവാള അരിഞ്ഞതും ചേർത്ത് ആവശ്യത്തുന് വെള്ളം ചേർത്ത് വെന്ത് പാകമാവും വരേ അടച്ചുവെച്ച് പാകം ചെയുക. മുക്കാൽ വേവാകുമ്പോൾ ഉപ്പ് ചേർക്കാം.
അര ടീസ്പൂൺ എണ്ണ ചൂടാക്കി വറ്റൽ മുളക് അതിലേക്ക് ചേർത്ത് ചുവക്കെ വറുക്കുക. ശേഷം തേങ്ങയും വറ്റൽ മുളകും പുളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വന്ന പയർ കൂട്ടിൽ അരപ്പ് ചേർത്തിളക്കി നന്നായി തിളപ്പിക്കുക. കറി ആവശ്യത്തിനു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
വീണ്ടും അടുത്ത സവാള വളരെ ചെറുതായി അരിഞ്ഞു വെളിച്ചെണ്ണയിൽ സ്വർണനിറമാകും വരെ വറുക്കുക. ഇത് കറിക്ക് മീതെ താളിച്ചു ചേർക്കാം. മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള അമ്പട്ട് തയ്യാർ.
Content Highlights: Sprouted green gram Ambạt is a traditional and highly nutritious Konkani curry prepared with sprouted moong, cucumber, and a roasted coconut-chili paste. It is perfectly tempered with browned onions and served hot with rice.
Published: 16 Jul 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented